സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍

സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍
Updated on

ന്ത്യന്‍ സാമൂഹ്യഘടനയിലെ അടിസ്ഥാന യൂണിറ്റായി ജാതിയെ തിരിച്ചറിയുന്നതില്‍ സോഷ്യലിസ്റ്റുകള്‍ക്കു വീഴ്ച പറ്റിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കമ്യൂണിസത്തേയല്ല, സോഷ്യലിസത്തെ ആദര്‍ശമായി സ്വീകരിച്ചവരായിരുന്നു ഇന്ത്യയിലെ സോഷ്യലിസ്റ്റുകള്‍. ലോകത്ത് കമ്യൂണിസ്റ്റ് ആശയങ്ങള്‍ വ്യാപിക്കുന്ന അതേ കാലഘട്ടത്തിലാണ് ഇന്ത്യയില്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും ശക്തമാകുന്നത് മറ്റൊരു സംഘടനാരൂപം കൈവരിച്ചിരുന്നില്ലെങ്കിലും കോണ്‍ഗ്രസ്സിനുള്ളില്‍ത്തന്നെ സോഷ്യലിസ്റ്റ് ചേരിയും രൂപപ്പെട്ടിരുന്നു. പിന്നീട് കോണ്‍ഗ്രസ്സില്‍നിന്നും വേര്‍പിരിഞ്ഞ് മാര്‍ക്‌സിസത്തില്‍ പൂര്‍ണ്ണമായും വ്യാമുഗ്ധരായ ഒരു സംഘം കമ്യൂണിസ്റ്റ് പാര്‍ട്ടിയായി സംഘടനാരൂപം കൈവരിക്കുകയായിരുന്നു. ജന്മിത്വ-ജമീന്ദാരി വ്യവസ്ഥയ്‌ക്കെതിരായ കര്‍ഷക പോരാട്ടങ്ങള്‍ക്ക് ഗാന്ധിജിയുടെ ഗ്രാമസ്വരാജ്, സര്‍വ്വോദയാ പ്രസ്ഥാനം തുടങ്ങിയ ആശയങ്ങളേക്കാള്‍ അനിവാര്യമായത് കാര്‍ഷികമേഖലയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവമാണെന്ന തിരിച്ചറിവായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിക്കു കാരണമായത്. രാജ്യത്ത് പ്രബലമായ വര്‍ണ്ണവ്യവസ്ഥയെ പാടെ നിരാകരിച്ച് വര്‍ഗ്ഗസമരത്തിന്റെ സിദ്ധാന്തത്തെ സ്വയംവരിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ പ്രവര്‍ത്തന പദ്ധതിക്ക് ഇന്ത്യയില്‍ രൂപം നല്‍കിയത്. അതേസമയം രാജ്യത്തെ സാമൂഹിക ഘടനയില്‍ നിര്‍ണ്ണായകമായ ജാതി എന്ന അടിസ്ഥാന യൂണിറ്റിനെ തിരച്ചറിഞ്ഞുകൊണ്ടും വര്‍ഗ്ഗസമരത്തെ ജാതിസമരമാക്കി മാറ്റണം എന്ന നിലയ്ക്ക് മാര്‍ക്‌സിസത്തെ ഇന്ത്യന്‍ സാഹചര്യത്തിനനുഗുണമായി വ്യാഖ്യാനിച്ചുകൊണ്ടുമാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനം രൂപപ്പെട്ടത് എന്നു കാണാം.

ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യ ദാര്‍ശനികനായ റാം മനോഹര്‍ ലോഹ്യ സോഷ്യലിസ്റ്റ് പ്രകൃതിയെ വിശദീകരിച്ചത് ജാതി ഉന്മൂലന പ്രക്രിയ എന്ന നിലയ്ക്കാണ്. വര്‍ഗ്ഗ സിദ്ധാന്തത്തെ അതു പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരുന്നില്ല. ലോഹ്യ തന്നെ പറഞ്ഞിട്ടുള്ളത് ''ഉറഞ്ഞുകൂടിയിരിക്കുന്ന വര്‍ഗ്ഗം തന്നെയാണ് ജാതി'' (Caste was concealed class. Class was mobile caste') എന്നാണ്. ''ജാതിവ്യവസ്ഥ അവസരങ്ങളെ പരിമിതപ്പെടുത്തുന്നു. പരിമിതപ്പെടുന്ന അവസരം കഴിവിനെ ഞെരുക്കുന്നു. ഞെരുക്കപ്പെട്ട കഴിവ് വീണ്ടും അവസരങ്ങളെ ഇല്ലാതാക്കുന്നു'' എന്നാണ് ലോഹ്യ വിശദീകരിച്ചത്. രാജ്യത്ത് നിലവിലുള്ള ജാതിവ്യവസ്ഥയാണ് തുല്യതയ്ക്ക് വിഘാതം സൃഷ്ടിക്കുന്നത് എന്നായിരുന്നു ലോഹ്യയുടെ നിലപാട്. ഹരിജനങ്ങള്‍, ശൂദ്രന്മാര്‍, മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, ആദിവാസികള്‍ എന്നിവരാണ് രാജ്യത്ത് ഭൂരിപക്ഷം. എന്നാല്‍, സര്‍ക്കാര്‍ ജോലിയിലോ സൈന്യത്തിലോ വാണിജ്യത്തിലോ രാഷ്ട്രീയത്തിലോ അവരുടെ പ്രാതിനിധ്യം തുലോം തുച്ഛമാണ്. അതുകൊണ്ട് പൊതുമണ്ഡലത്തില്‍ ചുരുങ്ങിയത് 60 ശതമാനം പ്രാതിനിധ്യം ഈ വിഭാഗങ്ങള്‍ക്ക് ഉറപ്പാക്കണം എന്ന് 1950-കളില്‍ത്തന്നെ ആവശ്യപ്പെട്ട നേതാവായിരുന്നു റാം മനോഹര്‍ ലോഹ്യ. 'റൊട്ടിയും മകളും' (Roti and Beti) എന്നൊരു സിദ്ധാന്തമാണ് പ്രധാനമായും ലോഹ്യ മുന്നോട്ടുവെച്ചത്. സമൂഹം ജാതി ഭിന്നതകളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക, മറ്റു സമുദായത്തിലുള്ള ആണ്‍കുട്ടികള്‍ക്ക് തങ്ങളുടെ പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കുക - ഇതാണ് റൊട്ടിയും മകളും എന്ന ആശയം. ഭക്ഷണത്തില്‍നിന്നും കുടുംബത്തില്‍നിന്നും ജാതി ഉന്മൂലനം ആരംഭിക്കണം എന്നതായിരുന്നു ലോഹ്യ മുന്നോട്ടുവെച്ച ആശയം. എന്നാല്‍, ആശയവാദികളായ കമ്യൂണിസ്റ്റുകള്‍ തീര്‍ത്തും ഗ്രാമീണവും പ്രാദേശികവുമായ ഈ സിദ്ധാന്തത്തെ പ്രധാനമായി കണ്ടില്ലെന്നു മാത്രമല്ല, പൂര്‍ണ്ണമായും തള്ളിക്കളയുകയും ചെയ്തു. 'ജാതി ഉന്മൂലനം' എന്ന സിദ്ധാന്തത്തെ മുന്‍നിര്‍ത്തുന്നവരെ 'ജാതിവാദികള്‍' (Casteist) എന്നു മുദ്രകുത്താനാണ് കമ്യൂണിസ്റ്റുകളും നെഹ്രുവിയന്‍ കോണ്‍ഗ്രസ്സും ശ്രമിക്കുന്നത് എന്നുകൂടി ലോഹ്യ പറയുന്നുണ്ട്. ജാതിയെ അവഗണിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ജാതിവ്യവസ്ഥയെ നിര്‍ബാധം തുടരാന്‍ അനുവദിക്കുകയാണ് എന്നും ലോഹ്യ പറയുന്നു.

റാം മനോഹര്‍ ലോഹ്യ
റാം മനോഹര്‍ ലോഹ്യ

ജാതി എന്ന യാഥാര്‍ത്ഥ്യം

ഇന്നു നാം തിരിഞ്ഞുനോക്കുമ്പോള്‍ ഈ പ്രസ്താവം വലിയൊരു ശരിയെയാണ് മുന്‍നിര്‍ത്തുന്നത് എന്നു കാണാം. ജാതി എന്ന യാഥാര്‍ത്ഥ്യത്തെ അവഗണിച്ചുകൊണ്ട് കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിങ്ങനെ വര്‍ഗ്ഗപരമായ അറകളിലായി കീഴാളരെ വേര്‍തിരിക്കുകയും അവരെ ജന്മിത്വ-ജമീന്ദാരി സമ്പ്രദായത്തിനെതിരെ ഒന്നിപ്പിച്ച് പോരാടുകയും അങ്ങനെ സാമ്പത്തിക തുല്യതയിലേയ്ക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്ന ആശയമാണ് കമ്യൂണിസ്റ്റുകള്‍ മുന്നോട്ടു വെച്ചത്. ജാതി എന്നു പറയുന്നതുതന്നെ നികൃഷ്ടമാണ്. അതേക്കുറിച്ച് സംസാരിക്കേണ്ടതു തന്നെയില്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ജാതിയെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന അഥവാ അങ്ങനെയൊരു യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കുന്ന നിഷേധത്തിന്റെ 'തീസിസ്' ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവെച്ചത്. സാമ്പത്തികമായ തുല്യത സാമൂഹ്യനീതിയെ ഉറപ്പാക്കും എന്നു കമ്യൂണിസ്റ്റുകള്‍ കരുതി. എന്നാല്‍, പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക ഉന്നമനം സാമൂഹിക ശ്രേണിയില്‍ അവരുടെ ഉന്നമനത്തിനു വഴിവെച്ചിട്ടില്ല എന്നതിന് ഉദാഹരണമാണല്ലോ ഒരു പുലയനാണ് നമ്മുടെ മേധാവി എന്ന അടക്കംപറച്ചില്‍. വൈദേശിക കടന്നുകയറ്റങ്ങളടക്കം സംഭവിച്ചിട്ടും ഒരു കോട്ടവും തട്ടാതെ ഇന്ത്യയില്‍ ജാതിവ്യവസ്ഥ ആയിരക്കണക്കിനു വര്‍ഷങ്ങളായി തുടരുന്നു. ആധുനിക ജനാധിപത്യ വ്യവസ്ഥിതിയില്‍ ജീവിക്കുമ്പോഴും ഇന്നും ജാതിതന്നെയാണ് നമ്മുടെ പ്രശ്‌നം.

ജാതിവ്യവസ്ഥ ഒരു സാമൂഹിക ഘടന (social structure) മാത്രമല്ല. അതാണ് ഇന്ത്യയിലെ യഥാര്‍ത്ഥ അധികാരഘടന (power structure). ഈ അധികാരഘടനയ്ക്ക് രണ്ടു വശങ്ങളുണ്ട്. ഒന്നാമതായി അതൊരു അധികാരശ്രേണിയാണ് (hierarchy). വരേണ്യരെ (ബ്രാഹ്മണര്‍) ഉയരത്തിലും കീഴാളരെ (ദളിതര്‍) താഴേത്തട്ടിലുമായി സ്ഥാപിക്കുന്ന ഒരു അധികാരശ്രേണി. ഇതിനിടയില്‍ ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളേയും അവര്‍ക്കിടയിലെ വ്യവസ്ഥാപിതമായ അകലത്തേയും ഇതേ ശ്രേണിയില്‍ത്തന്നെ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ദളിതര്‍ എന്നത് ഒരു പൊതുസംജ്ഞ മാത്രമാണ്. അവര്‍ക്കിടയിലും പല വിഭാഗങ്ങളുണ്ട്. ഒരു ചണ്ഡാളന്റേയും ഒരു ചെരുപ്പുകുത്തിയുടേയും സ്ഥാനം ഇതേ ശ്രേണിയില്‍ ഭിന്നമാണ്. അവര്‍ക്കുള്ള അവകാശങ്ങളിലും വ്യവസ്ഥാപിതമായ വ്യത്യാസങ്ങളുണ്ട്. (ആയതിനാല്‍ അവര്‍ ഒരിക്കലും സംഘടിക്കുകയില്ല!) ഈ അധികാരശ്രേണിയുടെ പ്രാഥമികമായ ഉത്തരവാദിത്വം എപ്പോഴും വരേണ്യ-കീഴാള വിഭജനം കൃത്യമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുക എന്നതാണ്. രണ്ടാമത്തെ വശം അതിന്റെ നിയമസാധുത അഥവാ യുക്തിയുക്തത (legitimation) ഉറപ്പാക്കുക എന്നതാണ്. അതായത് കീഴാളര്‍ക്ക് തങ്ങള്‍ ഭരിക്കപ്പെടേണ്ടവരാണെന്ന ബോദ്ധ്യം എപ്പോഴും ഉണ്ടാകണം. വരേണ്യരുടെ ഇംഗിതങ്ങള്‍ക്കും ശാസനകള്‍ക്കും വഴിപ്പെട്ട് ജീവിക്കേണ്ടവരാണ് തങ്ങള്‍ എന്ന തോന്നലുണ്ടാകണം. ജാതിവ്യവസ്ഥ എന്നാല്‍, കേവലം അസമത്വം (inequality) മാത്രമല്ല എന്നര്‍ത്ഥം. അത് സാമ്പത്തിക സമത്വമോ സാമ്പത്തിക ഉന്നമനമോ കൈവരിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന ഒന്നുമല്ല. ഇന്ത്യയില്‍ നിലനിന്നിരുന്നത് ജാതിയില്‍ അധിഷ്ഠിതമായ ജന്മിത്തമായിരുന്നു (caste-based feudalism). എല്ലാ ഉല്പാദന ബന്ധങ്ങളേയും നിര്‍ണ്ണയിച്ചിരുന്നത് ജാതി തന്നെയായിരുന്നു. ഈ മനസ്സിലാക്കലാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റുകള്‍ക്ക് കൈമോശം വന്നത്. ഇന്നും ഈ തിരിച്ചറിവിലേയ്ക്ക് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എത്തിച്ചേര്‍ന്നിട്ടുമില്ല. എന്നാല്‍, ലോഹിയാ സോഷ്യലിസ്റ്റുകളായിരുന്ന മുലായം സിങ് യാദവും ലാലു പ്രസാദ് യാദവും ജോര്‍ജ് ഫെര്‍ണാണ്ടസും നിതീഷ് കുമാറുമൊക്കെ ഈ സാമൂഹ്യസാഹചര്യത്തെ ബോദ്ധ്യപ്പെട്ട് ജാതി എന്ന പ്രശ്‌നത്തെ നിരന്തരം ഉന്നയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു രൂപം നല്‍കുകയും ഇന്നും ദേശീയ രാഷ്ട്രീയത്തിലും ചില സംസ്ഥാനങ്ങളിലെ പ്രാദേശിക രാഷ്ട്രീയത്തിലും ശക്തിയുള്ള പ്രസ്ഥാനങ്ങളായി തലയെടുപ്പോടെ നില്‍ക്കുകയും ചെയ്യുന്നു.

1967 എന്ന വര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. നെഹ്രുവിന്റെ മരണശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ് 1967-ലായിരുന്നു. അന്നു ദേശീയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ആദ്യമായി ശക്തിക്ഷയം സംഭവിച്ചു. അധികാരത്തില്‍ വന്നുവെങ്കിലും കോണ്‍ഗ്രസ്സിന്റെ പ്രഭാവം മങ്ങി. എന്നാല്‍, വലിയ തിരിച്ചടി കോണ്‍ഗ്രസ് നേരിട്ടത് അതേ വര്‍ഷം തന്നെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു.16 സംസ്ഥാന നിയമസഭകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒന്‍പത് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിനു ഭരണം നഷ്ടമായി. 1957-ല്‍ത്തന്നെ കോണ്‍ഗ്രസ്സിന് കേരളം നഷ്ടമായിരുന്നു. കേരളത്തില്‍ അധികാരത്തില്‍ വന്നത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത് നമ്പൂതിരിയോ നായരോ ആയിരുന്നില്ല. ചെത്ത് തൊഴിലാളിയായ ഈഴവന്‍ മുതല്‍ പാടത്തെ പണിയാളരായ പറയനും പുലയനും മത്സ്യത്തൊഴിലാളികളായ അരയനും ധീവരനും അധഃസ്ഥിതരായ ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായിരുന്നു. വര്‍ഗ്ഗം തൊഴിലാളി/കര്‍ഷകന്‍ എന്നതാണെങ്കിലും ജാതിയില്‍ കീഴാളരായവരാണ് ചെങ്കൊടിയേന്തിയത് എന്നതാണ് കേരളത്തിന്റെ സാമൂഹ്യ യാഥാര്‍ത്ഥ്യം. 1967-ലും അത് ആവര്‍ത്തിച്ചു. എന്നാല്‍, വലിയ അദ്ഭുതം സംഭവിച്ചത് വിന്ധ്യനും അപ്പുറത്തായിരുന്നു. പഞ്ചാബ്, ഹരിയാന, ഒറീസ്സാ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഐക്യമുന്നണി ആയിരുന്നു (സംയുക്ത് വിധായക് ദള്‍). അതിന്റെ ശില്പി റാം മനോഹര്‍ ലോഹ്യ ആയിരുന്നു. പഴയ മദ്രാസ് എന്ന തമിഴ്നാടാണ് മറ്റൊരദ്ഭുതത്തെ സൃഷ്ടിച്ചത്. ഇന്ത്യയില്‍ ആദ്യമായി ഒരു പ്രാദേശിക പാര്‍ട്ടി കോണ്‍ഗ്രസ്സില്‍നിന്നും അധികാരം പിടിച്ചെടുത്തു. അത് ദ്രാവിഡരുടെ പാര്‍ട്ടിയായിരുന്നു - ദ്രാവിഡ മുന്നേറ്റ കഴകം അഥവാ DMK.

ജയപ്രകാശ് നാരായണന്‍
ജയപ്രകാശ് നാരായണന്‍

സംയുക്ത പ്രതിപക്ഷം

1967-ലെ പ്രതിപക്ഷ ഐക്യവും അതിന്റെ വിജയവുമാണ് 1975-ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയ്‌ക്കെതിരെ ഒന്നിച്ചു പോരാടാന്‍ കോണ്‍ഗ്രസ്സിതര പാര്‍ട്ടികള്‍ക്ക് ഊര്‍ജ്ജമായത്. എന്നാല്‍, 1977-ല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാര്‍ 1979-ല്‍ താഴെവീണതിനു പിന്നിലെ ഒരു പ്രധാന കാരണം ജാതി തന്നെയായിരുന്നു എന്നു കാണാം. ഇന്ദിരാഗാന്ധിയേയും കോണ്‍ഗ്രസ്സിനേയും പരാജയപ്പെടുത്തുന്നതിനായി ജയപ്രകാശ് നാരായണ്‍ മുന്നോട്ടുവെച്ച ആശയമാണ് പ്രതിപക്ഷത്തിന്റെ സംയുക്ത പാര്‍ട്ടി എന്നത്. അപ്രകാരം കോണ്‍ഗ്രസ്സില്‍നിന്നു കലഹിച്ച് പുറത്തുവന്ന സംഘടനാ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റുകള്‍, ജനസംഘം, ഭാരതീയ ലോക്ദള്‍ തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് ജനതാ പാര്‍ട്ടിക്കു രൂപം കൊടുത്തത്. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട വിവിധ സംഘടനാ നേതാക്കള്‍ പുറത്തേയ്ക്കു വന്നത് ഒറ്റ പാര്‍ട്ടിയുടെ നേതാക്കളായിട്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ആദ്യമായി ഒരു കോണ്‍ഗ്രസ്സിതര സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വരികയും ചെയ്തു. പ്രധാനമന്ത്രിയായി മൊറാര്‍ജി ദേശായിയെയാണ് ജയപ്രകാശ് നാരായണും ജെ.ബി. കൃപലാനിയും പിന്തുണച്ചത്. അതില്‍ ചരണ്‍സിങ്ങിന് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി അദ്ദേഹം ആ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. ഈ തര്‍ക്കങ്ങള്‍ ജനതാ സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ആശങ്കയിലാക്കിയിരുന്നെങ്കിലും സര്‍ക്കാര്‍ നിലംപതിക്കാനിടയാക്കിയത് ജനസംഘത്തെച്ചൊല്ലി ജനതാ പാര്‍ട്ടിയില്‍ രൂപപ്പെട്ട ശക്തമായ വിയോജിപ്പുകള്‍ തന്നെയായിരുന്നു.

ജനസംഘത്തെ ജനതാപാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ചരണ്‍സിങ് ആദ്യം തന്നെ എതിര്‍ത്തിരുന്നു. ഉത്തര്‍പ്രദേശിലെ ജാട്ട് സമുദായത്തില്‍നിന്ന് ദളിതരേയും കര്‍ഷകരേയും സംഘടിപ്പിച്ച് വളര്‍ന്നുവന്ന നേതാവായിരുന്നു ചൗധരി ചരണ്‍സിങ്. സ്വാഭാവികമായും ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ രാഷ്ട്രീയം നന്നായി മനസ്സിലാക്കിയിട്ടുള്ള ചരണ്‍സിങ് ജനസംഘത്തിന് എതിരായിരുന്നു. എന്നാല്‍, ജയപ്രകാശ് നാരായണിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് ജനതാപാര്‍ട്ടി ജനസംഘത്തെ ഉള്‍ക്കൊണ്ടത്. അന്നു പ്രതിപക്ഷനിരയെ ശക്തമാക്കാന്‍ ജനസംഘം കൂടി അനിവാര്യമായിരുന്നു. ജനതാപാര്‍ട്ടിയില്‍ ലയിക്കാനായി എന്ത് വിട്ടുവീഴ്ചയ്ക്കും ജനസംഘം തയ്യാറുമായിരുന്നു. ഗാന്ധിവധത്തിന്റെ പേര് ദോഷം മാറിക്കിട്ടുക എന്നതായിരുന്നു ആര്‍.എസ്.എസ്സിന്റെ ലക്ഷ്യം. ജനതാപാര്‍ട്ടിയില്‍ ലയിച്ചെങ്കിലും ജനസംഘത്തിന്റെ നേതാക്കളായ അടല്‍ ബിഹാരി വാജ്‌പേയും എല്‍.കെ. അദ്വാനിയും ആര്‍.എസ്.എസ്സിന്റെ സജീവ പ്രവര്‍ത്തകരായി തുടര്‍ന്നു. ഒരേസമയം രണ്ട് പ്രസ്ഥാനങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നതിനെ ജനതാപാര്‍ട്ടിയിലെ ഒരു പക്ഷം എതിര്‍ത്തു. പ്രധാനമായും അതിനു മുന്‍നിന്നിരുന്നത് രാജ് നാരായണും മധു ലിമായേയും ക്രിഷന്‍ കാന്തുമായിരുന്നു. മന്ത്രിസഭയില്‍ തുടരണമെങ്കില്‍ വാജ്‌പേയും അദ്വാനിയും ആര്‍.എസ്.എസ്സുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഈ സംഘം ആവശ്യപ്പെട്ടു. അതോടെ ജനതാപാര്‍ട്ടി പിളരുകയും രാജ് നാരായണിന്റെ നേതൃത്വത്തില്‍ ജനതാപാര്‍ട്ടി (സെക്കുലര്‍) രൂപം കൊള്ളുകയും ചെയ്തു. സെക്കുലര്‍ എന്നൊരു വാക്ക് ഒരു പാര്‍ട്ടിയുടെ പേരായി വരുന്നു എന്നത് ഇവിടെ പ്രധാനമാണ്. ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തോട് കൈകോര്‍ക്കരുത് എന്ന് അന്നുതന്നെ സോഷ്യലിസ്റ്റുകള്‍ തിരിച്ചറിഞ്ഞു എന്നതാണ് പ്രധാനം. അത് അവരുടെ നിലനില്‍പ്പിനുതന്നെ തിരിച്ചടിയാകുമെന്നും അവര്‍ക്കു ബോധ്യപ്പെട്ടു. ജാതി തന്നെയാണ് പ്രശ്‌നം. ജാതി രാഷ്ട്രീയത്തെ സംബന്ധിച്ച മികച്ച ഉള്‍ക്കാഴ്ച തന്നെയായിരുന്നു അത്. പി. സുന്ദരയ്യക്ക് ഈ ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം ജനതാപാര്‍ട്ടിയെ പിന്തുണയ്ക്കാനുള്ള സി.പി.ഐ.എമ്മിന്റെ തീരുമാനത്തെ ആദ്യം തന്നെ എതിര്‍ത്തതും ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് പുറത്തു പോയതും. എന്നാല്‍, അത് അക്കാലത്തെ രാഷ്ട്രീയ അനിവാര്യതയായിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്. പില്‍ക്കാലത്ത് 1989-ല്‍ വി.പി. സിങ്ങ് അധികാരത്തിലേറിയത് ബി.ജെ.പിയും ഇടതുപക്ഷവും ഒരേസമയം ജനതാ ദളിനെ പുറത്തുനിന്നും പിന്തുണച്ചതുകൊണ്ടാണല്ലോ. അക്കാലത്തെ മുഖ്യ ശത്രു കോണ്‍ഗ്രസ്സായിരുന്നതിനാല്‍ അതും രാഷ്ട്രീയ അനിവാര്യതയായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് വിരുദ്ധ പോരാട്ടത്തിലും സോഷ്യലിസ്റ്റുകള്‍ പുലര്‍ത്തിപ്പോന്ന ജാതി സംബന്ധമായ ജാഗ്രത വേറിട്ടതുതന്നെയാണ്. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം കുറ്റമറ്റ മികച്ച മാതൃകയാണ് എന്ന് ഈ പ്രസ്താവങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ല. എന്നാല്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്നു ഭിന്നമായി ജാതി എന്ന സാമൂഹിക-സാമ്പത്തിക യൂണിറ്റിനെ മനസ്സിലാക്കുന്നതില്‍ സോഷ്യലിസ്റ്റുകള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തിയിരുന്നു എന്നുമാത്രം (പില്‍ക്കാലത്ത് അധികാരത്തിനായി പ്രഖ്യാത സോഷ്യലിസ്റ്റുകള്‍ ഈ നയത്തില്‍ വെള്ളം ചേര്‍ക്കുന്നതിന്റെ ഉദാഹരണങ്ങള്‍ പിന്നാലെ പ്രതിപാദിക്കുന്നുണ്ട്).

1928-ല്‍ മുംബൈയിലെ തുണിമില്‍ തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ കമ്യൂണിസ്റ്റുകള്‍ സ്വീകരിച്ച സമീപനത്തില്‍ ഡോക്ടര്‍ അംബേദ്കര്‍ അങ്ങേയറ്റം നിരാശനായിരുന്നു എന്ന് എഴുത്തുകാരിയും സാമൂഹ്യ ചിന്തകയുമായ അരുന്ധതി റോയ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്15. തുണിമില്ലുകളില്‍ തൊട്ടുകൂടാത്തവരെ (untouchables) തൊഴിലെടുക്കാന്‍ അനുവദിച്ചിരുന്നില്ല. സൂചിയില്‍ നൂല് കോര്‍ക്കാന്‍ ചിലപ്പോഴൊക്കെ അവര്‍ക്ക് ഉമിനീര് ഉപയോഗിക്കേണ്ടിവരും. അത് മറ്റുള്ളവരെ അശുദ്ധമാക്കും എന്നതായിരുന്നു പ്രശ്‌നം. വലിയ വാചാടോപങ്ങള്‍ക്കപ്പുറം തൊട്ടുകൂടാത്തവരെ നെയ്ത്തുകാരായി നിയമിക്കാത്തതില്‍ ഒരു എതിര്‍പ്പും ഉയര്‍ത്താതെ കമ്യൂണിസ്റ്റുകള്‍ പുലര്‍ത്തിയ നിശ്ശബ്ദതയാണ് അംബേദ്കറിനെ നിരാശനാക്കിയതെന്നും അരുന്ധതി റോയ് എഴുതിയിട്ടുണ്ട്. ഇതൊരു സൂക്ഷ്മമായ ഉദാഹരണമാണ്. ചെറുത് എന്നു തോന്നാമെങ്കിലും അതൊരു വലിയ വീഴ്ച തന്നെയാണ്. ഈ തൊട്ടുകൂടാത്തവര്‍ക്ക് എങ്ങനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഐക്യപ്പെടാനാകും? ഈ പാര്‍ട്ടി തങ്ങളുടെ പാര്‍ട്ടിയാണെന്ന് അവരെങ്ങനെ 'identify' ചെയ്യും? പിന്നാക്ക-ദളിത് മുന്നേറ്റത്തിനായി ഇറങ്ങിപ്പുറപ്പെട്ട കാന്‍ഷി റാം ഒരിക്കല്‍ കമ്യൂണിസ്റ്റുകളെ വിശേഷിപ്പിച്ചത് 'green nsakes hidden in green grass' എന്നാണ്. ഇപ്രകാരം വിമര്‍ശിക്കാന്‍ പാകത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജാതി യാഥാര്‍ത്ഥ്യത്തെ അപ്രധാനമാക്കിക്കളഞ്ഞു എന്നതാണ് പ്രശ്‌നം.

ഡോ. ബി.ആര്‍. അംബേദ്കര്‍
ഡോ. ബി.ആര്‍. അംബേദ്കര്‍

ഇനി എന്ത്?

2022 ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂരില്‍ നടന്ന സി.പി.ഐ(എം) 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ആരംഭിക്കുന്നത് ബി.ജെ.പി രാജ്യത്തുണ്ടാക്കുന്ന മുന്നേറ്റത്തെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ്16. ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും നിയോ ലിബറല്‍ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടു പോവുകയും ദേശീയ സമ്പത്ത് കൊള്ളയടിക്കുകയും അഴിമതി അംഗീകൃത സമ്പ്രദായമാക്കുകയും അങ്ങനെ രാജ്യത്ത് സമഗ്രാധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന ഭരണമായാണ് മോദി സര്‍ക്കാരിനെ സി.പി.ഐ(എം) വിലയിരുത്തുന്നത്. തുടര്‍ന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശം മുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ജനകീയ ചെറുത്തുനില്‍പ്പുകള്‍ വരെ, കൊവിഡിന്റെ വ്യാപനം മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെ, യുക്രെയ്ന്‍ യുദ്ധം മുതല്‍ തെക്കനേഷ്യയിലെ അസമാധാനം വരെ അന്തര്‍ദ്ദേശീയ വിഷയങ്ങളെല്ലാം എണ്ണിപ്പറഞ്ഞ് പാര്‍ട്ടി അതിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രമേയത്തില്‍ 'ദേശീയ സാഹചര്യം' (National Situation) എന്നൊരു ഭാഗമുണ്ട്. ഈ ഭാഗമാണല്ലോ നമ്മുടെ വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനം. അത് പരിശോധിക്കാം.

മോദി സര്‍ക്കാരിന്റേയും ആര്‍.എസ്.എസ്സിന്റേയും തീവ്ര വര്‍ഗ്ഗീയത, മത ന്യൂനപക്ഷങ്ങള്‍ക്കെതിരായും ദളിതര്‍ക്കെതിരായും നടന്നുവരുന്ന ആക്രമണങ്ങള്‍, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, വിലക്കയറ്റം, ദരിദ്രരുടെ എണ്ണത്തിലെ വര്‍ദ്ധന, കോര്‍പ്പറേറ്റുകളുടെ വളര്‍ച്ച എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പ്രമേയത്തില്‍ ഉന്നയിക്കുന്നുണ്ട്. മതേതരത്വത്തിനു നേരെ ഉയരുന്ന വെല്ലുവിളി വിശദമായി ചര്‍ച്ച ചെയ്യുന്നുമുണ്ട്. പൗരാവകാശങ്ങളിലേയ്ക്കു കടന്നുകയറുന്ന 'Surveillance State' അഥവാ പൗരന്മാരെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണകൂടമായി മോദി സര്‍ക്കാര്‍ മാറിയിരിക്കുന്നു എന്നും പ്രമേയം കണ്ടെത്തുന്നു. തുടര്‍ന്ന് സാമൂഹ്യനീതി നിഷേധം മുതല്‍ ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കം വരെ പതിവ് 'rhetoric' അഥവാ വാചാടോപങ്ങള്‍ക്കു പ്രമേയത്തില്‍ ഒരു പഞ്ഞവുമില്ല. സമകാലിക ഇന്ത്യന്‍ പ്രതിസന്ധിയെ മനസ്സിലാക്കുന്ന രണ്ട് വരികള്‍ മാത്രമാണ് അതിദീര്‍ഘമായ ഈ പ്രമേയത്തില്‍ കാണാനായത്. അത് ഇപ്രകാരമാണ്:

1.The BJP succeeded in creating an overarching 'Hindu Identity' cutting across social-ethnic divides to a significant extent,

2. The RSS is carrying out its efforts to assimilate adivasis under a homogenous Hindu identity.

വലിയൊരു പരിധിയോളം വംശീയ വൈവിദ്ധ്യങ്ങളെ ഹിന്ദു സ്വത്വത്തിലേയ്ക്ക് ഉള്‍ച്ചേര്‍ക്കുന്നതില്‍ ബി.ജെ.പി വിജയിച്ചിരിക്കുന്നു എന്നു പ്രമേയം പറയുന്നു. ഒപ്പം ആദിവാസികളെ ഹിന്ദു സജാതീയതയിലേയ്ക്ക് കൊണ്ടുവരാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്നും പ്രമേയം കണ്ടെത്തുന്നു. ഇനി നമ്മള്‍ എന്തു ചെയ്യണം എന്നൊരു ഭാഗം കൂടി പ്രമേയത്തിലുണ്ട്. അദ്ഭുതകരം എന്നു പറയട്ടെ, അവിടെ ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്തിട്ടേയില്ല. മറിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം, അതിനായി ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കണം എന്നിങ്ങനെ പല നിര്‍ദ്ദേശങ്ങളും പ്രമേയം മുന്നോട്ടുവെയ്ക്കുന്നു. പ്രമേയത്തിന്റെ അവസാന ഭാഗത്ത് 'Way to Combat Hindutva' എന്നൊരു ഭാഗമുണ്ട്. ഹിന്ദുത്വയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ എന്തു ചെയ്യണം എന്നാണ് ചോദ്യം. മറുപടി ഇപ്രകാരമാണ്; Promoting the organisation of social, cultural activities, popular science movements to combat the growing obscurantism, superstition, irrationality and blind faith by promoting a secular scientific thinking based on rationality. അന്ധവിശ്വാസങ്ങള്‍ക്കും വിജ്ഞാന വിരോധത്തിനുമെതിരെ യുക്തിയില്‍ ഊന്നിയതും ശാസ്ത്രീയവുമായ സാമൂഹിക സാംസ്‌കാരിക മതേതര ജനകീയ മുന്നേറ്റങ്ങള്‍ക്കു രൂപം നല്‍കണം. ഇതാണ് ഹിന്ദുത്വയെ പ്രതിരോധിക്കാന്‍ സി.പി.ഐ(എം) കണ്ടെത്തിയിട്ടുള്ള പോംവഴി! അതായത് പൊതു ഹിന്ദു ഏകരൂപത്തിലേക്കുള്ള പിന്നാക്ക - ദളിത് വിഭാഗങ്ങളുടെ ഐക്യപ്പെടലിനെ അന്ധവിശ്വാസം, യുക്തിയുടേയും ശാസ്ത്രബോധത്തിന്റേയും അഭാവം എന്നിവ നിമിത്തം സംഭവിക്കുന്ന അപചയമായാണ് സി.പി.ഐ(എം) മനസ്സിലാക്കിയിരിക്കുന്നത് എന്നര്‍ത്ഥം എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്?

നാം ഒരു 'മതനിരപേക്ഷ' (secular) രാഷ്ട്രമാണല്ലൊ. മതനിരപേക്ഷ രാഷ്ട്രം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? അടിസ്ഥാനപരമായി ഭരണകൂടവും മതങ്ങളും തമ്മില്‍ കൃത്യമായ വേര്‍തിരിവുള്ള ഒരു വ്യവസ്ഥിതിയാണത്. ഭരണകൂടത്തില്‍ ഇടപെടാന്‍ മതങ്ങള്‍ക്ക് അവകാശമില്ലാത്ത വ്യവസ്ഥ. ഒപ്പം എല്ലാ മതങ്ങള്‍ക്കും തുല്യമായ അവകാശങ്ങളുള്ള ഒരു 'മതേതര' സാഹചര്യം കൂടി അത് ഉറപ്പാക്കുന്നു. ഇതൊരു പാശ്ചാത്യ സങ്കല്പമാണ്. ഇന്ത്യയില്‍ ഹിന്ദുമതം മുതല്‍ ബുദ്ധമതം, സിഖ് മതം, പാഴ്സി മതം, ഇസ്ലാംമതം, ക്രിസ്തുമതം എന്നിങ്ങനെ നിരവധി മതങ്ങളുണ്ട്. ഒപ്പം അനവധിയായ ജാതികളുമുണ്ട്. എന്നാല്‍, മതവും ജാതിയും ഒന്നല്ല, അത് രണ്ടും രണ്ടാണ്. ഇന്ത്യന്‍ സാഹചര്യത്തിന്റെ സവിശേഷതയാണത്. മതേതരത്വം എന്ന ആശയത്തിന്റെ മറവില്‍ നാം ജാതി എന്ന യാഥാര്‍ത്ഥ്യത്തെ വിസ്മരിക്കുന്നു. ജാതിബോധത്തെ മതബോധമായി തെറ്റിധരിക്കുന്നു. ജാതിയുടെ അടിസ്ഥാനം മതം തന്നെയാണെങ്കിലും അത് മതത്തിനുമപ്പുറം ഒരു ഉല്പാദന വ്യവസ്ഥ കൂടിയാണ് എന്നത് കാണാതെ പോകുന്നു. എല്ലാ ഉല്പാദന ബന്ധങ്ങളേയും നിര്‍ണ്ണയിക്കുന്നത് ജാതിയാണ്. പലപ്പോഴും ജാതിയും മതവും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്യുന്നു. ഉദാഹരണത്തിന് കേരളത്തില്‍ പൊതുവഴി നടക്കാനും ക്ഷേത്ര പ്രവേശനത്തിനുമായി ഹിന്ദുമതത്തിനുള്ളില്‍ നടന്ന കലാപം ജാതിയില്‍ അധിഷ്ഠിതമായിരുന്നു. അത് ഹിന്ദുമതം ഇസ്ലാം മതവുമായോ മറ്റേതെങ്കിലും മതവുമായോ നടത്തിയ ഏറ്റുമുട്ടലായിരുന്നില്ല. ഹിന്ദുമതത്തിനുള്ളില്‍ത്തന്നെ സംഭവിച്ച ജാതിസംഘര്‍ഷമായിരുന്നു അത്. ഇത്തരം ജാതിസംഘര്‍ഷങ്ങളിലൂടെയാണ് ഹിന്ദുമതം നവീകരിക്കപ്പെട്ടത് എന്നും കാണാം. എന്നാല്‍, ഇന്ത്യയില്‍ ജാതിക്കെതിരായി നിലപാടെടുക്കുന്ന വിഭാഗങ്ങളേയും 'മതേതരവാദികള്‍' എന്ന നിലയ്ക്കാണ് പരിഗണിക്കുന്നത്. മതേതരത്വത്തിനായി നിലപാടെടുക്കുന്നവര്‍ ജാതിവിരുദ്ധര്‍ കൂടിയായിരിക്കണം എന്നു വിവക്ഷിക്കപ്പെടുന്നു. ഈ ആശയമാണ് ഇടതുപക്ഷത്തെ അപകടത്തിലാക്കിയത് അഥവാ അവരെ വലിയൊരു വിഭാഗം ജനങ്ങളില്‍നിന്നും അകറ്റിയത്. അതേസമയം ജാതീയമായ ഭിന്നതകളെ കൃത്രിമമായി സംലയിപ്പിച്ച് ഹിന്ദു എന്ന ഏകരൂപം ഉണ്ടാക്കുന്നതില്‍ തീവ്ര വലതുപക്ഷ ആശയങ്ങള്‍ - ഹിന്ദുത്വ - വിജയിക്കുകയും ചെയ്യുന്നു.

ജാതി എന്നതിനെ ദളിത്, പിന്നാക്കം എന്നീ പൊതുസംജ്ഞകളാക്കി നിലനിര്‍ത്തിയിരിക്കുന്നതുപോലും രാഷ്ട്രീയ പ്രാതിനിധ്യത്തിനായി മാത്രമാണ് എന്നുകൂടി മനസ്സിലാക്കണം. ജാതിവൈവിദ്ധ്യങ്ങള്‍ ഒരു പൊതുസംജ്ഞയ്ക്കുള്ളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തവിധം സങ്കീര്‍ണ്ണമാണ് (പിന്നാക്ക - ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ 6000 ജാതികളുണ്ട്!) ഉദാഹരണത്തിന് ശൂദ്രര്‍ എന്ന പൊതു സംജ്ഞയ്ക്കുള്ളില്‍ ആരൊക്കെ ഉള്‍പ്പെടും? കേരളത്തിലെ നായന്‍മാര്‍ ശൂദ്രരാണ്. അവര്‍ അധഃസ്ഥിതരാണോ? അതേസമയം പറയനും ശൂദ്രനാണ്. അയാള്‍ നായരെപ്പോലെ ഉന്നതനാണോ? ഇന്ന് ഇന്ത്യ ഭരിക്കുന്നത് ഒരു ശൂദ്രനല്ലേ - പേര് നരേന്ദ്ര മോദി. മോദി കീഴാളനാണോ? അതുകൊണ്ടാണ് അംബേദ്കര്‍ 'ജാതി ഒരു ശീലമാണ്' (Caste is a habit) എന്നു പറഞ്ഞിട്ടുള്ളത്. ഉറങ്ങുകയും ഉണരുകയും ചെയ്യുംപോലെ അത് ജനിതകപരമായ ഒന്നായി തീര്‍ന്നിരിക്കുന്നു എന്നര്‍ത്ഥം. ഏതാള്‍ക്കൂട്ടത്തിലും ഒരു കീഴാളനെ നിങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിയുന്നതും അതുകൊണ്ടാണ്. എന്നാല്‍, വിചിത്രമെന്നു പറയട്ടെ, നമ്മള്‍ ശൂദ്രരുടെ രാഷ്ട്രീയം ഉയര്‍ത്തി (Shudra critique) ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്! അതും ശൂദ്രരെ സനാതന ഹിന്ദുക്കളാക്കി പരിവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന ( Hinduisation ) കാലഘട്ടത്തില്‍!

എങ്ങനെയാണ് നാം ഈ വിഷയത്തെ അഭിസംബോധന ചെയ്യേണ്ടത് എന്നതാണല്ലോ പ്രധാന ചോദ്യം. അതിനു നാം നാളിതുവരെ പിന്തുടര്‍ന്നുപോന്ന ചില മുന്‍ധാരണകളെ തന്നെയാണ് ആദ്യം പൊളിച്ചെഴുതേണ്ടത്. ഇതുവരെ മധ്യ-ഇടതു പ്രസ്ഥാനങ്ങള്‍, അതായത് കോണ്‍ഗ്രസ്സും ഇടതുപക്ഷവും പിന്നാക്ക-ദളിത് വിഭാഗങ്ങളോട് പുലര്‍ത്തിപ്പോന്നത് ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയമായിരുന്നു - 'politics of accomodation' (അതി തീവ്ര വലതുപക്ഷത്തിന്റെ - ബി.ജെ.പിയുടെ - ശക്തിപ്പെടലോടെ കോണ്‍ഗ്രസ് ഒരു സെന്‍ട്രിസ്റ്റ് - centrist - പാര്‍ട്ടിയായി മാറി). അതിനു വിപരീതമായാണ് 'ബഹുജന്‍' പാര്‍ട്ടികള്‍ (സ്വത്വ രാഷ്ട്രീയ പാര്‍ട്ടികള്‍) രൂപപ്പെട്ടത്. ഈ പാര്‍ട്ടികള്‍ക്കു വേണമെങ്കില്‍ ബി.ജെ.പിയോട് ഐക്യപ്പെടുകയും ചെയ്യാം. അതിന്റെ ഉദാഹരണമാണല്ലോ 1996-ല്‍ ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബി.എസ്.പി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുകയും ഭരണത്തില്‍ വരികയും ചെയ്തത്. ''ബ്രാഹ്മണന്‍ ശംഖ് വിളിക്കും... ആനയുടെ (ബി.എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം) വഴിതെളിക്കും'' എന്നാണ് മായാവതി അന്നു പ്രഖ്യാപിച്ചത്. 1998-ല്‍ പ്രഖ്യാത സോഷ്യലിസ്റ്റുകളായ ജോര്‍ജ് ഫെര്‍ണാണ്ടസും നിതീഷ് കുമാറും ബി.ജെ.പി നേതൃത്വം നല്‍കിയ 'ദേശീയ ജനാധിപത്യ സഖ്യം' (NDA) എന്ന മുന്നണിയുടെ ഭാഗമാവുകയും വാജ്‌പേയ് മന്ത്രിസഭയില്‍ മന്ത്രിമാരാവുകയും ചെയ്തു. ജോര്‍ജ് ഫെര്‍ണാണ്ടസിന്റേയും നിതിഷ് കുമാറിന്റേയും പാര്‍ട്ടിയുടെ അടിത്തറ എന്നു പറയുന്നത് ബീഹാറിലെ 'Extremely Backward Class' (EBC) അഥവാ അതിപിന്നാക്ക ജാതി വിഭാഗങ്ങളാണ്. ആകെ ജനസംഖ്യയില്‍ 36 ശതമാനവും ഈ ഗണത്തില്‍പ്പെട്ടവരാണ്. ആ വിഭാഗമാണ് ബി.ജെ.പിയോട് കൈകോര്‍ത്ത നിതീഷ് കുമാറിനെ കഴിഞ്ഞ 18 വര്‍ഷങ്ങളായി ബീഹാറില്‍ അധികാരത്തിലിരുത്തിയിരിക്കുന്നത്. അതായത് ബ്രാഹ്മണരും പിന്നാക്ക-ദളിതരും മുഖാമുഖം നില്‍ക്കുന്ന പഴയ സാഹചര്യം ഇപ്പോഴില്ല എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ശൂദ്രരുടെ രാഷ്ട്രീയം പറഞ്ഞ് ഹിന്ദുത്വവല്‍ക്കരണത്തെ പ്രതിരോധിക്കാനുമാകില്ല. എന്നാല്‍, രാഷ്ട്രീയമായി കീഴാള ഹിന്ദുക്കളെക്കൂടി ഉള്‍പ്പെടുത്തി 'പൊതു ഹിന്ദു ഏകരൂപം' കൃത്രിമമായി നിര്‍മ്മിച്ചെടുക്കാന്‍ സംഘപരിവാറിനു കഴിഞ്ഞിട്ടുണ്ടെങ്കിലും സാമൂഹികമായും സാമ്പത്തികമായും കീഴാള ഹിന്ദുക്കള്‍ ഇപ്പോഴും പിന്നാക്കമാണ് എന്നതില്‍ തര്‍ക്കമില്ലല്ലോ. എന്നാല്‍, കപടമായ ഒരു സാംസ്‌കാരിക സ്വത്വ നിര്‍മ്മാണത്തിന്റെ വ്യാമോഹത്തിലാണ് കീഴാള ഹിന്ദുക്കള്‍ അകപ്പെട്ടിരിക്കുന്നത്. ഇതില്‍നിന്നും അവരെ മോചിപ്പിക്കണമെങ്കില്‍ അതിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുക മാത്രമാണ് പോംവഴി.

ചരണ്‍ സിങ്
ചരണ്‍ സിങ്

സംശയത്തിന്റെ ഇടം

2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി 400 സീറ്റിലേറെ നേടി അധികാരത്തില്‍ വരുമെന്നാണ് സ്വയം പ്രഖ്യാപിച്ചത്. അതു സംഭവിച്ചില്ല എന്നുമാത്രമല്ല, അവര്‍ക്കു കേവല ഭൂരിപക്ഷംപോലും കിട്ടിയില്ല. എന്തുകൊണ്ട്? നാന്നൂറിലേറെ സീറ്റുകളുമായി ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ അവര്‍ ഇന്ത്യയുടെ ഭരണഘടനതന്നെ മാറ്റി എഴുതും എന്നായിരുന്നു കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷത്തിന്റെ പ്രചാരണം. ആ പ്രചാരണം കുറിക്കു കൊണ്ടു എന്നതിന്റെ തെളിവായിരുന്നു 240 സീറ്റുകളിലേക്കുള്ള മോദിയുടേയും ബി.ജെ.പിയുടേയും പതനം. അതിനു കാരണം വലിയൊരു ശതമാനം വരുന്ന പിന്നാക്ക-ദളിത് വോട്ടുകള്‍ ഇക്കുറി ബി.ജെ.പിക്കു കിട്ടിയില്ല എന്നതാണ്. ഭരണഘടന മാറ്റി എഴുതും എന്നതിനെ പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ എന്തിനു ഭയക്കണം? കാരണം ഭരണഘടനാപരമായി അവര്‍ക്ക് ഉറപ്പാക്കപ്പെട്ടിരിക്കുന്ന സംവരണാവകാശങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടും എന്ന് അവര്‍ ആശങ്കപ്പെട്ടു. അപ്പോള്‍ ബി.ജെ.പിയുടെ ബ്രാഹ്മണിക്കല്‍ രാഷ്ട്രീയത്തോട് ഇപ്പോഴും സംശയമുള്ളവരാണ് കപട ഹിന്ദുത്വവല്‍ക്കരണത്തിനു ശേഷവും രാജ്യത്തെ പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ എന്നു വ്യക്തമാകുന്നു. ആ സംശയത്തിന്റെ 'ഇടം' (space) വലിയ പ്രതീക്ഷ നല്‍കുന്ന ഒന്നുതന്നെയാണ്. ആ ഇടത്തെ വിശാലമാക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വം. ജാതി സെന്‍സസ് എന്ന വിഷയം മുന്നോട്ടുവെച്ച് കോണ്‍ഗ്രസ് വീണ്ടും പയറ്റുന്നത് ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയം തന്നെയാണ് (നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ അതുപോലും പുരോഗമനപരമാണ്). അത് ബ്രാഹ്മണ ഭയത്തിന്റെ സൃഷ്ടിയാണ്. പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ അതു തിരിച്ചറിയുന്നുമുണ്ട്. എന്നാല്‍, ഇടതുപക്ഷത്തിന് ഈ ബ്രാഹ്മണ ഭയത്തിന്റെ ആവശ്യമില്ല. ആ വിഭാഗം രാജ്യത്ത് ഇടതുപക്ഷത്തിന്റെ അനുയായികളോ സഖ്യകക്ഷിയോ അല്ല. അതുകൊണ്ടു തന്നെ പിന്നാക്ക-ദളിത് വിഭാഗങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് ഇടതുപക്ഷം ഏറ്റെടുക്കേണ്ട വലിയൊരു 'ബഹുജന്‍' സമരമുണ്ട്. ആ ഇടം ഇപ്പോള്‍ കൈക്കലാക്കിയിരിക്കുന്നത് സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. അവര്‍ക്ക് ഇനി അധികദൂരം മുന്നോട്ടു പോകാനാകില്ല. എന്തെന്നാല്‍, അവരെക്കൂടി വിഴുങ്ങാന്‍ പാകത്തില്‍ ബി.ജെ.പി അതിന്റെ വിന്യാസത്തെ വിപുലമാക്കിയിരിക്കുന്നു.

കീഴാള ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ വലിയ അകല്‍ച്ചകളാണ് നിലവിലുള്ളത്. പിന്നാക്ക ജാതി വിഭാഗങ്ങള്‍ പരസ്പരവും അവരും ദളിതരും തമ്മിലും ദളിതരും ഗോത്ര വര്‍ഗങ്ങള്‍ തമ്മിലും ഗോത്രങ്ങളും ആദിവാസികളും തമ്മിലും ഭിന്നതയിലാണ്. ഒപ്പം ഈ വിഭാഗങ്ങള്‍ സംയുക്തമായി ക്രിസ്ത്യാനികളുമായും മുസ്ലിങ്ങളുമായും ഭിന്നിപ്പിലാണ്. അവിടെ അവര്‍ക്കിടയില്‍ വിചിത്രമായ യോജിപ്പുമുണ്ട്. അതായത് അങ്ങേയറ്റം ഛിന്നഭിന്നമായ ഒരു സാമൂഹ്യാന്തരീക്ഷമാണ് അടിത്തട്ടിലുള്ളത് എന്നു കാണാം. 'intra-sabaltern conflicts' അഥവാ കീഴാളര്‍ക്കിടയിലെ ആഭ്യന്തര വൈരുദ്ധ്യങ്ങളായി വേണം നാമിതിനെ മനസ്സിലാക്കാന്‍. അതാകട്ടെ, പൊതുമണ്ഡലത്തിലെ ഓരോ വിഭാഗങ്ങളുടേയും പ്രാതിനിധ്യത്തെ ചൊല്ലിയുള്ള പ്രായോഗികമായ ഭിന്നതയുമാണ്. മറ്റൊരാള്‍ തന്റെ അവകാശത്തെ കവര്‍ച്ച ചെയ്യുന്നു എന്ന തോന്നലാണ് അതിന്റെ അടിസ്ഥാനം. ആദ്യം പരിഹരിക്കപ്പെടേണ്ടത് ഈ ഭിന്നതയാണ്. അതിനായി ഇടതുപക്ഷം അനിവാര്യമായും ചെയ്യേണ്ടത് അതത് വിഭാഗങ്ങളില്‍നിന്നുള്ള നേതൃത്വത്തെ സൃഷ്ടിക്കുക എന്നതാണ്. ആ നേതൃത്വം പുറത്തല്ല, മറിച്ച് സംഘടനയ്ക്കുള്ളിലാണ് രൂപപ്പെടേണ്ടത്. നിലവിലെ സംഘടനയുടെ ബ്രാഞ്ചു മുതല്‍ കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും വരെ ഈ വിഭാഗങ്ങളുടെ വലിയ തോതിലുള്ള പ്രാതിനിധ്യവും നേതൃനിരയും ഉണ്ടാകണം. അതുവഴി അവര്‍ക്കിടയില്‍ സംജാതമാകുന്ന യോജിപ്പിലൂടെ ഏറ്റെടുക്കപ്പെടേണ്ട മുദ്രാവാക്യങ്ങളും സമരങ്ങളും സ്വാഭാവികമായും ഉയര്‍ന്നുവരും. അതായത് പിന്നാക്ക-ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളുടെ പാര്‍ട്ടിയായി ഇടതുപക്ഷം സ്വയം പരിവര്‍ത്തിപ്പിക്കപ്പെടണം എന്നര്‍ത്ഥം. അങ്ങനെ മാത്രമെ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇടതുപക്ഷമാകാന്‍ കഴിയൂ. അതി തീവ്ര വലതുപക്ഷത്തെ പ്രതിരോധിക്കാനാകൂ.

വര്‍ഗ്ഗപരമായ അടിച്ചമര്‍ത്തലുകളുടെ കാലഘട്ടത്തില്‍ തൊഴിലാളികളേയും കര്‍ഷകരേയുമൊക്കെ ചൂഷകര്‍ക്കെതിരെ ഒന്നിപ്പിക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു കഴിയും. 1950-കളിലും 1960-കളിലുമൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം വിപ്ലവകരമായ ഉണര്‍വ്വുകളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും നാം കണ്ടതുമാണ്. എന്നാല്‍, പാര്‍ലമന്ററി ജനാധിപത്യത്തിന്‍ കീഴില്‍ ഈ വിഭാഗങ്ങള്‍ ഘട്ടംഘട്ടമായി ശാക്തീകരിക്കപ്പെട്ടുകൊണ്ടിരിക്കും എന്നത് നാം കാണാതെ പോകരുത്. രണ്ട് കാരണങ്ങളാലാണ് ഈ ശാക്തീകരണം സംഭവിക്കുന്നത്. ഒന്നാമതായി അവര്‍ ഒരു വോട്ട്ബാങ്കാണ്. ആയതിനാല്‍ ആ വോട്ട്ബാങ്കിനെ പ്രീണിപ്പിക്കുന്നതിനായി അവര്‍ക്കു ചില അവകാശങ്ങള്‍ ഔദാര്യപൂര്‍വ്വം അനുവദിച്ച് നല്‍കപ്പെടും. താരതമ്യേന മെച്ചപ്പെട്ട വേതനം, തൊഴില്‍ സമയത്തിന്റെ ക്രമീകരണം, ചില സൗജന്യങ്ങള്‍ എന്നിങ്ങനെ പലതും ഉറപ്പാക്കപ്പെടും. ഒപ്പം കാലങ്ങളിലൂടെ നമ്മുടെ സമൂഹവും പരിഷ്‌കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ. അപ്പോള്‍ ഈ വര്‍ഗ്ഗങ്ങളോടുള്ള സമീപനങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കും. ഇങ്ങനെ വര്‍ഗ്ഗങ്ങളുടെ സാമ്പത്തികസ്ഥിതിയില്‍ സംഭവിക്കുന്ന പുരോഗമനപരമായ മാറ്റങ്ങള്‍ വര്‍ഗ്ഗങ്ങളുടെ സ്വഭാവത്തേയും മാറ്റിത്തീര്‍ക്കുന്നതായി കാണാം. 1960-ലെ ഒരു കര്‍ഷകത്തൊഴിലാളിയുടെ സാമ്പത്തികസ്ഥിതിയല്ല 2025-ല്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാളുടെ സാമ്പത്തികസ്ഥിതി.

രണ്ടാമതായി കമ്പോളവും വികസിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഉല്പാദനത്തിലെ വര്‍ദ്ധനവാണ് കമ്പോളത്തിന്റെ വികാസം എന്നു പറയുന്നത്. വര്‍ദ്ധിച്ച ഉല്പന്നങ്ങള്‍ വിറ്റഴിക്കപ്പെടണമെങ്കില്‍ കമ്പോളത്തിലേയ്ക്ക് ധാരാളമായി ആളുകള്‍ എത്തിച്ചേരണം. അയിത്തം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ കമ്പോളത്തിനു വികസിക്കാനാകില്ല. കാരണം വലിയൊരു വിഭാഗത്തിന് കമ്പോളത്തിന്റെ തുറസ്സിലേയ്ക്ക് എത്തിച്ചേരാനാകില്ല. ഒപ്പം സമൂഹത്തിന്റെ ഉപഭോഗശക്തി വര്‍ദ്ധിപ്പിക്കേണ്ടതും കമ്പോളത്തിന്റെ ആവശ്യമാണ്. അതിനായി സാമൂഹിക സ്ഥിതിയിലും മാറ്റങ്ങള്‍ സംഭവിക്കണം. ഇപ്രകാരം ജനാധിപത്യത്തിന്റേയും കമ്പോളത്തിന്റേയും വികാസം വര്‍ഗ്ഗ സ്വഭാവങ്ങളില്‍ സംജാതമാക്കിയിട്ടുള്ള പരിവര്‍ത്തനങ്ങള്‍ പഴയ തൊഴിലാളി/കര്‍ഷക അറകളെ നിഷ്‌കാസനം ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് മൗലികാവകാശമായ രാജ്യമാണ് നമ്മുടേത്. മെച്ചപ്പെട്ട വേതന വ്യവസ്ഥയും ഉറപ്പ് ചെയ്തിരിക്കുന്നു (ഏറ്റവുമധികം ക്ഷേമ വാഗ്ദാനങ്ങളും സൗജന്യങ്ങളും നല്‍കപ്പെടുന്ന രാജ്യംകൂടിയാണ് നമ്മുടേത്. തൊഴിലില്ലാതെ വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്ക് പ്രതിമാസം 2200 രൂപ വീതം നല്‍കുന്ന ചില സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്). വര്‍ഗ്ഗങ്ങളുടെ സ്വഭാവത്തില്‍ സംഭവിച്ചിട്ടുള്ള ഈ മാറ്റങ്ങള്‍ പക്ഷേ, അവരുടെ സാമ്പത്തികസ്ഥിതിയില്‍ മാത്രമാണ് പ്രതിഫലിച്ചിട്ടുള്ളത് എന്നു കാണാം. അതേസമയം സാമൂഹിക ശ്രേണിയില്‍ ഉച്ചനീചത്വങ്ങള്‍ തുടരുകയും ചെയ്യുന്നു. അതുകൊണ്ടാണ് 'തൊഴിലാളി ഐക്യം സിന്ദാബാദ്', 'കര്‍ഷക ഐക്യം സിന്ദാബാദ്' എന്നിങ്ങനെയുള്ള പൊതു മുദ്രാവാക്യങ്ങളും ആശയങ്ങളും അപ്രസക്തിമായിത്തീരുന്നത്. അഥവാ അത്തരം മുദ്രാവാക്യങ്ങള്‍ക്ക് ആളെ കൂട്ടാന്‍ കഴിയാത്തത്.

ഇപ്രകാരമുള്ള പ്രതിരോധം സൃഷ്ടിക്കുന്നതിന് ആശയതലത്തിലും സംഘടനാതലത്തിലും വലിയ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണ്. ആശയതലത്തില്‍ ജാതിയെ അംഗീകരിക്കുകയും ഇന്ത്യന്‍ സാമൂഹിക ഘടനയിലെ അടിസ്ഥാന യൂണിറ്റ് എന്ന നിലയ്ക്ക് അതിനെ മനസ്സിലാക്കുകയും വേണം. അതത് സമൂഹങ്ങളില്‍ നിലവിലുള്ള സവിശേഷവും അതിസങ്കീര്‍ണ്ണവുമായ ജാതിബന്ധങ്ങളെ തിരിച്ചറിഞ്ഞ് അതിനു പാകത്തിലുള്ള ഒരു സംഘടനാ സംവിധാനത്തെ രൂപപ്പെടുത്തണം. ആ സംഘടന ദളിതരാല്‍ നയിക്കപ്പെടുന്ന ഒന്നായിരിക്കണം. അത് പ്രത്യക്ഷവുമായിരിക്കണം. കേവലം പ്രാതിനിധ്യം ഉറപ്പാക്കുന്ന ഒന്നുമാത്രമായി അത് ലഘൂകരിക്കപ്പെടരുത്. പ്രാതിനിധ്യം ഉറപ്പാക്കി നല്‍കേണ്ടത് മുന്നോക്ക സമുദായങ്ങള്‍ക്കായിരിക്കണം, തിരിച്ചല്ല.

ഹിന്ദു സമുദായത്തെ ഒന്നാകെ ഭൂരിപക്ഷ സമുദായം എന്നു പറയുമെങ്കിലും സംഖ്യാപരമായി (numerically) കീഴാള ഹിന്ദുക്കളാണ് ഭൂരിപക്ഷം. ആ ഹിന്ദുക്കള്‍ അണിനിരക്കേണ്ടത് അതി തീവ്ര വലതുപക്ഷത്തോ സെന്‍ട്രിസ്റ്റ് പ്രസ്ഥാനങ്ങളിലോ അല്ല, മറിച്ച് ദളിത് വിഭാഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്താണ്. യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാഭാവിക സഖ്യകക്ഷിയാണവര്‍.

എന്നാല്‍, 2024-ല്‍ ബി.ജെ.പിയോട് പുലര്‍ത്തിയ സംശയത്തിന്റെ 'ഇടം' അവര്‍ക്ക് ഇടതുപക്ഷത്തോടുമുണ്ട്. അത് ഇപ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയിലും സംഭവിച്ചിരിക്കുന്നു. ഈ സാഹചര്യത്തെ ബോധ്യപ്പെടുക എന്നതാണ് അടിയന്തരമായ ആവശ്യം. ആ ബോധ്യപ്പെടലുണ്ടായാല്‍ മാത്രമെ സംഘടനാപരമായ പൊളിച്ചെഴുത്തുകള്‍ സാധ്യമാകൂ. പ്രസംഗം, ലേഖനങ്ങള്‍ തുടങ്ങിയ പ്രചാരണങ്ങളിലൂടെ ആര്‍ജ്ജിക്കാവുന്ന വിശ്വാസമല്ല കീഴാളരുടേത്. അതു സംഘടനയുടെ ഘടനയിലൂടെ വെളിവാക്കപ്പെടേണ്ട ഒന്നാണ്. പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഒരു സംഘടനയെ പ്രത്യക്ഷമാക്കുന്നതിലൂടെ മാത്രമെ ആ വിഭാഗങ്ങളുടെ വിശ്വാസം നേടാനും അവരെ തങ്ങള്‍ക്കൊപ്പം അണിനിരത്താനും ഇടതുപക്ഷത്തിനു കഴിയൂ. അങ്ങനെ മാത്രമേ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടതുപക്ഷത്തിനും അതിജീവിക്കാന്‍ കഴിയൂ. അതൊരു വൈരുദ്ധ്യാത്മക ബന്ധമാണ്. ആ അതിജീവനം യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ അധികാരഘടനയില്‍ ഏറ്റവും അനിവാര്യമായിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് ഇടതുപക്ഷം ഏറ്റെടുക്കേണ്ട ഇന്ത്യന്‍ ദൗത്യം അതാകുന്നു.?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com