സ്റ്റാലിന്റെ കുടുംബത്തിനുണ്ടായ ജീവിതദുരന്തം; അമ്മയുടെ ഓര്‍മ്മയ്ക്കായി മകള്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന്

1967 ഏപ്രില്‍ 22ന് സ്റ്റാലിന്റെ ഏകമകള്‍ സ്വെറ്റ്ലാന അലിലുയെവ ന്യൂയോര്‍ക്കിലെ കെന്നഡി വിമാനത്താവളത്തില്‍ നടത്തിയ പത്രസമ്മേളനം
1967 ഏപ്രില്‍ 22ന് സ്റ്റാലിന്റെ ഏകമകള്‍ സ്വെറ്റ്ലാന അലിലുയെവ ന്യൂയോര്‍ക്കിലെ കെന്നഡി വിമാനത്താവളത്തില്‍ നടത്തിയ പത്രസമ്മേളനം
Updated on

ന്തോഷം കൂടുമ്പോള്‍ മനുഷ്യന്‍ ക്ഷീണിക്കാറാണ് പതിവ്, അയാള്‍ മനുഷ്യത്വം വെടിഞ്ഞ് അഹങ്കാരത്തിലേക്ക് കൂപ്പുകുത്തുന്നു. ഇതുതന്നെയാണ് അധികാരത്തിന്റെ പ്രശ്‌നവും. അമിതാധികാരം മനുഷ്യനെ ഒരേസമയം അരക്ഷിതനും സ്‌നേഹരഹിതനുമാക്കുന്നു. അധികാരം സ്‌നേഹത്തിന്റെ പകരക്കാരനാണെന്ന് മാര്‍ക്വേസ് പറഞ്ഞത് ഓര്‍മ്മയില്ലേ? സ്‌നേഹിക്കാന്‍ കഴിയാത്തതാണ് മനുഷ്യന്റെ ഏറ്റവും വലിയ ദുരന്തമെന്നാണ് അദ്ദേഹത്തിന്റെ മതം. ഇതിന്റെ (സ്‌നേഹത്തിന്റെ) അഭാവം മൂലം ലോകത്തെ ഏറ്റവും വലിയ സമഗ്രാധിപതിയും കനത്ത സുരക്ഷാവലയത്തിനുള്ളില്‍പോലും ഏകാകിയും ഭയചകിതനുമാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. അധികാരത്തിന്റെ ഏകാന്തത, ഭയം ഇതാണ് മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യം. അയാള്‍ അന്യരെ ഭയപ്പെടുത്തുന്നു, അതിലൂടെ സ്വയം ഭയക്കുന്നു. ഭയമാണ് നമ്മുടെ യഥാര്‍ത്ഥ ശത്രു, സമൂഹത്തെ മാനിപ്പുലേറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന വജ്രായുധമെന്ന് ക്രിസ്റ്റഫര്‍ ഇഷര്‍വുഡ് പറഞ്ഞതിന്റെ യുക്തി ഇതാണ് (Christopher Isherwood, A Single Man). ലോകചരിത്രം ഇതിന് ധാരാളിത്തത്തോടെ സാക്ഷ്യം വഹിക്കുന്നു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജോസഫ് സ്റ്റാലിന്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സംരക്ഷകനായി അവതരിച്ച അദ്ദേഹം അവരുടെ അന്തകനായി മാറി. എന്തിനേറെ, സ്വന്തം ഉറ്റവരുടെ പോലും രക്ഷകനായില്ല.

ഇതു പറയുന്നത് മറ്റാരുമല്ല, അദ്ദേഹത്തിന്റെ ഒരേ ഒരു മകള്‍, സ്വെറ്റ്‌ലാന അലിലുയെവ, സ്വന്തം ഓര്‍മ്മക്കുറിപ്പില്‍, ട്വെന്റി ലെറ്റേഴ്സ് ടു എ ഫ്രണ്ട്: എ മെമ്മൊയര്‍ (Svetlana Alliluyeva, Twenty Letters to a Friend : A Memoir). അമ്മയുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന കുറിപ്പുകള്‍ വായനക്കാര്‍ക്കുള്ള കത്തുകളുടെ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. 1963-ലെ വേനല്‍ക്കാലത്ത് മോസ്‌കോയ്ക്കടുത്തുള്ള സ്വന്തം ഗ്രാമമായ ഷുക്കൊവയില്‍ വെച്ച് മുപ്പത്തിയഞ്ചു ദിവസംകൊണ്ടാണ് അവര്‍ അത് മുഴുമിപ്പിക്കുന്നത്. 1967-ല്‍ ഇന്ത്യയിലെത്തിയ അവര്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് അമേരിക്കയില്‍ അഭയം തേടുകയും അതേ വര്‍ഷം അവിടെനിന്ന് പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യയില്‍ അവരെ എത്തിച്ചത് മറ്റൊരു നിയോഗം, തന്റെ ഇന്ത്യന്‍ കാമുകനായിരുന്ന ബ്രജേഷ് സിങിന്റെ ഭൗതികാവശിഷ്ടം നിമജ്ജനം ചെയ്യാനായി. പുസ്തകം അവരുടെ ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ അപഗ്രഥനമല്ല, ''അച്ഛനുമായി ചെലവഴിച്ച ചരിത്രം മാത്രമാണ്, അദ്ദേഹത്തിന്റെ വീട്ടിലെ സന്ദര്‍ശകരേയും സന്തതസഹചാരികളേയും കുറിച്ച്, ഞങ്ങള്‍ക്കു ചുറ്റും അരങ്ങേറിയതും ഞങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചതുമായ സംഭവങ്ങള്‍, മറ്റുചില കാര്യങ്ങള്‍. ഒരു സൂക്ഷ്മദര്‍ശിനിയിലൂടെ ഞാന്‍ അതിനെ നോക്കിക്കാണുന്നു''- അവര്‍ എഴുതുന്നു.

അന്ത്യനിമിഷങ്ങള്‍

മരണാസന്നനായി കിടക്കുന്ന സ്റ്റാലിന്റെ ജീവിതത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് കൃതി ആരംഭിക്കുന്നത്. അന്ന് അവര്‍ക്ക് ഇരുപത്തിയേഴ് വയസ്സ്. '1953, മാര്‍ച്ച് രണ്ടിന് അച്ഛന്റെ വീട്ടിലേക്കു ചെല്ലാന്‍ മലെന്‍കോവ് ആവശ്യപ്പെട്ടു എന്ന് ടീച്ചര്‍ ക്ലാസ്സില്‍ വന്ന് അറിയിച്ചു''- സ്വെറ്റ്‌ലാന പറഞ്ഞുതുടങ്ങി: ''വീട്ടുവളപ്പിലെ ഗേറ്റു കടന്നയുടന്‍ ക്രൂഷ്‌ച്ചേവും ബുള്‍ഗാനും കാര്‍ കൈകാണിച്ചു നിര്‍ത്തി. 'മലെന്‍കോവും ബെരിയയും എല്ലാം പറയും' എന്നു പറഞ്ഞുകൊണ്ട് അവര്‍ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടില്‍ ആകെ ബഹളം. മദ്യലഹരിയില്‍ സഹോദരന്‍ വാസിലി അച്ഛനെ ഇവരെല്ലാം ചേര്‍ന്ന് കൊല്ലുകയാണെന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതിനിടയില്‍ അച്ഛന് സ്‌ട്രോക്കാണെന്നും വെളുപ്പിന് മൂന്നുമണിക്ക് അദ്ദേഹം നിലത്തു വീണുകിടക്കുന്നതായി പരിചാരകര്‍ കണ്ടു എന്നും ആരോ എന്നോടു പറഞ്ഞു. അച്ഛന്‍ മരണാസന്നനാണെന്ന് ഇതോടെ എനിക്ക് മനസ്സിലായി. അവസാനംവരെ (മാര്‍ച്ച് 5) ഞാന്‍ അദ്ദേഹത്തോടൊപ്പം കഴിഞ്ഞു.

അതുവരെ കണ്ടിട്ടില്ലാത്ത ഡോക്ടര്‍മാരാണ് രോഗിയെ ശുശ്രൂഷിക്കുന്നത്. ഇടയ്ക്കിടയ്ക്ക്, ബെരിയ വന്ന് മരിക്കാറായ മനുഷ്യന്റെ മുഖത്ത് സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്നു, താനാണ് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ സേവകനെന്ന് ബോധ്യപ്പെടുത്താനെന്നവണ്ണം. അദ്ദേഹത്തിന് സംസാരശേഷി ഉണ്ടായിരുന്നില്ല, വലതുവശം തളര്‍ന്നും പോയി. എങ്കിലും ഇടയ്ക്കിടയ്ക്ക് കണ്ണ് തുറന്നിരുന്നു. ഒടുവില്‍ മരണം സുനിശ്ചിതമായതോടെ ബെരിയ അലറി, ''സ്വെറ്റ്‌ലാനയെ പുറത്തുകൊണ്ടുപോകൂ''. ആരും അനങ്ങിയില്ല. അയാളുടെ ശബ്ദം വീണ്ടും ഉയര്‍ന്നുകേട്ടു, ''ക്രുസ്തലോവ്, എന്റെ കാര്‍''. ഇതു പറയുമ്പോള്‍ അയാളുടെ മുഖത്ത് ഒരു വിജയിയുടെ തിളക്കമുണ്ടായിരുന്നു. മരിക്കുന്നതിനു തൊട്ടുമുന്‍പ് അച്ഛന്‍ വീണ്ടും കണ്ണു തുറന്നു, മുറിയിലാകെ കണ്ണോടിച്ചു. രൂക്ഷമായ നോട്ടം, രോഷവും വിഭ്രാന്തിയും മരണഭയവും ഒരുപോലെ മിന്നിമറഞ്ഞു. ചുറ്റും നില്‍ക്കുന്നവരെ ശപിക്കാന്‍ ശ്രമിക്കും പോലെ പെട്ടെന്ന് ഇടതുകൈ മേല്‍പ്പോട്ടുയര്‍ത്തി. നിമിഷമാത്രയില്‍ അത് താഴേക്ക് പതിച്ചു. കണ്ണുകള്‍ അടഞ്ഞു. അച്ഛന്റെ അന്ത്യം ഭയാനകവും ദാരുണവുമായിരുന്നു. ദൈവം നീതിമാന്മാര്‍ക്കു മാത്രമേ അനായാസമരണം അനുവദിക്കുകയുള്ളു''!

''ഇതോടെ സര്‍ക്കാര്‍ പ്രതിനിധികള്‍ അവിടം വിട്ടുപോയി. മോസ്‌കോയില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ മരണവൃത്താന്തത്തിനായി കാത്തിരിക്കുകയാണല്ലോ. ബുള്‍ഗാനിനും മികൊയനും മാത്രം അവശേഷിച്ചു. പിന്നെ ആകെ ഉണ്ടായിരുന്നത് പഴയ നഴ്സാണ്. അവര്‍ മുറിയുടെ നടുക്ക് കിടന്നിരുന്ന തീന്‍മേശ വെടിപ്പാക്കിക്കൊണ്ടിരുന്നു. ഈ മേശയ്ക്ക് ചുറ്റുമാണ് പാര്‍ട്ടിയിലെ പ്രമാണിമാര്‍ പലപ്പോഴും ഒത്തുകൂടിയിരുന്നതും ആഹാരം കഴിച്ചിരുന്നതും രാജ്യത്തെ ബാധിച്ചിരുന്ന പല സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നതും. അടുത്ത ദിവസം രാവിലെ ഓട്ടൊപ്സിക്ക് കൊണ്ടുപോകുന്നതുവരെ ശവശരീരം അതേ കിടപ്പില്‍ കിടന്നു... മരണത്തെത്തുടര്‍ന്ന് വീട്ടില്‍ പല വിചിത്രമായ കാര്യങ്ങളും സംഭവിച്ചു. തൊട്ടടുത്ത ദിവസം, ശവമടക്കുന്നതിന് വളരെ മുന്‍പ്, ബെരിയ വീട്ടിലെത്തി ഗൃഹോപകരണങ്ങളും പുസ്തകങ്ങളുമുള്‍പ്പെടെ എല്ലാ സ്ഥാവരജംഗമ സാധനങ്ങളും കടത്തിക്കൊണ്ടുപോയി. അനേക വര്‍ഷങ്ങളായി അച്ഛനോടൊപ്പം ജോലി ചെയ്തിരുന്ന പരിചാരകരെ പിരിച്ചുവിട്ടു, സുരക്ഷാഭടന്മാരെ മറ്റു നഗരങ്ങളിലേക്ക് സ്ഥലം മാറ്റി. ഇവരില്‍ രണ്ടുപേര്‍ ആത്മഹത്യയ്ക്കുവരെ തുനിഞ്ഞു. ഒടുവില്‍ ബെരിയയുടെ പതനത്തിനുശേഷമാണ് അവയെല്ലാം തിരികെ കൊണ്ടുവന്നത്. ഇതെല്ലാം ചേര്‍ത്ത് ഒരു മ്യൂസിയമാക്കുന്നതിനെക്കുറിച്ച് ഇടയ്ക്ക് ചര്‍ച്ച നടന്നെങ്കിലും, ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് അതു വേണ്ടെന്നു വെച്ചതോടെ ശ്രമം ഉപേക്ഷിച്ചു. അച്ഛന്റെ വീട് ഇന്ന് ഭാര്‍ഗവീനിലയം പോലെ അനാഥമായി കിടക്കുന്നു. ഒരുപക്ഷേ, വ്യക്തിപൂജായുഗത്തിന്റെ ഏറ്റവും ഉദാത്തമായ സ്മാരകശിലയായിരിക്കും അത്''- അവര്‍ വീണ്ടും കുറിച്ചു.

സ്റ്റാലിന്റെ രണ്ടാംഭാര്യ നടാഷ. ശിഥിലമായ വിവാഹബന്ധത്തിനൊടുവില്‍ അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു
സ്റ്റാലിന്റെ രണ്ടാംഭാര്യ നടാഷ. ശിഥിലമായ വിവാഹബന്ധത്തിനൊടുവില്‍ അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു

ശിഥിലമായ കുടുംബബന്ധങ്ങള്‍

സ്റ്റാലിന്റെ അന്ത്യം ഭയാനകവും ദാരുണവുമായിരുന്നു എന്നും ദൈവം നീതിമാന്മാര്‍ക്കു മാത്രമേ അനായാസമരണം അനുവദിക്കുകയുള്ളു എന്നുമാണല്ലോ സ്വെറ്റ്‌ലാന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ അദ്ദേഹത്തിന്റെ മരണത്തില്‍ നിയതിയുടെ കരസ്പര്‍ശം ഉണ്ടെന്നാണ് അവര്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്. ''വഴിതെറ്റിയ ജീവിതമായിരുന്നതുകൊണ്ടാണ് അയാളുടെ മരണം വേദനാജനകമായത്'' എന്ന് തന്റെ കഥാപാത്രമായ ഇവാന്‍ ഇല്ലിച്ചിന്റെ മരണത്തെക്കുറിച്ച് ടോള്‍സ്റ്റോയി എഴുതിയത് ഓര്‍മ്മവരുന്നു. രണ്ടു മരണത്തിന്റേയും പശ്ചാത്തലം വ്യത്യസ്തമാണെങ്കിലും അവയെ പരസ്പരം ബന്ധിപ്പിക്കുന്നൊരു കണ്ണി നാം കാണാതിരുന്നുകൂടാ. ഇതാവണം സ്വെറ്റ്‌ലാനയും സൂചിപ്പിക്കുന്നത്.

മറ്റുള്ളവരുടെ ജീവിതത്തെപ്പോലെ സമ്മിശ്രമായിരുന്നു സ്റ്റാലിന്റെ കുടുംബജീവിതമെങ്കിലും അതില്‍ ശിഥിലബന്ധങ്ങളാണ് മുന്നിട്ടുനിന്നത്, ദാരുണാന്ത്യങ്ങളുടെ നീണ്ട ഘോഷയാത്ര. അത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ നഡെഷ്ദ അലിലുയേവയിലാണ് തുടങ്ങുന്നതും. 1932 നവംബര്‍ എട്ടിന് മുപ്പത്തിയൊന്നാം വയസ്സില്‍ അവര്‍ സ്വയം നിറയൊഴിച്ചു മരണംവരിച്ചു. പുറമേനിന്നു നോക്കിയാല്‍ വളരെ നിസ്സാരമായ കാര്യമാണ് അവരുടെ ആത്മഹത്യയിലേക്ക് നയിച്ചത്. ഒരു പാര്‍ട്ടിയില്‍വെച്ച് അല്പം വൈന്‍ കുടിച്ചുകൂടെ എന്ന സ്റ്റാലിന്റെ ചോദ്യത്തില്‍ ക്ഷുഭിതയായി അവര്‍ പുറത്തേക്കോടി. ഇതുകണ്ട് മൊളൊറ്റോവിന്റെ ഭാര്യ പോളിനയും നഡെഷ്ദയ്‌ക്കൊപ്പം പുറത്തേക്കു പോകുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇതോടെ ഇരുവരും താന്താങ്ങളുടെ വീടുകളിലേക്ക് മടങ്ങി. എന്നാല്‍ അടുത്ത ദിവസം രാവിലെ നഡെഷ്ദ സ്വന്തം മുറിയില്‍ (സ്റ്റാലിന്‍ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്) മരിച്ചുകിടക്കുന്നതാണ് പരിചാരിക കാണുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം സൗഹാര്‍ദ്ദപരമായിരുന്നില്ലെന്നും ഒരുവേള വിവാഹമോചനത്തെക്കുറിച്ചുപോലും നഡെഷ്ദ ആലോചിച്ചിരുന്നതായി അവരുടെ സഹോദരി അന്ന തന്നോട് പറഞ്ഞതായി ഗ്രന്ഥകാരി സൂചിപ്പിക്കുന്നു. പോളിനയും ഇത് സാക്ഷ്യപ്പെടുത്തി അത്രേ.

വാസ്തവം എന്തുതന്നെ ആയാലും, ഇത് സ്റ്റാലിനെ വല്ലാതെ ഉലച്ചുകളഞ്ഞു എന്നതാണ് സത്യം. ശവമടക്കുന്നതിനു മുന്‍പ് അവരെ അവസാനമായി കാണാന്‍ അദ്ദേഹം എത്തിയെങ്കിലും അവരുടെ മുഖത്തേയ്ക്കു നോക്കിയിട്ട് ശവപ്പെട്ടി തള്ളിമാറ്റി അദ്ദേഹം തിരികെ പോയി. ശവദാഹത്തിന് അനുഗമിച്ചില്ലെന്നു മാത്രമല്ല, അവരുടെ ശവകുടീരത്തില്‍ ഒരിക്കല്‍പോലും അദ്ദേഹം സന്ദര്‍ശിച്ചിട്ടുമില്ല. അവരെക്കുറിച്ച് പിന്നീട് അദ്ദേഹം പറയുന്നത് ജീവിതത്തിന്റെ അവസാന നാളുകളിലായിരുന്നെന്ന് ഗ്രന്ഥകാരി സൂചിപ്പിക്കുന്നു. ''പ്രായമേറിയതോടെ അദ്ദേഹം ഇടയ്ക്കിടെ അമ്മയെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. പെട്ടെന്ന് അദ്ദേഹം മൊളറ്റോവിന്റെ സഹധര്‍മ്മിണി പോളിനയെക്കുറിച്ചും അമ്മയുമായുള്ള അവരുടെ അടുപ്പത്തെക്കുറിച്ചും ഓര്‍ത്തു. അമ്മയുടെ മേലുള്ള ദുഃസ്വാധീനമായിരുന്നു അവര്‍'' എന്ന് ഒരിക്കല്‍ പറഞ്ഞു. അമ്മ, മരണത്തിനു തൊട്ടുമുന്‍പ് വായിച്ചുകൊണ്ടിരുന്ന പുസ്തകത്തെ (The Green Hat by Michael Arlen) ശപിക്കാന്‍ തുടങ്ങി. മറ്റൊരിക്കല്‍ ''എത്ര വൃത്തികെട്ട തോക്കായിരുന്നു അത്. വെറുമൊരു കളിക്കോപ്പ്. പാവ്ലോവ് (അമ്മയുടെ സഹോദരന്‍) അവള്‍ക്ക് വാങ്ങിക്കൊടുത്തത്. നല്‍കാന്‍ പറ്റിയൊരു സമ്മാനം, അദ്ദേഹം പുലമ്പി. ഏറ്റവും ശ്രദ്ധേയമായ കാര്യം അപ്പോഴൊക്കെ അദ്ദേഹം ശാന്തനായിരുന്നു എന്നതാണ്. അച്ഛന്‍ അമ്മയോട് സഹതപിക്കുന്നതായിപ്പോലും തോന്നി''. അവര്‍ കുറിച്ചു.

മരണത്തെക്കുറിച്ചുള്ള മകളുടെ വ്യാഖ്യാനം നമ്മെ മറ്റൊരു രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അവര്‍ ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: ''റഷ്യയില്‍ അക്കാലത്ത് ആത്മഹത്യകള്‍ പതിവില്‍ക്കവിഞ്ഞ് സംഭവിച്ചിരുന്നു. കൂട്ടുകൃഷിസമ്പ്രദായം തുടങ്ങിയതും ട്രോട്‌സ്‌കിയിസത്തെ പരാജയപ്പെടുത്തി പാര്‍ട്ടിയുടെ ശുദ്ധീകരണം നടന്നുകൊണ്ടിരുന്നതുമായ സമയമായിരുന്നു അത്. പാര്‍ട്ടി പ്രമുഖരില്‍ പലരും ഒന്നിനുപിറകെ ഒന്നായി ആത്മഹത്യ ചെയ്തുകൊണ്ടിരുന്ന കാലം.'' ആത്മഹത്യയിലൂടെ ജനങ്ങള്‍ അവരുടെ തെറ്റുകള്‍ ഏറ്റുപറയുകയാണെന്നായിരുന്നു ഇത്തരം മരണത്തെക്കുറിച്ചുള്ള സ്റ്റാലിന്റെ നിരീക്ഷണം (Robert Gellately, Lenin , Stalin and Hitler: The Age of Social Catastrophe). വീണ്ടും മകളുടെ ഓര്‍മ്മകളിലേക്കു മടങ്ങിയാല്‍, ''ഇത്തരം മരണങ്ങള്‍ വികാരജീവിയായ എന്റെ അമ്മയെ സ്വാധീനിക്കാതിരിക്കാന്‍ സാധ്യതയില്ല. അവരുടെ സ്വഭാവം രാഷ്ട്രീയക്കാരുടേതായിരുന്നില്ല കലാകാരരുടേതായിരുന്നു, കവികളുടെ യുക്തി. ''ഞാന്‍ മുകളില്‍നിന്ന് താഴേക്ക് ചാടി മരിക്കാനോ വിഷം കഴിക്കാനോ നെറ്റിയില്‍ വെടി ഉതിര്‍ക്കാനോ പോകുന്നില്ല'' എന്ന് പറഞ്ഞിട്ട് അതേകാര്യം ചെയ്ത കവി മയക്കോവ്‌സ്‌കിയുടെ യുക്തി... ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, അമ്മ ജീവിച്ചിരുന്നെങ്കില്‍ എന്തുതരം ജീവിതമായിരിക്കുമായിരുന്നു അവരുടേത് എന്ന്. അതൊരിക്കലും നല്ലതാവുമായിരുന്നില്ല. ഏറെ താമസിയാതെ അച്ഛന്റെ രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം അവര്‍ ചേരുമായിരുന്നു. തന്റെ ആത്മമിത്രങ്ങള്‍ - ബുഖാറിന്‍, യെനുക്കിഡ്‌സ് - ഓരോരുത്തരായി അപ്രത്യക്ഷമാവുന്നത് അമ്മയ്ക്ക് താങ്ങാനാവുമായിരുന്നില്ല.''

മറ്റൊരു സുപ്രധാന കാര്യം അമ്മ ആത്മഹത്യ ചെയ്തതാണെന്ന് മകള്‍ അറിയുന്നത് പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണെന്നതാണ്! 1942-ല്‍ അവര്‍ വായിച്ച ഏതോ ഇംഗ്ലീഷ് മാഗസിനില്‍ (പേര് വെളിപ്പെടുത്തിയിട്ടില്ല) സ്റ്റാലിനെക്കുറിച്ചുള്ള ലേഖനത്തില്‍നിന്നാണ് ഇത് മനസ്സിലാക്കുന്നത്. ''ആ നിമിഷം മുതല്‍ എന്റെ മനസ്സമാധാനം നഷ്ടപ്പെട്ടു, എന്റെ ഉള്ളിലെ എന്തോ ഇല്ലാതായി. അച്ഛന്റെ വാക്കും നിര്‍ദ്ദേശങ്ങളും എനിക്ക് അനുസരിക്കാന്‍ വയ്യാതായി. അമ്മ മരിക്കുന്നതിനു തൊട്ടുമുന്‍പ് എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു: 'മദ്യം കൈകൊണ്ട് തൊടരുത്, വൈന്‍ കഴിക്കരുത്'. വിധി വൈപരീത്യം എന്നു പറയട്ടെ, സഹോദരന്‍ വാസിലി മുഴുക്കുടിയാനായി മാറി'', ഇതിനെക്കുറിച്ച് അവര്‍ സൂചിപ്പിക്കുന്നു. ഏതാണ്ട് ഈ സമയത്താണ് അവരും സ്റ്റാലിനുമായുള്ള ബന്ധം വഷളാവാന്‍ തുടങ്ങുന്നതും.

സ്വന്തം മക്കളില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധം സ്റ്റാലിന്‍ പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് സ്വെറ്റ്‌ലാനയുമായാണെന്ന് നിസ്സംശയം പറയാം. നഡെഷ്ദയുടെ മരണത്തോടെ കുടുംബത്തിന്റെ താളം തെറ്റിയെങ്കിലും, അതിനുശേഷം ഏതാണ്ട് പത്തുവര്‍ഷത്തോളം അദ്ദേഹം സ്വെറ്റ്‌ലാനയ്ക്ക് 'നല്ല' അച്ഛന്‍ തന്നെയായിരുന്നു. കുട്ടികളെ ക്രെംലിനിലെ തന്റെ ഓഫീസിനു മുകളിലുള്ള അപ്പാര്‍ട്ട്‌മെന്റിലേക്ക് അദ്ദേഹം മാറ്റി. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും അവരുമായി അത്താഴം കഴിക്കാന്‍ സമയം കണ്ടെത്തി. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ പഠിത്തത്തെക്കുറിച്ച് അന്വേഷിക്കുകയും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒപ്പിടുകയും (ചിലപ്പോള്‍) പുസ്തകങ്ങള്‍ മറിച്ചുനോക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, അദ്ദേഹം രാത്രി ചെലവഴിച്ചിരുന്നത് മോസ്‌കോയ്ക്ക് പുറത്തുള്ള മറ്റൊരു ഡച്ചയിലാണ് (കുണ്ട്‌സെവൊ). ഇടയ്ക്കിടയ്ക്ക് കുട്ടികളുമായി വിനോദസഞ്ചാരങ്ങള്‍ക്കും പോകുമായിരുന്നു. എന്നാല്‍, രണ്ടാം ലോകമഹായുദ്ധത്തോടെ കാര്യങ്ങള്‍ക്കു മാറ്റം വന്നു, സ്വെറ്റ്‌ലാനയുടെ വിവാഹത്തോടെ ബന്ധം വഷളുമായി. അവരുടെ ആദ്യവിവാഹം (1944) ഒരു ജൂതനുമായിട്ടായിരുന്നു. ഇവിടം മുതല്‍ 'കലഹം' ആരംഭിച്ചു. വിവാഹത്തെക്കുറിച്ച് പറയാന്‍ചെന്ന അവരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: ''നിനക്ക് വിവാഹം കഴിക്കണം, അല്ലേ? നിന്റെ ആ ചെറുപ്പക്കാരന്‍ വലിയ കണക്കുകൂട്ടല്‍ ഉള്ളവനാണ്. എന്തുനാശമെങ്കിലുമാവട്ടെ. നിനക്ക് ഇഷ്ടമുള്ളതു ചെയ്യൂ''. പക്ഷേ, ഭര്‍ത്താവുമായി ഒരിക്കലും തന്റെയടുത്ത് വരാന്‍പാടില്ല എന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു.

അതേസമയം, ദമ്പതികള്‍ക്ക് ജീവിക്കാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരു അച്ഛന്‍ എന്ന നിലയില്‍ അദ്ദേഹം ഏര്‍പ്പാടു ചെയ്തു എന്നത് മറ്റൊരു കാര്യം. ഇവിടെ ഒരു സ്റ്റാലിനിസ്റ്റ് ട്വിസ്റ്റുമുണ്ട്, ഈ ബന്ധത്തില്‍ ഉണ്ടായ കൊച്ചുമകനെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. മാത്രമല്ല, അദ്ദേഹത്തെ സന്ദര്‍ശിച്ചു മടങ്ങുമ്പോഴൊക്കെ മകള്‍ക്ക് പണം വേണമോ എന്ന് അദ്ദേഹം അന്വേഷിക്കുമായിരുന്നു. വേണ്ടെന്ന് അവര്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ മറുപടി മറ്റൊന്നായിരുന്നു: ''നീ അഭിനയിക്കുകയാണ്. നിനക്ക് എത്ര പണം വേണം.'' എത്ര ദിവസത്തേക്കുള്ള ചെലവിനെക്കുറിച്ചാണ് അദ്ദേഹം ചോദിക്കുന്നത് എന്നായിരുന്നു സ്വെറ്റ്‌ലാനയെ കുഴക്കിയിരുന്ന പ്രശ്‌നം, ഒരാഴ്ചത്തേയ്‌ക്കോ? ഒരു മാസത്തേയ്‌ക്കോ? കാരണം, സ്റ്റാലിന് പണത്തിന്റെ മൂല്യത്തെക്കുറിച്ച് വലിയ ബോദ്ധ്യമൊന്നുമുണ്ടായിരുന്നില്ല എന്നതാണ്. വിപ്ലവത്തിന് മുന്‍പുള്ള റൂബിളിന്റെ വിലയേ അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നുള്ളു! തന്മൂലം ഇരുനൂറോ മുന്നൂറോ റൂബിള്‍ ഒരു വന്‍തുക എന്ന മട്ടിലാണ് അദ്ദേഹം നല്‍കിയിരുന്നത്!പണത്തിന് യാതൊരു പ്രാധാന്യവും കല്പിക്കാത്തയാളാണ് അദ്ദേഹമെന്നും അവര്‍ തുടര്‍ന്നു പറയുന്നു. ഓരോ മാസവും കിട്ടിയിരുന്ന ശമ്പളം ചെലവാക്കാതെ കവറിലിട്ട് മേശയ്ക്കുള്ളില്‍ വയ്ക്കുന്നതാണ് രീതി. സ്വന്തമായി ബാങ്ക് അക്കൗണ്ടുമില്ല!

മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹബന്ധം വേര്‍പെട്ടു. ഷഡ്‌നോവുമായിട്ടുള്ള സ്വെറ്റ്‌ലാനയുടെ രണ്ടാം വിവാഹവും വീണ്ടും അദ്ദേഹത്തിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. ''ആ വീട്ടില്‍ ഒരുപാട് സ്ത്രീകളുണ്ട്. അവര്‍ നിന്നെ ജീവനോടെ തിന്നും'' എന്നായിരുന്നു ഇക്കുറി അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്തു, ഏറെ താമസിയാതെ ആ ബന്ധവും മുറിഞ്ഞു. ഇതോടെ നഗരത്തില്‍ കുട്ടികളുമായി പ്രത്യേകം താമസിക്കാന്‍ അവരെ അദ്ദേഹം അനുവദിച്ചു. ഒരു ഉപാധിയാണ് ഇക്കാര്യത്തില്‍ മുന്നോട്ടുവെച്ചത്: ''സര്‍ക്കാര്‍ വക ഡച്ചയൊ കാറോ നല്‍കില്ല. ഇതാ കുറച്ചു പണം. ഒരു കാര്‍ വാങ്ങി സ്വന്തമായി ഡ്രൈവ് ചെയ്തു കൊള്ളു. പക്ഷേ ആദ്യം നീ നിന്റെ ഡ്രൈവിംഗ് ലൈസന്‍സ് എന്നെ കാണിക്കണം.'' അച്ഛനും മകളും അവസാനമായി കാണുന്നത് 1952 ഡിസംബര്‍ ഇരുപത്തിയൊന്നിനാണ്. സ്‌ട്രോക് വരുന്നതിന് തൊട്ടുതലേന്ന് (മാര്‍ച്ച് 1, 1953) അദ്ദേഹത്തെ കാണാന്‍ അവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരം പറയാന്‍ അദ്ദേഹത്തെ ഫോണില്‍ കിട്ടിയില്ല.

മറുവശത്ത് ആണ്‍മക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം തീരെ ആശാവഹമായിരുന്നില്ല. മൂത്ത മകന്‍ യാക്കോവിനെ (യാക്കോവ് ദുഗാഷ്വിലി, ആദ്യ ഭാര്യയിലെ ഏക മകന്‍) അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ലെന്നാണ് സ്വെറ്റ്‌ലാന രേഖപ്പെടുത്തുന്നത്. ഇളയമകന്‍ വാസിലിയെ (വാസിലി ഇയോസിഫോവിച്ച് സ്റ്റാലിന്‍) അദ്ദേഹം അത്രകണ്ട് ഗൗനിച്ചതുമില്ല. അച്ഛന്റെ ഈ നിലപാടുമൂലം യാക്കോവ് നിരാശനായിരുന്നു, ഒരിക്കല്‍ നിറയൊഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിക്കുകയുണ്ടായി. ''ങ്ഹാ, അവന് നേരെ വെടി ഉതിര്‍ക്കാന്‍ പോലും അറിയില്ല'' എന്നായിരുന്നു ഇതിനോടുള്ള സ്റ്റാലിന്റെ പ്രതികരണം. പിന്നീട് നാം അദ്ദേഹത്തെക്കുറിച്ച് കേള്‍ക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തില്‍ സൈനികനായി ജര്‍മന്‍ പോര്‍മുഖത്തേക്ക് പോകുന്നതാണ്. ഏതാനും മാസം അദ്ദേഹത്തെക്കുറിച്ച് യാതൊരറിവുമുണ്ടായില്ല. ഒടുവില്‍ ഓഗസ്റ്റ് അവസാനം (1940) യാക്കോവ് ജര്‍മന്‍ തടവിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യയെ വിവരമറിയിക്കേണ്ടെന്നും സ്റ്റാലിന്‍ സ്വെറ്റ്‌ലാനയെ അറിയിച്ചു. സെപ്റ്റംബറില്‍ അവര്‍ സ്റ്റാലിനെ നേരില്‍ കണ്ടപ്പോള്‍, യാക്കോവിന്റെ ഭാര്യയെ വിശ്വസിക്കാനാവില്ലെന്നും അവരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചുവത്രേ. ഏതാനും മാസങ്ങള്‍ക്കുശേഷം അവര്‍ തടവിലാക്കപ്പെടുകയും ചെയ്തു!

യാക്കോവിനെക്കുറിച്ച് രണ്ടുപ്രവശ്യം കൂടി സ്റ്റാലിന്‍ മകളോട് സംസാരിക്കുന്നുണ്ട്. ഇതില്‍ ആദ്യത്തേത് സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തിനു(1943- 1944)ശേഷവും രണ്ടാമത്തേത് ലോകമഹായുദ്ധം കഴിഞ്ഞും. ''യാഷയ്ക്കു (യാക്കോവിന്റെ വിളിപ്പേര്) പകരം മറ്റൊരു തടവുകാരനെ കൈമാറാമെന്ന നിര്‍ദ്ദേശം ജര്‍മന്‍കാര്‍ മുന്നോട്ടുവെച്ചിരുന്നു. പക്ഷേ, ഞാന്‍ അതിനു വഴങ്ങിയില്ല. യുദ്ധം യുദ്ധമാണ്.'' രണ്ടാമത്തെ പ്രാവശ്യം അദ്ദേഹത്തിന്റെ മരണവൃത്താന്തമാണ് കൈമാറിയത്: ''യാഷയെ അവര്‍ വെടിവച്ചുകൊന്നു. അതിന്റെ ദൃക്സാക്ഷിയായൊരു ബെല്‍ജിയന്‍ ഓഫീസറുടെ അനുശോചനസന്ദേശം എനിക്ക് ലഭിച്ചു''. ഇതു പറയുമ്പോള്‍ അദ്ദേഹം വലിയ മാനസികസംഘര്‍ഷം അനുഭവിക്കുന്നതായി തോന്നി എന്ന് സ്വെറ്റ്‌ലാന എഴുതിയിരിക്കുന്നു. ഈ സംഭവത്തെ അവര്‍ പറഞ്ഞവസാനിപ്പിക്കുന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കാന്‍ പോരുംവിധത്തിലാണ് - ''വാര്‍ത്ത വിശ്വാസയോഗ്യമാണോ എന്ന് സംശയമാണ്. യാക്കോവിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ഞാന്‍ കരുതുന്നു.''

വാസിലിയുടെ ജീവിതവും മഹാദുരന്തമായിരുന്നു, മറ്റൊരു വിധത്തിലായിരുന്നു എന്നുമാത്രം. ''വ്യക്തിപൂജയുടെ വരവിനും വളര്‍ച്ചയ്ക്കും വഴിവെച്ച അതേ വ്യവസ്ഥിതിയുടെ ഉപോല്പന്നവും ഇരയുമായിരുന്നു അയാള്‍'' എന്നാണ് ഇതേക്കുറിച്ചുള്ള സ്വെറ്റ്‌ലാനയുടെ നിരീക്ഷണം. സ്റ്റാലിന്‍ അയാളുമായി അകലം പാലിച്ചിരുന്നെങ്കിലും, അദ്ദേഹത്തിനു ചുറ്റുമുള്ളവര്‍ വാസിലിയെ അതിരുവിട്ടു പ്രീണിപ്പിച്ചു, മെഡലുകളും ഉന്നതപദവികളും വെള്ളിത്തളികയില്‍ വെച്ചുനീട്ടി. വെറും ക്യാപ്റ്റനായി ഔദ്യോഗിക ജീവിതമാരംഭിച്ച അയാള്‍ നൊടിയിടയില്‍ മോസ്‌കോ മിലിറ്ററി ഡിസ്ട്രിക്റ്റ് ഏവിയേഷന്റെ മേധാവിയായി ഉയര്‍ത്തപ്പെട്ടു. ഇത് അയാള്‍ പരമാവധി പ്രയോജനപ്പെടുത്തി. തന്റെ പാര്‍ശ്വവര്‍ത്തികളെ പനപോലെ വളര്‍ത്തി, എതിരാളികളെ അതേ രീതിയില്‍ ഒഴിവാക്കി, പലരേയും ജയിലിലടച്ചു, ചിലരെ കാലപുരിയിലേക്കും. മുഴുക്കുടിയനായി മാറിയ അയാളെ സ്റ്റാലിന്‍ പരസ്യമായി ശാസിക്കുകയും മോസ്‌കോ മിലിറ്ററി സിസ്ട്രിക്റ്റിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. അയാളുടെ ജീവിതാന്ത്യം ഒരു ബാറില്‍വെച്ചായിരുന്നു എന്നത് ആകസ്മികമല്ല. മദ്യം കഴിക്കാത്ത അമ്മയുടെയും അച്ഛന്റേയും (സ്റ്റാലിന്‍ വളരെ വിരളമായേ മദ്യം ഉപയോഗിച്ചിരുന്നുള്ളു) മകന്റെ ജീവിതം ഈവിധം അവസാനിച്ചു. നികിത ക്രൂഷ്‌ച്ചേവ് മാത്രമായിരുന്നു അദ്ദേഹത്തെ നേരെയാക്കാന്‍ നോക്കിയത്. അതാകട്ടെ, സ്റ്റാലിന്റെ മരണശേഷവും.

ജീവിതദുരന്തം അദ്ദേഹത്തിന്റെ ഭാര്യയിലും മക്കളിലും അവസാനിച്ചുമില്ല. ഭാര്യയുടെ കുടുംബത്തേയും അത് ഇല്ലാതാക്കി. അവരുടെ മാതാപിതാക്കള്‍ മാത്രമാണ് ഇതില്‍നിന്ന് രക്ഷപ്പെട്ടത്. അവരാകട്ടെ, തങ്ങളുടെ ഉറ്റവരുടെ ദുര്യോഗത്തിന് സാക്ഷികളായി ജീവച്ഛവം പോലെ ജീവിച്ചു മരിച്ചു. നഡെഷ്ദയുടെ മരണശേഷം ഏതാണ്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ അവരുടെ കൂടപ്പിറപ്പുകളും അവരുമായി ബന്ധപ്പെട്ട പലരും തടവിലാക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. സഹോദരി അന്നയെ അറസ്റ്റു ചെയ്തു, അവരുടെ ഭര്‍ത്താവ് സ്റ്റാനിസ്ലാവ് റെഡെന്‍സിനെ വെടിവച്ചു കൊന്നു; അവരുടെ ഏറ്റവും പ്രിയപ്പെട്ട സഹോദരന്‍ പാവ്ലോവിന്റെ ഉറ്റമിത്രങ്ങളെ മുഴുവന്‍ തടവിലാക്കി. ഇതറിഞ്ഞ അദ്ദേഹം ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു; അദ്ദേഹത്തിന് വിഷം കൊടുത്തു കൊന്നു എന്ന കുറ്റം ചുമത്തി അദ്ദേഹത്തിന്റെ വിധവയെ തുറങ്കലില്‍ അടച്ചു; നഡെഷ്ദയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്റ്റാലിന്റെ ആദ്യ ഭാര്യയുടെ സഹോദരിയുടേയും ഭര്‍ത്താവിന്റേയും ഗതി മറ്റൊന്നായില്ല. ഭര്‍ത്താവ് അലക്സാണ്ടര്‍ സ്വന്‍ഡെസ് വധിക്കപ്പെട്ടു, അവര്‍ അഴിക്കുള്ളിലുമായി. തടവിലാക്കപ്പെട്ട മറ്റുള്ളവരില്‍ നഡെഷ്ദയുടെ ഉറ്റസുഹൃത്തായിരുന്ന പോളിനയും ഉള്‍പ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്. പേരക്കുട്ടികളിലേക്കു വന്നാല്‍, ആകെയുണ്ടായിരുന്ന എട്ടുപേരില്‍ മൂന്നുപേരെ (സ്വെറ്റ്‌ലാനയുടെ രണ്ടു മക്കളും യാക്കോവിന്റെ മകളും) മാത്രമാണ് അദ്ദേഹം കണ്ടിട്ടുള്ളതുപോലും!

മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെയാണ് ഓര്‍മ്മക്കുറിപ്പില്‍ കടന്നുവരുന്നത്. ഒരുപക്ഷേ, മനുഷ്യയുക്തിക്ക് വഴങ്ങാത്ത സംഭവങ്ങളായതുകൊണ്ടാവാം അവയുടെ അടുക്ക് തെറ്റിപ്പോയത്. ഈ ദുരന്തകഥ സ്വെറ്റ്‌ലാന പറഞ്ഞവസാനിപ്പിക്കുന്നതില്‍ ഒരുതരം ആത്മനിന്ദയുണ്ട്, ഒപ്പം സമഗ്രാധിപത്യത്തിന്റെ പ്രവര്‍ത്തനശൈലിയെക്കുറിച്ചുള്ള സൂചനയും. ''അലിലുയേവ കുടുംബാംഗങ്ങള്‍ പ്രതിഭാധനരും മൂല്യവത്തായ ജീവിതം നയിക്കാന്‍ പ്രാപ്തിയുള്ളവരും അഭിജാതരും സത്യസന്ധരുമായിരുന്നു. അച്ഛന്റെ ബലഹീനതയെ അവര്‍ മുതലെടുത്തില്ല. അദ്ദേഹത്തെ വഞ്ചിച്ചില്ല. അത് അവരുടെ നഷ്ടത്തില്‍ കലാശിച്ചു. ജീവിതം ദുരന്തപര്യവസായിയായി. വ്യത്യസ്തമായ രീതിയില്‍ ജീവിതം അവരെ തച്ചുടച്ചു. ആര്‍ക്കും സ്വാഭാവികാന്ത്യമുണ്ടായില്ല. അക്കാലത്ത് ജീവിച്ചിരുന്ന ഓരോരുത്തരുടേയും വിധി ഇതായിരുന്നുവോ? അതോ വന്‍മരങ്ങളെ കടപുഴകിയെറിഞ്ഞ ചരിത്രത്തിന്റെ ഭാരം പേറാന്‍ അവര്‍ അശക്തരായിരുന്നതുകൊണ്ടോ?''- അവര്‍ ചോദിക്കുന്നു.

വാസിലി, സ്വെറ്റ്ലാന അലിലുവയെ എന്നിവര്‍ സ്റ്റാലിനൊപ്പം
വാസിലി, സ്വെറ്റ്ലാന അലിലുവയെ എന്നിവര്‍ സ്റ്റാലിനൊപ്പം

അധികാരത്തിന്റെ ഏകാന്തത

ഇത് അലിലുയേവ കുടുംബത്തിന്റെ മാത്രം കഥയല്ല, അക്കാലത്ത് സോവിയറ്റ് യൂണിയനില്‍ ജീവിച്ചിരുന്ന പരശതം മനുഷ്യരുടെ ജീവിതയാഥാര്‍ത്ഥ്യവുമാണ്. ഇത് ഒരു ചോദ്യമായി അവതരിപ്പിക്കുന്നതാവും കൂടുതല്‍ ഫലപ്രദം: അലിലുയേവ കുടുംബത്തിന്റെ കാര്യം ഇങ്ങനെയായിരുന്നെങ്കില്‍ മറ്റുള്ളവരുടെ കാര്യം എത്രമാത്രം ദുരന്തപൂര്‍ണ്ണമായിരുന്നിരിക്കും?

സ്റ്റാലിന്റെ റഷ്യയിലേക്കു തിരികെ വന്നാല്‍ ഇതിന്റെ ഉത്തരവാദി ആരാണ്? സ്റ്റാലിനോ? അദ്ദേഹത്തിന്റെ അനുചരന്മാരോ? അദ്ദേഹം ബീജാവാപം ചെയ്ത വ്യവസ്ഥിതിയോ? അതോ ഇതെല്ലാം കൂടി ചേര്‍ന്നതോ? ഇതില്‍ അവസാനം പറഞ്ഞതിലേക്കാണ് സ്വെറ്റ്‌ലാന വിരല്‍ചൂണ്ടുന്നത്. സ്റ്റാലിന്‍ സൃഷ്ടിച്ച സിസ്റ്റത്തെ മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യുക മാത്രമല്ല ചെയ്തത്. പിന്നെയോ, സിസ്റ്റം അദ്ദേഹത്തെത്തന്നെ മാനിപ്പുലേറ്റു ചെയ്യുകയും ഒറ്റപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. സ്റ്റാലിന്റെ സുരക്ഷാച്ചുമതലക്കാരനായിരുന്ന നിക്കോളായ് വ്‌ലാസികിനേയും രഹസ്യപൊലീസ് മേധാവിയുമായിരുന്ന ലാവ്രെന്റി ബെരിയയേയും സ്റ്റാലിനേയുമാണ് അവര്‍ മുഖ്യപ്രതികളായി അവതരിപ്പിക്കുന്നത്. ആദ്യം പറഞ്ഞ രണ്ടുപേരും സ്റ്റാലിന്റെ പേരിലല്ല, സ്റ്റാലിനായിത്തന്നെയാണ് പലപ്പോഴും പെരുമാറിയത്. സ്റ്റാലിന്റെ ആഗ്രഹവും അഭിരുചിയും മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള ദൗത്യം പോലും വ്‌ലാസിക് സ്വയം ഏറ്റെടുത്തതായി ഗ്രന്ഥം സൂചിപ്പിക്കുന്നു. ഫലമോ, റഷ്യയില്‍, പ്രത്യേകിച്ച് മോസ്‌കോയില്‍, ഒരു പൊതുപരിപാടിയും - കലയും സാഹിത്യവും സംസ്‌കാരവും സിനിമയും നാടകവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഉള്‍പ്പെടെ - അദ്ദേഹത്തിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ നടത്താന്‍ ആകുമായിരുന്നില്ല.

ബെരിയയാവട്ടെ, തനിക്ക് പഥ്യമില്ലാത്തവരെ സ്റ്റാലിന്റെ ശത്രുക്കളായി അവതരിപ്പിക്കുകയും അവരെ ജയിലില്‍ അടയ്ക്കുന്നതിന്/ഉന്മൂലനം ചെയ്യുന്നതിന് നേതൃത്വം വഹിച്ചയാളുമാണ്. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം (സ്റ്റാലിന്‍ ഒഴികെ!) അറിവുണ്ടായിരുന്നു എന്നാണ് സ്വെറ്റ്‌ലയുടെ പക്ഷം. സ്വന്തം കുടുംബാംഗങ്ങള്‍ മുഴുവന്‍ അയാള്‍ക്കെതിരായിരുന്നു എന്നും അവര്‍ അഭിപ്രായപ്പെടുന്നു. അയാളെ വീട്ടില്‍ കയറാന്‍ അനുവദിക്കരുതെന്ന് നഡെഷ്ദ പല പ്രാവശ്യം സ്റ്റാലിനോട് ആവശ്യപ്പെട്ടിരുന്നതായും ഇക്കാര്യം തന്നോട് ഒരിക്കല്‍ അദ്ദേഹം തന്നെ സൂചിപ്പിച്ചിരുന്നതായും അവര്‍ രേഖപ്പെടുത്തുന്നു. ഇത് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു: ''അയാള്‍ക്ക് എന്താണ് കുഴപ്പമെന്ന് ഞാനൊരിക്കല്‍ അവളോടു ചോദിച്ചു. എന്തു വസ്തുതകളാണ് നിന്റെ കൈവശമുള്ളത്? ''എന്തു വസ്തുതകളാണ് നിങ്ങള്‍ക്കു വേണ്ടത്? അയാള്‍ ഒരു തെമ്മാടിയാണ്. അങ്ങനെയൊരാളെ എനിക്കിവിടെ ആവശ്യമില്ല'' എന്നായിരുന്നു ഇതിനോട് അവള്‍ പ്രതികരിച്ചത്. പോയി തുലയാന്‍ ഞാന്‍ അവളോടു പറഞ്ഞു. അയാള്‍ എന്റെ സുഹൃത്താണ്, നല്ല ചെക്കിസ്റ്റാണ് (രഹസ്യപൊലീസ് സേനയിലെ അംഗം)... എനിക്ക് അയാളെ വിശ്വാസമാണ്. എനിക്കാവശ്യം വസ്തുതകളാണ്, വസ്തുതകള്‍.''

ഏറ്റവും വലിയ വിരോധാഭാസം ബെരിയയ്‌ക്കെതിരെ എന്തു വസ്തുകളാണുള്ളതെന്ന് സ്റ്റാലിന്‍ അദ്ദേഹത്തിന്റെ ഭാര്യയോട് ചോദിക്കുമ്പോള്‍ ബെരിയയും അനുചരന്മാരും അവരുടെ ശത്രുക്കള്‍ക്കെതിരെ 'വസ്തുതകള്‍' സൃഷ്ടിക്കുകയായിരുന്നു എന്നതാണ്. അവരെക്കൊണ്ട് ചെയ്യാത്ത തെറ്റുകളും ചെയ്ത തെറ്റുകളും സ്വയം ഏറ്റുപറയിക്കുകയായിരുന്നു. ''എനിക്ക് അറിവില്ലാത്ത, ഭാവനയില്‍ പോലുമില്ലാത്ത എല്ലാ കുറ്റങ്ങളുടേയും ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു'' എന്ന് ബുഖാറിന്‍ പറഞ്ഞത് പ്രസിദ്ധമാണല്ലോ (Stephen Cohen, Bukharin and the Bolshevik Revolution: A Political Biography). മനുഷ്യന്റെ വിശ്വാസം കുടിയിരിക്കുന്നിടത്ത് വസ്തുതകള്‍ക്ക് പ്രവേശനമില്ലെന്ന് മാഴ്സല്‍ പ്രൂസ്റ്റ് പറഞ്ഞതാണ് റഷ്യയില്‍ അക്കാലത്ത് സംഭവിച്ചത്. 'ശത്രു' എന്നത് അവിടെ വിശ്വാസമായിരുന്നു. അതുകൊണ്ടുതന്നെ അതു തെളിയിക്കാന്‍ വസ്തുതകളുടെ ആവശ്യമുണ്ടായിരുന്നില്ല. കുറ്റവിചാരണപോലും ഇരുപതുനിമിഷത്തെ ഏര്‍പ്പാടായിരുന്നു, ഏറിവന്നാല്‍ ഏതാനും ദിവസങ്ങളുടെ. ആവശ്യത്തില്‍ കൂടുതല്‍ ആള്‍ക്കാരെ കൊന്നുതള്ളാനും രഹസ്യപൊലീസ് മടികാണിച്ചിരുന്നില്ല. ''ഈ ഉദ്യമത്തിനിടയില്‍ ആയിരംപേരെ അധികം കൊല്ലേണ്ടിവന്നാലും അത് ഒരു മഹാകാര്യമല്ല'' എന്നായിരുന്നു എന്‍.കെ.വി.ഡി. മേധാവി നിക്കോളായ് യെഷോവിന്റെ നിലപാട് (Marc Jansen and Nikila Petrov, Stalin's Loyal Executioner: People's Commissar Nikolai Ezhov). 'അക്കാലത്ത് ജനങ്ങളുടെ ജീവിതം അത്ഭുതകരവും അവിചാരിതവുമായ രൂപമാര്‍ജിച്ചു. ഭാഗ്യം ഉയരുകയും താഴുകയും ചെയ്തു. ചിലപ്പോള്‍ ചിന്തിക്കാനാവാത്ത ഉയരത്തില്‍, ചിലപ്പോള്‍ അതേ രീതിയില്‍ പടുകുഴിയിലേക്ക് നിപതിച്ചു. രാഷ്ട്രീയമോ വിപ്ലവമോ മനുഷ്യജീവിതത്തോട് അനുകമ്പ കാണിക്കില്ല''- ഇങ്ങനെയാണ് സ്വെറ്റ്ലാന ഇതിനെ വിവരിക്കുന്നത്.

സ്വെറ്റ്ലാന അലിലുവയെ
സ്വെറ്റ്ലാന അലിലുവയെ

അധികാരത്തിന്റെ ആത്മവഞ്ചന

വ്യവസ്ഥയ്ക്ക് ഇത്രയും ദയാരാഹിത്യത്തോടെ പെരുമാറാന്‍ കഴിഞ്ഞതിന്റെ ഒരു കാരണം സ്റ്റാലിന്റെ സ്വഭാവത്തിലുള്ള പ്രത്യേകതയാണെന്ന് അവര്‍ പറയുന്നു. ''ആള്‍ക്കാരെക്കുറിച്ചുള്ള തന്റെ ധാരണയെ മാറ്റാനുള്ള ഒരു ചെറുശ്രമം പോലും അദ്ദേഹത്തിന് അസഹ്യമായിരുന്നു. ഒരാളെ ഹൃദയത്തില്‍നിന്ന് പുറന്തള്ളിയാല്‍, അയാളെ മാനസികമായി ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചുകഴിഞ്ഞാല്‍, അയാളെക്കുറിച്ച് പിന്നീട് അദ്ദേഹത്തോട് സംസാരിക്കുന്നത് അസാദ്ധ്യമാണ്... തനിക്ക് നല്ലതുപോലെ പരിചയമുള്ള ആളാണെങ്കില്‍ പോലും 'വിശ്വസിക്കാന്‍' കൊള്ളരുതാത്തവനായി എന്ന് കരുതുന്ന നിമിഷം മുതല്‍ അദ്ദേഹത്തിന്റെ മനസ്സ് മറ്റൊരു രീതിയില്‍ രൂപാന്തരം പ്രാപിക്കുന്നു, അയാളുടെ പൂര്‍വകാല പ്രവൃത്തികളും അയാളുമായുണ്ടായിരുന്ന പഴയ സൗഹൃദങ്ങളുമെല്ലാം ഒരു നിമിഷമാത്രയില്‍ മായ്ച്ചുകളയുന്നു. അദ്ദേഹം അവരുടെ കേസ് ക്ലോസ്സു ചെയ്യുന്നു''- അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ലഭിച്ച വിവരത്തിന്റെ സത്യാസത്യത്തെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു വ്യാകുലതയുമുണ്ടായിരുന്നില്ല. അത് കണ്ടുപിടിക്കാന്‍ അദ്ദേഹം അശക്തനുമായിരുന്നു എന്നാണ് സ്വെറ്റ്‌ലാനയുടെ നിരീക്ഷണം. ''സര്‍വ്വാധികാരിയായിരിക്കുമ്പോഴും തനിക്കു ചുറ്റും തേനീച്ചക്കൂടിന്റെ അറകള്‍പോലെ വളര്‍ന്നു വലുതായ ആ ഭയാനകമായ വ്യവസ്ഥയുടെ മുന്നില്‍ അദ്ദേഹം അതീവ ദുര്‍ബലനായിരുന്നു, അതിനെ നശിപ്പിക്കാനോ വരുതിയില്‍ കൊണ്ടുവരാനോ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല'' അവര്‍ വ്യക്തമാക്കുന്നു. താന്‍ തന്നെ തീര്‍ത്ത വ്യവസ്ഥയില്‍ അദ്ദേഹം ഒരേസമയം സര്‍വ്വാധികാരിയും നിസ്സഹായനുമായി, ഏകാകിയും സംശയാലുവുമായി. ''അദ്ദേഹം എല്ലായിടത്തും ശത്രുക്കളെ കാണാന്‍ തുടങ്ങി, അത് ഒടുവില്‍ ഒരു പാതൊളൊജിക്കല്‍ പേഴ്സിക്യൂഷന്‍ മാനിയയായി (pathological persecution mania) മാറി... പ്രായം ചെല്ലുംതോറും അദ്ദേഹത്തിന് ഏകാന്തത അനുഭവപ്പെടാന്‍ തുടങ്ങി, എല്ലാവരില്‍നിന്നും ഒറ്റപ്പെട്ട് ശൂന്യതയില്‍ ജീവിക്കുന്നതുപോലെ. മനസ്സുതുറക്കാന്‍ ഒരു ആത്മമിത്രം പോലും കൂടെയില്ലാത്ത അവസ്ഥ'', അച്ഛനെക്കുറിച്ചുള്ള മകളുടെ നിരീക്ഷണം ഈ വിധം പുരോഗമിക്കുന്നു.

എല്ലാ സര്‍വ്വാധിപതികളും ഒടുവില്‍ ചെന്നെത്തുന്നത് ഇത്തരമൊരു അവസ്ഥയിലാണ്. അധികാരത്തിന്റെ ഏകാന്തതയില്‍ അയാള്‍ സ്വയം ഒറ്റപ്പെടുകയും താമസംവിനാ അത് അയാളെത്തന്നെ തിരിഞ്ഞുകൊത്തുകയും അയാള്‍ പടുത്തുയര്‍ത്തിയ വ്യവസ്ഥ തന്നെ അയാളെ സമൂഹത്തില്‍നിന്നും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ സ്റ്റാലിനുണ്ടായൊരു അനുഭവം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1946-ല്‍ രാജ്യത്തിന്റെ തെക്കന്‍ പ്രദേശം സന്ദര്‍ശിക്കവേ യുക്രൈനില്‍ അദ്ദേഹവും സംഘവും എത്തിയതാണ് സന്ദര്‍ഭം. അദ്ദേഹത്തെ പ്രീണിപ്പിക്കാനും യുദ്ധാനന്തര സാഹചര്യത്തില്‍പോലും അവിടം കാര്‍ഷികവിളകളാല്‍ സമൃദ്ധമാണെന്നു കാണിക്കാനും വേണ്ടി അവിടുത്തെ ഉന്നത പാര്‍ട്ടിനേതാക്കള്‍ പഴങ്ങളും പച്ചക്കറികളും ഭീമാകാരമായ തണ്ണിമത്തങ്ങകളും അദ്ദേഹത്തിനു കാഴ്ചവെച്ചുവത്രേ. ഇതെല്ലാം കണ്ട് സ്റ്റാലിന്‍ സന്തോഷിച്ചെങ്കില്‍ ക്രൂഷ്‌ച്ചേവിന്റെ ഡ്രൈവര്‍ അദ്ദേഹത്തിന്റെ (സ്റ്റാലിന്റെ) പരിചാരികയോട് വിവരിച്ചത് മറ്റൊന്നാണ് - യുക്രൈനിലെ മുഴുപട്ടിണിയേയും ഗ്രാമീണജനതയുടെ ദുരന്തജീവിതത്തേയും കുറിച്ച്! യാത്രയ്ക്കുശേഷം സോവിയറ്റ് ഭരണകൂടം യുക്രൈന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത് കൂടുതല്‍ വിശ്രമകേന്ദ്രങ്ങളും ഡച്ചകളും നിര്‍മ്മിച്ചുവത്രേ!

പാര്‍ട്ടി/ഭരണ നേതൃത്വങ്ങള്‍ മാത്രമല്ല, ജനങ്ങളും ഈ വിധം സത്യത്തിനു നിരക്കാത്ത ജീവിതമാണ് നയിച്ചത്. പരസ്പരം അവിശ്വസിച്ചും കളവ് പറഞ്ഞും ജീവിച്ചു. ആര് ആരെ ഒറ്റുമെന്നോ ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാന്‍ കഴിയാതേയും വരുമ്പോള്‍ തങ്ങള്‍ക്കു ചുറ്റും ഒരു കപടലോകം അവര്‍ക്ക് സ്വാഭാവികമായും സൃഷ്ടിക്കേണ്ടിവരുന്നു. പ്രശസ്ത റഷ്യന്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന നഡെഷ്ദ മണ്ടല്‍സ്റ്റാം എത്ര മനോഹരമായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത് എന്നു കാണുക: ''കള്ളത്തരത്തിലൂടെയല്ലാതെ ആ കരാളമായ കാലത്ത് എനിക്ക് ജീവിക്കാന്‍ കഴിയുമായിരുന്നില്ല. ജീവിതത്തിലുടനീളം ഞാന്‍ കളവുപറഞ്ഞു, സകലരോടും, എന്റെ വിദ്യാര്‍ത്ഥികളോട്, സഹപ്രവര്‍ത്തകരോട്. ഏറ്റവുമടുത്ത സുഹൃത്തുക്കളെപ്പോലും ഞാന്‍ വിശ്വാസത്തില്‍ എടുത്തില്ല. ഇത് ആ കാലഘട്ടത്തിന്റെ കാപട്യമാണ്, വിനീതമായ കീഴ്വഴക്കം. എനിക്കതില്‍ യാതൊരു ജാള്യതയും തോന്നുന്നുമില്ല'' (Nadezhda Mandelstam, Hope Against Hope). അന്ന് ജീവിച്ചിരുന്ന മഹാഭൂരിപക്ഷവും അവരല്ലാതെയാണ് ജീവിച്ചിരുന്നത്, ഒരുതരം പരകായപ്രവേശം. സ്വെറ്റ്‌ലാനയ്ക്കുപോലും സ്റ്റാലിന്റെ സവിധത്തില്‍ അങ്ങനെ കഴിയേണ്ടിവന്നു എന്നാണ് പുസ്തകം സൂചിപ്പിക്കുന്നത്. ''അദ്ദേഹത്തോടൊപ്പം കഴിയുകയെന്നത് മഹാബുദ്ധിമുട്ടാണ്... ഞങ്ങള്‍ രണ്ടാളും ധ്രുവസമാനമായ ലോകത്താണ് കഴിഞ്ഞത്. ഇത് രണ്ടുപേര്‍ക്കും നന്നായി അറിയാമായിരുന്നു. മറ്റേയാളില്‍നിന്ന് വിടുതല്‍ നേടി താന്താങ്ങളുടെ ലോകത്ത് ഏകാന്തമായി കഴിയാന്‍ ഇരുവരും ആഗ്രഹിച്ചു. എന്തുകൊണ്ടാണ് ജീവിതം ഇത്രയും അന്തസ്സാരശൂന്യമാകുന്നത്?''- അവര്‍ ചോദിക്കുന്നു.

സ്വെറ്റ്‌ലാന ഓര്‍മ്മക്കുറിപ്പിലെ അവസാനത്തെ കത്ത് (അദ്ധ്യായം) തുടങ്ങുന്നത് പ്രതീകാത്മകമായൊരു ചോദ്യത്തോടെയാണ്: ''ശുഭപര്യവസായിയായ ഒരാളുടെ ജീവിതമെങ്കിലും എനിക്കറിയാമോ?'' ഈ ചോദ്യത്തിന്റെ ഉത്തരം പലരീതിയില്‍ അവര്‍ പറയുന്നുണ്ട്: ''എന്റെ അച്ഛന്‍ ഒരു തമോഗര്‍ത്തം പോലെയായിരുന്നു. അതിനുള്ളില്‍ പെട്ടവരൊക്കെ ഒന്നുകില്‍ അപ്രത്യക്ഷമായി അല്ലെങ്കില്‍ ഇല്ലാതായി അതുമല്ലെങ്കില്‍ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ചിതറിത്തെറിച്ചു... പത്തരമാറ്റുള്ള മനുഷ്യരായിരുന്നു അവരൊക്കെ, കാല്പനികമായ ആശയങ്ങളുമായി മരണം വരിച്ചവര്‍... മറുവശത്ത്, പുരോഗതിയുടെ വേഗം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചവര്‍, നാളയെ ഇന്നു കൊണ്ടുവരാന്‍ ശ്രമിച്ചവര്‍... അവര്‍ക്ക് ലക്ഷ്യം നേടാന്‍ കഴിഞ്ഞുവോ? ബുദ്ധിശൂന്യമായി അനേകലക്ഷം മനുഷ്യരെ അവര്‍ കുരുതികൊടുത്തു. എത്രയോ പ്രതിഭാധനന്മാരുടെ ജീവിതം അകാലത്തില്‍ പൊലിഞ്ഞുപോയി... നമ്മള്‍ എല്ലാവരും ഇതിന് ഉത്തരവാദികളാണ്. വരും തലമുറ അതിനെ വിലയിരുത്തട്ടെ... എന്നാല്‍, നമ്മുടെ കാലഘട്ടത്തെ പുരോഗമനമെന്നോ റഷ്യയ്ക്ക് ഗുണപരമായിരുന്നെന്നോ അവര്‍ വിലയിരുത്തുമെന്ന് കരുതുക വയ്യ''- അവര്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു.

അധികാരം രക്തച്ചൊരിച്ചിലില്ലാതെ കരുണയിലൂടെ നേടാനും നിലനിര്‍ത്താനും കഴിയുമോ? ജനാധിപത്യം അത്തരമൊരു സാധ്യത നമ്മുടെ മുന്നില്‍ തുറന്നിടുന്നുണ്ട്. എന്നാല്‍, ഈവിധം കരുണയില്‍ അധിഷ്ഠിതമായൊരു ഭരണകൂടം നിലവില്‍ വന്നതിന്റേയോ അഥവാ അത്തരത്തിലൊന്ന് യാദൃച്ഛികമായി നിലവില്‍ വന്നിട്ടുണ്ടെങ്കില്‍ അത് തുടര്‍ന്നുപോയതിന്റേയോ തെളിവ് ചരിത്രത്തില്‍ എങ്ങും ഇനിയും കണ്ടെത്താനായിട്ടില്ല. ചരിത്രം കാണിച്ചുതരുന്നത് കേവലമായ അധികാരത്തിനുവേണ്ടിയുള്ള സര്‍വ്വവും ത്യജിച്ചുള്ള പോരാട്ടങ്ങളാണ്. ഇതില്‍ രക്തരൂഷിതമായ വിപ്ലവങ്ങളും പെടും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരാശിയുടെ പേരിലാണ് ഇതൊക്കെ അരങ്ങേറുന്നത് എന്നതാണ് ഏറെ വിചിത്രം. എന്നാല്‍, അധികാരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ പിന്നെ അതു നിലനിര്‍ത്താനുള്ള പോരാട്ടമായി അത് പുനരവതരിക്കുന്നു. പോരാട്ടം ഏതായാലും എരിഞ്ഞടങ്ങുന്നത് സാധാരണ മനുഷ്യരുടെ ജീവിതമാണ്. നാറാണത്തുഭ്രാന്തന്റെ കല്ല് ഉരുട്ടല്‍പോലെ ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുഴുമിക്കാനാവാത്ത സംഗീതവുമായി ശവക്കല്ലറകളില്‍ അഭയം തേടുന്നവരെക്കുറിച്ച് തുര്‍ക്കി കവി നസ്സിം ഹിക്മത് (Nazim Hikmat) എഴുതിയത് ഇത്തരം സാധാരണ മനുഷ്യരുടെ ദുരന്തജീവിതം ഓര്‍ത്തിട്ടായിരിക്കണം. അപ്പോള്‍ മനുഷ്യര്‍ക്ക് അഭയമേകുന്നത് ആരാണ്? പ്രത്യയശാസ്ത്രങ്ങളോ? സഹജീവികളോ? ഒരു കാര്യം ഉറപ്പിച്ചു പറയാം, സഹജീവികളെ ആശ്രയിക്കാവുന്നത്ര, അവരെ വിശ്വസിക്കാവുന്നത്ര പ്രത്യയശാസ്ത്രങ്ങളെ ആശ്രയിക്കാനോ വിശ്വസിക്കാനോ ആവില്ല. സ്റ്റാലിന്റെ മകള്‍ സ്വെറ്റ്‌ലാന അലിലുയെവ തന്റെ ഓര്‍മ്മക്കുറിപ്പില്‍ പറഞ്ഞും പറയാതെ പറഞ്ഞും രേഖപ്പെടുത്തുന്നത് ഇതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com