
1976ആഗസ്റ്റ് ഒന്നിന് തന്റെ ഡയറിയില്‍ സ്‌നേഹലതാ റെഡ്ഢി എഴുതി:
''ഞാന്‍ ഈ മുറിയില്‍ ഒറ്റയ്ക്കാണ്, ആരും കൂട്ടിനില്ല. നടക്കാനാവുന്നില്ല, ശ്വാസം കിട്ടുന്നില്ല, ഇതിനകത്തേയ്ക്ക് വെളിച്ചം കടന്നുവരാറില്ല, പുറംലോകം എനിക്കു മുന്നില്‍ തുറക്കുന്നില്ല. മനപ്പൂര്‍വമായി എന്നെ ദ്രോഹിക്കുകയാണ്. ഞാന്‍ ഇവിടെ കിടന്ന് മരിക്കും, സാവകാശത്തില്‍, മറന്നുപോയ പഴയൊരു ഗാനംപോലെ. എന്തിനാണ് ഇവിടെ കിടന്ന് പരസ്യമായി ശ്വാസം കിട്ടാതെ ഇവള്‍ പിടഞ്ഞ് മരിക്കട്ടെയെന്ന് ഇവര്‍ കരുതുന്നത്...''
സ്‌നേഹലതയുടെ ആരോഗ്യം അതീവ ഗുരുതരമാണെന്ന് നാല് ഡോക്ടര്‍മാര്‍ ജയിലധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ്. അധികാരികള്‍ അനങ്ങിയില്ല. ഡോക്ടര്‍മാര്‍ ഹെവി ഡോസില്‍ ക്വാര്‍ട്ടിസോണ്‍ നല്‍കിക്കൊണ്ടിരുന്നു. സ്ഥിതി വഷളായപ്പോള്‍ 1976 ഡിസംബര്‍ 13-ന് അവര്‍ക്ക് പരോള്‍ അനുവദിച്ചു. എന്നാല്‍, ഒരു മാസം കഴിഞ്ഞ് 1977 ജനുവരി 20-ന് സ്‌നേഹലത ലോകത്തോട് വിടപറഞ്ഞു.
45-ാം വയസ്സില്‍ സുന്ദരിയായിരുന്ന സ്‌നേഹലതയുടെ ശുഷ്‌കിച്ച ശവശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി ഭരണകൂടം കൈകഴുകി. സ്‌നേഹലത തെലുഗു, കന്നഡ സിനിമകളിലും നാടകത്തിലും നിറഞ്ഞുനിന്ന നടിയായിരുന്നു. തെലുഗു, കന്നഡ ചലച്ചിത്ര നിര്‍മാതാവായിരുന്ന പട്ടാഭിരാമ റെഡ്ഢിയുടെ ഭാര്യ. അദ്ദേഹത്തിന്റെ കന്നഡ ചിത്രമായ 'സംസ്‌കാര' യു.ആര്‍. അനന്തമൂര്‍ത്തിയുടെ കഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ആ ചിത്രത്തിലൂടെ സ്‌നേഹലത എന്ന മെലിഞ്ഞ സുന്ദരി ദേശീയ ശ്രദ്ധയിലും വന്നു. അവര്‍ എഴുത്തുകാരിയുമായിരുന്നു. കവയിത്രിയായിരുന്നു.
തിയേറ്ററിലും സിനിമയിലും സംസ്‌കാരിക മേഖലയിലാകെയും നിറഞ്ഞുനിന്നിരുന്ന പട്ടാഭിയും സ്‌നേഹലതയും സോഷ്യലിസ്റ്റ് നേതാവായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്സിന്റേയും അദ്ദേഹത്തിന്റെ സഹോദരന്‍ ലോറന്‍സിന്റേയും സുഹൃത്തുക്കളായിരുന്നു. ബറോഡാ ഡൈനാമൈറ്റ് കേസുമായി ബന്ധപ്പെട്ടാണ് അടിയന്തരാവസ്ഥയിലെ MISA നിയമപ്രകാരം സ്‌നേഹലതയെ കസ്റ്റഡിയിലെടുത്തത്. എട്ടുമാസം അവരെ ഏകാന്ത തടവിലിട്ടു.
ജോര്‍ജ് ഫെര്‍ണാണ്ടസിനെ പിടിക്കാനുള്ള പാച്ചിലിനിടയിലാണ് പൊലീസിന്റെ വലയില്‍ സ്‌നേഹലത പെട്ടുപോയത്. അവര്‍ മദ്രാസിലേയ്ക്കുള്ള ഒരു യാത്രയിലായിരിക്കവെയാണ് പതിനാറുകാരനായ മകന്‍ കൊനാരക്കിനെ പൊലീസ് പിടികൂടിയത്. ബാംഗ്ലൂരിലെ അവരുടെ വസതി പൊലീസ് അരിച്ചുപൊറുക്കി. അന്നു രാത്രിയില്‍ എണ്‍പത്തിനാലുകാരനായ പിതാവിനെ പൊലീസ് ചോദ്യം ചെയ്തു. വിവരങ്ങള്‍ അറിഞ്ഞ സ്‌നേഹലതയും ഭര്‍ത്താവ് പട്ടാഭിയും ബാംഗ്ലൂരിലേക്ക് തിരിച്ചുവന്നു. മകനെ പൊലീസ് പിടിച്ചത് കേട്ട് ആകെ തളര്‍ന്നുപോയിരുന്ന സ്‌നേഹലതയ്ക്ക് പൊലീസിന്റെ ചോദ്യം ചെയ്യല്‍ നേരിടാനായില്ല.
എന്റെ മകനേയും കുടുംബത്തേയും ശല്യപ്പെടുത്താതെ ഒഴിവാക്കിയാല്‍ എല്ലാ വിവരങ്ങളും ഞാന്‍ പറയാമെന്ന് പൊലീസിന് വാക്കുകൊടുത്തു. പൊലീസ് സ്‌നേഹലതയെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, പൊലീസ് എത്ര ശ്രമിച്ചിട്ടും അവര്‍ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ള തന്റെ സുഹൃത്തുക്കളെ ഒറ്റിക്കൊടുക്കാന്‍ തയ്യാറായില്ല. MISA പ്രകാരം ബാംഗ്ലൂര്‍ ജയിലിലടച്ച സ്‌നേഹലതയുടെ ആരോഗ്യം വഷളാവുകയായിരുന്നു. ബന്ധുക്കളെ കാണാന്‍ അനുവദിക്കണമെന്ന് ജയിലധികാരികളോട് അപേക്ഷിച്ചു. അധികൃതര്‍ വഴങ്ങിയില്ല.
സി ക്ലാസ് തടവുകാരുടെ കണ്ടംമ്ഡ് സെല്ലില്‍ ആസ്മാരോഗിയായ അവര്‍ ശ്വാസംകിട്ടാതെ തളര്‍ന്നുകിടന്നു. അത്യാസന്ന നിലയില്‍ ജയില്‍ മുറിയിലെ ഏകാന്തതയില്‍പ്പെട്ടുപോയ അവരെ മരണത്തിനു തൊട്ടുമുന്‍പ് ഭരണകൂടം ബന്ധുക്കള്‍ക്ക് കൈമാറി. പൊലീസിന്റെ ചാര്‍ജ്ഷീറ്റില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ഉള്‍പ്പെടെ 24 പ്രതികള്‍ ഉണ്ടായിരുന്നു. അതില്‍ പക്ഷേ, സ്‌നേഹലതയുടെ പേരുണ്ടായിരുന്നില്ല. സ്‌നേഹലതയെ പാര്‍പ്പിച്ചിരുന്ന ജയിലില്‍ കിടന്നിരുന്ന മധുദന്തവതെ തന്റെ ഓര്‍മക്കുറിപ്പില്‍ എഴുതിയിരിക്കുകയാണ്. 'I could hear the screams of Snehalatha from her cell in the silence of the night.'
ബറോഡാ ഡൈനാമൈറ്റ് കേസില്‍ സ്‌നേഹലതയ്ക്ക് എന്തു പങ്കുണ്ടായിരുന്നുവെന്ന് തെളിയിക്കപ്പെട്ടില്ല. അവര്‍ ജോര്‍ജിന്റേയും ലോറന്‍സിന്റേയും സുഹൃത്തായിരുന്നുവെന്നതാണ് ഭരണകൂട സംശയത്തിന് അടിസ്ഥാനം. തിയേറ്റര്‍ സര്‍ക്കിളില്‍ അറുപതുകളിലെ Madras players എന്ന അമച്ച്വര്‍ ട്രൂപ്പിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു സ്‌നേഹലത. അവിസ്മരണീയമായ നാടകങ്ങള്‍ പ്രസ്തുത ട്രൂപ്പ് അവതരിപ്പിച്ചിരുന്ന ഡഗ്ലസ് അല്‍ഗര്‍ സംവിധാനം ചെയ്ത ഇബ്സന്‍ നാടകം (Peer Gynt) ഷേക്സ്പിയറിന്റെ ടൊല്‍വ്ത്ത് നൈറ്റും ടെന്നസ്സീ വില്യംസിന്റെ നൈറ്റ് ഓഫ് ദ ഇഗ്വാനയിലുമൊക്കെ സ്‌നേഹലത അഭിനയിച്ചു.
നിരവധി പ്രശസ്തങ്ങളായ നാടകങ്ങള്‍ അവര്‍ തന്നെ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. തെലുങ്കിലും കന്നഡ തിയേറ്ററിലും നിറഞ്ഞുനിന്ന സ്‌നേഹലത സോഷ്യല്‍ സര്‍ക്കിളില്‍ പട്ടാഭിയോടൊപ്പം സജീവമായിരുന്നു. അവര്‍ രാംമനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടയായാണ് ഫെര്‍ണാണ്ടസിന്റേയും ലോറന്‍സിന്റേയുമൊക്കെ സൗഹൃദവലയത്തില്‍ ഉള്‍പ്പെടുന്നത്.
സ്‌നേഹലതയുടെ മരണത്തോടെ തളര്‍ന്നുപോയ പട്ടാഭി, 2003-ല്‍ അരവിന്ദോയുടെ ക്ലാസിക്കായ സാവിത്രിയെ അടിസ്ഥാനമാക്കി In the Hour of God എന്നൊരു നാടകം സംവിധാനം ചെയ്ത് അവതരിപ്പിച്ചു. സ്‌നേഹത്തിനുവേണ്ടി മരണത്തെ മറികടക്കുന്ന സാവിത്രി എന്ന ഇതിഹാസ കഥാപാത്രത്തെ രംഗത്ത് അവതരിപ്പിച്ച് താനിത് സ്‌നേഹലതയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് പട്ടാഭി പറഞ്ഞു. അവര്‍ പാടുകയും പറയുകയും അഭിനയിക്കുകയും ചെയ്തത് പാവങ്ങളുടെ ജീവിതമായിരുന്നു. സ്‌നേഹലത അടിയന്തരാവസ്ഥയിലെ ഭരണകൂട ഭീകരതയുടെ ആദ്യ ഇരകളില്‍ ഒരാളായി. മരണശേഷം 1977-ലാണ് സ്‌നേഹലതയുടെ അവസാന സിനിമ 'സോനാ കന്‍സാരി' റിലീസ് ചെയ്തത്.
ലോറന്‍സിനെ പൊലീസ് അറസ്റ്റുചെയ്തത് ബാംഗ്ലൂരില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ്. രാത്രി 8.45-ന്, മെയ് 1976. പൊലീസ് റിക്കോഡുകളില്‍ പക്ഷേ, അറസ്റ്റ് രേഖപ്പെടുത്തിയില്ല. പൊലീസിന്റെ രഹസ്യസങ്കേതത്തില്‍ വെച്ച്, അതിക്രൂരമായ ലാത്തിപ്രയോഗത്തിലൂടെ രാത്രി മൂന്നു മണിവരെ ചോദ്യം ചെയ്തിട്ടും ജോര്‍ജ് ഫെര്‍ണാണ്ടസ് എവിടെയാണെന്ന ചോദ്യത്തിന് ലോറന്‍സ് ഇത്തരം പറഞ്ഞില്ല.
ജീവിതങ്ങളെ തകര്‍ത്ത കാലം
ഒരു തുള്ളി വെള്ളം കൊടുക്കാതെ ആ രാത്രി മുഴുവന്‍ ലോറന്‍സിന്റെ ശരീരത്തില്‍ പൊലീസ് പെരുമാറി. ഒരു തുള്ളി വെള്ളത്തിന് കേഴുന്ന ലോറന്‍സിന്റെ വായിലേക്ക് മൂത്രം ഒഴിക്കാന്‍ പൊലീസ് ഓഫീസര്‍ ഒരു പൊലീസുകാരനോട് പറഞ്ഞു. മെയ് മൂന്നുവരെ പൊലീസ് അതിക്രൂരമായി ലോറന്‍സിന്റെ ശരീരത്തെ വലിച്ചിഴയ്ക്കുകയായിരുന്നു. ആ ശരീരത്തില്‍നിന്നു ജീവന്‍ മെല്ലെ മറയുകയായിരുന്നു. ലോറന്‍സ് മരിക്കുമെന്ന നിലയായപ്പോള്‍ പൊലീസ് ഒരു ഡോക്ടറെ വിളിച്ചുവരുത്തി. ലോറന്‍സിനോട് യാതൊന്നും ചോദിക്കരുതെന്ന നിര്‍ദേശവും ഡോക്ടര്‍ക്ക് നല്‍കി.
അടിയന്തരമായി ലോറന്‍സിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ പറയുന്നു. പക്ഷേ, മെയ് ഏഴ് വരെ പൊലീസ് അനങ്ങിയില്ല. അന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഡോക്ടര്‍ എത്തി ചികിത്സ തുടങ്ങും മുന്‍പ് വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മെയ് ഒന്‍പതിന് ഒരു ഡി.എസ്.പിയുടെ സാന്നിദ്ധ്യത്തില്‍ ലോറന്‍സിനെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കി. എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാതെ അവശനായിരുന്നു ലോറന്‍സ്. മജിസ്‌ട്രേട്ട് പതിവ് ചോദ്യം ചോദിച്ചു, എന്തെങ്കിലും പറയാനുണ്ടോ? കണ്ണീരോടെ ലോറന്‍സ് മജിസ്‌ട്രേട്ടിന്റെ മുഖത്ത് നോക്കി, ''ഞാനെന്ത് പറയാന്‍?'' പൊലീസ് ലോറന്‍സിനെ ജയിലിലേക്ക് കൊണ്ടുപോയി. എന്നിട്ട് റെക്കോര്‍ഡില്‍ എഴുതി, മെയ് 10-ന് ദാവന്‍ഗരെ ബസ് സ്റ്റാന്‍ഡില്‍നിന്ന് കസ്റ്റഡിയിലെടുത്തുവെന്ന്. ബാംഗ്ലൂര്‍ ജയിലിലെ കുറ്റവാളികളുടെ ഇരുണ്ട സെല്ലില്‍ (കണ്ടംമഡ് സെല്‍) ലോറന്‍സ് മരിച്ചപോലെ കിടന്നു. അപ്പോഴാണ് പുറത്തുനിന്ന് ഒരു ശബ്ദം. അത് മധുദന്തവദെയുടെ ശബ്ദമായിരുന്നു.
ഇന്ദിരയുടെ ഹിറ്റ്‌ലര്‍ മാതൃക
മധുദന്തവദെയും സഹതടവുകാരും നിരാഹാര സമരമിരുന്നു, ലോറന്‍സിനെ കണ്ടംമഡ് സെല്ലില്‍നിന്നു മാറ്റി നല്ല ചികിത്സ നല്‍കണം എന്നതായിരുന്നു ആവശ്യം. എന്നാല്‍, ഏതാണ്ട് അടിയന്തരാവസ്ഥ അവസാനിക്കും വരെ ലോറന്‍സ് അറപ്പുളവാക്കുന്ന മാലിന്യത്തില്‍ കിടക്കേണ്ടിവന്നു. പുറത്തിറങ്ങിയ ലോറന്‍സിനെ ഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു, ശരീരത്തില്‍ അപ്പോള്‍ ജീവന്റെ ഒരംശമേ ബാക്കി ഉണ്ടായിരുന്നുള്ളൂ.
ജയപ്രകാശ് നാരായണനും ജോര്‍ജ് ഫെര്‍ണാണ്ടസ്സും എല്‍.കെ. അദ്വാനിയും തുടങ്ങി അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതിയ എണ്ണമറ്റ നേതാക്കള്‍ അനുഭവിച്ച പീഡനങ്ങളും ക്രൂരതകളും നാം വായിച്ചിരിക്കുന്നു. പക്ഷേ, സാധാരണ മനുഷ്യജീവിതങ്ങളെ അടിയന്തരാവസ്ഥ എങ്ങനെ തകര്‍ത്തുവെന്നതിന്റെ ചിത്രങ്ങളാണ് വീണ്ടും ഓര്‍മിപ്പിച്ചത്. പ്രിയപ്പെട്ട വായനക്കാരെ കേരളത്തില്‍ നമ്മള്‍ അടിയന്തരാവസ്ഥ കാലം ഓര്‍ക്കുന്നത് രാജന്റെ പേരിലൂടെയാണ് എസ്. ജയചന്ദ്രന്‍ നായര്‍ എഴുതി ഷാജി സംവിധാനം ചെയ്ത പിറവി എന്ന ചിത്രത്തിലെ രംഗം ഓര്‍മയിലില്ലേ? പെരുമഴയിലൂടെ ഒരു വൃദ്ധന്‍ നടന്നുനീങ്ങുന്നു. ഈച്ചരവാര്യര്‍ എന്ന രാജന്റെ പിതാവിനെ സിനിമയില്‍ അവതരിപ്പിച്ച പ്രേംജി അടിയന്തരാവസ്ഥയുടെ നൊമ്പരം ഇപ്പോഴും നമ്മെ ഓര്‍മിപ്പിക്കുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ കേരളത്തില്‍ നടന്നത്, യഥാര്‍ത്ഥത്തില്‍ ഒരു ഒറ്റയാള്‍ പോരാട്ടമായിരുന്നു. വൃദ്ധനായ ഈച്ചരവാര്യര്‍ തന്റെ മകനെ തേടി നാടൊട്ടുക്ക് അലഞ്ഞ്, ഭരണകൂടത്തിന്റെ മുന്നില്‍ നിര്‍വികാരനായി നിന്നു. അച്യുതമേനോന്‍ കൈമലര്‍ത്തി, കെ. കരുണാകരന്‍ പല്ലിളിച്ചു കാട്ടി. ജയറാം പടിക്കല്‍ എന്ന ഭീകരത, ലക്ഷ്മണയും പുലിക്കോടന്‍ നാരായണനും കായണ്ണനും മലയാളമനസ്സിനെ ഭീതിയിലാഴ്ത്തി. രാജനും ഈച്ചരവാര്യരും സിനിമയായി. അടിയന്തരാവസ്ഥയില്‍ കാണാതായ വര്‍ക്കല വിജയനെ നമ്മളങ്ങ് മറന്നു. പക്ഷേ, അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യ ജീവിതത്തെ തകര്‍ത്തത് നമ്മുടെ ചരിത്രത്തിന്റെ ഭാഗമായി. എത്ര എളുപ്പത്തിലും ഫലപ്രദമായും ഒരു ഭരണഘടനാ സംവിധാനത്തെ തകര്‍ക്കാന്‍ കഴിയുമെന്ന് ഇന്ദിരാഗാന്ധി തെളിയിച്ചു. അഡോള്‍ഫ് ഹിറ്റലറുടെ ഫാസിസ്റ്റ് രീതികളായിരുന്നു ഇന്ദിരയുടെ മാതൃക. 1930-കളില്‍ ഹിറ്റ്ലര്‍ നടത്തിയ ജനാധിപത്യ അട്ടിമറി അതേ രീതിയില്‍ പകര്‍ത്തുകയായിരുന്നു. ജര്‍മന്‍ ഭരണഘടനയിലെ പ്രധാന വകുപ്പുകള്‍ ഉപയോഗിച്ചാണ് ഹിറ്റ്ലര്‍ ജനാധിപത്യത്തെ തകര്‍ത്ത് സ്വേച്ഛാധിപതിയായത്. ഇന്ദിരാഗാന്ധിയും അതേ മാര്‍ഗം പിന്തുടര്‍ന്നു. പാര്‍ലമെന്റ് നിഷ്പ്രയോജനമാണെന്നും അതൊരു വാചകമടി ചന്ത മാത്രമാണെന്നും ഹിറ്റ്ലര്‍ പ്രഖ്യാപിച്ചു. ഈ ജനാധിപത്യം വേരോടെ പിഴുതെറിഞ്ഞില്ലെങ്കില്‍ ജര്‍മനി തകരുമെന്നായിരുന്നു ഹിറ്റ്ലര്‍ ജനങ്ങളോട് പറഞ്ഞത്. പ്രതിപക്ഷത്തിന്റെ അക്രമങ്ങളും പ്രതിഷേധങ്ങളും കാരണം രാജ്യസുരക്ഷ അപകടത്തിലാണെന്ന് ഇന്ദിരാഗാന്ധിയും പ്രഖ്യാപിച്ചു. ജര്‍മനിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഹിറ്റ്ലര്‍ പ്രഖ്യാപിച്ച പോലൊരു ഇരുപതിന പരിപാടി ഇന്ദിരയും പ്രഖ്യാപിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്ക് അച്ചടക്കം പരമപ്രധാനമാണെന്നും അതുകൊണ്ട് പ്രതിഷേധിക്കാനും വിമര്‍ശിക്കാനും അവസരം നല്‍കുന്ന മൗലികാവകാശങ്ങള്‍ റദ്ദു ചെയ്യപ്പെട്ടു. പൗരാവകാശങ്ങളും പത്രസ്വാതന്ത്ര്യവും ഇല്ലാതാക്കി. വായടയ്ക്കൂ, പണിയെടുക്കൂ അതായിരുന്നു അടിയന്തരാവസ്ഥയിലെ മുദ്രാവാക്യം. വ്യവസായ ശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചാലേ രാജ്യപുരോഗതി കൈവരിക്കാനാകൂ. ഹിറ്റ്ലര്‍ ചെയ്തതുപോലെ ഇന്ദിര മാധ്യമങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു.
പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഹിറ്റ്ലറിന്റെ മന്ത്രിമാര്‍ പ്രഖ്യാപിച്ചു: ''ഹിറ്റ്ലറാണ് ജര്‍മനി, ജര്‍മനിയാണ് ഹിറ്റ്ലര്‍.'' അതിന്റെ പാരഡി ഇന്ത്യയിലും ഉയര്‍ന്നു, ''ഇന്ദിര ഇന്ത്യയായി, ഇന്ത്യ ഇന്ദിരയും.'' എന്നാല്‍, ഹിറ്റ്ലറെക്കാള്‍ ഒരുപടി മുന്നില്‍നിന്നു ഇന്ദിര. സ്വന്തം മകനെ പിന്തുടര്‍ച്ചയാവകാശിയായി പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയില്‍ അങ്ങനെ ഒരു അധികാരസ്ഥാനം നിലവില്‍ വന്നു. സഞ്ജയ് ഭരണം നിയന്ത്രിക്കാന്‍ തുടങ്ങി. അഞ്ചിന പരിപാടിയും കാടത്തം നിറഞ്ഞ കുടുംബാസൂത്രണ പരിപാടികളും ചേരിനിര്‍മാര്‍ജനവും ഒക്കെ ചേര്‍ന്ന് ഭരണസിരാകേന്ദ്രമായ ഡല്‍ഹി അരാജകത്വത്തിലേക്ക് വീഴുകയായിരുന്നു. മാധ്യമങ്ങളൊക്കെ കാല്‍ച്ചുവട്ടില്‍, പൊതുപ്രചാരണ സംവിധാനങ്ങളിലൂടെ പ്രചണ്ഡമായ പ്രചരണങ്ങള്‍. ജനങ്ങള്‍ വലയുകയായിരുന്നു. അസാധാരണമായ വിലക്കയറ്റവും ക്ഷാമങ്ങളും.
നിത്യജീവിതം ദുരിതമായ ആ കാലത്ത് ഇന്ദിര കരുതി ജനങ്ങള്‍ പൊട്ടന്മാരാണെന്ന്, ജനങ്ങള്‍ തന്നോടൊപ്പം നില്‍ക്കുമെന്ന് അവര്‍ കരുതി. ജയപ്രകാശിന്റെ സമ്പൂര്‍ണ വിപ്ലവാഹ്വാനത്തേയും പ്രക്ഷോഭങ്ങളേയും ഇരുമ്പുമുഷ്ടികൊണ്ട് നേരിട്ടു. ജയപ്രകാശിനൊപ്പമാണ് ജനങ്ങള്‍ എന്ന് വൈകിയേ അവര്‍ക്ക് മനസ്സിലായുള്ളൂ. ഇന്ത്യ സ്വേച്ഛാധിപത്യത്തിലേക്ക് പോയത്, അന്താരാഷ്ട്ര സമൂഹം ആശങ്കയോടെ നോക്കി; എക്കാലത്തും മഹാനായ ജനാധിപത്യവാദിയായിരുന്ന നെഹ്റുവിന്റെ മകള്‍ സേച്ഛാധിപതിയാവുക! മഹത്തായ കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുക! അന്താരാഷ്ട്ര സമ്മര്‍ദം വലുതായപ്പോള്‍, രാജ്യമാകെ പ്രതിഷേധ കൊടുങ്കാറ്റ് വീശിയപ്പോള്‍, ഇന്ദിര 1977 ജനുവരിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതയായി. വീണ്ടും തിരിച്ചുവരുമെന്ന് അവര്‍ കരുതി, പക്ഷേ, ജനങ്ങള്‍ മറിച്ചാണ് തീരുമാനിച്ചത്. ഇന്ദിരയും സഞ്ജയനും അവരുടെ മണ്ഡലങ്ങളില്‍ പരാജയപ്പെട്ടു!
പനിനീര്‍പ്പൂ കൊടുങ്കാറ്റായപ്പോള്‍
ഇനി നമുക്ക് 1975-ലേക്ക് തിരിഞ്ഞുനോക്കാം. ഇന്ദിരാഗാന്ധിയെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും മനോഹരമായ ജീവചരിത്രമാണ് പുപുല്‍ ജയ്കറിന്റേത്. വല്ലാത്തൊരു എംമ്പതിയോടെ, സ്‌നേഹത്തോടെ ദു:ഖത്തോടെ എഴുതപ്പെട്ട ജീവചരിത്രം. കാതറീന്‍ ഫ്രാങ്കും ഒരുപാട് സഹാനുഭൂതിയോടേയും ആദരവോടേയും കൃത്യമായ നിരീക്ഷണങ്ങളിലൂടെയുമാണ് ഇന്ദിരയെക്കുറിച്ച് എഴുതിയത്. പുപുല്‍ ജയ്കറിന്റെ പുസ്തകത്തിലെ ആറാം അദ്ധ്യായമാണ് 1975-1977. ഈ അദ്ധ്യായത്തിന്റെ തുടക്കത്തില്‍ രണ്ട് ക്വട്ടേഷനുകളുണ്ട്. ഒന്ന് അന്ധനായിക്കൊണ്ടിരുന്ന ബിഥോവന്റെ വാക്കുകള്‍.
I shall Seize fate - the throat
I Shall never wholly over come me.
രണ്ടാമത്തെ ക്വട്ടേഷന്‍ വില്യം ആരോസ്മിത്ത് വിവര്‍ത്തനം ചെയ്ത
The Complete Greek Tragedies എന്ന പുസ്തകത്തില്‍നിന്നാണ്.
You do not know the limits of your strength,
you do not know what you do
you do not know who you are
ഇന്ദിര എന്ന നെഹ്റുവിന്റെ പുത്രി ഒരു പനിനീര്‍ പൂവായ് വിടര്‍ന്ന് ഇളംകാറ്റും കൊടുങ്കാറ്റുമേറ്റ് അധികാരത്തിലെത്തി. സര്‍വതും പിടിച്ചടക്കി അവസാനം ഒരു ഗ്രീക്കു കഥയിലെ ദുരന്ത കഥാപാത്രമായി മാറുന്നത് വിവരിക്കുകയാണ് ജയ്കര്‍. വല്ലാത്ത അനുതാപത്തോടെ ജയ്കര്‍ അടിയന്തരാവസ്ഥയിലെ ഇന്ദിരയുടെ ചിത്രം വരയ്ക്കുന്നു.
1975 ജൂണ്‍ ആദ്യം ഇന്ദിരയെ കാണുമ്പോള്‍ അവര്‍ ഉല്ലാസവതിയായിരുന്നു. പക്ഷേ, പെട്ടെന്ന് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. ജൂണ്‍ 12-ന്, ഒന്നിടവിട്ട് മൂന്ന് സംഭവങ്ങള്‍. ആദ്യം ഇന്ദിരയുടെ ഏറ്റവും അടുത്ത ഉപദേശകനായ ഡി.പി. ധറിന്റെ മരണം. പിന്നെ ഗുജറാത്തില്‍ പ്രതിപക്ഷ മുന്നണിയുടെ മുന്നില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ട വാര്‍ത്ത. ഉച്ചയ്ക്കുശേഷം വന്ന വാര്‍ത്ത കോണ്‍ഗ്രസ്സിനേയും ഇന്ദിരാഗാന്ധിയേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സോഷ്യലിസ്റ്റ് നേതാവ് രാജ്നാരായണന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജി അലഹബാദ് ഹൈക്കോടതി അംഗീകരിച്ചു.
തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടെന്നും സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മിസ്സിസ് ഗാന്ധി ഉപയോഗിച്ചുവെന്നും ചട്ടങ്ങള്‍ ലംഘിച്ച് അമിതമായി പണമൊഴുക്കിയെന്നും ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹ ശരിവെച്ചതോടെ ഇന്ദിരാഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദ് ചെയ്യപ്പെടുന്നു. അഴിമതിക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന ദേശീയ സമരത്തിന് ഊര്‍ജം പകരുന്ന വിധിയായിരുന്നു അത്. ഇന്ദിര രാജിവെയ്ക്കണമെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആവശ്യപ്പെടുന്നു.
അപ്പീലുമായി ഇന്ദിര സുപ്രീംകോടതിയെ സമീപിച്ചു. വെക്കേഷന്‍ ജഡ്ജിയായിരുന്ന വി.ആര്‍. കൃഷ്ണയ്യര്‍ നല്‍കിയ ഇടക്കാല ഉത്തരവില്‍ പ്രധാനമന്ത്രി എന്ന നിലയില്‍ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചു. എന്നാല്‍, സഭാംഗം എന്ന നിലയില്‍ വോട്ടിംഗില്‍ പങ്കെടുക്കുന്നതും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതും വിലക്കി. ജെ.പി. പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടി. ജൂണ്‍ 25-ന് ഡല്‍ഹിയിലെ രാംലീലാമൈതാനിയില്‍ അതിവിപുലമായൊരു പ്രതിപക്ഷ റാലിയില്‍ ഇന്ദിരാഗാന്ധി രാജിവെയ്ക്കുണമെന്ന് ജയപ്രകാശ് ആവശ്യപ്പെട്ടു. ജൂണ്‍ 29 മുതല്‍ അഖിലേന്ത്യാ സത്യാഗ്രഹ പരിപാടിയും പ്രഖ്യാപിക്കപ്പെട്ടു.
നേരിടാനുറച്ച് ഇന്ദിര
പുപുല്‍ ജയ്കര്‍ എഴുതുകയാണ്: ഞാന്‍ അന്ന് ലണ്ടനിലായിരുന്നു. ഹൈക്കമ്മിഷണര്‍ ബി.കെ. നെഹ്റുവിന്റെ വസതിയില്‍. രാത്രി വളരെ വൈകും വരെ ഞങ്ങള്‍ അതിനെക്കുറിച്ച് സംസാരിച്ചു. ബ്രിട്ടീഷ് പത്രങ്ങളിലൊക്കെ അലഹബാദ് ഹൈക്കോടതി വിധി പ്രസിദ്ധീകരിച്ചു. ലണ്ടന്‍ ടൈംസ് അന്ന് കമന്റ് ചെയ്തത് ഇങ്ങനെയാണ്: ''പാര്‍ക്കിങ് റൂള്‍ തെറ്റിച്ചതിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അധികാരത്തില്‍നിന്ന് ഡീബാര്‍ ചെയ്യുമ്പോലൊരു വിധി...'' ബി.കെ. നെഹ്റു ഇന്ദിരാഗാന്ധിയുടെ അടുത്ത ബന്ധുവാണെന്ന് ഒര്‍ക്കുക. അദ്ദേഹം ഉള്‍പ്പെടെ എല്ലാവരും ഇന്ദിര രാജിവെയ്ക്കുമെന്നു കരുതി. ലണ്ടനില്‍നിന്നു ഞാന്‍ ഇന്ദിരയെ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. കിട്ടിയില്ല. അന്നു വൈകുന്നേരം എനിക്ക് ന്യൂയോര്‍ക്കിലേക്ക് തിരിക്കേണ്ടിയിരുന്നു. ജൂണ്‍ 25-ന് ന്യൂയോര്‍ക്കില്‍. അമേരിക്കന്‍ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയും ഫോട്ടോഗ്രാഫറുമായ ഡൊറോത്തി നോര്‍മനൊപ്പമാണ് താമസിച്ചത് (Dorothy Norman, Indira Gandhi, letters to an American friend) 26-ന് അതിരാവിലെ ഡൊറോത്തി എന്നെ വിളിച്ചുണര്‍ത്തി. ജയപ്രകാശ് നാരായണനും മൊറാര്‍ജി ദേശായിയും ഉള്‍പ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളെയൊക്കെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ ആഭ്യന്തരയുദ്ധം തുടങ്ങിയിരിക്കുന്നു എന്ന കിംവദന്തി പടര്‍ന്നു.
ഇന്ത്യന്‍ എംബസിയില്‍ അതിരാവിലെ എത്തിയപ്പോള്‍ അവര്‍ക്ക് വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഞാന്‍ ഇന്ദിരാഗാന്ധിക്ക് ടെലിഫോണ്‍ ചെയ്തു. ഇന്ദിരയെ കിട്ടുക എളുപ്പമല്ലെന്ന മറുപടിയാണ് കിട്ടിയത്; എന്നാല്‍, അത്ഭുതമെന്ന് പറയട്ടെ, അഞ്ച് മിനിട്ടിനുള്ളില്‍ അവരെന്നെ തിരികെ വിളിച്ചു. അമേരിക്കയില്‍ പടരുന്ന കിംവദന്തികളെക്കുറിച്ച് ഞാന്‍ പറഞ്ഞു, എന്തു സംഭവിച്ചുവെന്ന് ചോദിച്ചു. എന്റെ ചോദ്യത്തിലെ ആശങ്ക അവര്‍ മനസ്സിലാക്കി. ഇന്ത്യയില്‍ ഒരു ആഭ്യന്തരയുദ്ധവുമില്ലെന്നായിരുന്നു മറുപടി. സഹിക്കാവുന്നതിന് അപ്പുറം ഞാന്‍ ക്ഷമിച്ചു. ഇനി ഇവരെ നേരിടുകതന്നെ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അതിനാണ്.
ജയപ്രകാശ് നാരായണനം മൊറാര്‍ജി ദേശായി ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളേയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. രാംലീലാ മൈതാനത്തിലെ പൊതുയോഗത്തില്‍ ജയപ്രകാശ് ആര്‍മിയോടും പൊലീസിനോടും സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിക്കണമെന്നാണ് ആഹ്വാനം ചെയ്തത്... ഇന്ദിരയുടെ മനസ്സിലെ പിരിമുറുക്കം ഞാന്‍ ശ്രദ്ധിച്ചു. 'No Government can tolerate this' എന്നു പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ അവരുടെ ടെന്‍ഷന്‍ എനിക്കു മനസ്സിലായി. പിറ്റേന്ന് ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി എന്‍.കെ. ശേഷന്‍ എനിക്ക് വിശദമായൊരു കേബിള്‍ സന്ദേശം അയച്ചുതന്നു. ഇന്ദിരയോട് സംസാരിക്കുമ്പോള്‍ പ്രസ്സ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ വിവരം എനിക്കറിയില്ലായിരുന്നു. ശേഷന്റെ സന്ദേശം ഇങ്ങനെ സംഗ്രഹിക്കാം:
ആര്‍.എസ്.എസിന്റെ നുണപ്രചരണം
അക്രമാന്തരീക്ഷം പടരുകയാണ്. ജൂണ്‍ 29 മുതല്‍ സത്യാഗ്രഹങ്ങളും ബന്ദുകളും നടത്തി രാജ്യത്തെ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷം നിശ്ചയിച്ചിരിക്കുന്നത്. പട്ടാളത്തോടും പൊലീസിനോടും സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിക്കരുതെന്ന് ജയപ്രകാശ് ആഹ്വാനം ചെയ്തിരിക്കുന്നു. വാര്‍ത്താവിതരണ സംവിധാനവും ഗതാഗത സംവിധാനവും തകര്‍ക്കാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നു.
ആര്‍.എസ്.എസ് നേതാക്കള്‍ ഒളിവിലിരുന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ക്കാനും നിയമലംഘനം നടത്താനും അരാജകത്വം സൃഷ്ടിക്കാനും നേതൃത്വം കൊടുക്കുകയാണ്. ഏതെങ്കിലും സര്‍ക്കാരിന് ഇതു നോക്കിനില്‍ക്കാനാകുമോ? മാധ്യമങ്ങള്‍ മനപ്പൂര്‍വമായി സര്‍ക്കാരിനെ വിമര്‍ശിക്കുകയും നുണപ്രചാരണങ്ങള്‍ നടത്തി ആര്‍.എസ്.എസ്സിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭരണഘടനാ വകുപ്പുകള്‍ പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതാണ്ട് 900 പേരെ ഇതിനകം അറസ്റ്റുചെയ്ത് ലോക്കപ്പിലാക്കി.
അതില്‍ അധികം പേരും സാമൂഹ്യവിരുദ്ധരാണ്. വലതുപക്ഷത്തും ഇടതുപക്ഷത്തുമുള്ള രാഷ്ട്രീയക്കാരുമുണ്ട്. അവര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. അക്രമം അഴിച്ചുവിട്ട് സാമൂഹ്യ സമാധാനം തകര്‍ക്കുന്നവരെ തുറുങ്കിലടയ്ക്കുകയേ മാര്‍ഗമുള്ളൂ പൊതുജനാഭിപ്രായം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമാണ്.
ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ എത്രയോ മുന്‍പേ സ്വീകരിക്കേണ്ടതായിരുന്നുവെന്നാണ് പൊതുവികാരം. പാര്‍ലമെന്റിലും പുറത്തും നടക്കുന്ന അരാജകത്വങ്ങള്‍ കണ്ടുനില്‍ക്കാന്‍ സര്‍ക്കാരിനാവില്ല. സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുകയാണ്. ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വാര്‍ത്തകള്‍ അറിയിക്കുന്നതിനു കാലതാമസം വരുന്നത് നിയമപരവും ഔദ്യോഗികവുമായ നടപടിക്രമങ്ങള്‍ പാലിക്കാന്‍ വേണ്ടിയാണ്. ഇത് ചില ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കിലും സമാധാന അന്തരീക്ഷത്തിന് അത്യാവശ്യമാണ്...
പ്രധാനമന്ത്രി പറഞ്ഞുകൊടുത്ത സന്ദേശം അതേപ്പോലെ പകര്‍ത്തി ജയ്കറിന് അയയ്ക്കുകയാണെന്ന് എന്‍.കെ. ശേഷന്‍ അവസാനം എഴുതിയിരുന്നു:
''ഇന്ദിരാഗാന്ധിയുടെ ഈ ന്യായീകരണം വായിച്ച ശേഷം നമുക്ക് വീണ്ടും ജൂണ്‍ 25-നും 26-നുമുള്ള ഡല്‍ഹിയിലേക്ക് തിരിഞ്ഞുനോക്കാം. നിരവധി പേര്‍ ആ ഡല്‍ഹിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഏറ്റവും ലളിതമായും വ്യക്തമായും റിക്കാര്‍ഡുകള്‍ സഹിതം വിവരിക്കുന്നത് കൂമി കപൂറാണ്, 'The Emergency, A personal History' എന്ന പുസ്തകത്തില്‍. അടിയന്തരാവസ്ഥയുടെ 40-ാം വാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ചതാണ് പ്രസ്തുത പുസ്തകം.
കൂമി കപൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ഉന്നതശ്രേണികളില്‍ ഉണ്ടായിരുന്ന പത്രപ്രവര്‍ത്തകയാണ്. അവരുടെ ഭര്‍ത്താവ് വീരേന്ദ്രകപൂര്‍ ആര്‍.എസ്.എസ്സിന്റെ മുഖപത്രമായ മദര്‍ലാന്‍ഡിന്റെ എഡിറ്ററായിരിക്കെ അടിയന്തരാവസ്ഥയുടെ ആദ്യദിനം തന്നെ അറസ്റ്റു ചെയ്യപ്പെട്ടു. കൂമി കപൂറിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് ബി.ജെ.പി താത്വികനായ സുബ്രഹ്മണ്യസ്വാമി. എങ്കിലും കൂമി കപൂര്‍ ആ കാലം രേഖകള്‍ സഹിതം പകര്‍ത്തുകയാണ്.
ആര്‍.എസ്.എസ്സിനോടും ഇന്ത്യന്‍ എക്‌സ് പ്രസ്സിനോടുമുള്ള വിധേയത്വമൊന്നും നിഷ്പക്ഷ വായനക്കാര്‍ക്ക് ഈ പുസ്തകത്തില്‍ കണ്ടെത്താനാവില്ല. 1975 ജൂണില്‍ കൂമി കപൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ഡല്‍ഹി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍, എക്‌സ്പ്രസ്സില്‍ ചേര്‍ന്ന കാലം, യുവതിയും ഗര്‍ഭിണിയുമായിരുന്നു. അവരുടെ പുസ്തകത്തിന്റെ അവതാരികയില്‍ അരുണ്‍ ജെയ്റ്റിലി എഴുതുകയാണ്: ''ജൂണ്‍ 25-നു വളരെ വൈകിയാണ് ഞാന്‍ ആഫീസില്‍നിന്നു വീട്ടിലേയ്ക്ക് മടങ്ങിയത്. നല്ല ഉറക്കത്തിലായിരിക്കെ, രാത്രി രണ്ട് മണിക്ക് ഡോര്‍ബെല്‍ ശബ്ദിച്ചു. വാതില്‍ തുറന്നപ്പോള്‍ പുറത്ത് പൊലീസ്. എന്നെ തേടിയെത്തിയതാണ് പൊലീസ്. ഡല്‍ഹിയിലെ ഒരു പ്രമുഖ അഭിഭാഷകനായിരുന്ന എന്റെ പിതാവ് പൊലീസുമായി തര്‍ക്കിച്ചു. എവിടെ അറസ്റ്റ് ഓഡര്‍? അച്ഛന്‍ പൊലീസുമായി തര്‍ക്കിക്കുന്നതിനിടയില്‍ ഞാന്‍ പുറംവാതില്‍ വഴി രക്ഷപ്പെട്ടു. രാത്രി ഒരു സുഹൃത്തിന്റെ വസതിയില്‍ അഭയം തേടി.
പ്രഭാതമായതോടെ അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. പ്രതിപക്ഷ നേതാക്കളൊക്കെ അറസ്റ്റിലായ വിവരങ്ങള്‍ വരാന്‍ തുടങ്ങി. ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ വൈദ്യുതബന്ധം തലേദിവസം വൈകുന്നേരം മുതല്‍ ഛേദിച്ചിരുന്നു. ഡല്‍ഹിയിലെ പ്രധാന പത്രം ഓഫീസുകളൊക്കെ അവിടെയായിരുന്നു. ഞാന്‍ ഊടുവഴികളിലൂടെ ഡല്‍ഹി യൂണിവേഴ്സിറ്റി കാമ്പസ്സിലെത്തി. എ.വി.ബി.പിക്കാരായ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ കാമ്പസ്സില്‍ ഒത്തുകൂടി, ഞങ്ങള്‍ കാമ്പസ്സിനകത്തും പുറത്തും പ്രകടനങ്ങള്‍ നടത്തി. പൊലീസ് ഞങ്ങളെ വളഞ്ഞു. എന്നെ അറസ്റ്റുചെയ്ത് സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. പൊലീസ് സ്റ്റേഷനില്‍വെച്ചാണ് റേഡിയോ വഴി അടിയന്തരാവസ്ഥാ പ്രഖ്യാപനം കേള്‍ക്കുന്നത്. പ്രസ്സ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയെന്നും, മൗലികാവകാശങ്ങള്‍ സസ്പെന്‍ഡ് ചെയ്തതായും അറിയിപ്പു വന്നു. എത്രനാള്‍ അടിയന്തരാവസ്ഥ തുടരുമെന്നതിനു വ്യക്തതയുണ്ടായില്ല. ഇന്ത്യ സ്വേച്ഛാധിപത്യത്തിലേക്ക് കടക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. MISA പ്രകാരം ഡിറ്റന്‍ഷന്‍ ഉത്തരവ് എനിക്കു കിട്ടി. ജയപ്രകാശ് നാരായണനും മൊറാര്‍ജി ദേശായിയും ചന്ദ്രശേഖറുമൊക്കെ അറസ്റ്റു ചെയ്യപ്പെട്ട വിവരം സിവില്‍ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍നിന്ന് അറിഞ്ഞു. അന്ന് വൈകുന്നേരം എന്നെ തിഹാര്‍ ജയിലിലേക്ക് മാറ്റി. ജയിലിലെ രണ്ടാം നമ്പര്‍ വാര്‍ഡ് തിങ്ങി നിറഞ്ഞിരുന്നു. പ്രാദേശിക ജനസംഘം പ്രവര്‍ത്തകര്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍, സംഘടനാ കോണ്‍ഗ്രസ്സുകാര്‍, സ്വതന്ത്രാപാര്‍ട്ടിക്കാരും സോഷ്യലിസ്റ്റുകളും മാത്രമല്ല, കുറെ ആനന്ദമാര്‍ഗികളും നക്‌സലൈറ്റുകളും ജമാത്ത് ഇസ്ലാമിക്കാരും ഡല്‍ഹി യൂണിവേഴ്സിറ്റി അദ്ധ്യാപകരും ആ വാര്‍ഡിലുണ്ടായിരുന്നു. വാര്‍ഡിനോട് ചേര്‍ന്ന് ഒരു താല്‍ക്കാലിക അടുക്കള സജ്ജമാക്കി. ഞാനന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ നിയമവിദ്യാര്‍ത്ഥിയും സ്റ്റുഡന്‍സ് യൂണിയന്റെ പ്രസിഡണ്ടുമായിരുന്നു. നിയമപഠനം പൂര്‍ത്തിയാക്കാന്‍ ഇനിയും ഒരു വര്‍ഷം ബാക്കിയാണ്.
നിറഞ്ഞ ജയിലുകള്‍
മൂന്ന് രൂപയാണ് MISA തടവുകാര്‍ക്ക് ഒരു ദിവസത്തെ ചെലവിനു നല്‍കിയിരുന്നത്. ആ മൂന്ന് രൂപ കൊടുത്ത് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഡിന്നറും കഴിക്കണം. പത്രങ്ങളും റേഡിയോയും വിലക്കി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സന്ദര്‍ശനാനുമതി ഉണ്ടായിരുന്നില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ 20 MISA തടവുകാരെ ഹരിയാനയിലെ അംബാലാ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ബന്‍സിലാലിന്റെ ഭരണം പൊടിപൊടിക്കുന്ന ഹരിയാനയിലെ ജയിലില്‍. ഏഴു കേസുകള്‍ എനിക്കെതിരെ ചുമത്തപ്പെട്ടു. കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഒരു മജിസ്‌ട്രേറ്റ് ഉത്തരവിട്ടപ്പോള്‍ വീണ്ടും തിഹാര്‍ ജയിലില്‍. പത്രങ്ങള്‍ പെട്ടെന്ന് ഇന്ദിരയ്ക്ക് അനുകൂലമായി. ഇന്ത്യന്‍ എക്‌സ്പ്രസ്സും സ്റ്റേറ്റ്‌സ്മാനും മാത്രമായിരുന്നു പ്രതിരോധമുയര്‍ത്താന്‍ ശ്രമിച്ചത്. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അപ്പീല്‍ സുപ്രീംകോടതി അംഗീകരിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് അപ്പീല്‍ അനുവദിച്ചത്. എല്ലാ അഴിമതികളേയും അംഗീകരിക്കുന്നതായിരുന്നു വിധി. മിക്കവാറും പ്രതിപക്ഷ എം.പിമാരും MISA പ്രകാരം ജയിലിനുള്ളിലായിരുന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദമേ ഉണ്ടായില്ല.''
അലഹബാദ് ഹൈക്കോടതി വിധി അംഗീകരിച്ച് ഇന്ദിര രാജിവയ്ക്കുന്നുവെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യചരിത്രത്തിന് അത് മിഴിവേറ്റുമായിരുന്നുവെന്ന് നിരീക്ഷിച്ചവരാണ് ഏറെയും. പക്ഷേ, ജയപ്രകാശ് നാരായണന്‍ പറഞ്ഞതുപോലെ വിനാശ കാലേ വിപരീത ബുദ്ധി-രാജ്യം അടിയന്തരാവസ്ഥയിലേക്ക് കൂപ്പുകുത്തി.
സഞ്ജയ് ഗാന്ധിയുടെ അതിക്രമങ്ങള്‍
സത്യത്തില്‍ വിധി വന്നപ്പോള്‍ രാജിവച്ചാല്‍ എന്തെന്ന് അവര്‍ ആലോചിച്ചതാണ്. രാജീവ് ഗാന്ധിയോടും അടുപ്പക്കാരോടും അവര്‍ സുചിപ്പിക്കുകയും ചെയ്തു. രാജിവയ്ക്കുമെന്ന വാര്‍ത്ത കേട്ട് അവരുടെ വസതിയിലേക്ക് കോണ്‍ഗ്രസ്സുകാര്‍ ഇരച്ചുകയറി. അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് രാജിവയ്ക്കരുതെന്ന് അപേക്ഷിച്ചു. ഇന്ദിര ധര്‍മസങ്കടത്തിലായിരിക്കെയാണ് സഞ്ജയന്റെ വരവ്. മാരുതി ഫാക്ടറിയിലായിരുന്ന സഞ്ജയന്‍ ഉച്ചഭക്ഷണത്തിന് എത്തിയപ്പോഴാണ് വിവരമറിയുന്നത്. പുപുല്‍ എഴുതുകയാണ്:
സഞ്ജയന്‍ അമ്മയെ അവരുടെ മുറിക്കുള്ളിലേക്ക് വിളിച്ചു, ക്രുദ്ധനായി ഇന്ദിരയോട് പറഞ്ഞു: 'don't resign.' കോണ്‍ഗ്രസ് പ്രസിഡന്റ് ബറുവയുടെ നിര്‍ദേശം സ്വീകരിക്കരുതെന്ന് താക്കീതും ചെയ്തു. ബറുവ നിര്‍ദേശിച്ചത് ഇന്ദിര തല്‍ക്കാലം കോണ്‍ഗ്രസ് പ്രസിഡന്റ് പദം ഏറ്റെടുക്കുക, പകരം സുപ്രീംകോടതി അപ്പീലില്‍ അവസാന തീര്‍പ്പുണ്ടാകും വരെ താന്‍ പ്രധാനമന്ത്രി സ്ഥാനം വഹിക്കാമെന്നായിരുന്നു. സഞ്ജയന്‍ അമ്മയ്ക്ക് മുന്നറിയിപ്പ് നല്‍കി, ചുറ്റുമുള്ള ഉപജാപകക്കാര്‍ അപകടകാരികളാണ്, ഒരിക്കല്‍ അവരുടെ കൈകളിലേക്ക് അധികാരം കൈമാറിക്കഴിഞ്ഞാല്‍ പിന്നെ അവരത് മടക്കിത്തരികയില്ല. അതുകൊണ്ട് യാതൊരു കാരണവശാലും രാജിവെയ്ക്കരുത്. മാത്രമല്ല, സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ 20 ദിവസത്തെ സാവകാശം ലഭിച്ചപ്പോള്‍ ടെന്‍ഷന്‍ ഒന്ന് അയഞ്ഞു. സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ തുടരാനുള്ള പദ്ധതികള്‍ രൂപപ്പെട്ടു. രാജിവെയ്ക്കില്ലെന്ന് പറഞ്ഞപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ദിരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ് പിന്നെ കണ്ടത്. പാര്‍ട്ടി പ്രഖ്യാപനം നടത്തി, ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി തുടരും, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഐക്യത്തിനും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി തുടരേണ്ടത് അനിവാര്യമാണ്... ഈ ഒറ്റ സ്റ്റേറ്റ്‌മെന്റിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി സ്വേച്ഛാധിപത്യത്തിലേയ്ക്ക് വാതില്‍ തുറക്കുകയായിരുന്നു, ജനാധിപത്യത്തെ അവഹേളിക്കുകയായിരുന്നു, കുടുംബാധിപത്യത്തെ സ്ഥാപനവല്‍ക്കരിക്കുകയായിരുന്നു.
പില്‍ക്കാലത്ത് പ്രസിദ്ധ പത്രപ്രവര്‍ത്തകനായ ഡോം മൊറയ്സിനോട് ഇന്ദിര പറഞ്ഞത് ഇങ്ങനെയാണ്: എന്തുകൊണ്ട് ഞാന്‍ അന്നു രാജിവച്ചില്ലായെന്ന് നിങ്ങള്‍ ചോദിക്കുമ്പോള്‍ അക്കാലത്തെ സാഹചര്യങ്ങള്‍ മറക്കരുത്. അസഹ്യമായ അരാജകത്വമായിരുന്നില്ലേ? കരുത്തുള്ള ഒരു നേതാവ് ഇല്ലെങ്കില്‍ എന്താവുമായിരുന്നു രാജ്യത്തിന്റെ സ്ഥിതി? It was my duty to the country to stay, though I didn't want to -രാജ്യത്തെ പ്രതിസന്ധിഘട്ടത്തില്‍ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നുവെന്നും, എന്നാല്‍, എനിക്ക് അത്ര ഇഷ്ടമായിരുന്നില്ല അധികാരത്തില്‍ തുടരാനെന്നുമുള്ള ഇന്ദിരയുടെ മറുപടി അക്കാലത്ത് അവര്‍ നേരിട്ട ആശയക്കുഴപ്പങ്ങളുടെ പ്രതിഫലനമായിരുന്നു. താന്‍ ഒഴിച്ചുകൂടാനാവാത്ത ഒരാളാണെന്ന തോന്നല്‍ ജീവിതത്തിലുടനീളം അവരുടെ മനസ്സിലുണ്ടായിരുന്നു. താന്‍ ഇല്ലെങ്കില്‍ എല്ലാം തകരുമെന്ന മിഥ്യാബോധം. അധികാരം നഷ്ടമായാല്‍ താന്‍ ആരുമല്ലാതാകും എന്ന ആശങ്കയില്‍ നിന്നുണ്ടാകുന്ന മാനസികാവസ്ഥയാണിത്.
ജനാധിപത്യബോധം തീരെയില്ലാത്ത ഈ മാനസിക നിലയെപ്പറ്റിയാണ് ജയപ്രകാശ് നാരായണന്‍ തന്റെ prison Diary-യില്‍ എഴുതിയത്: 'I have always believed that Mrs. Gandhi had no faith in democracy, that She was-inclination and conviction a dictator.' ഒരു സ്വേച്ഛാധിപതിയുടെ ജനിതകഘടനയുടെ മാനസികാവസ്ഥയാണ് ഇന്ദിരയ്ക്ക് എന്നുമുണ്ടായിരുന്നതെന്ന് ജയപ്രകാശിന്റെ വിലയിരുത്തല്‍.
അടിയന്തരാവസ്ഥക്കാലത്ത് ഭരണം നടത്തിയത് സഞ്ജയനായിരുന്നു. സഞ്ജയന് 28 വയസ്സ്. സഞ്ജയ് ചെയ്തുകൂട്ടിയതൊക്കെ തെറ്റായിരുന്നില്ലേ എന്ന് ഡോം മൊറയിസ് ചോദിച്ചു. ഇന്ദിരയുടെ ഉത്തരം 'you see, Sanjay ins't a thinker, he is a doer. I mean cent percent a doer.'
ജനങ്ങള്‍ക്കുവേണ്ടി ഒരു കാര്‍ നിര്‍മാണത്തിനു ഫാക്ടറി ഉണ്ടാക്കി, അതിന്റെ പ്രവര്‍ത്തനത്തിനിടയിലാണ് അടിയന്തരാവസ്ഥയിലൂടെ സഞ്ജയ് ജനങ്ങളെ സേവിക്കാന്‍ സമയം കണ്ടെത്തിയത്. വര്‍ഷം പ്രതി 50,000 കാറുകള്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് സഞ്ജയ് 1970-ല്‍ത്തന്നെ നേടിയിരുന്നു. ഹരിയാനയിലെ മൂന്ന് ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ നിര്‍ബന്ധിതമായി കുടിയിറക്കി മാരുതി കമ്പനിക്കുവേണ്ട സ്ഥലമെടുത്തു നല്‍കിയത് ഹരിയാന മുഖ്യമന്ത്രിയായ ബന്‍സിലാലായിരുന്നു. അതിക്രമങ്ങളെപ്പറ്റി എഴുതിയവര്‍ ബന്‍സിലാലിന്റെ പങ്ക് പ്രത്യേകം പറയുന്നുണ്ട്.
അടിയന്തരാവസ്ഥയെക്കുറിച്ചുള്ള മിക്ക പുസ്തകങ്ങളുടെ കവര്‍പേജിലും അമ്മയും മകനും ഉണ്ടാകും. അമ്മയുടെ അതിരുകടന്ന പുത്ര വാത്സല്യത്തിന്റെ മുഖമാണ് അടിയന്തരാവസ്ഥ. പുപുല്‍ ആങ്കയോടെ അതേക്കുറിച്ച് എഴുതിയിട്ടുണ്ട്. ഡൂണ്‍ സ്‌കൂളിലെ വെറും ശരാശരി വിദ്യാര്‍ത്ഥി, പഠനത്തിലും സ്പോര്‍ട്‌സിലും യാതൊരു മികവും പ്രകടിപ്പിക്കാത്ത ആ വിദ്യാര്‍ത്ഥി, ഇംഗ്ലണ്ടിലെ വിദ്യാഭ്യാസത്തിലൂടെ (?) ഇന്ത്യയില്‍ കാര്‍ ഫാക്ടറി തുടങ്ങുന്നതിന്റെ പിന്നിലെ രഹസ്യാത്മകത പലരും എഴുതിയതാണ്.
രാഷ്ട്രീയബാധ്യതയും മകന്റെ 'ചെയ്തികളും'
ഇംഗ്ലണ്ടിലെ Rolls Royce കാര്‍ ഫാക്ടറിയിലെ ഇന്റേണായി കഴിയവേ സഞ്ജയന്റെ ആഭാസത്തില്‍ പരിധിവിട്ടതൊക്കെ പുസ്തകങ്ങളിലുണ്ട്. ലണ്ടനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ഇടപെട്ട്, മദ്യത്തിലും കാറുകളിലും സ്ത്രീകളിലും പെട്ടുപോയ ചെറുപ്പക്കാരനായ സഞ്ജയനെ രക്ഷിച്ച സംഭവം ന്യൂയോര്‍ക്ക് ടൈംസില്‍ ആന്തണി ലൂകാസാണ് എഴുതിയത്. (വിനോദ് മേത്ത, The Sanjay story, ജനാര്‍ദ്ദന്‍ താക്കൂര്‍, All the Prime Ministers men). മകന്റെ എല്ലാ അതിക്രമങ്ങളേയും വൈകൃതങ്ങളേയും ഇന്ദിര എന്ന അമ്മ മറച്ചുവെച്ചു.
തിരുത്താനുള്ള എല്ലാ ശ്രമങ്ങളും പാളിപ്പോയപ്പോള്‍ മകന്റെ ഭീഷണികള്‍ക്ക് വഴങ്ങേണ്ടിവന്ന അമ്മയുടെ ചിത്രം പുപുലും കാതറീനും വരച്ചിട്ടുണ്ട്. സഞ്ജയ് സ്റ്റോറി എഴുതിയ വിനോദ് മേത്ത ലണ്ടനിലെ അപ്രന്റീസ് കാലത്ത് സഞ്ജയന്‍ തനി ഉഴപ്പനായിരുന്നുവെന്നു പറയുന്നു, പേരിന് റോള്‍സ് റോയ്സില്‍ നിന്നൊരു സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനപ്പുറം കാര്‍ നിര്‍മാണത്തിന്റെ സാങ്കേതിക രീതികളെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നത്രെ.
1968-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയപ്പോള്‍ അമ്മ പ്രധാനമന്ത്രി. കുടുംബം ഒരു സത്യസന്ധനായ രാഷ്ട്രീയക്കാരന് ചിലപ്പോള്‍ ബാദ്ധ്യതയായി മാറും. നെഹ്റുവിന്റെ മകളില്‍നിന്ന് ജനാധിപത്യവിരുദ്ധവും അഴിമതി നിറഞ്ഞതുമായ പ്രവൃത്തികള്‍ ഉണ്ടായതിന് പ്രധാന കാരണക്കാരനായി മാറി സഞ്ജയ് എന്ന മകന്‍. 1974-ല്‍ ഒരു ആര്‍മി കേണലിന്റെ മകളെ വിവാഹം കഴിച്ചുകൊണ്ട് സഞ്ജയ് നെഹ്റു കുടുംബത്തെ അമ്പരപ്പിച്ചു. ഇന്ദിരയുടെ കുടുംബത്തില്‍ ഒരു പഞ്ചാബി മാഫിയ രൂപപ്പെടുകയായിരുന്നു.
സുന്ദരിയായ മനേക ലേഡി ശ്രീറാം കോളേജിലെ മിടുക്കിയായ വിദ്യാര്‍ത്ഥിനിയുമായിരുന്നു. 1970-ല്‍ സഞ്ജയന് കാര്‍ നിര്‍മാണ ലൈസന്‍സ് കിട്ടുമ്പോള്‍ ആക്ഷേപം ഉയര്‍ന്നു. ഇന്ദിര വഴിവിട്ട് മകനെ സഹായിച്ചുവെന്ന ആക്ഷേപത്തെ അവര്‍ വകവെച്ചില്ല. ബാങ്കുകളുമായി ബന്ധപ്പെട്ട എണ്ണമറ്റ തിരിമറികള്‍ ഉണ്ടായി.
ജോര്‍ജ് ഫെര്‍ണാണ്ടസ്, വാജ്പേയിയും രാജ്നാരായണനുമൊക്കെ പാര്‍ലമെന്റില്‍ ഒച്ചപ്പാടുണ്ടാക്കി. മിസ്സിസ് ഗാന്ധി കൂസിയില്ല. ബാങ്കുകളെ വരുതിയില്‍ നിറുത്തി. അവിഹിതമായി വായ്പകള്‍ നേടി മാരുതി കമ്പനി പ്രവര്‍ത്തിച്ചുവെങ്കിലും നിരാശപ്പെടുത്തുന്നതായിരുന്നു ഫലം.
കമ്പനി പരിപൂര്‍ണ പരാജയത്തിലേക്ക് നീങ്ങുമ്പോഴാണ് അടിയന്തരാവസ്ഥയിലൂടെ ഭരണം സഞ്ജയ് നിയന്ത്രിച്ചു തുടങ്ങുന്നത്. യൂത്ത് കോണ്‍ഗ്രസ് സഞ്ജയന്റെ നിയന്ത്രണത്തില്‍. അമ്മയ്ക്ക് അനുകൂലമായ ജാഥകള്‍, പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു.
ബന്‍സിലാലും വി.സി. ശുക്ലയും സഞ്ജയ് ഗാന്ധിയുടെ ഉപദേശകരായി. ധീരേന്ദ്ര ബ്രഹ്മചാരി എന്ന യോഗാഗുരുവും ഡല്‍ഹിയിലെ ലക്ഷ്മീനഗറില്‍ ഒരു ടയര്‍ പഞ്ചറൊട്ടിപ്പ് കട നടത്തിയിരുന്ന അര്‍ജന്‍ദാസും കാര്‍ സവാരികളില്‍ കൂട്ടുകാരനായി. ബ്രഹ്മചാരി ഇന്ദിരയുടെ സ്ഥിരാംഗമായി. അര്‍ജന്‍ദാസ് സഫ്ദര്‍ജംഗ് റോഡിലെ ഇന്ദിരയുടെ വസതിയില്‍നിന്നു പുറത്തിറങ്ങി, താന്‍ ഇന്ദിരയുടെ മൂന്നാമത്തെ പുത്രനാണെന്ന് പൊങ്ങച്ചം പറയുമായിരുന്നത്രേ.
സഞ്ജയ് ഗാന്ധിയുടെ സഹായത്താല്‍ അയാള്‍ ഡല്‍ഹി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗവുമായി. നെഹ്റുവിന്റെ കാലം മുതല്‍ യോഗാഗുരു ധീരേന്ദ്ര ബ്രഹ്മചാരി ഇന്ദിരയുടെ വസതിയിലെ സന്ദര്‍ശകനായിരുന്ന നെഹ്റുവിന്റെ കാലത്താണ് ജന്തര്‍മന്ദിറില്‍ അയാള്‍ക്ക് ആശ്രമം പണിയാന്‍ സ്ഥലം അനുവദിച്ചത്. പക്ഷേ, ലാല്‍ ബഹദൂര്‍ ശാസ്ത്രി അയാളെ പ്രധാനമന്ത്രിയുടെ വസതിയില്‍നിന്നു പുറത്താക്കി. ഇന്ദിരയോട് അയാള്‍ അടുപ്പം പുലര്‍ത്തി, ഇന്ദിരാ ഗവണ്‍മെന്റ് അയാള്‍ക്ക് 43 ലക്ഷം രൂപ ഗ്രാന്റായി ആശ്രമത്തിനു നല്‍കി.
ഇന്ദിരയുടേയും സഞ്ജയന്റേയും ബലത്തില്‍ അയാള്‍ മന്ത്രിമന്ദിരങ്ങള്‍ കയറിയിറങ്ങി. ജമ്മുവില്‍ അയാളൊരു ലക്ഷ്വറി റിസോര്‍ട്ട് വാങ്ങി, വിദേശികളെ യോഗ പഠിപ്പിക്കാനായി. അവിടേയ്ക്ക് പോകാനായി ചെറിയ വിമാനവും. ആ വിമാനത്തിലെ സ്ഥിരയാത്രക്കാരിലൊരാള്‍ സഞ്ജയ് ആയിരുന്നു, രാജീവും അത് ഉപയോഗിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രധാന ഉപദേശകനായിരുന്ന ആര്‍.കെ. ധവാനായിരുന്ന സഞ്ജയന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിച്ചിരുന്നത്. എന്നാല്‍, പില്‍ക്കാലത്ത് ഷാ കമ്മിഷനു മുന്നില്‍ മൊഴി കൊടുക്കുമ്പോള്‍ സഞ്ജയ് ഗാന്ധിയുടെ അതിക്രമങ്ങളിലൊന്നും തനിക്ക് പങ്കുണ്ടായിരുന്നില്ലെന്നു പറഞ്ഞ് ധവാന്‍ കൈകഴുകി.
ഇന്ദിരയുടെ യഥാര്‍ത്ഥ പിന്‍ഗാമി
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഡല്‍ഹി സന്ദര്‍ശിക്കുമ്പോള്‍ ആദ്യം കാണുക സഞ്ജയനെ എന്ന നില വന്നു. 1975-ലെ ചണ്ഡിഗര്‍ കോമഗാഡമാരു നഗര്‍ കോണ്‍ഗ്രസ് സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണകേന്ദ്രമായി അയാള്‍ മാറി. കോണ്‍ഗ്രസ്സിന്റെ യൂത്ത് കോണ്‍ഗ്രസ്സും രൂപവല്‍ക്കരിക്കുകയായി. സഞ്ജയ് ഗാന്ധിയുടെ പിന്‍ബലത്തില്‍ എന്ത് അതിക്രമവും ജനങ്ങള്‍ക്കുമേലാകും എന്ന നിലയായി.
തൊഴില്‍ രഹിതരും റൗഡികളും മാത്രമല്ല, സാമൂഹ്യവിരുദ്ധരായ ചെറുപ്പക്കാരൊക്കെ യൂത്ത് കോണ്‍ഗ്രസ്സിലേക്ക് തള്ളിക്കയറി. അങ്ങനെ ആവിഷ്‌കൃതമായ യൂത്ത് കോണ്‍ഗ്രസ്സിനെ ചൂണ്ടിയാണ് കോണ്‍ഗ്രസ്സിന്റെ ഗൗഹാതി സമ്മേളനത്തില്‍ മിസ്സിസ് ഗാന്ധി പറഞ്ഞത്. Sanjay and his youth Congress has stolen our thunder.
ഇന്ദിരയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായി ആ സമ്മേളനം സഞ്ജയനെ അംഗീകരിച്ചു. ആ സമ്മേളനം കഴിഞ്ഞാണ് അഞ്ചിന പരിപാടിയുമായി സഞ്ജയന്‍ രംഗത്തുവരുന്നത്. കുടുംബാസൂത്രണ പരിപാടിയായിരുന്നു അതില്‍ ഏറ്റവും പ്രധാനം, 'നമ്മള്‍ രണ്ട് നമുക്ക് രണ്ട്.' ദമ്പതികളും രണ്ടു കുട്ടികളുമുള്ള പോസ്റ്ററുകള്‍ രാജ്യമാകെ പ്രചരിപ്പിച്ചു. വന്ധ്യംകരണം നിര്‍ബന്ധിച്ച് നടത്തിപ്പിച്ചു. ഉത്തരേന്ത്യയിലാകെ അക്രമാസക്തമായ വന്ധീകരണ ക്യാമ്പുകള്‍ സംഘടിപ്പിച്ച്, പാവപ്പെട്ട ചേരിവാസികളെ ഭയചകിതരാക്കി.
ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ വര്‍ഷങ്ങളായി ഭംഗിയായി നടന്നുവന്നിരുന്ന പ്രവര്‍ത്തനങ്ങളെ സഞ്ജയനും കൂട്ടരും അട്ടിമറിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയായിരുന്നു. ഓരോ സ്റ്റേറ്റിനും സ്റ്റെറിലൈസേഷനും ടാര്‍ജറ്റ് നിശ്ചയിക്കപ്പെട്ടതോടെ അതിക്രമങ്ങളുടെ വേലിയേറ്റമായിരുന്നു. 1975-'76 ല്‍ 26.24 ലക്ഷം സ്റ്റെറിലൈസേഷനായിരുന്നുവെങ്കില്‍ 1976-'77-ല്‍ അത് കുതിച്ചുയര്‍ന്ന് 81.32 ലക്ഷമായി. സഞ്ജയനെ സന്തോഷിപ്പിക്കാനായി ഓരോ ഉത്തരേന്ത്യന്‍ സംസ്ഥാനവും മത്സരിച്ചു. ഹരിയാന ടാര്‍ജറ്റിന്റെ നാലിരട്ടിയും മധ്യപ്രദേശും യു.പിയും ടാര്‍ജറ്റിന്റെ രണ്ടിരട്ടിയും നടത്തി.
നൂറുകണക്കിന് അവിവാഹിതരായ ചെറുപ്പക്കാര്‍ നിര്‍ബന്ധിത വന്ധ്യംകരണമെന്ന ഭീഷണിക്ക് വിധേയരായി. ആശുപത്രിയിലെത്തുന്ന എല്ലാ രോഗികളും നിര്‍ബന്ധിതമായി വന്ധ്യംകരണത്തിനു വിധേയരാകണമെന്ന ഉത്തരവ് പല സ്റ്റേറ്റുകളും ഇറക്കി. 25 വയസ്സില്‍ താഴെ ഉള്ള അവിവാഹിതരേയും നിര്‍ബന്ധമായി വന്ധ്യംകരണം നടത്തി ടാര്‍ജറ്റ് മറികടക്കുക എന്നായപ്പോള്‍ അതിശക്തമായ പ്രതിഷേധങ്ങളായി.
രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ പേടിച്ചു. കാരണം വാക്‌സിനേഷന്‍ ക്യാമ്പയിനിന്റെ പേരില്‍ തങ്ങളുടെ കുട്ടികളെ നിര്‍ബന്ധിച്ച് വന്ധീകരിക്കുമോയെന്ന് ഭയന്നു. യൂത്ത് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഫാമിലി പ്ലാനിങ് മേളകള്‍ നടത്തി ജനങ്ങളെ ഭയചകിതരാക്കി. ഡല്‍ഹിയിലെ മുസ്ലിം പ്രദേശങ്ങളില്‍ മേളകള്‍ നടത്താന്‍ നേതൃത്വം കൊടുത്തത് രുക്സാനാ സുല്‍ത്താന്‍ എന്നൊരു ഗ്ലാമറസ് യുവതിയായിരുന്നു. ഡല്‍ഹി റെയില്‍വേ സ്റ്റേഷനുകളിലും തെരുവുകളിലും അലഞ്ഞുനടന്ന സര്‍വ ഭിക്ഷക്കാരേയും പിടിച്ചുകൊണ്ടുവന്ന് വന്ധ്യംകരണം നടത്തി. സഞ്ജയന്റെ അടുപ്പക്കാരിയായിരുന്ന രുക്സാന ചേരികളില്‍ കയറിയിറങ്ങി പരിഭ്രാന്തി പരത്തി. രുക്സാന എന്ന സുന്ദരിക്ക് ചുറ്റും ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വട്ടം കറങ്ങി. സഞ്ജയന്റെ കുടുംബാസൂത്രണ മേളകളുടെ അപകടം രഹസ്യ പൊലീസ് മുകളിലേക്ക് അറിയിച്ചതാണ്. അധികാരികള്‍ ഗൗനിച്ചില്ല.
ഇരമ്പുന്ന ജനരോഷം
ഗോരഖ്പൂരിലും മുസാഫര്‍ നഗറിലും രാംപൂരിലും ബറേലിയിലും പിപ്ലിയിലും പ്രതാപ് നഗറിലുമൊക്കെ ജനരോഷം പൊട്ടിയൊഴുകി. ഗോരഖ്പൂരിലും മുസാഫര്‍ നഗറിലുമുണ്ടായ വെടിവെയ്പില്‍ 12 പേര്‍ മരിച്ചു. ഹരിയാനയിലെ പിപ്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിനു കാരണം ഹാവാസിങ് എന്നൊരു മധ്യവയസ്‌കയായ വിധവയെ വന്ധ്യംകരിച്ചതാണ്. വന്ധ്യംകരണത്തെത്തുടര്‍ന്ന് അവര്‍ മരണമടഞ്ഞു. പിപ്ലിയിലെ കലാപം പഞ്ചാബിലേക്കും യു.പിയിലേക്കും വ്യാപിച്ചു. അതിഭീകരമായ പൊലീസ് മര്‍ദനങ്ങള്‍ ജനകൂട്ടത്തെ പിന്തിരിപ്പിച്ചില്ല.
പൊലീസ് സഹായത്തോടെ ഗ്രാമങ്ങള്‍ വളഞ്ഞ് വീടുകള്‍ റെയ്ഡ് ചെയ്ത് വന്ധ്യംകരണത്തിനുവേണ്ടി ആളുകളെ പിടിച്ചുകൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ വ്യാപകമായി. പ്രായം ചെന്ന നൂറുകണക്കിന് മനുഷ്യരെ വന്ധ്യംകരണത്തിനു വിധേയരാക്കി.
സഞ്ജയന്റെ അഞ്ചിനത്തിലെ മറ്റൊരു കലാപരിപാടി ഡല്‍ഹിയെ സൗന്ദര്യവല്‍ക്കരിക്കലായിരുന്നു. അതിനു കണ്ട മാര്‍ഗം പാവങ്ങള്‍ താമസിക്കുന്ന ചേരികള്‍ ഇടിച്ചുനിരത്തുക. സഞ്ജയന്റെ നേരിട്ടുള്ള നിര്‍ദേശങ്ങളിലൂടെയാണ് ചേരികളിലെ കുടിലുകളെ പിഴുതെറിഞ്ഞത്. നിരായുധരായി അലമുറയിടുന്ന പാവങ്ങള്‍ ഡല്‍ഹിയിലെ സ്ഥിരം കാഴ്ചകളായി. എതിര്‍ത്തവരെയൊക്കെ MISA പ്രകാരം ജയിലിലാക്കി. എന്നാല്‍, ഡല്‍ഹിയുടെ ഹൃദയമായ ടര്‍ക്ക്മാന്‍ ഗേറ്റില്‍ ജനങ്ങള്‍ പ്രതിരോധിക്കാന്‍ തയ്യാറായി. നിര്‍ബന്ധിത വന്ധ്യംകരണവും സൗന്ദര്യവല്‍ക്കരണവും നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ജനങ്ങളുടെ നേരെ ബുള്‍ഡോസറുകള്‍ പാഞ്ഞുകയറി.
പഴയ ഡല്‍ഹിയിലെ ജമാമസ്ജിദിലേക്ക് തുറക്കുന്ന ഏതാണ്ട് 3400 ഇടവഴികളില്‍ ആയിരക്കണക്കിനു മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് നേരെയാണ് ബുള്‍ഡോസറുകള്‍ പാഞ്ഞുകയറിയത്. അവരുടെ ചെറുചെറു കച്ചവടസാധനങ്ങളും ജീവിതോപാധികളും ഇല്ലാതായി. ജുമാമസ്ജിതിലെ ഇമാം സയ്യദ് അബ്ദുള്ള ബുക്കാരിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ പൊലീസിനു നേരെ ചീറി അടുത്തുവെങ്കിലും നിരവധി പൊലീസുകാരെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. കൊടിയമര്‍ദനങ്ങളും ടിയര്‍ഗ്യാസ് പ്രയോഗവും വെടിവെയ്പും വേണ്ടിവന്നു. എട്ടുപേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക റെക്കോര്‍ഡ്.
നൂറു കണക്കിനു മനുഷ്യര്‍ അംഗവിഹീനരായി, അവരുടെ ജീവിതമാകെ തുലഞ്ഞു. നൂറുകണക്കിനു പേര്‍ തടവറയിലായി. ടര്‍ക്ക്മെന്‍ ഗേറ്റിലെ നരവേട്ടയുടെ വാര്‍ത്ത എല്ലാ മുസ്ലിം സെറ്റില്‍മെന്റുകളിലേക്കും പടര്‍ന്നു. പ്രസിഡണ്ട് ഫക്രദ്ദീന്‍ അലി അഹമ്മദിന്റെ ഭാര്യ സ്ഥലം സന്ദര്‍ശിച്ചു. മിസ്സിസ് ഗാന്ധിയോട് പരിഭവം പറഞ്ഞു. ശ്രീനഗറില്‍നിന്ന് ഷേക് അബ്ദുള്ള പറന്നെത്തി, അദ്ദേഹത്തോടൊപ്പം മുഹമ്മദ് യൂനസുമുണ്ടായിരുന്നു. ടര്‍ക്മാന്‍ ഗേറ്റ് അവരെ ഞെട്ടിച്ചു. ഷേക് അബ്ദുള്ള പരസ്യമായി ഭരണകൂടത്തെ വിമര്‍ശിച്ചു. ഉത്തരേന്ത്യയിലാകെ ജനരോഷം ഇരമ്പുന്നത് പക്ഷേ, ഭരണകൂടം അറിഞ്ഞില്ല.
പ്രതിപക്ഷവും മാധ്യമങ്ങളും
ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് രാജ്യമാസകലം പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കവെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടാകുന്നത് 25 ജൂണില്‍. വെറും അഞ്ച് വരിയില്‍ ഭരണഘടനയുടെ 352-ം വകുപ്പ് പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നുവെന്ന ഉത്തരവിന്റെ കരട് തയ്യാറാക്കിയത് സിദ്ധാര്‍ത്ഥ ശങ്കര്‍ റേ ആയിരുന്നു. കുളിത്തൊട്ടിയില്‍ കിടന്നുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ പ്രസിഡണ്ട് ഫക്രുദ്ദീന്‍ അലി അഹമ്മദ് ഒപ്പുവയ്ക്കുന്ന അബുവിന്റെ ആ ഇന്ത്യന്‍ എക്‌സ്പ്രസ്സ് കാര്‍ട്ടൂണ്‍ ഇപ്പോഴും നമ്മളെ ചിരിപ്പിക്കുന്നുണ്ട്.
ഇന്ദിര ആരെയും വിശ്വസിച്ചില്ല, സ്വന്തം പാര്‍ട്ടിക്കാരെ തീരെ വിശ്വസിച്ചില്ല. ജയപ്രകാശിനോട് സംസാരിച്ച് പ്രതിസന്ധി ഒഴിവാക്കണമെന്ന് മോഹന്‍ ധാരിയെപ്പോലെ പലരും ഉപദേശിച്ചതാണ്. പക്ഷേ, ഇന്ദിര സംഘട്ടനത്തിനു തയ്യാറെടുത്തു. നേരം പുലരുമ്പോഴാണ് പ്രമുഖ പ്രതിപക്ഷ നേതാക്കളൊക്കെ അറസ്റ്റിലായത്. ഗാന്ധി പീസ് ഫൗണ്ടേഷനില്‍നിന്ന് ജയപ്രകാശ് നാരായണനെ അറസ്റ്റ് ചെയ്തത് രാത്രി മൂന്നുമണിക്ക്. അദ്ദേഹം ഉറങ്ങുകയായിരുന്നു. ഉറങ്ങുന്ന ജെ.പിയെ ശല്യപ്പെടുത്തരുതെന്നും പുലര്‍ച്ചെ അറസ്റ്റിനു വഴങ്ങുമെന്ന് ഗാന്ധി പീസ് ഫൗണ്ടേഷന്റെ സെക്രട്ടറി രാധാകൃഷ്ണന്‍ കെഞ്ചി പറഞ്ഞതാണ്. പക്ഷേ, വന്ദ്യവയോധികനായ ജെ.പിയെ പൊലീസ് അറസ്റ്റു ചെയ്തു.
തിഹാര്‍ ജയിലില്‍ 1273 തടവുകാരെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ. പക്ഷേ 26-ന് 2669 പേരെ തിക്കിനിറച്ചു. 1976 മാര്‍ച്ച് മാസത്തില്‍ അത് 4250 പേരായി. യഥാര്‍ത്ഥത്തില്‍ 750 പേര്‍ക്ക് കഴിയുന്നതിനുവേണ്ട സൗകര്യങ്ങളെ അന്ന് ജയിലിലുണ്ടായിരുന്നുള്ളൂ.
എക്‌സ്പ്രസ്സ് ന്യൂസ് സര്‍വീസിന്റെ കുല്‍ദീപ് നയ്യാര്‍ ജൂലൈ 15-നാണ് തിഹാറില്‍ അടയ്ക്കപ്പെടുന്നത്. 'In Jail' എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിയിരിക്കുകയാണ്, ''അതീവ വൃത്തിഹീനമായിരുന്നു ജയില്‍. പാതിവെന്ത ചപ്പാത്തി, കലങ്ങിയ വെള്ളം പോലൊരു ദാല്‍, ദാലില്‍ ചത്തപ്രാണികള്‍ പൊങ്ങിക്കിടക്കും. ആദ്യം വിമ്മിട്ടമായിരുന്നു, പിന്നെ എല്ലാ തടവുകാരെപ്പോലെ ഞാനും അതു കഴിച്ച് വിശപ്പടക്കി. ഓരോ കക്കൂസുകളും പൊട്ടിയൊലിക്കുമായിരുന്നു. എങ്കിലും എപ്പോഴും അതിനു മുന്നില്‍ ക്യൂവായിരുന്നു. അസഹ്യമായ നാറ്റം അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നു. തുറസ്സ് സ്ഥലങ്ങളില്‍ തടവുകാര്‍ കുളിച്ചു, വെള്ളം വല്ലപ്പോഴും കിട്ടുന്ന അപൂര്‍വ വസ്തുവായിരുന്നു.''
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് രണ്ടു ദിവസം ഡല്‍ഹിയിലെ പത്രം ഓഫീസുകളിലെ വൈദ്യുതി കട്ട് ചെയ്തിരുന്നു. ഇന്‍ഫര്‍മേഷന്‍ വകുപ്പ്മന്ത്രി വി.സി. ശുക്ല എഡിറ്റര്‍മാരുടെ യോഗം വിളിച്ച്, അവരെ ഭീഷണിപ്പെടുത്തി. സര്‍ക്കാരിനെതിരെയുള്ള യാതൊരുവിധ നോണ്‍സെന്‍സും പൊറുപ്പിക്കയില്ലെന്ന താക്കീതും. ഏതാണ്ട് എല്ലാ പത്രങ്ങളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചു. പില്‍ക്കാലത്ത് എല്‍.കെ. അദ്വാനി അടിയന്തരാവസ്ഥയിലെ മാധ്യമപ്രവര്‍ത്തനത്തെപ്പറ്റി പറഞ്ഞത് ഓര്‍മയില്ലേ? കുനിയാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഇഴയുകയായിരുന്നു (was asked to bend and it chose to crawl). എന്നാല്‍, നെഹ്റു തുടങ്ങിയ കോണ്‍ഗ്രസ് പത്രമായ National Herald-ന്റെ എഡിറ്ററായിരുന്ന ചലപതി റാവു മിസ്സിസ് ഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന ഷാരദാ പ്രസാദിന്റെ മുഖത്തു നോക്കി പറഞ്ഞു: 'I haven't seen such a performance of toadies even at the height of the British raj.' ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇങ്ങനെ അധികാരസേവ നടത്തുന്നവരെ താന്‍ കണ്ടിട്ടില്ലെന്ന്. ഹിന്ദുസ്ഥാന്‍ ടൈംസും ദ ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും പൂര്‍ണമായി സര്‍ക്കാരിനു വഴങ്ങി.
ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ചെറുത്തുനില്‍പ്പ്
പ്രാദേശിക പത്രങ്ങളുടെ കാര്യം പറയുകയും വേണ്ട. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചത് ഇന്ത്യന്‍ എക്‌സ്പ്രസ്സും സ്റ്റേറ്റ്‌സ്മാനുമായിരുന്നു. ആര്‍.എസ്.എസ് മുഖപത്രമായ മദര്‍ലാന്‍ഡ് പൂട്ടി മുദ്രവെച്ചു. ജെ.പിയുടെ വീക്കിലി Every man, ജെ.പിക്കുവേണ്ടി ഗോയങ്ക പ്രസിദ്ധീകരിച്ചിരുന്നത് അടച്ചുപൂട്ടി മുഴുവന്‍ സ്റ്റാഫിനേയും ഇന്ത്യന്‍ എക്‌സ്പ്രസ്സിലേക്ക് മാറ്റി. വൈദ്യുതി നിലച്ചതുകൊണ്ട് രണ്ടു ദിവസമായി മുടങ്ങിയ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ജൂണ്‍ 28-നു ക്ഷമാപണത്തോടെ പ്രസിദ്ധീകരിച്ചു. എഡിറ്റോറിയല്‍ കോളം ശൂന്യമായിട്ടിരുന്നു.
സെന്‍സര്‍ഷിപ്പിനോടുള്ള പ്രതിഷേധ സൂചകമായി, financial Express-ന്റെ എഡിറ്റോറിയല്‍ കോളത്തില്‍ ടാഗോറിന്റെ പ്രസിദ്ധമായ കവിത, 'where the mind is without fear and the head is held high, പ്രാര്‍ത്ഥനയോടെ അത് അവസാനിക്കുന്നു, into that heaven of freedom, my father let my country awake...' സ്റ്റേറ്റ്സ്മാന്‍ എഡിറ്റോറിയല്‍ കോളം ശൂന്യമായിട്ടു. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളൊക്കെ സെന്‍സര്‍ഷിപ്പ് വിധേയമായതാണെന്ന് വായനക്കാരെ അറിയിച്ചു. നാഷണല്‍ ഹെറാള്‍ഡ് അടിയന്തരാവസ്ഥയെ പിന്തുണച്ചെങ്കിലും എഡിറ്റോറിയലിനു മുകളിലുണ്ടായിരുന്ന Mast head ഒഴിവാക്കി. Freedom is in peril, defend it with all your might എന്നതായിരുന്നു തലവാചകം. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ശങ്കേഴ്സ് വീക്കിലി അടച്ചുപൂട്ടി.
വീക്കിലിയുടെ എഡിറ്റോറിയല്‍ എഴുതിയിരുന്ന സി.പി. രാമചന്ദ്രനോട് ശങ്കര്‍ പറഞ്ഞു: അടിയന്തരാവസ്ഥ കാരണമാണ് വീക്കിലി നിറുത്തുന്നതെന്ന് നീ എഴുതരുത്. സി.പി. അനുസരിച്ചു. നെഹ്റുവിനോടും ഇന്ദിരയോടും ശങ്കറിനുണ്ടായിരുന്ന അഗാധമായ സ്‌നേഹം എല്ലാവര്‍ക്കും അറിയാമായിരുന്നു. എങ്കിലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സി.പി. അവസാന എഡിറ്റോറിയല്‍ ഇങ്ങനെ എഴുതി: 'Dictatorships cannot afford laughter because people may laugh at the dictater and that wouldn't do. In all the years of Hitler there never was a good comedy, not a good cartoon, not a parody, not a spoof.' പാര്‍ലമെന്റ് നടപടികളും എല്ലാത്തരം വാര്‍ത്തകളും സെന്‍സറിങ്ങിനു വിധേയമായി.
സര്‍ക്കാരിനെ വിമര്‍ശിച്ച ഇന്ത്യന്‍ എക്‌സ്പ്രസ്സിനേയും സ്റ്റേറ്റ്സ്മാനേയും വരിഞ്ഞുമുറുക്കി. ഗോര്‍വാലയുടെ ഒപ്പിനീയനും രമേശ്ഥാപ്പറിന്റെ സെമിനാറും അടച്ചുപൂട്ടി. സര്‍ക്കാര്‍ അനുകൂല പത്രങ്ങളെ വാര്‍ത്താവിതരണ വകുപ്പ് എ ഗ്രേഡില്‍പ്പെടുത്തി. സര്‍ക്കാര്‍ പരസ്യങ്ങളും ആനുകൂല്യങ്ങളും നല്‍കി.
ഹിന്ദുസ്ഥാന്‍ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും എ ഗ്രേഡിലായപ്പോള്‍ സര്‍ക്കാര്‍വിരുദ്ധ പത്രങ്ങളായി ഇന്ത്യന്‍ എക്‌സ്പ്രസ്സിനേയും സ്റ്റേറ്റ്സ്മാനേയും തരംതാഴ്ത്തി ബി ഗ്രേഡാക്കി. വിദേശ മാധ്യമങ്ങളേയും സെന്‍സര്‍ഷിപ്പിനു വിധേയമാക്കി. ഡല്‍ഹിയിലെ ബി.ബി.സി പ്രതിനിധി മാര്‍ക്ക് ടൂളി സെന്‍സറിങ്ങിനെ എതിര്‍ത്തപ്പോള്‍ 24 മണിക്കൂറിനകം രാജ്യം വിടാനുള്ള ഉത്തരവ് നല്‍കി.
ടൈംസിന്റേയും ന്യൂസ്വീക്കിന്റേയും ഡെയിലി ടെലിഗ്രാഫിന്റേയും പ്രതിനിധികള്‍ക്കും രാജ്യം വിടേണ്ടിവന്നു. ന്യൂസ് വീക്കിന്റെ ഡല്‍ഹി പ്രതിനിധി ലിയോണ്‍ ജെങ്കിന്‍സ് അതേക്കുറിച്ച് എഴുതി: 'In 10 years of covering the world from fransco spain to Maos china. I have never encountered suchts ringent and all encompassing censership.' പത്രസെന്‍സര്‍ഷിപ്പ് അന്താരാഷ്ട്ര രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി ബി.ബി.സിയും ടൈംസുമൊക്കെ വലിയ പ്രാധാന്യത്തോടെ ഇന്ദിരാവിരുദ്ധവും അടിയന്തരാവസ്ഥാവിരുദ്ധവുമായ വാര്‍ത്തകള്‍ കൊടുത്തുകൊണ്ടിരുന്നു.
1980-ല്‍ ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ബി.ബി.സിക്കുവേണ്ടി മാര്‍ക്ക് ടൂളി ഇന്ദിരയെ ഇന്റര്‍വ്യൂ ചെയ്തു. 1977-ല്‍ ജനപിന്തുണ നഷ്ടപ്പെട്ടപ്പോള്‍ എന്തു തോന്നി? എന്ന ചോദ്യത്തിന് ഇന്ദിര പറഞ്ഞ മറുപടി: ''എനിക്ക് ഒരിക്കലും ജനപിന്തുണ നഷ്ടമായിരുന്നില്ല. ജനങ്ങളെ ഊഹാപോഹങ്ങള്‍ പരത്തി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അതില്‍ പലതും പ്രചരിപ്പിച്ചത് ബി.ബി.സിയായിരുന്നു...'' ചിരിച്ചുകൊണ്ടാണ് അവര്‍ മറുപടി പറഞ്ഞത്.
എല്ലാ ന്യൂസ് ഏജന്‍സികളേയും സമന്വയിപ്പിച്ച് സമാചാര്‍ എന്ന ഒറ്റ ഏജന്‍സി ഉണ്ടാക്കി. All Indian radio, All Indira Radio എന്ന് ആളുകള്‍ പരിഹസിക്കാന്‍ തുടങ്ങി. പത്രങ്ങളേയും റേഡിയോയേയും മാത്രമല്ല, സിനിമയേയും വി.സി. ശുക്ല വിരട്ടി കൂടെ നിറുത്തി. കോണ്‍ഗ്രസ് എം.പിയായിരുന്ന അമൃത് നഹാതയുടെ 'കിസ്സാ കുര്‍സികാ' എന്ന സിനിമ ഇന്ദിരാഗാന്ധിയേയും സര്‍ക്കാരിനേയും പരിഹസിക്കുന്നതാണ് എന്നു പറഞ്ഞു സെന്‍സറെക്കൊണ്ട് തടഞ്ഞു. ഷാബ്നാ ആസ്മിയും രാജ്ബബ്ബാറും മനോഹര്‍സിങും അഭിനയിച്ച ചിത്രത്തില്‍ ധീരേന്ദ്ര ബ്രഹ്മചാരിയേയും ധവാനേയും സഞ്ജയന്റെ ചെറുകാര്‍ നിര്‍മാണത്തേയും കളിയാക്കുന്നുവെന്നതായിരുന്നു ആക്ഷേപം. സിനിമയെ നിരോധിക്കുക മാത്രമല്ല, അതിന്റെ എല്ലാ പ്രിന്റുകളും പിടിച്ചെടുത്ത് മാരുതി ഫാക്ടറിയിലിട്ട് കത്തിച്ചു.
അടിയന്തരാവസ്ഥയ്ക്കുശേഷം 1979-ല്‍ നിര്‍മാതാക്കള്‍ കോടതിയില്‍ പോയി, സഞ്ജയനും വി.സി. ശുക്ലയ്ക്കും കോടതി രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. എന്നാല്‍, 1980-ല്‍ ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ അപ്പീല്‍ പെറ്റിഷനിലൂടെ ശിക്ഷ റദ്ദ് ചെയ്യപ്പെട്ടു. സുചിത്രാസെന്നും സഞ്ജീവ് കുമാറും അഭിനയിച്ച ഗുല്‍സാറിന്റെ ആനന്ദിയും നിരോധിക്കപ്പെട്ടു.
പ്രധാന കഥാപാത്രങ്ങള്‍ക്ക് ഇന്ദിരാഗാന്ധിയുടേയും ഫിറോസ് ഗാന്ധിയുടേയും ഛായ ഉണ്ടായിരുന്നുവെന്നാണ് ആക്ഷേപം. കിഷോര്‍ കുമാര്‍ എന്ന ഹിന്ദി സിനിമാ ഗായകനേയും നടനേയും ശുക്ല വല്ലാതെ പീഡിപ്പിച്ചു. ഇരുപതിന പരിപാടി പ്രചരിപ്പിക്കാന്‍ സഹകരിച്ചില്ലെന്നായിരുന്നു കുറ്റം. നിവൃത്തികെട്ട കിഷോര്‍ കുമാര്‍ മാപ്പ് പറഞ്ഞ് സര്‍ക്കാരുമായി സഹകരിച്ചു. എന്നാല്‍, എക്‌സ്പ്രസ്സിന്റെ ഗോയങ്കയെ മാത്രം ചൊല്‍പ്പടിക്ക് കൊണ്ടുവരാന്‍ ശുക്ലയ്ക്കും സഞ്ജയനും കഴിഞ്ഞില്ല. ജെ.പിയുടെ ഏറ്റവും അടുപ്പക്കാരനായിരുന്നു ഗോയങ്ക.
വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം ജെ.പിയെ പിന്തുണച്ചു എങ്കിലും നെഹ്റു കുടുംബത്തോടുള്ള ബന്ധം ഗോയങ്ക ഓര്‍ത്തിരുന്നു. ഫിറോസ് ഗാന്ധിക്ക് എക്‌സ്പ്രസ്സില്‍ സ്ഥാനം കൊടുത്തത് ഗോയങ്കയായിരുന്നു. അദ്ദേഹം അത് ഓര്‍മിപ്പിക്കുക മാത്രമല്ല, സഞ്ജയനും ശുക്ലയും തനിക്കെതിരെ തിരിഞ്ഞപ്പോള്‍ ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള സ്ഫോടനാത്മകമായ ചില കത്തുകള്‍ തന്റെ കൈവശമുണ്ടെന്നും താന്‍ അതു പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സര്‍വ തന്ത്രങ്ങളും ഉപയോഗിച്ച് പിടിച്ചെടുക്കാനും അതിനെ ഒരു കോണ്‍ഗ്രസ് പത്രമാക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടായി. അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് സഞ്ജയനു താല്പര്യമുള്ളവരെ ഇടിച്ചുകയറ്റാന്‍ ശ്രമിച്ചു.
കുല്‍ദീപ് നയ്യാരും കുമി കപൂറും വിശദമായി അവരുടെ പുസ്തകങ്ങളില്‍ അത് എഴുതിയിട്ടുണ്ട്. എക്‌സ്പ്രസ്സില്‍ നിരന്തരമായ റെയ്ഡുകള്‍, സാമ്പത്തിക തിരിമറികള്‍ ആരോപിച്ച് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ കയറിയിറങ്ങി. എല്ലാ സര്‍ക്കാര്‍ പരസ്യങ്ങളും എക്‌സ്പ്രസ്സിന്റെ സാമ്പത്തിക സ്രോതസ്സുകളൊക്കെ തടഞ്ഞു. പൊതുമേഖലാ പരസ്യങ്ങളും വിലക്കി.
ഗോയങ്ക കോടതിയില്‍ പോയി. എക്‌സ്പ്രസ്സിനെതിരെയുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്രരംഗത്തെ പ്രഗത്ഭരായ 200 പേര്‍ ഒപ്പിട്ട ഹര്‍ജി പ്രധാനമന്ത്രിക്കു നല്‍കി. പ്രകോപിതയായ ഇന്ദിര ചോദിച്ചു: why should we support the newspapers of industrialists and big business. This is like asking us to also give them the stick to be at us with...' എക്‌സ്പ്രസ്സിനുള്ള ന്യൂസ്പ്രിന്റ് ക്വാട്ട റദ്ദു ചെയ്തു. അസഹ്യമായ വീര്‍പ്പുമുട്ടലില്‍ ഗോയങ്ക ഹൃദ്രോഗം കാരണം ആശുപത്രിയിലുമായി.
ഓഫര്‍ എഡിറ്റര്‍ സ്ഥാനം
പിടിച്ചുനില്‍ക്കാന്‍ യാതൊരു നിവൃത്തിയുമില്ലാത്ത അവസ്ഥ, ആശുപത്രിക്കിടക്കയില്‍നിന്ന് ഗോയങ്ക കുല്‍ദീപ് നയ്യാരെ വിളിച്ചു. കുല്‍ദീപിനോട് പറഞ്ഞു: 'I am at the end of the rope', എന്റെ ജീവനാണ് എക്‌സ്പ്രസ്സ്, അതു വിട്ടുകൊടുക്കാനാവില്ല. നമുക്ക് ഖുശുവന്ത് സിങ്ങിനെ കാണാം. ഗതികെട്ട അവസ്ഥയില്‍ ഗോയങ്ക ഖുശവന്ത്സിങ്ങിന് എക്‌സ്പ്രസ്സിന്റെ എഡിറ്റര്‍ സ്ഥാനം ഓഫര്‍ ചെയ്യുന്നു.
സഞ്ജയന്റെ അടുപ്പക്കാരനായിരുന്ന സര്‍ദാര്‍ജിക്ക് സന്തോഷമായി. ബി.ജി. വര്‍ഗീസ് 'warrior of the fourth state, Ramnath Goenka of the express' എന്ന പുസ്തകത്തില്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു; പക്ഷേ, ഖുശവന്ത്സിങ്ങിന്റെ ആഹ്ലാദത്തിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു, 16 ജനുവരി 1977.
അന്നാണ് കുല്‍ദ്വീപ് നയ്യാരുടെ അതിപ്രധാനമായ സ്‌കൂപ്പ് എക്‌സ്പ്രസ്സില്‍ ഒന്നാം പുറത്തു വരുന്നത്, 1977 മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായി. അടിയന്തരാവസ്ഥ നടപടികള്‍ ഉദാരവല്‍ക്കരിക്കും. അന്നു രാത്രിയില്‍ ഗോയങ്ക കുല്‍ദീപിനെ വിളിച്ച് ഖുശുവന്ത് സിങ്ങിനെ അവഗണിക്കാന്‍ പറയുന്നു. പിറ്റേ ദിവസം മുതല്‍ എക്‌സ്പ്രസ്സ് സെന്‍സറിനെ അവഗണിച്ചുകൊണ്ട് അടിയന്തരാവസ്ഥയില്‍ സെന്‍സറിങ്ങിനു വിധേയമായ വാര്‍ത്തകള്‍ സഹിതം തുറന്ന് പ്രസിദ്ധീകരിക്കുന്നു. പില്‍ക്കാലത്ത് ഗോയങ്കയോട് ചോദിച്ചു, താങ്കള്‍ക്ക് എങ്ങനെ പിടിച്ചു നില്‍ക്കാനായി? മറുപടി: 'I had two options: to listen to the dictates of my heart or my purse. I chose to listen to my heart.'
'The Scoop' എന്ന പുസ്തകത്തില്‍ കുല്‍ദ്വീപ് നയ്യാര്‍ എഴുതിയത് കൂടി കേള്‍ക്കൂ. ഞാനൊരിക്കലും കരുതിയില്ല ഇന്ദിരാഗാന്ധി എന്നെ അറസ്റ്റ് ചെയ്യിക്കുമെന്ന്. അത്ര അടുപ്പമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഞങ്ങള്‍ ഒരുമിച്ച് 1962-ലെ ചൈനീസ് ആക്രമണകാലത്ത് നെഹ്റു സംഘടിപ്പിച്ചിരുന്ന സിറ്റിസണ്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു.
ഞാന്‍ സ്റ്റേറ്റ്സ്മാന്റെ എഡിറ്ററായിരുന്നപ്പോള്‍ അവര്‍ മിക്കവാറും എന്നെ വിളിച്ചിരുന്നു. ഒരിക്കല്‍ ഒരു മീറ്റിങ്ങിനിടയില്‍ അതിസുന്ദരിയായി ഒരുങ്ങിവന്ന അവര്‍ എന്റെ അടുത്തിരുന്ന ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു: എന്റെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ എങ്ങനെയുണ്ട്. നന്നായിരിക്കുന്നുവെന്നു മറുപടി, ഞാനും ചിരിച്ചു.
എത്രയോ ഊഷ്മളമായ ഓര്‍മകള്‍, എന്നിട്ടും അവര്‍ എന്നെ MISA ഉപയോഗിച്ച് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ഒരു ദിവസം തിഹാര്‍ ജയിലിലേക്ക് വന്ന ഡെപ്യൂട്ടി കമ്മിഷണര്‍, പ്രധാനമന്ത്രി താങ്കളുടെ ആരോഗ്യവിവരം അന്വേഷിച്ചതായി അറിയിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ആര്‍.കെ. ധവാനോട് ഞാന്‍ ചോദിച്ചു: എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത്.
''പത്രലോകത്തെയാകെ ഭയപ്പെടുത്താനുള്ള മാര്‍ഗമായിരുന്നു'' അതെന്നു പറഞ്ഞ് അദ്ദേഹം ചിരിക്കുകയും ചെയ്തു. മുകളിലുള്ളവരെ അറസ്റ്റ് ചെയ്ത് അകത്താക്കിയാലേ താഴെയുള്ളവര്‍ പേടിക്കൂ. ധവാന്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നു. കോടതി ഇടപെടലിലൂടെ പുറത്തിറങ്ങിയ ഞാന്‍ ഡല്‍ഹി പ്രസ് ക്ലബ്ബില്‍ ഒരു പ്രതിഷേധയോഗം നടത്താന്‍ തീരുമാനിച്ചു: 'Sadly, I could not get even a single pressman to support me...' അതായിരുന്നു അടിയന്തരാവസ്ഥയിലെ മാധ്യമങ്ങള്‍. എന്നാല്‍, ജെ.പിയുടെ മൂവ്മെന്റ് സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തി.
ജെ.പിയുടെ പ്രതിപക്ഷ മുന്നണിയായ ലോക് സംഘര്‍ഷ സമിതിയെ എങ്ങനേയും തകര്‍ക്കുക എന്നതായിരുന്നു ഭരണകൂടത്തിന്റെ ലക്ഷ്യം. ദേശീയ കക്ഷിയായ സി.പി.ഐ മാത്രമാണ് അടിയന്തരാവസ്ഥയെ പിന്തുണച്ചത്. മിസ്സിസ് ഗാന്ധിയുടെ സോവിയറ്റ് സൗഹൃദം സി.പി.ഐയെ വെട്ടിലാക്കി മാത്രമല്ല, കേരളത്തില്‍ സി.പി.ഐ നേതാവ് അച്യുതമേനോന്‍ നയിക്കുന്ന സര്‍ക്കാരിന്റെ അടിത്തറ കോണ്‍ഗ്രസ്സായിരുന്നു.
സി.പി.ഐ ഒഴികെയുള്ള മിക്കവാറും പ്രതിപക്ഷ പാര്‍ട്ടികളും ഇടതും വലതും മാത്രമല്ല, എല്ലാ തീവ്രവാദി ഗ്രൂപ്പുകളും നക്‌സലൈറ്റുകള്‍ മുതല്‍ ജമാ അത്തെ ഇസ്ലാമിവരെ ജയപ്രകാശിനു പിന്തുണ നല്‍കി പ്രതിപക്ഷ മുന്നണിയായി പ്രവര്‍ത്തിച്ചു. ഇന്ദിര രാജിവെയ്ക്കുക, അടിയന്തരാവസ്ഥ പിന്‍വലിക്കുക, സെന്‍സര്‍ഷിപ്പ് എടുത്തുകളഞ്ഞ് പൗരാവകാശങ്ങള്‍ പുന:സ്ഥാപിക്കുക, ഭരണകൂടത്തിന്റെ ഭീകരമായ അഴിമതികള്‍ ഓരോന്നായി പൊതുവേദികളില്‍ നിറഞ്ഞു. യാതൊരു പരിഗണനകളുമില്ലാതെ ഭരണകൂടം എല്ലാ മര്‍ദനോപാധികളും ഉപയോഗിച്ച് പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. ജെ.പിയുടെ പിന്നില്‍ ഉറച്ചുനിന്ന ഗ്വാളിയോര്‍ രാജവംശത്തിനു നേരിട്ട പീഡനം ഓര്‍മയില്ലേ?
ഗായത്രിയുടെ കീഴടങ്ങല്‍
ജയ്പൂരിലെ രാജമാതാ ഗായത്രീദേവി, ലോകത്തിലെ ഏറ്റവും സുന്ദരിമാരില്‍ ഒരാളെന്ന് പുകഴ്ത്തപ്പെട്ട അവര്‍ ലോക തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ഉടമ എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ പരാമര്‍ശിക്കപ്പെട്ടവരാണ്. ഗായത്രീദേവി സ്വതന്ത്ര പാര്‍ട്ടിക്കാരിയായിരുന്നു, സി. രാജഗോപാലാചാരി സ്ഥാപിച്ച സ്വതന്ത്ര പാര്‍ട്ടി. മിസ്സിസ് ഗാന്ധിക്ക് മുന്‍പ് തന്നെ അവരെ ഇഷ്ടമായിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ അവരെ Cofeposa ചുമത്തി അറസ്റ്റുചെയ്തു ജയിലിലാക്കി. ജയ്പൂര്‍ ഇളകിമറിയാന്‍ തുടങ്ങി. ജനങ്ങള്‍ അവരെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. രാജമാതയെ തിഹാര്‍ ജയിലിലെ കുറ്റവാളികളുടെ കൂട്ടത്തില്‍ അടച്ച വാര്‍ത്ത കേട്ട് ഗ്വാളിയര്‍ രാജകുടുംബം ഞെട്ടിവിറച്ചു. ഹൃദയംപൊട്ടി തങ്ങള്‍ മരിക്കുമെന്ന് അവര്‍ അലറിവിളിച്ചു. ജയിലില്‍ രാജമാതാവിനു വിഷം നല്‍കി കൊലപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള രാജകുടുംബത്തിന്റെ സുഹൃത്തുക്കള്‍, മൗണ്ട്ബാറ്റണ്‍ പ്രഭു ഉള്‍പ്പെടെയുള്ളവര്‍ അവരുടെ മോചനത്തിനു സമ്മര്‍ദം ചെലുത്തി. ജയിലില്‍ ആരോഗ്യം തകര്‍ന്ന് അവശയായ അവരെ ഡല്‍ഹിയിലെ ജി.ബി. പന്ത് ആശുപത്രിയിലേയ്ക്ക് മാറ്റി. എലികളും കൂറകളും നിറഞ്ഞ വാര്‍ഡില്‍ അവരുടെ അസ്വസ്ഥത കൂടി. വീണ്ടും ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ ഈ ജയില്‍വാസം തന്റെ മരണത്തില്‍ അവസാനിക്കുമെന്ന് മനസ്സിലാക്കി. മൗണ്ട് ബാറ്റന്റെ ഇടപെടലോ ആഭ്യന്തര സമ്മര്‍ദങ്ങളോ ഫലം കണ്ടില്ല. ജെ.പി പ്രസ്ഥാനത്തിന്റെ വലിയൊരു സാമ്പത്തിക സ്രോതസ്സുകൂടിയായിരുന്നു രാജമാത.
അവരെ തകര്‍ക്കേണ്ടത് അനിവാര്യമാണെന്ന് മിസ്സിസ് ഗാന്ധിക്കു തോന്നി. ഗതികെട്ട ഗായത്രീദേവി അവസാനം മിസ്സിസ് ഗാന്ധിക്ക് എഴുതി, താന്‍ രാഷ്ട്രീയം വിടാന്‍ തയ്യാറാണ്, എന്നെ മോചിപ്പിക്കണം. കത്തില്‍ അവര്‍ തുടര്‍ന്നെഴുതി: രാജാജിയുടെ മരണശേഷം രാഷ്ട്രീയം വിടാന്‍ ഞാന്‍ തീരുമാനിച്ചതാണ്. ഇപ്പോള്‍ എന്റെ ആരോഗ്യം തകര്‍ന്നിരിക്കുന്നു. ഞാന്‍ താങ്കളുടെ ഇരുപതിന പരിപാടിയെ പിന്തുണയ്ക്കുന്നു. എന്നെ മോചിപ്പിക്കണം. ഇനിമേല്‍ ഞാന്‍ രാഷ്ട്രീയത്തിലുണ്ടാവില്ല. താങ്കള്‍ക്ക് എന്ത് നിബന്ധനയും മുന്നോട്ടുവയ്ക്കാം. അതൊരു കീഴടങ്ങലായിരുന്നു.
ഗായത്രീദേവി തന്റെ ആത്മകഥ, 'A princess Remembers. The Memories of the Maharani of Jaipur' എന്ന പുസ്തകത്തില്‍ ജയില്‍ മോചനത്തിനു നിര്‍ബന്ധിതമാക്കിയ പശ്ചാത്തലം വിവരിക്കുന്നുണ്ട്. കുല്‍ദ്വീപ് നയ്യാര്‍ എഴുതിയപോലെ മുകള്‍ തട്ടിലുള്ളവരെ ജയിലിലിട്ട് പീഡിപ്പിച്ച് സമൂഹത്തെയാകെ ഭീതിയിലാഴ്ത്തി കൂടെ നിര്‍ത്തുക എന്ന തന്ത്രം യാതൊരു നീതിബോധവും മാനുഷിക പരിഗണനകളുമല്ലാതെ നടപ്പാക്കപ്പെട്ടു.
ഭാരതീയ ലോക്ദള്‍ നേതാവായിരുന്ന ചരണ്‍സിങ്ങിനേയും ഭീഷണിപ്പെടുത്തി പ്രതിപക്ഷനിരയില്‍നിന്ന് അകറ്റി. ജെ.പി പ്രസ്ഥാനത്തിനു തുടക്കത്തില്‍ പിന്തുണ നല്‍കിയ ചരണ്‍സിങ് പിന്നെ കാലുമാറുകയായിരുന്നു. ബിജു പട്നായിക്കിനെപ്പോലൊരു അതിസമ്പന്നനായ രാഷ്ട്രീയ നേതാവിനെ ജെ.പിയില്‍നിന്ന് അകറ്റാന്‍ എളുപ്പമായിരുന്നു.
വിനോബാഭാവെയുടെ ചാഞ്ചാട്ടം
അശോകമേത്തയേയും പിലൂമോഡിയേയുമൊക്കെ സ്വാധീനിക്കാന്‍ ഇന്ദിരയ്ക്കായി. ഒറ്റ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി എന്ന ജെ.പിയുടെ ആഗ്രഹം നടന്നില്ല. സോഷ്യലിസ്റ്റുകളും മൊറാര്‍ജിയുടെ സംഘടനാ കോണ്‍ഗ്രസ്സും ചരണ്‍സിങ്ങിന്റെ ലോക്ദളും ജനസംഘവും ഒന്നിച്ച് ഒരു പാര്‍ട്ടിയായി ഇന്ദിരയെ എതിര്‍ക്കുക എന്ന പദ്ധതിയെ ചരണ്‍സിങ്ങും ബിജു പട്നായിക്കും പൊളിച്ചു. അതിനേക്കാളുമപ്പുറം ജെ.പിയെ ഖിന്നനാക്കിയത് വിനോബാഭാവെയുടെ ചാഞ്ചാട്ടമായിരുന്നു. അദ്ദേഹം ഒരു സര്‍ക്കാര്‍ സന്ന്യാസിയായി മുദ്രയടിക്കപ്പെട്ടു. ജെ.പിയുടെ ജയില്‍വാസക്കാലത്ത് അദ്ദേഹം ഏതാണ്ട് നിശ്ശബ്ദനായി. ഇടയ്ക്ക് ഗോവധത്തിനെതിരെ ശബ്ദിക്കുകയും അത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം പ്രഖ്യാപിക്കപ്പെട്ട് അല്പമൊന്ന് ക്ഷുഭിതനായി.
പൗനാര്‍ ആശ്രമത്തില്‍ ഉടന്‍ പൊലീസ് റെയ്ഡ് നടന്നു. വന്ദ്യവയോധികനായ വിനോബാഭാവെ നിരാഹാര സത്യാഗ്രഹത്തിനുള്ള പരിപാടി ഉപേക്ഷിച്ചു. എല്ലാ പൊതു പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതായി 1976 ഡിസംബറില്‍ വിനോബാഭാവെ പ്രഖ്യാപിച്ചു.
സത്യത്തില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള ദേശീയ സമരത്തിന്റെ മുന്നണിയില്‍ ജെ.പിയോടൊപ്പം നില്‍ക്കുകയും ഒളിവിലും തെളിവിലും പ്രവര്‍ത്തിക്കുകയും ചെയ്തത് ആര്‍.എസ്.എസ്സായിരുന്നു. ജനസംഘവും സോഷ്യലിസ്റ്റുകളും മൊറാര്‍ജിയുടെ കോണ്‍ഗ്രസ്സും ആ പോരാട്ടത്തിനു ശക്തിപകര്‍ന്നു. സി.പി.എം ഒരു ദേശീയകക്ഷിയായി പ്രതിപക്ഷ മുന്നണിയിലുണ്ടായിരുന്നുവെങ്കിലും ദുര്‍ബലമായിരുന്നു. ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ മാത്രമായി ഒതുങ്ങി സി.പി.എമ്മിന്റെ പ്രവര്‍ത്തനം. കേരളത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല. തമിഴ്നാട്ടില്‍ കരുണാനിധിയും കൂട്ടരും അടിയന്തരാവസ്ഥയോട് മൃദുസമീപനം സ്വീകരിച്ചു. എല്‍.കെ. അദ്വാനിയും നാനാജിദേശ്മുഖും വാജ്പേയിയുമൊക്കെ ജെ.പിയുടെ പടനായകരായി. ജയിലിനകത്തും പുറത്തും പോരാടി. ജെ.പി പ്രസ്ഥാനത്തിന്റെ അടിത്തറയും മേല്‍ക്കൂരയും ആര്‍.എസ്.എസ് ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്യാന്‍ ഇടതിനേയും വലതിനേയും സംഘടിപ്പിച്ച് പോരാട്ടം നടത്തിയ ജെ.പി യഥാര്‍ത്ഥത്തില്‍ പില്‍ക്കാല ഹൈന്ദവ രാഷ്ട്രീയത്തിന്റെ അടിത്തറയിടുകയായിരുന്നു. പ്രത്യയശാസ്ത്രങ്ങള്‍ ഒഴിവാക്കിയ പ്രായോഗിക രാഷ്ട്രീയമായിരുന്നു അത്.
തീപ്പൊരിയായ ജോര്‍ജ് ഫെര്‍ണാണ്ടസായിരുന്നു അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. സത്യാഗ്രഹങ്ങളും പ്രതിക്ഷേധ പ്രകടനങ്ങളും കൊണ്ട് അടിയന്തരാവസ്ഥയെ നേരിട്ട് പരാജയപ്പെടുത്താമെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് വിശ്വസിച്ചില്ല. നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഏതറ്റം വരെയും പോകണമെന്നതായിരുന്നു നിലപാട്. ജീവിതം മുഴുവന്‍ ഒരു റെബലായിരുന്നു ജോര്‍ജ്. രാംമനോഹര്‍ ലോഹ്യയായിരുന്നു മനസ്സിലെ വിഗ്രഹം. ടാക്‌സി ഡ്രൈവര്‍മാരേയും റെയില്‍വേ തൊഴിലാളികളേയും സംഘടിപ്പിച്ചുകൊണ്ട് ജോര്‍ജ് ട്രേഡ് യൂണിയന്‍ രംഗത്തെ അമരക്കാരനായി. അദ്ദേഹം ബോംബെയിലെ തൊഴിലാളിമേഖലയെ തട്ടകമാക്കി കോണ്‍ഗ്രസ് നേതാവ് എസ്.കെ. പാട്ടീലിനും മഹാരാഷ്ട്ര ഭരണത്തിനും എതിരെ പോരാടി വളര്‍ന്നവനായിരുന്നു. റെയില്‍വേയിലെ 14 ലക്ഷം തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും ജോര്‍ജിന്റെ ആള്‍ ഇന്ത്യാ റെയില്‍വെമെന്‍സ് ഫെഡറേഷനില്‍ അംഗങ്ങളായിരുന്നു.
1974 മെയ് എട്ടിന് റെയില്‍വേ തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെര്‍ണാണ്ടസ് രാജ്യവ്യാപകമായ പണിമുടക്കിന് ആഹ്വാനം ചെയ്തു അതു വിജയിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ നിശ്ചലമായി. ഇന്ദിരാഗാന്ധി കര്‍ക്കശമായ നടപടികളെടുത്ത് ഫെര്‍ണാണ്ടസ് ഉള്‍പ്പെടെ 30,000 തൊഴിലാളികളെ ജയിലറയ്ക്കകത്താക്കി. രാജ്യമാകെ അക്രമം പടരുന്നുവെന്ന മിസ്സിസ് ഗാന്ധിയുടെ നിലവിളിയുടെ പശ്ചാത്തലം ഈ റെയില്‍വെ പണിമുടക്കായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനം വരുമ്പോള്‍ ഫെര്‍ണാണ്ടസ് ഒറീസയിലെ ഒരു മത്സ്യത്തൊഴിലാളി ഗ്രാമത്തിലായിരുന്നു. ഭാര്യ ലൈലയ്ക്കും മകനും ഓരോ കത്തുകള്‍ എഴുതി അയച്ച ശേഷം ഫെര്‍ണാണ്ടസ് ഒളിവില്‍പ്പോയി തീവ്ര അക്രമ പരിപാടികള്‍ ആസൂത്രണ ചെയ്തു.
പൊലീസ് ഭീകരതയ്‌ക്കെതിരെ ജനങ്ങള്‍ ഉണരണമെങ്കില്‍, ജനങ്ങളുടെ പേടി മാറണമെങ്കില്‍ സ്ഫോടനങ്ങള്‍ നടത്തി ജനശ്രദ്ധ ആകര്‍ഷിക്കണമെന്ന് തീരുമാനിക്കുന്നു. ഗുജറാത്തില്‍ അന്നു പ്രതിപക്ഷ ഭരണമായിരുന്നു. 1975 ആഗസ്റ്റ് 15-ന് ഫെര്‍ണാണ്ടസ് ഒരു ആഹ്വാനവും ആഭ്യന്തര നയവും പുറപ്പെടുവിച്ചു. പ്രതിപക്ഷ നേതാക്കളൊക്കെ ജയിലറയ്ക്കുള്ളിലാണ്, അടിയന്തരാവസ്ഥ നേരിടാന്‍ ജനങ്ങള്‍ തന്നെ രംഗത്തിറങ്ങണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബഹുജന സംഘടനകള്‍ക്കും അദ്ദേഹം കത്തുകള്‍ എഴുതി. പാര്‍ലമെന്റ് വെറുമൊരു പ്രഹസനമായി മാറിയിരിക്കുന്നു.
ആഹ്വാനവും ആഭ്യന്തരനയവും
അംഗങ്ങള്‍ രാജിവെച്ച് ജനങ്ങളെ അണിനിരത്തി സമരത്തിനിറങ്ങിയില്ലെങ്കില്‍ ഈ സര്‍ക്കസ് ഇങ്ങനെത്തന്നെ തുടരും. നമുക്കു വേണ്ടത് ഫാസിസ്റ്റ് ഏകാധിപത്യത്തിന് എതിരെ ഒരു ജനകീയ ബദലാണ്... ഇന്ദിരാഗാന്ധിയെ ഫെര്‍ണാണ്ടസ് അഭിസംബോധന ചെയ്തത്That woman എന്നായിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫെര്‍ണാണ്ടസ് തന്റെ അനുചരമാര്‍ക്ക് നിര്‍ദേശം നല്‍കി. ഗുജറാത്തിലെ ബറോഡ കേന്ദ്രീകരിച്ച് സ്ഫോടനങ്ങള്‍ക്കു വേണ്ട ഡൈനാമൈറ്റുകള്‍ ശേഖരിച്ചു. പാലങ്ങള്‍, റെയില്‍വെ ലൈനുകള്‍, കലുങ്കുകള്‍ എന്നിവിടങ്ങളില്‍ ഡൈനാമൈറ്റ് സ്ഫോടനങ്ങള്‍ നടത്തി.
ഫെര്‍ണാണ്ടസിന്റെ പ്രധാന സഹായികള്‍ ഹിന്ദുപത്രത്തിന്റെ ബിസിനസ് കണ്‍സള്‍ട്ടന്റായ സി.ജി.കെ. റെഡ്ഢി, സ്‌നേഹലത, റെഡ്ഢിയും കുടുംബവും മദ്രാസിലെ എം.എസ്. അപ്പാറാവുവും കുടുംബവും, മുകുന്ദ് ഇരുമ്പ് ഉരുക്കു കമ്പനി ചെയര്‍മാന്‍ വിരന്‍ഷാ, പത്രപ്രവര്‍ത്തകരായ വിക്രം റാവു, കിരിത്ത് ഭട്ട് തുടങ്ങിയ പൊതുജീവിതത്തില്‍ അറിയപ്പെടുന്നവരായിരുന്നു. ബറോഡാ ഡൈനാമൈറ്റ് കേസിനെപ്പറ്റി സി.ജി.കെ. റെഡ്ഢി തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്: 'Baroda Dynamite conspiracy. The Right to Rebel.' അരാജകത്വം സൃഷ്ടിക്കുകയായിരുന്നില്ല, ജനശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം എഴുതുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ളവരെ അടിയന്തരാവസ്ഥയുടെ തീക്ഷ്ണത ബോദ്ധ്യപ്പെടുത്താനുള്ള ശ്രമമായിരുന്നു.
ബറോഡയിലെ സ്ഫോടനങ്ങള്‍. എന്നാല്‍, ബറോഡാ സ്ഫോടനങ്ങള്‍ പ്രതിപക്ഷ മുന്നണിയില്‍ വിള്ളലുണ്ടാക്കി. ഇത്തരം തീവ്ര അക്രമങ്ങള്‍ ശരിയല്ലെന്ന് ഭൂരിപക്ഷം വാദിച്ചു. ബറോഡാ ഡൈനാമൈറ്റ് സ്ഫോടനങ്ങള്‍ പല സ്ഥലങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു. പ്രത്യേകിച്ച് ബിഹാറില്‍ റെയില്‍വെ സംവിധാനം തകര്‍ക്കപ്പെട്ടു. പല സ്ഥലങ്ങളിലും ടെലിഫോണ്‍ എക്‌സചേഞ്ചുകളും സ്ഫോടനത്തില്‍ തകര്‍ന്നു.
ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് മൂവ്മെന്റ്മായി ബന്ധമുണ്ടായിരുന്ന ഫെര്‍ണാണ്ടസും റെഡ്ഢിയും വ്യാപകമായ അന്തര്‍ദേശീയ പ്രചരണങ്ങളിലൂടെ അടിയന്തരാവസ്ഥയുടെ അപകടം ലോകത്തെ അറിയിച്ചു. 1976 ജൂണ്‍ 10-ന് കല്‍ക്കട്ടയില്‍വെച്ചാണ് ഫെര്‍ണാണ്ടസ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഹിസ്സാര്‍ ജയിലിലേക്ക് ഫെര്‍ണാണ്ടസിനെ കൊണ്ടുപോയി,
ജയില്‍ഭിത്തിയില്‍ ഇന്ദിരാഗാന്ധിയുടെ ഒരു ചിത്രം ഉണ്ടായിരുന്നു. അതിലേക്ക് വിരല്‍ചൂണ്ടി പൊലീസ് അധികാരികളോട് അദ്ദേഹം ആക്രോശിച്ചു: 'you are following the orders of this woman, but I tell you, tomorrow this woman will be in jail.' പിന്നെ ഫെര്‍ണാണ്ടസിനെ തിഹാറിലേക്ക് മാറ്റി. സോഷ്യലിസ്റ്റ് ഇന്റര്‍നാഷണല്‍ ഫെര്‍ണാണ്ടസിന്റെ അറസ്റ്റിനെ വിമര്‍ശിച്ചു. വില്ലീ ബ്രാന്‍ഡും ഒലാഫ് പാമെയും മിസ്സിസ് ഗാന്ധിക്ക് എഴുതി: ''ഫെര്‍ണാണ്ടസിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇന്ദിരാഗാന്ധി ഉത്തരം പറയേണ്ടിവരും.'' ഫെര്‍ണാണ്ടസിനെ കോടതിയില്‍ ഹാജരാക്കി. കൈകളില്‍ വിലങ്ങ് വെച്ച്. വിലങ്ങിട്ട കൈ ഉയര്‍ത്തി അദ്ദേഹം ജഡ്ജിയോടു പറഞ്ഞു: 'The chains that we bear are symbols of the entire nation which has been chained and fettered.'
വധശ്രമം മാറി അട്ടിമറികളാകുന്നു
സി.ജി.കെ. റെഡ്ഢി തന്റെ പുസ്തകത്തില്‍ തങ്ങള്‍ നടത്തിയ ഗുഢാലോചനയെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ മിസ്സിസ് ഗാന്ധിയെ കൊലപ്പെടുത്താനുള്ള പദ്ധതിയെപ്പറ്റി വരെ ആലോചനകള്‍ ഉണ്ടായി.
Assassination is simple and direct. If has been employed or attempted in every dictatorial regime a determind group organising itself could have removed Mrs. Gandhi physically... (C.G.K. Reddy, p. 26)
എന്നാല്‍, വധശ്രമം ഒഴിവാക്കി അട്ടിമറികളില്‍ ശ്രദ്ധിക്കാനാണ് അവസാന തീരുമാനമുണ്ടായത്. ബോംബെയിലും ബീഹാറിലും കര്‍ണാടകയിലും സ്ഫോടനങ്ങള്‍ നടക്കും മുന്‍പ് തന്നെ ഇന്റലിജന്‍സ് വിവരമറിഞ്ഞു. സ്ഫോടനങ്ങള്‍ പടരാതിരിക്കാന്‍ പൊലീസ് സജീവമായി. ബനാറസിലെ പൊതുസമ്മേളനത്തില്‍ ഇന്ദിരാഗാന്ധി പറഞ്ഞു: 'Fernandes intended to blow me up at a public meeting.' അസാധാരണമായ ക്ഷോഭം ഇന്ദിരയെ കീഴടക്കി. ബറോഡാ സ്ഫോടനങ്ങള്‍ക്കു ശേഷം പ്രതിപക്ഷത്തോട് മൃഗീയമായ പെരുമാറ്റമായി. വെറുമൊരു ന്യൂനപക്ഷമായ പ്രതിപക്ഷത്തെക്കൊണ്ട് ഭൂരിപക്ഷ സര്‍ക്കാരിനെ ആക്രമണങ്ങളിലൂടെ അട്ടിമറിക്കാന്‍ ജെ.പി ശ്രമിക്കുകയാണെന്ന് അവര്‍ പറഞ്ഞു: 'does he want to be a saint or martyr?' തീവ്രവലതും തീവ്രഇടതും മധ്യത്തിലുള്ളവരും ചേര്‍ന്ന പ്രതിപക്ഷ അവിയലിനെ നിശിതമായി അവര്‍ കളിയാക്കി. പ്രായോഗിക രാഷ്ട്രീയ രീതിക്ക് യോജിക്കുന്നതായിരുന്നില്ല ജെ.പിയുടെ സമ്പൂര്‍ണ വിപ്ലവമെന്ന് ബിപിന്‍ ചന്ദ്രയെപ്പോലുള്ള ചരിത്രകാരന്മാരും പറഞ്ഞു: J.P's call for Total Revolution is hazy, naive and unrealistic thinking and his demands too general...' എന്നാണ് ബിപിന്‍ ചന്ദ്ര 'In the Name of Democracy, J.P Movement and the Emergency' എന്ന പുസ്തകത്തില്‍ നിരീക്ഷിച്ചത്. പക്ഷേ, ജെപിക്കു പിന്നില്‍ വലിയൊരു ധാര്‍മിക ശക്തി ഉണ്ടായിരുന്നു. അഴിമതിവിരുദ്ധ പ്രതിച്ഛായ ഉണ്ടായിരുന്നു.
അധികാരസ്ഥാനങ്ങളില്‍നിന്ന് അകന്നുനിന്ന രാഷ്ട്രീയ നൈതികത ഉണ്ടായിരുന്നു. ജെ.പി ഗാന്ധിയാനായിരുന്നു. തനി സോഷ്യലിസ്റ്റും. സാധാരണ മനുഷ്യനായി ജീവിച്ച ജെ.പി ഇന്ദിരയ്ക്ക് ഒരു വെല്ലുവിളിയായിരുന്നു. ഇന്ദിര സഞ്ജയന്റെ അതിക്രമങ്ങള്‍ക്കു നേരെ കണ്ണടച്ചു. അവര്‍ അധികാരം ധൂര്‍ത്തടിച്ചു. വലിയ കുടുംബബന്ധം നെഹ്റുവുമായി ജെ.പിക്കും ഭാര്യ പ്രഭാവതിക്കുമുണ്ടായിരുന്നു. പുപുല്‍ ജയ്കര്‍ അത് വിശദമായി പറയുന്നുണ്ട്. 1948-ല്‍ സോഷ്യലിസ്റ്റുകാര്‍ കോണ്‍ഗ്രസ്സില്‍നിന്നു മാറിയപ്പോഴാണ് ജയപ്രകാശ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായത്.
അക്കാലത്ത് തന്നെ വിനോബാഭാവെയുടെ ഭൂദാന പ്രസ്ഥാനത്തിലും ആകൃഷ്ടനായി. 1957-ല്‍ എല്ലാ രാഷ്ട്രീയ വിധേയത്വങ്ങളും ഉപേക്ഷിച്ചു സര്‍വോദയക്കാരനായി. നെഹ്റുവിന്റെ മകള്‍ എന്ന പരിഗണന എന്നും ഇന്ദിരയ്ക്ക് നല്‍കി. 1966-ല്‍ അവര്‍ പ്രധാനമന്ത്രിയായപ്പോള്‍ അഭിനന്ദിച്ചു. എങ്കിലും 1969-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ മിസ്സിസ് ഗാന്ധിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞു. 1971-ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോഴും അഭിനന്ദിച്ചു. ബംഗ്ലാദേശ് രൂപീകരണത്തേയും അനുകൂലിച്ചു. എന്നാല്‍, എല്ലാ അധികാരങ്ങളും മിസ്സിസ് ഗാന്ധിയുടെ കയ്യിലൊതുങ്ങിയപ്പോള്‍ അമര്‍ഷം പ്രകടിപ്പിച്ചു. ഇത് ജനാധിപത്യമല്ലെന്ന് തുറന്നടിച്ചു.
1973-ല്‍ മൂന്ന് സീനിയര്‍ ജഡ്ജിമാരെ മറികടന്ന് ജസ്റ്റിസ് എ.എന്‍. റേയെ ചീഫ് ജസ്റ്റിസാക്കാനുള്ള തീരുമാനത്തെ പരസ്യമായി തള്ളിപ്പറഞ്ഞു, നിങ്ങള്‍ എന്താണ് ചെയ്യുന്നത് സുപ്രീംകോടതിയെ ഒരു സര്‍ക്കാര്‍ വകുപ്പാക്കുകയോ? 'a creature of the government of the day.' പൗരസ്വാതന്ത്ര്യവും ജനാധിപത്യ സ്ഥാപനങ്ങളും തകരുന്നതിലെ ഉല്‍ക്കണ്ഠ കത്തുവഴി പാര്‍ലമെന്റംഗങ്ങളെ അറിയിച്ചു. 1974-ല്‍ അഴിമതിക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭകള്‍ക്കൊപ്പം ചേര്‍ന്നതോടെ ജെ.പി ഇന്ദിരയുടെ ശത്രുപക്ഷത്തായി.
1974 മെയ് മാസത്തില്‍ ജെ.പിയുടെ ആരോഗ്യം തിരക്കി മിസ്സിസ് ഗാന്ധിയുടെ കത്ത്, പഴയ കുടുംബബന്ധങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട്. രാഷ്ട്രീയ വിയോജിപ്പുകള്‍ വ്യക്തിബന്ധങ്ങളെ ബാധിക്കരുതെന്ന് അവര്‍ എഴുതി. ബന്ധം വീണ്ടും ഊഷ്മളമാകേണ്ടതായിരുന്നു. എന്നാല്‍, എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ഭൂവനേശ്വറില്‍ അവര്‍ ജെ.പിയും സര്‍വോദയക്കാരും വന്‍കിട മുതലാളിമാരുടെ ശിങ്കിടികളാണെന്ന് ആക്ഷേപിച്ചു. ജെ.പിയെ വല്ലാതെ വേദനിപ്പിച്ചതായിരുന്നു ആ പ്രസംഗം. ജെ.പി പ്രസ്ഥാനത്തിന്റെ പിന്നില്‍ ആര്‍.എസ്.എസ്സും ജനസംഘവുമാണെന്ന് ഇന്ദിര ആവര്‍ത്തിച്ചു വിളിച്ചുപറഞ്ഞു.
സത്യത്തില്‍ അത് അങ്ങനെത്തന്നെയായിരുന്നു. എന്നാല്‍, പൗരസ്വാതന്ത്ര്യം നിക്ഷേധിക്കലും സെന്‍സര്‍ഷിപ്പും കൊടിയ അഴിമതികളും സഞ്ജയന്റെ അഴിഞ്ഞാട്ടങ്ങളും എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാവും.
കമലയുടെ കുമ്പസാരം
1974 നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ വെച്ച് ജെ.പി ഇന്ദിരയെ കാണുന്നു. പ്രധാനമന്ത്രി അനുരഞ്ജന നിര്‍ദേശങ്ങള്‍ വയ്ക്കുന്നു. ബീഹാറിലെ സര്‍ക്കാറിനെ പിരിച്ചുവിടാന്‍ തയ്യാറാണ് പകരം ജെ.പി പ്രതിഷേധ പരിപാടികള്‍ നിര്‍ത്തിവയ്ക്കണം. ഇന്ദിരയുടെ ആവശ്യം ജെ.പി തള്ളിക്കളഞ്ഞു. പിരിയും മുന്‍പ് പ്രഭാവതിക്ക് (1973-ല്‍ പ്രഭാവതി മരിച്ചിരുന്നു) കമലാനെഹ്‌റു എഴുതിയ കത്തുകള്‍ മിസ്സിസ് ഗാന്ധിക്കു നല്‍കി. നെഹ്‌റുവുമായുള്ള ജീവിതത്തില്‍ താന്‍ അനുഭവിച്ച ഒറ്റപ്പെടലുകളാണ് കത്തുകളില്‍ ഏറെയും എഴുതിയിരുന്നത്. മുഴുവന്‍ സമയവും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ നെഹ്‌റുവിനെ താന്‍ അപൂര്‍വമായേ കാണാറുണ്ടായിരുന്നുള്ളൂ വെന്ന് എഴുതിയിരിക്കുന്നു. അവസാനകാലത്ത് എഴുതിയ കത്തുകള്‍ ഏതാണ്ട് കുമ്പസാരങ്ങളായിരുന്നു. ഭര്‍ത്താവിനോട് ഒരിക്കലും പറയാത്ത കാര്യങ്ങള്‍. ഭര്‍ത്താവിന്റെ അഭാവവും രോഗപീഡകളും ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ നിര്‍ബന്ധിതയാക്കിയിരുന്നു: 'I made a big mistake - spending 35 years of my life as a house wife. If I had searched for God during the period I would have found him...' അതീവ ദു:ഖത്തോടെ കമല എഴുതിയിരിക്കുന്നു (Jayaprakash with G.S. Bharga, J.P's Jail life. A collection of personal letters).
ജെ.പിയുടെ ധാര്‍മിക പോരാട്ടത്തെ ഇന്ദിര അധികാരംകൊണ്ടും അഹന്തകൊണ്ടും നേരിട്ടു. ജെ.പിയുടെ നേതൃത്വത്തില്‍ രാജ്യമാസകലം പ്രക്ഷോഭം പടരുന്നതിനിടയിലാണ് എല്‍.എന്‍. മിശ്രയുടെ വധം. റെയില്‍വെ മന്ത്രിയായിരുന്ന എല്‍.എന്‍. മിശ്രയെ വധിച്ചത് സഞ്ജയന്റെ കൂട്ടാളികളാണെന്ന ആക്ഷേപം ഉയര്‍ന്നു. ഇറക്കുമതി, കയറ്റുമതി കുംഭകോണവുമായി സഞ്ജയന് ബന്ധമുണ്ടായിരുന്നുവെന്നും മിശ്രയെ അതിനു ബലിയാടാക്കുകയായിരുന്നു എന്നായിരുന്നു ആക്ഷേപം. 1975 ജനുവരി മൂന്നിന് മിശ്ര കൊല്ലപ്പെട്ടപ്പോള്‍ നിഖില്‍ ചക്രവര്‍ത്തിയെപ്പോലുള്ള ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ പരസ്യമായാണ് ഇന്ദിരയ്ക്ക് നേരെ വിരല്‍ചൂണ്ടിയത്. സഞ്ജയന്റെ മാരുതി ഫാക്ടറിക്കുവേണ്ടി ഫണ്ട് കളക്ടു ചെയ്യുന്ന ആളായിരുന്നു മിശ്രയെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധി മിശ്രയുടെ വധം ജെ.പി പ്രക്ഷോഭങ്ങളുടെ ഫലമായിരുന്നുവെന്ന് മറുപടി പറഞ്ഞു. വധത്തിനു തൊട്ടുതലേ ദിവസം ബീഹാറിലെ സമഷ്ടിപ്പൂരിലേക്ക് പുറപ്പെടും മുന്‍പ് മിശ്ര കുല്‍ദ്വീപ് നയ്യാരുമായി നടത്തിയ അഭിമുഖത്തില്‍ താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
മുന്‍പ് സൂചിപ്പിച്ചപോലെ 1975 ജൂണ്‍ 26-നു പുലര്‍ച്ചെ മൂന്ന് മണിക്ക് ജെ.പി അറസ്റ്റിലായി. ജെ.പിയുടെ ജയില്‍വാസം വേദനാകരമായിരുന്നു. ആരോഗ്യം ക്ഷയിച്ച 83-കാരനായ ഒരു വ്യദ്ധന്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍. ഹൃദയഭേദകമായിരുന്നു ആ തടവ് ജീവിതം. 1975 ജൂലൈ 21-ന് ഡയറിയില്‍ ജെ.പി എഴുതി: ''എന്റെ ലോകം എനിക്കു ചുറ്റുമായി തകര്‍ന്നുവീഴുകയാണ്. അത് വീണ്ടും നേരെയാകുന്നത് കാണാന്‍ ഇനി എനിക്കു കഴിയില്ലെന്ന് ഞാന്‍ ഭയക്കുന്നു (പ്രിസണ്‍ ഡയറി). 1942-ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ തടവറയില്‍ കിടക്കേ ഇതിലും മെച്ചപ്പെട്ട മനുഷ്യത്വപരമായ സമീപനം തനിക്കു കിട്ടിയതായി ജെ.പി ഡയറിയില്‍ എഴുതി. ജെ.പിയുടെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ മാനിച്ച് പിന്നീട് ദിവസവും ഒരു മണിക്കൂര്‍ രാം മനോഹര്‍ ലോഹ്യയുമായി സംസാരിക്കാന്‍ അവസരം കൊടുത്തു. 1975-ല്‍ ആഗസ്റ്റില്‍ പ്രളയബാധിതമായ ബിഹാര്‍ സന്ദര്‍ശിക്കണമെന്ന ജെ.പിയുടെ ആവശ്യം അധികൃതര്‍ തള്ളിക്കളഞ്ഞു. ആരോഗ്യം വല്ലാതെ വഷളായപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ പ്രധാനമന്ത്രിക്ക് എഴുതി: ''ഈ അവസ്ഥയില്‍ ജെ.പി ഒരു മാസത്തിലധികം ജീവിച്ചിരിക്കില്ല.'' അവസാനം നവംബര്‍ 12-ന് പരോള്‍ അനുവദിച്ചു. ജയപ്രകാശ് ജയിലില്‍ വെച്ച് മരിച്ചാലുണ്ടാകുന്ന ജനരോഷം ഭയന്നായിരുന്നു പരോള്‍ അനുവദിച്ചത്. പുറത്തിറങ്ങുമ്പോള്‍ തീരെ അവശനായിരുന്നു. രണ്ട് കിഡ്‌നികളും തകര്‍ന്നിരുന്നു. തനിക്കു വിഷം തന്ന് കിഡ്‌നികള്‍ നശിപ്പിക്കുകയാണെന്ന് ജെ.പി പറഞ്ഞു. ജെ.പിയെ ബോംബെയിലെ ജസ്‌ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സംഘം ഡോക്ടര്‍മാരുടെ കഠിന പരിശ്രമത്താല്‍ ജീവന്‍ നിലനിര്‍ത്താനായി. രണ്ട് ദിവസത്തെ ഇടവേളകളില്‍ ഡയാലിസിസ് നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ജെ.പിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും സഹായങ്ങള്‍ ഒഴുകിവന്നു. ജയിലിലെ തടവുകാര്‍ തങ്ങളുടെ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി ഒരു രൂപാവീതം ജെ.പിയുടെ ചികിത്സാഫണ്ടിലേക്ക് നല്‍കി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് അനുവദിച്ച തുക ജെ.പി നിരസിച്ചു. ഇതോടൊപ്പം അല്പം കൂടി കൂട്ടിച്ചേര്‍ക്കട്ടെ. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചു. തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നു. ജെ.പി അതിനു കാര്‍മികത്വം വഹിച്ചു. പക്ഷേ, തുടക്കത്തിലേ ജനതയില്‍ കലാപങ്ങളായിരുന്നു. കഷ്ടിച്ചൊരു രണ്ടര വര്‍ഷങ്ങള്‍ അത് നീണ്ടുനിന്നു. അക്കാലത്ത് മിക്കപ്പോഴും ജെ.പി ജസ്‌ലോക്ക് ആശുപത്രിയിലായിരുന്നു. 1979 ഒക്‌ടോബര്‍ ഏഴിന് ജെ.പി മരണമടഞ്ഞു. അരികില്‍ അപ്പോള്‍ ഏറ്റവും അടുത്ത ചില സുഹൃത്തുക്കള്‍ മാത്രമുണ്ടായിരുന്നു. ഇന്ദിരാഗാന്ധി പാറ്റ്‌നയിലെത്തി, മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അവരുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. എല്ലാ വിയോജിപ്പുകള്‍ക്കപ്പുറത്തും ഇരുവരും മനസ്സില്‍ ഇഷ്ടപ്പെട്ടിരുന്നു. ഇന്ദിര എഴുതി: 'poor old JP! what a confused mind he had, leading to such a frustrated life. He was a sufferer of what i can only call Gandhian hypocrisy...' ബാപ്പു ഒരു ഹിപ്പോക്രാറ്റായിരുന്നില്ല, എന്നാല്‍ അദ്ദേഹത്തിന്റെ പാത പിന്തുടരുന്നുവെന്ന് നാം കരുതിയ പലരും ഹിപ്പോക്രാറ്റുകളായിരുന്നു. ജെ.പിയും പ്രഭാവതിയും അവരുടെ വിവാഹശേഷം ബാപ്പുവിന്റെ അനുഗ്രഹം വാങ്ങാന്‍ ചെന്നു. ബാപ്പു പ്രഭാവതിയെ ബ്രഹ്മചര്യം സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുപ്പിക്കുന്നു, that was too much for jP. ഏതൊരു പുരുഷനാണ് അത് കേട്ടുനില്‍ക്കാനാവുക. ജെ.പി തകര്‍ന്നു. പിന്നെ നെഹ്‌റുവിനോട് ജീവിതകാലം മുഴുവന്‍ അസൂയയായിരുന്നു, കടുത്ത അസൂയ. ജെ.പി അധികാരം തിരസ്‌കരിച്ച് ജീവിച്ചുവെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. അദ്ദേഹം അധികാരം ആഗ്രഹിച്ചിരുന്നു, വളരെയധികം (പുപുല്‍ ജയ്കര്‍, പി. 391)
ജെ.പിയെക്കുറിച്ചുള്ള ഇന്ദിരാഗാന്ധിയുടെ വിലയിരുത്തലാണത്. എങ്കിലും സ്വേച്ഛാധിപത്യത്തിനെതിരെയുള്ള അടിയന്തരാവസ്ഥയിലെ ഉത്തരമായിരുന്നു ജെ.പി. ആ ധാര്‍മികശക്തിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ദിരയ്ക്ക് കഴിഞ്ഞില്ല. എന്തുകൊണ്ട് അവര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെന്നതിനു വ്യക്തമായ ഉത്തരം ആരും പറഞ്ഞിട്ടില്ല. ആദ്യ സ്‌കൂപ്പ് നല്‍കിയ കുല്‍ദ്വീപ് നയ്യാര്‍ക്കുപോലും എന്തായിരുന്നു അതിന് അവരെ പ്രേരിപ്പിച്ചതെന്ന് മനസ്സിലായിരുന്നില്ല. ഇന്ദിര വല്ലാതെ മാനസികമായി തളര്‍ന്നിരുന്നു. അവര്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയെ സന്ദര്‍ശിക്കുന്നതിനെപ്പറ്റി പുപുല്‍ എഴുതിയിട്ടുണ്ട്. കൃഷ്ണമൂര്‍ത്തിയുടെ മുന്നിലിരുന്ന് അവര്‍ പൊട്ടിക്കരഞ്ഞു: 'I am riding on the back of a tiger. i do not mind the tiger killing me but i do not know how to get off its back.' കൃഷ്ണമൂര്‍ത്തി ശാന്തനായിരുന്നു. ഞാന്‍ എന്തു ചെയ്യണമെന്ന് അവര്‍ കൃഷ്ണമൂര്‍ത്തിയോട് ചോദിച്ചു. അദ്ദേഹം അവരെ സമാധാനിപ്പിച്ചു, ''ശരിയായത് ചെയ്യുക'' എന്ന് മെല്ലെ പറഞ്ഞു. ഇന്ദിരയുടെ മനസ്സ് തിളച്ചുമറിയുന്നത് കൃഷ്ണാജി കണ്ടു. നിശ്ശബ്ദനായി അരികത്തിരുന്നു. കരഞ്ഞുകരഞ്ഞ് മനസ്സ് തണുത്തപോലെ. തെരഞ്ഞെടുപ്പ് നടത്താന്‍ അവര്‍ തീരുമാനിക്കുന്നു, അടിയന്തരാവസ്ഥ റദ്ദ് ചെയ്യാനും. ''ശരിയായത് ചെയ്യൂ'' എന്ന വയോധികനായ ഋഷിയുടെ ശബ്ദം ഉള്ളിലേക്ക് ആഴത്തിലിറങ്ങി. പാര്‍ട്ടിയോട് അവര്‍ ആലോചിച്ചില്ല. RAW-യുടെ തലവനായ ആര്‍.എന്‍. കെയോട് (R.N. KAO) ഇന്ദിര തീരുമാനം അറിയിക്കുന്നു. അദ്ദേഹം അമ്പരന്നു. വിവരമറിഞ്ഞ സഞ്ജയന്‍ ക്ഷുഭിതനായി. രാജ്യത്തെ പൊതു അന്തരീക്ഷം ഗവണ്‍മെന്റിന് എതിരാണെന്ന നിരീക്ഷണം റോ നല്‍കിയിട്ടും ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പിനു സജ്ജമാകാനുള്ള നിര്‍ദേശം ഇന്ദിര നല്‍കി. റോയുടെ ഇന്റലിജന്‍സ് ഓഫീസില്‍നിന്നു വിവരം ചോര്‍ന്നുകിട്ടിയ കുല്‍ദ്വീപ് എക്‌സ്പ്രസ്സില്‍ സ്‌ക്യൂപ്പ് കൊടുക്കുന്നു. ഇന്ദിര പരസ്യമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എല്ലാ പ്രതിപക്ഷ നേതാക്കളേയും പ്രവര്‍ത്തകരേയും മോചിപ്പിക്കുന്നു. 1977 മാര്‍ച്ച് 19-നു തെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് തിരശീലവീഴുകയായി.
വ്യക്തിപരമായ ചില ഓര്‍മകള്‍കൂടി പങ്കുവയ്ക്കട്ടെ. എഴുപതുകളില്‍ യുവാക്കളായിരുന്നവര്‍ക്ക് ഇത്തരം ഓര്‍മകള്‍ ഉണ്ടാകും. അടിയന്തരാവസ്ഥാ പ്രഖ്യാപനം വന്നപ്പോള്‍ ഈ ലേഖകന്‍ കേരളാ യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്ററില്‍ പൊളിറ്റിക്കല്‍ സയന്‍സ് പി.ജി വിദ്യാര്‍ത്ഥിയായിരുന്നു. പ്രഖ്യാപനം വന്ന് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞാവണം, രാവിലെയുള്ള സെമിനാറില്‍ പ്രൊഫ. ആര്‍. രാമകൃഷ്ണന്‍ നായര്‍ ഭരണഘടനയെ ഉദ്ധരിച്ച് അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിക്കുന്ന ഒരു പേപ്പര്‍ അവതരിപ്പിക്കുന്നു (പ്രൊഫ. രാമകൃഷ്ണന്‍ നായരുടെ പുസ്തകങ്ങളാണ് constitutional Experiments in Kerala, How communists came to power in Kerala, Middle class in Kerala തുടങ്ങിയവ. കേരള രാഷ്ട്രീയത്തിന്റെ അടിസ്ഥാന പുസ്തകങ്ങളായ ഇവയൊക്കെ കേരള രാഷ്ട്രീയം പഠിപ്പിക്കുന്ന അദ്ധ്യാപകരോ വിദ്യാര്‍ത്ഥികളോ ഇപ്പോള്‍ വായിക്കുന്നുണ്ടോ ആവോ, എന്നെനിക്കറിയില്ല) ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് പിറ്റേ ദിവസത്തെ സെമിനാറില്‍ അടിയന്തരാവസ്ഥയെ അനുകൂലിക്കുന്ന ഒരു പേപ്പര്‍ അദ്ദേഹം തന്നെ അവതരിപ്പിച്ചു. സത്യത്തില്‍ പിറ്റേ ദിവസം സാറ് ശരിക്കും പേടിച്ചിരുന്നു. അദ്ദേഹം അറസ്റ്റ് ഭയന്നിരുന്നതായി ഞങ്ങള്‍ മനസ്സിലാക്കി. മാത്രമല്ല, ഞങ്ങളുടെ അന്നത്തെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നക്‌സലൈറ്റ് അനുഭാവമുള്ള ഒരു അദ്ധ്യാപകനുമുണ്ടായിരുന്നു. ഞങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെല്ലുന്നതിനു മൂന്ന് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഫിലിപ്പ് എം. പ്രസാദ് അവിടെ വിദ്യാര്‍ത്ഥിയായിരുന്നത്. ഞങ്ങളുടെ അന്നത്തെ കാമ്പസ്സില്‍ നക്‌സലൈറ്റ് എന്ന് അറിയപ്പെട്ടിരുന്നത് എന്റെ സുഹൃത്ത് അനന്തനും അദ്ദേഹത്തിന്റെ കൂട്ടുകാരായ മുരളിയും ഷിഹാസുമായിരുന്നു. കോംമ്രേഡ് മാസികയും മാസ്സ്‌ലെയിനും അവര്‍ ഞങ്ങള്‍ക്ക് വിതരണം ചെയ്തു. പി.ജിയുടെ വെക്കേഷന്‍ കാലത്താണ് അനന്തനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്, വര്‍ക്കല വിജയന്റെ അടുത്ത സുഹൃത്തായിരുന്നു അനന്തന്‍. അനന്തന്റെ അറസ്റ്റ് ഞങ്ങളെ പരിഭ്രമിപ്പിച്ചു. കോംമ്രേഡ് മാസ്സ്‌ലെയിനും ഞങ്ങള്‍ ഒളിപ്പിച്ചു. കേരളത്തിലെ അടിയന്തരാവസ്ഥയുടെ പ്രതികരണം സൂചിപ്പിക്കാനാണ് ഞാന്‍ പഴയ കാര്യം ഓര്‍മിപ്പിച്ചത്. സത്യത്തില്‍ വലിയ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമൊന്നും കേരളത്തില്‍ ഉണ്ടായില്ല. അടക്കിപ്പിടിച്ച സംസാരങ്ങള്‍ മാത്രം. ഇ.എം.എസ് പത്ര സെന്‍സര്‍ഷിപ്പിനെതിരെ ഇന്ദിരാഗാന്ധിക്ക് കത്തെഴുതി. എ.കെ. ഗോപാലന് ശാരീരിക അവശതകളായിരുന്നു. പാര്‍ലമെന്റില്‍ അദ്ദേഹം പ്രസംഗിച്ചു. പക്ഷേ, ദുര്‍ബലമായിരുന്നു ആ പ്രസംഗം. 1977 മാര്‍ച്ച് 21-ന് ഔദ്യോഗികമായി അടിയന്തരാവസ്ഥ പിന്‍വലിച്ചു. എ.കെ.ജി അപ്പോള്‍ അത്യസന്ന നിലയിലായിരുന്നു, 22-ന് അദ്ദേഹം അന്തരിച്ചു. മാര്‍ച്ച് 16-ന് കേരളത്തില്‍ തെരഞ്ഞെടുപ്പായിരുന്നു എന്നും ഓര്‍ക്കുക. കേരളത്തിലെ സി.പി.എം എത്ര ദുര്‍ബലമായിരുന്നുവെന്ന് അടിയന്തരാവസ്ഥക്കാലം തെളിയിച്ചു. അടിയന്തരാവസ്ഥാ പ്രഖ്യാപനമുണ്ടായപ്പോള്‍ തന്നെ പി. ഗോവിന്ദപ്പിള്ളയെ പോലുള്ള താത്വികാചാര്യന്മാരും നേതാക്കളും ഗവേഷണത്തിനും യാത്രകള്‍ക്കും പുറപ്പെട്ടു. ഭൂരിപക്ഷവും വീടുകളില്‍ ഒതുങ്ങിക്കൂടി. പിണറായിയേയും മറ്റു ചില നേതാക്കളേയും ലോക്കപ്പിലിട്ട് കരുണാകരന്റെ പൊലീസ് പൊതിരെ തല്ലിയതും സെക്രട്ടറിയേറ്റിനു മുന്നില്‍ മുദ്രാവാക്യം വിളിച്ച എം.എ. ബേബിയേയും വിജയകുമാറിനേയും ജയിലിലടച്ചതുമൊക്കെ വലിയ തള്ളുകളായി സി.പി.എം പ്രചരിപ്പിക്കാറുണ്ട്. ''ഞാനും പിണറായി വിജയനും രാജഗോപാലും ഒന്നിച്ച് ജയിലില്‍'' എന്നൊക്കെയുള്ള വലിയ തള്ളുകള്‍ വയനാട്ടിലെ കാപ്പിത്തോട്ട ഉടമയും പത്രമുതലാളിയുമായ സോഷ്യലിസ്റ്റ് നേതാവ് സ്ഥിരമായി പ്രസംഗിച്ചിരുന്നത് വായനക്കാര്‍ ഓര്‍ക്കുമല്ലോ. കെ. വേണുവും നക്‌സലൈറ്റ് ഗ്രൂപ്പുകളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വേറിട്ടതായിരുന്നു. എം.പി. മന്മദനും സര്‍വോദയക്കാരും ചില സത്യാഗ്രഹങ്ങളും നടത്തി. സി.പി.എം അന്നേ ഒരു കോര്‍പ്പറേറ്റ് സംവിധാനമായി മാറിയിരുന്നു. യഥാര്‍ത്ഥത്തില്‍ ഈച്ചരവാര്യര്‍ എന്ന പാവം മനുഷ്യന്‍ ഒറ്റയാനായി നടത്തിയ പോരാട്ടത്തിന്റെ മുന്നില്‍ നമ്മുടെ പരമ്പരാഗത സംഘടിത രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിരോധം തീര്‍ത്തും ദുര്‍ബലമായിരുന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു 1977-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രകടമായത്. കേരളത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വന്നു. പശ്ചിമ ബംഗാള്‍ ഒഴികെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും ഇന്ദിരാഗാന്ധിയെ തിരസ്‌കരിച്ചപ്പോള്‍ കേരളം മാത്രം ഒരു കോണ്‍ഗ്രസ്സിനൊപ്പം നിന്നു. കരുണാകരന്‍ മുഖ്യമന്ത്രിയായി, പാര്‍ലമെന്റിലേക്കുള്ള 20 സീറ്റില്‍ എല്ലാം കോണ്‍ഗ്രസ് മുന്നണിക്ക്. അസംബ്ലിയില്‍ കോണ്‍ഗ്രസ് മുന്നണി 111 സീറ്റുകള്‍ നേടി. അച്യുതമേനോന്റെ ഭരണനേട്ടമായി നമ്മളിതിനെ ചുരുക്കിക്കാണുന്നതു ശരിയല്ല. മലയാളികള്‍ അടിയന്തരാവസ്ഥയെ ഇഷ്ടപ്പെട്ടിരുന്നു എന്നുകൂടി ചേര്‍ത്തു വായിക്കണം. രാജന്‍കേസും ഈച്ചരവാര്യരും നമ്മളെ വേണ്ടത്ര അലോസരപ്പെടുത്തിയില്ലാ എന്നതാണ് സത്യം. മലയാളിയുടെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കാപട്യം എത്ര പൊള്ളയായിരുന്നുവെന്ന് അടിയന്തരാവസ്ഥാക്കാലം തെളിയിച്ചു. ഉത്തരേന്ത്യയിലെ അക്ഷരമറിയാത്ത പാവങ്ങള്‍, സ്വാതന്ത്ര്യ സമരകാലത്തേതുപോലെ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാട്ടം നടത്തി ഇന്ദിരാഗാന്ധിയെ പുറത്താക്കി. കേരളത്തിലെ സര്‍വ പത്രങ്ങളും അടിയന്തരാവസ്ഥയുടെ ദാസന്മാരായിരുന്നു. എക്കാലത്തും ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്ന കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ സഞ്ജയ് ഗാന്ധിയുമായുള്ള അഭിമുഖം നാലു പേജുകളിലായി പ്രത്യക്ഷപ്പെട്ടു. പത്രത്തിന്റെ എഡിറ്ററായിരുന്നു സഞ്ജയനുമായി അഭിമുഖം നടത്തിയതെന്ന് ഓര്‍ക്കുക. പുകള്‍പെറ്റ നമ്മുടെ സാംസ്‌കാരിക സാഹിത്യനായകരില്‍ പലരും അടിയന്തരാവസ്ഥവയില്‍ പുളകിതരായിരുന്നു. ഭൂരിപക്ഷവും ജനങ്ങളുടെ അച്ചടക്കം കണ്ട് അത്ഭുത പരതന്ത്രരായി നിശ്ശബ്ദരായി! അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം പലരും തങ്ങളുടെ വീരകൃത്യങ്ങളെപ്പറ്റി എഴുതിയത് മറക്കുന്നില്ല. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തില്‍ മലയാളികളായ നാം സ്വയം ഉള്ളിലേയ്ക്ക് നോക്കുക. ഉത്തരേന്ത്യയിലെ നിരക്ഷരരായ പാവം മനുഷ്യരുടെ സ്വാതന്ത്രാഭിലാഷം 100 ശതമാനം സാക്ഷരരും ബുദ്ധിമാന്മാരും കമ്യൂണിസ്റ്റു പുരോഗമന നാട്യക്കാരുമായ മലയാളികള്‍ക്ക് എന്തുകൊണ്ട് ഇല്ലാതെപോയി. ഉത്തരേന്ത്യയിലെ നിരക്ഷര ജനതയെ ചാണകങ്ങള്‍ എന്നും പശുബെല്‍റ്റ് എന്നും നമ്മള്‍ അധിക്ഷേപിക്കുന്നു. അവരാണ് പക്ഷേ, നമുക്കു സ്വാതന്ത്ര്യവും ജനാധിപത്യവും തിരികെ തന്നത്. മലയാളികളുടെ പൊങ്ങച്ചങ്ങളായ കമ്യൂണിസവും സോഷ്യലിസവും ഉള്ള് പൊള്ളയായ വെറും തകരച്ചെണ്ടകള്‍ മാത്രമാണെന്ന് അടിയന്തരാവസ്ഥ വിളിച്ചുപറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates