
വണ്ടിപ്പെരിയാറില്‍ നാലഞ്ച് ദിവസങ്ങള്‍ക്കു മുന്‍പ് പ്രത്യക്ഷപ്പെട്ട കടുവയെ പിടിക്കാന്‍ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ഫോഴ്‌സ് ഇക്കഴിഞ്ഞ തിങ്കളാഴ്ച എത്തിയിരുന്നു. മണികണ്ഠന്‍, ഇശയ്യാ എന്നീ നാട്ടുകാരുടെ കന്നുകാലികളെ പിടിച്ചതിനെത്തുടര്‍ന്നാണ് കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുറിവേറ്റിട്ടുള്ള കടുവയാകട്ടെ, അതിനായി ഒരുക്കിയിരിക്കുന്ന കെണിയിലേയ്ക്ക് നടന്നുകയറാന്‍ ആവാത്തവിധം അവശനിലയിലാണുതാനും. കോടമഞ്ഞിലൂടെ കടുവയെ കണ്ടെത്താന്‍ പ്രയാസമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ കണ്ടെത്തി മയക്കുവെടി വെച്ചപ്പോഴേയ്ക്കും മയങ്ങി വീഴാതെ കടുവ അവര്‍ക്കുനേരെ ആക്രമിക്കാന്‍ ചാടി, പ്രാണരക്ഷാര്‍ത്ഥം അവര്‍ക്ക് അതിനെ വെടിവയ്‌ക്കേണ്ടി വന്നു, കടുവ കൊല്ലപ്പെട്ടു. വല്ലാത്ത സന്ദിഗ്ദ്ധ ഘട്ടമാണത്.
നാടുകയറുന്ന കാട്ടുമൃഗങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഈയിടെയായി കൂടുതലാണല്ലോ. അരിക്കൊമ്പനേയും ചക്കക്കൊമ്പനേയും ഉത്സവങ്ങളില്‍ ഇടയുന്ന ആനകളേയും പതിയിരുന്നു മനുഷ്യനെ ആക്രമിച്ച്, തരംകിട്ടിയാല്‍ ഭക്ഷണമാക്കുന്ന കടുവകളേയും കുറിച്ചുള്ള സ്‌തോഭജനകമായ വര്‍ത്തമാനങ്ങള്‍ നമ്മള്‍ അറിയുന്നുണ്ട്. സംഭവ പ്രദേശങ്ങളില്‍ മനുഷ്യരുടെ സുരക്ഷിതത്വം പ്രശ്‌നത്തിലാണുതാനും. വാര്‍ത്തകളിലെ പൊടിപ്പും തൊങ്ങലും തെറ്റിദ്ധാരണാജനകമാണെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഏതാണ്ട് 3,00,000 വര്‍ഷങ്ങളായുള്ള സഹവര്‍ത്തിത്വമാണ് മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍. നായാടിയും ഇണക്കിയും മെരുക്കി പണിയെടുപ്പിച്ചും ഓമനമൃഗങ്ങളായും സഹജീവികളായും പലതരത്തില്‍ നീണ്ട സഹവര്‍ത്തിത്വം മൃഗങ്ങളുമായി നമുക്കുണ്ട്. പലതരത്തിലും മേല്‍ക്കോയ്മയാര്‍ജിച്ച മനുഷ്യകുലത്തിന്റെ ജനസംഖ്യയും സാങ്കേതിക മുന്നേറ്റവും കൂടിയായപ്പോള്‍ അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ക്കുവേണ്ടി മനുഷ്യരും മറ്റു ജീവജാലങ്ങളും തമ്മില്‍ മത്സരമാകുന്നുണ്ട്. ഈ അവസ്ഥയുടെ നേരിട്ടും അല്ലാതേയുമുള്ള പ്രതിഫലനങ്ങളാണ് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനും കാരണമാകുന്നത്.
ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ സുഹൃത്ത് ചോദിച്ചു, ഇടശ്ശേരി പക്ഷമോ അതോ വൈലോപ്പിള്ളി പക്ഷമോ? ഇടശ്ശേരിയുടെ, 'ബുദ്ധനും ഞാനും നരിയും' എന്ന കവിതയും വൈലോപ്പിള്ളിയുടെ 'സഹ്യന്റെ മകനും' ആണ് പരാമര്‍ശ്യം. ഇത്തിരി റേഷനരിയും കൊണ്ട് കാട്ടുപാതയിലൂടെ വീടെത്താന്‍ നോക്കുന്ന മനുഷ്യന്‍ വഴിയില്‍ ബുദ്ധന്റെ കല്‍പ്രതിമ കാണുന്നു. അപ്പോള്‍ത്തന്നെ ചാടിവീണ് അയാളെ ആഹാരമാക്കാന്‍ തീക്കണ്ണുകളോടെ പുലി പതുങ്ങി അടുക്കുന്നു. ഏതിനും ബുദ്ധപ്രതിമ നരിയുടെമേല്‍ തള്ളിയിട്ട് സ്വജീവന്‍ രക്ഷിച്ച് വിശന്നിരിക്കുന്ന കുടുംബത്തിന്റെ അടുത്തേയ്ക്ക് പോവുകയാണ് ആ മനുഷ്യന്‍. ''അരിയില്ല തിരിയില്ല, ദുരിതമാണെന്നാലും നരി തിന്നാല്‍ നന്നോ മനുഷ്യന്മാരെ'' എന്ന് കവി. വൈലോപ്പിള്ളിയുടെ 'സഹ്യന്റെ മകന്‍' എന്ന പ്രസിദ്ധമായ കവിത ഓര്‍ക്കാതിരിക്കുവാനാവില്ല. ആനയുടെ സ്വാഭാവികമായ ജീവിത ഋതുക്കള്‍ക്ക് തീരെയിടമില്ലാത്ത, അതിനെ ശ്വാസംമുട്ടിക്കുന്ന ഒരു പരിസ്ഥിതിയിലേയ്ക്ക് അതിനെ കൊണ്ടുവന്നു ഭയപ്പെടുത്തിയും ഭേദ്യം ചെയ്തും പണിയെടുപ്പിക്കുമ്പോള്‍ മദപ്പാട് സമയത്തെ ഹോര്‍മോണല്‍ സമ്മര്‍ദം കൊണ്ടുതന്നെ അസ്വസ്ഥനായ ജീവിക്ക് നില തെറ്റിപ്പോവും.
''പൊല്‍ത്തിടമ്പേറിദ്ദേവന്‍ പെരുമാറുമാപ്പെരും മസ്തകകടാഹത്തില്‍ മന്ത്രിപ്പൂ പിശാചുക്കള്‍'' വൈലോപ്പിള്ളിയുടെ ഈ വരികളില്‍ എനിക്കു കാണാന്‍ കഴിയുന്നത് അതിവൈകാരികതയല്ല, വാസ്തവത്തിന്റെ ഛവിയാണ്. രണ്ടു കവിതകളിലും കാര്യമുണ്ട്. നൈതികതയുടെ ചോദ്യമുണ്ട്. ഇന്നും നമ്മെ രണ്ടുപക്ഷത്തു നിര്‍ത്തുന്ന നമ്മള്‍ രണ്ടുപക്ഷത്തു നില്‍ക്കുന്ന അതേ ചോദ്യം. മനുഷ്യകേന്ദ്രീകൃതമായ ഒരു വ്യവസ്ഥയില്‍ ഒട്ടനവധി ഘടകങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടുള്ള നൈതികതയോടെ നയങ്ങള്‍ രൂപീകരിക്കുകയും അതനുസരിച്ചു മുന്നോട്ടു നീങ്ങുകയും ചെയ്യേണ്ടതാണ്. ആരാണ് ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ എന്ന ചോദ്യത്തിനു നമുക്കുത്തരമുണ്ടോ?
Man Animal Conflict
Center-Center-Kochiസഹ്യന്റെ മകനില്‍ ഉള്‍ക്കാഴ്ചയോടെ കവി അന്നങ്ങനെ പറഞ്ഞു എങ്കിലും നൂറ്റാണ്ടുകളായി മനുഷ്യന്‍ മെരുക്കിയെന്നവകാശപ്പെട്ട് കൊണ്ടുനടക്കുന്ന ആനകളുടെ സ്വഭാവരീതികള്‍, വ്യക്തിപരമായ സവിശേഷതകള്‍, ആശയവിനിമയം, സഞ്ചാരരീതികള്‍, ആനക്കൂട്ടത്തിന്റെ സംസര്‍ഗരീതികള്‍ തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും നാം അറിവ് നേടിക്കൊണ്ടിരിക്കുന്നതേയുള്ളൂ.
മനുഷ്യ-വന്യജീവി സമ്പര്‍ക്കം സംഘര്‍ഷാത്മകമാകുന്നതിന്റെ കാരണങ്ങള്‍ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയിട്ടുണ്ട്. വന്യമൃഗങ്ങളുടേയും മനുഷ്യരുടേയും സുരക്ഷയ്ക്കുവേണ്ടിയുള്ള അടിയന്തര നടപടികള്‍ ഗവണ്‍മെന്റും വനംവകുപ്പും എടുക്കുന്നുണ്ട്. കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള വശങ്ങളുമുണ്ട്. എന്നാല്‍, മനുഷ്യന്റെ ചിന്തകളും വികാരങ്ങളും രീതികളും മൃഗങ്ങളില്‍ ആരോപിച്ചുകൊണ്ടുള്ള ആഖ്യാനങ്ങളും വിശദീകരണങ്ങളും തെറ്റിദ്ധാരണാ ജനകമെന്നു മാത്രമല്ല, അപകടകരം കൂടിയാണ്. കുട്ടികളോട് പറയുന്ന കഥകളിലും മറ്റും കണ്ടുപോന്നിട്ടുള്ള ആന്ത്രോപോമോര്‍ഫിസം (anthropomorphism) രീതിവെച്ച് യഥാര്‍ത്ഥ വന്യ/വളര്‍ത്തുജീവികളുടെ പെരുമാറ്റങ്ങള്‍ വ്യാഖ്യാനിക്കുന്നത് അബദ്ധമാണ്. മൃഗസ്‌നേഹികളുടെ സംഘടനകള്‍ കാര്യത്തിന്റെ സത്യാവസ്ഥയറിഞ്ഞ് ശാസ്ത്രബോധത്തിന്റെ അടിസ്ഥാനമുള്ള നൈതികതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ശാസ്ത്രീയമായ പൊതുബോധനിര്‍മിതിയില്‍ ഭാഗഭാക്കാവുകയുമാണ് വേണ്ടത്.
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റായ ഡോ. ടി.വി. സജീവ് പറയുന്നതു ശ്രദ്ധിക്കൂ: ''തൊണ്ണൂറുകളിലൊക്കെ ഗവേഷണാവശ്യങ്ങള്‍ക്കും മറ്റുമായി കാട്ടിലേയ്ക്ക് പോകുമ്പോള്‍ ആനകള്‍ നമ്മുടെ സാന്നിധ്യംപോലും ശ്രദ്ധിക്കാത്തവിധം അവരുടെ കാര്യം നോക്കി നടന്നിരുന്നു. ഇന്ന് അതല്ല അവസ്ഥ. കുറെ വര്‍ഷങ്ങളായി പടക്കമേറ്, കത്തുന്ന ടയര്‍ അല്ലെങ്കില്‍ പഴുപ്പിച്ച കമ്പിയും മറ്റും ആനകളുടെ ദേഹത്തെറിയല്‍ തുടങ്ങിയ അനാവശ്യ ഉപദ്രവങ്ങളേറ്റ് ആനകളുടെ മനുഷ്യനോടുള്ള സമീപനത്തില്‍ത്തന്നെ മാറ്റം വന്നിട്ടുണ്ട്. അവ പലപ്പോഴും മനുഷ്യനെ ശത്രുവായി കാണുന്നു. അടുത്തയിടെ ആദിവാസി ദമ്പതികളെ ആന കൊന്ന സംഭവമോര്‍ക്കുക. സാധാരണഗതിയില്‍ പരസ്പരം ഉപദ്രവിക്കാത്തവരാണ് ആദിവാസികളും വന്യമൃഗങ്ങളും.
കടുവ, പുലി എന്നീ വന്യമൃഗങ്ങള്‍ സാധാരണഗതിയില്‍ മനുഷ്യനെ ഒരു ഇരയായി കാണുന്നില്ല. ഭക്ഷ്യശ്രേണിയില്‍ ഉയര്‍ന്ന സ്ഥാനത്തുള്ള അതായത് ആയുധങ്ങളും മറ്റും ഉപയോഗിച്ച് കൊല്ലാന്‍ കഴിയുന്ന നായാട്ടുകാരനായത് കൊണ്ടുമാത്രമല്ല, മനുഷ്യനെ ഇരയാക്കിയാല്‍ ഇരയെ കുറച്ചു ദിവസങ്ങളെടുത്ത് തിന്നുന്ന രീതി സാധ്യമാകുകയില്ല, കാരണം വന്യജീവി ആക്രമണത്തിന് ഇരയായ മനുഷ്യാവശിഷ്ടങ്ങള്‍ മനുഷ്യര്‍ കണ്ടെടുത്തത് മറവുചെയ്യും എന്നതുതന്നെ കാര്യം. എന്നാല്‍, പ്രായംചെന്നതോ മുറിവേല്‍ക്കുകമൂലം വേട്ടയാടാന്‍ ശേഷിയില്ലാത്തതോ ആയ കടുവകള്‍ ജനവാസമുള്ള ഇടങ്ങളിലേയ്ക്ക് ഇരതേടിയിറങ്ങാനും കെട്ടിയിട്ട ഉരുക്കളെ കൊന്നു തിന്നാനും സാധ്യതയുണ്ട്. നിവൃത്തിയില്ലാതാകുമ്പോള്‍ മനുഷ്യനേയും (ഈ വര്‍ഷം ജനുവരിയില്‍ വയനാട് രാധ എന്ന സ്ത്രീയെ കടുവ പിടിച്ചത് ഓര്‍ത്തുനോക്കൂ. ആ കടുവയെ കുറച്ചു ദിവസങ്ങള്‍ക്കകം കുറെ അധികം മുറിവുകളോടെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്). പുള്ളിപ്പുലികളും മനുഷ്യരെ വിരളമായേ ഇരയാക്കാറുള്ളൂ, നാട്ടുപ്രദേശത്ത് വന്നു കയറിയാലും കെട്ടിയിട്ട ആട്, പശു പിന്നെ നായ്ക്കള്‍ എന്നിവയെ ആണ് അവ പിടികൂടുക. സെന്ന തുടങ്ങിയ അധിനിവേശ സസ്യങ്ങള്‍ കേരളത്തിലെ കാടുകളില്‍ തഴച്ചുവളരുന്നുണ്ടിപ്പോള്‍. അതുമൂലം സസ്യഭുക്കുകളും മാംസഭുക്കുകളും നാട്ടിലേയ്ക്കിറങ്ങുന്നുണ്ട്.
കാട്ടുപന്നി കേരളത്തിലെ മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തിലെ മറ്റൊരു പ്രധാന ജീവിയാണ്. ദക്ഷിണേന്ത്യയില്‍ പ്രധാനമായി കണ്ടിരുന്നത് കാടിനോടടുത്ത നാട്ടുപ്രദേശങ്ങളില്‍ അലഞ്ഞുനടക്കുന്ന ഫെറല്‍ പിഗ്സ്സായിരുന്നു. പലകാരണങ്ങള്‍ കൊണ്ടും അവയുടെ എണ്ണം കുറഞ്ഞപ്പോഴാണ് കാട്ടുപന്നികള്‍ നാട്ടുപ്രദേശങ്ങളില്‍ പെരുകിയിട്ടുള്ളത്. മാലിന്യങ്ങളെ ഭക്ഷണമാക്കുന്ന ഇവ ഭക്ഷണ, ഒളിയിട സൗകര്യങ്ങള്‍ കാരണം കാടിനോടടുത്ത റബ്ബര്‍ തോട്ടംപോലെയുള്ള ഇടങ്ങളില്‍ പെറ്റുപെരുകുന്നുണ്ട്. ഫലമോ, വന്‍തോതിലുള്ള വിളനാശവും മറ്റു ശല്യങ്ങളും.
അശോകാ ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ എക്കോളജി ആന്റ് എന്‍വിറോണ്‍മെന്റിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ ഡോ. എന്‍.ആര്‍. അനൂപിന്റെ നിരീക്ഷണത്തില്‍, വേനല്‍ക്കാലത്ത് പൂര്‍വഘട്ടത്തില്‍നിന്നു നിറയെ ആനകള്‍ വയനാട്ടിലേയ്ക്ക് വരും. മെയ്, ജൂണ്‍. ജൂലൈ മാസങ്ങളില്‍ വിളകളിലേയ്ക്ക് ആനയിറങ്ങുന്നത് ചക്ക, മാങ്ങ എന്നീ ഫലങ്ങളുടെ രുചി ഇഷ്ടപ്പെട്ടിട്ടും നെല്‍വയലുകളിലും മറ്റുമിറങ്ങുന്നത് കാട്ടിലുള്ളതിനെക്കാള്‍ കൂടുതല്‍ ലഭ്യതയുള്ള ഉയര്‍ന്ന ഊര്‍ജം തരുന്ന ആഹാരമായതു കൊണ്ടാണ്. തോല്‍പ്പെട്ടിയില്‍ 'പൊട്ടന്‍' എന്നു പേരിട്ടിട്ടുള്ള ഒരു കാട്ടാനയുണ്ട്. കാടിനരികിലുള്ള കൃഷിയിടങ്ങളിലും മറ്റും വിളകള്‍ തിന്നു നടക്കുന്നതിനിടയില്‍ അതിനെ തൊടുകയോ അലോസരപ്പെടുത്താന്‍ നോക്കിയാലോ ഗൗനിക്കുക പോലുമില്ല. തീറ്റ തിന്നിട്ട് അതിന്റെ പാട്ടിനുപോകും. ചില ആനകള്‍ക്കു പ്രത്യേക വിളതന്നെ വേണമെന്നും ഇല്ല.
ആനക്കൂട്ടങ്ങളുടെ തനത് മേച്ചില്‍പ്പുറങ്ങള്‍ കൃഷി ചെയ്യാനോ വാസസ്ഥലത്തിനോ ഒക്കെ മനുഷ്യന്‍ കയ്യേറിയാല്‍ അവിടെ മനുഷ്യ-വന്യമൃഗ സംഘര്‍ഷമുണ്ടാവും. ആനകള്‍ തങ്ങളുടെ പതിവ് മേച്ചില്‍പ്പുറങ്ങളില്‍ത്തന്നെ തുടരാനാണ് ശ്രമിക്കുക. ഇനി എണ്ണം കൂടുന്നതോ ഋതുഭേദങ്ങളോ കാരണം തീറ്റയുടെ ലഭ്യതയും മറ്റും കുറയുന്നുണ്ടെങ്കില്‍ അവ ചെറുകൂട്ടങ്ങളായി മറ്റു മേച്ചില്‍പ്പുറങ്ങളിലേയ്ക്കു പോകാറുണ്ട്. മുന്‍കാലങ്ങളില്‍ കുറുവ ദ്വീപിനടുത്തുള്ള ചിതല റേഞ്ചില്‍ കുറച്ചുവര്‍ഷങ്ങള്‍ മുന്‍പുവരെ ധാരാളം ആനകള്‍ വന്നുപോയിരുന്നതാണ്. ഇപ്പോള്‍ മനുഷ്യ ഇടപെടല്‍ കൂടുതലായുള്ള ഇവിടങ്ങളില്‍ വന്യമൃഗ മനുഷ്യസംഘര്‍ഷങ്ങള്‍ കൂടുതലാണ്. ആനക്കൂട്ടങ്ങളുടെ സഞ്ചാര-സാമൂഹ്യ സ്വഭാവങ്ങളെക്കുറിച്ചറിയാന്‍ ഒരേ ആനക്കൂട്ടത്തിന്റെ സ്വാഭാവിക രീതികളെ വര്‍ഷങ്ങളോളം നിരീക്ഷിച്ച് പഠിക്കേണ്ടതാണ്.
ആന, പുലി, കടുവ, പന്നി തുടങ്ങിയ വന്യജീവികളോടൊക്കെ സഹജമായ രീതിയില്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കാന്‍ ആദിവാസികള്‍ക്കു സാധിക്കും. തലമുറകളായി കൈമാറി കിട്ടിയിട്ടുള്ള അറിവുകളും അനുഭവസമ്പത്തുംകൊണ്ട് അവര്‍ വനവും വന്യജീവികളുമായി സഹജീവനം നടത്തുന്നു. അവരില്‍നിന്നു നമുക്കേറെ പഠിക്കാനുണ്ട്, വന്യജീവികളുമായുള്ള സംഘര്‍ഷാവസ്ഥ നേരിടാന്‍ അവരുടെ സഹായം തേടാവുന്നതുമാണ്. വയനാട് ഇന്നു നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന് ഉത്തരവാദിത്വമില്ലാത്ത ടൂറിസമാണ്. വനം വകുപ്പ് കുറച്ചുകൂടി ജനകീയമാവേണ്ടതാണ്. ജനജാഗ്രതാ സമിതികള്‍ക്കൊപ്പം സോഷ്യല്‍ ഓഡിറ്റിങ് വേണ്ടതാണ്.'' കൊളോണിയല്‍ കാലഘട്ടത്തിനു മുന്‍പുള്ള വയനാട് പീഠഭൂമിയുടെ ചരിത്രപരമായ പരിവര്‍ത്തനത്തേയും ഏഷ്യന്‍ ആനകളില്‍ അതിന്റെ സ്വാധീനത്തേയും കുറിച്ചാണ് ഡോ. അനൂപിന്റെ ഡോക്ടറല്‍ ഗവേഷണം.
കുറച്ചുകൂടി ആനക്കാര്യങ്ങള്‍
ആനക്കൂട്ടത്തിന്റെ മേധാവി പിടിയാനയാണ്. ആനക്കുട്ടികളെ കൂട്ടത്തിലെ എല്ലാ പിടിയാനകളും ചേര്‍ന്നു സംരക്ഷിക്കും. 12-15 വയസ്സെത്തിയാല്‍ കുട്ടിക്കൊമ്പന്മാര്‍ കൂട്ടംവിട്ട് ഏകാന്തയാനം തുടങ്ങും. മറ്റു കൊമ്പന്മാരുമായി ചേര്‍ന്നു ചെറിയ 'ബാച്‌ലര്‍ ഗാങ്' ഉണ്ടാക്കി ഒരുമിച്ചു നീങ്ങും. ആണാനകള്‍ക്കു വര്‍ഷംതോറും ഉണ്ടാക്കുന്ന മദപ്പാട് അഥവാ 'മസ്ത്', ലൈംഗികതയോട് അനുബന്ധിച്ചുള്ള ഒരു ഹോര്‍മോണല്‍ അവസ്ഥയാണ്. രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുന്ന മദപ്പാടില്‍ നെറ്റിക്ക് ഇരുപുറവുമുള്ള മദഗ്രന്ഥികള്‍ മദദ്രാവകം പുറപ്പെടുവിക്കുന്നു. ഈ ഘട്ടത്തില്‍ ആന കൂടുതല്‍ കരുത്തും ചെറിയ പ്രകോപനങ്ങളില്‍പോലും ഇടയാന്‍ സാധ്യത പ്രകടിപ്പിച്ചും സാധാരണയിലധികം വ്യത്യസ്ത ശബ്ദങ്ങള്‍ പുറപ്പെടുവിച്ചും കാണപ്പെടുന്നു. ഈ സമയത്ത് കാട്ടിലെ മദയാനക്കൂട്ടത്തെ കണ്ടെത്തുകയും മറ്റു കൊമ്പന്മാരുമായുള്ള ശക്തിമത്സരത്തിനും മറ്റും ശേഷം ആനക്കൂട്ടത്തിലെ പിടിയാനയുമായി ഇണചേരുകയും ചെയ്യുന്നു. ആണാന പിന്നീട് കൂട്ടംവിട്ടു പോവുകയും പിടിയാന ഗര്‍ഭം ധരിച്ചാല്‍ ആനക്കൂട്ടമൊന്നാകെ കുട്ടിയെ പരിപാലിക്കുകയും ചെയ്യുന്നു. മദപ്പാട് സമയത്ത് നാട്ടാനകളുടെ കാര്യത്തിലാണെങ്കില്‍ ഇടച്ചില്‍ പെട്ടെന്നാകാനും പൂര്‍വാധികം ശക്തിയുള്ള സമയമായതുകൊണ്ട് അപകടങ്ങള്‍ ഉണ്ടാകാനും ഇടയുണ്ട്. അതുകൊണ്ടൊക്കെയാണ് അവയെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തുന്നത്. മദപ്പാടുള്ളപ്പോള്‍ എഴുന്നള്ളത്തുകള്‍ക്കോ തടിപിടിക്കാനോ ഒന്നും ആനയെ കൊണ്ടുപോവരുതെന്നാണ്.
പല കാരണങ്ങള്‍കൊണ്ട് അക്രമകാരിയായി കാണപ്പെടുന്ന ആനയെ ആണ് റോഗ് എലഫെന്റ് അഥവാ ഒറ്റയാനെന്നു വിളിക്കുന്നത്. അവയില്‍ത്തന്നെ അക്രമം ശീലമാക്കിയ ആനകള്‍ മനുഷ്യവാസ കേന്ദ്രങ്ങളില്‍ സംഘര്‍ഷാവസ്ഥ പതിവാക്കുമ്പോള്‍ ശാസ്ത്രീയമായ സുരക്ഷാ നടപടികളും ഭാവിയിലേയ്ക്ക് മുന്‍കരുതലുകളും എടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്. മനുഷ്യരില്‍ കാണപ്പെടുന്നതുപോലെ അക്രമവാസന കൂടുതലായുള്ള മൃഗങ്ങളുമുണ്ട്. അതിനനുസരിച്ചുള്ള മുന്‍കരുതല്‍ അവയോടും സ്വീകരിക്കണം.
യാഥാര്‍ത്ഥ്യവും പൊതുബോധവും
എന്നാല്‍, അടുത്തകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ അവലോകനം ചെയ്യുമ്പോള്‍ യാഥാര്‍ത്ഥ്യം ശരിക്കു മനസ്സിലാക്കാതെ സംഘര്‍ഷകാരണമായ മൃഗങ്ങളോടുള്ള വീരാരാധന, മാനവീകരണം, അജ്ഞത തുടങ്ങിയ അബദ്ധങ്ങള്‍കൊണ്ട് പൊതുബോധത്തെത്തന്നെ ഹൈജാക്ക് ചെയ്ത് സംഘര്‍ഷാവസ്ഥയ്ക്ക് ആക്കം കൂട്ടുന്ന ഒരു സ്ഥിതി വിശേഷമാണ് കാണപ്പെടുന്നത്. ഈ അവസ്ഥയ്ക്ക് മാധ്യമങ്ങളും കാരണമാണ് എന്നും പറയാതെ വയ്യ. എഴുപതിലധികം കെട്ടിടങ്ങള്‍ തകര്‍ത്ത, പലവുരു റേഷന്‍ ഷോപ്പുകള്‍ കയ്യേറിയ ആറോളം മനുഷ്യരുടെ മരണകാരണമായ അരിക്കൊമ്പന്‍ എന്ന ആനയെക്കുറിച്ച് കുടുംബത്തില്‍ നിന്നകറ്റി തുടങ്ങിയ തലക്കെട്ടുകള്‍ ശുദ്ധ പോഴത്തമാണെന്ന് ഇതിനകം കുറച്ചു പേര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടാവുമല്ലോ. മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ടി പെരിയാര്‍ ടൈഗര്‍ റിസര്‍വിലേയ്ക്കു കൊണ്ടുപോവുന്ന നേരത്ത് അരിക്കൊമ്പന്റെ ദേഹത്തുണ്ടായിരുന്ന മുറിവുകള്‍, മറ്റൊരു കൊമ്പനുമായിട്ടുള്ള മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളായിരുന്നു. മയങ്ങാനുള്ള കുത്തിവയ്പ്പാണ് മയക്കുവെടി, മാരകമായ വിഷവസ്തുവല്ല. അപകടകാരിയായ വന്യമൃഗത്തിന്റെ അടുത്തെത്തി കുത്തിവയ്പ്പ് നടത്താനുള്ള ബുദ്ധിമുട്ടു മുന്നില്‍ക്കണ്ട് ലോകമെമ്പാടുമുള്ള വന്യമൃഗ, വനപരിപാലകര്‍ സ്വീകരിക്കുന്ന ശാസ്ത്രീയമായ രീതിയാണത്. അതും മൃഗത്തിന്റെ ശാരീരിക, ആരോഗ്യ അവസ്ഥകള്‍ക്കനുസരിച്ച് മാത്രം ഡോസും തവണകളും നിര്‍ണയിച്ചാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, ആന കരഞ്ഞു, ആനയെ കുടുംബത്തില്‍നിന്നു പറിച്ചുമാറ്റി എന്നീ ആഖ്യാനങ്ങളില്‍ ഒരു കഴമ്പുമില്ല. ആനയ്ക്ക് തീര്‍ച്ചയായും വികാരങ്ങളുണ്ട്, അതേക്കുറിച്ച് ശാസ്ത്രീയ ഗവേഷണങ്ങള്‍ നടക്കുന്നുമുണ്ട്, എന്നാല്‍, കണ്ണുകളുടെ സുരക്ഷയ്ക്കുള്ള സ്വാഭാവിക സ്രവമാണ് ആനയുടെ കണ്ണുനീര്‍, വൈകാരികമായ കരച്ചിലല്ല. കൊമ്പനാനകള്‍ ആനക്കൂട്ടത്തിനൊപ്പം കഴിയാറുമില്ല.
കേരള വനംവകുപ്പിന്റെ ചീഫ് വെറ്റിനറി സര്‍ജനും വന്യജീവി പരിപാലനത്തില്‍ ആഫ്രിക്ക, യു.കെ എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 20 വര്‍ഷത്തില്‍ അധികം പ്രവര്‍ത്തിച്ചിട്ടുള്ള പ്രഗത്ഭനായ ഗവേഷകനുമാണ് ഡോ. അരുണ്‍ സക്കറിയ. അരിക്കൊമ്പന്‍ തുടങ്ങി ഒട്ടേറെ ആനകള്‍, കടുവകള്‍, പുലികള്‍ എന്നിവയെ സംഘര്‍ഷ സ്ഥാനങ്ങളില്‍നിന്നു സ്വാഭാവിക പരിസ്ഥിതിയിലേയ്ക്ക് മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യ വന്യജീവി സംഘര്‍ഷ അവസ്ഥകളെക്കുറിച്ച് ഉണ്ടാവുന്ന തെറ്റായ പൊതുബോധം സുഗമമായ കൃത്യനിര്‍വഹണത്തെപ്പോലും ബാധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ വന്യജീവി സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും അത് തുടരുകയും ചെയ്യുന്ന അവസ്ഥകളില്‍ വനം വകുപ്പിന്റെ തീരുമാനമനുസരിച്ചാണ് പ്രസ്തുത മൃഗങ്ങളെ ശാസ്ത്രീയമായ രീതിയില്‍ ക്യാപ്ച്ചര്‍ ചെയ്ത് ഉചിതമായ ആവാസവ്യവസ്ഥയിലേയ്ക്കു മാറ്റുന്നത്. വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ പഠിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹം പറയുന്നത്: ''നിവൃത്തിയുണ്ടെങ്കില്‍ ഒരു മൃഗത്തേയും കാപ്ച്ചര്‍ ചെയ്യാതിരിക്കാനാണ് ശ്രമിക്കുന്നത്.''
കേരളത്തിലെ വനാവരണം മുന്‍പത്തെപ്പോലെ നിലനില്‍ക്കുന്നുണ്ടെങ്കിലും പല കാരണങ്ങള്‍ കൊണ്ടുള്ള വനഗുണ ശോഷണം അഥവാ forest degradation ഒരു പ്രധാന ഘടകമാണ്.
അധിനിവേശ സസ്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, വൈല്‍ഡ് ലൈഫ് കോറിഡോറുകള്‍ അഥവാ വന്യജീവികളുടെ ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്ന സഞ്ചാരപാതകള്‍, കാടിനുള്ളിലെ തുറവികള്‍ എന്നിവ കയ്യേറപ്പെട്ടത്, കാലാവസ്ഥാ വ്യതിയാനം, സ്വാഭാവികമോ മനുഷ്യനുണ്ടാക്കിയതോ ആയ കാട്ടുതീ, കാടുതെളിച്ച് വന്‍തോതിലുള്ള കൃഷി, വനഭൂമിയില്‍ ക്രമാതീതമായി ഉയര്‍ന്നുവരുന്ന മനുഷ്യനിര്‍മിത കെട്ടിടങ്ങള്‍, മനുഷ്യ-വാസ സ്ഥലങ്ങളുടേയും മനുഷ്യരുടേയും സാമീപ്യംകൊണ്ട് മൃഗങ്ങള്‍ ആര്‍ജിച്ചുപോവുന്ന സ്വഭാവ വ്യതിയാനങ്ങള്‍ എന്നിങ്ങനെ ഒരുപാട് കാരണങ്ങള്‍ സംഘര്‍ഷകാരണമായി വന-വന്യജീവി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അധിനിവേശ സസ്യങ്ങള്‍ പടരുന്നത് ഇതില്‍ വലിയ ഒരു കാരണമാണ്. സെന്ന, അരിപ്പൂ, ആനത്തൊട്ടാവാടി, കമ്യൂണിസ്റ്റ് പച്ച, ധൃതരാഷ്ട്രപ്പച്ച, പാര്‍ത്ഥീനിയം തുടങ്ങിയ അധിനിവേശ സസ്യങ്ങള്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നു. ഇതില്‍ സെന്ന, അരിപ്പൂ/ലെന്റാന എന്നിവ അലങ്കാര സസ്യങ്ങളായി നാട്ടിലേയ്ക്ക് കൊണ്ടുവരപ്പെട്ടതാണ്. സെന്ന വളരുന്ന കാടുകളില്‍ പറിച്ചുമാറ്റിയാലും വേര് ചെത്തിക്കളഞ്ഞാലും അതു തിരിച്ചു വളര്‍ന്നുവരും. സാധാരണ പുല്ലും സസ്യജാലങ്ങളും വളരുകയുമില്ല. സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് ഈ കളകള്‍ ഭക്ഷ്യയോഗ്യമല്ല, സ്വാഭാവികമായും. അക്ഷരാര്‍ത്ഥത്തില്‍ പുതിയ മേച്ചില്‍പ്പുറം തേടി മാന്‍, മുയല്‍ തുടങ്ങിയ സസ്യഭുക്കുകള്‍ നീങ്ങുമ്പോള്‍ അവയുടെ ഭക്ഷകരായ മാംസഭുക്കുകളും ഇരതേടി അതേ പ്രദേശത്തേയ്ക്ക് വരുന്നു. മാംസഭുക്കുകള്‍ ടെറിട്ടോറിയല്‍ മൃഗങ്ങളാണ്, അതായത് അവ ഇടപഴകുന്ന സ്ഥലത്തിനുമേല്‍ അധികാരം അടയാളപ്പെടുത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത് പുതിയ ഇടത്ത് ആദ്യമേ ഇടം സ്വന്തമാക്കിയിരുന്ന മറ്റു വന്യജീവികളുമായി സംഘര്‍ഷത്തിനിടയാക്കുന്നു. പിന്നെ മുറിവേറ്റ മാംസഭുക്ക് ഉപായത്തില്‍ ഇരതേടാന്‍ മനുഷ്യവശമുള്ള ഇടങ്ങളിലേയ്ക്ക് പതുക്കെ പ്രവേശിക്കുന്നു. എത്ര യുക്തിയുക്തമായ നീക്കങ്ങളാണ് പ്രകൃതിയുടേത്. ആ യുക്തി നമുക്കു പിടികിട്ടിയെങ്കില്‍ മാത്രം. സെന്നപോലെത്തന്നെ അപകടകാരികളാണ് ആനത്തൊട്ടാവാടി തുടങ്ങിയ സസ്യങ്ങളും. ഈ ചെടികള്‍ കാരണം കാടിന്റെ നല്ലൊരു ഭാഗം തന്നെ വന്യമൃഗങ്ങള്‍ക്ക് വാസയോഗ്യമല്ലാതായിട്ടുണ്ട്. സെന്നയെ നിര്‍മാര്‍ജനം ചെയ്യാനുള്ള നടപടികള്‍ വനംവകുപ്പ് നടപ്പിലാക്കി വരുന്നുണ്ട്.
പലതരത്തിലുള്ള വൃക്ഷങ്ങളും കുറ്റിച്ചെടികളും ചതുപ്പും ചോലക്കാടും പുല്‍മേടുകളും തുറസ്സുകളും ഒക്കെ ഉള്‍പ്പെട്ടതാണ് വനത്തിന്റെ ആവാസവ്യവസ്ഥ. ഈ തുറസ്സുകളിലൊക്കെ ഒരുകാലത്ത് വനവല്‍ക്കരണത്തിന്റെ പേരില്‍ നട്ടുപിടിപ്പിക്കപ്പെട്ട യൂക്കാലി, അക്കേഷ്യ തുടങ്ങിയ മരങ്ങളും കാടരികുകളില്‍ വന്‍തോതിലുള്ള ഒറ്റവിളത്തോട്ടങ്ങളും വനഗുണശോഷണത്തിനു കാരണമായിട്ടുണ്ട്. കൃഷി ചെയ്യരുതെന്ന് ഇപ്പറഞ്ഞതിനര്‍ത്ഥമില്ല. വനത്തേയും വന്യജീവികളേയും വനത്തിന്റെ സംവഹനശേഷിയേയും സംരക്ഷിച്ചുകൊണ്ടുള്ള ഗവണ്‍മെന്റ് പോളിസികള്‍ ഉണ്ടാവുകയും അതിന് അനുസൃതമായി നടപടികള്‍ പൊതുജന പങ്കാളിത്തത്തോടെ ആവിഷ്‌കരിക്കുകയും ചെയ്യേണ്ടതാണ്.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള നീണ്ട വരള്‍ച്ചക്കാലവും തീറ്റ ദൗര്‍ലഭ്യവും നമ്മുടെ വന്യജീവികളെ അധികമായി ബാധിക്കുന്നുണ്ട്. കട്ടില്‍ വളരുന്നതാകട്ടെ, വരള്‍ച്ചയെ അതിജീവിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത അധിനിവേശ സസ്യങ്ങളും. ജല-ഭക്ഷണ ദൗര്‍ലഭ്യമകറ്റാന്‍ മൃഗങ്ങള്‍ക്കു ഒരു വനത്തില്‍നിന്നു മറ്റൊന്നിലേയ്ക്കു പോകാനുള്ള സഞ്ചാരപാതകള്‍കൂടി മനുഷ്യന്‍ കയ്യേറിയതോടെ പ്രശ്‌നം സങ്കീര്‍ണമാവുന്നു. ജീവിക്കണമെങ്കില്‍ തങ്ങള്‍ക്കു യാത്ര ചെയ്‌തേ പറ്റൂ എന്നു മൃഗങ്ങളും കൃഷി ചെയ്യണം എന്നു മനുഷ്യരും. കൂടാതെ വനങ്ങള്‍ക്കരികില്‍ ഭൂമാഫിയകള്‍ വാങ്ങിക്കൂട്ടിയ കൃഷിത്തോട്ടങ്ങള്‍ കാടുകയറിക്കിടക്കുന്നത്, കാട്ടുപന്നിപോലുള്ള ജന്തുക്കളുടെ വംശവര്‍ദ്ധനവ് എന്നിവയും പ്രശ്‌നത്തിന്റെ ഭാഗമാണ്.
ദീര്‍ഘകാലം തിരുവനന്തപുരം മൃഗശാലയിലെ വെറ്റനറി ഡോക്ടറായിരുന്ന, ഇപ്പോള്‍ മൃഗസംരക്ഷണ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായ ഡോ. ജേക്കബ് അലക്‌സാണ്ടര്‍ പറയുന്നത് ''മനുഷ്യന്റെ ജനസംഖ്യ കൂടുകയും വന്യമൃഗങ്ങള്‍ക്കു ജീവിക്കാന്‍ ഇടം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംഘര്‍ഷം സ്വാഭാവികമാണ്. ഇതിനൊപ്പം കാട്ടിലേക്കും നാട്ടിലേയ്ക്കും സംക്രമിക്കാവുന്ന രോഗാണുക്കളുടെ കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വനങ്ങളുടെ സംവഹന ശേഷി അഥവാ carrying capacity കുറയുന്നതുകൊണ്ട് വന്യജീവികളുടെ പ്രജനനം നിയന്ത്രിക്കണമെങ്കില്‍ അതിനുള്ള ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. മനുഷ്യ വാസകേന്ദ്രങ്ങളിലേയ്ക്കു കടക്കുന്ന പല കടുവകളിലും ലങ് വേം അഥവാ ശ്വാസകോശത്തിലെ പുഴു ബാധയുള്ളതായി കണ്ടിട്ടുണ്ട്. കാട്ടിലുള്ള കടുവകളില്‍, അനുയോജ്യമായ വിധത്തില്‍ ഈ പരാദബാധയെ തടഞ്ഞാല്‍ ഇവ രോഗബാധിതരും അവശരുമായി ഇരതേടാന്‍ കഴിവില്ലാത്തതുമൂലം കാടരികിലുള്ള നാടുകളിലേയ്ക്ക് വരുന്നതും സംഘര്‍ഷവും ഒഴിവാക്കാം. കൂട്ടമായും ഒറ്റയ്ക്കും ഇരതേടുകയും സഞ്ചരിക്കുകയും ചെയ്യുന്ന വന്യമൃഗ സ്പീഷീസുകളുടെ സ്വഭാവ രീതികളെക്കുറിച്ചും അടുത്തകാലത്ത് അവയുടെ ആവാസവ്യവസ്ഥകള്‍ ചുരുങ്ങിപ്പോവുകയും സ്വന്തം വംശത്തില്‍നിന്നും മനുഷ്യരില്‍നിന്നും ആക്രമണം ഏല്‍ക്കേണ്ടിവന്നതിന്റേയും മറ്റും ഫലമായി വന്നിട്ടുള്ള പെരുമാറ്റ വ്യത്യാസങ്ങളേയും കുറിച്ച് പ്രാദേശികമായും സംസ്ഥാന ഭൂവിഭാഗ തലത്തിലും ആഴത്തില്‍ ഗവേഷണ പദ്ധതികള്‍ ആവിഷ്‌കരിച്ച് അതനുസരിച്ചു നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. മറ്റു പല രാജ്യങ്ങളിലും അവലംബിക്കുന്ന ആധുനിക സങ്കേതങ്ങള്‍ ഔചിത്യമനുസരിച്ച് നമുക്കും ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിനു ഡ്രോണ്‍ ടെക്നോളജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് ഓരോ കാലാവസ്ഥയിലെ മൃഗങ്ങളുടെ സ്വഭാവരീതികള്‍, സഞ്ചാരങ്ങള്‍, എണ്ണം, കാടരികുകളിലേയ്ക്ക് മൃഗങ്ങളുടെ നീക്കങ്ങള്‍, അധിനിവേശ സസ്യങ്ങളുടെ പടര്‍ന്നുപിടിക്കല്‍ എന്നിങ്ങനെ പെട്ടെന്ന് ഉപകാരപ്പെടുന്നതും ദീര്‍ഘകാല പ്രാബല്യമുള്ളതുമായ ഒട്ടനവധി പ്രധാന വിവരങ്ങള്‍ വ്യവസ്ഥാപിതമായ രീതിയില്‍ കണ്ടെത്തുവാനാകും.''
മനുഷ്യരുടെ മറ്റു ചില സമീപനങ്ങള്‍ ഈ സംഘര്‍ഷം ഉടലെടുക്കാനും സങ്കീര്‍ണമാവാനും കാരണമാവാറുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ കാടരികുകളിലോ മനുഷ്യന്റെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മൃഗങ്ങള്‍ക്കു നല്‍കിയാല്‍ ക്രമേണ അവ സ്വാഭാവിക ഭക്ഷണമുപേക്ഷിച്ച് മനുഷ്യരുടെ ഭക്ഷണത്തിനായി കാത്തിരിക്കുകയും ക്രമേണ തട്ടിപ്പറിക്കുകയും ഒക്കെ ചെയ്യാം. സ്വതവേ ലജ്ജാശീലരായിരുന്ന കേരളത്തിലെ സിംഹവാലന്‍ കുരങ്ങുകള്‍ ഉപ്പുകലര്‍ന്ന മനുഷ്യഭക്ഷണങ്ങള്‍ക്ക് അടിമപ്പെട്ടു കാത്തിരിക്കുന്ന കാഴ്ച നമ്മുടെ കണ്മുന്നില്‍ സംഭവിക്കുന്നുണ്ട്. അതുപോലെ തമാശയ്‌ക്കോ(!), ഭയന്നിട്ടോ മനുഷ്യര്‍ വന്യമൃഗങ്ങളെ ആക്രമിച്ചാല്‍ അവ തിരിച്ചും മനുഷ്യനെ ശത്രുവായി കണക്കാക്കി സംഘര്‍ഷത്തിനിടയാക്കാം. ടൂറിസം കേന്ദ്രങ്ങള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ എന്നിവയിലേയ്ക്കുള്ള വഴികള്‍ പലപ്പോഴും വന്യമൃഗങ്ങളുടെ സഞ്ചാരപാതയിലൂടെയോ കുറുകെയോ ആയിരിക്കും. ഇതും മനഃപൂര്‍വമല്ലെങ്കിലും സംഘര്‍ഷത്തിനു കാരണമാകാം.
അവലംബിക്കേണ്ട മാര്‍ഗങ്ങള്‍
വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് കഴിയുന്നതും കോട്ടംതട്ടാതെ സൂക്ഷിക്കുക. അധിനിവേശ സസ്യങ്ങളെ നിര്‍മാര്‍ജനം ചെയ്തും മനുഷ്യ കേന്ദ്രീകൃത നിര്‍മിതികള്‍ കഴിയുന്നതും ഒഴിവാക്കിക്കൊണ്ടും ഇടപെടലുകള്‍ കുറച്ചുകൊണ്ടും വന്യജീവി കോറിഡോറുകള്‍ കയ്യേറാതിരിക്കുക, കാടിനുള്ളിലെ തുറവികളില്‍ കാടിന്റെ സ്വാഭാവിക സസ്യജാലങ്ങള്‍ വളരാന്‍ വിടുക, കാടിന്റെ സംവഹനശേഷിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശാസ്ത്രീയ നടപടികള്‍ കൈക്കൊള്ളുക, പ്രശ്‌നക്കാരായ മൃഗങ്ങളെ റേഡിയോ കോളര്‍ വഴി നിരീക്ഷിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുക, വരള്‍ച്ചക്കാലങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തുക, വനപ്രദേശത്തും പുറത്തും പെരുകിയ കാട്ടുപന്നികളെ ഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കുക, വൈദ്യുതവേലി, വലിയ മതിലുകള്‍ എന്നിവയുടെ ശരിയായ ഉപയോഗം സ്വീകരിക്കുക, കാടരികുകളില്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്നതരം കൃഷിയിനങ്ങള്‍ ഒഴിവാക്കുക, വന്യജീവി ആക്രമണത്തിന് ഇരയായവരോട് ഏറ്റവും ന്യായമായ സമീപനം സ്വീകരിക്കുക, വനമേഖലയില്‍നിന്നു വന്യമൃഗ സംരക്ഷണാര്‍ത്ഥം അല്ലെങ്കില്‍ അവരുടെ തന്നെ സുരക്ഷയ്ക്കുവേണ്ടി ആദിവാസികളെ ഒഴിപ്പിക്കുന്നുവെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, അവയ്ക്കു ഉപദ്രവമേല്‍പ്പിക്കാത്ത തരത്തിലുള്ള മതിലുകളും വേലികളുംകൊണ്ട് മനുഷ്യവാസ സ്ഥലങ്ങളില്‍നിന്നും കൃഷിസ്ഥലങ്ങളില്‍നിന്നും അകറ്റി നിര്‍ത്തുക. മാധ്യമപ്രവര്‍ത്തകര്‍, കര്‍ഷകര്‍, പൊതുജനങ്ങള്‍ എന്നിവരെയൊക്കെ നിര്‍ബന്ധമായും ബോധവല്‍ക്കരിക്കുക എന്നീ കാര്യങ്ങള്‍ ഉറപ്പായും ചെയ്യേണ്ടതാണ്.
പ്രതീക്ഷ
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പേരില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്ററായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസ്ഥ ദൂരീകരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ സത്വര ശാസ്ത്രീയ നടപടികള്‍ എടുക്കേണ്ടതാണ്. 1972-ലെ വൈല്‍ഡ് ലൈഫ് ആക്ട് കാലോചിതമായി നവീകരിക്കേണ്ടതാണ്. വനംവകുപ്പ്, പരിസ്ഥിതി-വന-വന്യമൃഗ ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, പൊതുജനാരോഗ്യ വിദഗ്ദ്ധര്‍, അടിസ്ഥാന സൗകര്യ വിദഗ്ദ്ധര്‍, വനത്തിന്റേതായ അറിവുകള്‍ സൂക്ഷിക്കുന്ന ആദിവാസികള്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, പ്രാദേശിക അംഗങ്ങള്‍ തുടങ്ങിയരുവള്‍പ്പെട്ട മള്‍ട്ടി ഡിസിപ്ലിനറി കൂട്ടായ്മയുടെ ക്രിയാത്മകമായ ചര്‍ച്ചയും പ്രായോഗിക നിര്‍ദേശങ്ങളും അടിസ്ഥാനമാക്കി ആവശ്യമായ പോളിസി നവീകരണങ്ങള്‍ ഗവണ്‍മെന്റ് നിലവില്‍ വരുത്തേണ്ടതാണ്. മേല്‍പ്പറഞ്ഞതുപോലെ വന്യജീവികുലങ്ങളുടെ സ്വഭാവ, സഞ്ചാര രീതികളെക്കുറിച്ചുള്ള വ്യവസ്ഥാപിത ഗവേഷണങ്ങള്‍ അത്യന്താപേക്ഷിതമാണ്. കൂടാതെ മനുഷ്യ-മൃഗ-സസ്യ ആരോഗ്യത്തെ സമന്വയിപ്പിക്കുന്ന ഏകാരോഗ്യനയ (One health approach) പരിപാടികള്‍ക്ക് മനുഷ്യ-വന്യജീവി സംഘര്‍ഷം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ സാരമായ പങ്കു വഹിക്കാന്‍ കഴിയും.?
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക