Emergency@1975: പത്തുപേര്‍, പത്ത് ജീവിതങ്ങള്‍

Image of Illustration
Emergency@1975Samakalika Malayalam
Updated on
12 min read

ഇന്ദിരാഗാന്ധി

ഞാനാ മലനിരകളിലേക്ക് പോകാന്‍ ആലോചിക്കുന്നു, രാഷ്ട്രീയത്തില്‍നിന്ന് സ്വസ്ഥമായി വിരമിക്കാനും. ഡല്‍ഹി സഫ്ദര്‍ജംഗ് റോഡിലെ ബംഗ്ലാവിന്റെ പിറകിലുള്ള മരണത്തണലില്‍ കപില്‍ മോഹനോടും അനില്‍ ബാലിയോടും സംസാരിക്കുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ഇന്ദ്രപ്രസ്ഥത്തില്‍ വസന്തകാലമായതിനാല്‍ ലോണ്‍ മുഴുവന്‍ പല നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞിരുന്നു. ചിനാര്‍ മരങ്ങളുടെ തലപ്പത്തേക്ക് നോക്കി ഹതാശയായ അവര്‍ വീണ്ടും പറഞ്ഞു. ഹിമാചല്‍ കുന്നുകളിലെവിടെയെങ്കിലും ഒരു ചെറിയ കോട്ടേജ് ഞാന്‍ വാടകയ്‌ക്കെടുക്കും, എന്നിട്ട് എന്റെ ഓര്‍മകളെഴുതും. അതില്‍പിന്നെ എനിക്കെന്ത് വേണം? ഇനിയെനിക്ക് ജീവിക്കാന്‍ അധികം പണമൊന്നും വേണ്ട. എല്ലാം അവസാനിപ്പിക്കുന്ന മട്ടിലായിരുന്നു ഇന്ദിര.

പ്രശസ്തമായ ഓള്‍ഡ് മങ്ക് റമ്മിന്റെ നിര്‍മാതാക്കളാണ് മോഹന്‍ മിയാകിന്‍. ഇവരുടെ കുടുംബവും ഗാന്ധി കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നു. നീര്‍ജ ചൗധരി ഹൗ പ്രൈംമിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകത്തില്‍ ഈ സന്ദര്‍ഭം വിവരിക്കുന്നുണ്ട്. തോല്‍വിയില്‍നിന്ന് അവര്‍ വീര്യത്തോടെ അധികാരത്തിലേക്ക് തിരിച്ചെത്തിയെന്നത് ചരിത്രം.

ഇന്ത്യന്‍ ജനാധിപത്യം അടിയന്തരാവസ്ഥയ്ക്ക് മുന്‍പും പിന്‍പും എന്ന് വേര്‍തിരിക്കുന്നതു പോലെ ഇന്ദിരയുടെ രാഷ്ട്രീയവും അങ്ങനെത്തന്നെ വിഭജിക്കേണ്ടിവരും. ഇന്ദിരയെന്നാല്‍ ഇന്ത്യ വിശേഷിപ്പിക്കപ്പെട്ടിരുന്ന കാലമായിരുന്നു അതിനു മുന്‍പ്. ചരിത്രം തിരുത്തിയാണ് അക്കാലത്ത് ഒരു വനിത പ്രധാനമന്ത്രിയായത്. സമാനതകളില്ലാത്ത വ്യക്തിപ്രഭാവം, വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനുള്ള കരുത്ത്, ഇച്ഛാശക്തി, ഏതു വീഴ്ചയിലും അടങ്ങാത്ത പോരാട്ടവീര്യം... അതുകൊണ്ട് ഇന്ദിരയെ ലോകം ഉരുക്കുവനിതയെന്ന് വിളിച്ചു. വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും അവരുടെ പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ പാര്‍ട്ടിയിലെ രാഷ്ട്രീയപരീക്ഷണങ്ങളും വീര്യം ചേര്‍ത്ത പോരാട്ടവും കൂടി പരുവപ്പെടുത്തിയ ഒരു നേതാവായിരുന്നു ഇന്ദിര. വൈരുദ്ധ്യങ്ങളുടെ രാഷ്ട്രീയരൂപമായി അവരെ നിര്‍ണിയിക്കുന്നതില്‍ അടിയന്തരാവസ്ഥ പക്ഷേ, ഒരു വഴിത്തിരിവായി.

രാമചന്ദ്രഗുഹ പറയുന്നതുപോലെ അടിയന്തരാവസ്ഥ 90 ശതമാനം ജയപ്രകാശ് നാരായണിന്റേയും വെറും 10 ശതമാനം മാത്രം ഇന്ദിരയുടേതുമാണെന്ന് വാദിക്കുന്നവരുണ്ട്. അതൊരു നിരീക്ഷണമായി മാത്രം കാണുന്നവരുമുണ്ടാകാം. പക്ഷേ, ജെ.പിയുടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനായി ഇന്ദിര പ്രയോഗിച്ച അടിയന്തരാവസ്ഥയാണ് ഇന്ദിരയുടെ രാഷ്ട്രീയചരിത്രത്തിലും കറുത്ത ഏടായത്. ഇക്കാലത്താണ് ഭരണകൂടം എല്ലാ അതിര്‍വരമ്പുകളും ഇല്ലാതാക്കിയത്. പൗരാവകാശങ്ങള്‍ വാറോലകളായി. ജയിലുകള്‍ നിറഞ്ഞു. സ്വാതന്ത്ര്യം തന്നെ ഇല്ലാതായി. എന്തിന് സഞ്ജയ് ഗാന്ധിയുടെ താല്പര്യത്തിന്റെ ഫലമായി ഒന്നരക്കോടിയോളം പേര്‍ അഭിമാനം പണയം വച്ച് നിര്‍ബന്ധിത വന്ധ്യംകരണത്തിന് വരെ വിധേയരായി. രാജ്യത്തിന്റേയും ജനതയുടേയും അടിസ്ഥാന ജനാധിപത്യ ആശയങ്ങളെ റദ്ദ് ചെയ്ത നടപടികള്‍ അക്കാലമത്രയും കണ്ടതിലും ഭീകരമായിരുന്നു.

ഒരുപക്ഷേ, അടിയന്തരാവസ്ഥ എന്ന 'തെറ്റ്' അവര്‍ തിരിച്ചറിഞ്ഞിരുന്നിരിക്കണം. ജനാധിപത്യത്തെ നോക്കുകുത്തിയാക്കി വ്യക്തിസ്വാതന്ത്ര്യത്തെപ്പോലും അടിച്ചമര്‍ത്തി രാജ്യത്തെ ഇരുണ്ടകാലത്തേയ്ക്ക് തള്ളിവിട്ടതില്‍ അവര്‍ക്ക് കുറ്റബോധം തോന്നിയിരിക്കാം. ലോകം മുഴുവന്‍ വിമര്‍ശിച്ചിട്ടും അതില്‍ ഉറച്ചുനിന്നതില്‍ പശ്ചാത്താപമുണ്ടായിരിക്കാം. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും എതിരഭിപ്രായം നേരിട്ടതും അവരെ തളര്‍ത്തി. താനെടുത്ത തീരുമാനം അത് തന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് ബോധ്യമായിട്ടും അങ്ങനെയൊരു തീരുമാനത്തിലേക്ക് പോവേണ്ടിവന്നതിനെ അവര്‍ ന്യായീകരിച്ചു. ചിലപ്പോള്‍ നിങ്ങള്‍ക്ക് വ്യക്തികളുടെ താല്പര്യത്തെക്കാള്‍ രാജ്യത്തിന്റെ താല്പര്യത്തിന് പ്രാധാന്യം നല്‍കേണ്ടിവരും. രാജ്യസ്വാതന്ത്ര്യത്തിന്റെ വലിയ താല്പര്യത്തിനായി ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം നിയന്ത്രിക്കേണ്ടിവരും. നമ്മള്‍ തിരിച്ചുവരും. പുതിയ പാഠങ്ങള്‍ പഠിക്കും. ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക ഒറിയാന ഫെല്ലസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അവരിങ്ങനെയാണ് അടിയന്തരാവസ്ഥയെ വിശദീകരിച്ചത്.

ഒരുവശത്ത് രാജ്യം കണ്ട ഉരുക്കുവനിതയായി ഇന്ദിര വാഴ്ത്തപ്പെടുമ്പോള്‍ ആ വാദത്തെ ഇല്ലാതാക്കുന്നു അടിയന്തരാവസ്ഥ തൊട്ട് ഇങ്ങോട്ടുള്ള കാലം. 1975 മുതല്‍ 1977 വരേയുള്ള രണ്ട് വര്‍ഷം രാജ്യത്ത് പിന്നീട് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. 1977-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ജനതാമുന്നണി ജനതാപാര്‍ട്ടിയായി. ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘവും ആ പാര്‍ട്ടിയില്‍ ലയിച്ചു. 1971-ല്‍ ഇന്ദിരയുടെ തെരഞ്ഞെടുപ്പ് വിജയം അലഹബാദ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത അതേ രാജ് നാരായണിനോട് തന്റെ സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ ഇന്ദിര പരാജയപ്പെട്ടു. ഭൂരിപക്ഷം 55202. ഇന്ദിരാഗന്ധിയുടെ പരാജയം വലിയ രാഷ്ട്രീയമാറ്റത്തിന് കൂടിയാണ് വഴിവെച്ചത്. പ്രതിപക്ഷ രാഷ്ട്രീയ സഖ്യത്തില്‍ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. സഞ്ജയ് ഗാന്ധി അമേഠിയിലും പരാജയപ്പെട്ടു. ജീവിതത്തില്‍ ഇന്ദിര ഏറ്റവും കൂടുതല്‍ ഒറ്റപ്പെട്ട ദിവസങ്ങളായിരുന്നു അത്. ഉരുക്കു വനിതയില്‍നിന്ന് രക്തം കുടിക്കുന്ന കാളിയായി അവര്‍ മാറി. ആ കറുത്തനാളുകളില്‍ സഞ്ജയ് മാത്രമാണ് ഇന്ദിരയുടെ കൂടെയുണ്ടായിരുന്നതെന്നും അതുകൊണ്ടാണ് സഞ്ജയ് ഗാന്ധി അവരുടെ ദൗര്‍ബല്യമായി മാറിയതെന്നും നിരീക്ഷിച്ചത് ഇന്ദിരയുടെ അടുത്ത സുഹൃത്തായിരുന്ന പുപുല്‍ ജയ്ക്കറാണ്. ജനതാഭരണത്തിനുശേഷം പക്ഷേ, ഇന്ത്യന്‍ ജനത ഇന്ദിരയെ തിരിച്ചുകൊണ്ടുവന്നു. പക്ഷേ, പഞ്ചാബില്‍ ഇന്ദിരയ്ക്ക് ചുവടുകള്‍ പിഴച്ചു. അതവരുടെ അന്ത്യത്തിലും കലാശിച്ചു. ഇന്ദിരയുടെ ജീവിതത്തിന്റെ നല്ല വശങ്ങളൊക്കെ അടിയന്തരാവസ്ഥ എന്ന നിഴലിന്റെ പിറകിലായിയെന്നതാണ് യാഥാര്‍ത്ഥ്യം.

Image of Indira Gandhi
ഇന്ദിരാഗാന്ധിGoogle
Image of justic jr khanna
ജസ്റ്റിസ് ജെ.ആര്‍. ഖന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കുന്നുSamakalika Malayalam

ജസ്റ്റിസ് ജെ.ആര്‍. ഖന്ന

Neither Roses Nor Thorns അതായിരുന്നു ജസ്റ്റിസ് ഖന്നയുടെ ആത്മകഥയുടെ പേര്. ആദരമോ അനാദരവോ അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചില്ല. നീതിബോധം അവസാനശ്വാസംവരെയും തന്റെ പ്രവൃത്തിയിലുണ്ടാകണം എന്നു തീരുമാനിച്ചുറച്ച ഒരു സാധാമനുഷ്യന്‍. അതിന് എന്തുവിലയും നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ആത്മകഥയില്‍ സഹോദരിക്കെഴുതുന്ന ഒരു കത്തില്‍ ഖന്ന ഇങ്ങനെ എഴുതിയിരുന്നു: ഈ വിധിയെഴുതുമ്പോള്‍ ചീഫ് ജസ്റ്റിസ് സ്ഥാനം വിലകൊടുക്കേണ്ടിവരുമെന്ന് അറിയാം. അനന്തരഫലം പ്രതികൂലമാകുമെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം പതറിയില്ല. ഈയൊരൊറ്റ വിധിന്യായത്തിലൂടെ നിയമവാഴ്ചയുടേയും മനുഷ്യാവകാശങ്ങളുടേയും ഭരണഘടനാവാദത്തിന്റേയും പ്രവാചകനായി അദ്ദേഹം മാറി.

ഒരു ജനാധിപത്യം മനോഹരമാകുന്നത് വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിലാണ്. അത്തരമൊന്നായിരുന്നു ജെ.ആര്‍. ഖന്നയുടെ നിലപാടും. സത്യത്തില്‍ സുപ്രീംകോടതി ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിന് ഓശാന പാടുകയായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യവും റദ്ദാക്കപ്പെടുമെന്ന നാണംകെട്ട വിധി വന്നു. ഹേബിയസ് കോര്‍പസ് കേസ് എന്നറിയപ്പെടുന്ന ആ കേസില്‍ ചീഫ് ജസ്റ്റിസ് എ.എന്‍. റെയ്, ജസ്റ്റിസുമാരായ എം.എച്ച്. ബേഗ്, എച്ച്.ആര്‍. ഖന്ന, വൈ.വി. ചന്ദ്രചൂഡ്, പി.എന്‍. ഭഗവതി എന്നിവരാണ് വാദം കേട്ടത്. ജസ്റ്റിസ് ഖന്നയുടെ വിയോജന വിധിയോടെ 4:1 എന്ന ഭൂരിപക്ഷവിധിയോടെ അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങള്‍ക്കുള്ള ഭരണഘടനാപരമായ മൗലികാവകാശം നിലനില്‍ക്കുന്നില്ല എന്ന് സുപ്രീംകോടതി വിധിച്ചു. ഹേബിയസ് കോര്‍പസ് ഹര്‍ജിക്കുള്ള അവകാശവും അടിയന്തരാവസ്ഥയില്‍ നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു.

ജനാധിപത്യത്തിലും നിയമവാഴ്ചയിലും പൗരന്റെ മൗലികാവകാശങ്ങള്‍ ഒരിക്കലും റദ്ദാക്കാനാകില്ല എന്ന ജസ്റ്റിസ് ഖന്നയുടെ ഉറച്ച നീതിബോധം ഇന്ത്യയുടെ 'ലേഡി മുസോളിനി'ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. തനിക്കു മുന്നില്‍ മുട്ടിലിഴയാന്‍ സകലരും വരിനില്‍ക്കുമ്പോള്‍ വരിതെറ്റിക്കുന്നവരോട് അവര്‍ പൊറുത്തില്ല. 1977 ജനുവരിയില്‍ പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ഖന്നയെ മറികടന്ന്, തനിക്കുവേണ്ട വിധിയെഴുതിത്തന്ന കൂട്ടത്തിലെ എം.എച്ച്. ബേഗിനെ ചീഫ് ജസ്റ്റിസാക്കി നിയമിച്ചു ഇന്ദിരാഗാന്ധി. ജനാധിപത്യ നീതിബോധത്തിന്റെ ഏറ്റവും വലിയ പ്രഖ്യാപനം പോലെ തൊട്ടുപിറ്റേന്ന് ജസ്റ്റിസ് ഖന്ന സുപ്രീംകോടതി ന്യായാധിപ പദവിയില്‍നിന്ന് രാജിവെച്ചു പുറത്തിറങ്ങി. 2017-ല്‍ കെ.എസ്. പുട്ടസ്വാമി കേസില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് ADM Jabalpur കേസിലെ വിധി റദ്ദാക്കുന്നതുവരെ 40 വര്‍ഷം ഇന്ത്യന്‍ നീതിന്യായ സംവിധാനം ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ പ്രതിധ്വനി മാത്രമായി മാറിയ കാലത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ആ വിധി നിലനിന്നു. പി.എന്‍. ഭഗവതി അടക്കമുള്ളവര്‍ തങ്ങളുടെ വിധിന്യായം തെറ്റായിരുന്നെന്ന് പില്‍കാലത്ത് തിരുത്തിപ്പറയുകയും ചെയ്തു.

ആ ധീരതയ്ക്കുള്ള പ്രത്യുപകാരമെന്ന നിലയ്ക്കാവണം ജനതാപാര്‍ട്ടി പല കമ്മിഷനുകളുടേയും തലപ്പത്തിരിക്കാന്‍ ജസ്റ്റിസ് ഖന്നയെ ക്ഷണിച്ചു. അദ്ദേഹം അതെല്ലാം നിരസിച്ചു. ഇന്ദിരാഗാന്ധിക്കും സഞ്ജയ്ക്കുമെതിരെ സംസാരിച്ചാല്‍ തന്റെ നിഷ്പക്ഷത ഇല്ലാതാകുമെന്ന് അദ്ദേഹം കരുതി. ഫിനാന്‍സ് കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനവും നിരസിച്ച അദ്ദേഹം ലോ കമ്മിഷന്‍ ചെയര്‍മാനായി, അതും ശമ്പളം പറ്റാതെ. രണ്ടുവര്‍ഷത്തിനു ശേഷം ചരണ്‍സിങ് നിയമമന്ത്രിയായി നിയമിച്ചെങ്കിലും മൂന്നു ദിവസംകൊണ്ട് അദ്ദേഹം രാജിവച്ചു. ആറുമാസത്തിനകം ആ സര്‍ക്കാരും വീണു. ഒന്‍പത് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും സെയില്‍സിങ്ങിനോട് പരാജയപ്പെട്ടു. രാഷ്ട്രീയത്തിലെ കളികള്‍ വഴങ്ങുന്നതല്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു.

image of George Fernandaz
ജോര്‍ജ് ഫെര്‍ണാണ്ടസ്സമകാലിക മലയാളം

ജോര്‍ജ് ഫെര്‍ണാണ്ടസ്

സംഭവബഹുലമായ ജീവിതം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നാടകീയത എന്ന വാക്ക് എല്ലാ അര്‍ത്ഥതലങ്ങളോടെയും ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ജീവിതത്തിലുണ്ട്. 1930-ല്‍ മംഗലാപുരത്ത് ക്രിസ്ത്യന്‍ കത്തോലിക്ക കുടുംബത്തിലായിരുന്നു ജോര്‍ജിനെ ജനനം. ആത്മീയ പശ്ചാത്തലത്തിലുള്ള തുടക്കം. വൈദികനാകാനാണ് സെമിനാരിയില്‍ ചേര്‍ന്നത്. അവസാനം വൈദികരോടുള്ള എതിര്‍പ്പുമൂലം അവിടം വിട്ടു. അനന്തരം സോഷ്യലിസ്റ്റ് ആശയങ്ങളില്‍ തല്‍പ്പരനായി പഴയ ബോംബെയിലേക്കു വണ്ടികയറി. അവിടെ പത്രത്തില്‍ പ്രൂഫ് വായനക്കാരനായിട്ടായിരുന്നു തുടക്കം. നേതാവിനെ കാത്തിരിക്കുന്ന തൊഴിലാളികളുടെ ഇടയിലേക്ക്. റാം മനോഹര്‍ ലോഹ്യയുമായുള്ള പരിചയത്തിലൂടെ പിന്നീട് മുംബൈയിലെ ഒന്നാംനിര ട്രേഡ് യൂണിയന്‍ നേതാവായി അദ്ദേഹം വളര്‍ന്നു. മുംബൈയിലെ പോര്‍ട്ടര്‍മാരേയും ഡ്രൈവര്‍മാരേയും മറ്റു തൊഴിലാളി വിഭാഗങ്ങളേയും സംഘടിപ്പിച്ച് ട്രേഡ് യൂണിയനുകള്‍ക്കു രൂപം നല്‍കി. ആറു ട്രേഡ് യൂണിയനുകളുടെ സ്ഥാപക പ്രസിഡന്റായിരുന്നു.

മംഗലാപുരത്ത് ജനിച്ച് ബോംബെയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജോര്‍ജ് എക്കാലവും ഇന്ത്യ കണ്ട ഏറ്റവും മികച്ച തൊഴിലാളി സംഘാടകനായിരുന്നു. ഒരു വിളിക്കപ്പുറം ഒന്നരലക്ഷം മുനിസിപ്പല്‍ തൊഴിലാളികളും ടാക്സി ഡ്രൈവര്‍മാരും അദ്ദേഹത്തിനു പിന്നില്‍ അണിനിരക്കുമെന്ന് പറഞ്ഞാല്‍...അതായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. അദ്ദേഹം കയ്യൊന്ന് ഞൊടിച്ചാല്‍ മുംബൈ സ്തംഭിക്കുമായിരുന്നു. അങ്ങനെ ബോംബെ നഗരത്തെ, ദേശീയ രാഷ്ട്രീയത്തെ കൈവെള്ളയിലാക്കിയ ജീവിതാവസാനം മറവിരോഗമായിരുന്നു. അവസാനകാലത്ത് ഹിന്ദിയെല്ലാം മറന്ന് തുളുഭാഷയില്‍ സംസാരിക്കുന്ന, കളിപ്പാട്ടംകൊണ്ടു കളിക്കുന്ന അദ്ദേഹത്തെ കണ്ട കാര്യം ഒരിക്കല്‍ മാര്‍ഗരറ്റ് ആല്‍വ പറഞ്ഞിരുന്നു.

1967-ലെ ലോക്സഭാ തെരഞ്ഞെടുപ്പോടുകൂടിയാണ് ഫെര്‍ണാണ്ടസ് ദേശീയമുഖമായി വളരുന്നത്. കോണ്‍ഗ്രസ്സിലെ എസ്.കെ. പാട്ടീലിനെ തോല്‍പ്പിച്ചുകൊണ്ടുള്ള പാര്‍ലമെന്റ് പ്രവേശനം അദ്ദേഹത്ത ദേശീയ അധികാര രാഷ്ട്രീയത്തിലെ അതികായനാക്കി. എവിടെച്ചെന്നാലും ആ കാലഘട്ടങ്ങളില്‍ അദ്ദേഹത്തിനു ചുറ്റും ആള്‍കൂട്ടം ഇരമ്പും. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളൊന്നും പ്രശസ്തിക്കുവേണ്ടിയായിരുന്നില്ല. 1974-ലെ റെയില്‍സമരത്തില്‍ റെയില്‍വേ ട്രാക്കിലിറങ്ങി തീവണ്ടി തടഞ്ഞ ഫെര്‍ണാണ്ടസ് തൊഴിലാളികളുടെ ഹീറോ ആയിരുന്നു. അതിന്റെ പേരില്‍ പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി. എങ്കിലും അടിയന്തരാവസ്ഥയാണ് ജോര്‍ജിന്റെ രാഷ്ട്രീയജീവിതത്തിലെ വഴിത്തിരിവ്.

ബറോഡ ഡൈനാമൈറ്റ് കേസില്‍ (സര്‍ക്കാര്‍ സ്ഥാപനങ്ങളും റെയില്‍വേട്രാക്കും ബോംബ്വെച്ച് തകര്‍ക്കനുള്ള പദ്ധതി) അകപ്പെട്ട് രണ്ട് വര്‍ഷത്തോളമാണ് അദ്ദേഹം ജയിലില്‍ കിടന്നത്. എന്നാല്‍, ആ ജയില്‍വാസം സിനിമയെ വെല്ലുന്ന ട്വിസ്റ്റിലേക്കാണ് നീങ്ങിയതെന്നു മാത്രം. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള ലോക്സഭാ തെരഞ്ഞെടുപ്പു വേളയിലും അദ്ദേഹം ജയിലില്‍ തന്നെയായിരുന്നു. എന്നാല്‍, ജയിലില്‍ കിടന്നുകൊണ്ട് തെരഞ്ഞടുപ്പില്‍ മത്സരിച്ചു. വന്‍ ഭൂരിപക്ഷത്തോടെയാണ് മുസഫര്‍പുരില്‍നിന്ന് അദ്ദേഹം വിജയിച്ചത്. ഭരണം നഷ്ടപ്പെട്ടെങ്കിലും ജയിലില്‍ കിടന്നുകൊണ്ട് ജോര്‍ജ് ഫെര്‍ണാണ്ടസ് നേടിയ വിജയമായിരുന്നു ഇന്ദിരയ്ക്കുണ്ടാക്കിയ ഏറ്റവും കനത്ത ആഘാതവും.

Image of karpoori
കര്‍പ്പൂരി ഠാക്കൂര്‍ Samakalika Malayalam

കര്‍പ്പൂരി ഠാക്കൂര്‍

മറ്റൊരു കര്‍പ്പൂരി ഠാക്കൂറിനെ ഇനി കിട്ടില്ലെന്നത് സത്യമാണ്, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ദുഃഖിക്കുന്നവരുടെ ജീവിതകാലത്തെങ്കിലും.

ബിഹാറിന്റെ രാഷ്ട്രീയം തൊണ്ണൂറുകള്‍ മുതല്‍ മനപ്പൂര്‍വം മറന്നുകളഞ്ഞ കര്‍പ്പൂരി ഠാക്കൂറിന്റെ ഇതിഹാസ ജീവിതം അസ്തമിച്ചപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞവാക്കുകളാണ് ഇത്. മുപ്പതുകളില്‍ ബിഹാറിലെ സമസ്തിപ്പൂരില്‍ നടന്ന ഒരു സ്വാതന്ത്ര്യസമര പ്രകടനം. മുഖ്യപ്രാസംഗികനും സംഘാടകനും ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യന്‍. അന്നത്തെ ആ പയ്യന്റെ ഉരിശന്‍ പ്രകടനം കണ്ട സോഷ്യലിസ്റ്റ് നേതാവ് രാംനന്ദന്‍ മിശ്ര വേദിയിലേക്ക് വിളിച്ച് അവനു നല്‍കിയ പേരാണ് കര്‍പ്പൂരി. ബിഹാര്‍ രാഷ്ട്രീയത്തില്‍ അതൊരു ചരിത്രപിറവിയായിരുന്നു. ബിഹാറിന്റെ മാത്രമല്ല, രാജ്യത്തിന്റേയും. പിന്നാക്ക സമുദായത്തില്‍, കൊടുംപട്ടിണിയില്‍ ജനിച്ച് നിശ്ചയദാര്‍ഢ്യത്തോടെ വിദ്യാഭ്യാസം നേടി പാവങ്ങളുടേയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടേയും അവകാശങ്ങള്‍ക്ക് അടിയുറപ്പ് നല്‍കി ജനനായകനായി കര്‍പ്പൂരി മാറി. സ്വാതന്ത്ര്യകാലം മുതല്‍ അടിയന്തരാവസ്ഥക്കാലം വരെ പരാജയപ്പെടാത്ത എം.എല്‍.എയായിരുന്നു അദ്ദേഹം.

1974-ല്‍ ജെ.പിക്കൊപ്പം ചേര്‍ന്ന് സമ്പൂര്‍ണ വിപ്ലവം ലക്ഷ്യമിട്ടിറങ്ങി. ഈ ജനമുന്നേറ്റത്തെ നയിച്ചത് അദ്ദേഹമായിരുന്നു. ഒളിവിലിരുന്നാണ് ഇത്രയും വലിയ മുന്നേറ്റത്തെ അദ്ദേഹം നയിച്ചത്. എതിര്‍പ്പിന്റെ എല്ലാ സാധ്യതകളേയും ഇല്ലാതാക്കാന്‍ പൊലീസ് സംവിധാനം രാജ്യം മുഴുവന്‍ വേട്ടയാടിയിട്ടും കര്‍പ്പൂരിയെ മാത്രം കിട്ടിയില്ല. ഒരിക്കല്‍ ബോംബെയ്ക്കുള്ള വിമാനത്തില്‍ കയറിയ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു സംശയം. തൊട്ടടുത്തിരിക്കുന്നയാള്‍ കര്‍പ്പൂരിയാണോയെന്ന്. നേപ്പാളി ശൈലിയിലുള്ള വസ്ത്രധാരണം കാരണം അവരൊന്ന് ശങ്കിച്ചു. രണ്ടുപേരും കടുത്ത ഇന്ദിരാഭക്തരുമാണ്. ഒടുവില്‍ അവര്‍ ചോദിക്കാമെന്ന് തീരുമാനിച്ചു. ചോദിച്ചപ്പോള്‍ ആള്‍ കര്‍പ്പൂരി തന്നെയാണ്. സംസാരിച്ച് കഴിഞ്ഞ് ഇന്ദിരയോട് തന്നെ കണ്ടകാര്യം വെളിപ്പെടുത്തില്ലെന്ന് ഉറപ്പ് നല്‍കിയിട്ടാണ് അവര്‍ പിരിഞ്ഞത്. അത്ര സ്വാധീനമായിരുന്നു കര്‍പ്പൂരിക്ക് രാജ്യമെങ്ങും. ഒടുവില്‍ 1977 ജനുവരി 30-ന് പാറ്റ്ന ഗാന്ധിമൈതാനത്ത് ചേര്‍ന്ന വന്‍ജനക്കൂട്ടത്തിനു മുന്നില്‍ പ്രസംഗിക്കുകയായിരുന്ന അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് രണ്ടുതവണ മുഖ്യമന്ത്രിയായപ്പോള്‍ സംവരണം പ്രഖ്യാപിച്ചു. അതാണ് രാജ്യവ്യാപക വിപ്ലവത്തിന് വഴിതെളിച്ചത്. ലാലു പ്രസാദ് യാദവിന് പട്ന സര്‍വകലാശാലയില്‍ പ്രവേശനം കിട്ടിയത് ആ സംവരണപ്രഖ്യാപനത്തോടെയായിരുന്നു. ജയപ്രകാശ് നാരായണനും റാം മനോഹര്‍ ലോഹ്യയ്ക്കുമൊപ്പം സോഷ്യലിസ്റ്റ് വഴിത്താരകളില്‍ സഞ്ചരിച്ച് സാമൂഹികനീതിയുടെ സമവാക്യങ്ങള്‍ക്ക് കാലോചിതമായ നിര്‍വചനമെഴുതിയ കര്‍പ്പൂരി, പിന്നാക്കവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്തും ഉദ്യോഗത്തിലും സംവരണം പ്രഖ്യാപിച്ചപ്പോള്‍ അത് രാജ്യത്ത് പുതിയ ചരിത്രരചനയായി. തൊണ്ണൂറുകളില്‍ നടപ്പാക്കിയ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനും ഇപ്പോള്‍ മുളപൊട്ടിപ്പരക്കുന്ന സംവരണചര്‍ച്ചകള്‍ക്കും അടിത്തറയായത് കര്‍പ്പൂരിയുടെ ഈ തീരുമാനങ്ങളാണ്. രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കര്‍പ്പൂരി കൈപിടിച്ചുയര്‍ത്തിയ യുവനേതാക്കളാണ് ലാലുപ്രസാദ് യാദവും നിതീഷ് കുമാറും രാം വിലാസ് പസ്വാനും. എണ്‍പതുകളുടെ ഒടുവില്‍ ശിഷ്യര്‍ സ്വത്വരാഷ്ട്രീയത്തിന്റെ കൊടിക്കൂറകളുയര്‍ത്തി അധികാരക്കസേര മാറിമാറി പങ്കിടുമ്പോഴേക്ക് ഗുരു വിസ്മൃതിയിലേക്കു വീണുപോയി. സോഷ്യലിസ്റ്റ് നേതാവ്, ഗാന്ധിയന്‍ ചിന്തകള്‍ ജീവിതത്തില്‍ പകര്‍ത്തിയ മഹത്വം, ബിഹാറിന്റെ സാമൂഹിക അസന്തുലിതാവസ്ഥയെ ഉഴുതുമറിച്ച വിദ്യാഭ്യാസമന്ത്രി, ഹ്രസ്വകാലമെങ്കിലും രണ്ടുവട്ടം മുഖ്യമന്ത്രി. പുതിയ തലമുറയ്ക്കായി ഇങ്ങനെ പരിചയപ്പെടുത്താമെങ്കിലും എഴുതിയൊതുക്കാനാകാത്ത ജീവിതസാന്നിധ്യമായിരുന്നു കര്‍പ്പൂരി ഠാക്കൂര്‍.

Image of jayaprakash Narayan
ജയപ്രകാശ് നാരായണ്‍സമകാലിക മലയാളം

ജെ.പി

തൊഴിലില്ലായ്മയും വിലക്കയറ്റവും ക്ഷാമവും കൊടുകുത്തിവാഴുന്ന കാലം. 1973 മാര്‍ച്ച് 18-ന് ബിഹാറിലെ ഒരു പറ്റം വിദ്യാര്‍ഥികള്‍ ജെ.പിയെ കണ്ടു. രാജ്യത്തിന്റെ ഭാവി നിങ്ങളുടെ കൈകളിലാണ്. അങ്ങ് ഞങ്ങള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കണം. നിങ്ങളുടെ ഉള്ളില്‍ ഉത്സാഹവും ശക്തിയുമുണ്ട്- വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. രോഗങ്ങളെത്തുടര്‍ന്ന് വിശ്രമിക്കുകയായിരുന്ന ജെ.പി വിദ്യാര്‍ത്ഥികളെ നിരാശരാക്കിയില്ല. മാര്‍ച്ച് 28-ന് ജെ.പിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍ പ്രകടനത്തോടെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിച്ചു. സമ്പൂര്‍ണ വിപ്ലവത്തിനായി ഒരു വര്‍ഷം പഠനം ഉപേക്ഷിച്ച് സമരത്തിനിറങ്ങാന്‍ ജെ.പി ആവശ്യപ്പെട്ടു. വിദ്യാലയങ്ങളും കലാശാലകളും അടഞ്ഞുകിടന്നു, ബിഹാറില്‍ ഭരണംതന്നെ സ്തംഭിച്ചു. ജെ.പിയെ കാണാന്‍ ഇന്ദിരാഗാന്ധി ബിഹാറിലെത്തി. ഞാന്‍ ഇന്ദിരയുടെ പക്ഷത്തല്ല, ജനപക്ഷത്താണെന്ന് ജെ.പി പ്രഖ്യാപിച്ചു. ഒക്ടോബറില്‍ തുടര്‍ച്ചയായ മൂന്നു ദിവസം ബിഹാറില്‍ സമ്പൂര്‍ണ ബന്ദ് പ്രഖ്യാപിക്കപ്പെട്ടു. നിരായുധരായ ജനങ്ങള്‍ക്ക് നേരെയുണ്ടായ വെടിവെയ്പില്‍ പലരും രക്തസാക്ഷികളായി. അധികാരത്തിലിരിക്കുന്ന നിങ്ങള്‍ ഞങ്ങളുടെ പ്രതിനിധികളല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗര്‍ജനമായിരുന്നു ആ വാക്കുകള്‍!

തെരഞ്ഞെടുപ്പില്‍ ശക്തിതെളിയിക്കാന്‍ ജെ.പിയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചു. 1974 നവംബര്‍ 18-ന് പാറ്റ്‌നയിലെ ഗാന്ധി മൈതാനത്ത് ലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ജെ.പി ആ വെല്ലുവിളി സ്വീകരിച്ചു. രാജ് നാരായണ്‍ നല്‍കിയ കേസില്‍ ഇന്ദിരയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി അലഹബാദ് ഹൈക്കോടതി വിധിയും വന്നതോടെ 1975 ജൂണ്‍ 25 ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ലക്ഷങ്ങളെ അഭിസംബോധന ചെയ്ത ജെ.പി നിയമവിരുദ്ധ സര്‍ക്കാരിനെ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. അന്ന് വൈകിട്ടാണ് ഇന്ദിരാഗാന്ധി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ അപകടത്തിലാണെന്ന് കാട്ടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജൂണ്‍ 25-ന് അര്‍ദ്ധരാത്രി ജെ.പി അറസ്റ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന് 3 ദിവസം കഴിഞ്ഞപ്പോള്‍ ഹൃദ്രോഗത്താല്‍ ഡല്‍ഹി ആശുപത്രിയിലേക്ക് മാറ്റി. സെപ്തംബര്‍ 27-ന് വയറുവേദന അനുഭവപ്പെട്ടു. രണ്ട് വൃക്കകളും തകരാറിലായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മരിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ വിട്ടയച്ചു. തുടര്‍ന്ന് 1975 നവംബര്‍ 22-ന് ജസ്ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഡയാലിസസിന് വിധേയമാക്കി. 1977 ജനുവരി 12 ലോക്സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. രാംലീല മൈതാനത്ത് 10 ലക്ഷം പേരെ അഭിസംബോധന ചെയ്ത ജെ.പി ജനാധിപത്യവും ഏകാധിപത്യവും തമ്മിലാണ് മത്സരം. ഇതില്‍ ജനാധിപത്യം ജയിച്ചേ മതിയാവൂ എന്നു പ്രഖ്യാപിച്ചു.

രോഗിയും വൃദ്ധനുമായ ജെ.പി മുഴുവന്‍ ശക്തിയുമെടുത്ത് തെരഞ്ഞെടുപ്പില്‍ പോരാടാനിറങ്ങി. കല്‍ക്കത്ത, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തി. ജെ.പിയെ കാണാനും കേള്‍ക്കാനും ജനം ഇരമ്പി. ഇതിനിടയില്‍ രോഗം മൂര്‍ച്ഛിച്ചിരുന്നു. പക്ഷേ, ജനത്തിനു മുന്നില്‍ ജെ.പി ജയിച്ചു. 1977 മാര്‍ച്ച് 17 മുതല്‍ 20 വരെ നടന്ന തെരഞ്ഞെടുപ്പില്‍ ലോക്സഭയില്‍ 439-ല്‍ 293 സീറ്റ് നേടി ജനതാഗവണ്‍മെന്റ് അധികാരത്തിലെത്തി മൊറാര്‍ജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. മാറ്റത്തിന്റെ കൊടുങ്കാറ്റാണ് ജെ.പി സൃഷ്ടിച്ചത്.

Image of sundarayya
സുന്ദരയ്യSamakalika Malayalam

പി. സുന്ദരയ്യ

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിഴലിച്ചത് ആശയക്കുഴപ്പങ്ങളാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്നത്തെ കാലത്തും ഈ ആശയക്കുഴപ്പത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ച് സി.പി.എമ്മിന് കഴിഞ്ഞിട്ടുമില്ല. അടിയന്തരാവസ്ഥയുടെ തുടക്കക്കാലത്ത് സി.പി.എം നേതൃത്വത്തിന്റെ വലിയ ആലോചന, ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ ഏതൊക്കെ രീതിയില്‍ പ്രതിരോധം തീര്‍ക്കാമെന്നതായിരുന്നു. ആരുമായൊക്കെ, ഏതൊക്കെ അളവില്‍ ഒന്നിച്ചുനില്‍ക്കാമെന്ന വിഷയം പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകളും പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറി പി. സുന്ദരയ്യയുടെ രാജിയിലും കലാശിച്ചുവെന്നത് ചരിത്രം.

സുന്ദരയ്യ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ പ്രധാന പ്രശ്നങ്ങളിലൊന്ന് അടിയന്തരാവസ്ഥയോടുള്ള പാര്‍ട്ടിയുടെ സമീപനവും പ്രതിപക്ഷ മുന്നണിയുടെ ഭാഗമായി ജനസംഘത്തോടും ആര്‍.എസ്.എസ്സിനോടുമുള്ള ഐക്യപ്പെടല്‍ എന്ന വിമര്‍ശനവുമാണ്. മാത്രമല്ല, അടിയന്തരാവസ്ഥയ്‌ക്കെതിരായി ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഭരണകക്ഷിയുടെ സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കും അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കും എതിരായ പ്രതിപക്ഷ ഐക്യമുന്നണിയില്‍ ഏതൊക്കെ കക്ഷികളുമായി ഐക്യമോ ധാരണയോ ആകാം, ആകരുത് എന്നത് സംബന്ധിച്ച് സുന്ദരയ്യയുടെ നിലപാട് ഇന്നും പ്രസക്തമാണ്.

ഐതിഹാസികമായ തെലുങ്കാന സമരത്തിന്റെ നായകന്‍, സി.പി.ഐ.എമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറി, മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍... എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്കുടമയായ സുന്ദരയ്യ 1975 ഓഗസ്റ്റ് 22-നാണ് രാജിക്കത്ത് നല്‍കിയത്. അതായത് 1975 ജൂണ്‍ 25-ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ രണ്ട് മാസം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍. പാര്‍ട്ടി രാജി അംഗീകരിക്കുകയും ഇ.എം.എസ് നമ്പൂതിരിപ്പാട് താല്‍കാലിക ജനറല്‍ സെക്രട്ടറിയാവുകയും ചെയ്യുന്നത് 1976-ല്‍. ഗൗരവമുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സുന്ദരയ്യയുടെ രാജിയും അതിന് പൊളിറ്റ്ബ്യൂറോ അംഗം എം. ബസവപുന്നയ്യ അടക്കമുള്ളവര്‍ നല്‍കിയ മറുപടിക്കുറിപ്പുമെല്ലാം ശ്രദ്ധേയമാണ്.

അടിയന്തരാവസ്ഥയ്‌ക്കെതിരേ യോജിച്ച പോരാട്ടമെന്നതിന് അര്‍ത്ഥം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും രാഷ്ട്രീയ മുന്നണിയെന്നല്ല എന്ന സമീപനത്തില്‍ പാര്‍ട്ടി വീഴ്ച വരുത്തിയെന്നതായിരുന്നു പ്രധാന ആക്ഷേപം. പൗരാവകാശ സംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും പൗരപ്രമുഖരേയും യോജിപ്പിച്ചുള്ള പോരാട്ടമെന്നതിന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള യോജിച്ചുള്ള രാഷ്ട്രീയ മുന്നണിയെന്നല്ല അര്‍ത്ഥമെന്ന കാര്യം അന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നുവെന്നും എന്നാല്‍, പിന്നീടുള്ള നിര്‍ദേശങ്ങളില്‍ ഇത് ഉള്‍ക്കൊള്ളിക്കാതെ ഇന്ദിരാഗാന്ധിക്കെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയ മുന്നണിയെ പിന്തുണയ്ക്കുന്നുവെന്ന പ്രതീതിയുണ്ടാക്കിയെന്നുമായിരുന്നു പി. സുന്ദരയ്യയുടെ ആക്ഷേപം. ഏതായാലും അടിയന്തരാവസ്ഥയ്‌ക്കെതിരായ 'യോജിച്ചുള്ള' പോരാട്ടം ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് നഷ്ടക്കച്ചവടവും തീവ്ര വലതുപക്ഷത്തിന് വലിയ നേട്ടവുമായെന്നത് ചരിത്രം. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘിന്റേയും രാഷ്ട്രീയമായി വലതുപക്ഷ സ്വഭാവം കാണിച്ച ജയപ്രകാശ് നാരായണനേയും തിരിച്ചറിയാതെ, അവരുമായി സന്ധിചേര്‍ന്നുള്ള ചെറുത്തുനില്‍പിലെ അപകടമാണ് സുന്ദരയ്യ ചൂണ്ടിക്കാട്ടിയത്. എല്ലാ പ്രതിപക്ഷ കക്ഷികളുമായി രാഷ്ട്രീയ സഹകരണം സാധ്യമല്ലെന്നായിരുന്നു സുന്ദരയ്യ ചൂണ്ടിക്കാട്ടിയ യാഥാര്‍ത്ഥ്യം.

Image of Eachara vaarier
ഈച്ചരവാര്യര്‍ Samakalika Malayalam

ഈച്ചരവാര്യര്‍

എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്. മനുഷ്യമനസ്സാക്ഷിയുള്ളിടത്തോളം ഒരച്ഛന്റെ ഈ ചോദ്യം നിങ്ങളെ അലട്ടും. കോഴിക്കോട് റീജിയണല്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന പി. രാജനെ 1976 മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ കോളേജ് ഹോസ്റ്റലില്‍നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയി. എന്തിന് എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ലായിരുന്നു. പിന്നീടാരും രാജനെ കണ്ടിട്ടില്ല. കക്കയം പൊലീസ് ക്യാമ്പില്‍വച്ച് മാര്‍ച്ച് രണ്ടിനുതന്നെ രാജന്‍ പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ഈ വിവരം ലോകമറിയാതെ പൊലീസും സര്‍ക്കാരും അതീവ രഹസ്യമായി സൂക്ഷിച്ചു. രാജന്റെ പിതാവായ പ്രൊഫ. ഈച്ചരവാരിയരും കേരളത്തിന്റെ പൊതുസമൂഹവും മാസങ്ങളോളം രാജനെ തേടിയലഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷമാണ് പലരും അതിനെതിരെ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രങ്ങള്‍ പുറത്തുവന്നത്. അത് എത്തിച്ചേര്‍ന്നത് പൊലീസുകാര്‍ നടത്തിയ ഭീകരമര്‍ദനങ്ങളെക്കുറിച്ചുള്ള അറിവുകളിലാണ്. അതിന്റെ മൂര്‍ത്തമായ ഒരു രൂപമായിരുന്നു കേരളത്തെ പിടിച്ചുലച്ച രാജന്‍ സംഭവം. മലയാളത്തില്‍ വായിച്ചിരിക്കേണ്ട ആത്മകഥകളിലൊന്നാണ് ഈച്ചരവാര്യര്‍ എഴുതിയ ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍. ആ ഓര്‍മക്കുറിപ്പുകളില്‍ നിന്ന്:

''ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ കര്‍ക്കിടകത്തില്‍ മഴ തകര്‍ത്തു പെയ്യുന്നു. പെരുമഴ ശ്രീവിഹാറിനു മുകളില്‍ പെയ്തുവീഴുമ്പോഴൊക്കെ ഞാന്‍ മോനെ ഓര്‍ക്കുന്നു. പടിവാതില്‍ അടച്ചുപൂട്ടിയാലും ആരോ വന്ന് അതു തുറന്ന് പൂമുഖപ്പടിയില്‍ മുട്ടുന്നതുപോലെ. ആത്മാവിന് പൂര്‍വജന്മബന്ധങ്ങളില്ല എന്നെഴുതുന്നത് ശരിയാവില്ല.

മഴ പൊഴിക്കുന്ന ഈ രാത്രിയില്‍ ഞാന്‍ അവന്റെ കാസറ്റിലാക്കിയ പാട്ടുവയ്ക്കുന്നു. മൂളുന്ന ടേപ്റെക്കോര്‍ഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ ഞാന്‍ തൊട്ടെടുക്കാന്‍ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാന്‍ കേള്‍ക്കാതെ പോയ പാട്ടുകള്‍കൊണ്ട് എന്റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ്ഞ് എന്റെ മകന്‍ നില്‍ക്കുന്നു.

പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?

ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരുകാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ...''

Image of gayatri devi
ഗായത്രിദേവിGoogle

ഗായത്രി

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ഇന്ദിരാഗാന്ധി ജയിലിലിടാന്‍ നിര്‍ദേശം നല്‍കിയവരുടെ പട്ടികയിലെ ആദ്യ പേരുകളിലൊന്ന് ഗായത്രീദേവിയുടേതായിരുന്നു. ഇപ്പോഴത്തെ ബംഗാള്‍ ഉള്‍പ്പെടുന്ന കുച്ച് ബെഹാര്‍ രാജവംശത്തില്‍ ജനിച്ച ഗായത്രി ശാന്തിനികേതനിലും സ്വിറ്റ്‌സര്‍ലന്റിലുമായിട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഗായത്രിയുടെ പതിനാലാം വയസ്സില്‍ കൊല്‍ക്കത്തയിലെത്തിയ ജയ്പൂര്‍ രാജാവ് സവായ് മാന്‍ സിങ്ങിന് തോന്നിയ പ്രണയം അവരെ ജയ്പൂരിലെത്തിച്ചു. മാന്‍സിങ്ങിന്റെ മൂന്നാം ഭാര്യയായി ജയ്പൂരിന്റെ മഹാറാണിയായി ഗായത്രിയെത്തി.

വിദേശ വിദ്യാഭ്യസം നേടിയ അവര്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. കൊട്ടാരത്തിനകത്തേയും പുറത്തേയും നിരവധി പെരുമാറ്റ ചട്ടക്കൂടുകള്‍ നിലനിന്നിരുന്ന കാലത്ത് അതൊക്കെ അവര്‍ പൊളിച്ചെഴുതി. രാജകീയവേഷം ഉപേക്ഷിച്ചു, പെണ്‍കുട്ടികള്‍ക്കായി ഇംഗ്ലീഷ് പള്ളിക്കൂടം തുടങ്ങി. സാമൂഹ്യപ്രവര്‍ത്തനത്തിന് കക്ഷിരാഷ്ട്രീയം ആവശ്യമാണെന്നും അവര്‍ക്കു തോന്നി. കോണ്‍ഗ്രസ് അവരെ ക്ഷണിച്ചെങ്കിലും അവര്‍ താല്പര്യം കാണിച്ചില്ല. പകരം രാജഗോപാലാചാരിയുടെ സ്വതന്ത്ര പാര്‍ട്ടിയില്‍ ചേര്‍ന്നു. 1962-ല്‍ ജയ്പൂരില്‍ മത്സരിച്ചു. എതിര്‍കക്ഷിയായത് കോണ്‍ഗ്രസ്. ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവര്‍ ജയിച്ചത്. രാജ്യം കണ്ടതില്‍ ഏറ്റവും വലിയ ഭൂരിപക്ഷം. രാജ്യത്തെ വരുംകാല രാഷ്ട്രീയത്തിലെ വന്‍മരമായി ഗായത്രീദേവി വളരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. കോണ്‍ഗ്രസ്സിന് ഇന്ദിരാഗാന്ധിയെങ്കില്‍ പ്രതിപക്ഷത്തിന് ഗായത്രീദേവിയെന്ന് മാധ്യമങ്ങളെഴുതി. പാര്‍ലമെന്റിലും അവരൊരു ശക്തമായ പ്രതിപക്ഷമായി നിലകൊണ്ടു. ലാല്‍ ബഹദൂര്‍ ശാസ്ത്രി അവരെ കോണ്‍ഗ്രസ്സിലേക്ക് വീണ്ടും ക്ഷണിച്ചെങ്കിലും അവര്‍ നിരസിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് അവര്‍ ബോംബെയില്‍ ചികിത്സയിലായിരുന്നു. അതുകൊണ്ട് ആദ്യ ദിവസങ്ങളില്‍ പൊലീസിന് അവരെ അറസ്റ്റ് ചെയ്യാനായില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ചികിത്സ പൂര്‍ത്തിയാക്കിയ ഗായത്രി നേരെ ചെന്നത് ഇന്ത്യന്‍ പാര്‍ലമെന്റിലേക്കാണ്. ഹാളിലെത്തിയപ്പോള്‍ പ്രതിപക്ഷത്തെ സീറ്റുകളെല്ലാം ഒഴിഞ്ഞുകിടക്കുന്നു. അവിടെ പതിവില്ലാത്തതെന്തോ സംഭവിച്ചെന്ന മട്ടില്‍ ഭരണപക്ഷ എം.പിമാര്‍ അത്ഭുതത്തോടെ ഗായത്രിയെ നോക്കി. പ്രതിപക്ഷ നേതാക്കന്‍മാരെല്ലാം ഒന്നുകില്‍ ജയിലിലോ അല്ലെങ്കില്‍ ഒളിവിലോ ആയിരുന്നു. ഒരു ഭാവവ്യത്യാസവുമില്ലാതെ അവര്‍ ഇരിപ്പിടത്തിലിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ അവര്‍ മനസ്സില്‍ ഒന്നുറപ്പിച്ചിരുന്നു, ഏതു നിമിഷവും താനും അറസ്റ്റ് ചെയ്യപ്പെടാം. തിരികെ വീട്ടിലെത്തിയ ഗായത്രീദേവിയെ തേടി മണിക്കൂറുകള്‍ക്കകം പൊലീസെത്തി. അങ്ങനെ തീഹാര്‍ ജയിലിലേക്ക്.

ജയിലില്‍ രോഗങ്ങള്‍ അലട്ടിയ അവര്‍ക്ക് വൈദ്യസഹായം കിട്ടിയില്ല. മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് ആവശ്യമായ വൈദ്യസഹായം അധികൃതര്‍ നല്‍കിയത്. ഗതികെട്ട് ആറുമാസങ്ങള്‍ക്കു ശേഷം ജയിലില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ നിരവധി നിബന്ധനകള്‍ ഇന്ദിരാഗാന്ധി അവര്‍ക്ക് മുന്നില്‍ വച്ചു. അതിലൊന്നായിരുന്നു രാഷ്ട്രീയം ഉപേക്ഷിക്കണമെന്നത്. അതൊരു കീഴടങ്ങലായിരുന്നുവെന്ന് അവര്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. അവര്‍ പിന്നീട് രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്നില്ല. പൊതുപ്രവര്‍ത്തനം തന്നെ അവര്‍ അവസാനിപ്പിച്ചു. ജനസേവനമെന്ന ആഗ്രഹത്തിലാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്നും എന്നാല്‍, ആ തീരുമാനം തെറ്റായിപ്പോയെന്നും അവര്‍ പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ കുടുംബം, തന്റെ സ്വകാര്യജീവിതത്തിലെ സന്തോഷങ്ങള്‍ എന്നിവയെല്ലാം നഷ്ടപ്പെട്ടു; എന്നാല്‍, താന്‍ പ്രതീക്ഷിച്ചതായിരുന്നില്ല തിരിച്ച് കിട്ടിയതെന്നും അവര്‍ പറഞ്ഞു. 1976-ല്‍ 'എ പ്രിന്‍സസ് റിമമ്പേഴ്സ്' എന്ന പേരില്‍ ആത്മകഥ ഗായത്രി ദേവി പുറത്തിറക്കി. പിന്നീട് പല രാഷ്ട്രീയപാര്‍ട്ടികളും അവരെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് സ്വാഗതം ചെയ്‌തെങ്കിലും 2009-ല്‍ മരിക്കുന്നതുവരെ ആ ക്ഷണങ്ങളെല്ലാം ഗായത്രീദേവി നിരസിച്ചു. ഗായത്രിയോട് ഇന്ദിരാഗാന്ധിക്കുള്ള വ്യക്തിപരമായ എതിര്‍പ്പാണ് അവരുടെ രാഷ്ട്രീയജീവിതം അവസാനിപ്പിച്ചത്.

സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ ഇന്ദിരാഗാന്ധിക്ക് ഗായത്രീദേവിയെ പരിചയമുണ്ട്. പശ്ചിമബംഗാളിലെ ശാന്തിനികേതനിലെ പതഭാവന സ്‌കൂളിലാണ് ഇരുവരും പഠിച്ചിരുന്നത്. രാജകുടുംബാംഗമെന്ന നിലയില്‍ ഗായത്രീദേവിക്ക് സ്‌കൂളില്‍ കിട്ടുന്ന പരിഗണനയും അവരുടെ വേഷവിധാനങ്ങളും ആഡംബരത്തോട് കൂടിയുള്ള ജീവിതവുമെല്ലാം അന്നുതൊട്ടേ ഇന്ദിരാഗാന്ധിയെ ചൊടിപ്പിച്ചിരുന്നു. ഈ ദേഷ്യത്തിന്റെ തുടര്‍ച്ചയാകാം അപ്രതീക്ഷിതമായി ഗായത്രീദേവി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോഴും ഇന്ദിരാഗാന്ധിയിലുണ്ടായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Image of indiragandhi with sidharth shankar ray
സിദ്ധാര്‍ത്ഥ ശങ്കര്‍ റേ ഇന്ദിരാഗാന്ധിയോടൊപ്പം Samakalika malayalam

സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ

ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ദിരാഗന്ധിക്ക് ഉപദേശം നല്‍കിയവരില്‍ പ്രധാനി സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയായിരുന്നുവെന്നും അതുവരെ അങ്ങനെയൊരു അറിവ് ഇന്ദിരാഗാന്ധിക്കില്ലായിരുന്നുവെന്നുമാണ് പ്രണബ് മുഖര്‍ജി പറഞ്ഞിട്ടുള്ളത്. ഈ ഉപദേശം നല്‍കുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ബറുവ, ബോംബെ കോണ്‍ഗ്രസ് പ്രസിഡന്റ് രജനി പട്ടേല്‍ എന്നിവരാണ് റേയ്ക്ക് ഒപ്പമുണ്ടായിരുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന റേ രാജ്യത്തെ പ്രമുഖ അഭിഭാഷകന്‍ കൂടിയായിരുന്നു. പ്രശ്നങ്ങളെ നിയമപ്പഴുതിലൂടെ മറികടക്കാനുള്ള വളഞ്ഞബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നത്രെ. രാജ്യത്ത് 1971 മുതല്‍ വൈദേശിക അടിയന്തരാവസ്ഥ നിലവില്‍ ഉണ്ടായിരുന്നു. പാകിസ്ഥാന്‍ യുദ്ധത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ചതായിരുന്നു അത്. ബാഹ്യ അടിയന്തരാവസ്ഥ ഉള്ളപ്പോള്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തടസ്സമില്ല എന്നാണ് റേ നല്‍കിയ ഉപദേശം. ഇന്ദിരയുമായി തെറ്റിയ സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ ഇതു നിഷേധിച്ചു. പക്ഷേ, അടിയന്തരാവസ്ഥാ നിര്‍ദേശവുമായി രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിനെ ഇന്ദിര കണ്ടപ്പോള്‍ കൂടെ ഉണ്ടായിരുന്ന ഏക നേതാവ് റേ ആയിരുന്നു. കൂമി കപൂര്‍ എഴുതിയ പുസ്തകത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസിസ് മാനേജര്‍ എന്ന വിശേഷണമുള്ള റേയ്ക്ക് പക്ഷേ, അടിയന്തരാവസ്ഥ വെല്ലുവിളിയായി. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റു. ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ പാര്‍ട്ടിയും അല്ലാതേയും അദ്ദേഹം തഴയപ്പെട്ടു. പിന്നീട് സോമനാഥ് ചാറ്റര്‍ജിയെ എതിരിട്ട് രാഷ്ട്രീയത്തില്‍ തിരിച്ചെത്താന്‍ ഒരു ശ്രമം കൂടി നടത്തിയെങ്കിലും ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജനം അദ്ദേഹത്തെ തോല്‍പിച്ചു. അത്ര എതിര്‍പ്പായിരുന്നു ജനത്തിന്. ഇതോടെ തന്റെ രാഷ്ട്രീയ മോഹങ്ങളെല്ലാം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നു. 1986-ല്‍ പഞ്ചാബ് ഗവര്‍ണറായി രാജീവ്ഗാന്ധി അദ്ദേഹത്തെ നിയമിച്ചു. രാഷ്ട്രപതിഭരണം പ്രഖ്യാപിച്ച പഞ്ചാബില്‍ പൊലീസ് നടത്തിയ അതിക്രമങ്ങളുടെ പ്രതിസ്ഥാനത്ത് അപ്പോഴും റേയായിരുന്നു. ഒടുവില്‍ പ്രധാനമന്ത്രി വി.പി. സിങ് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ യു.എസ് അംബാസഡറായ അദ്ദേഹം 1996 വരെ അവിടെ കഴിഞ്ഞു. 1995-ലെ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഒരിക്കല്‍കൂടി മുഖ്യമന്ത്രിയാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് അത് അവസാനിപ്പിച്ചു. 1999-ല്‍ കല്‍ക്കട്ട നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്താണ് എത്തിയത്. അതോടെ രാഷ്ട്രീയ സ്വപ്നങ്ങളെല്ലാം അവസാനിച്ചു. റേ വിചാരിച്ചതുപോലെ അടിയന്തരാവസ്ഥകൊണ്ട് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായെങ്കില്‍ റേയുടെ രാഷ്ട്രീയജീവിതവും ഇങ്ങനെയാകാന്‍ വഴിയില്ല.

Image of haksar
പി.എന്‍. ഹക്സര്‍ Google

പി.എന്‍. ഹക്സര്‍

വ്യക്തിപരമായ യുദ്ധമല്ല, പ്രത്യയശാസ്ത്രപരമായ യുദ്ധമാണ് കോണ്‍ഗ്രസ്സിലെ സിന്‍ഡിക്കേറ്റിനെതിരെ നടത്തേണ്ടതെന്ന് ഇന്ദിരയോട് പറഞ്ഞത് ഹക്സറാണ്. ചന്ദ്രശേഖറും മോഹന്‍ ധാരിയയും കൃഷന്‍ കാന്തുമടങ്ങുന്ന യുവതുര്‍ക്കികള്‍ കാവല്‍പടയാളികളായി ഈ യുദ്ധത്തില്‍ ഇന്ദിരയുടെ കൂടെ നിന്നു. കാമരാജും അതുല്യഘോഷും എസ്.കെ. പാട്ടീലും നിജലിംഗപ്പയുമായിരുന്നു പാര്‍ട്ടിയില്‍ എതിര്‍ചേരിയിലുള്ള സിന്‍ഡിക്കേറ്റംഗങ്ങള്‍. 1967-ലെ തെരഞ്ഞെടുപ്പിലൊക്കെ ഇന്ദിരയ്ക്ക് പദവി മാത്രമേയുണ്ടായിരുന്നുള്ളൂ. തീരുമാനങ്ങളെടുത്തത് അവരാണ്. വി.കെ. കൃഷ്ണമേനോന് സീറ്റ് കൊടുക്കില്ലെന്ന കാമരാജിന്റെ തീരുമാനം ഇന്ദിരയ്ക്ക് തിരുത്താനുമായില്ല. എന്നാല്‍, നാലു വര്‍ഷങ്ങള്‍ പിന്നിട്ട് 1971-ലെ തെരഞ്ഞെടുപ്പിലേക്കെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. ബാങ്കുകളുടെ ദേശസാല്‍കരണം, പ്രിവി പഴ്സ് നിര്‍ത്തലാക്കല്‍ എന്നിവ ഇന്ദിരയുടെ ആവനാഴിയിലെ ബ്രഹ്മാസ്ത്രങ്ങളായി. ഗരീബീ ഹഠാവോ എന്ന മുദ്രാവാക്യം ഒരു ജനതയുടെ മുഴുവന്‍ മനസ്സും ഭാവനയും പിടിച്ചെടുത്തു. ഹക്സര്‍ എന്ന ബ്യൂറോക്രാറ്റിന്റെ തലച്ചോറായിരുന്നു ആ തെരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ വിജയതന്ത്രങ്ങള്‍ക്കു പിന്നില്‍. ആ തെരഞ്ഞെടുപ്പില്‍ കാമരാജിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഒ തകര്‍ന്ന് തരിപ്പണമായി. ഇന്ദിരയ്ക്ക് ധൈഷണിക പരിവേഷമൊരുക്കിയ പി.എന്‍. ഹക്സറും ഡി.പി. ധറുമൊക്കെ കശ്മീര്‍ മാഫിയ എന്നറിയപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഹക്സര്‍ ജെ.എന്‍.യുവിന്റെ ആദ്യ ചാന്‍സലറായി. സോഷ്യലിസ്റ്റ് കേന്ദ്രീകൃത പാതയില്‍ സഞ്ചരിച്ച ഹക്സര്‍ ഫാബിയന്‍ സോഷ്യലിസത്തിലും മാര്‍ക്സിസത്തിലും ആകൃഷ്ടനായി.

എന്നാല്‍, സഞ്ജയിന്റെ മാരുതി കാര്‍ പദ്ധതി ഹക്സര്‍ തുടക്കം മുതലേ എതിര്‍ത്തു. ഇന്ദിരയുടെ ഏറ്റവും വിശ്വസ്തനായ ഓഫീസര്‍ മകന്റെ ശത്രുവാകുന്ന കാഴ്ച ഹക്സറെ അറിയാവുന്നവരെ അത്ഭുതപ്പെടുത്തിയില്ല. അഭിപ്രായവ്യത്യാസം മൂര്‍ച്ഛിച്ചതോടെ ഹക്സര്‍ കഴിയാവുന്നിടത്തോളം ഒഴിഞ്ഞുനിന്നു. ഹക്സര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് 1973-ല്‍ വിരമിച്ചു. പെന്‍ഷന്‍ പറ്റിയെങ്കിലും ഹക്സറുടെ സേവനം നിലനിര്‍ത്താനായി ഇന്ദിര അദ്ദേഹത്തെ ആസൂത്രണ കമ്മിഷന്‍ ഉപാദ്ധ്യക്ഷനാക്കി. 1975 ജൂണ്‍ 25-ന് അര്‍ദ്ധരാത്രിയില്‍ ഇന്ദിരാസര്‍ക്കാര്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. ഹക്സറടക്കമുള്ള പല മുന്‍നിര ഉദോഗസ്ഥരുടേയും വിയോജിപ്പ് ഇന്ദിര കണക്കിലെടുത്തില്ല.

അടിയന്തരാവസ്ഥ വന്നതോടെ സഞ്ജയ് അക്ഷരാര്‍ത്ഥത്തില്‍ ഭരണകൂടമായി മാറി. തന്നെ തുടക്കം മുതലെ എതിര്‍ത്തിരുന്ന ഹക്സറെ സഞ്ജയ് നോട്ടമിട്ടിരുന്നു. അടിയന്തരാവസ്ഥ നിലവില്‍ വന്ന് ഇരുപതാമത്തെ ദിവസം ഡല്‍ഹി പൊലീസ് ഹക്സറുടെ 80 വയസ്സ് കഴിഞ്ഞ അമ്മാവനെ അറസ്റ്റ് ചെയ്തു.

ഹക്സറുടെ അമ്മാവന്‍ ഡല്‍ഹിയില്‍ നടത്തിയിരുന്ന തുണിക്കടയില്‍ ഒരു സാരിക്ക് വില ഇട്ടതിലുണ്ടായ ക്രമക്കേട് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. സഞ്ജയിന്റെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാന്‍ തയ്യാറായിരുന്ന നികുതി ഉദ്യോഗസ്ഥരും പൊലീസും ഒത്തുചേര്‍ന്നുള്ള നീക്കമാണ് അറസ്റ്റില്‍ കലാശിച്ചത്.

അറസ്റ്റിന്റെ വിവരമറിയുമ്പോള്‍ ആസൂത്രണ കമ്മിഷന്‍ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ഹക്സര്‍. പ്രധാനമന്ത്രി ഇന്ദിരയും ആ യോഗത്തിലുണ്ട്. ഇന്ദിര തന്റെ മുഖത്തേക്ക് നോക്കുക പോലും ചെയ്തില്ലെന്ന് ഹക്സര്‍ പിന്നീട് എഴുതി. അമ്മാവനെ പുറത്തിറക്കാന്‍ ഹക്സര്‍ ഒന്നും ചെയ്തില്ല. തന്റെ ഓഫീസില്‍നിന്ന് ഒരാളെപ്പോലും ഹക്സര്‍ വിളിച്ചില്ല. ഒടുവില്‍ ഹക്സറുടെ സുഹൃത്തായിരുന്ന ഒരു രാജ്യസഭാ എം.പിയാണ് ഇന്ദിരയെ കണ്ട് ഹക്സറുടെ അമ്മാവനെ പൊലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കാന്‍ മുന്‍കൈ എടുത്തത്. പിന്നീട് ഹക്സറുടെ ഭാര്യയെ അറസ്റ്റ് ചെയ്യാനും സഞ്ജയിന്റെ നിര്‍ദേശപ്രകാരം പൊലീസ് തയ്യാറായി. താന്‍ ജാമ്യം തേടില്ലെന്നും ജയിലിലേക്ക് പോകാന്‍ തയ്യാറാണെന്നും ഹക്സറിന്റെ ഭാര്യ നിലപാടെടുത്തതോടെയാണ് പൊലീസ് അവരെ വിട്ടയച്ചത്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ശക്തനായ ഉദ്യോഗസ്ഥന്‍ ഭ്രാന്തമായ അധികാരത്തിനു മുന്നില്‍ നിസ്സഹായനാകുന്നതാണ് കണ്ടത്. ഈ സംഭവത്തിനു ശേഷം ഇന്ദിരയുമായി അദ്ദേഹം മാനസികമായി അകന്നു. 1980-ല്‍ ഉപദേശസ്ഥാനം ഏറ്റെടുക്കണമെന്ന് ഇന്ദിര അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. പത്മഭൂഷണ്‍ അദ്ദേഹം നേരത്തേ നിരസിച്ചിരുന്നു. കാഴ്ച നഷ്ടമായിട്ടും ജീവിതത്തിലെ അവസാന 10 കൊല്ലവും മനുഷ്യാവകാശ പോരാട്ടങ്ങളില്‍ അദ്ദേഹം ഇടപെട്ടു. മതേതര നിലപാടില്‍ ഉറച്ചുനിന്നു. നിയോലിബറല്‍ നയങ്ങള്‍ക്കെതിരെ പോരാടി. അടിയന്തരാവസ്ഥയും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഹക്സറും ഇന്ദിരയും തമ്മില്‍ തെറ്റാന്‍ കാരണമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com