
ആസ്ട്രോഫിസിസ്റ്റും ശാസ്ത്രപ്രചാരകനുമായ ജയന്ത് വിഷ്ണു നാര്‍ളികര്‍ (Jayant Narlikar)പുണെയില്‍ ഫെബ്രുവരി 20നു രാവിലെ ഉറക്കത്തിനിടെ അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് (ഐ.യു.സി.എ.എ) എന്ന സ്ഥാപനത്തിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയായിരുന്നു അദ്ദേഹം. കുറച്ചുകാലം മുന്‍പ് ഇടതു കാലിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം ചികിത്സയില്‍ ഇരിക്കവേയാണ് നാര്‍ളികര്‍ മരിക്കുന്നത്. ശാസ്ത്രം, വിദ്യാഭ്യാസം, സയന്‍സ് കമ്യൂണിക്കേഷന്‍ എന്നീ മേഖലകളിലൊക്കെ അദ്ദേഹം അതുല്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബിഗ് ബാങ് സിദ്ധാന്തത്തിനു പകരമായ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ആഗോളതലത്തില്‍ പ്രശംസ നേടിയ വ്യക്തിയായിരുന്നു ഡോ. നാര്‍ളികര്‍. ആസ്ട്രണമി, ആസ്‌ട്രോഫിസിക്‌സ് മേഖലകളില്‍ ആഗോളനിലവാരമുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയതും അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളില്‍പ്പെടുന്നു.
1938 ജൂലൈ 19-ന് ഇന്ത്യയിലെ കോലാപ്പൂരില്‍ ഒരു പണ്ഡിത കുടുംബത്തിലാണ് നാര്‍ളികര്‍ ജനിച്ചത്. പിതാവ്, വിഷ്ണു വാസുദേവ് നാര്‍ളികര്‍, ഗണിതശാസ്ത്രജ്ഞനും സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനുമായിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പ്രൊഫസറായും ഗണിതശാസ്ത്രവിഭാഗം മേധാവിയുമായും സേവനമനുഷ്ഠിച്ചയാളായിരുന്നു വിഷ്ണു വാസുദേവ് നാര്‍ളികര്‍. അമ്മ സുമതി നാര്‍ളികര്‍ സംസ്‌കൃത പണ്ഡിതയായിരുന്നു.
ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ക്യാംപസിലായിരുന്നു ജയന്ത് വിഷ്ണു നാര്‍ളികറുടെ ആദ്യകാല വിദ്യാഭ്യാസം. കേംബ്രിഡ്ജില്‍ ഉപരിപഠനവും നടത്തി. ഗണിതശാസ്ത്ര ട്രൈപ്പോസില്‍ ശ്രദ്ധേയനായ നാര്‍ളികര്‍, സ്റ്റാര്‍ റാംഗ്ലറും ടൈസണ്‍ മെഡലിസ്റ്റും ആയിത്തീര്‍ന്നു. തുടര്‍ന്ന് പ്രശസ്ത ശാസ്ത്രജ്ഞന്‍ ഫ്രെഡ് ഹോയ്ലിന്റെ കീഴില്‍ ഗവേഷണപഠനങ്ങള്‍ തുടരുകയും പി.എച്ച്.ഡി നേടുകയും ചെയ്തു. കേംബ്രിഡ്ജിലെ അദ്ദേഹത്തിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സ്ഥിരതയുള്ള അവസ്ഥ സിദ്ധാന്തം (Steady state theory) വികസിപ്പിക്കുന്നതിലും ഇലക്ട്രോഡൈനാമിക്‌സിനും ഗുരുത്വാകര്‍ഷണത്തിനുമുള്ള ഒരു സമീപനത്തെക്കുറിച്ചുമായിരുന്നു. ഹോയ്ലിനൊപ്പമുള്ള അദ്ദേഹത്തിന്റെ ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ഇന്ന് ഹോയ്ല്‍-നാര്‍ളികര്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം എന്നറിയപ്പെടുന്നു. സ്മിത് പ്രൈസും കിംഗ്സ് കോളേജിന്റെ ഫെല്ലോഷിപ്പും അദ്ദേഹം നേടിയിട്ടുണ്ട്. 1966-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയററ്റിക്കല്‍ അസ്‌ട്രോണമിയില്‍ സ്ഥാപക ഫാക്കല്‍റ്റി അംഗമായി. 1972-ല്‍ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ (TIFR) പ്രൊഫസറായും പ്രവര്‍ത്തിച്ചു. അവിടെ എമറിറ്റസ് പ്രൊഫസറായി ജോലി തുടരുകയായിരുന്നു.
മതേതരത്വത്തിന്റെ ഉറച്ച വക്താവ് കൂടിയായിരുന്നു ജയന്ത് നാര്‍ളികര്‍. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കുശേഷം കുറച്ചുകാലം ഊര്‍ജസ്വലമായ മതനിരപേക്ഷ ജാഗ്രതയുടെ ആശയസ്രോതസ്സുകളില്‍ തന്റെ ലേഖനങ്ങള്‍ വഴി സാരമായ സംഭാവന ചെയ്യാന്‍ നാര്‍ളികര്‍ ശ്രമിച്ചിട്ടുണ്ട്. മലയാളികളായ വായനക്കാര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്.
മതനിരപേക്ഷതയേയും ശാസ്ത്രബോധത്തേയും പരസ്പരപൂരകങ്ങളായി കണ്ട ധിഷണശാലിയായ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സഹിഷ്ണുതയുടേയും വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടേയും ചരിത്രം കണക്കിലെടുക്കുമ്പോള്‍, സ്വാതന്ത്ര്യസമയത്ത് കൈക്കൊണ്ട മതേതരത്വത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിവേകപൂര്‍ണമായ തീരുമാനമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ബോദ്ധ്യം. ഒരു മതേതര സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനു ശാസ്ത്രബോധവും വിമര്‍ശനാത്മക ചിന്തയും അനിവാര്യമാണെന്ന കാഴ്ചപ്പാടിലായിരുന്നു നാര്‍ളികറിന്റെ ഊന്നല്‍. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ശാസ്ത്രീയ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി ശാസ്ത്രസ്ഥാപനങ്ങള്‍ പൊതുജനങ്ങളുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം വാദിക്കുകയും ചെയ്തു.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുള്ളയാളായിരുന്നു നാര്‍ളികര്‍. ജ്യോതിഷത്തെ 'നാഗരികമായ അന്ധവിശ്വാസം' ആയിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ചരിത്രത്തിലും നല്ല വ്യുല്‍പ്പത്തി അദ്ദേഹത്തിനുണ്ടായിരുന്നു. ഹിന്ദുതീവ്രവാദികളാല്‍ കൊല്ലപ്പെട്ട നരേന്ദ്ര ധാബോല്‍ക്കറിനെ അനുസ്മരിച്ചുകൊണ്ട് നടത്തിയ ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് അലക്‌സാണ്ടറോടൊപ്പം പടിഞ്ഞാറുനിന്നു വന്ന ഒരു വ്യാജശാസ്ത്രമാണ് ജ്യോതിഷം എന്നാണ്. ജ്യോതിഷം ഇറക്കുമതിചെയ്ത ഒരു ആശയമാണെന്നും വേദ പാരമ്പര്യത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം വാദിച്ചു. സര്‍വകലാശാലാ പാഠ്യപദ്ധതിയില്‍ ജ്യോതിഷം ഉള്‍പ്പെടുത്താനുള്ള ഹിന്ദുത്വ ഗവണ്‍മെന്റിന്റെ നീക്കത്തെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തു. ശാസ്ത്രവും മതവും തമ്മില്‍ വേര്‍തിരിക്കേണ്ടതില്‍ ഊന്നല്‍ നല്‍കിയ ആളായിരുന്നു നാര്‍ളികര്‍. ജ്യോതിഷത്തിന്റെ സ്വാധീനത്തെക്കുറിച്ചും പ്രത്യേകിച്ച് യുവജനങ്ങളില്‍ അത് യുക്തിരഹിതമായ തീരുമാനങ്ങളിലേക്കും ദോഷകരമായ പ്രവൃത്തികളിലേക്കും നയിക്കാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം ആശങ്കാകുലനായിരുന്നു.
ബ്രഹ്മാസ്ത്രം പുരാതനഭാരതത്തിലുപയോഗിച്ചിരുന്ന ആണവായുധമാണെന്നപോലുള്ള, പുരാതന ഇന്ത്യന്‍ ശാസ്ത്രത്തെക്കുറിച്ചുള്ള വ്യാജമായ വാദങ്ങളെ നാര്‍ളികര്‍ പരിഹാസപൂര്‍വമാണ് കണ്ടത്. അടിസ്ഥാനരഹിതമായ വാദങ്ങള്‍ അംഗീകരിക്കുന്നതിനുപകരം ശാസ്ത്രീയ തെളിവുകളേയും യുക്തിയേയും ആശ്രയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുരാതനകാലം മുതലുള്ള ഇന്ത്യയുടെ മഹത്തായ ശാസ്ത്രപാരമ്പര്യത്തിലുള്ള അഭിമാനം മറച്ചുവെയ്ക്കാനും അദ്ദേഹം മുതിര്‍ന്നില്ല. 2003-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകമായ 'ദ സയന്റിഫിക് എജ്ജ്: ദ ഇന്‍ഡ്യന്‍ സയന്റിസ്റ്റ് ഫ്രം വേദിക് ടു മോഡേണ്‍ ടൈംസ്' എന്ന പുസ്തകത്തില്‍ ഇത്തരം വ്യാജ അവകാശവാദങ്ങള്‍ ഇന്ത്യയെ അതിന്റെ പൗരാണികമായ ശാസ്ത്രനേട്ടങ്ങളെപ്രതി ബഹുമാനിക്കുന്ന ലോകത്തെ ശാസ്ത്രസമൂഹത്തിലും വിശിഷ്യാ പാശ്ചാത്യരാജ്യങ്ങളിലും അവമതിപ്പാണ് സൃഷ്ടിക്കുക എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ശാസ്ത്രത്തിന്റേയും മാനവികതയുടേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹാനായ ഈ ശാസ്ത്രജ്ഞന്റെ മരണം ഇന്ത്യയ്ക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിശിഷ്യാ ശാസ്ത്രബോധം എന്ന ഘടകത്തെ ഭരണാധികാരികള്‍ അവഗണിക്കുകയും മതനിരപേക്ഷതയ്‌ക്കെതിരേയുള്ള ആക്രമണത്തില്‍ വ്യാജശാസ്ത്രനിര്‍മിതികള്‍ മേല്‍ക്കൈ നേടുകയും ചെയ്യുന്ന ഈ ചരിത്രസന്ദര്‍ഭത്തില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ