യുദ്ധം എന്നും 'നമ്മുടെ ശരി'യും 'അവരുടെ തെറ്റും' തമ്മിലാണ്, എന്നെ കൊല്ലുന്നത് എന്തിന് ?

Image of a father standing with the body of his daughter
വിയറ്റ്നാം യുദ്ധം: കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹവുമായി വിലപിക്കുന്ന അച്ഛന്‍സമകാലിക മലയാളം
Updated on
8 min read

യുദ്ധം മനുഷ്യന്റെ കണ്ടുപിടുത്തമല്ല. അത് പാരമ്പര്യമായി കിട്ടിയതാണ്. മനുഷ്യനായി പരിണമിക്കും മുന്‍പേ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. ചിമ്പാന്‍സികള്‍ക്കിടയില്‍ സംഘട്ടനം സാധാരണമായിരുന്നു. ഇത് കണ്ടെത്തിയത് ജെയ്ന്‍ ഗുഡാല്‍ എന്ന ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞയാണ്. നരവംശശാസ്ത്രവും പഠിച്ച ഇവര്‍ 60 വര്‍ഷം ചിമ്പാന്‍സികളെ നിരീക്ഷിച്ചു. ടാന്‍സാനിയയിലെ നാഷണല്‍ പാര്‍ക്കില്‍ ചിമ്പാന്‍സികള്‍ പതിവായി ഏറ്റുമുട്ടുന്നുണ്ടെന്ന് ഗുഡാല്‍ കണ്ടെത്തി. ആയുധവും ഇവര്‍ ഉപയോഗിക്കുന്നു.

മനുഷ്യന്റെ ഡി.എന്‍.എയില്‍ 99 ശതമാനവും ചിമ്പാന്‍സിയില്‍നിന്നാണ്. മനുഷ്യനിലും അക്രമത്തിന്റെ അംശം ജന്മസിദ്ധമാണോ എന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്. എങ്കിലും മനസ്സുകൊണ്ടെങ്കിലും ഒരാളെ കൊല്ലാത്ത എത്രപേര്‍ മനുഷ്യര്‍ക്കിടയിലുണ്ട്?

ആദ്യകാല മനുഷ്യര്‍ നന്മയുടെ പ്രതിരൂപമായിരുന്നു റൂസ്സോയ്ക്ക്. സ്വാതന്ത്ര്യത്തിലും സമത്വത്തിലും സമാധാനത്തിലും അവര്‍ ജീവിച്ചതായി റൂസ്സോ പറഞ്ഞു. സ്വാതന്ത്ര്യത്തിലും സമത്വത്തിലും ജീവിച്ച പല പ്രാചീനസമൂഹവുമുണ്ട്. എന്നാല്‍, മൂന്നാമത്തേതിനു തെളിവില്ല. ഫ്രാന്‍സിലെ മനുഷ്യന്റെ ദുഃഖത്തിനും ദുരിതത്തിനും മറുമരുന്നായി റൂസ്സോ കണ്ടെത്തിയതാണ് നന്മയുടെ ആദിരൂപങ്ങളെ. റൂസ്സോയുടേത് ഒരു ഊഹം മാത്രമായിരുന്നു. റൂസ്സോയുടെ 18-ാം നൂറ്റാണ്ടില്‍ 3000 വര്‍ഷത്തിനപ്പുറം പഠിക്കാനുള്ള വിജ്ഞാനശാഖകളൊന്നും രൂപംപ്രാപിച്ചിട്ടുണ്ടായില്ല. ഭൂമിയുടെ പ്രായം 380 കോടി വര്‍ഷമാണ്. മനുഷ്യന്റെ ജന്മദിനം 3,00,000 വര്‍ഷം മുന്‍പുമാണ്.

12,000 വര്‍ഷം മുന്‍പ് സുഡാനിലെ ജബല്‍ സഹാലയിലെ ശ്മശാനത്തില്‍നിന്ന് ആയുധംകൊണ്ട് പരിക്കേറ്റ 24 അസ്ഥികൂടങ്ങള്‍ കണ്ടെത്തി. 10,000 വര്‍ഷം മുന്‍പ് കെനിയയിലെ ലേക്ക് തുര്‍ക്കാനയില്‍ കൊലയുടെ പാടുകളുള്ള 27 അസ്ഥികൂടങ്ങളും കണ്ടെത്തി. കാര്‍ഷികയുഗം ആരംഭിക്കുന്നതിനു മുന്‍പ് ഡാന്യൂബ് നദിയുടെ തീരത്തുനിന്നും ഈ രീതിയിലുള്ള മനുഷ്യാവശിഷ്ടങ്ങള്‍ കിട്ടി. മനുഷ്യര്‍ പണ്ടേ ഏറ്റുമുട്ടിയിരുന്നു. പട്ടാളക്കാര്‍ നിരന്ന ആദ്യയുദ്ധം 5500 വര്‍ഷം മുന്‍പാണ്. സുമെറില്‍. ഇന്നത്തെ ഇറാഖ്.

ഹിറ്റ്ലറിന്റേയും നെപ്പോളിയന്റേയും അലക്‌സാണ്ടറിന്റേയും ആദിരൂപവും സുമെറില്‍നിന്നു തന്നെയായിരുന്നു. സുമെറിലെ സാര്‍ഗോണാണ് ലോകം കീഴടക്കാന്‍ ഒരുങ്ങിയ ആദ്യ രാജാവ്. സാര്‍ഗോണിനു സ്ഥിരമായ സൈന്യമുണ്ടായിരുന്നു. ഓരോ ദിവസവും 5400 പേര്‍ രാജാവിനൊപ്പമിരുന്ന് ഭക്ഷണം കഴിച്ചിരുന്നത്രെ. നഗരങ്ങള്‍ വെട്ടിപ്പിടിച്ച് സാര്‍ഗോണ്‍ യാത്ര തുടങ്ങി. 'താഴ്ന്ന കടല്‍ മുതല്‍ ഉയര്‍ന്ന കടല്‍' വരെ സാര്‍ഗോണിന്റെ സാമ്രാജ്യം വികസിച്ചെന്ന് കിങ്കരന്മാര്‍ പാടി. ഗള്‍ഫ് മുതല്‍ മെഡിറ്ററേനിയന്‍ വരെയാണ് ഇത്.

'നമ്മുടെ ശരി'യും 'അവരുടെ തെറ്റും'

ഹോമറിന്റെ ഇലിയഡ് യുദ്ധമാണ്, ഒഡീസി യുദ്ധം കഴിഞ്ഞ മടക്കമാണ്, മഹാഭാരതം യുദ്ധമാണ്, രാമായണം യുദ്ധമാണ്, ഖുര്‍ ആന്‍ അവിശ്വാസികള്‍ക്കെതിരെ നിരന്തരം പൊരുതാന്‍ കര്‍ശനമായി ആഹ്വാനം ചെയ്യുന്നു. വേദപുസ്തകത്തിലെ പഴയനിയമം യുദ്ധവും പലായനവുമാണ്. കോടാനുകോടി മനുഷ്യര്‍ ഈ പുസ്തകത്തെ ആരാധിക്കുന്നു. 3000-ത്തിലേറെ ഭാഷയിലേയ്ക്ക് അത് പരിഭാഷപ്പെടുത്തി. വേദപുസ്തകപ്രകാരം ആദ്യ ലോകജനസംഖ്യ നാലാണ്. ആദം, ഹവ്വ, ഹാബേല്‍, കായേന്‍. ഇതില്‍ കായേന്‍ ഹാബേലിനെ കൊന്നു. മരണനിരക്ക് 25 ശതമാനം. രണ്ടാം ലോകയുദ്ധത്തില്‍പോലും ലോകജനസംഖ്യയുടെ മൂന്ന് ശതമാനം പേരെ മരിച്ചിട്ടുള്ളൂ. വിശുദ്ധഗ്രന്ഥങ്ങള്‍ രചിച്ച കാലം യുദ്ധത്തിന്റേതാണ്. യുദ്ധം അനീതിക്കെതിരെയുള്ള നീതിയുടെ വസന്തമാണ്. ലോകത്ത് അവസാനം നന്മ ജയിക്കുന്നത് അന്തിമ യുദ്ധത്തിലൂടെയാണെന്ന് ബൈബിള്‍ പ്രഖ്യാപിക്കുന്നു. അര്‍മഗഡോണ്‍ എന്ന അന്തിമയുദ്ധം. ദൈവത്തിന്റെ ശക്തികളും സാത്താന്റെ ശക്തികളും തമ്മിലുള്ള യുദ്ധം.

രാജാക്കന്മാര്‍ ഭരിച്ചപ്പോള്‍ സമാധാനം യുദ്ധങ്ങള്‍ക്കിടയിലെ ഒഴിവുകാലം മാത്രമാണ്. യുദ്ധമാണ് ഏറ്റവും പ്രാചീനം. സമാധാനമാണ് ആധുനികം. കഴുകനാണ് ആദ്യം പറന്നത്, പിന്നീടാണ് ഒലിവിലക്കൊമ്പുകള്‍ തളിരിട്ടത്. യുദ്ധം എന്നും 'നമ്മുടെ ശരി'യും 'അവരുടെ തെറ്റും' തമ്മിലാണ്. 'നമ്മുടെ ബുദ്ധി'യും 'അവരുടെ വിഡ്ഢിത്തവും' തമ്മിലാണ്. ഒരതിരിന് അപ്പുറവും ഇപ്പുറവും വെച്ച് വാക്കുകളുടെ അര്‍ത്ഥം മാറുന്നു. 17-ാം നൂറ്റാണ്ടിലെ ഫ്രെഞ്ച് ചിന്തകനാണ് ബ്ലെയ്സ് പാസ്‌കല്‍. അദ്ദേഹം ഇതു രസകരമായി ചിത്രീകരിച്ചു.

ഒരാള്‍ ചോദിക്കുന്നു: ''നിങ്ങളുടെ ലാഭത്തിനുവേണ്ടി എന്നെ കൊല്ലുന്നത് എന്തിന്? എന്റെ കയ്യില്‍ ആയുധംപോലുമില്ലല്ലോ!''

മറ്റെയാളുടെ മറുപടി: ''നീ ഈ നദിക്ക് ഇപ്പുറത്താണ് താമസിക്കുന്നതെങ്കില്‍ ഞാന്‍ കൊലയാളി ആകും. നീ ഈ നദിക്ക് അപ്പുറത്താണ് താമസിക്കുന്നതെങ്കില്‍ ഞാന്‍ വീരനാകും. നീ അപ്പുറത്തായിപ്പോയി.''

രണ്ടാം ലോകയുദ്ധത്തിനു ശേഷം രണ്ട് വന്‍ശക്തികള്‍ മുഖാമുഖം വന്നിട്ടില്ല. രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിട്ടില്ല. യുദ്ധം ജയിക്കുന്നത് അന്തസ്സായി കരുതിയ കാലം പോയി. ബി.സി 47-ല്‍ ജൂലിയസ് സീസര്‍ 'വന്നു, കണ്ടു, കീഴടക്കി' എന്ന് റോമന്‍ സെനറ്റിന് കത്തെഴുതിയപ്പോള്‍ അവിടെ കയ്യടി ഉയര്‍ന്നു. അഞ്ചു ദിവസംകൊണ്ട് സെലയിലെ യുദ്ധം തീര്‍ന്നപ്പോഴാണ് ആവേശഭരിതനായി സീസര്‍ കത്തെഴുതിയത്. 2027-ല്‍ ഏതെങ്കിലും ഭരണാധിപന്‍ 'വന്നു, കണ്ടു, കീഴടക്കി' എന്നെഴുതിയാല്‍ കയ്യടിയല്ല, ഫാസിസം വരുന്നു എന്ന മുന്നറിയിപ്പായിരിക്കും കിട്ടുക. 1882-ല്‍ ഈജിപ്തിനെ തോല്‍പ്പിച്ച് നൈല്‍ നദിയിലും സൂയസ് കനാലിലും ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ അന്തസ്സ് ഉയര്‍ന്നു. 1931-ല്‍ ചൈനയില്‍നിന്ന് മഞ്ചൂറിയ കൈവശപ്പെടുത്തിയപ്പോള്‍ ജപ്പാന്റെ അന്തസ്സ് ഉയര്‍ന്നു. പക്ഷേ, ഇപ്പോള്‍ യുക്രെയ്നേയും ഗാസയേയും തവിടുപൊടിയാക്കുമ്പോഴും റഷ്യയുടേയോ ഇസ്രയേലിന്റേയോ അന്തസ്സ് ഉയരുന്നില്ല. സമൂഹം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുകയും മനുഷ്യജീവിതത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയും ചെയ്യുന്നതോടെ സംഘര്‍ഷം സമാധാനത്തിനു വഴിമാറി. വാള്‍ത്തലപ്പിലൂടെയല്ല, നയതന്ത്രത്തിലൂടെയും സന്ധിസംഭാഷണങ്ങളിലൂടെയും തര്‍ക്കങ്ങള്‍ക്കു തീരുമാനമായി. ലോകം മാറി.

''കൊല്ലാന്‍വേണ്ടി ഉണ്ടാക്കിയതാണ് പട്ടാളക്കാരെ'' എന്ന നെപ്പോളിയന്റെ വാചകം ഇക്കാലത്ത് കൊടുംക്രൂരതയാണ്. മനുഷ്യനിപ്പോള്‍ പ്രാദേശിക ജീവിയല്ല, ആഗോള ജീവിയാണ്. അവസരങ്ങള്‍ തേടിയുള്ള യാത്രയില്‍ അതിര്‍വരമ്പുകള്‍ മായുന്നു. യുക്രെയ്നില്‍ ബോംബ് വീണാല്‍ പത്തനംതിട്ടയിലെ വീട്ടിലും നിലവിളി ഉയരാം. യുക്രെയ്നിന്റെ തലസ്ഥാനമായ കീവും കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരവും തമ്മില്‍ 8500 കിലോമീറ്റര്‍ ദൂരമുണ്ട്. ജീവിതത്തിന്റെ പ്രസരിപ്പ് ദൂരത്തിന്റെ ദൂരം ഇല്ലാതാക്കുന്നു.

ശീതസമരത്തിനുശേഷം ചരിത്രം അവസാനിച്ചില്ല; തുടരുകതന്നെ ചെയ്തു. അതുവരെ പ്രാധാന്യം കിട്ടാത്ത മറ്റു ചില വാക്കുകളിലൂടെ, മറ്റു നിര്‍വചനങ്ങളിലൂടെ ഭീകരവാദം, വംശഹത്യ, കുടിയേറ്റം എന്നീ വാക്കുകള്‍ വ്യാപകമായി. 1980-നു മുന്‍പും ഭീകരപ്രവര്‍ത്തനം ഉണ്ടായിരുന്നു. അതില്‍ പലതും രാഷ്ട്രീയ സമരങ്ങളുടെ രൂപത്തിലായിരുന്നു. വിശക്കുന്നവര്‍ക്കും ദാഹിക്കുന്നവര്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ആത്മാഹുതികളായിരുന്നു അത്. ആല്‍ബര്‍ട്ട് കാമുവിന്റെ 'നീതിമാനായ കൊലയാളി' എന്ന നാടകം ഇത്തരത്തിലുള്ള ഒരു ഭീകരനെ ചിത്രീകരിക്കുന്നു. 1905-ലെ റഷ്യന്‍ വിപ്ലവകാലത്തെ സംഭവമാണ് അത്.

സെര്‍ജി അലെക്സാന്‍ഡ്രോ വിച്ച് എന്ന ഗ്രാന്റ് ഡ്യൂക്കിനെ കൊല്ലാന്‍ വിപ്ലവകാരികള്‍ തീരുമാനിച്ചു. കലിയേവ് എന്ന ചെറുപ്പക്കാരനെ ചുമതലപ്പെടുത്തി. ഡ്യൂക്ക് വരുന്ന വഴിയില്‍ ബോംബുമായി കലിയേവ് ഒളിച്ചുനിന്നു. ദൂരെനിന്നും ഡ്യൂക്കിന്റെ വണ്ടി വരുന്നു.

കലിയേവ് തയ്യാറായി. ബോംബെറിയാന്‍ ആഞ്ഞപ്പോഴാണ് ആ കാഴ്ച കലിയേവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഡ്യൂക്കിന്റെ മടിയില്‍ രണ്ടു കുട്ടികള്‍. അവരുടെ നിഷ്‌കളങ്കമായ മുഖം കണ്ടപ്പോള്‍ കലിയേവിന് ബോംബെറിയാന്‍ കഴിഞ്ഞില്ല; തിരിച്ചുപോന്നു.

വിപ്ലവകാരികള്‍ക്കിടയില്‍ ഇതു തര്‍ക്കമായി. വിശന്നു മരിക്കുന്ന പതിനായിരക്കണക്കിനു കുട്ടികളുടെ മുഖം നീ എന്തുകൊണ്ട് ഓര്‍ത്തില്ല എന്ന് കലിയേവിനോട് ചോദിക്കുന്നു വിപ്ലവകാരികളുടെ തലവന്‍. പക്ഷേ, ഭൂരിപക്ഷവും കലിയേവിനൊപ്പമായിരുന്നു.

ബോംബ് പിടിച്ച കൈകളില്‍ മാത്രമല്ല, തോക്കു ചൂണ്ടുന്ന കൈകളിലുമുണ്ട് മനുഷ്യത്വത്തിന്റെ രക്തയോട്ടം. കവിയും നോവലിസ്റ്റുമായിരുന്നു സൈനികനായ റോബര്‍ട്ട് ഗ്രേവ്സ്. ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതിലെ ഒരനുഭവം 'ഗുഡ്ബൈ ടു ഓള്‍ ദാറ്റ്' എന്ന ആത്മകഥയില്‍ വിവരിക്കുന്നു. കുന്നിന്‍ചെരുവിലൂടെ നീങ്ങുകയാണ് ഗ്രേവ്സ് ഉള്‍പ്പെടുന്ന സൈനികര്‍. 700 വാര അകലെ ഒരു ജര്‍മന്‍ പട്ടാളക്കാരന്‍ കുളിക്കുന്നത് ടെലസ്‌കോപ്പിലൂടെ ഗ്രേവ്സ് കണ്ടു. കുളി ആസ്വദിക്കുന്ന ആ നഗ്‌നശരീരത്തിലേയ്ക്ക് വെടിയുതിര്‍ക്കാന്‍ ഗ്രേവ്സ്ന് തോന്നിയില്ല. അയാള്‍ തോക്കു താഴ്ത്തി. കുളിക്കുമ്പോള്‍ ഒരാള്‍ ഗ്രേവ്സിന് ശത്രുവല്ല. സാധാരണ മനുഷ്യന്‍ മാത്രമാണ്.

സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട് ജോര്‍ജ് ഓര്‍വെല്‍. എതിരാളികളെ ലക്ഷ്യം വെച്ച് നീങ്ങുകയാണ് ഓര്‍വെല്ലും സംഘവും. ദൂരെ എതിരാളികളുടെ ട്രെഞ്ചില്‍നിന്നും പുറത്തുവന്ന ഒരാള്‍ ഓടുന്നു. ഒരു സന്ദേശവുമായാണ് അയാള്‍ പോകുന്നതെന്നു വ്യക്തം. അയാള്‍ ഒരു ട്രൗസര്‍ മാത്രമേ ഇട്ടിട്ടുള്ളൂ. അതാകട്ടെ, ഊരിപ്പോകാതിരിക്കാന്‍ കൈകൊണ്ട് കൂട്ടിപ്പിടിച്ചാണ് അയാള്‍ ഓടുന്നത്. ഏതാണ്ട് 100 വാര മുന്നിലൂടെയാണ് അയാളുടെ ഓട്ടം. എന്നിട്ടും ഓര്‍വെല്‍ അയാളെ വെടിവെച്ചില്ല. അതിന് ഓര്‍വെല്ലിന് ന്യായമുണ്ടായിരുന്നു: ''ഇവിടെ വന്നത് ഫാസിസ്റ്റുകളെ വധിക്കാനാണ്. ഊരിപ്പോകുന്ന ട്രൗസര്‍ കൈകൊണ്ട് പിടിച്ച് ഓടിപ്പോകുന്നവന്‍ ഫാസിസ്റ്റല്ല. എന്നെപ്പോലെ, നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാണ്'' ഇതായിരുന്നു ഓര്‍വെല്ലിന്റെ ന്യായീകരണം.

പഹല്‍ഗാമില്‍ ആക്രമിക്കാനെത്തിയത് മനുഷ്യരല്ല. കൊലയല്ല അത്, കൊലയുടെ കാര്‍ണിവലാണ്. അവര്‍ കൊലയാളികളല്ല, കൊലയുടെ സ്റ്റേജ് ഷോ ആര്‍ട്ടിസ്റ്റുകളാണ്. എവിടെയും അങ്ങനെയാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ അല്‍ ക്വെയ്ദ ആക്രമിച്ചതും ഹമാസ് ഇസ്രയേലില്‍ 1195 പേരെ കൊന്നതും ദൃശ്യഭംഗിയുള്ള വാര്‍ത്തയ്ക്കുവേണ്ടിയാണ്. ഭീകരര്‍ ആഗ്രഹിക്കുന്നത് ഒരു നടുക്കമാണ്. തിരിഞ്ഞുനോക്കാന്‍പോലും ഭയക്കുന്ന അന്തരീക്ഷമാണ്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ചേര്‍ന്ന് ഇത് മഹോത്സവമാക്കുന്നതോടെ ഇല്ലാത്ത ശക്തി കൈവന്നതായി ഒരു വ്യാജ അവബോധം ഉണ്ടാക്കുന്നു. ഭീകരവാദം ഒരു ആശയമല്ല, ഒരു തന്ത്രമാണ്. കനത്ത തിരിച്ചടികള്‍ക്കുവേണ്ടി ശത്രുവിനു സമര്‍പ്പിക്കുന്ന ക്ഷണപത്രം. തീവ്രമായ തിരിച്ചടി ഉണ്ടാക്കി അതില്‍നിന്നു സഹാതാപമുണര്‍ത്തി സ്വന്തം നിലനില്‍പ്പ് ഉറപ്പുവരുത്തുന്ന കുതന്ത്രം.

ഭീകരവാദികള്‍ ജയിച്ചതായി ചരിത്രത്തില്‍നിന്ന് ഇന്നോളം തെളിവുകളില്ല. ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ചു, മുംബൈ ആക്രമിച്ചു, ഉറിയില്‍ ആക്രമിച്ചു, പുല്‍വാമയില്‍ ആക്രമിച്ചു എന്നിട്ടും കശ്മീരിന്റെ ഒരിഞ്ച് പിടിക്കാന്‍ ഭീകരര്‍ക്കു കഴിഞ്ഞിട്ടില്ല. വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിച്ചിട്ടും അമേരിക്കയല്ല, അല്‍ക്വെയ്ദയാണ് ഫലത്തില്‍ ഇല്ലാതായത്. ഹമാസിന് ഇതുവരെ ഇസ്രയേലിനെ മായ്ചുകളയാന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീകളേയും കുട്ടികളേയും ആത്മഹത്യ ബോംബുകളാക്കിയിട്ടും എല്‍.ടി.ടിഇക്ക് ശ്രീലങ്കയില്‍ തമിഴ് ഈഴം ഉണ്ടാക്കാനായില്ല.

An art installation called 'Lost Armies' is pictured as part of a Remembrance Art
'ലോസ്റ്റ് ആർമീസ്' എന്ന ഇൻസ്റ്റലേഷന്‍ AFP

ചരിത്രം ന്യായമാകുമ്പോള്‍

നിരന്തരമായി തോല്‍ക്കുകയാണ് ഭീകരര്‍. എന്നാലും സാന്നിധ്യമറിയിക്കാന്‍ അവര്‍ കൊലയെ കാഹളമാക്കുന്നു. താരതമ്യേന ശാന്തമായിരുന്നു പശ്ചിമേഷ്യ. ദിനംപ്രതി 19,000 പലസ്തീനികള്‍ ജോലിക്കായി ഇസ്രയേലില്‍ എത്തിക്കൊണ്ടിരുന്നു. സൗദിയും ഇസ്രയേലും തമ്മില്‍ ചരിത്രപ്രസിദ്ധമായ കരാറിനരികിലേയ്ക്ക് എത്തി. അമേരിക്കയുടെ നിര്‍ബന്ധത്തില്‍ ഇസ്രയേല്‍ വിട്ടുവീഴ്ചകള്‍ക്ക് ഒരുങ്ങി. ഇങ്ങനെ സമാധാന അന്തരീക്ഷത്തിലേയ്ക്ക് നീങ്ങുമ്പോഴാണ് ഹമാസ് ആക്രമണം അഴിച്ചുവിട്ടത്. ഇസ്രയേല്‍ തിരിച്ചടിക്കില്ലെന്നു വിചാരിക്കാന്‍ മാത്രം ഭോഷ്‌ക്കില്ലല്ലോ ഹമാസിന്.

പിന്നെ ന്യായം ചരിത്രംകൊണ്ടാണ്. ലോകം ഭൂതകാലത്തിലേയ്ക്കല്ല, ഭാവിയിലേയ്ക്കാണ് നടക്കുന്നത്. 2025-ല്‍നിന്നു മനുഷ്യര്‍ യാത്ര ചെയ്യുന്നത് 2050-ലേയ്ക്കാണ്, 1950-ലേയ്ക്കല്ല. ചരിത്രത്തില്‍നിന്നും ഉണങ്ങിയ വ്രണങ്ങള്‍ കണ്ടെത്തി മാന്തി പുണ്ണാക്കരുത്. പകവീട്ടാനുള്ള പടക്കോപ്പുകള്‍ വിതരണം ചെയ്യുന്ന ആയുധവ്യാപാരിയല്ല ചരിത്രം. എല്ലാ ഭീകരവാദവും ഏകാധിപത്യവും ചരിത്രത്തില്‍നിന്നാണ് സാക്ഷിപത്രവും സമ്മതപത്രവും ഹാജരാക്കുന്നത്. ഇസ്രയേല്‍ പലസ്തീനോട് കാണിച്ച അനീതി എല്ലാക്കാലത്തേയ്ക്കും ഹമാസിന് അക്രമത്തിനുള്ള അനുമതിയല്ല. അതിനും മുന്‍പ് ജൂതന്മാരോട് കാണിച്ച ക്രൂരതകളുടെ കണക്കുതീര്‍ക്കാന്‍ ഇസ്രയേല്‍ ഇറങ്ങിയാല്‍ യൂറോപ്പില്‍ എന്ന് സ്വസ്ഥതയുണ്ടാകും? പ്ലേഗ് പരത്തുന്നതുപോലും ജൂതന്മാരാണെന്ന് ആക്ഷേപിച്ച് സ്പെയിനില്‍ അവരുടെ മുഖത്തു തുപ്പി. കിണറില്‍ വിഷം കലക്കി. റോമാക്കാര്‍ യരുശലേം പിടിച്ചത് ജോസഫസ് എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

''നഗരത്തിനു പുറത്തിറങ്ങാന്‍ ജൂതന്മാരെ അനുവദിച്ചില്ല. കൊടും പട്ടിണിയായി എങ്ങും. കുട്ടികളും സ്ത്രീകളും വീട്ടില്‍ മരിച്ചുകിടന്നു. ശവംകൊണ്ട് വീടുകള്‍ നിറഞ്ഞു. വഴിയില്‍ പ്രായമായവരുടെ ചീഞ്ഞ ശരീരങ്ങള്‍. മരിച്ചവരുടെ നിഴലുകള്‍പോലെയുള്ള ചെറുപ്പക്കാര്‍ ചന്തയില്‍ തളര്‍ന്നുവീണ് മരിക്കുന്നു. ശവങ്ങള്‍ കുമിഞ്ഞുകൂടി. മരിച്ചവരെ കുഴിച്ചിടാന്‍ ആരും ശ്രദ്ധിക്കുന്നില്ല. ശവങ്ങള്‍ കുഴിച്ചിടാന്‍ ഒരുങ്ങിയവര്‍ ശവങ്ങള്‍ക്കു മീതെ മരിച്ചുവീണു. ചിലര്‍ സ്വന്തം കുഴിയൊരുക്കി അതില്‍ വീണു മരിച്ചു. മരിക്കാത്തവര്‍ മരിച്ചവരുടെ ഇടയില്‍ നനയാത്ത കണ്ണുമായി വെറുതെയിരുന്നു. ആരും കരയുന്നില്ല. എല്ലാ സ്‌നേഹങ്ങള്‍ക്കും മീതെ പട്ടിണിയുടെ കരിമ്പടം വീണു. നഗരത്തില്‍ ശബ്ദമേയില്ല.''

എ.ഡി 72-ലെ ഈ അനുഭവത്തിന് 2025-ല്‍ ഇസ്രയേലിന് റോം ആക്രമിക്കാമോ? 1992-ല്‍ ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ വിശ്വഹിന്ദു പരിഷത്ത് പറഞ്ഞ ന്യായം 1528-ല്‍ ബാബര്‍ അമ്പലം തകര്‍ത്തു എന്നാണ്. 464 വര്‍ഷത്തിനുശേഷം കണക്കുതീര്‍ക്കല്‍! നാലര നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മരിച്ചുപോയവരുടെ ആത്മാക്കള്‍ക്ക് പ്രാര്‍ത്ഥനാലയത്തിന്റെ ഇടിച്ചു നിരത്തിയ കല്ലുകള്‍കൊണ്ടൊരു പിതൃതര്‍പ്പണം! ചരിത്രത്തില്‍നിന്നും ന്യായീകരണം കണ്ടെത്തുന്നത് എന്തിനാണ്? വര്‍ത്തമാന രാഷ്ട്രീയത്തില്‍ അധികാരഗോപുരങ്ങള്‍ പണിയാന്‍. ഭീകരത ശാശ്വതമല്ല, അതിനുള്ള പിന്തുണയും. അമ്പലം പണിതവര്‍ അയോദ്ധ്യ ഉള്‍പ്പെടുന്ന ലോകസഭാ മണ്ഡലം തോറ്റു. രാമക്ഷേത്രം സ്ഥിതിചെയ്യുന്ന വാര്‍ഡിലും തോറ്റു.

മതവും പ്രത്യയശാസ്ത്രവും മുറുകുമ്പോള്‍ രാജ്യം യൂണിഫോമിട്ട ഒരു കുട്ടിയായും ജനങ്ങള്‍ അച്ചടിച്ച കോപ്പികളായും മാറുന്നു. വൈവിധ്യത്തിന്റെ സ്വാഭാവികമായ സൗന്ദര്യം നശിക്കുന്നു. ഒരു രാജ്യം ഒരു ജനത ഒരു നേതാവ് എന്ന മട്ടിലുള്ള ചൊല്‍ക്കാഴ്ചകള്‍ നിറഞ്ഞാടുന്നു. ഒരു ജനതയും ഒരു നേതാവും മാത്രമായപ്പോള്‍ ജര്‍മനിയും ഇറ്റലിയും തകര്‍ന്നടിയുകയായിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ ശവമഞ്ചത്തില്‍ എന്നന്നേയ്ക്കുമായി ഉറങ്ങിപ്പോയെന്നു കരുതിയ രാജ്യങ്ങള്‍ ആ മുദ്രാവാക്യം ഉപേക്ഷിച്ചപ്പോള്‍ പതിറ്റാണ്ടുകള്‍ക്കകം തിരിച്ചുവന്നു.

രണ്ടാം ലോകയുദ്ധത്തില്‍ 75 ലക്ഷം പേരെയാണ് ജര്‍മനിക്ക് നഷ്ടമായത്. പണിയെടുക്കാന്‍ കരുത്തുള്ളവരായിരുന്നു ഇതില്‍ ഏറെയും. ഡ്രെസ്ഡെന്‍ നഗരം പൂര്‍ണമായും ഇല്ലാതായി. കൊളോണ്‍ നഗരത്തിലെ ജനസംഖ്യ ഏഴരലക്ഷത്തില്‍നിന്ന് 32,000 ആയി. ഭക്ഷണത്തിനുവേണ്ടി മനുഷ്യര്‍ തെണ്ടിനടന്നു. എന്നാല്‍, 1958-ല്‍ അവരുടെ വ്യവസായ ഉല്പന്നം ഒരു പതിറ്റാണ്ടിനു മുന്‍പുള്ളതിനേക്കാള്‍ നാലിരട്ടിയാക്കി. 1954-ല്‍ ജര്‍മനി ലോകകപ്പ് ഫുട്ബോള്‍ കിരീടം ചൂടി. ഹംഗറിയുടെ 'ഗോള്‍ഡന്‍ ടീ'മിനെയാണ് ജര്‍മനി തോല്‍പ്പിച്ചത്. 1989-ല്‍ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി അവരുടേത്.

പ്രത്യയശാസ്ത്രം മുറുക്കിക്കെട്ടിയപ്പോഴല്ല ചൈന ലോകത്തിലെ രണ്ടാമത്തെ ശക്തിയായത്, വിയറ്റ്നാം ആളോഹരി വരുമാനത്തില്‍ തായ്ലന്‍ഡിനേയും ഫിലിപ്പൈന്‍സിനേയും മറികടന്നത്, അയച്ചുകെട്ടിയപ്പോഴാണ്. 1990-ല്‍ തായ്ലന്‍ഡിന്റെ പതിമൂന്നിലൊന്നും ഫിലിപ്പൈന്‍സിന്റെ ഏഴിലൊന്നും മാത്രമായിരുന്നു വിയറ്റ്നാമിലെ ആളോഹരി വരുമാനം. 2024-ല്‍ ഈ രണ്ടു രാജ്യങ്ങളേയും വിയറ്റ്നാം മറികടന്നു.

ഒരു രാജ്യം ഒരു ജനത ഒരു മതമായിരുന്ന പാകിസ്താന്‍ രൂപംകൊണ്ട മൂന്നാമത്തെ വര്‍ഷം പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ വെടിയേറ്റ് മരിച്ചു. പ്രസിഡന്റായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ തൂക്കിക്കൊന്നു. ഭൂട്ടോയുടെ മകന്‍ മുര്‍ത്താസയും മകള്‍ ബേനസീറും വധിക്കപ്പെട്ടു. പ്രസിഡന്റ് സിയ ഉള്‍ ഹഖ് വിമാനം തകര്‍ന്നു മരിച്ചു. ചോര ഒലിച്ചുതീര്‍ന്നില്ല പാകിസ്താനില്‍.

വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിച്ചിട്ടും അല്‍ക്വെയ്ദയും ഉസാമ ബിന്‍ ലാദനും ജയിച്ചില്ല. ബിന്‍ ലാദനെ രക്ഷാകര്‍ത്താക്കള്‍ തന്നെ പിന്നെ തള്ളി. ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഭീകരവാദികളെ തള്ളി. സൗദി അറേബ്യയും ഇന്തോനേഷ്യയും അവര്‍ക്കെതിരെ നീക്കം തുടങ്ങി. ഒരിക്കല്‍ ബിന്‍ ലാദന്റെ രക്ഷകനായിരുന്നു സൗദിയിലെ മതപണ്ഡിതന്‍ സല്‍മാന്‍ അല്‍ ഒദാ. 2007-ല്‍ അദ്ദേഹം ബിന്‍ ലാദനെതിരെ രംഗത്തെത്തി.

''എന്റെ സഹോദരനായ ഒസാമാ... നീ എത്രയേറെ ചോര ഒഴുക്കി? അല്‍ക്വെയ്ദയുടെ പേരില്‍ എത്ര നിഷ്‌കളങ്കരായ മനുഷ്യരെ കൊന്നു... കുട്ടികളെ, പ്രായമായവരെ... സ്ത്രീകളെ. പതിനായിരക്കണക്കിന് അല്ല ലക്ഷക്കണക്കിനു ശവവും പേറി പരമകാരുണികനായ ദൈവത്തെ നീ എങ്ങനെ സന്തോഷത്തോടുകൂടി കാണും?''

സൗദിയിലെ മുഫ്തി അബ്ദുലസീസ് അല്‍ അഷ്-ഷെയ്ക്ക് ബിന്‍ ലാദനേയും കൂട്ടാളികളേയും വിലക്കി. രാഷ്ട്രീയ സൈനികലക്ഷ്യങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ യുവാക്കളെ സഞ്ചരിക്കുന്ന ബോംബുകളാക്കാന്‍ അനുവദിക്കില്ലന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഇടവേളകളില്‍ ഭീകരരെ അയച്ച് പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല. ഈ സഹസ്രാബ്ദത്തില്‍ ചെറുതും വലുതുമായി അന്‍പതോളം ഭീകരാക്രമണങ്ങള്‍ ഇന്ത്യയുടെ നേര്‍ക്കുണ്ടായി. പാകിസ്താന്‍ ഒന്നും നേടിയില്ല. സൈനികശക്തിയില്‍ ഇന്ത്യയാണ് മുന്നില്‍. അതു തന്ത്രപരമായി വിന്യസിപ്പിക്കുന്നതിലും പ്രയോഗസാമര്‍ത്ഥ്യത്തിലും ഇന്ത്യ തന്നെ ഒന്നാമത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യം കൂടിയാണ്.

ഭീകരതയുടെ മറുപടി വൈകാരികത കൊണ്ടല്ല, ബുദ്ധിയും ആസൂത്രണവും കൊണ്ടാണ്. വാക്കുകളുടെ വെടിക്കെട്ടില്‍ ഭീകരത ഇല്ലാതാവില്ല. 2016-ല്‍ നോട്ട് നിരോധിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞത് അതിര്‍ത്തികടന്ന ഭീകരപ്രവര്‍ത്തനം ഇതോടെ അവസാനിച്ചു എന്നാണ്. അതേ വര്‍ഷം ഉറിയില്‍ ഭീകരാക്രമണം ഉണ്ടായി. സര്‍ജിക്കല്‍ സ്ട്രൈക്കോടെ ഇന്ത്യ ഭീകരത അവസാനിപ്പിച്ചെന്നു പ്രഖ്യാപിച്ചു. ഭീകരത്താവളങ്ങള്‍ തകര്‍ത്തു.

മൂന്നു വര്‍ഷത്തിനുശേഷം പുല്‍വാമയില്‍ അര്‍ധസൈനികവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായി. ഇന്ത്യ തിരിച്ചടിച്ചു. ബാലക്കോട്ടിലെ ഭീകരകേന്ദ്രം തകര്‍ത്തു. ഉപഗ്രഹചിത്രങ്ങള്‍ ഇന്ത്യയുടെ വാദം സാധൂകരിച്ചില്ല. തെളിവ് ചോദിച്ചവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചു. ഇന്ത്യ ആയുധങ്ങള്‍ കരുതിവെച്ചിരിക്കുന്നത് ദീപാവലി ആഘോഷിക്കാനല്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ ബട്ടണമര്‍ത്തുമ്പോള്‍ പാകിസ്താനില്‍ വെടിമുഴങ്ങണമെന്നും ആഹ്വാനം ചെയ്തു. പക്ഷേ, ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചത് അമേരിക്കയാണെന്ന് അവര്‍ അവകാശപ്പെട്ടു.

US Marines walk past Japanese soldiers killed in World War II.
രണ്ടാം ലോക യുദ്ധം കൊല്ലപ്പെട്ട ജാപ്പനീസ് സൈനികരെ മറികടന്ന് പോകുന്ന യുഎസ് നാവികസേനാംഗങ്ങള്‍. സമകാലിക മലയാളം

സ്ഥിരമായ സൗഹൃദങ്ങളില്ല, താല്പര്യങ്ങള്‍ മാത്രം

2019-ല്‍ ട്രംപിന്റെ ഉദ്യോ ഗസ്ഥയായിരുന്ന ലിസ കുര്‍ട്ടിസ് 2022-ല്‍ പറഞ്ഞു: ''യു.എസ് ഉദ്യോഗസ്ഥര്‍ ഉടനീളം ഫോണിലൂടെ സംസാരിച്ച് ഒരു ആണവയുദ്ധം ഒഴിവാക്കി.'' മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ 2023-ല്‍ പുറത്തിറക്കിയ 'നെവര്‍ ഗിവ് ആന്‍ ഇഞ്ച്' എന്ന പുസ്തകത്തില്‍ ഇത് ആവര്‍ത്തിക്കുന്നു. 2019-ല്‍ ഇമ്രാന്‍ ഖാനെ അരികില്‍ നിര്‍ത്തി ട്രംപ് പറഞ്ഞത് കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇന്ത്യ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ്. ഇന്ത്യ ഉടന്‍ ആരോപണം നിഷേധിച്ചു.

പഹല്‍ഗാമില്‍ ഇന്ത്യയുടെ തിരിച്ചടി സൂക്ഷ്മമായിരുന്നു. ബൊളാരി എയര്‍ബെയ്സിലെ ഹാംഗര്‍ തകര്‍ത്തതായി ഉപഗ്രഹ തെളിവുണ്ട്. നൂര്‍ ഖാന്‍ വ്യോമ വിമാനത്താവളത്തിനു കേടുപാടേല്പിച്ചപ്പോള്‍ പാകിസ്താന്‍ അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രമിച്ചു. പാക് സൈനികകേന്ദ്രത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും 15 മൈല്‍ മാത്രം ദൂരെയാണ് നൂര്‍ ഖാന്‍.

വൈകിയില്ല, പാകിസ്താന്‍ നാഷണല്‍ കമാന്റിംഗ് അതോറിറ്റി യോഗം ചേര്‍ന്നു. ആണവപ്രയോഗത്തിന് അനുമതി നല്‍കാനാണ് ഈ യോഗം. ഈ സന്ദര്‍ഭത്തിലാണ് അമേരിക്കയുടെ ഇടപെടല്‍. യുദ്ധം തീര്‍ന്നെന്ന് ട്രംപ് അറിയിച്ചു. 'അമേരിക്ക ഫസ്റ്റ്' എന്നാണല്ലൊ ട്രംപിന്റെ മുദ്രാവാക്യം. അസ്വസ്ഥമാകുന്ന ഇന്ത്യയുടെ അതിര്‍ത്തിയില്‍ 'വലിയേട്ടന്‍' വന്നോ? വലിയ രാജ്യങ്ങള്‍ ചില 'വലിയ മനുഷ്യരെ'പ്പോലെയാണ്. അവര്‍ക്ക് സ്ഥിരമായ സൗഹൃദങ്ങളില്ല, സ്ഥിരമായ താല്പര്യങ്ങളെയുള്ളൂ.

''ആണവയുദ്ധത്തിന്റെ മുന്നറിയിപ്പുകള്‍ ഇത്തവണയും ഉണ്ടായിരുന്നു. ആണവമുഖാമുഖം'' ഒഴിവാക്കി എന്ന് ട്രംപ് അവകാശപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞത്: ''പാകിസ്താന്റെ ആണവഭീഷണി ഇന്ത്യയോട് വേണ്ട'' എന്നായിരുന്നു. അന്തരീക്ഷത്തില്‍ ആണവബോംബുകള്‍ മുരടനക്കി എന്ന സൂചന.

ഭീകരവാദികളുടെ കയ്യില്‍ ആണവപ്പുരയുടെ താക്കോലെത്തിയാല്‍ സര്‍വനാശമായിരിക്കും. ഭീകരര്‍ ആര്‍ദ്രതയുള്ളവരല്ല. സ്വന്തം ശരിയുടെ തെമ്മാടികളാണ് അവര്‍.ആണവയുദ്ധത്തിന്റെ ഭീഷണി രണ്ടാം ലോകയുദ്ധത്തിനുശേഷം രണ്ടു തവണയുണ്ടായി. രണ്ടും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍. ഒന്ന് യുദ്ധം ഇല്ലാതാക്കി മറ്റൊന്ന് യുദ്ധം ഉണ്ടാക്കി.

ആദ്യത്തേത് 1962. ക്യൂബന്‍ മിസൈല്‍ ക്രൈസിസ് എന്ന് ഇത് അറിയപ്പെടുന്നു. രണ്ട് വന്‍ശക്തികള്‍ മുഖാമുഖം വന്നു. ഒരു വശത്ത് സോവിയറ്റ് യൂണിയന്‍. മറുവശത്ത് അമേരിക്ക.

സോവിയറ്റ് ആയുധബലം അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ നിരീക്ഷിക്കുന്നതായി ക്രൂഷ്ചേവിനു തോന്നി. പ്രത്യേകിച്ച് സോവിയറ്റ് യൂണിയന്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പ്രഹരശേഷി. അസ്വസ്ഥനായ ക്രൂഷ്ചേവ് ക്യൂബയില്‍ ഹ്രസ്വദൂര മിസൈലുകള്‍ സ്ഥാപിച്ചു. അമേരിക്കന്‍ നഗരങ്ങള്‍ അതിന്റെ പരിധിയില്‍ വന്നു. പകരം, അമേരിക്ക തുര്‍ക്കിയില്‍ മിസൈലുകള്‍ വിന്യസിപ്പിച്ചു.

അമേരിക്ക ക്യൂബയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. സോവിയറ്റ് യൂണിയന്‍ മിസൈലുകള്‍ മാറ്റിയില്ലെങ്കില്‍ യുദ്ധം എന്ന് അമേരിക്ക ഉറപ്പിച്ചു. ക്രൂഷ്ചേവ് കൂസിയില്ല. സൈനികശക്തിയില്‍ അമേരിക്കയാണ് മുന്നില്‍. പക്ഷേ, സോവിയറ്റ് മിസൈലുകളില്‍ നാലഞ്ചെണ്ണമെങ്കിലും പ്രതിരോധം ഭേദിച്ച് അമേരിക്കന്‍ മണ്ണില്‍ വീഴുമെന്ന് ഉറപ്പായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി മുന്നറിയിപ്പ് നല്‍കി: ''പടിഞ്ഞാറന്‍ അര്‍ധഗോളത്തിലെ ഏതെങ്കിലും ഒരു രാജ്യത്തില്‍ ക്യൂബന്‍ മിസൈല്‍ പതിച്ചാല്‍ അത് സോവിയറ്റ് യൂണിയന്‍ അമേരിക്കയെ ആക്രമിക്കുന്നതായി കണക്കാക്കും. സൈനികമായ തിരിച്ചടി ഉണ്ടാകും.''

പിരിമുറുക്കം കൂടി. എന്നാലും കെന്നഡിക്ക് സി.ഐ.എ ഒരു ഉറപ്പ് കൊടുത്തിരുന്നു. ക്യൂബയിലുള്ള സോവിയറ്റ് മിസൈലുകളില്‍ ആണവായുധമില്ല. ആണവായുധങ്ങളുമായി സോവിയറ്റ് കപ്പലുകള്‍ ക്യുബയിലേയ്ക്ക് ഏതുസമയത്തും വരാം. അറ്റ്ലാന്റിക് സമുദ്രത്തില്‍ അത് തടുക്കാന്‍ അമേരിക്കന്‍ പടക്കപ്പലുകളും അന്തര്‍വാഹിനകളും നിരന്നു.

ലോകം ശ്വാസമടക്കിപ്പിടിച്ച 12 ദിവസം. ലോകയുദ്ധത്തിന്റെ വെടിക്കോപ്പുകള്‍ക്ക് തീ കൊളുത്തുന്ന നിമിഷത്തിലേയ്ക്ക് നെഞ്ചിടിപ്പിന്റെ കൗണ്ട് ഡൗണ്‍. 13-ാം ദിവസം കെന്നഡിക്ക് ക്രൂഷ്ച്ചേവിന്റെ കത്ത്- ക്യൂബയിലെ മിസൈലുകള്‍ പിന്‍വലിക്കാം. പകരം തുര്‍ക്കിയിലെ മിസൈലുകള്‍ പിന്‍വലിക്കണം. മഞ്ഞുരുകി, സമാധാനത്തിന്റെ പ്രാവ് അറ്റ്ലാന്റിക്കിനു മീതെ പറന്നു. സംഘര്‍ഷം കനക്കുമ്പോഴും അമേരിക്ക ഉറപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു. സോവിയറ്റ് മിസൈലുകളില്‍ ആണാവയുധം ഇല്ല.

30 വര്‍ഷം കഴിഞ്ഞ ശേഷമാണ് ആ സത്യം പുറത്തുവന്നത്. 1992. ഹവാനയില്‍ ഫിദെല്‍ കാസ്ട്രോ വിളിച്ച യോഗമാണ് വേദി. യോഗത്തില്‍ റോബര്‍ട്ട് മക്നമാറ പങ്കെടുക്കുന്നു. 1962-ല്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആയിരുന്നു മക്നമാറ.

കാസ്ട്രോ പറഞ്ഞു: ''അന്ന് 162 ആണവമിസൈലുകള്‍ ക്യൂബയിലുണ്ടായിരുന്നു.''

ഞെട്ടിപ്പോയി മക്നമാറ.

''മിസ്റ്റര്‍ പ്രസിഡന്റ്. എനിക്ക് മൂന്ന് ചോദ്യം. ചോദ്യം ഒന്ന്- ആണവായുധം ഉണ്ടായിരുന്നെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ? ചോദ്യം രണ്ട്. യുദ്ധമുണ്ടായാല്‍ ആണവായുധം പ്രയോഗിക്കാന്‍ നിങ്ങള്‍ ക്രൂഷ്‌ചേവിനോട് ആവശ്യപ്പെടുമായിരുന്നോ? ചോദ്യം മൂന്ന്. എങ്കില്‍ ക്യൂബയ്ക്ക് എന്ത് സംഭവിക്കുമായിരുന്നു?''

കാസ്ട്രോ മറുപടി പറഞ്ഞു:

ഉത്തരം ഒന്ന്. എനിക്കറിയാമായിരുന്നു. ഉത്തരം രണ്ട്. ആണവായുധം പ്രയോഗിക്കാന്‍ ആവശ്യപ്പെടും. ഉത്തരം മൂന്ന്. ക്യൂബ ഇല്ലാതാവുമായിരുന്നു.

മക്നമാറ അവസാനിപ്പിച്ചു: ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.

രണ്ടാമത്തേത് വര്‍ഷം 2003.

2001 സെപ്തംബര്‍ 11 ആണ് വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ ആക്രമണം. 20 മാര്‍ച്ച് 2003-നായിരുന്നു അമേരിക്കയുടെ പ്രത്യാക്രമണം. സൈനികനീക്കത്തിനു കാരണമായതില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്തയുമുണ്ടായിരുന്നു. മൈക്കല്‍ ഗോര്‍ഡനും ജൂഡിത്ത് മില്ലറുമായിരുന്നു റിപ്പോര്‍ട്ടര്‍മാര്‍. ആണവായുധം ഉണ്ടാക്കാനുള്ള വസ്തുക്കള്‍ സദ്ദാം ഹുസൈന്‍ അന്വേഷിക്കുന്നു എന്നായിരുന്നു വാര്‍ത്ത. ജൈവായുധവും രാസായുധവും കയ്യിലുള്ള സദ്ദാമിന് ആണവായുധം കൂടിയെത്തുന്നു. 'വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍.' ഇറാഖ് ആക്രമിക്കാന്‍ കാരണങ്ങളന്വേഷിക്കുന്ന അമേരിക്കയ്ക്ക് ഇന്ധനമായി ഈ വാര്‍ത്ത. 'ന്യൂയോര്‍ക്ക് ടൈംസ്' തുടര്‍ വാര്‍ത്തകളും കൊടുത്തുകൊണ്ടിരുന്നു. യുദ്ധത്തിന് അനുകൂലമായി അമേരിക്കന്‍ സമൂഹം. യുദ്ധം തുടങ്ങി. അമേരിക്ക ഇറാഖ് അരിച്ചുപെറുക്കിയിട്ടും ആണാവായുധ നിര്‍മാണത്തിനു തെളിവ് കിട്ടിയില്ല.

മാസങ്ങള്‍ക്കുശേഷം ന്യൂയോര്‍ക്ക് ടൈംസ് ഒന്നാം പേജില്‍ തിരുത്ത് പ്രസിദ്ധീകരിച്ചു. വാര്‍ത്ത തെറ്റായിരുന്നു. തിരുത്തിന്റെ പിന്നാലെ മുഖ്യപത്രാധിപര്‍ രാജിയും വെച്ചു. അതിനകം ഇറാഖ് പൂര്‍ണമായി തകരുകയും സദ്ദാമിനെ വധിക്കുകയും ചെയ്തിരുന്നു. ഇറാഖ് വിട്ട് അമേരിക്കയില്‍ താമസിക്കുന്ന സദ്ദാമിന്റെ ഒരു രാഷ്ട്രീയ ശത്രുവാണ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് വിവരം കൊടുത്തത്.

യുദ്ധമുണ്ടാകുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടേണ്ട വാല്‍നക്ഷത്രമല്ല സമാധാനം. യുദ്ധത്തിന്റെ 'സൈഡ് ഇഫക്ട'ല്ല. അതു സമീപനമാകണം, കാഴ്ചപ്പാടാകണം. ഭോഷ്‌കുകളെ വിശ്വസിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് നിങ്ങളെക്കൊണ്ട് ദുഷ്ടത്തരം ചെയ്യിക്കാനും കഴിയുമെന്ന് വോള്‍ട്ടയര്‍. മനുഷ്യരെ വെടിമരുന്ന് നിറച്ച കതിനക്കുറ്റികളാക്കാന്‍ ശ്രമിക്കുന്നവരെ മാറ്റിനിര്‍ത്തലാണ് സമാധാനത്തിന്റെ ഒന്നാംപാഠം. യുദ്ധം യുദ്ധത്തിനു മുന്‍പ് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് കാള്‍ വോണ്‍ ക്ലോവിറ്റ്സ്. അദ്ദേഹം അതിനെ 'യുദ്ധത്തിന്റെ മൂടല്‍മഞ്ഞ്' എന്നു വിളിക്കുന്നു. പ്രഷ്യയുടെ മിലിറ്ററി ജനറലായിരുന്നു ക്ലോവിറ്റ്സ്. യുദ്ധത്തിനും പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് പോലെ ഒരു ത്രിത്വം ഉണ്ട്. 'അനാദിയായ അക്രമം, വെറുപ്പ്, ശത്രുത.' ഒരു നയത്തിന്റെ മറ്റൊരു രീതിയിലുള്ള തുടര്‍ച്ചയാണ് യുദ്ധം എന്നും അദ്ദേഹം നിര്‍വചിക്കുന്നു. ഉറങ്ങാത്ത രാത്രികളല്ല, ഉറങ്ങുന്ന രാത്രികളാണ് ആരോഗ്യം നല്‍കുന്നത്.

സുമോട്ടു യമാഗുചി പേര് സൂചിപ്പിക്കുന്നതുപോലെ ജപ്പാന്‍കാരനാണ്. ലോകത്തിലെ ഏറ്റവും ഭാഗ്യവാനോ നിര്‍ഭാഗ്യവാനോ ആണ് യമാഗുചി. ഹിരോഷിമയില്‍ ബോംബ് പൊട്ടുമ്പോള്‍ യമാഗുചി അവിടെയുണ്ട്. കത്തിവരുന്ന ആകാശഗോളങ്ങളില്‍നിന്നും ഓടിയകന്ന് യമാഗുചി എത്തിയത് നാഗസാക്കിയിലാണ്. അവിടെ വീണ ബോംബിനും യമാഗുചി സാക്ഷിയായി. 92-ാം വയസ്സിലാണ് യമാഗുചി മരിച്ചത്. മരിക്കുന്നതിനു മുന്‍പ് യമാഗുചി ഈ ലോകത്തിന് ഒരു ഉപദേശം നല്‍കി: ''ആണവായുധങ്ങള്‍ ഉള്ള രാജ്യങ്ങള്‍ സ്ത്രീകള്‍ ഭരിക്കണം-മുലയൂട്ടുന്ന അമ്മമാര്‍. പെറ്റ വയറിനേ ജീവന്റെ വിലയറിയൂ.''

2025 മെയ് 6. പതിവുപോലെ സ്‌കൂളില്‍ പോയതാണ് സെയന്‍ അലിയും ഉര്‍വ ഫാത്തിമയും. 12 വയസ്സുള്ള ഇരട്ടക്കുട്ടികളാണ് അവര്‍. പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിലാണ് അവര്‍ പഠിക്കുന്നത്. സ്‌കൂള്‍ വിട്ടുവന്ന അവര്‍ പതിവുപോലെ ഗൃഹപാഠം ചെയ്തു. പിന്നെ കളിച്ചു. ഭക്ഷണം കഴിച്ചു. ഉറങ്ങി. അന്ന് രാത്രി പാകിസ്താന്റെ ഒരു ഷെല്ല് പതിച്ചത് ഇവരുടെ വീടിനടുത്താണ്. ഉര്‍വ അവിടെ വെച്ചുതന്നെ മരിച്ചു. കൈ വേര്‍പെട്ടുപോയി. സെയ്ന്‍ തെറിച്ചുപോയി. ആരോ കൃത്രിമ ശ്വാസം കൊടുക്കുന്നുണ്ടായിരുന്നു. അയാളുടെ ജാതിയും മതവുമൊന്നും ആര്‍ക്കും അറിയില്ല. സെയ്നും മരിച്ചു.

ആരാണ് ഇവരെ കൊന്നത്? മതം? ദേശസ്‌നേഹം? ഭീകരവാദം? അല്ലെങ്കില്‍ വായും കണ്ണും മൂക്കും ചെവിയും ഇല്ലാത്ത ഒരു ഷെല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com