ആന്‍ ഫ്രാങ്ക്: സഹൃദയ ലോകത്തിന്റെ നിത്യനൊമ്പരം

Image of Anne frank
ആന്‍ ഫ്രാങ്ക്Google
Updated on
5 min read

കുഞ്ഞ് ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ലോകം മുഴുവന്‍ ഇവളുടെ പിറന്നാള്‍ ആഘോഷിക്കുമായിരുന്നു... 96-ാം പിറന്നാള്‍.

ജന്മനാടായ ഫ്രാങ്ക്ഫര്‍ട്ടില്‍ വലിയ തോതില്‍ സുഗന്ധദ്രവ്യ ബിസിനസ് നടത്തിയിരുന്ന ഓട്ടോ ഫ്രാങ്ക് എന്ന ചെറുപ്പക്കാരന്‍, ഭാര്യ ഈഡിത്തിനേയും ഏഴും നാലും വയസുള്ള മക്കള്‍ മാര്‍ഗോട്ടിനേയും ആനിനേയുംകൊണ്ട് 1933-ന്റെ മധ്യത്തില്‍ നാസി ജര്‍മനിയില്‍നിന്ന് ഒളിച്ചോടി ആംസ്റ്റര്‍ഡാമിലെത്തി. അവിടെയും അദ്ദേഹം സുഗന്ധദ്രവ്യങ്ങളുടെ ബിസിനസ് വിജയകരമായി തുടര്‍ന്നു. മക്കളെ സ്‌കൂളുകളില്‍ ചേര്‍ത്തു. വലിയ കുഴപ്പങ്ങളില്ലാതെ ജീവിതം മുന്നോട്ടു നീങ്ങുന്നതിനിടെ 1940 മെയ് മാസത്തില്‍ നാസിപ്പട ഹോളണ്ട് പിടിച്ചടക്കി. സുരക്ഷിതമെന്നു വിചാരിച്ച് അഭയംതേടിയ സ്ഥലത്തും നാസികളെത്തി. ജൂതരെ തിരഞ്ഞുപിടിച്ച് നാസികള്‍ ജര്‍മന്‍ അധിനിവേശ യൂറോപ്പിലെമ്പാടുമുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് കന്നുകാലികളെപ്പോലെ കുത്തിനിറച്ചു കൊണ്ടുപോകുന്ന അരക്ഷിതകാലം.

ഫ്രാങ്ക്ഫര്‍ട്ടിലേതുപോലെത്തന്നെ ആംസ്റ്റര്‍ഡാമിലും ഓട്ടോഫ്രാങ്ക് ബിസിനസ് തുടര്‍ന്നു. ഏതാനും സഹായികളുമുണ്ട്. പക്ഷേ, നാസികള്‍ ജൂതരെ വേട്ടയാടുന്ന കഥകള്‍ എമ്പാടും ഭയം വിതച്ചു. ജൂതരുടെ ജീവിതം ദുസ്സഹവും ദുരിതപൂര്‍ണവുമായി.

1933-ലെ പൊതു തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയ നാസി പാര്‍ട്ടിയുടെ തലവന്‍ ഹിറ്റ്ലര്‍ ജര്‍മനിയുടെ ചാന്‍സലര്‍ ആയി അധികാരമേറ്റത് മുതല്‍ പടയൊരുക്കമായിരുന്നു. അയാള്‍ക്ക് യൂറോപ്പ് മുഴുവന്‍ പിടിച്ചെടുക്കണം. യഹൂദ ജനതയെ പൂര്‍ണമായും ഉന്മൂലനം ചെയ്യണം എന്നയാള്‍ പ്രചരിപ്പിച്ചു.

''1939 ഒന്നിന് ജര്‍മനി പോളണ്ട് കീഴടക്കിയതോടെ രണ്ടാം ലോകമഹായുദ്ധം തുടങ്ങി. യൂറോപ്പിലെ മുഴുവന്‍ രാജ്യങ്ങളോടും പൊരുതുന്നതിനൊപ്പം ജര്‍മനി യഹൂദരെ ഉന്മൂലനം ചെയ്യുന്ന തിരക്കിലുമായി. അകത്തും പുറത്തും യുദ്ധം.

യൂറോപ്പിലെമ്പാടും നിര്‍മിച്ച തടങ്കല്‍ പാളയങ്ങളിലേയ്ക്ക് ജൂതരെ നിറച്ച വണ്ടികള്‍ രാപകല്‍ നിരന്തരം ഒഴുകി. അതില്‍ ഏറ്റവും വലിയ കേന്ദ്രം ഓഷ്വിറ്റ്സ് ആയിരുന്നു. ഇവിടെ മാത്രം 13 ലക്ഷം ജൂതരെയാണ് കൊണ്ടുവന്നത്. അതില്‍ 11 ലക്ഷത്തെ മൂന്നു വര്‍ഷത്തിനിടെ കൊന്നൊടുക്കി.

പണിയെടുപ്പിക്കാനും പരീക്ഷണങ്ങള്‍ നടത്താനും ജൂതരെ ഉപയോഗിച്ചു. നാലാള്‍ക്ക് പാര്‍ക്കാവുന്നിടത്തു നാല്‍പ്പതാളെ കുത്തിനിറച്ചു. സ്വദേശത്തെ സമ്പാദ്യമെല്ലാം ഉപേക്ഷിച്ചു കയ്യിലെടുക്കാവുന്നതൊക്കെ പ്രതീക്ഷകളോടെ കൊണ്ടുവന്നവരുടെ കയ്യില്‍ അവശേഷിച്ചിരുന്ന സകലതും നാസികള്‍ പിടിച്ചെടുത്തു. വസ്ത്രം, ആഭരണം, പാത്രങ്ങള്‍, ചെരുപ്പുകള്‍, കുട്ടകള്‍, പെട്ടികള്‍, സഞ്ചികള്‍ എന്നുവേണ്ട സകലതും കൊള്ളയടിച്ചു. അവരുടെ തലമുടി വടിച്ചെടുത്തു. സ്വര്‍ണപ്പല്ലുകള്‍ ചവണകൊണ്ട് പറിച്ചെടുത്തു. ആകെ അവര്‍ക്കുള്ളത് തടവുപുള്ളികളുടെ വരയന്‍ കുപ്പായം. കിടക്കാന്‍ വൈക്കോലിന്റേയും ചണത്തിന്റേയും വിരിപ്പുകള്‍. തടികൊണ്ടുള്ള തട്ടു പലകകളില്‍ ഒന്നു തിരിയാനിടമില്ലാത്തവിധം തിങ്ങിഞെരുങ്ങി കിടപ്പ്. എട്ടുപത്തു പേര്‍ ഒന്നിച്ചിരിക്കുന്ന കക്കൂസ് മുറികള്‍. കാലിത്തൊഴുത്തിനേക്കാള്‍ വൃത്തിഹീനമായ ഇടങ്ങള്‍.''

ഈ കാലത്ത് ആംസ്റ്റര്‍ഡാമില്‍ ഫ്രാങ്ക് കുടുംബം വലിയ പ്രശ്‌നങ്ങളില്ലാതെ ജീവിച്ചുപോന്നു. അതിനിടെ 1942 ജൂണ്‍ 12-ന് ഇളയ മകള്‍ ആനിന്റെ 13-ാം പിറന്നാള്‍ ദിനത്തില്‍ ഓട്ടോ അവള്‍ക്കൊരു സമ്മാനം കൊടുത്തു. അവള്‍ കൗമാരക്കാരിയായിരിക്കുന്നു.

ഒരു മാസം കഴിഞ്ഞ്, 1942 ജൂലൈ നാലിന് ഫ്രാങ്ക് കുടുംബത്തിലെ മൂത്തമകള്‍ മാര്‍ഗോട്ടിന് ഒരു കത്ത് കിട്ടി. ജൂതരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന നാസി ലേബര്‍ ക്യാമ്പില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക. വരാന്‍പോകുന്ന അപകടം തിരിച്ചറിഞ്ഞ ഓട്ടോ ഫ്രാങ്ക് മകളെ അങ്ങോട്ട് വിട്ടില്ല. മറിച്ച്, ഒരു കനാല്‍ തീരത്തെ പ്രിന്‍സെന്‍ഗ്രാഷ് തെരുവിലെ വസതിയുടെ പിന്‍ഭാഗത്ത് ആരുടേയും കണ്ണില്‍പ്പെടാത്ത ഒരു ഒളിത്താവളത്തിലേക്ക് കുടുംബവുമൊത്ത് പിറ്റേന്നു തന്നെ താമസം മാറ്റി.

അവിടത്തെ ജീവിതം അതിസാഹസികമായിരുന്നു. ശബ്ദമുണ്ടാക്കാന്‍ പാടില്ല. ഉറക്കെ ചിരിക്കാന്‍ പറ്റില്ല. പുറത്ത് പോകാനേ പറ്റില്ല. കൂട്ടുകാരില്ല, യാത്രയില്ല. കുളിയും പാചകവുമൊക്കെപ്പോലും ശബ്ദം നിയന്ത്രിച്ചുതന്നെ.

നിറയെ തടിയന്‍ ഫയലുകളും നോട്ട് ബുക്കുകളുമൊക്കെ വെച്ചിരിക്കുന്ന, കറങ്ങുന്ന ഒരു തടി അലമാരയ്ക്ക് പിന്നിലാണ് രഹസ്യത്താവളത്തിലേയ്ക്കുള്ള ആദ്യ വാതില്‍. ഈ അലമാരി ഭിത്തിയിലേയ്ക്ക് ചേര്‍ത്തുവെച്ചാല്‍ അതിനപ്പുറം എന്തെങ്കിലുമുണ്ടെന്നു തോന്നത്തേയില്ല. അതിനപ്പുറം ചെറിയ വാതിലുകളും മുറികളും ഇടനാഴികളും ഇടുങ്ങിയ കോവണിപ്പടികളുമൊക്കെയായി നാലു നിലകളിലായിട്ടാണ് ഈ ഒളിത്താവളം. ഒളിച്ചു താമസിക്കാന്‍വേണ്ടി മാത്രം നിര്‍മിച്ചതാണോയെന്ന് നമുക്കു തോന്നിപ്പോകുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മിതി. നാലുമുറികളുള്ള ഈ രഹസ്യകേന്ദ്രത്തില്‍ ഫ്രാങ്ക് കുടുംബത്തോടൊപ്പം അവരുടെ ബിസിനസ് സഹായികളായ മറ്റു രണ്ടു കുടുംബങ്ങള്‍കൂടി പാര്‍ത്തിരുന്നു.

മാര്‍ബിള്‍പലക വിരിച്ച അടുക്കളയിലെ പാചകത്തട്ട്, പാത്രങ്ങള്‍, അടുപ്പ്, കക്കൂസ്, ഫ്‌ലഷ്ടാങ്ക്, കട്ടിലുകള്‍, ഒക്കെ അതേപോലെത്തന്നെ. കക്കൂസിന്റെ മുന്നിലൊരു കുറിപ്പുണ്ട്, ഒളിത്താവളത്തില്‍ പാര്‍പ്പ് തുടങ്ങിയിട്ട് ഏഴാംദിവസം ആന്‍ എഴുതിയതാണ്. പകല്‍നേരങ്ങളില്‍ ഞങ്ങള്‍ക്കു തീരെ ഒച്ചയുണ്ടാക്കാതെ വേണ്ടിയിരുന്നു നടക്കാനും സംസാരിക്കാനും. താഴെ പണിയെടുക്കുന്നവര്‍ ഞങ്ങളെ കേള്‍ക്കാന്‍ പാടില്ല. വെള്ളം ഫ്‌ലഷ് ചെയ്യുമ്പോള്‍ ശബ്ദം കേട്ട് ആളുകള്‍ക്ക് സംശയം തോന്നും. കക്കൂസില്‍ പോകുന്നതും കുളിക്കുന്നതും കഴിയുന്നത്ര കുറയ്ക്കാന്‍ അമ്മ ഈഡിത് എല്ലാവരോടും നിര്‍ദേശിച്ചിരുന്നു, ശബ്ദം കുറയ്ക്കാന്‍ വേണ്ടി.

രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ കുടുംബവുമൊത്ത് ആന്‍ ഫ്രാങ്ക് ഹൗസ് സന്ദര്‍ശിച്ചു. ആന്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന മേശയും കസേരയും നോക്കിനിന്നപ്പോള്‍ ഞാന്‍ എന്റെ മനസ്സ് വിറകൊണ്ടു. അവളുടെ കയ്യക്ഷരം കണ്ടുനില്‍ക്കുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. ചില്ലുകൂട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഡയറികള്‍ എന്നെ വിസ്മയിപ്പിച്ചു. അവിടെയും ഇവിടെയുമൊക്കെ വെട്ടും തിരുത്തുമുണ്ടെങ്കിലും മനോഹരമായ ചാഞ്ഞുചെരിഞ്ഞ അക്ഷരങ്ങളില്‍ ആ പതിനാലുകാരി കുറിച്ചിട്ട മഹത്തായ ആശയങ്ങളും ആഗ്രഹങ്ങളും ചിന്തകളും എളിയ മോഹങ്ങളും നൊമ്പരങ്ങളും നമ്മുടെ കണ്ണ് നിറയ്ക്കും.

ഈ രഹസ്യത്താവളത്തിലിരുന്ന് ആന്‍ എന്ന പെണ്‍കുട്ടി അവളറിഞ്ഞതും ആഗ്രഹിച്ചതും ചിന്തിച്ചതുമൊക്കെ ഡയറിയില്‍ എഴുതിവെച്ചു.

അവളുടെ അഭിരുചികളും പ്രതിഭയും തിരിച്ചറിഞ്ഞിട്ടാവണം പിതാവ് അങ്ങനെയൊരു സമ്മാനം കൊടുത്തത്. അത് ലോകചരിത്രത്തിലെ ഒരു അമൂല്യനിധിയായി മാറുമെന്ന് ആ പിതാവും മകളും അന്ന് സ്വപ്നംപോലും കണ്ടിട്ടില്ല. എന്നാല്‍, അത് സംഭവിക്കുന്നത് ആ പിതാവ് നേരിട്ട് കണ്ടു. മകളെ നഷ്ടമായെങ്കിലും ആ ഡയറിയിലൂടെ അവള്‍ കാലത്തെ അതിജീവിക്കുന്നത് കണ്ട് അദ്ദേഹം ഇത്തിരിയെങ്കിലും ആശ്വസിച്ചിട്ടുണ്ടാവും.

Image of Anne Frank Family
അമ്മ എഡിത്ത് ഫ്രാങ്ക്, ആന്‍ ഫ്രാങ്ക്, മാര്‍ഗോറ്റ്Google

ഡയറിയെ പ്രിയപ്പെട്ട കൂട്ടുകാരിയായി സങ്കല്പിച്ച് അവള്‍ അതിനു കിറ്റി എന്നു പേരിട്ടു. ഡയറി കിട്ടി രണ്ടു ദിവസത്തിനുശേഷം 1942 ജൂണ്‍ 14-നാണ് അവള്‍ അതില്‍ ആദ്യമായി എഴുതിയത്. കിറ്റിയുമായി സകലതും പങ്കുവെയ്ക്കാന്‍ തനിക്ക് കഴിഞ്ഞേക്കുമെന്നും കിറ്റി എല്ലാ പിന്തുണയും തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് ആന്‍ ആദ്യമായി ഡയറിയില്‍ കുറിച്ചത്.

''ഒരു പത്രപ്രവര്‍ത്തക ആകണമെന്നാണ് എന്റെ ആഗ്രഹം. പിന്നീട് അറിയപ്പെടുന്ന എഴുത്തുകാരി ആകണമെന്നും.'' ഒളിത്താവളത്തിലെ അനുഭവങ്ങള്‍ വെച്ച് 'The Secret Annexe' എന്നൊരു പുസ്തകം എഴുതുമെന്ന് അവള്‍ കുറിച്ചിട്ടു. പക്ഷേ, അങ്ങനെയൊന്നെഴുതാന്‍ കാലം അവളെ അനുവദിച്ചില്ല. ഒരു ഡയറികൊണ്ട് തന്നെ സാഹിത്യലോകത്ത് അനശ്വര സ്ഥാനമുറപ്പിച്ച ആന്‍ ജീവിച്ചിരുന്നെങ്കില്‍ ലോകസാഹിത്യത്തിലെ അത്യുജ്ജ്വല പ്രതിഭാ നക്ഷത്രമാകുമായിരുന്നു.

രണ്ടു വര്‍ഷത്തിലധികം നീണ്ട ഒളിവാസത്തിനിടെ ഒരിക്കല്‍ മാത്രമാണ് ആന്‍ പുറത്തു മുഖം കാണിച്ചത്. അയലത്തൊരു കല്ല്യാണം നടന്നപ്പോള്‍, വധൂവരന്മാരെ കാണാന്‍ ബാല്‍ക്കണിയില്‍ വന്ന് എത്തിനോക്കുന്ന ആനിന്റെ ഏതാനും സെക്കന്റുകള്‍ നീളമുള്ള വീഡിയോ. അതാണ് ആനിന്റെ ഒരേയൊരു വീഡിയോ ചിത്രം.

ഡയറിയില്‍നിന്നുള്ള നിരവധി ഉദ്ധരണികള്‍ ഓരോ മുറിയിലും വലിയ ബോര്‍ഡുകളില്‍ എഴുതി തൂക്കിയിരിക്കുന്നു. ഏതാനും ചിലത് നോക്കാം.''എന്തൊക്കെയായാലും മനുഷ്യര്‍ അടിസ്ഥാനപരമായി നന്മയുള്ളവരാണ് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. എഴുതാന്‍ എനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍, അതിനേക്കാളും എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ അടിഞ്ഞുകിടക്കുന്നതെല്ലാം പുറത്തുകൊണ്ടുവരാനാണ് എന്റെ ആഗ്രഹം. എല്ലാ ദുരിതങ്ങളേയുംപറ്റി ഞാന്‍ ആലോചിക്കാറില്ല. ഇനിയും ബാക്കിയുള്ള സൗന്ദര്യത്തെപ്പറ്റിയാണ് ഞാന്‍ ചിന്തിക്കുന്നത് സന്തുഷ്ടരായ മനുഷ്യര്‍ മറ്റുള്ളവരേയും സന്തോഷിപ്പിക്കും... ഭയാനകമായ കാര്യങ്ങളാണ് പുറത്ത് നടക്കുന്നത്. നിസ്സഹായരായ പാവങ്ങള്‍ വീടുകളില്‍നിന്നു വലിച്ചിറക്കപ്പെടുന്നു.

കുടുംബങ്ങള്‍ ചിതറിക്കപ്പെടുന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും വേര്‍തിരിക്കപ്പെടുന്നു. സ്‌കൂള്‍ വിട്ട് വരുന്ന കുട്ടികള്‍ മാതാപിതാക്കള്‍ അപ്രത്യക്ഷരായതായി കാണുന്നു. പ്രത്യാശയുള്ളിടത്തു ജീവിതമുണ്ട്. അത് നമ്മെ കൂടുതല്‍ ശക്തരും ധീരരുമാക്കും...ലോകത്തെക്കുറിച്ചും സ്വന്തം ജീവിതത്തെക്കുറിച്ചും മഹത്തായ അനേകം സ്വപ്നങ്ങള്‍ നെയ്ത ആ കുരുന്നു പ്രതിഭയും കുടുംബവും ഈ അറകളില്‍ എത്ര വീര്‍പ്പുമുട്ടിയിട്ടുണ്ടാകും. അതുപോലെ വേറെയും ആയിരക്കണക്കിനു നിസ്സഹായരുടെ ജീവിതം നമ്മുടെ ഭാവനകള്‍ക്കപ്പുറമാണ്. മരണത്തിനപ്പുറവും ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അവള്‍ ഡയറിയില്‍ എഴുതി. എനിക്കുവേണ്ടി മാത്രമാണ് ഞാന്‍ എപ്പോഴും എഴുതുന്നത്. പക്ഷേ, അതിലും കൂടുതല്‍ കൈവരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടാനും സകല മനുഷ്യര്‍ക്കും സന്തോഷം പകരാനും ഞാന്‍ ആഗ്രഹിക്കുന്നു. മരണത്തിനപ്പുറവും ജീവിക്കാന്‍ ഞാന്‍ കൊതിക്കുന്നു...

യഹൂദര്‍ക്കു സകലതും വിലക്കപ്പെട്ടിരുന്ന, നിഷേധിക്കപ്പെട്ടിരുന്ന ആ കാലത്ത് അതി സാഹസികമായി വല്ലപ്പോഴും പുറത്തുപോയി എന്തെങ്കിലും വാങ്ങിച്ചും ഒളിച്ചു താമസിക്കാന്‍ സഹായിച്ച മെയ്പ് ഗീസ് കുടുംബത്തിന്റെ സഹായത്തിലുമാണ് ഓട്ടോ ഫ്രാങ്ക് കുടുംബത്തെ പോറ്റിയത്.1944 ഓഗസ്റ്റ് നാലിന് കാള്‍ സില്‍ബാബുറിന്റെ നേതൃത്വത്തില്‍ ഒരു നാസി പൊലീസ് സംഘം ഓട്ടോയുടെ ഒളിത്താവളത്തില്‍ ഇരച്ചുകയറി. ഒളിച്ചുകഴിഞ്ഞ എട്ടുപേരേയും അറസ്റ്റ് ചെയ്തു. വിലപിടിപ്പുള്ളതൊക്കെ അവര്‍ പിടിച്ചെടുത്തു ബാഗിലാക്കി. ബാഗിലുണ്ടായിരുന്ന ബുക്ക് കടലാസുകള്‍ നിലത്ത് വിതറി. അതുകണ്ട് ആനും മാര്‍ഗോട്ടും നിശ്ശബ്ദരായി വിതുമ്പി. ദിവസങ്ങള്‍ക്കുശേഷം അവരുടെ ട്രെയിന്‍ ഓഷ്വിട്സിലെത്തിയപ്പോള്‍ പ്ലാറ്റഫോമില്‍ വെച്ചുതന്നെ സകലരും സ്ത്രീകള്‍, പുരുഷന്മാര്‍ എന്നു വേര്‍തിരിക്കപ്പെട്ടു. പിന്നീട് കുട്ടികളേയും അമ്മമാരില്‍നിന്നു വേര്‍പെടുത്തി. ആ നേരത്തെ മാര്‍ഗോട്ടിന്റെ കണ്ണുകളിലെ നിസ്സഹായതാഭാവം ഞാന്‍ വേദനയോടെ എന്നുമോര്‍ക്കും എന്ന് ഓട്ടോ പിന്നീട് പറഞ്ഞു.

ഒളിവില്‍ കഴിയുമ്പോഴത്തെ ഓട്ടോയെക്കുറിച്ച് മീപ് ഗീസ് ഇങ്ങനെ പറയുന്നു. അദ്ദേഹം തികച്ചും ശാന്തനും വിവേകമതിയും കുട്ടികളെ ഒരുപാട് സ്‌നേഹിച്ച പിതാവുമായിരുന്നു. അവരുടെ നല്ല അദ്ധ്യാപകനും കരുതലുള്ള നേതാവുമായിരുന്നു അദ്ദേഹം. 761 ദിവസത്തെ ഒളിജീവിതം എങ്ങനെയായിരുന്നു എന്നറിയാന്‍ ആനിന്റെ ഡയറി തന്നെ വായിക്കണം.

മാര്‍ഗോട്ടും ഒരു ഡയറി സൂക്ഷിച്ചിരുന്നതായി ആന്‍ എഴുതിയിട്ടുണ്ട്. ''ഇന്നലെ ഞങ്ങള്‍ ഒരു കട്ടിലിലാണ് കിടന്നത്. വളരെ ഞെരുക്കമായിരുന്നു. എന്റെ ഡയറി വായിക്കാന്‍ തരാമോ എന്ന് അവള്‍ ചോദിച്ചു. കുറച്ചൊക്കെ വായിക്കാന്‍ തരാം. പക്ഷേ, എനിക്ക് അവളുടെ ഡയറിയും വായിക്കണമെന്നു ഞാന്‍ പറഞ്ഞു.''പക്ഷേ, മാര്‍ഗോട്ടിന്റെ ഡയറി ലോകത്തിനു കിട്ടിയില്ല.

മാര്‍ഗോട്ടിനെക്കുറിച്ച് മീപ് ഗീസ് ഇങ്ങനെ എഴുതുന്നു: ''മാര്‍ഗോ സൗമ്യയും ശാന്തയുമായിരുന്നു. പലപ്പോഴും അവള്‍ രഹസ്യകേന്ദ്രത്തില്‍ ഒറ്റപ്പെട്ടിരുന്നു.'' എന്റെ വിചാര വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ പറ്റിയ ഒരാളെ കണ്ടെത്താന്‍ ഈ സാഹചര്യത്തില്‍ എനിക്ക് കഴിയുമെന്നു തോന്നുന്നില്ല എന്ന് മാര്‍ഗോട് ഒരിക്കല്‍ ആനിനോട് ഖേദത്തോടെ പറഞ്ഞു.

യുദ്ധാവസാനം 1945 ഏപ്രില്‍ മാസത്തില്‍ റഷ്യന്‍ സൈന്യം ഓഷ്വിട്സ് പിടിച്ചെടുത്തപ്പോള്‍ രക്ഷപ്പെട്ട ഭാഗ്യശാലികളുടെ കൂട്ടത്തില്‍ ഓട്ടോഫ്രാങ്കുമുണ്ടായിരുന്നു. വൈകാതെ പഴയ താവളത്തില്‍ മടങ്ങിയെത്തിയ ഓട്ടോഫ്രാങ്ക് ഭാര്യയും മക്കളും തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ രണ്ടുമാസം എല്ലാ ദിവസവും ആംസ്റ്റര്‍ഡാം റെയില്‍വേ സ്റ്റേഷനില്‍ പോയി കാത്തുനിന്നു, ഒടുവില്‍, അവരിനി ഒരിക്കലും വരില്ല എന്ന ദുഃഖസത്യത്തെ അദ്ദേഹം അംഗീകരിച്ചു. നാസി പൊലീസ് നിലത്തെറിഞ്ഞ കടലാസുകള്‍ ആനിന്റെ ഡയറിക്കുറിപ്പുകളായിരുന്നു. അത് പെറുക്കിയെടുത്ത് സൂക്ഷിച്ച മീപ് ഗീസ് അത്, ഓഷ്വിട്സില്‍നിന്നു മടങ്ങിയെത്തിയ ഓട്ടോയെ ഏല്പിച്ചു. തന്റെ മകളുടെ മഹത്തായ ചിന്തകളും സ്വപ്നങ്ങളും നിറഞ്ഞ ആ കുറിപ്പുകള്‍ അദ്ദേഹം വികരാധീനനായി പലയാവര്‍ത്തി വായിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു:

അവളുടെ വിചാരങ്ങളുടെ ആഴത്തെപ്പറ്റി എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. അവളുടെ മനസ്സില്‍ ഇത്രയൊക്കെയുണ്ടായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ഖേദത്തോടെ ഞാന്‍ ഏറ്റുപറയട്ടെ.

1947-ല്‍ ആ ഡയറി അദ്ദേഹം ഡച്ചു ഭാഷയില്‍ പ്രസിദ്ധീകരിച്ചു. 1953-ല്‍ ഇംഗ്ലീഷിലും. പുസ്തകം വളരെ വേഗം അനേകം ഭാഷകളിലേയ്ക്ക് മൊഴിമാറ്റപ്പെട്ടു. ഇതുവരെ 70 ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പുസ്തകം ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും വായിക്കപ്പെട്ട പുസ്തകങ്ങളുടെ തലപ്പത്തുണ്ട്. 1953-ല്‍ ഓട്ടോ ഫ്രാങ്ക് എല്‍ഫ്രീഡ് ഗീറിങ്ങര്‍ എന്ന വിധവയെ വിവാഹം കഴിച്ചു സ്വിറ്റ്സര്‍ലണ്ടിലെ ബാസലിലേയ്ക്ക് താമസം മാറ്റി.

1980-ല്‍ '91-ാം വയസില്‍ ഓട്ടോ ഫ്രാങ്ക് അന്തരിച്ചു. ദുരിതകാലത്ത് ആ കുടുംബത്തെ സംരക്ഷിക്കുകയും ആനിന്റെ ഡയറി സൂക്ഷിച്ചുവെയ്ക്കുകയും ചെയ്ത മെയ്പ് ഗീസ് 101-ാം വയസ്സില്‍ 2006-ല്‍ മരിച്ചു. അവരുടെ കരുതലും ദീര്‍ഘദര്‍ശനവും ഇല്ലായിരുന്നെങ്കില്‍ ആന്‍ ഫ്രാങ്ക് ആരെന്നു ലോകം അറിയാതെപോയേനെ. ആന്‍ ഇങ്ങനെ എഴുതുന്നു: ''മറ്റു പലരുടേതുംപോലെ വ്യര്‍ത്ഥമായ ഒരു ജീവിതമല്ല ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെട്ടും അവരെ സന്തോഷിപ്പിച്ചു ജീവിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. മരണശേഷവും ജീവിച്ചിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

മരണത്തിനപ്പുറവും ജീവിക്കാന്‍ ഞാന്‍ കൊതിക്കുന്നു... I want to go on living even after my death!'ഇങ്ങനെയൊക്കെ സ്വപ്നം കണ്ട കുരുന്നു പെണ്‍കുട്ടി നാസി തടവറയില്‍ അനുഭവിച്ച നൊമ്പരം നമ്മുടെ ഭാവനയ്ക്കപ്പുറമാണ്. ആന്‍ ഫ്രാങ്ക് എന്നും ലോകമനസ്സാക്ഷിയുടെ നൊമ്പരമാണ്. എന്തായാലും അവളുടെ സ്വപ്നം സത്യമായി. മരിച്ചിട്ട് 80 വര്‍ഷം കഴിഞ്ഞിട്ടും ആ നിഷ്‌കളങ്ക പുഞ്ചിരിയും ഡയറിയുമായി ആന്‍ ഇന്നും ജനമനസ്സുകളില്‍ ജീവിച്ചിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com