പ്രേംചന്ദ് എഴുതുന്നു: ചലച്ചിത്രവിതരണത്തിന് വഴിവെട്ടിയ പാവമണി

Image of card
VellithirajeevithamSamakalika Malayalam
Updated on

വളുടെ രാവുകൾ’ (1978) ഉണ്ടായത് പാവമണിക്ക് ഒരു കഥ വേണം എന്ന ആവശ്യത്തിൽ നിന്നാണ് എന്നെഴുതിയത് തിരക്കഥാകൃത്ത് ഷെറീഫാണ്. കോഴിക്കോട്ടുകാർക്ക് പാവമണി എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വരിക നഗരമധ്യത്തിലെ ‘പാവമണി റോഡ്’ ആണ്. കോഴിക്കോട് നഗരമധ്യത്തിൽ സ്റ്റേഡിയം ജംഗ്ഷൻ മുതൽ കമ്മിഷണർ ഓഫീസ് വരെയുള്ള റോഡിന്റെ പേരാണത്. വിക്കിപീഡിയ രചയിതാക്കൾ ആ റോഡിന്റെ ചരിത്രത്തെ രേഖപ്പെടുത്തിയിരിക്കുന്നത് നിർമാതാവും വിതരണക്കാരനുമായിരുന്ന എസ്. പാവമണിയുടെ സ്മരണയ്ക്കായി കോഴിക്കോട് കോർപറേഷൻ നൽകിയ പേരായാണ്. എന്നാലത് തെറ്റാണ്.

പാവമണി റോഡ് കോഴിക്കോട് കോർപറേഷൻ മുനിസിപ്പാലിറ്റിയാകുന്ന കാലത്തേ ഉണ്ട്. കേരള പ്രദേശ് കോൺഗ്രസ്സിന്റെ ശില്പികളിൽ ഒരാളായ ബെഞ്ചമിൻ പാവമണിയുടെ സ്മാരകമായാണ് പാവമണി റോഡ് ഉണ്ടായത്. ബെഞ്ചമിൻ പാവമണി മാർഗ്രറ്റ് പാവമണി ദമ്പതിമാർ സ്വാതന്ത്ര്യ സമര സേനാനികളും കെ.പി.സി.സിയുടെ സ്ഥാപക അംഗങ്ങളും മുനിസിപ്പൽ കൗൺസിൽ അംഗങ്ങളുമായിരുന്നു. 1937 ആഗസ്റ്റ് 25-ന് 42-ാം വയസ്സിലാണ് അഭിഭാഷകനായിരുന്ന ബി. പാവമണി വിടപറയുന്നത്. അതേ വർഷം സെപ്‌റ്റംബർ 25-ന് ചേർന്ന മുനിസിപ്പൽ യോഗം ബെഞ്ചമിൻ പാവമണിയുടെ ഓർമയ്ക്ക് നഗരമധ്യത്തിലെ റോഡിന് പേരിടുന്നത്.

എന്നാൽ, ഈ പാവമണി ദമ്പതിമാരുടെ കുടുംബത്തിലെ താവഴിയിലാണ് അറുപതുകളുടെ അന്ത്യത്തിൽ കോഴിക്കോടിന് ചലച്ചിത്രവിതരണരംഗത്തിന് ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്ത പാവമണി സഹോദരന്മാരും വരുന്നത്.

ഓർമകൾ ഇങ്ങനെയാണ്, കാലം പിന്നിടുമ്പോൾ അറ്റങ്ങൾ മാഞ്ഞ് അത് പലതുമായും കൂടിച്ചേർന്ന് പുതിയ അർത്ഥങ്ങൾ കൈവരിക്കും. ചരിത്ര ഗവേഷകനായ ഡോ. എം.സി. വസിഷ്ടിന് നന്ദി, വിവരങ്ങൾക്ക് വിക്കിപീഡിയയെ ഏകപക്ഷീയമായി ആശ്രയിച്ചാൽ അത് സിനിമയുടെ ചരിത്രത്തെ വഴിതെറ്റിക്കലാകുമായിരുന്നു.

അറുപതുകളുടെ അന്ത്യത്തിൽ ദക്ഷിണേന്ത്യയിൽ സിനിമയുടെ തലസ്ഥാനം മദിരാശിയിലെ കോടമ്പക്കത്തായിരിക്കുന്ന കാലത്ത്, 1969 മുതൽ സ്വന്തം സംഘാടനമികവുകൊണ്ട് കോഴിക്കോടൻ സിനിമയ്ക്ക് വഴികാട്ടിയവരാണ് പാവമണി സഹോദരന്മാർ. മറുഭാഷാ സിനിമകളെ കേരളത്തിൽ എത്തിച്ചുകൊണ്ടായിരുന്നു അവരുടെ തുടക്കം. ബോളിവുഡ് സൂപ്പർ ഹിറ്റുകൾ മുതൽ ബംഗാളിൽനിന്നും സത്യജിത് റേയുടെ ക്ലാസ്സിക്കുകൾ അടക്കം 200-ലേറെ സിനിമകൾ അവർ കേരളത്തിലെത്തിച്ചു. രാജേഷ് ഖന്ന സൂപ്പർ താരമായി ഉയർന്ന കാലത്ത് ഹാഥി മേരേ സാഥി, ആരാധന എന്നിവയ്ക്ക് പുറമെ സത്യജിത് റേയുടെ ദേബി, മഹാനഗർ, ചാരുലതയും അക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

മലയാള സിനിമയിൽ വിതരണക്കാർക്ക് ഒരു സംഘടനയ്ക്ക് രൂപം നൽകിയത് എസ്. പാവമണിയുടെ നേതൃത്വത്തിലാണ്. ഫിലിം ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ എന്ന ആ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയുമാണ് അദ്ദേഹം.

തിയേറ്റർ ഉടമകൾ, വിതരണക്കാർ, നിർമാതാക്കൾ എന്ന ശൃംഖലയായിരുന്നു ആദ്യകാല സിനിമയുടെ സമ്പദ്ഘടനയെ നിർണയിച്ചത്. അതിൽ വിതരണക്കാരുടെ ശബ്ദമായിരുന്നു എസ്. പാവമണി.

കോഴിക്കോടൻ സിനിമയുടെ പിതാവ് എ. വിൻസന്റ് മാസ്റ്റർ നിർമാണവും സംവിധാനവും നിർവഹിച്ച ‘ചെണ്ട’ (1973) വിതരണത്തിന് എത്തിച്ചുകൊണ്ടാണ് ഷീബ ഫിലിംസ് മലയാളത്തിൽ സജീവമാകുന്നത്. എസ്. പാവമണിയുടെ മകൾ ഷീബയുടെ പേരിലായിരുന്നു വിതരണക്കമ്പനി. എഴുപതുകളിൽ വിൻസന്റ് മാഷും പാവമണിയും തമ്മിലുണ്ടായ ഈ സൗഹൃദത്തിന്റെ തുടർച്ചയാണ് അവരുടെ മക്കൾ ജയാനൻ വിൻസന്റും ഷീബയും തമ്മിലുള്ള ദാമ്പത്യം.

1973-ൽ എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ‘നിർമ്മാല്യം’ സാധ്യമാക്കിയതിൽ അന്നതിന് പണം മുടക്കിയ ഷീബാ ഫിലിംസിന്റെ ഉടമ എസ്. പാവമണി എന്ന വിതരണക്കാരന്റെ കൂടി സംഭാവന കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടേ ഇല്ല. നിർമ്മാല്യം കേരളത്തിലെ തിയേറ്ററുകളിൽ ഒരു സംഭവമാക്കിയത് അന്ന് മുഖ്യധാരാ സിനിമകളുടെ പ്രധാന വിതരണക്കാരായ ഷീബാ ഫിലിംസിന്റെ സാരഥി എസ്. പാവമണിക്ക് കേരളത്തിലെ തിയേറ്ററുകളിലുള്ള സ്വാധീനശക്തിക്കും സംഘാടനമികവിനും ഒരു വലിയ പങ്കുണ്ട്.

1975-ൽ പ്രേംനസീറിനെ നായകനാക്കി പി.എൻ. സുന്ദരം സംവിധാനം ചെയ്ത ‘അയോദ്ധ്യ’ എന്ന അന്നത്തെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് എസ്. പാവമണി നിർമാണ രംഗത്തേക്ക് കടന്നത്. പി.എൻ. സുന്ദരം സംവിധാനം ചെയ്ത പ്രേംനസീർ സിനിമകളായ ‘ആയിരം ജന്മങ്ങൾ’ (1976), ‘അപരാധി’ (1977) എന്നിവ പാവമണി നിർമിച്ച ചിത്രങ്ങളാണ്. മൂന്നും മറുഭാഷകളിൽനിന്നും കഥയുടെ അവകാശം വാങ്ങി നിർമിച്ച റീമേക്ക് ചിത്രങ്ങളായിരുന്നു. ബോളിവുഡ് ഇതിഹാസം കിഷോർകുമാറിനെക്കൊണ്ട് മലയാളത്തിൽ ഒരു പാട്ട് പാടിച്ച സിനിമയാണ് ‘അയോദ്ധ്യ’. പി. ഭാസ്‌കരൻ മാസ്റ്ററുടെ വരികൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ‘എ.ബി.സി.ഡി ചേട്ടൻ കേഡി’ എന്ന ഈ ഒരു ഗാനം മാത്രമേ കിഷോർ കുമാർ മലയാളത്തിൽ പാടിയിട്ടുള്ളു.

പി. ഭാസ്‌കരന്റെ ‘വിളക്കും വെളിച്ച’വും (1978), ഐ.വി. ശശിയുടെ ‘അശ്വരഥം’ (1980), ‘ഉയരങ്ങളിൽ’ (1984), എ. വിൻസന്റിന്റെ ‘പൊന്നും പൂവും’ (1982), സത്യൻ അന്തിക്കാടിന്റെ ‘കളിയിൽ അല്പം കാര്യം’ (1984), ‘ഗായത്രീ ദേവി എന്റെ അമ്മ’ (1985), കമലിന്റെ ‘പൂക്കാലം വരവായി’ (1991), ‘ഭൂമിഗീതം’ (1993) തുടങ്ങി പത്തോളം സിനിമകൾ പാവമണി നിർമിച്ചു. ‘ഭൂമിഗീത’ത്തിന്റെ പരാജയം നിർമാണം മതിയാക്കുന്നതിലേക്ക് നയിച്ചു.

1991 സെപ്റ്റംബറിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയിലാണ് പാവമണിയെ ഞാനാദ്യം കാണുന്നത്. ദീദിക്ക് വിവാഹസമ്മാനമായി ഒരു ഉടുപ്പുമായി അതിരാവിലെ വീട്ടിലെത്തിയ പേരറിയാത്ത ഒരു അതിഥിയായിരുന്നു അത്. ചില സൗഹൃദങ്ങളുടെ ഇഴയടുപ്പം ഒന്ന് വേറെത്തന്നെയാണ് എന്ന് ആ സന്ദർശനം ബോദ്ധ്യപ്പെടുത്തി. പാവമണി നിർമിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത ‘അശ്വരഥം’ എന്ന ഒരൊറ്റ സിനിമയിലേ പാവമണിയും ദാമോദരൻ മാഷും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളൂ. പ്രഭാകരൻ പുത്തൂരിന്റെ ഒറ്റയാൻ എന്ന നോവൽ വി.ടി. നന്ദകുമാർ, ടി. ദാമോദരൻ, ഐ.വി. ശശി എന്നിവർ ചേർന്ന് തിരക്കഥയെഴുതി ടി. ദാമോദരൻ സംഭാഷണം എഴുതിയ ഒരു സിനിമയായാണ് ‘അശ്വരഥ’ത്തിന്റെ ക്രെഡിറ്റ് ലൈൻ. സൗഹൃദത്തിന്റെ പേരിൽ സംഭവിച്ച ഒരു കൂട്ട ഇടപെടലാകാം ആ സിനിമ. ദാമോദരൻ മാഷിന്റെ സിനിമയിലെ ഏറ്റവും അടുത്ത സൗഹൃദങ്ങളിൽ ഒന്നാണ് എസ്. പാവമണി എന്ന് ആ സന്ദർശനം പറഞ്ഞു. പറഞ്ഞുതീരാത്ത വിശേഷങ്ങൾ ബാക്കിവച്ചാണ് അദ്ദേഹം അന്നു മടങ്ങിയത്. വിൻസന്റ് മാസ്റ്റർ കോഴിക്കോടൻ സിനിമയ്ക്ക് പകർന്നുനൽകിയ വിശാലമായ ഒരു സൗഹൃദക്കൂട്ടായ്മയുടെ ചിത്രം അവരുടെ സംഭാഷണങ്ങളിലൂടെയാണ് പകർന്നുകിട്ടിയത്.

മറുഭാഷാ സിനിമകളുടെ കേരളത്തിലെ ഏറ്റവും പ്രധാന വിതരണക്കാരൻ എന്ന നിലയ്ക്ക് അക്കാലത്തെ ബോംബെ സൂപ്പർതാരങ്ങളുമായി പാവമണി അടുത്ത ചങ്ങാത്തം വച്ചുപുലർത്തിയിരുന്നു. ദിലീപ്കുമാറും സൈറബാനുവിനേയും കേരളത്തിൽ എത്തിച്ചത് അങ്ങനെയാണ്.

അവരോടൊപ്പമുള്ള ഒരു കുടുംബചിത്രം പാവമണിയുടെ മകൻ സാന്റി പ്രതാപ് പാവമണി ഇപ്പോഴും കേടുകൂടാതെ കാത്തുസൂക്ഷിക്കുന്നു.

2010 ഓഗസ്റ്റ് 31-നാണ് പാവമണി വിടപറയുന്നത്. അദ്ദേഹം രോഗബാധിതനാണെന്ന വിവരം മകൾ ഷീബ ദീദിക്ക് ഒരു മെസ്സേജ് അയച്ചതറിഞ്ഞ ഉടൻ തന്നെ ദാമോദരൻ മാഷ് അദ്ദേഹത്തെ കാണാൻ പുറപ്പെട്ടു. അപ്പോൾ പോയില്ലായിരുന്നുവെങ്കിൽ അതൊരു നഷ്ടമാകുമായിരുന്നു എന്ന് തിരിച്ചുവന്ന് പറഞ്ഞതോർക്കുന്നു. ഓർമകൾ പങ്കുവച്ച അവസാന കൂടിക്കാഴ്ചയായിരുന്നു അത്.

2012 മാർച്ച് 28-ന് രാവിലെ കോഴിക്കോട്ടേക്ക് വരുന്നുണ്ടെന്നും മാഷെ ഒന്ന് ‘സർപ്രൈസ്’ ചെയ്യിക്കണമെന്നും വരുന്ന വിവരം പറയേണ്ടെന്നും ചട്ടം കെട്ടി പാവമണിയുടെ മകൾ ഷീബ ദീദിയെ വിളിച്ചുപറഞ്ഞു. രാവിലെത്തന്നെ ഒരു വിവാഹച്ചടങ്ങിലേക്ക് പോകാൻ കുളിച്ച് പുറപ്പെട്ട് വണ്ടി കാത്തുനിന്നിരുന്ന മാഷ് ഷീബ വീട്ടിലെത്തുമ്പോഴേക്കും ഭൂമിയിൽനിന്നും വിടപറഞ്ഞു. അത്രമേൽ അപ്രതീക്ഷിതമായ വഴികളിലൂടെയാണ് മരണം ജീവിതത്തിൽ സംഭവിക്കുന്നതും ഓരോരുത്തരെയായി അശരീരികളാക്കുന്നതും.

2015-ലാണ് എ. വിൻസന്റ് മാസ്റ്റർ വിടപറയുന്നത്. അതിന് തൊട്ടുമുന്‍പ് അദ്ദേഹത്തെ കാണാൻ ഞാനും ദീദിയും കൂടി മദിരാശിയിലെ ഫ്ലാറ്റിൽ പോയിരുന്നു. പഴയ പാട്ടുകളുടെ ഓർമകളിലായിരുന്നു വിൻസന്റ് മാഷ് അപ്പോൾ. ‘നദി’യിലെ പാട്ടോർത്ത് പാടി.

“ആയിരം പാദസരങ്ങൾ കിലുങ്ങി

ആലുവാപ്പുഴ പിന്നെയുമൊഴുകി...” ചെയ്ത സിനിമകളിലെ പാട്ടുകളുടെ ഓർമകളിൽ ആ വലിയ മനുഷ്യൻ ജീവിക്കുന്നത് വിസ്മയത്തോടെ കണ്ടുനിന്നു. ഭാർഗവീനിലയവും മുറപ്പെണ്ണും അസുരവിത്തും ഗന്ധർവ്വക്ഷേത്രവും തുലാഭാരവും അച്ചാണിയും ഒക്കെ പാട്ടായി ഒഴുകിനടന്നു!

image of pavamani
എസ്. പാവമണിവിക്കിപ്പീഡിയ

പാവമണി, എം.ടി. വാസുദേവൻ നായരുടെ രചനയിൽ നിർമിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത്, മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറിയ സിനിമയാണ് ‘ഉയരങ്ങളിൽ’ (1984). ജയാനൻ വിൻസന്റായിരുന്നു അതിന്റെ ചായാഗ്രാഹകൻ. ‘ഉയരങ്ങളിൽ’ ശശിയേട്ടൻ ചെയ്യുന്ന കാലത്ത് അതിന്റെ സഹസംവിധായകർ ജോമോനും ഷാജൂൺ കാര്യാലുമായിരുന്നു. രണ്ടുപേരും ആ സിനിമ റീമേക്ക് ചെയ്യണം എന്ന് ആഗ്രഹിച്ച് പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും നടന്നില്ല. പാവമണിയുടെ മകൻ സാന്റി പ്രതാപ് പാവമണിയും ‘ഉയരങ്ങളിൽ’ റീമേക്ക് ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും അതും നടക്കാതെ പോയി.

വിൻസന്റ് മാസ്റ്ററുടെ സ്‌കൂളിൽ പഠിച്ചുവളർന്ന ജയാനൻ വിൻസന്റ് ഒരു സിനിമ സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും സിനിമാവ്യവസായത്തിന്റെ അമ്പരപ്പിക്കുന്ന മാറ്റങ്ങളിൽ തട്ടി അത് അകന്നുപോവുകയാണുണ്ടായത്. ജയാനൻ ഛായാഗ്രഹണം നിർവഹിച്ച സിനിമകളുടെ പട്ടിക ആരെയും കൊതിപ്പിക്കുന്നതാണ്. ‘വയനാടൻ തമ്പാൻ’ (1978) ‘ആറാട്ട്’ (1979), ‘മീൻ’ (1980), ‘തൃഷ്ണ’, ‘അഹിംസ’ (1981), ‘ഉയരങ്ങളിൽ’, ‘അതിരാത്രം’, ‘അടിയൊഴുക്കുകൾ’ (1984), ‘രാജാവിന്റെ മകൻ’ (1986), ‘ഭൂമിയിലെ രാജാക്കന്മാര്‍’, ‘ന്യൂ ഡൽഹി’ (1987), ‘സാമ്രാജ്യം’ (1990) തുടങ്ങി കാൽ നൂറ്റാണ്ടുകാലത്തെ സൂപ്പർഹിറ്റുകളുടെ പട്ടികയിലെ ഏറ്റവും വലിയ പേരായിരുന്നു ജയാനൻ വിൻസന്റ്. എന്നിട്ടും അദ്ദേഹം സംവിധാനരംഗത്തേക്ക് വരാൻ തുനിഞ്ഞപ്പോൾ അത് നടക്കാതെ പോയി. ഫിലിം ഇന്റസ്ട്രിയുടെ സ്വഭാവം തന്നെയും അപ്പോഴേക്കും അടിമുടി മാറിപ്പോയിരുന്നു. വിൻസന്റ് മാഷും പാവമണിയും ഒക്കെ സിനിമകൾ നടത്തിയെടുത്ത കാലത്തിൽനിന്നും അതിന്റെ സ്വഭാവം അടിമുടി താരകേന്ദ്രീകൃതമായ ഒന്നായി പരിണമിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ സ്വപ്നം നടന്നില്ല. സിനിമതന്നെ വിട്ട് കാനഡയിലേക്ക് ചേക്കേറുന്നതിന് തന്നെ അതൊരു നിമിത്തമായി മാറി എന്നുവേണം കരുതാൻ.

ജയാനൻ വിൻസന്റിനോട് ഒരിക്കൽ ചോദിച്ചിരുന്നു, എന്തേ മലയാള സിനിമയിലേക്ക് തിരിച്ചുവരാത്തത് എന്ന്. “മലയാള സിനിമയ്ക്ക് ടെക്‌നീഷ്യൻസിന് ശമ്പളം കൊടുക്കാനറിയില്ല, താരങ്ങൾക്ക് മാത്രമേ കൊടുക്കാനറിയൂ, അത് പഠിക്കുന്ന കാലത്ത് വരാം” എന്നായിരുന്നു മറുപടി. മുഴുവനും പുറത്തുവരാറില്ലെങ്കിലും സിനിമയുടെ ബജറ്റിൽ, സൗഭാഗ്യങ്ങളിൽ 90 ശതമാനം കവരുന്നതും താരങ്ങളാണ്.

2000-ത്തിൽ ഐ.വി. ശശിയുടെ ‘ശ്രദ്ധ’യാണ് ജയാനൻ അവസാനം ചെയ്ത മലയാളം സിനിമ. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, പഞ്ചാബി സിനിമകൾ മാത്രമാണ് ചെയ്തത്. 2019-ൽ നാഗണ്ണ സംവിധാനം ചെയ്ത കന്നഡ ബിഗ് ബജറ്റ് സിനിമ കുരുക്ഷേത്രയാണ് അവസാനം ചെയ്തത്. ഇപ്പോൾ സിനിമ തന്നെ വിട്ട് കാനഡയിൽ സിനിമോട്ടോഗ്രാഫി കൺസൾട്ടന്റായി പ്രവർത്തിക്കുന്നു. 1990-കൾക്കു ശേഷം മലയാള സിനിമയിൽനിന്നും ബാഷ്പീകരിക്കപ്പെട്ട നിർമാതാക്കളുടേയും ടെക്‌നീഷ്യൻസിന്റേയും പട്ടിക വളരെ നീണ്ടതാണ്. അതിന്റെ സോഷ്യൽ ഓഡിറ്റിങ്ങ് ആരുടേയും സാമൂഹ്യബാധ്യതയല്ലാത്തതുകൊണ്ട് നടക്കാറുമില്ല. പാവമണിയേയും ജയാനൻ വിൻസന്റിനേയും പോലുള്ള ചരിത്രം സൃഷ്ടിച്ച മനുഷ്യർ ആരുമറിയാതെ അപ്രത്യക്ഷരായിക്കളയുന്നത് അതുകൊണ്ടുതന്നെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com