കെ.കെ. കൊച്ച്; അടിത്തട്ടിലേക്ക് തുറന്ന വാതിൽ

K K Kochu
കെ കെ കൊച്ച് ഫെയ്സ്ബുക്ക്
Updated on

ഴുത്തിലൂടെ, ചിന്തയിലൂടെ, സാമൂഹ്യ സാംസ്കാരിക പ്രവർത്തനകളിലൂടെ കേര ളീയ പൊതുബോധത്തെ ആഴത്തിൽ മാറ്റിപ്പണിഞ്ഞ, വ്യതിരിക്തമായ പുതിയ പാത സൃഷ്ടിച്ച അതുല്യമായ ജീവിതമായിരുന്നു കെ.കെ. കൊച്ചിന്റേത്. കേരള ചരിത്രവും സമൂഹരൂപീകരണവും എന്ന കൊച്ചിന്റെ ചരിത്രപഠനഗ്രന്ഥം അതുവരെ കേരളം ശ്രദ്ധിക്കാത്ത മേഖലയിലേയ്ക്ക് വെളിച്ചം വീശുന്നു. കേരളചരിത്രത്തെ സംബന്ധിച്ച പഠനങ്ങൾ കേരളത്തെ ഒരു ബ്രാഹ്മിൺ സെറ്റിൽമെന്റായാണ് അവതരിപ്പിക്കുന്നത്. ഈ കാഴ്ചക്കോൺ മലനാടിനേയും കടൽ ജീവിതത്തേയും ചരിത്രത്തിൽനിന്നും മറച്ചുവയ്ക്കുന്നു. ബൃഹദാഖ്യാനങ്ങളിൽ രാജാക്കന്മാരും ഫ്യൂഡൽ നാടുവാഴികളും ഇടം നേടുകയും പാർശ്വവൽക്കൃതർ പുറന്തള്ളപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിലനിന്ന കേരള ചരിത്രാഖ്യാനങ്ങളോട് വിമർശനം ഉയർത്തിക്കൊണ്ടും അടിത്തട്ടു ജനതയുടെ ചരിത്രത്തെ പ്രത്യക്ഷീകരിച്ചുകൊണ്ടും കെ.കെ. കൊച്ച് ചരിത്രരചനയിൽ പുതിയ പന്ഥാവ് തീർത്തത്.

ഭക്തിയും വേദാന്തവും ക്ഷേത്രവും കേരള ചരിത്രത്തിന്റെ കേന്ദ്രമായിത്തീരുകയും അധ്വാനത്തിന്റേയും അധ്വാനവർഗത്തിന്റെ ചരിത്രവും പുറന്തള്ളപ്പെടുകയും ചെയ്തു. ഭക്തി കീഴാളവിരുദ്ധമാണെന്നും വേദാന്തം ഭൗതികലോകത്തെ തമസ്കരിക്കുകയാണ് ചെയ്തത് എന്നും കെ.കെ. കൊച്ച് നിരീക്ഷിക്കുന്നുണ്ട്. ചരിത്രപണ്ഡിതയായ വിജയ് നാഥിന്റെ ബ്രാഹ്മണിക്കൽ അക്കൾച്ചറേഷൻ എന്ന ചരിത്രസിദ്ധാന്തത്തെ പിന്തുടർന്നുകൊണ്ട് ഗോത്ര ജീവിത സംസ്കാരങ്ങളേയും തദ്ദേശീയ ജനസംസ്കാരത്തേയും ബ്രാഹ്മണ്യം സ്വാംശീകരിച്ചതിന്റെ ചരിത്രം കൊച്ച് അനാവരണം ചെയ്യുന്നുണ്ട്. ബ്രാഹ്മണ്യ സ്വാംശീകരണത്തിന്റെ ഹിംസാത്മക ചരിത്രം മലയാളിക്കു മുൻപിൽ വ്യത്യസ്തമായി ആദ്യമായി തുറന്നിട്ടത് കെ.കെ. കൊച്ചാണ്. തിരുപ്പതി ക്ഷേത്രസങ്കേതം ആദ്യകാലത്ത് ചാമക്കൃഷി ചെയ്തിരുന്ന ആദിവാസി ജനതയുടെ നിവാസസ്ഥാനമായിരുന്നു. ഈ സങ്കേതത്തിലേയ്ക്ക് ബ്രാഹ്മണർ കടന്നുവന്നതോടെ തിരുപ്പതിയിൽനിന്നും ആദിവാസികൾ പുറത്തായി. തിരുപ്പുലിയൂർ ഗ്രന്ഥവരി പൂർവകാലത്ത് ആരാധിക്കപ്പെട്ടിരുന്ന കൂന്തൽ എന്ന ഭൂതം ബ്രാഹ്മണാധിനിവേശത്തോടെ ശാസ്താവായി മാറിയതിനെക്കുറിച്ചുള്ള സൂചനകൾ പങ്കുവയ്ക്കുന്നുണ്ട് (“കൂന്തൽ എന്നൊരു ഭൂതം അതിന് ശാസ്താവായി നിവേദ്യം”). ബ്രാഹ്മണ്യം തദ്ദേശീയ ജനസംസ്കാരത്തേയും അവർണ ജനതതിയുടെ സാംസ്കാരിക മൂലധനത്തേയും അട്ടിമറിച്ച് അപഹരിച്ചതിന്റെ സാക്ഷ്യപത്രങ്ങളാണിവ. ബ്രാഹ്മണ്യം ബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കി സ്വാംശീകരിച്ചതിനെക്കുറിച്ച് കെ.കെ. കൊച്ച് എഴുതുന്നുണ്ട്. അവർണരുടെ കാവും കുളങ്ങളും പതികളും ദേവപ്രശ്നങ്ങളിലൂടെയും ക്ഷേത്രവൽക്കരണത്തിലൂടേയും ബ്രാഹ്മണ്യം അപഹരിക്കുന്ന സമകാലികാവസ്ഥയിൽ കൊച്ചിന്റെ നിരീക്ഷണങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. കേരളത്തിൽ കൃഷി കൊണ്ടുവന്നത് ബ്രാഹ്മ ണരാണെന്നുള്ള സവർണ ചരിത്രകാരന്മാരുടെ വീക്ഷണത്തിലെ ചരിത്രവിരുദ്ധതയും കൊച്ചിന്റെ പഠനങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്. കൃഷിനിലം സൃഷ്ടി ച്ച് കൃഷി സമ്പന്നമാക്കിയത് അടിത്തട്ട് ജനതയാണ്. ആര്യ ബ്രാഹ്മണരുടെ ജ്യോതിഷ വിജ്ഞാനമാണ് കേരളത്തിലെ കൃഷിയെ സമ്പന്നമാക്കിയത് എന്ന വാദമാണ് സവർണ ചരിത്രകാരന്മാർ അവതരിപ്പിക്കുന്നത്.

ദലിതൻ എന്ന തന്റെ ആത്മകഥയിൽ നെയ്തശ്ശേരി മനയുടെ അധീനതയിലുള്ള ഭൂമിയിൽ കഠിനാധ്വാനം ചെയ്ത് കൃഷി സമ്പന്നമാക്കിയ അടിത്തട്ട് ജനതയുടെ ചരിത്രം കെ.കെ. കൊച്ച് രേഖപ്പെടുത്തുന്നുണ്ട്. കഠിനാധ്വാനത്തിലൂടെ നിലങ്ങൾ സൃഷ്ടിച്ച് കൃഷി സമൃദ്ധമാക്കിയ ദലിത് ജനതയുടെ ചരിത്രത്തെ അദൃശ്യമാക്കുന്ന ഒന്നാണ് ബ്രാഹ്മണരുടെ ജ്യോതിഷ വിജ്ഞാനത്തെ സംബന്ധിച്ച ആഖ്യാനം. ബ്രാഹ്മണർക്കും മുൻപുതന്നെ കേരളത്തിലെ തദ്ദേശീയ ജനവിഭാഗങ്ങൾക്കു ജ്യോതിഷ വിജ്ഞാനത്തിൽ അറിവുണ്ടായിരുന്നു. “മുഹൂർത്തം പാടകശ്ശേരിക്ക പണം ഒന്ന്” എന്ന തിരുവല്ലാ ഗ്രന്ഥവരിയിലെ പരാമർശം അബ്രാഹ്മണ ജനവിഭാഗങ്ങൾക്ക് ജ്യോതിഷ വിജ്ഞാനം ഉണ്ടായിരുന്നു എന്നു കൃത്യമായി തെളിയിക്കുന്നു. ചുരുക്കത്തിൽ കേരള ചരിത്രവും സമൂഹരൂപീകരണവും എന്ന കെ.കെ. കൊച്ചിന്റെ ചരിത്രഗ്രന്ഥം അദൃശ്യവൽക്കരിക്കപ്പെട്ട ജനതയുടെ ചരിത്രം സൃഷ്ടിക്കുകയും നിലനിന്ന ചരിത്രവായനകളോട് നിശിതവിമർശനം ഉന്നയിക്കുകയും ചെയ്തു.

ആപൽക്കരമായി കർമം ചെയ്ത ഒരാൾ

കേരളത്തെ സംബന്ധിച്ച് ‘സമുദായം’ എന്ന സങ്കല്പനത്തെ അരോചകവും അനാവശ്യവും ഛിദ്രത സൃഷ്ടിക്കുന്ന ഒന്നായുമാണ് വിലയിരുത്തപ്പെട്ടത്. ജാതിയുടെ ശ്രേണീകരണങ്ങളെ മറികടന്നുകൊണ്ടുള്ള ജനാധിപത്യ തുറവിയുടെ കേന്ദ്രമായി കെ.കെ. കൊച്ച് സമുദായത്തെ ദർശിച്ചു. പാമ്പാടി ജോൺ ജോസഫ് ചേരമ സമുദായം സൃഷ്ടിച്ചതിനെക്കുറിച്ച് കൊച്ച് എഴുതുന്നുണ്ട്. പൊതുവെ വർഗത്തെ സംബന്ധിച്ചുള്ള എല്ലാ വിശകലനങ്ങളിലും ജാതിയെ പ്രശ്നവൽക്കരിക്കാതിരിക്കുകയും സമുദായസങ്കല്പത്തെ അഗണ്യകോടിയിൽ തള്ളുകയും ചെയ്യുന്ന രീതി നിലനിൽക്കുന്നുണ്ട്. ജാതിയെ മറികടന്നുകൊണ്ടുള്ള സാമുദായികതയുടെ വിമോചനാത്മക മൂല്യങ്ങളെ കൊച്ച് അവതരിപ്പിക്കുന്നുണ്ട്. “സാമുദായിക

പ്രാതിനിധ്യമാണ് തന്റെ ദേശീയ വാദ”മെന്ന് സഹോദരൻ അയ്യപ്പൻ പ്രസ്താവിക്കുന്നുണ്ട്. ദലിത് എന്നത് ആ നിലയ്ക്ക് നോക്കിയാൽ വിപുലമായ ജനാധിപത്യപരമായ സാമുദായികതയാണെന്നു കാണാം. ഇന്ത്യൻ സമൂഹം ദലിതർക്ക് കല്പിച്ച അസ്പൃശ്യതയേയും അതിൽനിന്നുളവാകുന്ന ഭിന്നരൂപങ്ങളിലുള്ള വിവേചനത്തേയും മറികടക്കാനുള്ള ജനാധിപത്യ തുറവിയായി സമുദായത്തെ കൊച്ച് സ്ഥാനപ്പെടുത്തുന്നു.

കൊച്ചിന്റെ സാഹിത്യപഠനങ്ങൾ അതിമഹത്തെന്നും ഇതിഹാസ ഗാംഭീര്യമെന്നും വിലയിരുത്തപ്പെട്ട ഗ്രന്ഥപാഠങ്ങളെ നിശിതമായ വിമർശവിചാരങ്ങളിലൂടെ അത്തരം ഗ്രന്ഥങ്ങളുടെ ആന്തരിക ലോകവീക്ഷണമായ ബ്രാഹ്മണ്യത്തേയും സവർണാനുഭൂതികളേയും തുറന്നുകാട്ടുന്ന അമൂല്യ രേഖകളാണ്. തകഴിയുടെ വെള്ളപ്പൊക്കത്തേയും ആശാന്റെ സീതാകാവ്യത്തേയും മുൻനിർത്തിയുള്ള പഠനങ്ങൾ ശ്രദ്ധേയമാണ്. ഇതിഹാസ പാരമ്പര്യത്തിനകത്തുനിന്ന് ഇതിഹാസത്തിന്റെ ബ്രാഹ്മണ്യ പാരമ്പര്യത്തോടുള്ള കലഹമായാണ് സീതാകാവ്യത്തെ ചിലർ വിലയിരുത്തുന്നത്. യഥാർത്ഥത്തിൽ സീതാകാവ്യത്തിൽ ഹിന്ദുത്വത്തിലേയ്ക്ക് തുറക്കുന്ന ഒരു വാതിലുണ്ടെന്ന് വിലയിരുത്തുന്നതിലൂടെ കെട്ടിപ്പൊക്കപ്പെട്ട ഇതിഹാസ ഗാംഭീര്യത്തിന്റെ മിത്തിക്കൽ ആഖ്യാനങ്ങളെയാണ് കൊച്ച് വെല്ലുവിളിക്കുന്നത്.

‘ആപൽക്കരമായി കർമം ചെയ്ത ഒരാൾ’ എന്ന കെ.കെ. ബാബുരാജിന്റെ വാക്കുകൾ കെ.കെ. കൊച്ചിന്റെ ജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന നീതിനിഷ്ഠവും മനോഹരവുമായ പ്രസ്താവനയാണ്. ഒരുവേള മുഖ്യധാര ഇടതുപക്ഷത്തോട് കലഹിച്ചുകൊണ്ടും ബ്രാഹ്മണ്യത്തോട് സന്ധിയില്ലാത്ത എഴുത്ത് ജീവിതം കൊണ്ടും നീതി തേടിയ മുഴുവൻ മനുഷ്യരുടേയും പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ടും തന്റെ തന്നെ സ്വസ്ഥതയാർന്ന ഭാവങ്ങളെ ആത്മബലിയർപ്പിച്ചു കൊണ്ടുമാണ് കെ.കെ. കൊച്ച് ആപൽക്കരമായി കർമം ചെയ്തത്.

ഭൂപരിഷ്‌കരണത്തിന്റെ ഗുണഫലങ്ങൾ ദലിതർക്കു ലഭ്യമായിട്ടില്ലെന്നു പഠനങ്ങളിലൂടെ ഉദ്‌ഘോഷിച്ച കെ.കെ. കൊച്ചിന്റെ കർമം ആ നിലയ്ക്ക് ആപൽക്കരമായിരുന്നു എന്നു നിസ്സംശയം പറയാം. വിയോജിപ്പുകളോടും ജനാധിപത്യപരമായും ജ്ഞാനപരമായും സംവദിക്കുന്നതിനും വിയോജിപ്പുള്ളവരോട് നിതാന്തമായ സ്നേഹം സൂക്ഷിക്കുക എന്നതും അത്രമേൽ മനുഷ്യസഹജമല്ല തന്നെ. എന്നാൽ, കൊച്ച് വിയോജിപ്പുകളോട് നിശിതമായി സംവദിക്കുകയും വിയോജിക്കുന്നവരോട് അനന്യമായ സ്നേഹം പുലർത്തുകയും ചെയ്തു. ഇങ്ങനെ കേരളീയ പൊതുമണ്ഡലത്തിൽ വിച്ഛേദം സൃഷ്ടിച്ച ചിന്തകനും എഴുത്തുകാരനും ചരിത്രകാരനും ബുദ്ധിജീവിയുമായിരുന്നു കെ.കെ. കൊച്ച്. അദ്ദേഹത്തിന്റെ പഠനവും ജീവിതവും പ്രവർത്തനങ്ങളും കേരളത്തിന്റെ ജനാധിപത്യവൽക്കരണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിത്തീർന്നിരിക്കുന്നു. അടിത്തട്ട് സമൂഹത്തിനു സമത്വം ലഭ്യമാവാത്ത സാമൂഹ്യവ്യവസ്ഥ ജനാധിപത്യപരമാണെന്നു പറയാൻ കഴിയില്ല. പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ മോചനത്തിനായി നിതാന്ത ജാഗ്രതയോടെ പോരാടിയ കെ.കെ. കൊച്ച് ആ നിലയ്ക്ക് അടിത്തട്ട് ജനതയിലേയ്ക്ക് തുറന്ന വാതിലും ദലിത ജനതയുടെ വിമോചനപ്പോരാട്ടത്തിന്റെ പ്രകാശസ്ഥാനവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com