സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു: ഭാഷ നഷ്ടമാകുന്ന കേരളം

image of card
സെബാസ്റ്റ്യന്‍ പോള്‍സമകാലിക മലയാളം
Updated on
2 min read

ലയാളമില്ലാത്ത മലയാളി വര്‍ത്തമാനവും ഭാവിയും ഇല്ലാത്ത വികൃതജീവിയായിരിക്കും. മലയാളി സംസാരിക്കുന്നതും ആശയവിനിമയം നടത്തുന്നതും ഏതു ഭാഷയിലായിരിക്കണമെന്ന് ഗോസായിമാര്‍ തീരുമാനിക്കുന്ന കാലം വരുന്നു. സംസ്ഥാനങ്ങളുടെ യൂണിയനാണ് ഭാരതമെന്നു പറയുമ്പോഴും സംസ്ഥാനങ്ങളെ ഒന്നൊന്നായി ഉള്‍ക്കൊള്ളുന്ന ബകനായി കേന്ദ്രം മാറിക്കൊണ്ടിരിക്കുന്നു. ജമ്മു-കശ്മീരിനു നഷ്ടമായത് സംസ്ഥാനപദവി ആയിരുന്നെങ്കില്‍ കേരളത്തിനു നഷ്ടമാകുന്നത് ഭാഷയാണ്. ഭരണഘടനയുടെ ഭാഷാപട്ടികയില്‍ ഉള്‍പ്പെട്ട ഭാഷയാണ് ശ്രേഷ്ഠഭാഷാപദവിയുള്ള മലയാളം. സമ്പൂര്‍ണമായ സംസ്ഥാനപദവിയുള്ള കേരളത്തിന് സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതിന് പൂര്‍ണമായ അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ച് പത്ത് വര്‍ഷം മുന്‍പ് നിയമസഭ ഐകകണ്ഠ്യേന പാസ്സാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ച മലയാളഭാഷ (വ്യാപനവും പരിപോഷണവും) ബില്‍ ഡല്‍ഹിവരെയെത്തി രാഷ്ട്രപതി ഭവനിലെ ദീര്‍ഘസുഷുപ്തിക്കുശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തി. ട്രോജന്‍ യുദ്ധാനന്തരം ജേതാവായ ഒഡീസിയസ് ഇത്താക്കയില്‍ തിരിച്ചെത്തിയത് പത്തു വര്‍ഷം നീണ്ട അലച്ചിലിനുശേഷമാണ്. ഒഡീസിയസിനുണ്ടായതുപോലെ എന്തു പ്രതിബന്ധമാണ് ഭാഷാ ബില്ലിനുണ്ടായതെന്നറിയില്ല. മലയാളത്തെ സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷയാക്കുന്നതിനുള്ള നിയമനിര്‍മാണത്തിന്റെ ശരിയില്‍ രാജ്ഭവന് സംശയം വന്നതുകൊണ്ടാണ് ബില്‍ രാഷ്ട്രപതിഭവനിലേക്കയച്ചത്. കേരളത്തിലല്ലാതെ മറ്റെവിടെയാണ് മലയാളഭാഷയുടെ വ്യാപനവും പരിപോഷണവും നടക്കേണ്ടത്? അലമാര വൃത്തിയാക്കുന്നതിനിടയില്‍ കണ്ട ഭാഷാഫയല്‍ എന്താണെന്നറിയാതെ രാഷ്ട്രപതിഭവന്‍ പ്രേഷകവിലാസത്തില്‍ രാജ്ഭവനിലേക്ക് തിരിച്ചയച്ചു.

ഒപ്പിടുന്നതിനുള്ള പ്രാപ്തി രാഷ്ട്രപതിയാകുന്നതിനുള്ള യോഗ്യതയായി ഭരണഘടന നിര്‍ദേശിച്ചിട്ടില്ല. സുബോധം വേണമെന്നല്ലാതെ സാക്ഷരതപോലും നിര്‍ദിഷ്ടയോഗ്യതയല്ല. അബു പ്രസിദ്ധനാക്കിയ രാഷ്ട്രപതിയെപ്പോലെ കുളിത്തൊട്ടിയില്‍ കിടന്നും തുല്യം ചാര്‍ത്താന്‍ പ്രാപ്തിയുള്ളവരാണ് രാഷ്ട്രപതിമാര്‍. മഷിയുടെ ഒഴുക്കിന് തടസം വന്നാല്‍ പരിഹരിക്കുന്നതിന് ഭരണഘടനാപരമായ സംവിധാനമുണ്ട്. ഏറ്റവുമൊടുവില്‍ ഏപ്രിലില്‍ സുപ്രീംകോടതി മഷി നിറച്ചുകൊടുത്ത പേന മേശപ്പുറത്തിരിക്കെയാണ് ഒരു കാരണവും പറയാതെ കേരളത്തിന്റെ ബില്‍ രാഷ്ട്രപതി മടക്കിയത്. ഉത്തരക്കടലാസ് തിരിച്ചുകൊടുക്കണമെന്നു പറയുന്നത്, എവിടെയാണ് പാളിച്ചയുണ്ടായതെന്ന് പരീക്ഷ എഴുതിയവര്‍ അറിയുന്നതിനുവേണ്ടിയാണ്. ബില്ലുകള്‍ക്ക് അനുമതി നിഷേധിക്കുകയാണെങ്കില്‍ കാരണം രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി പറഞ്ഞത് വൈകല്യമെന്തെന്ന് നിര്‍മാതാക്കള്‍ അറിയുന്നതിനുവേണ്ടിയാണ്. പരിശോധകന്റെ പരിശോധന നടന്നുവെന്ന ഉറപ്പിനും അതാവശ്യമാണ്. നിയമസഭ പാസ്സാക്കുന്ന ബില്ലുകളുടെ പരിശോധന സമയബന്ധിതമായി നടത്തണമെന്നും അനുമതി നിഷേധിക്കുകയാണെങ്കില്‍ കാരണം കാണിക്കണമെന്നും സുപ്രീംകോടതി പറഞ്ഞത് ഇപ്പോള്‍ നാട്ടിലെ നിയമമാണ്. നാട്ടിലെ നിയമം രാഷ്ട്രപതിഭവനും ബാധകമാണ്. പദവിയിലിരിക്കുമ്പോള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകാതിരിക്കുന്നതിനുള്ള ഉന്മുക്തി മാത്രമാണ് രാഷ്ട്രപതിക്കുള്ളത്.

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പാസ്സാക്കിയ ഭാഷാബില്‍ പിണറായി വിജയന്റെ തുടര്‍ഭരണത്തിനുശേഷവും നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥ നിര്‍ഭാഗ്യകരമാണ്. നിയമനിര്‍മാണം അസാധ്യമാകുമ്പോള്‍ സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. നല്‍കപ്പെട്ട അധികാരം വിനിയോഗിക്കാന്‍ കഴിയാത്തവിധം സഭയ്ക്ക് സഭയുടെ ഭാഗമായ ഗവര്‍ണര്‍ കൂച്ചുവിലങ്ങിടുന്നു. ഗവര്‍ണര്‍ ഒരേസമയം കേന്ദ്രത്തിന്റെ രാഷ്ട്രീയ ഏജന്റും സംസ്ഥാനത്തിന്റെ ഭരണനിര്‍വാഹകനും ആയിരിക്കുമ്പോഴുള്ള പ്രതിസന്ധിയാണിത്. ഫെഡറലിസത്തിനും പാര്‍ലമെന്ററി ജനാധിപത്യത്തിനും അനുഗുണമാകുമെന്ന പ്രതീക്ഷയിലാണ് ഗവര്‍ണറുടെ തുല്യം ചാര്‍ത്തല്‍ എന്ന ആചാരം ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഞാന്‍ നിര്‍ദേശിക്കുന്നത്. ബില്‍ പാസ്സായി എന്നതിന് സ്പീക്കറുടെ സര്‍ട്ടിഫിക്കറ്റ് മതി. ബില്‍ പാസ്സായതായി സഭയില്‍ പ്രഖ്യാപിക്കുന്നത് സ്പീക്കറാണ്. അനുചിതമോ അനാശാസ്യമോ ആയ കാര്യങ്ങള്‍ നിയമത്തിലുണ്ടോ എന്ന പരിശോധന നടത്തി നിയമം ഭരണഘടനാപരമായി സാധുവാണോ അല്ലയോ എന്ന് പ്രഖ്യാപിക്കുന്നതിന് കോടതിയുണ്ട്. ഗവര്‍ണറോ രാഷ്ട്രപതിയോ യഥാവിധി അനുമതി നല്‍കുന്ന ബില്ലുകളാണ് ഭാഗികമായോ ചിലപ്പോള്‍ പൂര്‍ണമായിത്തന്നെയോ ഭരണഘടനാവിരുദ്ധമായി കോടതി പ്രഖ്യാപിക്കുന്നത്. ജനങ്ങളുടെ അംഗീകാരമുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടങ്കോലിടാന്‍ ഒരു നിയമിതനെ അനുവദിക്കുന്ന ഇപ്പോഴത്തെ അവസ്ഥ അഭിലഷണീയമല്ല.

ഭാഷാന്യൂനപക്ഷവും അവകാശങ്ങളും

കേരളത്തിലെ വ്യവഹാരഭാഷയും ബോധനഭാഷയും മലയാളമാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന നിയമം തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശത്തെ ബാധിക്കുമെന്ന വിമര്‍ശനമുണ്ട്. ഒപ്പിന് തടസ്സമായത് ഇതാണോ എന്ന കാര്യത്തില്‍ ഔദ്യോഗികമായ വ്യക്തത വന്നിട്ടില്ല. അതാണെന്നു പറഞ്ഞാല്‍ അതിനു പരിഹാരമുണ്ടാക്കാം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനരൂപീകരണം നടന്നപ്പോള്‍ മലയാളത്തിന്റെ പേരിലുണ്ടായ സംസ്ഥാനമാണ് കേരളം. പൗരത്വം പൊതുവായതിനാല്‍ ആര്‍ക്കും എവിടെയും താമസിക്കാം. ഭാഷ തടസ്സമല്ല. ഇന്ത്യയിലെ എല്ലാ ഭാഷയും കേള്‍ക്കാന്‍ കഴിയുന്ന ബാബേലാണ് കൊച്ചി. ചേര്‍ന്നുകിടക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ ആളുകള്‍ അതിര്‍ത്തിമേഖലയിലുണ്ടാകും. അവരാണ് ഭാഷാന്യൂനപക്ഷങ്ങള്‍. കേരളത്തില്‍ തമിഴും കന്നഡയും സംസാരിക്കുന്നവരെക്കാള്‍ കൂടുതല്‍ മലയാളം സംസാരിക്കുന്നവര്‍ തമിഴ്നാട്ടിലും കര്‍ണാടകയിലുമുണ്ട്. അവരുടെ താല്പര്യങ്ങളും അവകാശങ്ങളും പരിഗണിച്ചുകൊണ്ടാണോ ആ സംസ്ഥാനങ്ങള്‍ ഭാഷാനയം രൂപീകരിക്കുന്നത്. ഭാഷയെ ഭ്രാന്തായി കൊണ്ടുനടക്കുന്നവരാണ് അവിടെയുള്ളത്. കന്നഡയുടെ മാതൃത്വം തമിഴിനാണെന്നു പറഞ്ഞ കമല്‍ഹാസനോ അദ്ദേഹത്തിന്റെ സിനിമയ്ക്കോ കര്‍ണാടകയില്‍ പ്രവേശനമില്ല. ഇപ്രകാരം ഭാഷാവൈരം കാണിക്കുമ്പോഴും അയല്‍നാട്ടുകാരെ സ്നേഹത്തോടെ സ്വീകരിച്ച് സൂപ്പര്‍സ്റ്റാറും മുഖ്യമന്ത്രിയുമാക്കി പ്രതിഷ്ഠിക്കാന്‍ തമിഴര്‍ക്ക് ഒരു മടിയുമില്ല. തമിഴും കന്നഡയും മാത്രമല്ല, രാഷ്ട്രപതിയുടെ സംസ്ഥാനത്തെ ഭാഷ സംസാരിക്കുന്നവര്‍പോലും ധാരാളമായുള്ള കേരളത്തില്‍ ഭാഷാപരമായ പ്രയാസമോ പ്രതിസന്ധിയോ ആരും അനുഭവിക്കുന്നില്ല. തൊഴിലിനെത്തുന്ന പ്രവാസികളുടെ ഭാഷ പഠിച്ച് അവര്‍ക്ക് തൊഴില്‍ നല്‍കുന്ന തൊഴില്‍ദാതാക്കള്‍ കേരളത്തിലല്ലാതെ ലോകത്തൊരിടത്തും ഉണ്ടാവില്ല. ഉത്തരവുകളില്‍ ഉപയോഗിക്കേണ്ടതായ ഭാഷ മലയാളം ആയിരിക്കണമെന്ന് അനുശാസിക്കുമ്പോള്‍ മലയാളത്തോടൊപ്പം ഇംഗ്ലീഷ് പരിഭാഷകൂടി ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇംഗ്ലീഷിനു പകരം ഹിന്ദി എന്നായിരുന്നുവെങ്കില്‍ രാഷ്ട്രപതിയുടെ ഒപ്പ് പതിയുമായിരുന്നുവോ?

ഭാഷയുടെ പരിപോഷണമെന്നത് ജനതയുടെ സ്വത്വബോധത്തിന്റേയും സംസ്‌കൃതിയുടേയും പരിപോഷണമാണ്. ഭരണഘടനയിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി സംസ്ഥാനത്തെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് മലയാളം ഉപയോഗിക്കണമെന്ന് മലയാളികളായ നമ്മള്‍ അനുശാസിക്കുമ്പോള്‍ ആര്‍ക്കാണ് അസ്വസ്ഥതയുണ്ടാകുന്നത്? പി. സദാശിവത്തിന് ഗവര്‍ണറായിരിക്കെ ഈ വിഷയത്തില്‍ ഭരണഘടനാപരമായ എന്ത് സന്ദേഹമാണുണ്ടായത്. ഉത്തരവുകള്‍ കാര്യകാരണസഹിതമായിരിക്കണമെന്ന് ചീഫ് ജസ്റ്റിസായിരുന്നയാളെ പഠിപ്പിക്കേണ്ട കാര്യമില്ല. നടപടി രേഖാമൂലമാകാതിരുന്നതിനാല്‍ കേരളം ഭാഷാപരമായ വിവേചനത്തിന് ഇരയാക്കപ്പെട്ടുവെന്ന് വൈകാരികമായി പറയേണ്ടിവരും.

നിര്‍മിക്കുന്നത് നിയമസഭയിലാണെങ്കിലും നിയമം രൂപപ്പെടുന്നത് നിയമവകുപ്പിലാണ്. രൂപപ്പെടുത്തിയവര്‍ക്കുതന്നെ അതിന്റെ സാധുതയെ സംബന്ധിച്ച് സന്ദേഹമുണ്ടായിരുന്നു. നിയമസഭ എതിര്‍പ്പില്ലാതെ പാസാക്കിയ ബില്‍ ആയിരുന്നിട്ടും ആത്മവിശ്വാസത്തോടെയായിരുന്നില്ല അത് ഗവര്‍ണറുടെ മുന്നിലെത്തിച്ചത്. മലയാളത്തിനുവേണ്ടി ഉറച്ച നിലപാടെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ തള്ളിപ്പോകുന്നെങ്കില്‍ തള്ളിപ്പോകട്ടെ എന്ന ഉദാസീന മനോഭാവമാണ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകുന്നത്. മലയാളത്തില്‍ ചിന്തിച്ച് ഇംഗ്ലീഷില്‍ എഴുതരുതെന്ന് വിദ്യാര്‍ത്ഥികളോടു പറയാറുണ്ട്. ഇംഗ്ലീഷില്‍ ചിന്തിച്ച് മലയാളത്തില്‍ എഴുതരുതെന്ന് നിയമ ഉദ്യോഗസ്ഥരെ പറഞ്ഞു പഠിപ്പിക്കണം.

(സെബാസ്റ്റ്യന്‍ പോള്‍)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com