കുട്ടികള്‍ മാറി, രക്ഷിതാക്കളോ? സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള രക്ഷാകര്‍തൃ ശൈലികള്‍

Schools
സ്‌കൂള്‍ കുട്ടികള്‍പ്രതീകാത്മക ചിത്രം
Updated on
5 min read

സര്‍, ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് ഞങ്ങളവനെ ഇതുവരെ വളര്‍ത്തിയത്. പഠിക്കാന്‍ എല്ലാ സൗകര്യങ്ങളും നല്‍കി. ഇഷ്ടപ്പെട്ട ഭക്ഷണവും വസ്ത്രവുമൊക്കെ നല്‍കി. പഠിക്കാന്‍ എല്ലാ സൗകര്യങ്ങളുമൊക്കെ നല്‍കി. എന്നിട്ടും...! ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയില്ല.'' കഞ്ചാവ് കേസില്‍ കുറ്റാരോപിതനായ ഒരു 15 വയസ്സുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പില്‍ ഹാജരാക്കിയപ്പോള്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് അവന്റെ അമ്മ പറഞ്ഞ വാക്കുകളാണിവ. പ്രതീക്ഷകള്‍ നഷ്ടപ്പെട്ടതുപോലെ ഒപ്പമുണ്ടായിരുന്ന അച്ഛന്റെ കണ്ണുകളും നിറയുന്നത് കാണാമായിരുന്നു.

കുറ്റാരോപിതരായി പിടിക്കപ്പെടുന്ന ഏതാണ്ട് എല്ലാ കുട്ടികളുടേയും മാതാപിതാക്കള്‍ പൊതുവെ പറയുന്ന കാര്യമാണിത്. കുട്ടിയുടെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, താമസ സൗകര്യം, വിദ്യാഭ്യാസം തുടങ്ങിയവ നല്‍കിയാല്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റി എന്നും അതിലൂടെ കുട്ടികള്‍ മികച്ചവരായി വളരുമെന്നുമുള്ള വിശ്വാസം സമൂഹത്തിലെ നല്ലൊരു വിഭാഗം മാതാപിതാക്കള്‍ക്കും ഇപ്പോഴുമുണ്ട് എന്നതിന് ഒരുദാഹരണം മാത്രമാണിത്. എന്നാല്‍, ഇത്തരത്തില്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയതുകൊണ്ടുമാത്രം കാര്യമില്ല എന്നാണ് സമീപകാല സംഭവങ്ങള്‍ കാണിക്കുന്നത്.

അത്ര വ്യാപകമല്ലെങ്കില്‍ കൂടി മയക്കുമരുന്ന്/ലഹരി വസ്തുക്കളുടെ ഉപഭോഗവും വില്‍പ്പനയും മോഷണം, കൂട്ടത്തല്ല്, കൊലപാതകം, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍, ഒളിച്ചോട്ടം, അപകടങ്ങള്‍ വിളിച്ചുവരുത്തുന്ന രീതിയിലുള്ള സാഹസിക യാത്രകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ അകപ്പെടുകയോ ചെയ്യുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നത് മാതാപിതാക്കള്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാത്തതുകൊണ്ടാണ് എന്നു പറയാന്‍ സാധിക്കുമോ? പരമ്പരാഗത രക്ഷാകര്‍തൃ ശൈലിയിലും സമീപനത്തിലും മാറ്റം വരുത്തേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

The Cabinet meeting approved the recommendations of the Khader committee report
സ്‌കൂള്‍ കുട്ടികള്‍, ഫയല്‍ ചിത്രം

രക്ഷാകര്‍തൃത്വം ചരിത്രം ഇങ്ങനെ

പരിമിതമായ ഉത്തരവാദിത്വങ്ങള്‍ മാത്രം നിറവേറ്റിരുന്ന മാതാപിതാക്കളില്‍നിന്നു കുട്ടിയുടെ ഉത്തമ താല്പര്യം സംരക്ഷിച്ചുകൊണ്ട് അവന്റെ/അവളുടെ വളര്‍ച്ചയും വികാസവും ലക്ഷ്യമിട്ടുകൊണ്ടു പ്രവര്‍ത്തിക്കുന്ന രക്ഷാകര്‍ത്താക്കളിലേക്കുള്ള മാറ്റം വിവിധ കാലഘട്ടങ്ങളിലൂടെ സാവധാനം സംഭവിച്ചതാണ്. പ്രസ്തുത മാറ്റങ്ങളിലൂടെ ഒന്നു കണ്ണോടിക്കുമ്പോള്‍ മാത്രമാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്ന ആനുകാലിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും 'ഇനിയെന്ത്?' എന്ന ചോദ്യത്തിന് ഉത്തരം തേടാനും സാധിക്കുകയുള്ളൂ.

പ്രധാനമായും ഗോത്രവര്‍ഗ വ്യവസ്ഥയിലും പിന്നീട് ഫ്യൂഡല്‍ വ്യവസ്ഥിതിയിലും അധിഷ്ഠിതമായിരുന്ന പ്രാചീനകാലം മുതല്‍ മധ്യകാലംവരെയുള്ള കാലഘട്ടത്തില്‍ സാമൂഹികമായ പാരമ്പര്യങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയുള്ള സാമൂഹ്യ ജീവിതമാണ് നിലവിലുണ്ടായിരുന്നത്. പ്രധാന വരുമാനമാര്‍ഗങ്ങള്‍ വേട്ടയാടല്‍, കൃഷി തുടങ്ങിയ പ്രാഥമിക തൊഴിലുകള്‍ ആയിരുന്നതിനാല്‍ ചെറുപ്പം മുതല്‍ത്തന്നെ കുട്ടികള്‍ക്ക് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ തൊഴിലില്‍ സഹായിക്കേണ്ടിവന്നു. പ്രധാനമായും കുടുംബത്തിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങള്‍ക്കനുസരിച്ച് കുട്ടികളെ വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ തൊഴില്‍പരമായ കഴിവുകള്‍, നിലവിലെ സാമൂഹികമായ മര്യാദകള്‍, മതപരമായ വിശ്വാസങ്ങള്‍ എന്നിവയായിരുന്നു കുട്ടികളെ പ്രധാനമായും പഠിപ്പിച്ചുവന്നത്. അതായത്, കുട്ടികളെ ഒരുതരം 'ചെറിയ മുതിര്‍ന്നവര്‍' ആയി കണ്ടുകൊണ്ടുള്ള ഒരു സമീപനമാണ് സ്വീകരിച്ചത്. കളികള്‍, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍, മറ്റു വിനോദ പരിപാടികള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് അന്യമായിരുന്നു. ആ കാലഘട്ടത്തില്‍ ശിശു മന:ശാസ്ത്രം എന്ന ഒരു പ്രത്യേക പഠനശാഖ തന്നെ ഉണ്ടായിരുന്നില്ല. കുട്ടികളുടെ സ്വഭാവത്തേയും വളര്‍ച്ചയേയും കുറിച്ചുള്ള ധാരണകള്‍ സാമൂഹ്യമായ വിശ്വാസങ്ങളേയും തത്ത്വചിന്തകളേയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ശാരീരിക ശിക്ഷകള്‍ ഉള്‍പ്പെടെ കഠിനമായ ശിക്ഷാരീതികള്‍ ഈ കാലഘട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കേണ്ടിവന്നു. മക്കളെ അനുസരണയും അച്ചടക്കവുമുള്ളവരാക്കി വളര്‍ത്തുക എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ നിര്‍ബന്ധം പിടിച്ചിരുന്നു. ചുരുക്കത്തില്‍, കുട്ടികളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ താല്പര്യങ്ങള്‍ക്കോ ഒട്ടുംതന്നെ പ്രാധാന്യം നല്‍കാതിരുന്ന ഒരു കാലഘട്ടമായിരുന്നു അതെന്നു പറയാം.

കുട്ടികള്‍ക്കും അവരുടേതായ ഒരു ലോകമുണ്ട്

കുട്ടികളെ സംബന്ധിച്ച് പുതിയ ചിന്തകളും കാഴ്ചപ്പാടുകളും രൂപപ്പെട്ടു തുടങ്ങിയ ഒരു കാലഘട്ടമായിരുന്നു നവോത്ഥാനം മുതല്‍ വ്യാവസായിക വിപ്ലവം വരെയുള്ളത്. നവോത്ഥാനം പുതിയ ചിന്തകള്‍ക്കും അറിവുകള്‍ക്കും പ്രാധാന്യം നല്‍കി. അച്ചടിയുടെ കണ്ടുപിടുത്തം വിവരങ്ങള്‍ കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുന്നത് സാധ്യമാക്കി. മതപരമായ ചിന്തകള്‍ക്കുപകരം വ്യക്തിഗതമായ ചിന്തകള്‍ക്കു പ്രാധാന്യം ലഭിച്ചു. കച്ചവടം വര്‍ദ്ധിക്കുകയും പുതിയ സാമ്പത്തിക ഘടനകള്‍ രൂപപ്പെടുകയും ചെയ്തു. സാമ്പത്തികമായ മുന്നേറ്റത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന ചിന്താഗതി ഇതോടെ ഉടലെടുത്തു. മാത്രമല്ല, ദേശീയ രാഷ്ട്രങ്ങളുടെ വളര്‍ച്ചയും ശക്തമായ ഭരണകൂടങ്ങളുടെ രൂപീകരണവും നിയമവാഴ്ചയ്ക്ക് പ്രാധാന്യം നല്‍കി.

പൗരബോധം വളര്‍ത്തുന്നതിനും രാജ്യത്തോട് കടപ്പാടുള്ളവരെ സൃഷ്ടിക്കുന്നതിലും വിദ്യാഭ്യാസത്തിനു പ്രധാന പങ്കുണ്ട് എന്ന വാദം ശക്തിപ്പെട്ടു. എഴുത്ത്, വായന തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം, ധാര്‍മികമൂല്യങ്ങള്‍ക്കും സ്വഭാവ രൂപീകരണത്തിനും പ്രാധാന്യം നല്‍കി. കുട്ടികളുടെ കളി, വിനോദം എന്നിവയ്ക്ക് കുറെക്കൂടി പ്രാധാന്യം ലഭിച്ചു. കുട്ടികള്‍ക്കു നല്‍കിയിരുന്ന കഠിനശിക്ഷകളില്‍ ചെറിയ മാറ്റങ്ങള്‍ വന്നെങ്കിലും 'അച്ചടക്കം' എന്നതിന് ഈ കാലഘട്ടത്തിലും വളരെ പ്രാധാന്യം നല്‍കിയിരുന്നു. കുട്ടികളുടെ യുക്തിയേയും വികാരങ്ങളേയും പരിഗണിക്കാനുള്ള ശ്രമങ്ങള്‍ ചില ചിന്തകരുടെ ഭാഗത്തുനിന്നുണ്ടായി എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

കുട്ടികള്‍ക്കു മുതിര്‍ന്നവരില്‍നിന്നും വ്യത്യസ്തമായ ഒരു ലോകമുണ്ടെന്നും അവര്‍ക്കു പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണെന്നുമുള്ള ചിന്താഗതി പതിയെ രൂപപ്പെട്ടു തുടങ്ങി. രക്ഷാകര്‍തൃത്വം സംബന്ധിച്ച ആശയങ്ങളിലും അതിന്റെ പ്രയോഗങ്ങളിലും വലിയ സ്വാധീനമാണ് ഇതു ചെലുത്തിയത്. മന:ശാസ്ത്രം ഒരു പ്രത്യേക പഠനശാഖയായി വളര്‍ന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നത് ഈ കാലഘട്ടത്തിലും ഒരു പരിമിതിയായി തുടര്‍ന്നു.

കുട്ടികളുടെ നൂറ്റാണ്ട്' വന്നെത്തുന്നു

19-ാം നൂറ്റാണ്ട് മുതല്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെയുള്ള കാലഘട്ടത്തെ 'കുട്ടികളുടെ നൂറ്റാണ്ട്' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. വ്യാവസായിക വിപ്ലവം വലിയ സാമൂഹ്യ മാറ്റങ്ങള്‍ക്കു സാക്ഷ്യംവഹിച്ച കാലഘട്ടമാണിത്. വ്യവസായരംഗത്തെ പുരോഗതി സാമ്പത്തികമായ വളര്‍ച്ചയ്ക്ക് കാരണമായെങ്കിലും ദാരിദ്ര്യം, ചൂഷണം, ബാലവേല, തൊഴിലില്ലായ്മ തുടങ്ങിയവ പുതിയ സാമൂഹ്യപ്രശ്‌നങ്ങളായി ഉയര്‍ന്നുവന്നു. ഇവ മൂലമുണ്ടായ ദുരിതങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടിവന്നത് സ്വാഭാവികമായും കുട്ടികളാണ്.

ബാലവേലയില്‍നിന്നു കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പതുക്കെപ്പതുക്കെ രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെടാന്‍ തുടങ്ങി. ജനാധിപത്യ ആശയങ്ങള്‍ക്കും കുട്ടികളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ശബ്ദങ്ങള്‍ പലയിടത്തുനിന്നും ഉയര്‍ന്നുവന്നു. കുട്ടികള്‍ക്കും അവകാശങ്ങളുണ്ട് എന്ന ചിന്താഗതി ശക്തിപ്പെടാന്‍ തുടങ്ങിയത് ഇതോടെയാണ്. ഇതിന്റെ ഫലമായി കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങള്‍ രൂപീകൃതമായി. ശിശു മന:ശാസ്ത്രത്തിന്റെ വളര്‍ച്ചയാണ് ഈ കാലഘട്ടത്തിന്റെ മറ്റൊരു പ്രത്യേകത.

സിഗ്മണ്ട് ഫ്രോയിഡിന്റേയും ജീന്‍ പിയാഷയുടേയും മന:ശാസ്ത്ര സിദ്ധാന്തങ്ങള്‍ കുട്ടികളുടെ മാനസിക വികാസത്തേയും സ്വഭാവത്തേയും കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കി. കുട്ടികളുടെ ലൈംഗികവികാസം, അബോധമനസ്സ്, വൈജ്ഞാനിക വികാസഘട്ടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും ഈ കാലഘട്ടത്തിന്റെ സവിശേഷതകളായിരുന്നു. കഠിനമായ ശിക്ഷാരീതികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയും കുട്ടികളോടുള്ള സ്‌നേഹവും വാത്സല്യവും പ്രധാനമാണെന്ന് പല ശിശുവിദഗ്ദ്ധരും അഭിപ്രായപ്പെടുകയും ചെയ്തു. എങ്കിലും, അച്ചടക്കം എന്നത് ഒരു പ്രധാന ചര്‍ച്ചാവിഷയമായി ഈ കാലഘട്ടത്തിലും തുടരുകതന്നെ ചെയ്തു.

വ്യക്തിചിന്തയിലെ മാറ്റങ്ങള്‍

20-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി മുതല്‍ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ കുട്ടികളുടെ പ്രകൃതം, രക്ഷാകര്‍തൃ രീതികള്‍ എന്നിവ സംബന്ധിച്ച ചിന്തകള്‍ വളരെ ആഴത്തിലും പരപ്പിലും ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാലയളവായി ഇതിനെ കണക്കാക്കാം. വിവരവിനിമയ സാങ്കേതികവിദ്യയുടെ വളര്‍ച്ച ഭൂമുഖത്തെ വിവിധ ജനസമൂഹങ്ങള്‍ തമ്മിലുള്ള അകലം ഗണ്യമായി കുറച്ചു.

ആഗോളവല്‍ക്കരണം വിവിധ സാംസ്‌കാരങ്ങളുടെ വേഗത്തിലുള്ള കൈമാറ്റങ്ങള്‍ക്കു വഴിതെളിച്ചു. സ്ത്രീകളുടെ സാമൂഹിക പദവി ഉയരാന്‍ തുടങ്ങി. ചെറുകുടുംബങ്ങള്‍ വ്യാപകമായി. ഇതോടെ കുട്ടികളുടെ മാനസികാരോഗ്യത്തിനും വൈകാരികമായ ആവശ്യങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം ലഭിച്ചു. സേവനമേഖലയുടെ വളര്‍ച്ചയും സാങ്കേതികവിദ്യയുടെ മുന്നേറ്റവും പുതിയ തൊഴില്‍ സാധ്യതകള്‍ക്ക് അവസരമൊരുക്കി. ഉയര്‍ന്ന വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത സമൂഹത്തിനു ബോധ്യപ്പെട്ടു തുടങ്ങി.

ഓരോ കുട്ടിയുടേയും തനത് കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവ വികസിക്കാന്‍ സഹായിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന ചിന്താഗതി വളര്‍ന്നുവന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്കും അവയുടെ സംരക്ഷണത്തിനും അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യം ലഭിച്ചു. ഐക്യരാഷ്ട്ര സഭയുടെ ബാലാവകാശ കണ്‍വന്‍ഷന്‍ (UNCRC) പോലുള്ള അന്താരാഷ്ട്ര ഉടമ്പടികള്‍ കുട്ടികളെ സംബന്ധിച്ച് നിലവിലുള്ള കാഴ്ചപ്പാടുകളിലും നയങ്ങളിലും നിയമങ്ങളിലും മാറ്റം വരുത്താന്‍ ലോക രാജ്യങ്ങളെ പ്രേരിപ്പിച്ചു. ശിശു മന:ശാസ്ത്രം കൂടുതല്‍ വികാസം പ്രാപിച്ചു. വികാസ മന:ശാസ്ത്രം (Developmental Psychology), സാമൂഹിക മന:ശാസ്ത്രം (Social Psychology) തുടങ്ങിയ വിവിധ ശാഖകള്‍ കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തേയും കുറിച്ച് ആഴത്തില്‍ പഠനം നടത്തി. കുട്ടികളിലെ പഠനവൈകല്യങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, സാമൂഹ്യമായ ഇടപെടലുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ഈ കാലഘട്ടത്തില്‍ സജീവമായി. വൈകാരിക അടുപ്പം സംബന്ധിച്ച സിദ്ധാന്തം (Attachment theory), സാമൂഹ്യപഠന സിദ്ധാന്തം (Social Learning Theory) തുടങ്ങിയവ രക്ഷാകര്‍തൃത്വ രീതികളെ വളരെയധികം സ്വാധീനിച്ചു.

ചുരുക്കത്തില്‍, കുട്ടിയെക്കുറിച്ചുള്ള കാഴ്ചപ്പാട് 'ചെറിയ മുതിര്‍ന്നവര്‍' എന്നതില്‍നിന്നു പ്രത്യേക ആവശ്യങ്ങളും അവകാശങ്ങളുമുള്ള വ്യക്തികള്‍ എന്നതിലേയ്ക്ക് വളര്‍ന്ന ചരിത്രമാണ് പറയാനുള്ളത്. ഓരോ കാലഘട്ടത്തിലേയും സാമൂഹികവും സാംസ്‌കാരികവുമായ സാഹചര്യങ്ങള്‍ രക്ഷാകര്‍തൃത്വ രീതികളെ സ്വാധീനിച്ചിട്ടുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മന:ശാസ്ത്രം എന്നത് സാമൂഹ്യവിശ്വാസങ്ങളില്‍നിന്നും തത്ത്വചിന്തകളില്‍നിന്നും വേര്‍പെട്ട് ശാസ്ത്രീയാടിത്തറയുള്ള ഒരു പഠനശാഖയായി വികസിച്ചു. ഈ മാറ്റങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയേയും വികാസത്തേയും രക്ഷാകര്‍തൃ രീതികളേയും കുറിച്ചുള്ള ധാരണകളേയും ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി.

കുട്ടികളുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള രക്ഷാകര്‍തൃ ശൈലികള്‍ക്ക് ഇന്ന് വളരെയധികം പ്രചാരം ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ വൈകാരികബുദ്ധി (Emotional Intelligence), സാമൂഹികമായ കഴിവുകള്‍ (Social competencies), പ്രശ്‌നപരിഹരണശേഷി (Problem oslving ability) എന്നിവയുടെ വികാസത്തില്‍ രക്ഷിതാക്കള്‍ ഇന്ന് പൊതുവെ ശ്രദ്ധാലുക്കളാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഏതാണ്ട് അവസാന പതിറ്റാണ്ട് മുതല്‍ കുട്ടികളുടെ താല്പര്യങ്ങളും കഴിവുകളും പരിഗണിച്ചുള്ള സമീപനങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കള്‍ക്ക് ഏതാണ്ട് ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

കുട്ടികളുമായി തുറന്ന സംഭാഷണങ്ങള്‍ നടത്തല്‍, അവരുടെ അഭിപ്രായങ്ങളെ മാനിക്കല്‍, അമിതമായ നിയന്ത്രണവും ശിക്ഷയും ഒഴിവാക്കല്‍ തുടങ്ങിയ പ്രവണതകള്‍ അതിന്റെ സൂചനകളാണ്. ഓരോ കുട്ടിയും വ്യത്യസ്തനാണ് എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് വ്യക്തിഗത രക്ഷാകര്‍തൃത്വ ശൈലികള്‍ സ്വീകരിച്ചു തുടങ്ങിയത് ഈ മേഖലയില്‍ വലിയൊരു മാറ്റത്തിനാണ് തുടക്കമിട്ടത്. കുട്ടി തെറ്റ് ചെയ്താലുടന്‍ തന്നെ ശാരീരിക ശിക്ഷ നല്‍കിയിരുന്ന സ്ഥാനത്ത്, തെറ്റിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യാനും കുട്ടിക്ക് സ്വയം തിരുത്താനും അവസരമൊരുക്കുന്ന രക്ഷിതാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു എന്നത് സന്തോഷകരം തന്നെ. കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് മുന്‍കാലങ്ങളില്‍ രക്ഷിതാക്കള്‍ അധികം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍, കുട്ടികളുടെ വൈകാരികമായ പ്രശ്‌നങ്ങളെ ഗൗരവമായി കാണുകയും ആവശ്യമെങ്കില്‍ പ്രശ്‌നപരിഹരണത്തിനായി വിദഗ്ദ്ധരുടെ സഹായം തേടുകയും ചെയ്തുവരുന്ന സ്ഥിതി ഇന്നുണ്ട്. സ്‌നേഹവും പരിഗണനയും നിറഞ്ഞ ഒരു സമീപനത്തിലേയ്ക്ക് രക്ഷാകര്‍തൃത്വം വളര്‍ന്നിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഈ സമീപനവും ശൈലിയും ഉള്‍ക്കൊള്ളാന്‍ എല്ലാ മാതാപിതാക്കള്‍ക്കും ഇനിയും കഴിഞ്ഞിട്ടില്ല എന്നതും തിരിച്ചറിയേണ്ടതുണ്ട്.

ഇന്നത്തെ വെല്ലുവിളികള്‍

രക്ഷാകര്‍തൃത്വം സംബന്ധിച്ച ആശയങ്ങളും കാഴ്ചപ്പാടുകളും വളരെയധികം വികസിച്ചെങ്കിലും ശാസ്ത്രീയവും സമഗ്രവുമായ സമീപനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള രക്ഷാകര്‍തൃരീതി സാര്‍വത്രികമായി പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഇനിയും നമുക്കു സാധിച്ചിട്ടില്ല. സമീപകാല സംഭവവികാസങ്ങള്‍ അതാണ് വെളിപ്പെടുത്തുന്നത്. രക്ഷാകര്‍തൃത്വം എന്ന പ്രക്രിയ ഇന്ന് പലവിധ വെല്ലുവിളികളേയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഇതിനു പ്രധാന കാരണം.

സാങ്കേതികവിദ്യയുടേയും ഡിജിറ്റല്‍ ഉപകരണങ്ങളുടേയും ദു:സ്വാധീനമാണ് ഇവയില്‍ ഏറ്റവും പ്രധാനം. കുട്ടികളുടെ സ്‌ക്രീന്‍ ടൈം നിയന്ത്രിക്കുക എന്നത് ഇന്നു രക്ഷിതാക്കള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയുടെ അമിതമായ ഉപയോഗം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്നു മനസ്സിലാക്കിയ രക്ഷിതാക്കള്‍ക്കുപോലും ഈ പ്രശ്‌നത്തില്‍നിന്നും കുട്ടികളെ എങ്ങനെ രക്ഷിക്കാന്‍ സാധിക്കുമെന്ന് അറിഞ്ഞുകൂടാത്ത സ്ഥിതിയാണുള്ളത്. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുക എന്നത് മറ്റൊരു പ്രധാന വെല്ലുവിളിയാണ്. സൈബര്‍ ഭീഷണികള്‍, അനുചിതമായ ഉള്ളടക്കങ്ങള്‍, ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ തുടങ്ങിയവ കുട്ടികളുടെ മാനസികാരോഗ്യത്തേയും സാമൂഹിക ബന്ധങ്ങളേയും വിപരീതമായി ബാധിക്കുന്നുവെന്ന് പല ആനുകാലിക സംഭവങ്ങളും വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയിലെ തെറ്റായ താരതമ്യങ്ങള്‍, സൈബര്‍ ബുള്ളിയിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ രക്ഷിതാക്കളില്‍ ആശങ്ക ഉയര്‍ത്തുന്നവ തന്നെയാണ്.

തന്റെ കുട്ടി/കുട്ടികള്‍ എല്ലാ കാര്യങ്ങളിലും മറ്റുള്ളവരെക്കാള്‍ മുന്നിലെത്തണം എന്ന ചിന്താഗതിയുള്ളവരാണ് മിക്ക രക്ഷിതാക്കളും. ഇത് കുട്ടികളില്‍ അമിതമായ മാനസിക സമ്മര്‍ദമുണ്ടാക്കുന്നുവെന്നും അവരുടെ സ്വാഭാവിക വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നുവെന്നും പല മാതാപിതാക്കളും മനസ്സിലാക്കുന്നില്ല. 'മികച്ച രക്ഷിതാവ്' എന്ന സാമൂഹികനിര്‍വചനം പലപ്പോഴും രക്ഷിതാക്കള്‍ക്കും മാനസിക സമ്മര്‍ദം ഉണ്ടാക്കാറുണ്ട്. മറ്റു രക്ഷിതാക്കളുമായി താരതമ്യം ചെയ്യാനുള്ള പ്രവണത രക്ഷിതാക്കളുടെ ആത്മവിശ്വാസത്തേയും സന്തോഷത്തേയും ബാധിക്കാം. ഇതു സ്വാഭാവികമായും കുട്ടികളെയാണ് ദോഷകരമായി ബാധിക്കുക.

രക്ഷിതാക്കളുടെ സാമ്പത്തിക പരാധീനതയാണ് മറ്റൊരു വെല്ലുവിളി. ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നത് കുട്ടികളെ വളര്‍ത്തുന്നതിനുള്ള സാമ്പത്തികഭാരം വര്‍ദ്ധിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി പണം കണ്ടെത്തുന്നത് പല രക്ഷിതാക്കള്‍ക്കും ഇന്നൊരു വെല്ലുവിളിയാണ്. ജോലിയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് പല രക്ഷിതാക്കള്‍ക്കും മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ക്കു കാരണമാകാം. കുട്ടികളെ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയാത്ത സ്ഥിതിയും ഇതുമൂലം ഉണ്ടാകുന്നു. ഇന്നു കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ രക്ഷിതാക്കള്‍ക്കു വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഉല്‍ക്കണ്ഠ, വിഷാദം, പഠന വൈകല്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ മിക്ക രക്ഷിതാക്കള്‍ക്കും സാധിക്കുന്നില്ല.

കുടുംബബന്ധങ്ങളിലെ മാറ്റങ്ങള്‍, വിവാഹമോചനം, ഒറ്റയ്ക്ക് കുട്ടികളെ വളര്‍ത്തേണ്ടിവരുന്ന സ്ഥിതി തുടങ്ങിയവയും നല്ല രക്ഷാകര്‍തൃത്വത്തിനു വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. നല്ല മാതൃകകളാകാന്‍ രക്ഷിതാക്കള്‍ക്കു കഴിയാതിരിക്കുന്നതും ഈ രംഗത്തെ ഒരു പ്രധാന വെല്ലുവിളി തന്നെയാണ്.

രക്ഷിതാക്കള്‍ ആവശ്യമായ പിന്തുണ പരസ്പരം നല്‍കിയും ഈ മേഖലയിലെ വിദഗ്ദ്ധരുടെ സഹായം തേടിയും രക്ഷാകര്‍തൃത്വം സംബന്ധിച്ച പുതിയ അറിവുകള്‍ ആര്‍ജിച്ചും സ്വയം നവീകരിച്ചുകൊണ്ടും മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com