Image of Indian Express
Emergency@1975tashafi nazir

Emergency@1975: 47 ല്‍ 'നേടിയ സ്വാതന്ത്ര്യം' 75 ല്‍ 'നഷ്ടമായ സ്വാതന്ത്ര്യം'

Published on

1975

ജൂണ്‍ 25-ന് ന്യൂഡല്‍ഹിയിലെ പ്രധാന പത്രമാഫീസുകള്‍ സ്ഥിതിചെയ്യുന്ന ബഹദൂര്‍ഷാ സഫര്‍ മാര്‍ഗിലേക്കുള്ള വൈദ്യുതി വിതരണം അര്‍ദ്ധരാത്രിയില്‍ പെട്ടെന്ന് നിലച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമായ അടിയന്തരാവസ്ഥയുടെ ആദ്യചുവടുകളായിരുന്നു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേത്. പത്രം ഓഫീസുകള്‍ അതോടെ നിശ്ചലമായി, തൊട്ടുപിറകെ മാധ്യമങ്ങള്‍ക്കു സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തി. ഇന്ദിരാഗാന്ധി തന്റെ വാര്‍ത്താവിതരണ മന്ത്രിയായ ഇന്ദര്‍ കുമാര്‍ ഗുജ്റാളിനെ നീക്കം ചെയ്ത് വിദ്യാചരണ്‍ ശുക്ലയെ മന്ത്രിയാക്കി ആ വകുപ്പ് ഏല്പിച്ചതോടെ കാര്യങ്ങളുടെ പോക്ക് ഏതു വഴിക്കാണെന്നു വ്യക്തമായിരുന്നു.

1975 ജൂണില്‍ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗന്‍മോഹന്‍ ലാല്‍ സിന്‍ഹയുടെ ചരിത്രപ്രധാനമായ വിധിയാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കളമൊരുക്കിയത്.

ഇന്ത്യയിലെ ഗീബല്‍സായി അറിയപ്പെട്ട വിദ്യാചരണ്‍ ശുക്ല പ്രധാന പത്രങ്ങളുടെ പത്രാധിപന്മാരുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചുകൂട്ടി. അടിയന്തരാവസ്ഥയില്‍ എങ്ങനെയാണ് പത്രമിറക്കേണ്ടതെന്നു പഠിപ്പിക്കാനായിരുന്നു അയാളുടെ ശ്രമം. സെന്‍സര്‍ഷിപ്പിലെ ബുദ്ധിശൂന്യതയെക്കുറിച്ചു ചില പത്രപ്രവര്‍ത്തകര്‍ സംസാരിക്കാനാരംഭിച്ചപ്പോള്‍ ഈ നടപടികള്‍ ഒഴിവാക്കാനാവില്ലെന്ന് അഹന്തയോടെ ശുക്ല പറഞ്ഞു. മറ്റെല്ലാവരേയുംപോലെ പത്രക്കാരും ഇത് അംഗീകരിച്ചേ പറ്റൂ. പിന്നീട് അയാള്‍ പത്രക്കാരുടെ തൊഴില്‍മര്യാദയെക്കുറിച്ചു വാതോരാതെ പ്രസംഗിച്ചു. അസഹനീയമായ ഈ പ്രവൃത്തിയില്‍ രോഷാകുലനായ ബി.ബി.സിയുടെ ലേഖകന്‍ എഴുന്നേറ്റുനിന്ന് ശുക്ലയോട് പറഞ്ഞു: ''ഞങ്ങള്‍ക്കു ഞങ്ങളുടെ തൊഴില്‍മര്യാദകളുണ്ട്. പക്ഷേ, നിങ്ങളീ പറയുന്നതില്‍ യാതൊരു മര്യാദയുമില്ല.'' ഇതുകേട്ടു സദസ്സില്‍നിന്നു നീണ്ട കരഘോഷം മുഴങ്ങി. പത്രപ്രവര്‍ത്തകരുടെ ഉള്ളില്‍ ഭയമുണ്ടാക്കുകയായിരുന്നു ഇന്ദിരാഗാന്ധിയുടെ ലക്ഷ്യം.

1971-ലെ തെരഞ്ഞെടുപ്പില്‍ യു.പിയിലെ റായ്ബറേലി മണ്ഡലത്തില്‍ ഇന്ദിരാഗാന്ധിയോടു പരാജയപ്പെട്ട രാജ് നാരായണന്‍ (ഭാരതീയ ലോക്ദള്‍ പാര്‍ട്ടി) നല്‍കിയ പരാതിയില്‍ ഇന്ദിരാ ഗാന്ധി ജയിക്കാനായി അവിഹിത മാര്‍ഗങ്ങള്‍ സ്വീകരിച്ചതായി കോടതിക്കു ബോധ്യപ്പെട്ടു. ഉന്നയിക്കപ്പെട്ട ആറു പരാതികളില്‍ രണ്ടെണ്ണം കോടതി അംഗീകരിച്ചു. ആറു വര്‍ഷത്തേയ്ക്ക് ഇന്ദിരാഗാന്ധിക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പ്രധാനമന്ത്രി സ്ഥാനം സ്വീകരിക്കാനോ കഴിയില്ലെന്നായിരുന്നു കോടതിവിധി. സുപ്രീംകോടതിയില്‍ അപ്പീലിനു പോകാന്‍ 21 ദിവസത്തെ സമയവും അനുവദിച്ചു.

രാജ്യം ആഭ്യന്തര അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന കാരണം കാണിച്ചാണ് അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചത്.

ഇതിനിടയില്‍ ഉത്തരേന്ത്യയില്‍, പ്രത്യേകിച്ചും ബിഹാറില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ കേന്ദ്രഭരണകൂടത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. സുപ്രീംകോടതി, ഹൈക്കോടതി വിധി ശരിവെച്ചതോടെ പ്രതിപക്ഷത്തെ അഞ്ചു പാര്‍ട്ടികള്‍ സംയുക്തമായി പ്രക്ഷോഭമാരംഭിച്ചു. ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് ജനസംഘം, കോണ്‍ഗ്രസ് (ഒ), സോഷ്യലിസ്റ്റ് പാര്‍ട്ടി, അകാലിദള്‍ എന്നിവര്‍ സംയുക്തമായി പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്കു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. അതോടെ ഇന്ത്യന്‍ രാഷ്ട്രീയം കലങ്ങിമറിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് രാജ്യം ആഭ്യന്തര അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന മറ്റൊരു കാരണം കാണിച്ച് രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചത്. 1975 ജൂണ്‍ 25-ന് അര്‍ദ്ധരാത്രി മുതല്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ നിലവില്‍ വന്നു.

Image of Ramanath Goenka
രാംനാഥ് ഗോയങ്ക Samakalika Malayalam

അസ്വാതന്ത്ര്യത്തിന്റെ ദിനങ്ങള്‍

അപ്രതീക്ഷിതമായ വൈദ്യുതി വിച്ഛേദനംമൂലം ഡല്‍ഹിയില്‍ പിറ്റേന്നാള്‍ ഹിന്ദുസ്ഥാന്‍ ടൈംസ്, സ്റ്റേറ്റ്സ്മാന്‍ എന്നീ ദിനപ്പത്രങ്ങള്‍ മാത്രമാണ് പുറത്തിറങ്ങിയത്. അവയാകട്ടെ, വൈദ്യുതി വിച്ഛേദിക്കാത്ത കോണാട്ടു പ്ലേയ്സ് ഭാഗത്തു പ്രവര്‍ത്തിച്ചവയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്സ്. നവഭാരത് ടൈംസ്, പേട്രിയറ്റ്, നാഷണല്‍ ഹെറാള്‍ഡ്, ഡെയ്ലി പ്രതാപ്, വീര്‍ അര്‍ജുന്‍ എന്നീ പത്രങ്ങളുടെ ഓഫീസുകള്‍ ബഹദൂര്‍ഷാ സഫര്‍ മാര്‍ഗിലായതിനാല്‍ ഈ പത്രങ്ങളെല്ലാം രണ്ടു ദിവസം പുറത്തിറങ്ങിയില്ല. പ്രസ് സെന്‍സര്‍ഷിപ്പ് നിലവില്‍ വന്നതിനാല്‍ അനുമതിയില്ലാതെ വാര്‍ത്തകള്‍ അച്ചടിക്കാനാവില്ലെന്ന് എല്ലാ പത്രങ്ങള്‍ക്കും അറിയിപ്പു കിട്ടി. പിന്നീടുള്ള നാളുകള്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്തെ കറുത്ത ദിനങ്ങള്‍ തന്നെയായിരുന്നു.

ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിലായിരുന്നു സെന്‍സര്‍മാരുടെ ഏറ്റവും മികച്ച പരിഹാസ നാടകം നടന്നത്. ''സ്വാതന്ത്ര്യം അപകടത്തിലാണ്. സര്‍വശക്തിയുമുപയോഗിച്ച് അതിനെ പ്രതിരോധിക്കുക'' എന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രശസ്തമായ വാചകങ്ങള്‍ പത്രത്തിന്റെ മുന്‍പേജില്‍ സ്ഥിരമായി കൊടുത്തിരുന്നത് എടുത്തു കളഞ്ഞു. മഹാത്മാഗാന്ധി ഊന്നുവടിയുമായി നില്‍ക്കുന്ന വിഖ്യാതമായ ചിത്രവും സെന്‍സര്‍മാര്‍ നീക്കം ചെയ്തു. ചിത്രത്തിലെ ഗാന്ധി അടിയന്തരാവസ്ഥയ്ക്ക് എതിരാണെന്നു വ്യാഖ്യാനിക്കപ്പെടുമെന്നായിരുന്നു അവരുടെ ന്യായം.

പത്രാധിപക്കുറിപ്പുകളിലും ലേഖനങ്ങളിലും ചിത്രങ്ങളിലും സെന്‍സര്‍മാരുടെ കറുത്തമഷി പുരണ്ടതോടെ പത്രസ്വാതന്ത്ര്യമെന്നത് അപ്രത്യക്ഷമായി. കേരളത്തില്‍ ഒരു മലയാളം വാരികയില്‍ ലോകപ്രശസ്തമായ 'കരുണ തേടുന്ന മദ്ഗലീന്‍' എന്ന വിഖ്യാത ചിത്രം പ്രസിദ്ധീകരിക്കുന്നത് സെന്‍സര്‍മാര്‍ തടഞ്ഞു. പോമ എന്ന പത്രമാരണ നിയമം മൂലം അതു കുറ്റകരമാണെന്നായിരുന്നു വ്യാഖ്യാനം. ഒരു മലയാള പത്രത്തില്‍ താറാവുകള്‍ കൂട്ടത്തോടെ ചാവുന്നു എന്നൊരു വാര്‍ത്ത സെന്‍സര്‍മാര്‍ തടഞ്ഞു. അടിയന്തരാവസ്ഥ കാരണം താറാവുകള്‍ കൂട്ടത്തോടെ ചത്തുപോകുന്നു എന്നു ജനങ്ങള്‍ മനസ്സിലാക്കിയാലോ എന്നായിരുന്നു അവരുടെ ഭയം.

ഏറ്റവും രസകരമായ സംഭവം വിനോദ് മേത്ത എഡിറ്ററായ ഡബനിയര്‍ മാസികയിലാണ് നടന്നത്. ഇന്ത്യന്‍ പ്ലേബോയ് എന്നറിയപ്പെട്ട ഡബനിയര്‍ മസാലപ്പടങ്ങള്‍ക്കും ഇക്കിളി സാഹിത്യത്തിനും പേരുകേട്ട പ്രസിദ്ധീകരണമായിരുന്നു. ഡബനിയറിനെ സെന്‍സര്‍മാര്‍ തൊട്ടതേയില്ല. അതില്‍ രാഷ്ട്രീയമില്ല, അതിനാല്‍ നിയമനിഷേധമില്ല എന്നായിരുന്നു സെന്‍സര്‍മാര്‍ വിലയിരുത്തിയത്.

കോണ്‍ഗ്രസ്സിന്റെ മുഖപ്പത്രമായിട്ടും നാഷണല്‍ ഹെറാള്‍ഡ് ഒരിക്കല്‍പോലും പ്രചാരത്തില്‍ ഡല്‍ഹിയിലെ മറ്റു പത്രങ്ങളുടെ അടുത്തെങ്ങുമെത്തിയിരുന്നില്ല. എന്നാല്‍, അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ പത്രത്തിന്റെ പ്രചാരം പെട്ടെന്നു വര്‍ദ്ധിച്ചു. കാരണം ലളിതമായിരുന്നു. അടിയന്തരാവസ്ഥയുടെ വക്താവായ ഹരിയാനയിലെ നേതാവ് ബന്‍സിലാല്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും നാഷണല്‍ ഹെറാള്‍ഡ് പത്രം വാങ്ങണമെന്നു രഹസ്യമായി നിര്‍ദേശിച്ചു.

ഇക്കാലത്ത് ഇന്ദിരാഗാന്ധി ഡല്‍ഹിയിലെ ബോട്ട് ക്ലബ്ബില്‍ നടത്തിയ റാലിയില്‍ പട്ടാളക്കാരെ സിവിലിയന്‍ വേഷത്തില്‍ അണിനിരത്താന്‍ ശ്രമിച്ചുവെന്നും പട്ടാളമേധാവികള്‍ അതിനെ ശക്തിയായി എതിര്‍ത്തെന്നുമൊരു വാര്‍ത്ത വാഷിങ്ടണ്‍ പോസ്റ്റില്‍ വന്നു. അതോടെ ഇന്ത്യയിലെ അതിന്റെ ലേഖകനായ ലെവിന്‍ സൈമണ്‍സിനു രാജ്യം വിട്ടുപോകാനുള്ള നിര്‍ദേശം സര്‍ക്കാരില്‍നിന്നു കിട്ടി. വിമാനത്താവളത്തില്‍ അയാളെ കര്‍ക്കശമായ പരിശോധനയ്ക്കു വിധേയമാക്കുകയും എഴുതിയതെല്ലാം പിടിച്ചെടുക്കുകയും ചെയ്തു. ഈ സംഭവത്തോടെ ഇന്ത്യയിലെ വിദേശ പത്രപ്രതിനിധികള്‍ സമ്മര്‍ദത്തിലായി.

അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്ത രണ്ടു പത്രങ്ങളായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ്സും സ്റ്റേറ്റ്സ്മാനും. ഈ രണ്ടു പത്രങ്ങളേയും തന്റെ വരുതിക്കു കൊണ്ടുവരാനായിരുന്നു ശുക്ലയുടെ അടുത്ത നീക്കം. അക്കാലത്ത് സ്റ്റേറ്റ്സ്മാന്‍ പത്രം ഡല്‍ഹിയില്‍ പുതിയൊരു എഡിറ്ററെ നിയമിക്കാനുള്ള ശ്രമത്തിലായിരുന്നു. ശുക്ല ഉടനടി എഡിറ്റര്‍ നിയമനത്തില്‍ ഇടപെട്ടു. സ്റ്റേറ്റ്സ്മാന്‍ ഉടമയായ സി.എല്‍. ഇറാനി ശുക്ലയുമായുള്ള കൂടിക്കാഴ്ചയില്‍ ഇതിനെതിരെ ശക്തിയായി പ്രതികരിച്ചു. പത്രത്തിന്റെ എഡിറ്ററെ തീരുമാനിക്കുന്നതു തങ്ങള്‍ തന്നെയാണെന്നു തുറന്നടിച്ചു. അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുന്‍പ് ഇന്ദിരാഗാന്ധി രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച് എഡിറ്റോറിയലെഴുതിയ പത്രമായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ്സ്. ഇന്ത്യന്‍ എക്‌സ്പ്രസ്സിനെ മുഖ്യശത്രുവുമായി കണ്ട് ശുക്ല ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഉടമ കെ.കെ. ബിര്‍ളയുടെ സഹായത്തോടെ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ച് കെ.കെ. ബിര്‍ളയെ ചെയര്‍മാനാക്കി. ഉടമയായ രാംനാഥ് ഗോയങ്ക അസുഖം മൂലം കിടപ്പിലായിരുന്നു.

അടിയന്തരാവസ്ഥയെ പിന്തുണയ്ക്കാന്‍ കൂട്ടാക്കാതെയിരുന്ന പത്രത്തിന്റെ എഡിറ്റര്‍ എസ്. മുള്‍ഗോങ്കറെ ഡയറക്ടര്‍ ബോര്‍ഡ് പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്തു. പകരം സഹോദര പ്രസിദ്ധീകരണമായ ഫിനാഷ്യല്‍ എക്‌സ്പ്രസ്സിന്റെ എഡിറ്ററായ വി.കെ. നരസിംഹനെ എഡിറ്ററാക്കി. പ്രായവും പക്വതയുമുള്ള നരസിംഹന്‍ നിരുപദ്രവകാരിയായിരിക്കും എന്നു തോന്നിയതിനാലാണ് സഞ്ജയ് ഗാന്ധിയും ശുക്ലയും നരസിംഹനെ എഡിറ്ററാക്കാന്‍ സമ്മതിച്ചത്. വി.കെ. നരസിംഹന്‍ അടിയന്തരാവസ്ഥക്കാലത്ത് ഈ രണ്ടു പത്രങ്ങളുടേയും എഡിറ്റര്‍ സ്ഥാനം വഹിച്ചു.

സഞ്ജയ് ഗാന്ധിയുടേയും ശുക്ലയുടേയും ധാരണകള്‍ തികച്ചും തെറ്റായിരുന്നു. തികഞ്ഞ പണ്ഡിതനും രാഷ്ട്രീയത്തില്‍ നല്ല അറിവുമുള്ള പത്രാധിപരായിരുന്നു അദ്ദേഹം. പത്രസ്വാതന്ത്ര്യത്തില്‍ അടിയുറച്ച വിശ്വാസമുള്ള അദ്ദേഹം അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി പ്രതിബദ്ധമായിരിക്കണം തന്റെ പത്രമെന്ന് ദൃഢമായി വിശ്വസിച്ചു.

ടാഗോറിന്റെ ''എവിടെ മനസ്സ് നിര്‍ഭയത്തോടെയുണ്ട് അവിടെ ശിരസ്സ് ഉയര്‍ന്നു ഉയര്‍ന്നു നില്‍ക്കുന്നു'' എന്ന പ്രശസ്തമായ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ഫിനാഷ്യല്‍ എക്‌സ്പ്രസ്സില്‍ എഡിറ്റോറിയല്‍ പ്രത്യക്ഷപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ ആ സ്വര്‍ഗത്തിലേക്ക് എന്റെ പിതാവേ എന്റെ രാജ്യത്തെ ഉണര്‍ത്തൂ എന്ന പ്രാര്‍ഥനയോടെ ആണ് ആ എഡിറ്റോറിയല്‍ അവസാനിക്കുന്നത്.

സാരോപദേശകഥകളിലും ഒളിച്ചുവച്ച വിമര്‍ശനങ്ങളോടെയും ഇന്ത്യന്‍ എക്‌സ്പ്രസ്സ് അടിയന്തരാവസ്ഥയില്‍ പുറത്തിറങ്ങാന്‍ ആരംഭിച്ചു. കാര്യങ്ങള്‍ അടിയന്തരാവസ്ഥയിലെ മേലാളന്മാര്‍ മനസ്സിലാക്കുമ്പോഴേക്കും ശൈലി മാറ്റി. പ്രശസ്ത പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ സെന്‍സര്‍മാരുടെ പിടിവീഴാതിരിക്കാന്‍ മൃദുഭാഷയിലായിരുന്നു തന്റെ കോളം ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എഴുതിയിരുന്നത്. എന്നാല്‍, നരസിംഹന്‍ അതിന്റെ സ്വഭാവം കുറേക്കൂടി തീവ്രമാക്കി. ഇക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പ്രചാരത്തില്‍ രണ്ടു ലക്ഷം കോപ്പിയുടെ വര്‍ദ്ധനയുണ്ടായി. അടിയന്തരാവസ്ഥയിലുടനീളം നരസിംഹന്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. അടിയന്തരാവസ്ഥയുടെ ഇരുളില്‍, നക്ഷത്രമായി തിളങ്ങിയ പത്രാധിപരായിരുന്നു വി.കെ. നരസിംഹന്‍.

Image of motherland newspaper
Emergency@1975 മദര്‍ലാന്‍ഡ് പത്രത്തിന്റെ അവസാന ലക്കംSamakalika Malayalam `

ഉപജാപകരുടെ തേര്‍വാഴ്ച

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടന്‍ തന്നെ സ്റ്റേറ്റ്സ്മാന്‍ പത്രം ഒരു സപ്ലിമെന്റിലൂടെ പ്രതികരിക്കാനൊരുങ്ങി. എന്നാല്‍, പൂര്‍ണമായും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കഴിഞ്ഞിരുന്നതിനാല്‍ സപ്ലിമെന്റ് സെന്‍സര്‍ക്കു മുന്നില്‍ ഹാജരാക്കേണ്ടിവന്നു. സെന്‍സറിങ് കഴിഞ്ഞപ്പോള്‍ പത്രത്തിലെ പല ഭാഗങ്ങളും വെട്ടിമാറ്റിയിരുന്നു. പിറ്റേന്നിറങ്ങിയ സപ്ലിമെന്റില്‍ ഈ പത്രം സെന്‍സറിങ്ങിനു വിധേയമാണെന്ന അറിയിപ്പ് കുറിപ്പായി കൊടുത്തിരുന്നു. വി.സി. ശുക്ല എഡിറ്ററെ വിളിച്ച് ഇത്തരം എതിര്‍പ്പുകള്‍ അനുവദിക്കില്ലെന്നു താക്കീതു നല്‍കി.

ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ മകനായ സഞ്ജയ് ഗാന്ധിയായിരുന്നു അടിയന്തരാവസ്ഥയുടെ കേന്ദ്രബിന്ദു. അയാളുടെ കൂടെയുണ്ടായിരുന്ന ഉപജാപകസംഘത്തിന്റെ തേര്‍വാഴ്ചയായിരുന്നു പിന്നീടു നടന്നത്.

രണ്ടുനാള്‍ വൈദ്യുതി മുടങ്ങിയ ബഹദൂര്‍ഷാ സഫര്‍ മാര്‍ഗിലെ ലിങ്ക് ഹൗസില്‍നിന്നു പ്രസിദ്ധീകരിക്കുന്ന സോവിയറ്റ് അനുഭാവമുള്ള ഇടതുവീക്ഷണ പത്രമായ 'പ്രേടിയറ്റ്' പുറത്തിറങ്ങിയത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മൂന്നു ദിവസം കഴിഞ്ഞാണ്. അടിയന്തരാവസ്ഥയെ എങ്ങനെ നേരിടണമെന്നു തീരുമാനിക്കാനായി പേട്രിയറ്റിന്റെ എഡിറ്റോറിയല്‍ ടീം സമ്മേളിച്ചു. അതിനിടയില്‍ പുതിയ സാഹചര്യങ്ങളില്‍ കടന്നുവന്ന പ്രതിബന്ധങ്ങളെ മറികടക്കാന്‍ പത്രത്തിന്റെ ചെയര്‍മാനും സ്വാതന്ത്ര്യസമര പോരാളിയുമായ അരുണ അസഫലി ഇന്ദിരാഗാന്ധിയെ ചെന്നുകണ്ടു. ഫലം വിപരീതമായെന്നു മാത്രം. തന്റെ ഇളയമ്മയോടുള്ള വാത്സല്യമെല്ലാം മാറ്റിവച്ച് ഇന്ദിരാഗാന്ധി കര്‍ക്കശമായ ഭാഷയില്‍ കാര്യങ്ങള്‍ വ്യക്തമാക്കി. ഒന്നുകില്‍ ഭരണകൂടത്തിന്റെ ആജ്ഞകള്‍ പാലിച്ചു പത്രമിറക്കുക അല്ലെങ്കില്‍ അടച്ചുപൂട്ടുക. തന്റെ പഴയ രക്ഷിതാവ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പുത്രിയുടെ നിലപാടില്‍ നിരാശയായി അരുണ അസഫലി തിരികെ പോന്നു.

ഇന്ദിരാഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണം, പ്രിവിപഴ്സ് നിര്‍ത്തലാക്കല്‍ തുടങ്ങിയ പുരോഗമന നയങ്ങളെ സ്വാഗതം ചെയ്‌തെങ്കിലും പേട്രിയറ്റ് എഡിറ്റര്‍ എടത്തട്ട നാരായണന്‍ അടിയന്തരാവസ്ഥയെ പൂര്‍ണമായും പിന്തുണച്ചില്ല. അതിനിടെ സി.പി.ഐ നേതാക്കളായ ഡാങ്കെ, രാജേശ്വര റാവു എന്നിവര്‍ അരുണ അസഫലിയെ ചെന്നുകണ്ട് അടിയന്തരാവസ്ഥയെ പിന്തുണച്ചില്ലെങ്കില്‍ പത്രത്തിനു സോവിയറ്റ് യൂണിയനില്‍നിന്നുള്ള സഹായസഹകരണങ്ങള്‍ നിര്‍ത്തുമെന്നു മുന്നറിയിപ്പു നല്‍കി. അതോടെ സമ്മര്‍ദം മുറുകി. അങ്ങനെ ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യസമരത്തില്‍ വിട്ടുവീഴ്ചയില്ലാതെ പടപൊരുതിയ സ്വാതന്ത്ര്യസമര പോരാളിയായ വിഖ്യാത എഡിറ്റര്‍ എടത്തട്ട നാരായണന്‍, ഒടുവില്‍ സ്വതന്ത്ര ഇന്ത്യയില്‍ അടിയന്തരാവസ്ഥയ്ക്കു കീഴടങ്ങി. തന്റെ സ്ഥാപനത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ തീരുമാനം അദ്ദേഹത്തിനെടുക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ആദ്യമായും അവസാനമായും തലകുനിച്ച സന്ദര്‍ഭം ഇതായിരുന്നു.

എങ്കിലും സഞ്ജയ് ഗാന്ധിയെന്ന രണ്ടാം അധികാരകേന്ദ്രത്തെ അദ്ദേഹം അംഗീകരിക്കാന്‍ വിസ്സമ്മതിച്ചു. അയാളെ തമസ്‌കരിക്കാന്‍ എടത്തട്ട നാരായണന്‍ തന്റെ പത്രത്തില്‍ പുതിയൊരു സെന്‍സറിങ് നടപ്പാക്കി. സഞ്ജയ് ഗാന്ധിയുടെ പടമോ പേരോ പ്രേട്രിയറ്റില്‍ അച്ചടിക്കില്ല. അടിയന്തരാവസ്ഥയില്‍ ഉടനീളം പ്രേടിയറ്റിലും ലിങ്കിലും ഇതു തുടര്‍ന്നു. ശക്തമായ ഈ നിലപാടില്‍ ക്ഷുഭിതനായ സഞ്ജയ് ഗാന്ധി പ്രേടിയറ്റിനു ഗവണ്‍മെന്റ് പരസ്യങ്ങള്‍ നിഷേധിച്ചുകൊണ്ടു തിരിച്ചടിച്ചു. ''കുറച്ചു സംസാരം, കൂടുതല്‍ ജോലി'' എന്ന സഞ്ജയ് ഗാന്ധിയുടെ അടിയന്തരാവസ്ഥ മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ടു ''കുറച്ചു സംസാരിക്കുക, വിവേകപൂര്‍വം ചിന്തിക്കുക!'' എന്ന എഡിറ്റോറിയല്‍ പേട്രിയറ്റില്‍ പ്രത്യക്ഷപ്പെട്ടു.എടത്തട്ടയോട് തന്നെ വന്ന് കാണണമെന്ന കല്പനയുമായി സഞ്ജയ് ഗാന്ധി ഒരു ദൂതനെ അയച്ചു. ''എനിക്ക് അദ്ദേഹത്തെ കാണേണ്ട ആവശ്യം ഇല്ല. അദ്ദേഹത്തിനു വേണമെങ്കില്‍ ലിങ്ക് ഹൗസില്‍ വന്നാല്‍ എന്നെ കാണാം.'' എടത്തട്ട ദൂതനോട് തന്റെ നിലപാട് വ്യക്തമാക്കി.

ഇന്ത്യന്‍ പത്രരംഗം വളരെ വേഗത്തില്‍ തന്നെ ദുര്‍വിധിക്കു കീഴടങ്ങുകയായിരുന്നു. മാധ്യമങ്ങളെ സെന്‍സര്‍ഷിപ്പ് പിടികൂടിയതോടെ പത്രങ്ങള്‍ക്കു വാര്‍ത്തകളും മറ്റും വിഴുങ്ങേണ്ടി വന്നു. ഇക്കാലത്തു നൂറിലധികം പത്രങ്ങളാണ് പൂട്ടിയത്. പല പ്രസിദ്ധീകരണങ്ങളും സെന്‍സര്‍ഷിപ്പിനു വഴങ്ങാന്‍ തയ്യാറാവാതെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ നിഖില്‍ ചക്രവര്‍ത്തി അച്ചടിക്കുന്നതിനു മുന്‍പു സെന്‍സറിങ് ഓഫീസറെ കാണിക്കണമെന്ന നിലപാടില്‍ പ്രതിഷേധിച്ച് താന്‍ എഡിറ്ററായ മെയിന്‍സ്ട്രീം വാരികയുടെ പ്രസിദ്ധീകരണം തന്നെ നിര്‍ത്തിവച്ചു. ബുദ്ധിജീവികളുടെ പ്രസിദ്ധീകരണമായി അറിയപ്പെട്ട 'സെമിനാറിന്റെ' എഡിറ്റര്‍ റൊമേഷ് ഥാപ്പറും തന്റെ പ്രസിദ്ധീകരണം സെന്‍സര്‍മാരെ കാണിക്കാന്‍ വിസ്സമ്മതിച്ചുകൊണ്ടു പ്രസിദ്ധീകരണം അവസാനിപ്പിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ജനത, സി.പി.എം പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡമോക്രസി എന്നിവയുടെ പ്രസിദ്ധീകരണവും ഇടയ്ക്കിടെ മുടങ്ങി.

ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ റിവ്യൂ (ഇ.പി.ഡബ്ല്യു) അടിയന്തരാവസ്ഥയെ എതിര്‍ക്കാനോ അനുകൂലിക്കാനോ ശ്രമിച്ചില്ല, പക്ഷേ, സെന്‍സര്‍ഷിപ്പിനെ നേരിടാന്‍ പുതിയൊരു മാര്‍ഗം കണ്ടെത്തി. പത്രാധിപക്കുറിപ്പിനു താഴെ ക്ലിപ്പിങ്സ് എന്നൊരു പംക്തി ആരംഭിച്ചു. വിവിധ പത്രമാസികകളില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും കുറിപ്പുകളും തീയതി സഹിതം അതതു മാസികകളുടെ പേരുസഹിതം പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അടിയന്തരാവസ്ഥയുടെ ഇന്ത്യയൊട്ടുക്കുള്ള പ്രതിഫലനങ്ങള്‍ ഇതുവഴി വായനക്കാര്‍ക്കു ലഭിച്ചു. ഇ.പി.ഡബ്ല്യുവിന്റെ എഡിറ്റര്‍ മലയാളിയായ കൃഷ്ണരാജായിരുന്നു ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം.

അതിനിടെ ടൈംസ് ഓഫ് ഇന്ത്യയുടെ ചരമക്കോളത്തില്‍ ജൂണ്‍ 28-ന് ഒരു ചരമപ്പരസ്യം പ്രത്യക്ഷപ്പെട്ടു. ജൂണ്‍ 25-നു രാത്രി അന്തരിച്ച ഒരു പരേതന്റേതായിരുന്നു അത്.

പരസ്യത്തിന്റെ പൂര്‍ണരൂപം ഇതായിരുന്നു. ''ഡെമോക്രസി എന്ന് എഴുതിയത് പ്രത്യേക രീതിയിലായിരുന്നു. D'CCRACY D.E.M. എന്ന് തലതിരിച്ചെഴുതിയതിനാല്‍ സെന്‍സര്‍മാര്‍ക്ക് മനസ്സിലായില്ല.

''O Cracy D.e.m., beloved husband of Truth loving father of L.I. Bertie, brother of Faith, Hope and Justice expired on 26th June.'

ഏതോ ഗോവക്കാരന്റെ ചരമക്കുറിപ്പാണെന്നു കരുതി സെന്‍സര്‍മാര്‍ ശ്രദ്ധിക്കാതെപോയ ചരമ പരസ്യമായിരുന്നു അത്. ജനാധിപത്യം അന്തരിച്ചു എന്ന് വ്യംഗ്യാര്‍ത്ഥമുള്ള ഈ പരസ്യം അടിയന്തരാവസ്ഥയിലെ പത്ര സെന്‍സറിങ്ങില്‍ പ്രതിഷേധിച്ച് അന്ന് 26-കാരനായ യുവ പത്രപ്രവര്‍ത്തകന്‍ അശോക് മഹാദേവന്‍ കൊടുത്തതായിരുന്നു.

പിന്നീട് റീഡേഴ്സ് ഡൈജസ്റ്റിന്റെ ഇന്ത്യന്‍ പതിപ്പിന്റെ എഡിറ്ററായ അശോക് മഹാദേവന്‍ അന്ന് ഒരു ശ്രീലങ്കന്‍ പത്രത്തില്‍ 1970-ല്‍ വന്ന ഇത്തരമൊരു പരസ്യം കണ്ടെടുത്ത് അത് 22 വാക്കില്‍ ചുരുക്കി ടൈംസ് ഓഫ് ഇന്ത്യയില്‍ നല്‍കുകയായിരുന്നു. ഒരു പത്രപ്രവര്‍ത്തകന്റെ ശ്രദ്ധയില്‍ ഇതു പെട്ടതോടെ ഇതിനു വന്‍ പ്രചാരം ലഭിച്ചു. പിന്നീട് അതൊരു പ്രശസ്തമായ അടിയന്തരാവസ്ഥാ ഫലിതമായി പരിണമിച്ചു. അതോടെ സെന്‍സര്‍മാരുടെ ശ്രദ്ധ പരസ്യക്കോളത്തിലേക്കും തിരിഞ്ഞു.

ശങ്കേഴ്സ് വീക്കിലിയില്‍ സി.പി. രാമചന്ദ്രന്‍ താനെഴുതുന്ന കോളത്തിലൂടെ കനത്ത വിമര്‍ശനം നടത്തി. പക്ഷേ, ഒരിക്കല്‍പോലും സെന്‍സര്‍മാര്‍ വീക്കിലിയെ പിടികൂടിയില്ല. ശങ്കറിന്റെ സുഹൃത്തായ ഒരു ഉന്നതോദ്യോഗസ്ഥന്‍ ലേഖനങ്ങളും കാരിക്കേച്ചറുകളും ഒന്നു മയപ്പെടുത്തി പ്രസിദ്ധീകരിക്കണമെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. ഏതായാലും അടിയന്തരാവസ്ഥ നിലവില്‍ വന്ന് ഒരു മാസം പിന്നിട്ടതോടെ ശങ്കേഴ്സ് വീക്കിലി നിര്‍ത്തുകയാണെന്ന് ശങ്കര്‍ പ്രഖ്യാപിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗില്‍നിന്നു പുറത്തിറങ്ങിയ ഏകദിനപ്പത്രമായിരുന്നു ജനസംഘത്തിന്റെ 'മദര്‍ലാന്റ്.' ജയപ്രകാശ് നാരായണന്‍, രാജ് നാരായണന്‍ എന്നിവരെ അറസ്റ്റുചെയ്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തി തലേന്നു രാത്രിതന്നെ അവര്‍ പത്രം അച്ചടിച്ചു. പക്ഷേ, അത് മദര്‍ലാന്റിന്റെ അവസാന ലക്കമായിരുന്നു. കെ.ആര്‍. മല്‍ക്കാനി എഡിറ്ററായിരുന്ന മദര്‍ലാന്റ് പിന്നീട് ഒരിക്കലും പുറത്തുവന്നില്ല.

''കുനിയാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഇഴയാന്‍ തയ്യാറായി'' എന്നാണ് അക്കാലത്തെ പത്രക്കാരെക്കുറിച്ച് എല്‍.കെ. അദ്വാനി നിര്‍വചിച്ചത്. ഈ വാചകം അടിയന്തരാവസ്ഥക്കാലത്തെ പരാമര്‍ശിക്കുമ്പോള്‍ ഇപ്പോഴും സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കപ്പെടുന്നു.

ഇന്ദിരയുടെ രണ്ടാമത്തെ മകനായ സഞ്ജയ് ഗാന്ധിയായിരുന്നു അടിയന്തരാവസ്ഥയുടെ കേന്ദ്രബിന്ദു. അയാളുടെ കൂടെയുണ്ടായിരുന്ന ഉപജാപസംഘത്തിന്റെ തേര്‍വാഴ്ചയായിരുന്നു പിന്നീട് നടന്നത്. അംബികാസോണി, ജഗദീഷ് ടൈറ്റ്ലര്‍, മുഹമ്മദ് യൂനസ്സ്, കമല്‍നാഥ്, ലളിത് മാക്കന്‍, റുഖ്സാന സുല്‍ത്താന തുടങ്ങിവര്‍ അധികാരഗര്‍വില്‍ മുഴുകി എന്തും ചെയ്യുന്ന അവസ്ഥയിലായിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച ബ്യൂറോക്രാറ്റും ഇന്ദിരാഗാന്ധിയുടെ മികച്ച നയങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രവും സെക്രട്ടറിയുമായ പി.എന്‍. ഹക്സറെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ച് മുഹമ്മദ് യൂനസ്സ് കാണാനിടയായപ്പോള്‍ ഈ തെമ്മാടിയെ ആരാണ് ഇവിടേയ്ക്ക് കൊണ്ടുവന്നത് എന്ന് ആക്രോശിച്ചു. ഹക്സറിനേപ്പോലെ ഉന്നതശ്രേണിയിലുള്ള ഒരാള്‍ക്കു നേരിടേണ്ടിവന്നത് ഈ തരത്തിലുള്ള അവഹേളനമാണെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.

ഈ പ്രകടനം കണ്ട നാഷണല്‍ ഹെറാള്‍ഡിന്റെ എഡിറ്റര്‍ എം. ചലപതി റാവു ഇന്ദിരാ ഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന എച്ച്.വൈ. ശാരദപ്രസാദിനോടു പറഞ്ഞു: ''ഇങ്ങനെ ഗുണ്ടകള്‍ അഴിഞ്ഞാടുന്നത് ബ്രിട്ടീഷ് ഇന്ത്യയില്‍പോലും ഞാന്‍ കണ്ടിട്ടില്ല.''

പത്രപ്രവര്‍ത്തകരുടെ ഉള്ളില്‍ ഭയമുണ്ടാക്കുകയായിരുന്നു ഇന്ദിരാഗാന്ധിക്ക് ആവശ്യം. അതിനാല്‍ പ്രമുഖരെ അറസ്റ്റ് ചെയ്യാനായിരുന്നു ഉദ്ദേശ്യം. പ്രശസ്ത പത്രപ്രവര്‍ത്തനായ കുല്‍ദീപ് നയ്യാരെ അറസ്റ്റ് ചെയ്തു. പ്രസ് സെന്‍സര്‍ഷിപ്പിനെ വിമര്‍ശിക്കാന്‍ ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ നൂറോളം പത്രപ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് അദ്ദേഹം പ്രസംഗിച്ചിരുന്നു. ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ഗവണ്‍മെന്റിനെതിരെ കലാപത്തിനു പ്രേരിപ്പിച്ചു എന്നതായിരുന്നു കുല്‍ദീപ് നയ്യാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കാരണം പറഞ്ഞത്. ഈ അറസ്റ്റോടെ ഡല്‍ഹിയിലെ ഭൂരിഭാഗം പത്രപ്രവര്‍ത്തകരും ഭയന്ന് വരച്ച വരയില്‍ നിന്നു.

ഇന്ത്യന്‍ എക്‌സ്പ്രസ് ഉടമ രാംനാഥ് ഗോയങ്കയെ അറസ്റ്റ് ചെയ്യാന്‍ വി.സി. ശുക്ല ശ്രമിച്ചെങ്കിലും ഇന്ദിരാഗാന്ധി അനുവദിച്ചില്ല. ഗോയങ്ക തടവിലായാല്‍ ഫിറോസ് ഗാന്ധിയുമായി ബന്ധപ്പെട്ട, ഇന്ദിരാഗാന്ധിക്ക് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ അദ്ദേഹം പുറത്തുവിടുമെന്ന ഭയമായിരുന്നു കാരണം. ഫിറോസ് ഗാന്ധി ഒരുകാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രത്തില്‍ ജോലി ചെയ്തിരുന്നു.

1976 ജനുവരി 25-ാമതു ലക്കം ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ എഡിറ്ററായ ഖുഷ്വന്ത് സിങ് സഞ്ജയ് ഗാന്ധിയുടെ പ്രത്യേക അഭിമുഖം പ്രസിദ്ധീകരിച്ചു. ആ കാലത്തെ മികച്ച വാരികകളിലൊന്നായിരുന്നു ഇല്ലസ്ട്രേറ്റഡ് വീക്കിലി. അപഖ്യാതി പരത്തലാണ് ഇന്ന് ഇന്ത്യന്‍ പത്രങ്ങളുടെ ശൈലി. സെന്‍സര്‍ഷിപ്പ് മാത്രമാണ് ഇത് അവസാനിപ്പിക്കാനുള്ള പോംവഴി എന്നായിരുന്നു സഞ്ജയ് ഗാന്ധിയുടെ വാദം. രാജ്യത്തെ വിജയകരമായി നയിക്കാന്‍ സഞ്ജയ് ഗാന്ധിക്കു സാധിക്കും എന്നൊരു പ്രഖ്യാപനത്തോടുകൂടിയായിരുന്നു അഭിമുഖം അവസാനിക്കുന്നത്.

ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിലെ ചേരിനിര്‍മാര്‍ജനവും നിര്‍ബന്ധിത വന്ധ്യംകരണവും ഈ സമയത്ത് സഞ്ജയ് ഗാന്ധിയുടെ പരിഷ്‌കാരങ്ങളായിരുന്നു. ഇതാകട്ടെ, വിവാദങ്ങള്‍ക്കു വഴിവെച്ചു. ക്യാബിനറ്റ് മന്ത്രിമാരുടെ തലയ്ക്കു മുകളില്‍ രണ്ടാം അധികാരകേന്ദ്രമായി മാറിയ സഞ്ജയ് ഗാന്ധിയെ വാഴ്ത്താനായി ഖുശ്വന്ത് സിങ് ദി ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ പേജുകള്‍ നീക്കിവച്ചു. ജനുവരി ലക്കത്തില്‍ പോയവര്‍ഷത്തെ തിളങ്ങിയ, മികച്ച ഇന്ത്യക്കാരനായി സഞ്ജയ് ഗാന്ധിയെ തിരഞ്ഞെടുത്തു.

അടിയന്തരാവസ്ഥയുടെ തിക്തഫലങ്ങള്‍ ഏറ്റവും അധികം നേരിട്ടനുഭവിച്ചത് ഇന്ത്യന്‍ എക്‌സ്പ്രസ്സായിരുന്നു. 18 മാസങ്ങള്‍ക്കുശേഷം 1977 ജനുവരി 19-ന് അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടു. തൊട്ടുപിന്നാലെ മാര്‍ച്ചില്‍ ഇലക്ഷന്‍ പ്രഖ്യാപനവും ഉണ്ടായി. അടിയന്തരാവസ്ഥയിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിച്ച ഷാ കമ്മിഷനു മുന്നില്‍, തന്നെയും തന്റെ സ്ഥാപനത്തേയും നശിപ്പിക്കാനായി വ്യാജരേഖകളും തെറ്റായ ആരോപണങ്ങളും ഉന്നയിക്കുകയും അവയ്ക്കു വന്‍ പ്രചാരം നല്‍കുകയും രാഷ്ട്രീയക്കാരുടെ സഹായത്തോടെ ഇന്ത്യന്‍ എക്‌സ്പ്രസ്സിനെതിരെ പാര്‍ലമെന്റില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് ഉടമ രാംനാഥ് ഗോയങ്ക മൊഴി നല്‍കി.

ഇന്ത്യയൊട്ടുക്ക് ഏതാണ്ട് നൂറിലധികം പത്രസ്ഥാപനങ്ങളാണ് ആ തേര്‍വാഴ്ചയില്‍ എന്നന്നേക്കുമായി അടച്ചുപൂട്ടിയത്. മാധ്യമസ്വാതന്ത്ര്യം ബ്രിട്ടീഷ് ഇന്ത്യയില്‍പോലും കാണാത്ത വിധമാണ് ഹനിക്കപ്പെട്ടതെന്നാണ് മാധ്യമ നിരീക്ഷകരുടെ അഭിപ്രായം. ?

(അഴിമുഖം ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന പി. രാംകുമാറിന്റെ 'ഏകാകികളുടെ ന്യൂസ് റൂം' എന്ന പുസ്തകത്തില്‍നിന്ന് ഒരദ്ധ്യായം)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com