
തിരുനക്കരയ്ക്ക് കോപ്പിറൈറ്റുള്ള ഒരു പഴയ പ്രയോഗം ചെറുതായൊന്നു മാറ്റിയാല്‍ വഞ്ചി ഇപ്പോഴും വഞ്ചിയൂരുതന്നെ എന്നു പറയാന്‍ കഴിയും. അത്ര വൃത്തിയില്ലാത്ത അഭിഭാഷകവൃത്തിക്കു പുറമേ ബെയിലിന്‍ ദാസ് എന്ന വഞ്ചിയൂര്‍ അഭിഭാഷകന്‍ വ്യാപരിക്കുന്നത് വഞ്ചിയുമായി ബന്ധപ്പെട്ട പ്രവൃത്തിയിലാണെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് തന്നെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിനാല്‍ കുലത്തൊഴിലിനെ അടിസ്ഥാനമാക്കി ഞാന്‍ 'സീനിയര്‍' അഭിഭാഷകനെ അവഹേളിച്ചുവെന്ന് പരാതിയുണ്ടാവില്ല. സീനിയറുടെ ജൂനിയറായ ശ്യാമിലിയുടെ കവിള്‍ കണ്ടാലറിയാം ബെയിലിന്‍ ദാസിന്റെ കൈപ്പത്തിക്കരുത്ത്. തുഴ പിടിക്കുന്ന കൈക്ക് കരുത്തുകൂടും. ദേശീയപാതയുടെ മിനുക്കത്തെ ഹേമമാലിനിയുടെ കവിളിനോടുപമിച്ച ഒരു നേതാവ് പണ്ട് കുഴപ്പത്തിലായിട്ടുണ്ട്. നമ്മുടെ നാട്ടില്‍ എന്തുപറഞ്ഞാലും ആരുടെയെങ്കിലും വികാരം വ്രണപ്പെടും. അല്ലെങ്കില്‍ മാനം ഹനിക്കപ്പെടും. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷകാലത്ത് തെരുവിലെ സമകാലികമായ ഒരു പ്രതിഭാസത്തെ സ്പര്‍ശിച്ചുകൊണ്ട് ഞാന്‍ നടത്തിയ പരാമര്‍ശം അഭിഭാഷകരെ വല്ലാതെ വേദനിപ്പിച്ചു. വേദനയുടെ മൂര്‍ദ്ധന്യത്തില്‍ അവര്‍ നെയ്യാറ്റിന്‍കര മുതല്‍ തളിപ്പറമ്പ് വരെ എനിക്കെതിരെ ആറിടങ്ങളില്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. എനിക്ക് അഭിഭാഷകന്റെ സേവനം തടഞ്ഞുകൊണ്ട് ബാര്‍ അസോസിയേഷനുകള്‍ ഏറ്റവും നിയമവിരുദ്ധമായ രീതിയില്‍ പ്രമേയം പാസാക്കി. എന്നെ കേരളം മുഴുവന്‍ ഓടിക്കുമെന്നായിരുന്നു അവരുടെ ഭീഷണി. ഓടില്ലെന്നു തീരുമാനിച്ചാല്‍ ഓടില്ല. ഓടിക്കാന്‍ വന്നവരാണ് ഓടിയത്. ഒരു യുവ അഭിഭാഷക വിലക്ക് വകവയ്ക്കാതെ ഹൈക്കോടതിയില്‍ ധൈര്യത്തോടെ ഹാജരായി എനിക്കെതിരെയുള്ള എല്ലാ കേസുകളും റദ്ദാക്കിച്ചു.
പെണ്ണിന്റെ കവിള്‍ ആണിന്റെ തരിപ്പ് തീര്‍ക്കാനുള്ള ഇടമാണെന്ന് ദീര്‍ഘകാലമായി സിനിമയും സീരിയലും കണ്ട് ഒരു ധാരണ എനിക്കുണ്ടായിട്ടുണ്ട്. ആദ്യം പിതാവ്, പിന്നെ സംരക്ഷകനാകുന്ന സഹോദരന്‍, തഴയപ്പെടുന്ന കാമുകന്‍, കോപിക്കുന്ന ഭര്‍ത്താവ് അങ്ങനെ പോകുന്നു അടിയുടെ അധികാരികള്‍. അക്കൂട്ടത്തിലേക്കാണ് ഇപ്പോള്‍ സീനിയര്‍ എന്ന വിഭാഗം കടന്നുവന്നിരിക്കുന്നത്. ഓഫീസില്‍ ഒന്നോ രണ്ടോ അഭിഭാഷകരുണ്ടെങ്കില്‍ ആര്‍ക്കും സീനിയറാകാം. അഡ്വക്കേറ്റ്സ് ആക്ടനുസരിച്ച് സീനിയറാകണമെങ്കില്‍ ഹൈക്കോടതി അപ്രകാരം അംഗീകരിക്കണം. അതൊരു പദവിയാണ്. ഏതായാലും തിരുവനന്തപുരത്ത് യുവഅഭിഭാഷകയെ സീനിയര്‍ മര്‍ദിച്ചുവെന്നാണ് കേസ്. ജൂനിയറെ നന്നാക്കിയെടുക്കാന്‍ സീനിയര്‍ ചതുരുപായങ്ങളും പ്രയോഗിക്കുമെന്ന് ഇപ്പോഴാണ് മനസ്സിലായത്. അഭിഭാഷകര്‍ നില്‍ക്കുന്നത് ബാറിലും ഇരിക്കുന്നത് ചേംബറിലുമാണ്. ബെയിലിന്‍ ദാസിന്റെ ചേംബര്‍ ഇംഗ്ലണ്ടിലെ പഴയ സ്റ്റാര്‍ ചേംബറിനെ അനുസ്മരിപ്പിക്കുന്നു. ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച സ്ഥാപനമാണ് സ്റ്റാര്‍ ചേംബര്‍.
ഇംഗ്ലീഷില്‍ déjà vu എന്നൊരു ഫ്രെഞ്ച് പദമുണ്ട്. ഇപ്പോള്‍ കാണുന്നത് പണ്ടെപ്പോഴോ കണ്ടതാണല്ലോ എന്ന വിചാരമാണത്. Already seen എന്ന അനുഭവത്തിന് നല്ല ഉദാഹരണമായി ബെയിലിനു ലഭിച്ച അഭിഭാഷക പിന്തുണ. കൊച്ചിയിലെ പ്രശ്നകാലത്ത് തെരുവില്‍ അപമാനിക്കപ്പെട്ട യുവതിക്കൊപ്പമല്ല, പരാതിക്ക് കാരണക്കാരനായ അഭിഭാഷകനൊപ്പമായിരുന്നു കേരളത്തിലെ അഭിവന്ദ്യമായ അഭിഭാഷകസമൂഹം. മാധ്യമപ്രവര്‍ത്തകരുടെ കോടതികളിലേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് 2016-ലെ സംഘര്‍ഷകാലത്ത് അവര്‍ പ്രാകാരം തീര്‍ത്തു. ബെയ്ലിന്റെ അടിയെക്കാള്‍ പ്രഹരശേഷിയുണ്ടായിരുന്നു അന്നത്തെ അഭിഭാഷകരുടെ അടിക്ക്. ബെയിലിനെ കോടതിയിലെത്തിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ വഞ്ചിയൂര്‍ കോടതിയുടെ മുന്നിലെത്തിയ ടെലിവിഷന്‍ ക്രൂവിനു നേരെ അഭിഭാഷകര്‍ അക്രമാസക്തരായി. ഇതാണ് ഡെജാ വൂ. എല്ലാം നേരത്തെ കണ്ടതിന്റേയും കേട്ടതിന്റേയും ആവര്‍ത്തനം.
സഹപ്രവര്‍ത്തകര്‍ക്കെതിരെ ശ്യാമിലി ഉന്നയിച്ച ആക്ഷേപം പോലും. എല്ലാം അങ്ങനെത്തന്നെയേ നടക്കൂ. വര്‍ഗബോധം സംഘടിതശക്തിയാകുമ്പോള്‍ ഇര ഒറ്റപ്പെടും. അവിടെ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. അഭിഭാഷകര്‍ക്ക് അഹിതകരമായ കാര്യങ്ങള്‍ പറഞ്ഞതിന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ എന്നെ സസ്പെന്‍ഡ് ചെയ്തു. ആറാം വര്‍ഷം ഹൈക്കോടതി ഇടപെട്ടപ്പോഴാണ് അത് പിന്‍വലിക്കപ്പെട്ടത്. ഭ്രഷ്ടായിരുന്നു എനിക്കെതിരെ. ഇപ്പോള്‍ ശ്യാമിലി അനുഭവിക്കുന്നതുപോലെ പ്രൊഫഷനില്‍ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഇല്ലെന്ന കാര്യം എനിക്ക് ബോധ്യമായി. അവര്‍ക്കൊപ്പം നിന്നില്ലെങ്കില്‍ അവര്‍ തെറിപറഞ്ഞ് ചെവി പൊട്ടിക്കുമെന്നാണ് നിസ്സഹായതയോടെ ഒരു സീനിയര്‍ അഭിഭാഷകന്‍ എന്നോട് പറഞ്ഞത്. ഇന്നത്തെ ബെയിലിന്‍ അന്നത്തെ സംഘര്‍ഷകാലത്ത് ആക്ടിവിസ്റ്റ് ആയിരുന്നിരിക്കണം.
നിയമത്തിന്റെ നിയന്ത്രണത്തിലും കര്‍ശനമായ ചട്ടക്കൂടിലും പ്രവര്‍ത്തിക്കുന്നവരാണ് അഭിഭാഷകര്‍. പക്ഷേ, അവിടെയാണ് അഴിഞ്ഞാട്ടത്തിന്റെ ആധിക്യം. എന്റോള്‍ ചെയ്യുന്നവരില്‍ പാതിയും വ്യാജബിരുദം ഹാജരാക്കുന്നവരാണെന്ന് സുപ്രീംകോടതിയില്‍നിന്നുതന്നെ പരാമര്‍ശമുണ്ടായിട്ടുണ്ട്. പ്രാക്ടീസ് ചെയ്യാന്‍ അയോഗ്യതയുള്ള ആയിരത്തിലേറെ അഭിഭാഷകരുടെ ലിസ്റ്റ് സംസ്ഥാന ബാര്‍ കൗണ്‍സില്‍ പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവിങ് പഠിച്ചാല്‍ ലൈസന്‍സില്ലാതേയും ഡ്രൈവ് ചെയ്യാം. പക്ഷേ, നിയമാനുസൃതം ഡ്രൈവ് ചെയ്യണമെങ്കില്‍ ലൈസന്‍സ് വേണം. ബിരുദത്തില്‍ മാത്രമല്ല, അഭിഭാഷകവൃത്തിയില്‍തന്നെ അവശ്യം വേണ്ടതായ പല ഗുണങ്ങളിലുമുള്ള ശോചനീയമായ അപര്യാപ്തത അഭിഭാഷകവൃത്തിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അഭിഭാഷകവൃത്തിയിലെ പ്രതിസന്ധി പൗരസമൂഹത്തിന്റെ ഭരണഘടനാപരമായ ജീവിതത്തില്‍ പ്രതിസന്ധിക്കു കാരണമാകും.
ബെയിലിന്‍ ദാസിന്റെ ഓഫീസിലെ കയ്യാംകളിയില്‍ അക്രമി പുറത്തുനിന്നൊരാള്‍ ആയിരുന്നുവെന്ന് കരുതുക. എന്താകുമായിരുന്നു കേരളത്തിലെ കോടതികളില്‍ നടക്കുമായിരുന്ന പുകില്‍! അനഭിമതര്‍ക്ക് അഭിഭാഷകസഹായം നിഷേധിക്കുകയെന്നതാണ് അവരുടെ ആവനാഴിയിലെ മുനയൊടിഞ്ഞ ആയുധം. ഗോവിന്ദച്ചാമിക്ക് അഭിഭാഷകനെ കിട്ടിയ നാട്ടില്‍ അപകീര്‍ത്തിക്കേസില്‍ പ്രതിയായ എനിക്ക് അഭിഭാഷകന്റെ സേവനം ലഭിച്ചില്ല. വഞ്ചിയൂര്‍ കോടതിയില്‍ എനിക്കുവേണ്ടി ഹാജരായ അഭിഭാഷകയെ തടഞ്ഞുവച്ച് വക്കാലത്ത് പിടിച്ചുവാങ്ങി കീറിക്കളഞ്ഞവരാണിവര്‍. ഇതും ഇതിലപ്പുറവും അവിടെ നടക്കും. സഹപ്രവര്‍ത്തകള്‍ കൂടെ നിന്നില്ലെന്ന് പറയുന്ന ശ്യാമിലിയുടെ വേദന എനിക്ക് മനസ്സിലാകും. കവിളിലെ പുകച്ചിലിനെക്കാള്‍ തീവ്രമാണ് മനസ്സിലെ വേദന. അവര്‍ കൂട്ടം കൂടുന്നത് നീതിയുടെ താല്പര്യങ്ങള്‍ക്കുവേണ്ടിയല്ല. വേദനിക്കുന്നവര്‍ക്ക് നിയമത്തിന്റെ സാന്ത്വനമാകാന്‍ അവര്‍ക്ക് കഴിയില്ല.
കോടതികളില്‍ അഭിഭാഷകര്‍ അനിയന്ത്രിതമായും അപകടകരമായും അഴിഞ്ഞാടിയപ്പോള്‍ പരാതിപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പ്രസിദ്ധമായി പറഞ്ഞ ഒരു വാചകമുണ്ട്. തല്ലുകൊള്ളാനായി ആരും അങ്ങോട്ടുപോകേണ്ട. അഡ്വക്കേറ്റ് ശ്യാമിലി തല്ലുകൊള്ളാനായി കോടതിയില്‍ പോയ ആളല്ല. എത്താന്‍ അര്‍ഹതയും അവകാശവും ഉള്ളിടത്തേക്കാണ് അവര്‍ പോയത് - ബെയിലിന്‍ ദാസിന്റെ ജൂനിയറായല്ല, കോടതിയിലെ അഭിഭാഷകയായി. അന്നത്തെ സംഘര്‍ഷകാലത്ത് വഞ്ചിയൂര്‍ കോടതിയില്‍ പ്രമുഖമായ സ്പേസില്‍ എല്ലാവരുടേയും ദൃഷ്ടി പതിയത്തക്കവിധം ഒരു നായയുടെ വലിയ കട്ടൗട്ട് ദീര്‍ഘകാലം പ്രദര്‍ശിപ്പിച്ചിരുന്നു. നായയുടെ തല മാറ്റി പകരം എന്റെ മുഖമാണ് പിടിപ്പിച്ചിരുന്നത്. അങ്ങനെയാണ് എന്റെ മുഖം വഞ്ചിയൂര്‍ അഭിഭാഷകര്‍ക്ക് സുപരിചിതമായത്. കേടുപാടുകള്‍ തീര്‍ത്ത് കട്ടൗട്ടുകള്‍ പുറത്തെടുക്കാന്‍ സമയമായി. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍, വഞ്ചി ഇപ്പോഴും വഞ്ചിയൂരിലെ ജീര്‍ണിച്ച കുറ്റിയില്‍തന്നെയാണ് കെട്ടിയിരിക്കുന്നതെങ്കില്‍, ചില കാര്യങ്ങള്‍ ഇനിയും പറയേണ്ടിവരും. പണ്ടത്തെ സംഘര്‍ഷത്തെക്കുറിച്ചന്വേഷിക്കുന്നതിന് ഒരു ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചിരുന്നു. നാല് വര്‍ഷവും 2.73 കോടി രൂപയും ചെലവാക്കി ജസ്റ്റിസ് പി.എ. മുഹമ്മദ് സമര്‍പ്പിച്ചതായി കരുതപ്പെടുന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താനുള്ള ഉചിതമായ സമയമാണിത്. ഹേമ കമ്മിറ്റിക്കു പിന്നാലെ മുഹമ്മദ് കമ്മിഷനും വാര്‍ത്തയാകട്ടെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ