
ലോകത്ത് രണ്ടു മനുഷ്യര്‍ ബാക്കിയാവുന്നുണ്ടെങ്കില്‍ നമുക്ക് വീട്ടില്‍ തിരിച്ചെത്താന്‍ പറ്റും. നമ്മളല്ലാതെയുള്ള ആ രണ്ടാമത്തെയാള്‍, അയാള്‍ നമ്മളെ സഹായിക്കും. ഒറ്റയ്ക്ക് ലോകത്ത് ബാക്കിയാവുമ്പോഴേ നിരാശപ്പെടേണ്ടതുള്ളൂ'' - ഐ.എ.എസ് ഉദ്യോഗസ്ഥയായ അദീല അബ്ദുല്ല ഇക്കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പിലെ വരികളാണ്. ബാപ്പ തനിക്കു നല്‍കിയ ഉപദേശങ്ങളായി അദീല പങ്കുവയ്ക്കുന്ന പത്തു കാര്യങ്ങളില്‍ മനുഷ്യനിലുള്ള അപാരമായ വിശ്വാസംകൊണ്ട് അതിഭംഗിപ്പെടുന്നുണ്ട്, ഈ ഭാഗം. ശരിക്കും അങ്ങനെത്തന്നെയാണോ നമ്മള്‍? ആ രണ്ടാമത്തെയാള്‍ ഉറപ്പായും നമ്മളെ സഹായിക്കുമോ? അല്ലെങ്കില്‍ നമ്മള്‍ അയാളെ?
ഒരു കഥ പറയാം. നോവലോ സിനിമാക്കഥയോ ഒക്കെയാണ്, എങ്കിലും പശ്ചാത്തലം കഥയല്ല, അധികമൊന്നും പഴകിപ്പോയിട്ടില്ലാത്ത ചരിത്രമാണ്. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഒരു നാട് - പട്ടിണിയും ദുരിതവുംകൊണ്ട് പൊറുതിമുട്ടിയ നാട് - അവിടുത്തെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ദൂരെയുള്ള മറ്റൊരു നാടിനെ ഏല്പിക്കുന്നു. തിരിച്ചും പറയാം, ശരിക്കും തിരിച്ചുപറയുമ്പോഴാണ് അത് കുറേക്കൂടി മനോഹരമാവുക. ദൂരെ എവിടെയോ ഉള്ള, കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത മനുഷ്യരുടെ കുഞ്ഞുങ്ങളെ, അവരുടെ ദുരിതകാലം തീരും വരെ, ഇങ്ങു തരൂ ഞങ്ങള്‍ നോക്കിക്കോളാം എന്നു പറഞ്ഞ് മറ്റെവിടെയോ ഉള്ള മനുഷ്യര്‍ സ്വീകരിക്കുന്നു. മനുഷ്യന്‍, ഹാ എത്ര മഹത്തായ പദം എന്നു തോന്നിപ്പോവും നമുക്ക്. വയോള ആര്‍ഡോണിന്റെ നോവലിനെ ആസ്പദമാക്കി ക്രിസ്റ്റിന കൊമന്‍സിനി ഒരുക്കിയ ആ സിനിമ നെറ്റ്ഫ്‌ലിക്സിലുണ്ട്. 'ദ ചില്‍ഡ്രന്‍സ് ട്രെയിന്‍'. ( the children`s train)
യുദ്ധം മനുഷ്യരെ കെടുതിയിലാക്കും, പട്ടിണിയാണ് അതിന്റെ പ്രത്യക്ഷരൂപം. രണ്ടാം ലോക യുദ്ധകാലത്ത് ഇറ്റലിയില്‍ ഇങ്ങനെ പട്ടിണിയിലായ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കൈയെടുത്തു നടപ്പാക്കിയ പദ്ധതിയാണ് ഹാപ്പിനെസ് ട്രെയിന്‍. യുദ്ധക്കെടുതിയില്‍ മുങ്ങിനിന്ന തെക്കന്‍ ഇറ്റലിയിലെ കുഞ്ഞുങ്ങളെ, യുദ്ധം അത്രയ്ക്കു നാശം വിതയ്ക്കാത്ത രാജ്യത്തിന്റെ വടക്കന്‍ ദേശങ്ങളിലെത്തിക്കുക. അവിടത്തെ കുടുംബങ്ങളില്‍ അംഗങ്ങളെപ്പോലെ ആ കുഞ്ഞുങ്ങള്‍ വളരുക. അതായിരുന്നു പദ്ധതി. ഒന്നും രണ്ടുമല്ല, 1945-നും 1952-നും ഇടയ്ക്ക് 70,000-ലേറെ കുഞ്ഞുങ്ങളാണ് അങ്ങനെ സന്തോഷത്തിന്റെ തീവണ്ടി കയറി വടക്കന്‍ ഇറ്റലിയിലേക്ക് പോയത്. അവര്‍ക്കവിടെ അച്ഛനും അമ്മയുമുണ്ടായി, സഹോദരങ്ങളുണ്ടായി, പുതിയൊരു ലോകമുണ്ടായി. അങ്ങനെ പുതിയ ലോകമുണ്ടാക്കിയവരില്‍ ഒരാളുടെ - അമേരിഗോ സ്പൊരാണ്‍സയുടെ - കഥയാണ് 'ചില്‍ഡ്രന്‍സ് ട്രെയിന്‍'. വലിയ വയലിനിസ്റ്റ് ആയിത്തീര്‍ന്ന അമേരിയുടെ ഓര്‍മകളിലൂടെയാണ് ആ കഥ വിരിയുന്നത്.
'ദൈവം തന്ന ശിക്ഷ' അങ്ങനെയാണ് അമേരിയുടെ അമ്മ അവനെപ്പറ്റി കളിയായി പറയാറ്. വടക്കന്‍ ദേശത്ത് തന്നെ എടുത്തു വളര്‍ത്തിയ ഡെര്‍നയോട് അമേരി തന്നെ അതു പറയുന്നുണ്ട്. കൂടെ വന്ന എല്ലാ കുട്ടികളേയും പുതിയ രക്ഷിതാക്കള്‍ കൊണ്ടുപോയി, ബാക്കിയായ അമേരി യേയാണ്, ഏറ്റവും ഒടുവിലെത്തിയ ഡെര്‍ന ഏറ്റുവാങ്ങുന്നത്. മറ്റുള്ളവരെല്ലാം കുട്ടികള്‍ക്കുള്ള മിഠായിയോ മധുരപലഹാരങ്ങളോ ആയി എത്തിയപ്പോള്‍, പഴയൊരു സൈക്കിള്‍ വണ്ടിയില്‍ കിതച്ചെത്തിയ ഡെര്‍ന അമേരിയോട് പറഞ്ഞു: ''വാ, ഇരുട്ടും മുന്‍പ് വീട്ടിലെത്തണം'' അങ്ങനെയാണ് ആ ബന്ധം തുടങ്ങുന്നത്. പിന്നീടൊരിക്കല്‍ ഡെര്‍ന തന്നെ അമേരിയോട് പറയുന്നുണ്ട്, ''എനിക്ക് കുട്ടികളെ വളര്‍ത്താനൊന്നും അറിയില്ല; പാര്‍ട്ടി ഒരാളെ എടുക്കാന്‍ പറഞ്ഞു, ഞാന്‍ എടുത്തു.'' ''എന്നിലെ കാരുണ്യവായ്പിനെ അഗ്‌നിയെപ്പോലെ ഉദ്ദീപ്തമാക്കാന്‍ നീ എന്നെ പഠിപ്പിച്ചു'' എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് നെരുദ എഴുതിയത് നമുക്കോര്‍മ വരും.*
ഡെര്‍നയുടെ സഹോദരന്‍ ആല്‍സൈഡ് ആണ് അമേരിയുടെ കൈകളിലേക്ക് ആദ്യമായി ഒരു വയലിന്‍ വച്ചു കൊടുക്കുന്നത്. അതില്‍ അവന്റെ താല്പര്യം അയാളെ ഉത്സാഹപ്പെടുത്തി. അവന് അയാള്‍ വയലിന്‍ പാഠങ്ങള്‍ പറഞ്ഞുകൊടുത്തു, ജന്മദിനത്തില്‍ സ്വന്തമായി നിര്‍മിച്ച വയലിന്‍ സമ്മാനിച്ചു. നീ വയലിന്‍ നന്നാക്കിയാണോ ജീവിക്കാന്‍ പോവുന്നതെന്നു ചോദിച്ചവരോട്, ഞാനത് വായിക്കാനാണ് പോവുന്നതെന്ന് അവന്‍ മറുപടി പറഞ്ഞപ്പോള്‍ അയാള്‍ അഭിമാനത്തോടെ പുഞ്ചിരിച്ചു. ഇങ്ങനെയൊക്കെ ആയിരിക്കുമ്പോള്‍ തന്നെ, മറ്റേതൊരാളേയും പോലെ നാട് അമേരിഗോയ്ക്കുള്ളില്‍ തിരയടിച്ചുകൊണ്ടേയിരുന്നു. നേപ്പിള്‍സിലെ പഴകിയ തെരുവുകള്‍, അവിടെ മുഷിഞ്ഞ വീട്ടില്‍ അതിലും മുഷിഞ്ഞ ഉടുപ്പുകളിട്ട അമ്മ. ''ഞാന്‍ എന്നാണ് ഇനി വീട്ടിലേക്കു പോവുക?'' - അവന്‍ ഡെര്‍നയോട് ചോദിച്ചു. വിത്തിടാന്‍ പാകപ്പെടുത്തിയ ഗോതമ്പുപാടങ്ങള്‍ക്കരികിലായിരുന്നു അപ്പോള്‍ അവര്‍. ''ഈ പാടങ്ങള്‍ ഇനി പച്ചപുതയ്ക്കും, പിന്നെ കതിരിടും, അതും കഴിഞ്ഞ് മഞ്ഞയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കും. അപ്പോള്‍ നിനക്കു വീട്ടിലേക്ക് പോവാം.'' ഗോതമ്പുപാടങ്ങള്‍ പ്രകൃതിയില്‍ ആരോ വിരിച്ചിട്ട വലിയൊരു കലണ്ടര്‍ പോലെ അവനു തോന്നിയിരിക്കണം.
ദാരിദ്ര്യത്തിന്റെ പിടിയില്‍ അകപ്പെട്ട കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ഏതാനും സന്നദ്ധസംഘടനകള്‍ രൂപപ്പെടുത്തിയ, സമാനസ്വഭാവമുള്ള പദ്ധതിയായിരുന്നു, 'അനാഥരുടെ തീവണ്ടികള്‍.' രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തെ പാവപ്പെട്ടവരുടെ, മിക്കവാറും കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങളെ കൃഷിഭൂമിയാല്‍ സമ്പന്നമായ മിഡ് വെസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു പദ്ധതി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ ഇതുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെയുള്ള കാലയളവില്‍ ഇങ്ങനെ രണ്ടു ലക്ഷത്തോളം കുട്ടികളെ എത്തിച്ചെന്നാണ് കണക്കുകള്‍. അനാഥര്‍, വീടില്ലാത്തവര്‍, ദരിദ്രര്‍ എന്നൊക്കെയാണ് 'അനാഥരുടെ തീവണ്ടികള്‍'ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകള്‍ പറഞ്ഞിരുന്നതെങ്കിലും പദ്ധതി പിന്നീട് വലിയ വിമര്‍ശനം നേരിട്ടു. ദരിദ്രരായ കുടിയേറ്റക്കാരുടെ മക്കളെ കൃഷിയിടങ്ങളില്‍ ബാലവേലയ്ക്കായി എത്തിക്കുകയാണ് ഫലത്തില്‍ സംഭവിച്ചത് എന്നായിരുന്നു വിമര്‍ശനം. പക്ഷേ, ദാരിദ്ര്യം സത്യമായിരുന്നു, ദാരിദ്ര്യം കൊണ്ടുള്ള അനാഥത്വവും സത്യമായിരുന്നു. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ തന്നെയുള്ള അനാഥത്വം. ഇങ്ങ് കേരളത്തില്‍ അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുന്നുണ്ട്, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ പി.ടി. മുഹമ്മദ് സാദിഖ്.
''നിന്റെ ബാപ്പ എങ്ങനെയാ മരിച്ചത്'' അകലെയുള്ള യത്തീംഖാനയുടെ കാരുണ്യത്തില്‍ പുതിയ സ്‌കൂളിലെത്തിയ ആദ്യദിനം ചട്ടുകാലുള്ള മജീദ് ചോദിച്ച ചോദ്യം ഓര്‍ത്തുവയ്ക്കുന്നുണ്ട്, സാദിഖ്. 'യത്തീമിന്റെ നാരങ്ങാമിഠായി'യില്‍ സാദിഖ് എഴുതുന്നു:
''നിന്റെ ബാപ്പ എങ്ങനെയാ മരിച്ചത്?
ഞാന്‍ ഞെട്ടിപ്പോയി. പിന്നെ നിറയെ പുഴുപ്പല്ലുകളുള്ള ഹമീദും എപ്പോഴും മൂക്കളയൊലിപ്പിക്കുന്ന മൊയ്തിയും അതേ ചോദ്യം ചോദിച്ചു. കണക്ക് പഠിപ്പിക്കുന്ന കുഞ്ഞിക്കൃഷ്ണന്‍ മാഷും മലയാളം പഠിപ്പിക്കുന്ന പ്രസന്ന ടീച്ചറും ചോദിച്ചു. ചോദ്യങ്ങളില്‍ വ്യത്യാസമുണ്ടാവും. ബാപ്പ എങ്ങനെയാ മരിച്ചത്? ബാപ്പ മരിച്ചിട്ട് എത്രയായി? ഏതായാലും ചോദ്യത്തിന്റെ ഉന്നം ഒന്നായിരുന്നു.
ബാപ്പ മരിച്ചിട്ടില്ലെന്ന അറിവ് മജീദിന് അതിശയമായിരുന്നു. ബാപ്പ മരിച്ചതുകൊണ്ടാണ് അവന് യത്തീംഖാനയില്‍ വരേണ്ടിവന്നത്. ഹമീദിനും മൊയ്തിക്കും ബാപ്പ മരിച്ചുപോയിരുന്നു.
മജീദിനു സംശയം തീരുന്നില്ല. അവന്‍ പിന്നെയും ചോദിച്ചു: ''നിന്റെ ഉമ്മയാണോ മരിച്ചത്?''
ഗഫൂറിന്റേയും അസീസിന്റേയും ഉമ്മ മരിച്ചുപോയിരുന്നു. അതുകൊണ്ടാണ് അവര്‍ യത്തീംഖാനയില്‍ വരേണ്ടിവന്നത്.
യത്തീംഖാനയിലേക്ക് പുറപ്പെടാന്‍ ട്രങ്കു പെട്ടി ഒരുക്കുമ്പോള്‍ കണ്ണുകളില്‍ നീരു തുളുമ്പിനിന്ന ഉമ്മയെ ഓര്‍ത്തു ഞാനപ്പോള്‍. ഉമ്മയും ബാപ്പയും ജീവിച്ചിരിക്കുന്ന ഞാനെങ്ങനെ യത്തീംഖാനയിലെത്തി എന്നായിരുന്നു പിന്നെ മജീദിനും മൊയ്തിക്കും ഹമീദിനും അറിയേണ്ടിയിരുന്നത്.
അത് എനിക്കും നിശ്ചയമില്ലായിരുന്നു.''
എഴുത്തുകാരന്‍ തന്നെ, പക്ഷേ, കണ്ടെത്തുന്നുണ്ട് അതിനുത്തരം. ''മക്കള്‍ നാലായപ്പോഴായിരിക്കും വെക്കുന്ന കഞ്ഞിയും കാച്ചുന്ന ചായയും തികയാതെ വന്നത്. മദ്രസയില്‍ കുട്ടികളെ മതം പഠിപ്പിച്ചു വരുന്ന ബാപ്പ എത്ര കൂട്ടിയാലും കൂടാത്തതായിരിക്കാം അന്നത്തെ കണക്കുകള്‍. അപ്പോള്‍, സ്‌കൂളിലും മദ്രസയിലും പോവാതെ കുരുത്തക്കേട് കാട്ടി നടക്കുന്ന കടിഞ്ഞൂല്‍ പൊട്ടനെ യത്തീംഖാനയിലാക്കിക്കളയാം. വീട്ടില്‍ ഉമ്മയ്ക്ക് സ്വാസ്ഥ്യം, ബാപ്പയ്ക്ക് ഒരു വയറിന്റെ ചെലവ് ലാഭം.'' ദാരിദ്ര്യത്തില്‍ തട്ടി 'അനാഥ'നാവുകയും അതിന്റെ പേരില്‍, ഹൃദയത്തോട് ചേര്‍ന്നുനിന്നിരുന്ന മുത്തച്ഛനെ അവസാനമായി ഒരു നോക്കു കാണാന്‍ പോലും പറ്റാതിരിക്കുകയും ചെയ്ത അനുഭവം വിവരിക്കുന്ന ഹൃദ്യമായ കുറിപ്പാണ് യത്തീമിന്റെ നാരങ്ങാ മിഠായി.
നമ്മള്‍ അമേരിയിലേക്ക് തിരിച്ചുവരിക. വാക്കു കൊടുത്തപോലെ, ഗോതമ്പു കതിരുകള്‍ വിളഞ്ഞ കാലമായപ്പോള്‍ സങ്കടത്തോടെയെങ്കിലും ഡെര്‍ന അവനെ യാത്രയാക്കി. തീവണ്ടിയില്‍ കഴിക്കാനുള്ള ഭക്ഷണം, വീട്ടില്‍ ചെന്ന് അമ്മയോടൊത്ത് കഴിക്കാന്‍ വിശിഷ്ട പലഹാരങ്ങള്‍, ഉടുപ്പുകള്‍, പിന്നെ ആ വയലിന്‍... അങ്ങനെ വലിയ യാത്രയൊരുക്കങ്ങളാണ് ഡെര്‍ന അവനു വേണ്ടി ചെയ്തത്. 'പരുക്കന്‍ കമ്യൂണിസ്റ്റുകാരി'യായ ഡെര്‍ന അമേരി മടങ്ങിക്കഴിഞ്ഞപ്പോള്‍ സഹോദരനു മുന്നില്‍ വിതുമ്പിക്കരയുന്നുണ്ട്. അമേരി തിരിച്ചെത്തിയ നേപ്പിള്‍സ് പഴയതുപോലെ മുഷിഞ്ഞതും ദരിദ്രമായതുമായിത്തന്നെയിരുന്നു. എപ്പോഴും പാട്ടു മൂളുന്നവളെങ്കിലും അമ്മയ്ക്ക് അമേരിയുടെ വയലിന്‍ ഇഷ്ടമായതേയില്ല. ഇതാണോ വടക്കില്‍നിന്നു പഠിച്ചുവന്ന വിദ്യ എന്നവര്‍ അനിഷ്ടപ്പെട്ടു. ''അതെല്ലാം സമ്പന്നരുടേതാണ്, നമുക്ക് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുകയാണ് വേണ്ടത്, നീ അടുത്തുള്ള മരപ്പണിശാലയില്‍ പോവുക, കുറച്ചുദിവസംകൊണ്ട് പണി പഠിച്ചെടുത്താല്‍ അയാള്‍ കുറച്ചെന്തെങ്കിലും പണം തരാതിരിക്കില്ല.'' അമ്മ അമേരിയുടെ വയലിന്‍ കട്ടിലിനടിയിലേക്കു തള്ളി.
നേപ്പിള്‍സിലെ കുട്ടികള്‍ തമ്മിലുള്ള സംസാരം എപ്പോഴും വടക്കുദേശത്തെ അച്ഛനിലും അമ്മയിലും എത്തിനിന്ന കാലം. വടക്കിലെ അച്ഛനും അമ്മയും അയച്ചുതന്ന പലഹാരങ്ങള്‍, ഉപഹാരങ്ങള്‍... അത്രമേല്‍ സ്വാഭാവികമായി അവര്‍ ദൂരെ ദിക്കിലെ മറ്റൊരു അച്ഛനേയും അമ്മയേയും പറ്റി പറയുന്നതു കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും, എന്തൊരു മനുഷ്യരായിരുന്നു നമ്മളെന്ന് തോന്നും. അമേരിഗോയ്ക്കു പക്ഷേ, വടക്കുനിന്നുള്ള സ്നേഹാന്വേഷണങ്ങളൊന്നും വന്നതേയില്ല. മടങ്ങുന്ന ദിവസം ഡെര്‍ന ഉറപ്പിച്ചുപറഞ്ഞതാണ്, ഞാന്‍ എഴുതും, പറ്റിയാല്‍ നീയെനിക്ക് മറുപടി എഴുതണം. കത്തു വല്ലതും വന്നോയെന്ന് ആവര്‍ത്തിച്ചു ചോദിച്ചിട്ടും ഇല്ലെന്ന ഒഴുക്കന്‍ മറുപടിയിലൊതുക്കി, അമ്മ.
ഡെര്‍നയില്‍ നിന്നുള്ള കത്തുകളും ഉപഹാരങ്ങളും അമ്മ മറച്ചുവയ്ക്കുകയായിരുന്നെന്ന് അറിയുന്ന ദിവസം ക്ഷുഭിതനായാണ് അമേരി വീട്ടിലെത്തിയത്. വയലിന്‍ പണയം വയ്ക്കുക കൂടി ചെയ്തിരിക്കുന്നുവെന്ന് അറിയുന്നതോടെ അവന്‍ വീടു വിട്ടിറങ്ങുന്നു. തീവണ്ടി അവനെ വടക്കന്‍ ദേശത്ത് തിരിച്ചെത്തിക്കുന്നിടത്താണ് ചില്‍ഡ്രന്‍സ് ട്രെയിന്‍ അവസാനിക്കുന്നത്. കാലങ്ങള്‍ക്കിപ്പുറം അമ്മ മരിച്ചതറിഞ്ഞ് നേപ്പിള്‍സില്‍ തിരിച്ചെത്തുന്ന അമേരി, പണയപ്പണം നല്‍കി തിരികെയെടുത്ത ആ വയലിന്‍ അതേ കട്ടിലിനടിയില്‍ കണ്ടെത്തുന്നുണ്ട്, ഒപ്പം അവനായി അമ്മ കുറിച്ചുവച്ച കത്തും. ''നീ തിരിച്ചെത്തിയപ്പോള്‍ ഡെര്‍ന എനിക്കെഴുതിയിരുന്നു. എനിക്കു നിന്നെ വന്നു കൊണ്ടുവരാമായിരുന്നു. നിനക്കറിയാമല്ലോ, എനിക്കാകെ നീയേ ഉണ്ടായിരുന്നുള്ളു. എങ്കിലും ഞാന്‍ വന്നില്ല, ചിലപ്പോഴൊക്കെ വേണ്ടെന്നുവയ്ക്കല്‍ കൂടിയാണ് സ്നേഹം.''
യുദ്ധങ്ങള്‍ നിലച്ചുപോയിട്ടൊന്നുമില്ല. ലോകത്ത് ഒരിടത്ത് അല്ലെങ്കില്‍ മറ്റൊരിടത്തായി അത് അനസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവിടങ്ങളിലെല്ലാം കുഞ്ഞുങ്ങള്‍ അനാഥരാക്കപ്പെടുകയോ കൊടും ദുരിതത്തിലേക്ക് തള്ളിയിടപ്പെടുകയോ ചെയ്യുന്നുണ്ട്. അവിടെ നിന്നൊന്നും പക്ഷേ, ഏഴോ എട്ടോ പതിറ്റാണ്ടു മുന്‍പ് ഇറ്റലിയില്‍നിന്നു കേട്ടതുപോലെ, 'സന്തോഷത്തിന്റെ തീവണ്ടി'കളുടെ ചൂളം വിളി കേള്‍ക്കുന്നില്ല. അകലെനിന്നുള്ള കുഞ്ഞുങ്ങളുടെ കരച്ചില്‍ നമ്മെ അലോസരപ്പെടുത്തുന്നേയില്ല. എന്താണ് നമുക്ക് നഷ്ടമായത്? നെരൂദയുടെ ആ കവിത ഒന്നുകൂടി വായിച്ചുനോക്കൂ, അതു തുടങ്ങുന്നത് ഇങ്ങനെയാണ്: 'You have given me fraternity toward the unknown man. അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നല്‍കി.''?
.......................................................
*To My Party - Pablo Neruda പരിഭാഷ: സച്ചിദാനന്ദന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ