
പ്ലാസ്റ്റിക്ക് ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാനാവാത്തവിധം നിത്യോപയോഗത്തിലുള്ള ഒരു വസ്തു എന്നതിലുപരി സര്‍വവ്യാപിയായ ഒരു സാന്നിധ്യം തന്നെയാണ് ഈ 'അനശ്വര'വസ്തു. ജീവിതത്തിന്റെ മൂല്യം തന്നെ അതിന്റെ നശ്വരതയിലാണെന്നിരിക്കെ, മനുഷ്യനിര്‍മിതമായ ഒരു വസ്തു ഉപയുക്തതയ്ക്കപ്പുറം മനുഷ്യനു മാത്രമല്ല, സൂക്ഷ്മജീവികളടക്കം എല്ലാ ജീവജാലങ്ങള്‍ക്കും ഭീഷണിയായി ചുറ്റിക്കറങ്ങുന്ന അവസ്ഥയാണ്. തുടക്കവും ഒടുക്കവും എന്ന ചാക്രികതയല്ലേ തുടര്‍ച്ചയെ നിര്‍മിക്കുന്നത്, ഭൂമിയിലെ പ്രകൃതിയുടേയും അതിലെ ഓരോ ആവാസവ്യവസ്ഥയുടേയും.
കണ്ടുപിടിച്ചിട്ട് ഒരു നൂറ്റാണ്ടു മാത്രമായ പ്ലാസ്റ്റിക്കിനെ ശരിക്കും ഇത്ര ഭയക്കേണ്ടതുണ്ടോ എന്ന് ചിലരെങ്കിലും ചോദിക്കാം. പതിനൊന്നായിരം മീറ്റര്‍ ആഴത്തില്‍ കടലിനടിയിലുള്ള മരിയാന ട്രെഞ്ചിലും എവറസ്റ്റ് കൊടുമുടിയുടെ മുകളിലെ മഞ്ഞിലും വരെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്റെ രക്തം, പ്ലാസന്റ, മസ്തിഷ്‌കം എന്നിങ്ങനെ ഒട്ടുമിക്ക ആന്തരികാവയവങ്ങളിലും പ്ലാസ്റ്റിക്കിന്റെ (അപകടകരമായ) സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞു, ഭക്ഷ്യശൃംഖലയിലുള്‍പ്പെട്ടതും അല്ലാത്തതുമായ ജീവജാലങ്ങളിലും.
അതായത് ഭക്ഷണത്തിലും അന്തരീക്ഷത്തിലും കൂടി പ്ലാസ്റ്റിക്ക് ഉള്ളില്‍ചെന്നുപറ്റുന്നത് എല്ലാവര്‍ക്കുമാണ്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്ലമഴ എന്ന് നമ്മള്‍ കേട്ടിരുന്നു. ഇപ്പോള്‍ മഴത്തുള്ളികളിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പൊടിഞ്ഞും കാറ്റില്‍ പാറിയും അന്തരീക്ഷത്തിലെത്തുന്ന പ്ലാസ്റ്റിക്കിന്റെ സൂക്ഷ്മകണികകള്‍ മഴത്തുള്ളികളില്‍ കലര്‍ന്ന് താഴേക്ക് വരുന്നു. ജൈവവ്യവസ്ഥയേയും അതിനുവേണ്ട അന്തരീക്ഷത്തേയും കയ്യേറുകവഴി സ്വാഭാവിക ജൈവികപ്രവര്‍ത്തനങ്ങളെ രോഗാവസ്ഥയിലേക്കും ജീവിവംശങ്ങളെ ശോഷണത്തിലേക്കും തള്ളിവിടുകയാണ് പ്ലാസ്റ്റിക്, അതായത് ജീവനു ഭീഷണിയാണ് എന്ന്.
പ്ലാസ്റ്റിക് ഇപ്പോള്‍ സര്‍വവ്യാപിയായതിനാല്‍ അതിന്റെ വ്യാപ്തി, വിതരണം, ദോഷഫലങ്ങള്‍ എന്നിവ ആന്ത്രോപോസീന്‍ ഘട്ടത്തിന്റെ ഭൂമിശാസ്ത്ര സൂചകമായിപ്പോലും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്, ഈ കാലത്തെ പ്ലാസ്റ്റിക്ക് യുഗമെന്നും പറയാം.
ഫോസില്‍ ഇന്ധനങ്ങളായ ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയില്‍നിന്ന് നിര്‍മിക്കപ്പെടുന്ന എത്തിലീന്‍, പ്രൊപ്പിലീന്‍, സ്‌റ്റൈറിന്‍, വിനൈല്‍ ക്ലോറൈഡ് തുടങ്ങിയവ ഉപയോഗിച്ചാണ് പോളി എത്തിലീന്‍ (PE) - പോളിപ്രൊപ്പിലീന്‍ (PP) - പോളിസ്‌റ്റൈറിന്‍ (PS) - പോളി വിനൈല്‍ ക്ലോറൈഡ് (PVC) - പോളി എത്തിലീന്‍ ടര്‍ഫ്താലേറ്റ് (PET) എന്നീ പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കുന്നത്. പ്ലാസ്റ്റിക് നിര്‍മാണപ്രക്രിയയില്‍ പുറത്തുവിടപ്പെടുന്ന പല അസ്ഥിര ജൈവസംയുക്തങ്ങളും മനുഷ്യര്‍ക്ക് ദോഷകരമാണ്.
പ്ലാസ്റ്റിക്ക് യുഗത്തിന്റെ തുടക്കം
1907-ല്‍ ബെല്‍ജിയന്‍-അമേരിക്കന്‍ രാസതന്ത്രജ്ഞനായ ലിയോ ബേക്ക് ലാന്റ് ആണ് ബേക്കലൈറ്റ് എന്ന പേരില്‍ ലോകത്തിലെ ആദ്യത്തെ പൂര്‍ണമായും മനുഷ്യനിര്‍മിതമായ പ്ലാസ്റ്റിക് കണ്ടുപിടിച്ചത്. ഇലക്ട്രിക്കല്‍ ഇന്‍സുലേറ്ററുകള്‍, ടെലിഫോണ്‍ ഷെല്ലുകള്‍, വാഹനഭാഗങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായതിനാല്‍ ബേക്കലൈറ്റ് വിപുലമായി ഉപയോഗപ്പെട്ടുപോന്നു. അതിനും മുന്‍പ് 1869-ല്‍ ജോണ്‍ വെസ്ലി ഹൈയറ്റ്ബില്ല്യാര്‍ഡ് പന്തുകള്‍ നിര്‍മിക്കാന്‍ ആനക്കൊമ്പിന് പകരമായി, സെല്ലുലോസ് അടിസ്ഥാനമാക്കിയുള്ള സെല്ലുലോയ്ഡ് നിര്‍മിച്ചു. സിനിമകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന സെല്ലുലോയ്ഡ് ഫിലിം എന്ന് കേട്ടിട്ടുണ്ടല്ലോ, അതേ വസ്തു തന്നെ! പിന്നീട് 1907-ല്‍ ബേക്കലൈറ്റിന്റെ കണ്ടുപിടിത്തം ആധുനിക പ്ലാസ്റ്റിക് യുഗത്തിന് തുടക്കം കുറിച്ചു.
പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് പദത്തില്‍ (രൂപപ്പെടുത്താവുന്നത് /പശിമയുള്ളത്) നിന്നാണ് പ്ലാസ്റ്റിക്ക് എന്ന വാക്ക് ഉണ്ടാകുന്നത്. ഈ സ്വഭാവത്തെ സൂചിപ്പിക്കുന്ന വിശേഷണമായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക്ക് എന്ന വാക്ക് പിന്നീട് അത്തരം വസ്തുക്കളുടെ പേരായിത്തീരുകയാണ് ഉണ്ടായത്. ആദ്യ 50 വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് ആധുനികതയുടെ പ്രതീകമായി കണക്കാക്കപ്പെട്ടു. ഭാരക്കുറവ്, പല ആകൃതിയിലും രൂപപ്പെടുത്താന്‍ കഴിയുന്ന പദാര്‍ത്ഥഗുണങ്ങള്‍, മരത്തിനും ലോഹത്തിനും ഗ്ലാസ്സിനും പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന, ഈര്‍പ്പം ചെറുക്കുന്ന ഭാരം കുറഞ്ഞ, ചെലവുകുറഞ്ഞ പദാര്‍ത്ഥം എന്നീ നിലകളില്‍ പ്ലാസ്റ്റിക് ഉപയോഗം വളരെ പ്രചാരം നേടി. ആശുപത്രികളില്‍ രക്തബാഗുകള്‍, സിറിഞ്ച് എന്നിവയ്ക്കായി വ്യാപകമായി ഉപയോഗിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് പാരച്യൂട്ടുകള്‍, ഹെല്‍മെറ്റുകള്‍, ഇന്‍സുലേഷന്‍ എന്നിങ്ങനെ വന്‍തോതിലുള്ള പ്ലാസ്റ്റിക് ഉപകരണങ്ങള്‍ നിര്‍മിക്കുകയും ഉപയോഗിക്കുകയും ഉണ്ടായി. കൂടാതെ ടെലിവിഷന്‍, റേഡിയോ, പാക്കേജിംഗ്, ഗൃഹോപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക് പുരോഗതിയുടേയും നവോത്ഥാനത്തിന്റേയും പ്രതീകമായി കണക്കാക്കപ്പെട്ടു. 1967-ലെ പ്രശസ്ത ചലച്ചിത്രമായ 'The Graduate'-ല്‍ പറയുന്ന 'There's a great future in plastics' എന്നത് ഈ ആവേശത്തിന്റെ അടയാളമാണ്.
1960-1970-കളില്‍, ഒറ്റത്തവണ ഉപയോഗിച്ചശേഷം 'കളയുന്ന' പ്ലാസ്റ്റിക്കിന്റെ (single use/disposable) ഉപയോഗം വ്യാപകമായി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാക്കേജുകള്‍ കുപ്പികള്‍ തുടങ്ങിയവ അടക്കമുള്ള പ്ലാസ്റ്റിക്കിന്റെ കണക്കില്ലാത്ത ഉപയോഗം പരിസ്ഥിതിയെ ഗുരുതരമായി ബാധിച്ചു. പ്ലാസ്റ്റിക്കിന്റെ ദ്രവിക്കുകയോ വിഘടിക്കുകയോ ചെയ്യാത്ത അവസ്ഥ, ഫലപ്രദമായ ഒരു പുനരുപയോഗ സംവിധാനത്തിന്റെ അഭാവം, ഇതൊക്കെ കാരണം മൈക്രോപ്ലാസ്റ്റിക് സമുദ്രങ്ങളിലും മണ്ണിലും ഭക്ഷ്യശൃംഖലയിലും അടിഞ്ഞുകൂടി. ഒരുപാടു സമുദ്രജീവികള്‍ പ്ലാസ്റ്റിക് തിന്ന് മരണപ്പെട്ടു, പ്ലാസ്റ്റിക്കില്‍നിന്നുള്ള BPA (ബിസ് ഫിനോള്‍ എ), താലേറ്റ്സ് പോലുള്ള രാസവസ്തുക്കള്‍ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് മനുഷ്യര്‍ മനസ്സിലാക്കിത്തുടങ്ങി. അപ്പോഴേക്കും ഉല്പാദനവും ഉപയോഗവും വളരെയധികം ഉയര്‍ന്നതിനാല്‍ ലോകവിപണിയില്‍തന്നെ പ്ലാസ്റ്റിക്ക് ഒരു അവശ്യ ആസ്തിയായി മാറി. മനുഷ്യന്റെ ദൈനംദിനജീവിതത്തെ, കരയിലേയും സമുദ്രത്തിലേയും മറ്റു ജീവജാലങ്ങളെ, ടൂറിസത്തെ, ഒക്കെ ബാധിക്കുന്നതു കൂടാതെ മനുഷ്യന്റെ സമീപനങ്ങളുടെ വൈകല്യത്തെക്കുറിച്ചുകൂടി ഉറക്കെ വിളിച്ചുപറയുന്ന ഒരു ബാധ്യതയായിത്തീര്‍ന്നിട്ടുണ്ട് പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ആധിക്യം ഇന്ന്.
ഒരുകാലത്ത് മനുഷ്യന്റെ അത്ഭുതകരമായ കണ്ടുപിടുത്തമായിരുന്ന പ്ലാസ്റ്റിക്ക്, അമിതമായ ഉപഭോഗത്താലും സുസ്ഥിരതയ്ക്കുവേണ്ടിയുള്ള മുന്‍കരുതലും ആസൂത്രണവും ഇല്ലായ്കയാലും വൈകാതെ പരിസ്ഥിതി ദുരന്തമായി മാറുകയാണ് ഉണ്ടായത്. അതിന്റെ ഇങ്ങേയറ്റത്താണ് നമ്മള്‍ ജീവിക്കാന്‍ ശ്രമിക്കുന്നത്.
ഒരു കടലാമയുടെ നാസാദ്വാരത്തില്‍നിന്നും ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പ്ലാസ്റ്റിക്ക് സ്ട്രാ എടുത്ത് മാറ്റുന്ന വീഡിയോ 2015-ല്‍ പ്രചരിച്ചിരുന്നു. ഗവേഷണത്തിനുവേണ്ടി നിരീക്ഷണത്തിലായിരുന്ന കടലാമയുടെ ശ്വാസനാളത്തിലാണ് അല്പം പുറത്തേക്കു തള്ളിനില്‍ക്കുന്ന നിലയില്‍ അസ്വാഭാവികമായെന്തോ കണ്ടത്. കടലാമകളെ ബാധിക്കുന്ന ട്യൂബ് വേം എന്ന പരാദജീവിയാകും എന്നു കരുതി എടുത്തുമാറ്റാന്‍ നോക്കുമ്പോഴാണ് സാമാന്യം നീളമുള്ളതും ശ്വാസനാളത്തിലേക്കു കടന്നുനില്‍ക്കുന്നതുമായ നിലയില്‍ തറച്ചുനില്‍ക്കുന്ന പ്ലാസ്റ്റിക് സ്ട്രാ ആണെന്ന് മനസ്സിലാക്കി അത് പുറത്തെടുക്കുന്നത്. പ്ലാസ്റ്റിക്ക് പുറത്തെടുക്കുമ്പോഴുണ്ടായ മുറിവുണങ്ങിക്കഴിഞ്ഞശേഷമാണ് ഗവേഷകര്‍ കടലാമയെ തിരികെ കടലിലേയ്ക്ക് വിട്ടയച്ചത്. ഈ സംഭവത്തിനുശേഷമുണ്ടായ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ മക്ഡൊണാള്‍ഡ്‌സ്, സ്റ്റാര്‍ബക്സ് തുടങ്ങിയ കമ്പനികള്‍ പ്ലാസ്റ്റിക് സ്ട്രായുടെ ഉപയോഗം നിര്‍ത്തലാക്കുകയുണ്ടായി. ഏകദേശം ഇതേ സമയത്താണ് പ്ലാസ്റ്റിക് ഫോര്‍ക്ക് ശ്വാസനാളത്തില്‍ തറച്ചനിലയില്‍ മറ്റൊരു കടലാമയെ കണ്ടെത്തുന്നത്. പാരാവാരത്തില്‍നിന്ന് ഇത്തരം അടിയന്തരശ്രദ്ധ അര്‍ഹിക്കുന്ന കാര്യങ്ങള്‍ നമ്മുടെ കയ്യില്‍വന്നുപെടണമെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ അത്രയധികം ഉണ്ടാകുന്നുവെന്നുകൂടി അര്‍ത്ഥമുണ്ട്. പ്ലാസ്റ്റിക്ക് സ്ട്രാ സംഭവത്തിനുശേഷം കരയിലേയും സമുദ്രത്തിലേയും പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ ഗവണ്‍മെന്റുകളും സന്നദ്ധസംഘടനകളും മുന്നോട്ടുവരികയും വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ ഗൗരവതരമായ പരിശ്രമങ്ങള്‍ ആവശ്യമാണ്. കാരണം, പ്രതിവര്‍ഷം 460 മില്യണ്‍ മെട്രിക് ടണ്‍ പ്ലാസ്റ്റിക്കാണ് നിര്‍മിക്കപ്പെടുന്നത്, ഇതിന്റെ മൂന്നില്‍ രണ്ടുഭാഗവും ഹ്രസ്വകാല ഉപയോഗങ്ങള്‍ക്കു ശേഷം 'കളയുന്ന' പ്ലാസ്റ്റിക്കാണ്. നൂറുകിലോ പ്ലാസ്റ്റിക്ക് നിര്‍മിക്കപ്പെട്ടതില്‍ 10 കിലോ മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. 12 കിലോ കത്തിച്ചുകളയും. ബാക്കി 76 കിലോ, പലരൂപങ്ങളില്‍ അന്തരീക്ഷത്തില്‍ 'ഡംപ്' ചെയ്യും.
അടുത്ത ദശവര്‍ഷത്തില്‍ ഇത് വര്‍ദ്ധിക്കുകയേയുള്ളു. സൂര്യതാപം, കാറ്റ്, ഒഴുക്ക് എന്നിവയില്‍ പെട്ട് പ്ലാസ്റ്റിക്ക് ചെറുകണികകളാവുന്നുണ്ട്, എന്നാല്‍ വിഘടിച്ചു തീരുന്നില്ല; എല്ലായിടത്തും പരക്കുകയും അപകടകരമായ തരത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. അഞ്ചു മില്ലിമീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് കണികകളെ മൈക്രോപ്ലാസ്റ്റിക്ക് എന്നും നൂറു നാനോമീറ്ററില്‍ താഴെയുള്ളവയെ നാനോപ്ലാസ്റ്റിക്ക് എന്നും പറയുന്നു.
കടലിലെ പ്ലാസ്റ്റിക് ദ്വീപ്
1997-ല്‍ ചാള്‍സ് മൂര്‍ എന്ന നാവികന്‍ ഹവായിദ്വീപില്‍നിന്ന് കാലിഫോര്‍ണിയയിലേക്കു കപ്പലോടിക്കുമ്പോള്‍ വലിയൊരു മാലിന്യക്കൂമ്പാരത്തില്‍ തട്ടിനിന്നു. മൂറിന്റെ കപ്പലിനു ചുറ്റും കണ്ടത് പ്ലാസ്റ്റിക്ക് കുപ്പികളും മീന്‍പിടുത്ത ഉപകരണങ്ങളും ഉള്‍പ്പെട്ട ലക്ഷക്കണക്കിന് പ്ലാസ്റ്റിക്ക് കഷണങ്ങളാണ്. ഏകദേശം 79,000 ടണ്‍ വരുന്ന ഈ പ്ലാസ്റ്റിക്ക് ദ്വീപിന്റെ പേരാണ് 'ഗ്രേറ്റ് പസഫിക് ഗാര്‍ബേജ് പാച്ച്' (GPGP). പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരാനിടയുള്ള വളരെ ദൂരത്തോളം പ്ലാസ്റ്റിക്ക് മാലിന്യം നിറഞ്ഞുകാണുന്ന ഒരു സമുദ്രഭാഗമില്ലേ? അതിതാണ്. ഈ പ്ലാസ്റ്റിക്ക് മാലിന്യദേശത്തിന് ഗ്രേറ്റ് ബ്രിട്ടണിന്റെ ഏഴിരട്ടി വിസ്തൃതിയിലാണ് ഉള്ളത്, 1.6 മില്യണ്‍ ചതുരശ്ര കിലോമീറ്റര്‍. 1960 മുതലുള്ള ആന്ത്രോപോസീന്‍ അഥവാ മനുഷ്യകൃത വസ്തുക്കളാണ് ഇതില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ ഏറിയ പങ്കും വെള്ളത്തിനടിയിലേക്കും വ്യാപിച്ചുകിടപ്പുണ്ട്. കടലില്‍ വീഴുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളെ വലിയ ചുഴികളും പ്രവാഹങ്ങളും ചേര്‍ന്ന് ഒന്നിച്ച് ഒരിടത്തേക്ക് എത്തിക്കുന്നതിന്റെ ഫലമായാണ് ഇത്തരമൊരു പ്ലാസ്റ്റിക്ക് കര രൂപപ്പെട്ടത്. ഇതുകൂടാതെ മറ്റിടങ്ങളിലും ഇത്തരം പാച്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഓഷ്യന്‍ ക്ലീനപ്പ് എന്ന എന്‍.ജി.ഒ, ഏതാനും വര്‍ഷം മുന്‍പ് 206,000 കിലോഗ്രാം പ്ലാസ്റ്റിക്ക് GPGP-യില്‍നിന്ന് എടുത്തുമാറ്റിയിട്ടുണ്ട്. ഒട്ടും ലളിതമായ കാര്യമല്ല ഇത്, കൂടുതല്‍ കോരിമാറ്റാന്‍ എളുപ്പവുമല്ല.
നിത്യോപയോഗംകൊണ്ട് നമ്മള്‍ ശ്രദ്ധിക്കാതെപോകുന്ന പല സ്രോതസ്സുകളില്‍നിന്നും പ്ലാസ്റ്റിക് മലിനീകരണം സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന്, വഴിയോരക്കടകളിലും മറ്റും കാണാം കുറഞ്ഞപ്ലാസ്റ്റിക് കപ്പുകളില്‍ കിട്ടുന്ന ചൂടുചായ, കട്ടന്‍ എന്നിവയിലൂടെ പ്ലാസ്റ്റിക്കില്‍ നിന്നുള്ള BPA, താലേറ്റുകള്‍ തുടങ്ങിയ വിഷവസ്തുക്കള്‍ ശരീരത്തിലേക്കെത്തുന്നു. ഇവയുടെ തുടര്‍ച്ചയായ സാന്നിധ്യം ഹോര്‍മോണ്‍ സന്തുലനം, ശരിയായ ഉപാപചയം, പ്രജനനം എന്നിവയിലെല്ലാം ദോഷഫലങ്ങള്‍ക്ക് കാരണമാക്കുന്നു. അതുപോലെത്തന്നെയാണ് ചൂടുള്ള ഭക്ഷണങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ നല്‍കപ്പെടുമ്പോഴും ചൂടുകാരണം ദോഷകരമായ പ്ലാസ്റ്റിക്ക് കാര്യങ്ങള്‍ ഭക്ഷണത്തിലൂടെ നേരെ വയറ്റില്‍ചെല്ലുന്നു, മാരകഫലങ്ങള്‍ക്കു കാരണമാകുന്നു. ചൂടായ വാഹനങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ച പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികളിലെ വെള്ളം കുടിക്കുന്നതും ഇതേ ഫലങ്ങള്‍ ഉളവാക്കുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡ്, തവികള്‍, ചട്ടുകങ്ങള്‍, സ്പൂണുകള്‍ എന്നിവയുടെ ഫലവും തഥൈവ; ഈ പ്ലാസ്റ്റിക് കാര്യങ്ങള്‍ ആന്തരാവയവങ്ങള്‍ക്കൊപ്പം ദഹനവ്യവസ്ഥയിലെ സൂക്ഷ്മജീവികളെയടക്കം കുട്ടിച്ചോറാക്കുന്നു. കടലില്‍ വന്നടിഞ്ഞിട്ടുള്ള മൈക്രോപ്ലാസ്റ്റിക്കിന്റെ ബാഹുല്യവും ഭക്ഷ്യവസ്തുപോലുള്ള രൂപഭാവവും കാരണം കടല്‍ജീവികള്‍ നല്ലതോതില്‍ മൈക്രോപ്ലാസ്റ്റിക് തിന്നുപോവുന്നുണ്ട്. മത്സ്യം, ചെമ്മീന്‍, ഞണ്ട് തുടങ്ങിയ കടല്‍ജീവികളെ കഴിക്കുന്ന മനുഷ്യരുടേയും മറ്റ് ജീവികളുടേയും ഉള്ളിലേക്ക് ഈ പ്ലാസ്റ്റിക്കുകളും എത്തുന്നു എന്ന് പറയേണ്ടതില്ലല്ലോ.
നൈലോണ്‍, പോളിസ്റ്റര്‍ ഇത്യാദി തരം വസ്ത്രങ്ങള്‍ കാലക്രമത്തില്‍ പൊടിയുമ്പോള്‍ മൈക്രോ/നാനോ പ്ലാസ്റ്റിക്കുകള്‍ അന്തരീക്ഷത്തില്‍ കലരുകയും ശ്വാസവായുവിലൂടെ നമ്മുടെ ഉള്ളിലേക്കെത്തുകയും ചെയ്യുന്നുണ്ട്. അതുപോലെത്തന്നെ എങ്ങും കാണുന്ന പാക്കേജിങ് മെറ്റീരിയലുകളില്‍നിന്നും, വീട്ടിലെ പൊടിയില്‍നിന്നടക്കം ഈ കണികകള്‍ നമ്മള്‍ ആവാഹിച്ചെടുക്കുന്നുണ്ട്. ശ്വാസകോശം സ്പോഞ്ചുപോലെയാണെന്നു നമുക്കറിയാമല്ലോ. നമ്മള്‍ വലിയ വിലകൊടുത്തു തുടങ്ങിക്കഴിഞ്ഞു. കൊച്ചുകുഞ്ഞുങ്ങള്‍ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ കടിക്കുകയും മറ്റും ചെയ്യുമ്പോള്‍ മൈക്രോപ്ലാസ്റ്റിക്കും നിറങ്ങളുണ്ടാക്കുന്ന രാസവസ്തുക്കളും ഉള്ളില്‍ ചെല്ലുന്നുണ്ട്.
ഒരാള്‍ക്ക് എത്ര ക്രെഡിറ്റ് കാര്‍ഡ് തിന്നാന്‍ കഴിയും?
(പ്ലാസ്റ്റിക്ക് മലിനീകരണം മനുഷ്യരില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍)
ഒരു ശരാശരി മനുഷ്യന്‍ ആഴ്ചയില്‍ 5 ഗ്രാം പ്ലാസ്റ്റിക് അറിയാതെ ഭക്ഷിക്കുന്നുണ്ട്, അതായത് ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ ഭാരത്തിനൊപ്പം. ഒരുവര്‍ഷത്തില്‍ കാല്‍കിലോയോളം! ഇതെങ്ങിനെ മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് നോക്കൂ.
1. പ്ലാസ്റ്റിക്കില്‍ ചേര്‍ക്കുന്ന പല രാസപദാര്‍ത്ഥങ്ങളും - ബിസ്ഫീനോള്‍ A (BPA), താലേറ്റുകള്‍, പോളിബ്രൊമിനേറ്റഡ് ഡൈഫിനൈല്‍ ഈഥറുകള്‍ (PBDEs), സ്തനാര്‍ബുദം പ്രോസ്റ്റേറ്റ് കാന്‍സര്‍, മെറ്റബോളിക് രോഗങ്ങള്‍ എന്നിവയ്ക്കു വഴിവെയ്ക്കുന്നു. പ്രജനനശേഷി കുറയല്‍, ശാരീരിക വളര്‍ച്ചാവൈകല്യം, ഒബീസിറ്റി എന്നിവയ്ക്ക് കാരണമാകാം.
നാഡീവ്യവസ്ഥ, തൈറോയ്ഡ് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ശരീരവ്യവസ്ഥയില്‍ അധികരിച്ച പ്ലാസ്റ്റിക്ക് സാന്നിധ്യം മാനസികവൈകല്യങ്ങളടക്കം പല ജനനവൈകല്യങ്ങള്‍ക്കും കരണമാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.
2. ശ്വാസകോശ രോഗങ്ങള്‍
പ്ലാസ്റ്റിക്ക് കത്തിക്കുന്നതില്‍നിന്ന് ഡയോക്സിനുകള്‍, ഫ്യൂറാനുകള്‍, പാരാപദാര്‍ത്ഥങ്ങള്‍ പോലുള്ള വിഷവാതകങ്ങള്‍ വായുവില്‍ പടര്‍ന്നുപോകുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ്, ശ്വാസകോശ കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാവുന്നുണ്ട്.
3. കൂടാതെ മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ ഓക്സിഡേറ്റീവ് സമ്മര്‍ദം, ഡി.എന്‍.എ നാശം, അണുബാധ, വീക്കം എന്നിവ സൃഷ്ടിക്കുന്നു. ഇവ തുടര്‍ന്നാല്‍ അര്‍ബുദം പോലെയുള്ള രോഗങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
4. നാഡീവ്യൂഹത്തേയും മസ്തിഷ്‌കവികാസത്തേയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അണുക്കളില്‍നിന്നും മറ്റും നാഡീവ്യൂഹത്തെ സംരക്ഷിച്ചുനിര്‍ത്താനുള്ള ബ്ലഡ് ബ്രെയിന്‍ ബാരിയര്‍ പോലും ഈ പ്ലാസ്റ്റിക്ക് കണങ്ങള്‍ കടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഗര്‍ഭസ്ഥശിശുക്കളുടെ പോലും മസ്തിഷ്‌കവികാസത്തെ പ്ലാസ്റ്റിക്ക് ബാധിക്കുന്നു എന്നത് ആശങ്കാജനകമാണ്.
5. കുടല്‍രോഗങ്ങളും പ്രതിരോധ പ്രശ്നങ്ങളും: പ്ലാസ്റ്റിക്കുകള്‍ ദീര്‍ഘകാലം ഉപയോഗിച്ചാല്‍ പോഷകആഗിരണം തടസ്സപ്പെടും. മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ വയറിലെ സൂക്ഷ്മജീവികളെ തളര്‍ത്തുന്നു, അണുബാധ, കുടല്‍വീക്കം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയ്ക്കു വഴിയൊരുക്കുന്നു.
ജീവജാലങ്ങള്‍ക്ക് ഉണ്ടാക്കുന്ന ദോഷങ്ങള്‍
കടലിലെ ആവാസവ്യവസ്ഥകള്‍: മത്സ്യങ്ങള്‍, കടലാമകള്‍, കടല്‍പക്ഷികള്‍ തുടങ്ങിയവ അനക്കവും നിറവും മറ്റും കണ്ട് പ്ലാസ്റ്റിക്കിനെ ഭക്ഷണമായി തെറ്റിദ്ധരിക്കുന്നു. പിന്നീട് പലപ്പോഴും ആന്തരക്ഷതങ്ങളും പോഷകമില്ലായ്മയും വിശപ്പുംകൊണ്ട് ചത്തുപോവുകയും ചെയ്യുന്നു. മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന വലകള്‍, റിംഗുകള്‍ തുടങ്ങിയവയിലൊക്കെ പലപ്പോഴും ആമകള്‍, തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍ മുതലായവ കുടുങ്ങുന്നു. മൈക്രോപ്ലാസ്റ്റിക്ക് മൂടിയ പവിഴപ്പുറ്റുകള്‍ക്ക് പെട്ടെന്ന് അണുബാധയേല്‍ക്കുന്നു. ഭക്ഷ്യശൃംഖലയാകമാനം സംക്രമിക്കുന്നതിനു പുറമെയാണ് ഇതെല്ലാം.
ഭൂതലജീവികള്‍ അഥവാ ടെറസ്ട്രിയല്‍ ആവാസവ്യവസ്ഥകള്‍: പ്ലാസ്റ്റിക്ക് മലിനീകരണം മണ്ണിന്റെ ഘടന, പോഷകചക്രങ്ങള്‍, ജലപാകം എന്നിവയെ ബാധിക്കുന്നു. നഗരത്തിലെ ലാന്‍ഡ് ഫില്ലുകളുടെ സമീപപ്രദേശങ്ങളില്‍ കന്നുകാലികള്‍ കിലോക്കണക്കിന് പ്ലാസ്റ്റിക് ഉള്ളില്‍ചെന്ന് ചത്തുപോകാറുണ്ട്. 50 ശതമാനം കടലാമകളും പ്ലാസ്റ്റിക്ക് കഴിച്ചിട്ടുള്ളതായാണ് കണക്ക്. ജെല്ലിഫിഷ് എന്നു കരുതി കടലാമകള്‍ പ്ലാസ്റ്റിക് ബാഗുകള്‍ കഴിക്കുന്നു. കാട്ടരുകിലെ നാട്ടുപ്രദേശത്തുനിന്ന് മാനുകളും മറ്റും പ്ലാസ്റ്റിക്ക് മാലിന്യം കഴിച്ച് രോഗാവസ്ഥയില്‍ എത്താറുണ്ട്. മണ്ണിരകള്‍, ഷഡ്പദങ്ങള്‍ എന്നിവ മണ്ണിലെ മൈക്രോപ്ലാസ്റ്റിക്കും വിഷലിപ്തതയുംകൊണ്ട് വളര്‍ച്ചയും പ്രജനനശേഷിയും കുറഞ്ഞ് കാണപ്പെടുന്നുണ്ട്.
ശുദ്ധജല ആവാസവ്യവസ്ഥകള്‍: ഇവിടെയും അവസ്ഥ മറ്റൊന്നല്ല. ഭൂതലത്തില്‍നിന്ന് സമുദ്രത്തിലേക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ചാലകവഴിയായിപ്പോവുന്നു ഭൂമിയുടെ ഈ സിരകള്‍. അവയിലെ മത്സ്യങ്ങളും ഉഭയജീവികളും മാലിന്യത്തിന്റെ പങ്കുപറ്റി ഒടുങ്ങിപ്പോവുന്നുണ്ട്. വെള്ളത്തിലേയും മണ്ണിലേയും സൂക്ഷ്മജീവിസഞ്ചയത്തിന്റെ സ്വാഭാവിക ജീവിതത്തേയും പ്ലാസ്റ്റിക്ക് ബാധിക്കുന്നു. പ്ലാസ്റ്റിക്കിന്റെ പ്രതലത്തില്‍ വളരാന്‍ കഴിയുന്ന പ്രത്യേകതരം ബാക്ടീരിയ, ഫംഗസ് കൂട്ടങ്ങളും ഉണ്ടായിവരുന്നുണ്ട്. ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (AMR) അഥവാ അണുനാശക മരുന്നുകള്‍ 'ഏല്‍ക്കാതിരിക്കല്‍' എന്ന ഭീഷണമായ അവസ്ഥ പരത്തുന്ന അണുക്കളുടെ 'അന്താരാഷ്ട്ര ഷട്ടിലാണ്' ഈ മൈക്രോ പ്ലാസ്റ്റിക്കുകള്‍. അന്റാര്‍ട്ടിക്ക വരെ അണുനാശക പ്രതിരോധശേഷിയുള്ള സൂക്ഷ്മാണുക്കള്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്.
പ്ലാസ്റ്റിക്കിനുപകരം ബയോപ്ലാസ്റ്റിക്
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ വേലിയേറ്റത്തെ ചെറുക്കുന്നതിനായി പലരാജ്യങ്ങളിലും പോളിസിയുടെ പിന്തുണയോടെത്തന്നെ ഗവേഷകര്‍ സുസ്ഥിരമായ ബദലുകള്‍ സജീവമായി വികസിപ്പിക്കുന്നുണ്ട്.
1. ബയോപ്ലാസ്റ്റിക്സ്
ചോളത്തില്‍നിന്നുള്ള അന്നജം, കരിമ്പ്, മരച്ചീനി അല്ലെങ്കില്‍ ആല്‍ഗകള്‍ തുടങ്ങിയ പുനരുപയോഗ ജൈവസ്രോതസ്സുകളില്‍നിന്ന് നിര്‍മിച്ച പ്ലാസ്റ്റിക്കുകളാണ് ബയോപ്ലാസ്റ്റിക്ക് എന്ന് അറിയപ്പെടുന്നത്. ജൈവവസ്തുക്കള്‍കൊണ്ട് നിര്‍മിച്ചതുകൊണ്ടുതന്നെ ഉപയോഗത്തിനുശേഷം ജൈവവിഘടനം അല്ലെങ്കില്‍ കമ്പോസ്റ്റിംഗ് ചെയ്യാവുന്നതാണ്. സസ്യഅന്നജത്തില്‍നിന്ന് നിര്‍മിക്കുന്ന PLA (പോളിലാക്റ്റിക് ആസിഡ്) - പാക്കേജിംഗിലും ഡിസ്പോസിബിള്‍ ഉല്പന്നങ്ങളും ഇപ്പോള്‍ ലഭ്യമാണ്. സമുദ്രപരിതസ്ഥിതികളില്‍പോലും ജൈവവിഘടനത്തിനു വിധേയമാകുന്ന ബയോപ്ലാസ്റ്റിക്കുകളും നിലവിലുണ്ട്.
2. ഭക്ഷ്യയോഗ്യമായ പാക്കേജിംഗും ഫിലിമുകളും: കടല്‍പായല്‍, അന്നജം എന്നിവയില്‍നിന്ന് നിര്‍മിക്കുന്ന ഭക്ഷ്യയോഗ്യമായ പാക്കേജിങ് വസ്തുക്കളെ ഡിസ്പോസിബിള്‍ പ്ലാസ്റ്റിക്കുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്.
3. കൂണിന്റെ റൂട്ട് നെറ്റ്വര്‍ക്കുകളില്‍ അഥവാ മൈസീലിയത്തില്‍നിന്ന് നിര്‍മിച്ച പാക്കേജിംഗ്; ഷോക്ക്-അബ്സോര്‍ബബിള്‍, കമ്പോസ്റ്റബിള്‍, ഇലക്ട്രോണിക്സ് അല്ലെങ്കില്‍ ഫര്‍ണീച്ചറുകള്‍ക്ക് അനുയോജ്യമാണ്.
4. കാര്‍ഷിക മാലിന്യ അധിഷ്ഠിത ഉല്പന്നങ്ങള്‍, വാഴത്തോലുകള്‍, തേങ്ങാത്തൊണ്ട്, കൈതോല മുതലായവയില്‍നിന്ന് നിര്‍മിച്ച ബയോഡീഗ്രേഡബിള്‍ ഉല്പന്നങ്ങള്‍ മുതലായവ വികസിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട് .
5. ആല്‍ഗ ഉപയോഗിച്ചുള്ള ബയോപ്ലാസ്റ്റിക്സ് ഇന്തോനേഷ്യയിലെ ഇവോവെയര്‍ കമ്പനി, കടല്‍പായല്‍ അടിസ്ഥാനമാക്കിയുള്ള സോപ്പും ഭക്ഷണപാക്കേജിങ്ങും ഉല്പാദിപ്പിക്കുന്നുണ്ട്.
6. ചണം, കോട്ടണ്‍, ഹെംപ് എന്നിവയില്‍നിന്ന് നിര്‍മിച്ച ടേബിള്‍വെയര്‍, ബാഗുകള്‍, തുണിത്തരങ്ങള്‍ എന്നിവ കമ്പോസ്റ്റബിള്‍ ടേബിള്‍വെയറും ടെക്സ്‌റ്റൈല്‍സും മികച്ച ബദല്‍ മെറ്റീരിയലുകളാണ്.
ബയോപ്ലാസ്റ്റിക്ക് പ്രായോഗികമാണോ?
കേരളമുള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും അന്നജം, വാഴനാരുകള്‍, മുള, പരുത്തി എന്നിവയില്‍നിന്ന് നിര്‍മിച്ച പരിസ്ഥിതി സൗഹൃദ ബാഗുകളും കട്ട്ലറികളും ആശാവഹമായ ഉദാഹരണങ്ങളാണ്.
ഇന്തോനേഷ്യയില്‍ നിന്നുള്ള ഇവോവെയറിന്റെ കടല്‍പായല്‍ അടിസ്ഥാനമാക്കിയുള്ള പാക്കേജിംഗ് (സമുദ്ര മാലിന്യങ്ങള്‍ കുറയ്ക്കുന്നു), മെക്സിക്കോയിലെ ബയോഫേസ് കമ്പനി, അവോക്കാഡോ വിത്തുകളില്‍നിന്ന് ഉല്പാദിപ്പിക്കുന്ന ബയോഡീഗ്രേഡബിള്‍ കട്ട്ലറികളും സ്ട്രോകളും കെനിയയിലെ 'ഗ്രീന്‍ പെന്‍സില്‍സ്' റീസൈക്കിള്‍ഡ് പേപ്പറില്‍നിന്നും കോണ്‍സ്റ്റാര്‍ച്ചില്‍നിന്നും ഉണ്ടാക്കുന്ന സ്‌കൂള്‍ സ്റ്റേഷനറി, ജര്‍മനിയിലെ ബയോ-ല്യൂഷന്‍സ് കമ്പനി, കാര്‍ഷിക മാലിന്യങ്ങള്‍കൊണ്ടുള്ള ഫൈബര്‍ അധിഷ്ഠിത പാക്കേജിങ്ങ്, യു.എസ്.എ: വാണിജ്യ ഉപയോഗത്തിനായി ലോലിവെയര്‍ കടല്‍പായല്‍ അടിസ്ഥാനമാക്കിയുള്ള സ്ട്രോകള്‍ എന്നിങ്ങനെ പ്ലാസ്റ്റിക് ബദലുകള്‍ മുന്നോട്ടുവരുന്നുണ്ട്. ചെലവും വലിയ തോതിലുള്ള സാധ്യതയും ഇപ്പോഴും പ്രശ്നങ്ങളാണ്, കൂടാതെ നിര്‍മാണഘടകങ്ങളുടെ വ്യക്തമായ ലേബലിങ്ങും ഫലപ്രദമായ ശേഖരണസംവിധാനങ്ങളും അത്യാവശ്യമാണ്.
പ്ലാസ്റ്റിക്ക് മലിനീകരണത്തെക്കുറിച്ചു പറയുമ്പോള്‍ പാമ്പിനെ പേടിച്ചു പാടത്തിറങ്ങൂല്ല, പട്ടിയെപ്പേടിച്ചു മുറ്റത്തിറങ്ങൂല്ല എന്ന് പറഞ്ഞ അവസ്ഥയായല്ലോ എന്ന് തോന്നും. പ്രകൃതിയല്ലേ കക്ഷി! തലയ്ക്കുമീതെ വെള്ളം വന്നാല്‍ അതുക്കും മീതെ തോണി എന്നാണ് നയം. ഒപ്പം പിടിക്കാന്‍ മനുഷ്യന് പറ്റിയിട്ടില്ല എന്നതാണ് ആശ്വാസവും ഒരുതരത്തില്‍ ആശങ്കയും. കഠിനമായ പാരിസ്ഥിതിക അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ വലുതെന്നും ശക്തിമത്തെന്നും തോന്നുന്ന പല ജീവികളും കൂട്ടത്തോടെയും അല്ലാതെയും ചത്തൊടുങ്ങുമ്പോഴും ഏതെങ്കിലുമൊക്കെ ചെറുജീവികള്‍ പ്രതിരോധശക്തിയോടെ ജീവിച്ചുവരാറുണ്ട്. ഉദാഹരണത്തിന് രാസമാലിന്യങ്ങള്‍ ടണ്‍കണക്കിന് പുഴയിലേക്ക് തള്ളുന്ന ഒരു ഫാക്ടറി പരിസരമുണ്ടെന്നിരിക്കട്ടെ. ശ്വാസത്തിലും വെള്ളത്തിലും ഒക്കെ കലരുന്ന രാസമാലിന്യം ശരിയായി സംസ്‌കരിക്കാത്തതെങ്കില്‍, ദേശവാസികളേയും ജലജീവികളേയും സസ്യങ്ങളേയും ഒക്കെ ബാധിക്കും.
സീറോ വേസ്റ്റ് എന്ന അവസ്ഥ
നൂറുവീടുണ്ടെങ്കില്‍ ഏഴുപതിലും ഒരാള്‍ക്കെങ്കിലും ശ്വാസസംബന്ധിയായ രോഗമുണ്ടാകാം. കുറച്ചുപേര്‍ക്ക് അര്‍ബുദം ഉണ്ടാകാം. ബഹുകോശജീവികളും ഉയര്‍ന്ന സസ്തനികളും വളരെ പതിയെ മാത്രമേ പരിസ്ഥിതിക്കനുസരിച്ച് ജനിതക ആവിഷ്‌കാരപരമായ മാറ്റങ്ങള്‍ക്ക് വിധേയമാവുകയുള്ളു. അതേസമയം ബാക്ടീരിയ തുടങ്ങിയ സൂക്ഷമജീവികളില്‍ ജീവചക്രം മണിക്കൂറുകളേയുള്ളു, അതനുസരിച്ച് ജനിതകമാറ്റങ്ങളുടെ തോത് കൂടുതലുണ്ടാവുകയും അനുകൂലമാറ്റങ്ങള്‍ ഉള്ളവ അതിജീവിക്കുകയും ചെയ്യും. മേല്‍പറഞ്ഞ ആവാസവ്യവസ്ഥയില്‍ മണ്ണിലും വെള്ളത്തിലും വിഷാംശമുള്ള രാസവസ്തുക്കള്‍ ഉണ്ടാവാമെങ്കിലും അവയെ വിഘടിപ്പിക്കുകയോ നിര്‍വീര്യമാക്കുകയോ ചെയ്യുന്ന സൂക്ഷ്മജീവികള്‍ ഉരുത്തിരിഞ്ഞുവരും.
അവയുടെ സാന്നിധ്യം മറ്റ് സൂക്ഷ്മജീവികളെക്കാള്‍ കൂടുതല്‍ ആയിരിക്കാനും സാധ്യതയുണ്ട്. ഇത്തരമൊരു ഉരുത്തിരിയല്‍ സമുദ്രത്തിലും ഉണ്ടായിട്ടുണ്ടാവാം. ബഹുകോശജീവികളുടേയും സസ്തനികളുടേയും അതിജീവനം അത്രപെട്ടെന്നല്ലെന്ന് മറക്കാതിരിക്കണം. പ്ലാസ്റ്റിക് പ്രതലങ്ങളില്‍ (plastisphere) വളരാന്‍ ശീലിച്ച സൂക്ഷ്മജീവികളുമുണ്ട്. പ്ലാസ്റ്റിക്ക് ഭക്ഷിക്കുന്നതായി അഥവാ വിഘടിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുള്ള സൂക്ഷ്മജീവികള്‍ മിക്കതും കടലില്‍നിന്ന് കണ്ടെത്തപ്പെട്ടിട്ടുള്ളതാണ്. ചിലവ മാലിന്യസംസ്‌കരണ പ്ലാന്റുകളില്‍ നിന്നും.
2016-ല്‍ ജപ്പാനിലെ സക്കായ് നഗരത്തെ PET ബോട്ടില്‍ റീസൈക്കിളിങ് കേന്ദ്രത്തില്‍ ഗവേഷകര്‍ യാദൃച്ഛികമായാണ് ഐഡിയനെല്ല സാക്കിന്‍സിസ് എന്ന ബാക്ടീരിയയെ കണ്ടെത്തിയത്. ഐഡിയനില്ല, തന്റെ ഊര്‍ജസ്രോതസ്സായി PET പ്ലാസ്റ്റിക്ക് ഉപയോഗപ്പെടുത്തുന്നു. ഈ ബാക്റ്റീരിയയുടെ പെറ്റേസ്, ക്യൂട്ടിനേസ് പോലുള്ള എന്‍സൈമുകള്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ PET പ്ലാസ്റ്റിക്ക് വിഘടിപ്പിക്കാന്‍ കഴിയും. മറ്റിനം പ്ലാസ്റ്റിക്കുകള്‍ ദഹിപ്പിക്കാന്‍ അതിനു കഴിയുകയില്ല.
പരീക്ഷണാടിസ്ഥാനത്തില്‍ മറ്റ് ചില പ്ലാസ്റ്റിക്ക് ഭക്ഷക ബാക്റ്റീരിയകളുമായി ചേര്‍ത്ത് കൂടുതല്‍ വേഗത്തില്‍ പ്ലാസ്റ്റിക്ക് ദഹിപ്പിക്കാന്‍ കഴിയുന്ന സൂക്ഷ്മാണുക്കളെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പോളിസ്‌റ്റൈറൈന്‍, പോളിയെത്തിലീന്‍ എന്നിവ വിഘടിപ്പിക്കാന്‍ കഴിവുള്ള സൂക്ഷ്മാണുക്കളേയും കണ്ടെത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക്ക് ദഹിപ്പിക്കുന്ന വാക്സ് പുഴുക്കള്‍, മീല്‍ പുഴുക്കള്‍ എന്നീ പ്രാണികളുടെ കുടലിലെ ബാക്ടീരിയകളുടെ എന്‍സൈമുകള്‍ ഉപയോഗിച്ച് പോളിയെത്തിലീന്‍, പോളിസ്‌റ്റൈറൈന്‍ എന്നിവ വിഘടിപ്പിക്കാന്‍ കഴിയും.
ആസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തിയ പേസ്റ്റിലാടോപ്സിയസ് മൈക്രോസ്പോറ എന്ന സമുദ്രജന്യ ഫംഗസുകള്‍ക്ക് പോളി പ്രൊപ്പലീന്‍ എന്ന പ്ലാസ്റ്റിക്ക് വേഗത്തില്‍ വിഘടിപ്പിക്കാന്‍ സാധിക്കും എന്നത് വളരെ ആശാവഹമായ ഒരു മുന്നേറ്റമാണ്.
ഇനിയും പലതരം പ്ലാസ്റ്റിക്ക് വിഘടനശേഷിയുള്ള സൂക്ഷ്മജീവികള്‍ കടലിലും കരയിലും ഉണ്ട്. പ്രകൃതി അതിന്റെ പണിപ്പുരയിലാണ്. ശാസ്ത്രജ്ഞര്‍ അത് കണ്ടെത്തി നമുക്ക് വേണ്ടവിധത്തില്‍ ഒരുക്കിയെടുക്കുന്ന സമയവും വിവേകവുമാണ് കാര്യം.
ഈ സൂക്ഷ്മജീവികളുടെ സഹായംകൊണ്ട് മാത്രം 'സീറോ വേസ്റ്റ്' എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നത് എപ്പോള്‍ സാധിക്കുമെന്നറിയില്ല. സ്വാഭാവികനിലയില്‍ അവ പെരുകി പ്ലാസ്റ്റിക്ക് മുഴുവന്‍ മാറ്റിക്കളയുന്ന അവസ്ഥയില്‍ നമ്മള്‍ ഇവിടെ ബാക്കി ഉണ്ടാകുമോ എന്നുമറിയില്ല. ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates