
വിദേശികളില്‍നിന്ന് പലതും പഠിക്കാനുത്സാഹിക്കുന്ന ഒരു ജനതയാണ് മലയാളികള്‍. മാലിന്യസംസ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥവൃന്ദം വിദേശരാജ്യങ്ങളിലേയ്ക്കാണ് പോവുക. അവര്‍ പഠിപ്പില്‍ പിന്നോക്കമായതുകൊണ്ടോ പഠിപ്പ് പൂര്‍ണമാകും മുന്‍പ് മടങ്ങേണ്ടിവന്നതുകൊണ്ടോ ആവും നടുറോഡില്‍ മാലിന്യം കുമിഞ്ഞുകൂടുന്നത്. കൃഷിയെക്കുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥവൃന്ദം പറന്നത് ഇസ്രയേലിലേയ്ക്കാണ്. കേവലമൊരു മരുഭൂമിയായിരുന്ന ഇസ്രയേലിലെ പച്ചപ്പ് കണ്ട് കണ്ണു തള്ളി മടങ്ങിവരുമ്പോള്‍ കേരളം ആദ്യം മരുഭൂമിയാക്കുന്നതെങ്ങനെ എന്നായിരിക്കണം അവര്‍ ചിന്തിച്ചിട്ടുണ്ടാവുക. തല്‍ഫലമായിട്ടാവണം മുട്ടിന് മുട്ടിന് മരംമുറി വ്യാപകമായിത്തീര്‍ന്നത്. ഇങ്ങനെ വിദേശരീതി സ്വദേശത്തു പകര്‍ത്താന്‍ പ്രതിജ്ഞാബദ്ധരായിത്തീര്‍ന്ന ഈ ജനതയുടെ നോട്ടം പക്ഷേ, വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിലേയ്ക്ക് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല. അത് മറ്റൊന്നുമല്ല, മഹാന്മാരുടെ സ്മാരകങ്ങള്‍ എങ്ങനെ സംരക്ഷിക്കണം എന്ന കാര്യം തന്നെ!
മഹാന്മാര്‍ ജീവിച്ച ഇടം, അവര്‍ ഉപയോഗിച്ചിരുന്ന സാധനസാമഗ്രികള്‍, ഇവയൊക്കെ അങ്ങനെത്തന്നെ സൂക്ഷിക്കണമെന്നുള്ള തിരിച്ചറിവ് വിദേശികള്‍ക്കുണ്ട്. ഷേക്‌സ്പിയറും വേഡ്സ്വര്‍ത്തും ടോള്‍സ്റ്റോയിയുമൊക്കെ ജീവിച്ചിരുന്ന വീടുകളും അവരുടെ ശവകുടീരങ്ങളും സംരക്ഷിക്കപ്പെട്ടു പോരുന്നത് ആ തിരിച്ചറിവിന്റെ ഫലമായാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ഒരുകാലത്ത് കൊല്‍ക്കത്തയായിരുന്നു. ആ സംസ്‌കൃതിയുടെ ഒരടയാളം അവിടെ അവശേഷിക്കുന്നുണ്ട്. അതുകൊണ്ടാവാം രവീന്ദ്രനാഥ ടാഗോറിന്റേയും സുഭാഷ് ചന്ദ്രബോസിന്റേയുമൊക്കെ ഭവനങ്ങള്‍ക്ക് കാര്യമായ പരിക്ക് പറ്റാത്തത്.
എന്നാല്‍, മലയാളികള്‍ പഴമയോട് തീരെ മമതയില്ലാത്ത ഒരു വര്‍ഗമാണ്. അതുകൊണ്ട് ഖസാക്കിന്റെ ഇതിഹാസത്തിലെ ഞാറ്റുപുര കേടുപാട് തീര്‍ത്ത് നിലനിര്‍ത്തുന്നതിനുപകരം മൊത്തത്തിലങ്ങു പരിഷ്‌കരിക്കും. മുറ്റമാകെ ടൈല്‍ പാകി വൃത്തികേടാക്കും. അറബിക്കുളം പൊട്ടക്കുളമാക്കും. ഒരു പ്രതിഭാശാലിയുടെ തൂലികാസ്പര്‍ശത്തില്‍ തസ്രാക്ക് എങ്ങനെ മായികഭംഗിയുള്ള ഖസാക്കായിത്തീര്‍ന്നു എന്നതിന്റെ എല്ലാ അടയാളങ്ങളും യാതൊരു കുറ്റബോധവുമില്ലാതെ തൂത്ത്മായ്ക്കും. ഒ.വി. വിജയന്റെ എഴുത്തിന്റെ മാന്ത്രികതലങ്ങള്‍ അടരടരായി വിടര്‍ന്നുവരുന്നത് പിന്‍ഗാമികള്‍ക്ക് അനുഭവിച്ചറിയാനുള്ള വഴികളൊക്കെയും അങ്ങനെ അടച്ചുകളയും!
തുഞ്ചത്തെഴുത്തച്ഛന്‍ ഭാഷാപിതാവാണെന്ന് നമ്മള്‍ മേനിനടിക്കും. പക്ഷേ, തിരൂരിലെ തുഞ്ചന്‍പറമ്പ് കണ്ടാല്‍ കവിയെ ആഴത്തിലറിഞ്ഞവരുടെ ഉള്ളം മ്ലാനമാവും. തുഞ്ചന്‍പറമ്പില്‍ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ക്ക് ക്ഷാമമേതുമില്ല. അവിടെ ഒറ്റയ്ക്ക് നില്‍ക്കുന്ന കാഞ്ഞിരമരത്തിന്റെ ഇല കയ്ക്കുകയില്ലെന്നത് വെറുമൊരു സങ്കല്പം മാത്രമാണെങ്കിലും അതിന്റെ ചോട്ടിലുമുണ്ട് ഒരു കോണ്‍ക്രീറ്റ് നിര്‍മിതി. പകരം തൊടിനിറയെ മരങ്ങളും അവയില്‍ നിറയെ തുഞ്ചന്റെ കിളിപ്പെണ്ണും കുടുംബവും മറ്റു പലതരം കിളികളും ഉണ്ടായിരുന്നെങ്കിലെന്ന് പ്രകൃതി സ്‌നേഹികളൊക്കെയും ആഗ്രഹിച്ചുപോകും. തുഞ്ചന്റെ ഗൃഹം എന്ന സങ്കല്പത്തില്‍ ഒരു നാലുകെട്ടും അതിന്റെ ഉമ്മറത്തു നിറഞ്ഞുകത്തുന്ന ഒരു മണ്‍വിളക്കും ചേര്‍ന്നാല്‍ മലയാള ഭാഷയുടെ ഭാവപൂര്‍ണിമയായി. അന്തിക്ക് കാഞ്ഞിരത്തറയിലും ഒരു മണ്‍ചിരാത് കൊളുത്താവുന്നതാണ്. മരങ്ങള്‍ കനിവോടെ ചുരത്തുന്ന കുളിര്‍മയില്‍ മന്ദ്രമധുരമായ സ്വനങ്ങള്‍ക്ക് കാതോര്‍ത്ത് ഇളം കാറ്റേറ്റങ്ങനെ നില്‍ക്കുമ്പോള്‍ അനുഭവവേദ്യമാകുന്ന നിര്‍വൃതിക്ക് പകരംവയ്ക്കാനെന്തുണ്ട്? പ്രഭാഷണ പരമ്പരകളൊക്കെ അധികം അകലെയല്ലാതെ നിലകൊള്ളുന്ന തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലാക്കിയാല്‍ യു.ജി.സി നിബന്ധനകളുടെ പൂര്‍ത്തീകരണത്തിന് അവസരമൊരുങ്ങുകയും ചെയ്യും.
മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവിന്റെ പീഠത്തില്‍നിന്ന് ഇളക്കിമാറ്റി മറ്റൊരു വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനുള്ള ഗൂഢാലോചന കുറേനാളായി അണിയറയില്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണോ എന്തോ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഗുജറാത്തിലെ സബര്‍മതി ആശ്രമം പരിഷ്‌കരിക്കുന്നതിന് 1200 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആശ്രമത്തിലെ സ്വച്ഛതയും ശാന്തതയും ഇതുവരേയും കോട്ടമൊന്നും തട്ടാതെ സംരക്ഷിക്കപ്പെട്ടു പോന്നിട്ടുണ്ട്. അതൊന്നും കണക്കിലെടുക്കാതെ ആശ്രമത്തിലെ ചെറുനിര്‍മിതികളില്‍ കുറേയെണ്ണം ഒഴിവാക്കാനുള്ള നീക്കമുണ്ട്താനും. പരിഷ്‌കരണം കഴിയുന്നതോടെ അതിന്റെ ലാളിത്യം നഷ്ടമാകുമെന്ന കാര്യത്തില്‍ മഹാത്മാഗാന്ധിയുടെ കൊച്ചുമകനു മാത്രമല്ല, ആര്‍ക്കും സംശയമുണ്ടാകില്ല. പഴമയുടെ തനിമ കാത്തുസൂക്ഷിക്കുമ്പോഴാണ് ചരിത്രത്തോട് നീതി പുലര്‍ത്താനാവുക എന്ന് കോടതിയടക്കമുള്ള അധികാരിവര്‍ഗത്തെ ആരാണ് ബോധ്യപ്പെടുത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ