
അഭിമാനം എല്ലാവര്‍ക്കും വലുതല്ലേ, തെറ്റുപറ്റിയെന്ന് സമ്മതിച്ചിരുന്നേല്‍ ഞാന്‍ പിന്‍മാറിയേനേ. ഞാനും പൊതുപ്രവര്‍ത്തകനല്ലേ, ഞാന്‍ അനുഭവിച്ച സമ്മര്‍ദവും സങ്കടവും അളക്കാനാകില്ല. അതുകൊണ്ട് ഈ കേസില്‍ ആരുടെയൊക്കെ ഇടപെടലുണ്ടായാലും ഏതറ്റം വരെ പോകാനും ഞാന്‍ തയ്യാറാണ്. ഒരു സമ്മര്‍ദത്തിനും ഞാന്‍ വഴങ്ങില്ല- കൊല്ലം ജില്ലയിലെ പള്ളിമണ്‍ എന്ന ഗ്രാമത്തിലെ പൊതുപ്രവര്‍ത്തകനായ വി.ആര്‍. അജിയുടെ വാക്കുകളാണ് ഇത്. ഒരു സംഭവം പറഞ്ഞാല്‍ അജിയെ ഏവര്‍ക്കും ഓര്‍ത്തെടുക്കാനായേക്കും. അര്‍ദ്ധരാത്രി വീടിന്റെ മതില്‍ ചാടിക്കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിയമവിരുദ്ധമായി പൊലീസ് അജിയെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്ന് ആഭ്യന്തരവകുപ്പിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു. സംഭവത്തിനു ശേഷം ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും വരെ പരാതി നല്‍കിയെങ്കിലും അന്വേഷണം പാതിവഴിയില്‍ നിലച്ചു. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഇതുവരെയും നടപടിയുമുണ്ടായിട്ടില്ല.
ഫെബ്രുവരി 12-ന് അര്‍ദ്ധരാത്രി കഴിഞ്ഞാണ് സംഭവങ്ങള്‍ക്കു തുടക്കം. ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തില്‍ അഞ്ചോളം പൊലീസുകാര്‍ മതില്‍ ചാടിക്കടന്നാണ് എത്തിയത്.
ക്ഷീണമുണ്ടായതുകൊണ്ട് അന്ന് ഞാന്‍ നേരത്തേ കിടന്നു. മകള്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭാര്യ മോള്‍ക്ക് കൂട്ടിരിക്കുകയായിരുന്നു. ഗേറ്റ് തുറക്കുന്നതിന്റേയും ബൂട്ടിന്റേയും ശബ്ദം പുറത്തുകേട്ടപ്പോഴാണ് കര്‍ട്ടന്‍ മാറ്റി നോക്കിയത്. യൂണിഫോം കണ്ടപ്പോ പൊലീസാണെന്ന് മനസ്സിലായി. പുറത്തെ ലൈറ്റ് പൊലീസുകാര്‍ തന്നെ ഇട്ടു. എന്താ കാര്യമെന്ന് ജനല്‍ തുറന്ന് ഭാര്യ ചോദിച്ചു. അജിയുടെ വീടല്ലേ എന്ന് അന്വേഷിച്ച ശേഷം കതക് തുറക്കടീ എന്നായി പൊലീസുകാര്‍. വാതിലില്‍ പടപടാന്ന് ഇടിക്കുകയാണ്. ഈ ശബ്ദം കേട്ട് ഞാനുണര്‍ന്നു. തുറന്നില്ലേല്‍ വാതില്‍ ചവിട്ടിപ്പൊളിക്കുമെന്നായി പൊലീസുകാര്‍. പേടിച്ചിട്ട് വാതിലിന്റെ കുറ്റി ഒരെണ്ണം ഭാര്യ എടുത്തു. അപ്പോഴേക്കും അനൂപ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി- അജി പറയുന്നു.
നിമിഷനേരംകൊണ്ട്, മകള്‍ പേടിച്ചിട്ട് അച്ഛാ അച്ഛാ എന്ന് വിളിച്ച് ഓടിവരുന്നതിനു മുന്‍പ് തന്നെ പൊലീസുകാര്‍ കഴുത്തിന് കുത്തിപ്പിടിച്ച് കട്ടിലില്‍നിന്ന് എന്നെ വലിച്ചെഴുന്നേല്‍പ്പിച്ചു. ആദ്യമൊന്നും എന്താണ് നടക്കുന്നതെന്നു തിരിച്ചറിയാന്‍പോലും പറ്റിയില്ല. എന്താ കാര്യമെന്ന് ഞാന്‍ ചോദിക്കുന്നുമുണ്ട്. നിനക്ക് വാറന്റുണ്ടോ എന്നായി അനൂപിന്റെ ചോദ്യം. എനിക്ക് കേസൊന്നുമില്ല സാറെ, പഴയ ഒരു കേസുണ്ടായിരുന്നെന്നും അത് കോടതിയില്‍ ഒത്തുതീര്‍പ്പാക്കിയെന്നും ഞാന്‍ പറഞ്ഞു. കടമുറിയുടെ വാടകയുമായി ബന്ധപ്പെട്ട് 2013-ല്‍ ഞാനും എന്റെ സുഹൃത്തുമായി ഒരു തര്‍ക്കമുണ്ടായിരുന്നു, അതാണ് ഈ പറഞ്ഞ കേസ്. രണ്ടുപേരും കൗണ്ടര്‍ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. ഈ പരാതികളില്‍ ചാത്തന്നൂര്‍ പൊലിസ് കേസെടുത്തിരുന്നു.
ആറുമാസത്തിനകം ആ കേസില്‍ ഞങ്ങള്‍ ധാരണയിലെത്തിയെങ്കിലും കോടതി നടപടികള്‍ നടക്കുന്നുണ്ടായിരുന്നു. ഏതാനും മാസം മുന്‍പ് കോടതി സമന്‍സ് അയച്ചു. എന്റെ സുഹൃത്തിന് സമന്‍സ് കിട്ടി. എനിക്കാകട്ടെ, കിട്ടിയതുമില്ല. സുഹൃത്ത് തുടര്‍ച്ചയായി കോടതിയില്‍ പോകുന്നത് കണ്ടിട്ടാണ് ഞാന്‍ വക്കീലിനോട് അതൊന്ന് അന്വേഷിക്കാന്‍ പറഞ്ഞത്. ഒത്തുതീര്‍പ്പായ കേസായതുകൊണ്ട് വേറെ പേടിക്കാനൊന്നുമില്ലല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍. രണ്ടു വിചാരണദിവസവും ഹാജരാകാത്തതിന്റെ പേരില്‍ വാറന്റായെന്ന് വക്കീല്‍ അറിയിച്ചു. വേറെ പ്രശ്നമൊന്നുമില്ല. നിസ്സാരമായ വകുപ്പുകളായതുകൊണ്ട് ജാമ്യമെടുത്താല്‍ മതിയെന്ന് വക്കീലും പറഞ്ഞു. അങ്ങനെ ഞാനും ഭാര്യയും കോടതിയില്‍ പോയി. അങ്ങനെ അഡ്വാന്‍സ് ചെയ്ത് സെറ്റില്‍മെന്റ് തീയതിയും തീരുമാനിച്ചു. അങ്ങനെ രണ്ടുകക്ഷികളുടെ വക്കീലന്മാരുടെ സൗകര്യം നോക്കി ഞങ്ങള്‍ രണ്ടുകക്ഷികളും എത്തി ജാമ്യവുമെടുത്ത് സെറ്റില്‍മെന്റും നടത്തി. വിധി പറയാനായി കേസ് അടുത്തൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. ഇനിയിപ്പൊ നിങ്ങള്‍ വരണമെന്നില്ലെന്നും വിധിയല്ലേയുള്ളൂവെന്നും വക്കീല്‍ പറയുന്നുണ്ട്. അതവിടെ കഴിഞ്ഞെന്നാണല്ലോ നമ്മളും കരുതുക. വേറെ പ്രശ്നങ്ങളൊന്നുമില്ലല്ലോ. ഈ കക്ഷിയുമായി നമുക്കൊരു പ്രശ്നവുമില്ല. മാത്രമല്ല, എന്റെ അടുത്ത സുഹൃത്തുമാണ്. 2025 ജനുവരിയിലാണ് ഈ കേസ് സെറ്റില്‍ ചെയ്യുന്നത്. പിന്നീടാണ് ഈ പ്രശ്നങ്ങളൊക്കെയുണ്ടായതും.
ഭയാനക സംഭവം
ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. സി.പി.എം കുടുംബാംഗമാണ്. മുന്‍പ് സി.പി.എം പള്ളിമണ്‍ വട്ടവിള ബ്രാഞ്ച് കമ്മിറ്റിയംഗവുമായിരുന്നു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സ്റ്റേഷനുമായും ഉദ്യോഗസ്ഥരുമായും പൊതുജനങ്ങളുമായും ഏതു സമയവും ബന്ധം പുലര്‍ത്തുന്നയാളുമാണ്. അങ്ങനെയൊരാളെയാണ് ഭീകരവാദിയെ പിടിക്കുന്നതുപോലെ മതില്‍ ചാടിക്കടന്ന്, വാതില്‍ ചവിട്ടിപ്പൊളിച്ച് ഭാര്യയുടേയും മകളുടേയും മുന്നില്‍വച്ച് വലിച്ചിഴച്ച് കൊണ്ടുപോയതെന്ന് പറയുന്നു അജി. പൊലീസിന് അബദ്ധം പറ്റിയതാണെങ്കിലും അതൊരു നിസ്സാരകാര്യമായിട്ട് എനിക്ക് തോന്നിയില്ല. സാധാരണക്കാര്‍ നേരിടേണ്ടിവരുന്ന പൊലീസ് അതിക്രമങ്ങളുടെ നേര്‍ ഉദാഹരണമായിരുന്നു അത്. ഭാര്യയും മകളും നിലവിളിക്കുന്നതിനിടയില്‍ കേസില്ലെന്ന് ഞാന്‍ തെളിയിക്കാം എന്ന് പറയുന്നുണ്ട്. ഇതൊന്നും എസ്.എച്ച്.ഒ കേള്‍ക്കുന്നില്ല. പുലഭ്യം പറയുന്നതിനൊപ്പം അതൊക്കെ പിന്നീട് തീരുമാനിച്ചോളാം എന്നായി അയാളുടെ ആക്രോശം. ഞാന്‍ വരാമെന്നും വസ്ത്രമൊന്ന് മാറണമെന്നും പറഞ്ഞപ്പോഴും അയാള്‍ സമ്മതിച്ചില്ല. ഒരു കൈലി മാത്രമാണ് ഞാന്‍ ഉടുത്തിരുന്നത്. മകളുടെ മുന്നില്‍ വച്ച് അടിവസ്ത്രം മാറണമെന്നായി പിന്നീട് അയാള്‍. അത് പറ്റില്ലെന്ന് പറഞ്ഞ് ഞാന്‍ ബാത്ത്റൂമില്‍ കയറി ഡ്രസ് മാറി.
ഡയബറ്റിക്കായതുകൊണ്ട് കുടിക്കാന്‍ എനിക്കിത്തിരി വെള്ളം വേണമെന്ന് ഞാന്‍ പറഞ്ഞു. അയാളത് കുടിക്കാന്‍ പോലും സമ്മതിച്ചില്ല. ഒരുകവിള്‍ വെള്ളം കുടിക്കുന്നതിനു മുന്‍പ് ജഗ്ഗ് തട്ടിമാറ്റി എനിക്ക് വേറെ പണിയുണ്ടെന്ന് പറഞ്ഞ് ജീപ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ഇതൊക്കെ ആ വീഡിയോ ദൃശ്യങ്ങളിലുണ്ട്. മര്‍ദ്ദനമേറ്റിട്ടില്ലെന്ന് മാത്രമേയുള്ളൂ. വലിച്ചിഴച്ചാണ് എന്നെ ജീപ്പില്‍ കയറ്റിയത്. ജീപ്പിലിരിക്കുമ്പോഴും അടുത്തിരിക്കുന്ന പൊലീസുകാരനോട് ഞാന്‍ പറയുന്നുണ്ട്. നിങ്ങളുടെ കയ്യിലിരിക്കുന്ന മൊബൈലില്‍ ഇ കോര്‍ട്ടില്‍ കയറി കേസ് നമ്പര്‍ ഒന്ന് കൊടുത്ത് നോക്കൂവെന്ന്. വാറന്റുണ്ടോ ഇല്ലയോ എന്നതില്‍ അറിയാമല്ലോ. എന്റെ കൈയില്‍ മൊബൈലുമില്ല. അത് നോക്കണ്ട ആവശ്യമില്ല, എനിക്കറിയാം എന്നായിരുന്നു അയാളുടെ മറുപടി. അരമണിക്കൂര്‍ കഴിഞ്ഞ ശേഷം വേറൊരു പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി വേറൊരു സ്ഥലത്ത് പോയി. രണ്ട് പൊലീസുകാരെ എനിക്കൊപ്പം ഇരുത്തിയിട്ട് എസ്.ഐ പോയി.
മകള്‍ കരഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവരെയൊന്ന് വിളിക്കണമെന്നും പൊലീസുകാരനോട് ഞാന്‍ പറഞ്ഞു. ഫോണൊന്നും കൊടുക്കരുതെന്നാണ് സിഐ പറഞ്ഞിരിക്കുന്നതെന്നായിരുന്നു അയാളുടെ മറുപടി. എനിക്ക് തരണ്ട, ആ ഇ കോര്‍ട്ടിലൊന്നു കയറി ക്രൈംനമ്പര്‍ അടിച്ചുകൊടുത്താല്‍ സ്റ്റാറ്റസ് അറിയാം. അതൊന്ന് നോക്കാന്‍ ഞാനയാളോട് പറഞ്ഞു. എന്റെ ഭാഗ്യത്തിനാകണം, അയാളതില്‍ കയറിനോക്കി. കയറി നോക്കിയപ്പോ അപ്പുറവും ഇപ്പറവും ഇരിക്കുന്ന പൊലീസുകാര്‍ മുഖത്തോട് മുഖം നോക്കിയിട്ട് പുറത്തിറങ്ങിനില്‍ക്കുന്ന സി.ഐയുടെ അടുക്കലേക്ക് പോയി. ആ പൊലീസുകാരന്‍ സി.ഐയോട് കാര്യം പറഞ്ഞപ്പോള്‍ സി.ഐ മൊബൈല്‍ വാങ്ങി സൂം ചെയ്ത് നോക്കി. അങ്ങനെ അവിടെവച്ച് തങ്ങള്‍ക്ക് പിഴവുണ്ടായെന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടു. അവരത് സമ്മതിക്കുകയും ചെയ്തു.
സാറൊരു കാര്യം ചെയ്യ് എന്നെ വീട്ടില്‍ കൊണ്ടാക്കാന്‍ ഞാന്‍ പറഞ്ഞു. അത് പറ്റില്ല, സ്റ്റേഷനില്‍ പോയേ പറ്റൂ എന്നായി അയാള്‍. സ്റ്റേഷനില്‍ കൊണ്ടുവന്ന് ജി.ഡി ചാര്‍ജിനോട് എന്തോ പറഞ്ഞിട്ട് അയാള്‍ ജീപ്പെടുത്ത് എവിടെയോ പോയി. കുടിക്കാന്‍ വെള്ളം വേണമെന്ന് പറഞ്ഞപ്പോ വെള്ളമില്ലെന്നാണ് പൊലീസുകാര്‍ പറഞ്ഞത്. ഒരു കുപ്പിവെള്ളം വാങ്ങിത്തരുമോ എന്ന ചോദ്യത്തിന് മൂന്നു മണിക്ക് എവിടെ വെള്ളം കിട്ടുമെന്നായി അവരുടെ ആക്രോശം. വാട്ടര്‍ഡിസ്പെന്‍സറിന്റെ അടിയിലെ ജാറിനകത്ത് കുറച്ച് വെള്ളമുണ്ടെന്നും അത് കുടിച്ചോയെന്നും ഒരു വനിതാപൊലീസുകാരി പറഞ്ഞു. ഞാനത് കുടിച്ചു. എനിക്ക് കുറച്ചുകൂടി വെള്ളം വേണമെന്നു പറഞ്ഞപ്പോ ഇനി വെള്ളം വേണമെങ്കില്‍ മൂത്രമൊഴിച്ച് കുടിച്ചോ എന്നവര്‍ പിറുപിറുത്തു. ഫോണ്‍ വേണമെന്നും എനിക്ക് വക്കീലിനെ വിളിക്കണമെന്നും പറഞ്ഞപ്പോ പ്രവര്‍ത്തനരഹിതമായ ഒരു ഫോണ്‍ എടുത്തുവച്ചിട്ട് വിളിച്ചോളാന്‍ അവര്‍ പറഞ്ഞു.
ഇതിനിടയില്‍ പാര്‍ട്ടിക്കാര്‍ വിളിക്കുന്നുണ്ട്, ബന്ധുക്കള്‍ വിളിക്കുന്നുണ്ട്. എന്റെ വീട് കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും അവിടെയെത്തി അവിടുന്ന് വിളിക്കുന്നുണ്ട്. കേടായ ഫോണിലേക്കാണ് ഇവരെല്ലാം വിളിക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോ പൊലീസുകാരന്‍ ഒരു ഫോണ്‍ തന്നിട്ട് വീട്ടിലേക്ക് വിളിച്ചോളാന്‍ പറഞ്ഞു. ബന്ധുക്കള്‍ വന്നാല്‍ പൊയ്ക്കോളാന്‍ പറഞ്ഞു. അപ്പൊ പിന്നെ എന്നെ എങ്ങനെയെങ്കിലും അവര്‍ക്ക് ഒഴിവാക്കിയാല്‍ മതിയെന്നായി. അപ്പോഴേക്കും എന്റെ ബന്ധുക്കള്‍ വന്നു. ഞാന്‍ വീട്ടിലേക്കു വരികയും ചെയ്തു.
പരാതിയും വീഡിയോയും
പിറ്റേന്ന് ഞാന്‍ സി.ഐയെ വിളിച്ചു. ഫോണില്‍ കിട്ടിയില്ല. രാവിലെത്തന്നെ കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. കമ്മിഷണര്‍ക്ക് വീഡിയോയും ഞാന്‍ നല്‍കി. അവരെല്ലാം വീഡിയോ കണ്ടു. അങ്ങനെ ഡി.വൈ.എസ്.പി പ്രദീപിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. പിന്നീട് നടപടിയൊന്നും ഉണ്ടായിട്ടില്ല വാര്‍ത്തകള്‍ വന്ന് തുടങ്ങിയപ്പോള്‍ ഒരാഴ്ചയ്ക്കു ശേഷം എന്റെ വീട്ടിലെത്തി ഭാര്യയുടേയും മകളുടേയും മൊഴിയെടുത്തു. അന്ന് വൈകിട്ട് അഞ്ചുമണിയോടെ എന്റെ മൊഴിയെടുത്തു. ആ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് ഫോര്‍വേര്‍ഡ് ചെയ്യും. എസ്.ഐ റാങ്ക് വരെയുള്ളവര്‍ക്കെതിരേ നടപടിയെടുക്കാനെ കമ്മിഷണര്‍ക്ക് അധികാരമുള്ളൂ. എസ്.എച്ച്.ഒയ്ക്ക് എതിരേ നടപടിയെടുക്കുന്നത് ഡി.ജി.പിയാണ്. സംഭവമുണ്ടായിട്ട് ഒരു മാസം പിന്നിടുന്നു. ഇതുവരെ നടപടിയൊന്നുമായിട്ടില്ല. ഇതിനിടയില്‍ നടപടി ആവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഉള്‍പ്പെട്ട ജനകീയ പ്രതിഷേധസമിതി രൂപീകരിച്ചു. വകുപ്പ് നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഇതിനിടയില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് പല സമ്മര്‍ദ്ദങ്ങളുമുണ്ട്. ഒരു കേസില്‍ സാക്ഷിമൊഴി കൊടുക്കാന്‍ പോയപ്പോള്‍ കുണ്ടറ സ്റ്റേഷന്‍ പരിധിയില്‍ ഒരു പെറ്റിക്കേസ് വാറന്റായി കിടക്കുന്നുവെന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റി മെഡിക്കല്‍ എടുക്കണമെന്ന് പറഞ്ഞ് എന്നെ കൊണ്ടുപോയി. കൊല്ലത്തുനിന്ന് കുണ്ടറയിലും പിന്നീട് കാഞ്ഞിരക്കോടും കൊണ്ടുപോയി. ഇതിനിടയില്‍ എനിക്ക് ബി.പി കൂടി. ഇ.സി.ജിയിലും വേരിയേഷന്‍ കാണിച്ചു. അതോടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അവര്‍ പറഞ്ഞു. അങ്ങനെ അവിടെ കൊണ്ടുപോയി. കോടതിയില്‍ 1000 രൂപ പെറ്റിയടച്ച ശേഷമാണ് ഞാന്‍ പിന്നീട് വീട്ടിലേക്ക് പോയത്. എങ്ങനെയും ബുദ്ധിമുട്ടിക്കുക എന്നതാണ് ഇവരുടെ രീതി. പല സമ്മര്‍ദ്ദങ്ങളും ഇതിനിടയിലുണ്ടായി. പലരെക്കൊണ്ടും ഭീഷണിപ്പെടുത്തുകയാണ്. പൊലീസിനോട് കളിക്കല്ലേ, എല്ലാം ആലോചിച്ച് വേണം എന്ന് അടുപ്പമുള്ളവരെക്കൊണ്ട് പറയിക്കുന്നു. ഇനിയെന്തുവന്നാലും ഞാന്‍ നേരിടുമെന്നാണ് മറുപടി കൊടുത്തത്. മരിക്കേണ്ടിവന്നാലും പിന്‍മാറില്ല. പ്രലോഭനങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങാനാവില്ലെന്നും അജി പറയുന്നു.
പാര്‍ട്ടിപ്രവര്‍ത്തകനാണെന്ന ഒരു പരിരക്ഷയും എനിക്ക് കിട്ടിയില്ല. ഭരിക്കുമ്പോള്‍ പാര്‍ട്ടിക്കാരനാണ് പ്രശ്നം വരുന്നതെങ്കില്‍ പാര്‍ട്ടി എന്നോടൊപ്പം കാണില്ലെന്നുറപ്പാണ്. അതിന് ഉത്തമ ഉദാഹരണമാണ് ഞാന്‍. പ്രാദേശിക ഘടകങ്ങള്‍ പാര്‍ട്ടി എന്നെ പിന്തുണച്ചിരുന്നു. പക്ഷേ, മുകളിലോട്ട് ചെല്ലുന്തോറും ആ പിന്തുണയില്ലാതാകുന്നു. പൊലീസിന് നാണക്കേടുണ്ടാകാതിരിക്കാന്‍ ഇതവര് ഒതുക്കിത്തീര്‍ക്കാന്‍ നോക്കുകയാണ്. അവിടെ നീതിയും ന്യായവുമൊന്നും പ്രശ്നമല്ലെന്ന് പറയുന്നു അജി. ഞാനും എന്റെ കുടുംബവും അനുഭവിച്ച മാനസിക ബുദ്ധിമുട്ടൊന്നും പരിഗണിക്കപ്പെട്ടില്ല. ഒരു മാനുഷിക പരിഗണനപോലും ലഭിച്ചില്ല. അതൊരു കമ്യൂണിസ്റ്റുകാരനായതുകൊണ്ടാവണം. മറിച്ച് കോണ്‍ഗ്രസ്സുകാരനോ ബി.ജെ.പിക്കാരനോ ആയിരുന്നെങ്കില്‍ സമരത്തിനെങ്കിലും ആള്‍ക്കാര്‍ കണ്ടേനേ. പാര്‍ട്ടി അനുഭാവിയാണെങ്കിലും പൊലീസിനോടോ ഭരണപക്ഷത്തോടോ എതിര്‍ത്ത് നില്‍ക്കുകയാണെങ്കില്‍ ഒറ്റപ്പെടുന്നത് സര്‍വ സാധാരണയാണ്. പക്ഷേ, പാര്‍ട്ടി അംഗങ്ങളായ എന്റെ ബന്ധുക്കള്‍പോലും എന്നെ ഒറ്റപ്പെടുത്തിക്കളഞ്ഞു. അതിലാണ് സങ്കടം- അജി പറഞ്ഞുനിര്‍ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക