
കോണ്‍ഗ്രസ് പാര്‍ട്ടി വരുത്തിയ തെറ്റുകളെ സംബന്ധിച്ചു പറയുകയാണെങ്കില്‍, അവയില്‍ പലതും ഞാന്‍ രാഷ്ട്രീയത്തിലില്ലാത്ത കാലത്താണ് സംഭവിച്ചത്. പക്ഷേ, ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് എന്ന നിലയില്‍ അതിന്റെ ചരിത്രത്തില്‍ ചെയ്ത എല്ലാ മോശം കാര്യങ്ങളുടേയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാന്‍ സന്നദ്ധനാണ്.''
ഏപ്രില്‍ 21-ന് വാട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അശുതോഷ് വര്‍ഷ്നെ ഇന്ത്യയിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ നേതാവായ രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണമദ്ധ്യേ രാഹുല്‍ പറഞ്ഞതിങ്ങനെ. 1984-ലെ സിഖ്വിരുദ്ധ കലാപങ്ങളെക്കുറിച്ചും സമുദായവുമായുള്ള തന്റെ പാര്‍ട്ടിയുടെ ബന്ധത്തെക്കുറിച്ചുമുള്ള ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് '1980-കളില്‍ സംഭവിച്ചത് തെറ്റാണെന്ന് ഞാന്‍ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഞാന്‍ പലതവണ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ സിഖ് സമൂഹവുമായി എനിക്ക് നല്ല ബന്ധമാണുള്ളത്'' എന്നാണ്.
തെറ്റ്പറ്റുക മനുഷ്യര്‍ക്കു മാത്രമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും തെറ്റ് പറ്റുക പതിവാണ്; എന്നാല്‍, കുറ്റമേറ്റു പറയുക അപൂര്‍വവും. ഇനി പറ്റിയ തെറ്റ് ഏറ്റുപറയുന്നപക്ഷം അത് പൊതുവെ പരിഹാസത്തോടെയാണ് ജനം സ്വീകരിക്കുക. മാധ്യമപംക്തികളില്‍ ആ പരിഹാസം പ്രതിഫലിക്കപ്പെടുകയും ചെയ്യും. തെറ്റുകള്‍ പറ്റുകയും ആ തെറ്റുകള്‍ ഏറ്റുപറയുകയും ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. ഇന്ത്യയില്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ക്വിറ്റ് ഇന്ത്യാ സമരം തൊട്ട് അടിയന്തരാവസ്ഥാവിരുദ്ധ സമരത്തില്‍ സ്വീകരിച്ച നിലപാടുകള്‍ വരെ പുന:പരിശോധനയ്ക്ക് വിധേയമാക്കുകയും അവയിലെ പിഴവുകള്‍ പരസ്യമായി ഏറ്റുപറയുകയും ചെയ്തിട്ടുണ്ട്. ''തെറ്റുപറ്റും... തിരുത്തും... പിന്നേയും തെറ്റുപറ്റും... തിരുത്തും'' എന്നൊക്കെ ഈ ഏറ്റുപറച്ചിലുകളോടു പരിഹാസപൂര്‍വം വിമര്‍ശകര്‍ പ്രതികരിക്കുകയും ചെയ്തുപോരുന്നുണ്ട്.
''വിധിക്കരുത്; എങ്കില്‍ നിങ്ങളും വിധിക്കപ്പെടാതിരിക്കും. കുറ്റപ്പെടുത്തരുത്; എങ്കില്‍ നിങ്ങളും കുറ്റം ചുമത്തപ്പെടാതിരിക്കും. ക്ഷമിക്കുക; എങ്കില്‍ നിങ്ങളും ക്ഷമിക്കപ്പെടും'' എന്ന ഒരു ബൈബിള്‍ വാചകമുണ്ട്. ദൈവവുമായിട്ടു മാത്രമല്ല, മനുഷ്യരുമായുള്ള ബന്ധവും പുന:സ്ഥാപിക്കപ്പെടുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന വാചകങ്ങള്‍. 1991 മെയ് 21-നാണ് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. സിഖ് കൂട്ടക്കൊല കാലത്തെന്നപോലെ ആ സന്ദര്‍ഭത്തിലും രാഹുല്‍ രാഷ്ട്രീയത്തിലില്ല. തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് നടുക്കുന്ന ഓര്‍മകളും കനത്ത സങ്കടവും ഇപ്പോഴും അദ്ദേഹത്തിനുണ്ടാകും. രാജീവിന്റെ മരണത്തിനുശേഷം എടുത്ത ഒരു ചിത്രത്തില്‍ രോഷത്തോടേയും സങ്കടത്തോടേയും തിരിഞ്ഞിരിക്കുന്ന രാഹുലിനെ കാണാം. രാഷ്ട്രീയ കൗടില്യങ്ങളില്‍ നഷ്ടമായതിനെക്കുറിച്ചുള്ള രോഷവും സങ്കടവും ആ മുഖത്ത് വായിച്ചെടുക്കാം. രാജീവ് ഗാന്ധിയുടെ മരണശേഷം ഏറെക്കാലം സോണിയാ ഗാന്ധിയും രാഹുലും രാഷ്ട്രീയത്തോട് വിമുഖത പ്രകടിപ്പിച്ചിരുന്നു എന്നാണ്. എന്നാല്‍, പിന്നീട് സോണിയാ ഗാന്ധിയും രാഹുലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായെങ്കിലും ഒരു ഘട്ടത്തില്‍ സോണിയാ ഗാന്ധി അവര്‍ക്കു നേരെ വെച്ചുനീട്ടിയ പ്രധാനമന്ത്രി പദവി നിരസിക്കാന്‍ മുതിര്‍ന്നത് പൂര്‍ണമായും രാജീവ് ഗാന്ധി വധം സൃഷ്ടിച്ച വൈകാരികാഘാതങ്ങള്‍ വിട്ടൊഴിഞ്ഞു പോയിരുന്നില്ല എന്നതിന്റെ തെളിവാണ്.
2004-ലായിരുന്നു അത്. ഒന്നാം യു.പി.എ ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിനു തൊട്ടുമുന്‍പ്. അന്ന് നെഹ്‌റു-ഗാന്ധി കുടുംബവുമായുള്ള തന്റെ ദീര്‍ഘകാലബന്ധം രാജ്യതാല്പര്യത്തിനു മുന്‍തൂക്കം നല്‍കുന്നതിനുള്ള ചിന്തയ്ക്ക് തന്നെ പ്രേരിപ്പിക്കുന്നുവെന്നാണ് അന്നവര്‍ പറഞ്ഞത്. അവര്‍ പ്രധാനമന്ത്രി പദവി ഏറ്റെടുക്കാനുള്ള നിര്‍ദേശം നിരസിച്ചു. സ്വന്തം 'ആന്തരിക ശബ്ദത്തിന്റെ' വിളി കേള്‍ക്കുകയാണെന്നാണ് സോണിയ ആ സന്ദര്‍ഭത്തില്‍ പറഞ്ഞത്.
എന്നാല്‍, വിശേഷിച്ച് ഒരു ആന്തരികശബ്ദമൊന്നും സോണിയാ ഗാന്ധിയോടു സംസാരിച്ചിട്ടില്ലെന്നും രാഹുലിനു തന്റെ അമ്മയുടെ ജീവനെച്ചൊല്ലിയുള്ള ഉല്‍ക്കണ്ഠയാണ് സോണിയ പ്രധാനമന്ത്രി പദവി നിരസിക്കാന്‍ കാരണമെന്നും 'How Prime Ministers Decide' എന്ന പുസ്തകത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തക നീര്‍ജ ചൗധരി ചൂണ്ടിക്കാട്ടുന്നു. സോണിയ, മന്‍മോഹന്‍ സിംഗ്, പ്രിയങ്ക ഗാന്ധി വധേര, നട്‌വര്‍സിംഗ്, സുമന്‍ ദുബെ എന്നിവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് രാഹുല്‍ മുറിയിലേയ്ക്ക് വരികയും ''അമ്മ മറ്റുള്ളവര്‍ പറയുന്നതു കേട്ട് പ്രധാനമന്ത്രി പദമേറ്റെടുക്കാന്‍ തയ്യാറായാല്‍ തന്റെ ഭാഗത്തുനിന്നും അതിരൂക്ഷമായ നടപടിയുണ്ടാകുമെന്നും'' രാഹുല്‍ ഭീഷണിപ്പെടുത്തിയത് പുസ്തകത്തില്‍ പറയുന്നുണ്ട്. വിദേശകാര്യ മന്ത്രിയും നയതന്ത്ര ഉദ്യോഗസ്ഥനുമായിരുന്ന കെ. നട്‌വര്‍സിംഗും തന്റെ ആത്മകഥയായ 'One Life is Not Enough' എന്ന പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. തന്റെ പിതാവിന്റെ ജീവനെടുത്ത ആ ദാരുണസംഭവം അദ്ദേഹത്തില്‍ സൃഷ്ടിച്ച വൈകാരികാഘാതത്തെ വിശദമാക്കാനാണ് ഇത്രയും ഇവിടെ കുറിച്ചത്.
എന്നാല്‍, പിന്നീട് തന്റെ പിതാവിനെ കൊലപ്പെടുത്തിയവരോട് താനും സഹോദരിയും പൊറുത്തിരിക്കുന്നതായി രാഹുല്‍ പറഞ്ഞു. എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചുകിടക്കുന്നതു കണ്ടപ്പോള്‍ തനിക്കു തോന്നിയ വികാരങ്ങളെന്തെന്നും അദ്ദേഹം വെളിവാക്കുകയുണ്ടായിട്ടുണ്ട്. ''ടിവിയില്‍ പ്രഭാകരന്‍ മരിച്ചുകിടക്കുന്നത് കണ്ടപ്പോള്‍ എന്നില്‍ രണ്ട് വികാരങ്ങളാണ് ഉണ്ടായത്-ഒന്നാമതായി, എന്തിനാണ് അവര്‍ ഈ മനുഷ്യനെ ഇങ്ങനെ അപമാനിക്കുന്നത് എന്നു തോന്നി. രണ്ടാമതായി... എനിക്ക് അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കുട്ടികളേയും ഓര്‍ത്തപ്പോള്‍ ശരിക്കും വിഷമം തോന്നി.''
'മനുഷ്യന്‍ എത്ര മഹത്തായ പദം' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന പ്രതികരണമായിരുന്നു അവ. മനുഷ്യമുഖമുള്ള രാഷ്ട്രീയം മുന്നോട്ടുവെയ്ക്കുന്ന ഒരു നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തോടു പല കാര്യങ്ങളിലും വിയോജിക്കുന്നവര്‍പോലും രാഹുലിനെ കാണുന്നത്. എന്നാല്‍, സിഖ് കൂട്ടക്കൊലയുടെ കാര്യത്തില്‍ ഈ ഹൃദയവിശാലത പ്രകടിപ്പിക്കാന്‍ ആദ്യം അദ്ദേഹം കൂട്ടാക്കിയില്ല എന്നു വ്യക്തമായിത്തന്നെ പറയേണ്ടതുണ്ട്. തന്റെ പിതാവിന്റെ കൊലപാതകികളോട് മാപ്പു നല്‍കുന്നുവെന്ന് പ്രഖ്യാപിച്ച അക്കാലത്തുതന്നെ നടത്തിയ മറ്റൊരു പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞത്, ''കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സിഖ് കൂട്ടക്കൊലയില്‍ പങ്കാളിത്തമൊന്നുമില്ല'' എന്നാണ്. 2018 ആഗസ്റ്റില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളും നേതാക്കളുമടങ്ങുന്ന ഒരു സദസ്സിനെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇതു പറഞ്ഞത്. ''ആര്‍ക്കെതിരെ അക്രമം നടന്നാലും അതു തെറ്റാണെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയില്‍ ഇതു സംബന്ധിച്ച് നിയമപരമായ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ആ കാലഘട്ടത്തില്‍ സംഭവിച്ച തെറ്റുകള്‍ക്ക് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. അക്കാര്യത്തില്‍ എനിക്കു മനസ്സില്‍ ഒരു ആശയക്കുഴപ്പവുമില്ല.'' എന്നു പറഞ്ഞ രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതില്‍ പങ്കാളിയായി എന്നതിനോട് യോജിക്കുന്നില്ലെന്നുമാണ് അന്നു പറഞ്ഞത്. ഒരുപക്ഷേ, രാഷ്ട്രീയമായ ചില അപരിഹാര്യാവസ്ഥകളായിരിക്കാം അദ്ദേഹത്തെ അങ്ങനെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്.
അദ്ദേഹത്തിന്റെ അന്നത്തെ പ്രസ്താവനയോട് കടുത്ത പ്രതികരണമാണ് ഇന്ത്യയിലുണ്ടായത്. അന്ന് രാഹുലിന്റെ പ്രസ്താവനയില്‍ രോഷാകുലനായ അകാലി നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ ആരോപിച്ചത്. 'വംശഹത്യ'യില്‍ പങ്കാളികളായ തന്റെ പാര്‍ട്ടി നേതാക്കളെ രാഹുല്‍ ഗാന്ധി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ്. '1984-ലെ സിഖ്വിരുദ്ധ കലാപങ്ങളില്‍ കോണ്‍ഗ്രസ്സിനു പങ്കില്ലെന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി 'സിഖ്' സമുദായത്തിന്റെ മുറിവുകളില്‍ ഉപ്പ് പുരട്ടുകയാണ് ചെയ്തത്'' എന്നാണ് അകാലി നേതാവ് പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ കലാപങ്ങളില്‍ പങ്കാളികളായിരുന്നില്ലെങ്കില്‍, എച്ച്.കെ.എല്‍. ഭഗത്, ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍ കുമാര്‍ എന്നീ പാര്‍ട്ടി നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള തീരുമാനം പാര്‍ട്ടി പിന്‍വലിച്ചത് എന്തിനാണെന്നു വ്യക്തമാക്കാനും ബാദല്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. ''മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കിയ ഗവണ്‍മെന്റില്‍ മന്ത്രിയായിരുന്ന ജഗദീഷ് ടൈറ്റ്‌ലറെ സ്ഥാനത്തുനിന്നും നീക്കം ചെയ്തത് എന്തിനാണെ''ന്നും അദ്ദേഹം ചോദിച്ചു.
സിഖ് കൂട്ടക്കൊല ഉള്‍പ്പെടെ കോണ്‍ഗ്രസ് പാര്‍ട്ടി വരുത്തിയ ഗുരുതരമായ തെറ്റുകളുടെയെല്ലാം ഉത്തരവാദിത്വം രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഏറ്റെടുത്തുവെങ്കിലും ഏറെ മുന്‍പേ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ചവര്‍ ഇക്കാര്യത്തില്‍ മാപ്പു പറഞ്ഞിട്ടുണ്ട്. 2005-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സിഖുകാരുടെ കൂട്ടക്കൊലയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മാപ്പ് പറയുകയുണ്ടായി. പിന്നീട് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയും രാഹുല്‍ ഗാന്ധിയുടെ അമ്മയുമായ സോണിയാ ഗാന്ധിയും കലാപങ്ങളില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനാപരമായി ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ഉണ്ടായിട്ടില്ല എന്ന് എടുത്തുപറയേണ്ടതുണ്ട്. മാത്രവുമല്ല, ഇന്ദിരാഗാന്ധി വധത്തിനുശേഷം ഇന്ദിരയുടെ പുത്രനും രാഹുലിന്റെ പിതാവുമായ രാജീവ് ഗാന്ധി പുറപ്പെടുവിച്ച 'വന്‍മരങ്ങള്‍ വീഴുമ്പോള്‍...' പോലുള്ള നിര്‍ദയമായ പ്രസ്താവനകള്‍ ചരിത്രത്തില്‍ അപൂര്‍വമായേ ഉണ്ടായിട്ടുള്ളൂ. രാഹുലും സോണിയയും കോണ്‍ഗ്രസ് പാര്‍ട്ടിയും ആ പ്രസ്താവനയെപ്പറ്റി ഇതുവരെ എവിടെയെങ്കിലും സംസാരിച്ചതായി കേട്ടിട്ടുമില്ല.
1984-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ വലിയ തോതിലുള്ള അക്രമങ്ങള്‍ അരങ്ങേറി. സിഖ് സമുദായത്തില്‍പ്പെട്ടവരുടെ കൂട്ടക്കൊലയും നടന്നു. പലരും ജീവനോടെ ദഹിപ്പിക്കപ്പെട്ടു നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, 1984-ലെ കലാപങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആകെ 587 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കലാപങ്ങളില്‍ 2,733 ആളുകള്‍ കൊല്ലപ്പെട്ടു. ഇതില്‍ ഏകദേശം 240 കേസുകള്‍ 'കണ്ടെത്താനായില്ല' എന്നു പറഞ്ഞ് പിന്നീട് പൊലീസ് അവസാനിപ്പിച്ചു, ഏകദേശം 250 കേസുകളില്‍ പ്രതികളെ വെറുതെ വിട്ടയയ്ക്കുകയും ചെയ്തു. 2023 മെയ് മാസത്തില്‍ മാത്രമാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐ 1984 നവംബര്‍ ഒന്നിനു മൂന്നുപേരുടെ കൊലപാതകങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറുടെ പങ്കിനെക്കുറിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്നേ ദിവസം ഡല്‍ഹിയിലെ പുല്‍ ബംഗാഷ് ഗുരുദ്വാര ആസാദ് മാര്‍ക്കറ്റ് പ്രദേശത്ത് ഒത്തുകൂടിയ ജനക്കൂട്ടത്തെ ടൈറ്റ്‌ലര്‍ ''കലാപത്തിനു പ്രേരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത് ഇളക്കിവിട്ടു'' എന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ ആരോപിച്ചത്. ജനക്കൂട്ടം ഗുരുദ്വാര കത്തിക്കുകയും തുടര്‍ന്ന് താക്കൂര്‍ സിംഗ്, ബാദല്‍ സിംഗ്, ഗുരുചരണ്‍ സിംഗ് എന്നിവര്‍ കൊല്ലപ്പെടുകയും ചെയ്തു.
സിഖ് കൂട്ടക്കൊല സംഭവിച്ചിട്ട് നാലു പതിറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ മാറിമാറി വന്ന ഗവണ്‍മെന്റുകള്‍ സിഖ്വിരുദ്ധ കലാപത്തില്‍ സാരമായി പങ്കുവഹിച്ചവരെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ് ഉണ്ടായത്. ഈ വംശീയഹത്യയുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റുകള്‍ പത്ത് കമ്മിഷനുകളെ നിയോഗിച്ചിരുന്നു. സ്വതന്ത്ര സിവില്‍ സൊസൈറ്റി അന്വേഷണങ്ങളില്‍ പൊലീസും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളും ഒത്താശ ചെയ്‌തെന്നും കണ്ടെത്തിയിരുന്നു. എന്നിട്ടും സജ്ജന്‍കുമാറൊഴികെ ആയിരക്കണക്കിനു മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളെന്ന നിലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാധാരണ അനുഭാവികളായ 30 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഒത്താശ ചെയ്ത ഒരു പൊലീസ് ഉദ്യോഗസ്ഥനും ശിക്ഷിക്കപ്പെടുകയുണ്ടായില്ല. ബലാത്സംഗക്കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടതുമില്ല.
2005-ല്‍ സര്‍ക്കാര്‍ നിയോഗിച്ച റിട്ട. സുപ്രീംകോടതി ജഡ്ജി ജി.ടി. നാനാവതിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അവസാനിപ്പിച്ച നാല് കേസുകള്‍ വീണ്ടും പുനരന്വേഷിക്കാന്‍ തീരുമാനിക്കുകയുണ്ടായി. എന്തായാലും സജ്ജന്‍കുമാറും ജഗദീഷ് ടൈറ്റ്‌ലറും ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസുണ്ടായി എങ്കിലും ഇതുവരെ ശിക്ഷിക്കപ്പെട്ട ഒരു പ്രധാന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ മാത്രമാണ്.
ഹിന്ദുത്വരാഷ്ട്രീയവും സിഖ് കൂട്ടക്കൊലയും
സിഖ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കുമെന്നും അവരെ ജയിലിലടയ്ക്കുമെന്നുമൊക്കെ പിന്നിട്ട പൊതുതെരഞ്ഞെടുപ്പു വേളകളിലൊക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും സിഖ് സമുദായത്തിനും രാഷ്ട്രത്തിനും ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയിരുന്നു. പോരാത്തതിന് സിഖ് കൂട്ടക്കൊലയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലാണെന്ന് ജനത്തെ ബോദ്ധ്യപ്പെടുത്താന്‍ മോദിയും ഷായുമടങ്ങുന്ന ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ പലപ്പോഴും ശ്രമിച്ചു പോരുന്നുണ്ട്. എന്നാല്‍, 2002-ലെ ഗുജറാത്തിലെ വംശീയഹത്യ നരേന്ദ്രമോദിയുടെ ഭരണത്തിന്‍ കീഴിലാണ് നടന്നത് എന്നു കണക്കിലെടുക്കുമ്പോള്‍ മോദിക്കും ബി.ജെ.പിക്കും 1984-ലെ കൂട്ടക്കൊലയെക്കുറിച്ച് സംസാരിക്കാന്‍ യഥാര്‍ത്ഥത്തില്‍ ധാര്‍മിക അവകാശമുണ്ടോ? ചരിത്രത്തില്‍ ഹിന്ദുത്വവാദികള്‍ നിര്‍വഹിച്ച പങ്കെന്തെന്നു പരിശോധിച്ചാല്‍ ബി.ജെ.പിക്കും രാഷ്ട്രീയ സ്വയം സേവക് സംഘത്തിനും ഏതു നിലയ്ക്കാണ് സിഖ് സമൂഹത്തിന്റെ അഭ്യുദയകാംക്ഷികളാകാനാകുക എന്ന ചോദ്യം തീര്‍ച്ചയായും ഉയരും. 1980-കളില്‍ പഞ്ചാബ് കത്തിയെരിഞ്ഞപ്പോള്‍ സംഘത്തിന്റെ പങ്ക് എന്തായിരുന്നു എന്നതുകൂടി നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്.
1950-കളില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ നിര്‍ണയിച്ച ഘട്ടത്തിലാണ് പഞ്ചാബ് സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രസ്ഥാനം ഉടലെടുക്കുന്നത്. വിഭജനത്തിനു മുന്‍പുള്ള കിഴക്കന്‍ പഞ്ചാബ് സംസ്ഥാനത്ത് നിന്നുള്ളവര്‍ക്കായി പഞ്ചാബി സംസാരിക്കുന്നവരുടെ ഒരു സംസ്ഥാനം രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. സിഖ് ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനം എന്ന സങ്കല്പം ബി.ജെ.പിയുടെ മുന്‍ രൂപമായ ഭാരതീയ ജനസംഘത്തെ പ്രകോപിപ്പിച്ചു. അവര്‍ ഹിന്ദുക്കളേയും സിഖുകാരേയും പരസ്പരം അകറ്റി 'ഗ്രേറ്റര്‍ പഞ്ചാബ്' എന്ന അജന്‍ഡയ്ക്ക് പ്രചാരം നല്‍കാനാണ് ശ്രമിച്ചത്. സിഖ് വിരോധം മൂത്ത് സുവര്‍ണക്ഷേത്രത്തിനു സമീപം ബീഡി, ഗുഡ്ക, പുകയില, പുകയില ഉല്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍ക്കു ജനസംഘം പൂര്‍ണ പിന്തുണ നല്‍കി. സിഖ് മതം പുകയിലയ്ക്കും പുകയില ഉല്പന്നങ്ങള്‍ക്കും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമൃത്‌സര്‍ റയില്‍വെ സ്റ്റേഷനു സമീപമുണ്ടായിരുന്ന സുവര്‍ണക്ഷേത്രത്തിന്റെ മാതൃക ബി.ജെ.പി നേതാവ് ഹര്‍ബന്‍സ് ലാല്‍ ഖന്ന പരസ്യമായി നശിപ്പിച്ചെന്നും ആരോപിക്കപ്പെട്ടു.
ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്നറിയപ്പെട്ട സുവര്‍ണക്ഷേത്രത്തിലെ സൈനിക നടപടിക്ക് സമ്മര്‍ദം ചെലുത്തിയവരില്‍ ആര്‍.എസ്.എസ്സും ബി.ജെ.പിയുമായിരുന്നു മുന്നില്‍. ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ്, സുവര്‍ണക്ഷേത്രത്തിലേയ്ക്ക് സൈന്യത്തെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനിയും എ.ബി. വാജ്പേയിയും ഡല്‍ഹിയില്‍ ധര്‍ണ നടത്തി. മൈ കണ്‍ട്രി, മൈ ലൈഫ് എന്ന തന്റെ ജീവചരിത്ര പുസ്തകത്തില്‍ അദ്വാനി ഇതു സംബന്ധിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹം സുവര്‍ണക്ഷേത്രത്തിലെ സൈനിക നടപടിയെ പ്രശംസിക്കുകയാണ് ചെയ്തത്. പഞ്ചാബിനെക്കുറിച്ചുള്ള അദ്ധ്യായത്തില്‍, 'പഞ്ചാബിന്റെ ആഘാതവും വിജയവും' എന്ന തലക്കെട്ടില്‍ അദ്വാനി ഇങ്ങനെ എഴുതുന്നു: ''ഭിന്ദ്രന്‍വാലയ്ക്കും അദ്ദേഹത്തിന്റെ സ്വകാര്യ സൈന്യത്തിനും മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുന്നതിനെതിരെ ബി.ജെ.പി ചരിത്രത്തിലെ പ്രധാന ബഹുജന പ്രക്ഷോഭങ്ങളിലൊന്ന്... സുവര്‍ണക്ഷേത്രം അവരുടെ പ്രവര്‍ത്തന ആസ്ഥാനമാക്കിയതിനെതിരെയായിരുന്നു.'' ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനുശേഷം, സൈനിക നടപടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ആര്‍.എസ്.എസ് ലഡു വിതരണം ചെയ്തതായി നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പില്‍ക്കാലത്ത് മോദി സര്‍ക്കാര്‍ ഭാരതരത്‌നം നല്‍കി ആദരിച്ച ജനസംഘ് നേതാവ് നാനാജി ദേശ്മുഖ് 'ആത്മപരിശോധനയുടെ നിമിഷം' എന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതില്‍ അദ്ദേഹം ബ്ലൂ സ്റ്റാര്‍ നടപടിയെ മുന്‍നിര്‍ത്തി ഇന്ദിരാഗാന്ധിയെ പ്രശംസിക്കുകയും അക്കാലത്തെ സിഖ് നേതാക്കളെ കുറ്റപ്പെടുത്തി 1984-ലെ സിഖ് കൂട്ടക്കൊലയെ ന്യായീകരിക്കുകയും ചെയ്തു. അതുപോലെ, ഇപ്പോള്‍ ബി.ജെ.പിയുമായി അകന്നു കഴിയുന്ന അരുണ്‍ ഷൂറി 'ദ പഞ്ചാബ് സ്റ്റോറി' എന്ന പുസ്തകത്തിലെ ഒരു ലേഖനത്തില്‍ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനെ ന്യായീകരിച്ചു. ഇന്നത്തെ ബി.ജെ.പി നേതാക്കളില്‍ പലരും രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയിലായിരുന്നു എന്നതും ഒരു വസ്തുതയാണ്.
സംഘ് പരിവാര്‍ മറക്കാനും മറച്ചുവയ്ക്കാനും ആഗ്രഹിക്കുന്ന ഒരു വസ്തുതയാണ് 1984-ലെ കൂട്ടക്കൊലയിലെ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ പങ്കാളിത്തം സംബന്ധിച്ച യാഥാര്‍ത്ഥ്യം. കൂട്ടക്കൊലയ്ത്തുശേഷം ഡല്‍ഹി സിറ്റി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 14 എഫ്.ഐ.ആറുകളില്‍ കുറഞ്ഞത് 49 ബി.ജെ.പി, സംഘ് അംഗങ്ങളുടെ പേരുകളെങ്കിലും പരാമര്‍ശിച്ചിട്ടുണ്ട്. 1984-ലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത് തെക്കന്‍ ഡല്‍ഹിയിലെ ശ്രീനിവാസ് പുരി സ്റ്റേഷനിലാണ്. ആ എഫ്.ഐ.ആറുകള്‍ പരിശോധിച്ചാല്‍ ഹരി നഗര്‍, ആശ്രമം, ഭഗവാന്‍ നഗര്‍, സണ്‍ലൈറ്റ് കോളനി എന്നിവിടങ്ങളിലെ കൊലപാതകം, തീ വയ്പ്, കലാപം എന്നിവയില്‍ നിരവധി ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെ കേസെടുത്തതായി കാണാം. 1980-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാജ്പേയിയുടെ പോളിംഗ് ഏജന്റായിരുന്ന രാം കുമാര്‍ ജെയിന്‍ എഫ്.ഐ.ആറുകളില്‍ പേരുള്ള ഒരാളാണ്.
എഴുത്തുകാരനും ചരിത്രകാരനുമായ ശംസുല്‍ ഇസ്ലാം പറയുന്നത് ''കൂട്ടക്കൊലയ്ക്ക് ശേഷം, ദേശീയതയുടെ പേരില്‍ രാജീവ് ഗാന്ധി ഭൂരിപക്ഷ സമുദായത്തെ അണിനിരത്തിയ രീതി, തീവ്ര ഹിന്ദു സംഘടനകള്‍ കോണ്‍ഗ്രസ്സിനെ പൂര്‍ണമായും പിന്തുണച്ചു എന്നതിനുള്ള തെളിവാണ്.'' എന്നാണ്. സിഖ് സമൂഹത്തോടുള്ള സംഘ് പരിവാറിന്റെ ശത്രുത എടുത്തുകാണിക്കുന്ന മറ്റൊരു സംഭവം 1991-ല്‍ ഉത്തര്‍പ്രദേശിലെ പിലിഭിത്ത് പട്ടണത്തില്‍ പൊലീസ് പത്ത് സിഖ് തീര്‍ത്ഥാടകരെ കൊലപ്പെടുത്തിയതാണ്. തീവ്രവാദികളെന്ന് ആരോപിച്ചാണ് നിരപരാധികളായ ആ മനുഷ്യരെ പൊലീസ് കൊലപ്പെടുത്തിയത്. അന്ന് യു.പി ഭരിച്ചിരുന്നത് കല്യാണ്‍ സിംഗ് നേതൃത്വം നല്‍കിയ ബി.ജെ.പി സര്‍ക്കാരായിരുന്നു.
'ഒരു വലിയ മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെ'ന്ന സിഖ് വംശഹത്യയെ സംബന്ധിച്ച രാജീവ് ഗാന്ധിയുടെ കുപ്രസിദ്ധമായ പ്രസ്താവന അക്കാലത്ത് പ്രകടമായ ഭൂരിപക്ഷ വികാരത്തെ അദ്ദേഹം ദേശീയതയുടെ വികാരമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. തീര്‍ച്ചയായും അത് അദ്ദേഹത്തിന് 1984-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിക്കൊടുത്തു. 30 വര്‍ഷങ്ങള്‍ക്കുശേഷം, മറ്റൊരു വ്യക്തി പ്രധാനമന്ത്രിയായി. ഒരു ന്യൂനപക്ഷ സമുദായത്തിനെതിരായ മറ്റൊരു കൂട്ടക്കൊലയെ ഏതൊരു പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമുണ്ടെന്ന ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഉദ്ധരിച്ച് അദ്ദേഹം ന്യായീകരിച്ചു. ഭൂരിപക്ഷജനതയുടെ ആനുകൂല്യം തന്നെയായിരുന്നു അപ്പോഴും ലക്ഷ്യമിട്ടത്. ന്യൂനപക്ഷ വിരുദ്ധത 'ദേശീയത'യായി അപ്പോഴും കണക്കാക്കപ്പെടുന്നു.
തീര്‍ച്ചയായും ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ ഇതുവരെ കോണ്‍ഗ്രസ് പാര്‍ട്ടി വരുത്തിയ കൈകുറ്റപ്പാടുകളുടെ ഉത്തരവാദിത്വം ആ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നത് ഒരു നല്ല നടപടി തന്നെ. ഇനി ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് തദൃശമായ ഒരു നടപടി മോദിയില്‍ നിന്നുണ്ടാകുമോ എന്ന് ചോദിക്കാനും ഇപ്പോള്‍ മുതിരാം.
''നിങ്ങളുടെ കണ്ണുകളുടേയും കാതുകളുടേയും തെളിവുകള്‍ നിരസിക്കാന്‍ പാര്‍ട്ടി നിങ്ങളോട് പറയുന്നു എങ്കില്‍ അത് അവരുടെ അന്തിമവും പരമപ്രധാനവുമായ കല്പനയായിരിക്കും അതെന്ന്'' ജോര്‍ജ് ഓര്‍വെല്‍ തന്റെ കൃതിയില്‍ 1984-ല്‍ പറയുന്നുണ്ട്. ഒരു ജനതയെ, അവരുടെ സ്വന്തം അനുഭവങ്ങളേയും ഓര്‍മകളേയും നിഷേധിക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു നിയന്ത്രിതശക്തിയുടെ അധികാരത്തെക്കുറിച്ചാണ് ആ വരികള്‍ സംസാരിക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാല്‍ നിഷേധിക്കപ്പെട്ട ഭൂതകാല യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നതിലേയും അഭിമുഖീകരിക്കുന്നതിലേയും ബുദ്ധിമുട്ടാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. ഇരകളുടേയും സാക്ഷികളുടേയും ജീവിതാവസ്ഥകള്‍ തള്ളിക്കളയുകയോ അസാധുവാക്കുകയോ ചെയ്യുമ്പോള്‍ അവര്‍ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ വലിയ പോരാട്ടങ്ങള്‍ നടത്തേണ്ടിവരുന്നുണ്ട്. 1984-ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് രാഹുല്‍ ഗാന്ധി അടുത്തിടെ നടത്തിയ പ്രസ്താവന തീര്‍ച്ചയായും ആ പോരാട്ടങ്ങളുടെ കൂടി പരിണതിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ