ലോകകപ്പ്: എം.എം. പൗലോസ് എഴുതുന്നു

പുത്തൂരം ഇലവനും കണ്ടര്‍ കില്ലേഴ്‌സും തമ്മില്‍ ഫൈനല്‍ കളിക്കാന്‍ തീരുമാനമായി.
ലോകകപ്പ്: എം.എം. പൗലോസ് എഴുതുന്നു

പുത്തൂരം ഇലവനും കണ്ടര്‍ കില്ലേഴ്‌സും തമ്മില്‍ ഫൈനല്‍ കളിക്കാന്‍ തീരുമാനമായി.
ഒരു മാസം നീണ്ട ചര്‍ച്ചയ്ക്കും അനുരഞ്ജന ശ്രമത്തിനും ശേഷമാണ് ടീമുകളെ തെരഞ്ഞെടുത്തത്.
കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളിലാണ് ചര്‍ച്ച നടന്നത്.
എല്ലാ സമവാക്യങ്ങളും കൃത്യമാക്കി.
ജാതി-മത-മതനിരപേക്ഷ വിശ്വാസികള്‍ക്കൊന്നും ഒരുതരത്തിലും ആക്ഷേപം ഇല്ല.
എല്ലാവരും തൃപ്തര്‍.
വയറ് നിറച്ചായിരുന്നു ചര്‍ച്ച. ആസ്തിക-നാസ്തിക വ്യത്യാസമില്ലാതെ എല്ലാവരും അവരവരുടെ ദൈവത്തിന് നന്ദിയും രേഖപ്പെടുത്തി. 
കളിക്കാര്‍ അണിയറയില്‍ അണിഞ്ഞൊരുങ്ങി. ആസകലം കുഴമ്പ് പുരട്ടി, മഞ്ഞള് പൂശി, ആവിയന്ത്രത്തില്‍ കുളിച്ചു.
പുത്തൂരം ഇലവന്‍ മാക്കനായി പത്മനാഭന്‍ വൈദ്യരേയും കണ്ടര്‍ കില്ലേഴ്‌സ് കൊല്ലങ്കടവ് നീലകണ്ഠന്‍ വൈദ്യരേയും ഫിസിയോമാരായി നിയമിച്ചു.
ഒടിവ്, ചതവ് മാത്രമല്ല, മര്‍മ്മത്തിലും നല്ല കൈപ്പുണ്യമാണ് ഇരുവര്‍ക്കും. മര്‍മ്മത്ത് പിടിച്ചപ്പോള്‍ നിലവിളിച്ചവരെ ടീമില്‍നിന്ന് ഒഴിവാക്കി. 
തിരുമ്മിയവരെ തിരിച്ചെടുത്തു.
ആദികാലം മുതല്‍ അങ്ങനെയാണ്. തിരുമ്മുന്നവന്‍ സ്വര്‍ഗ്ഗം കാണും.
ഒരു മാസമായിരുന്നു ക്യാമ്പ്.
ഒഴിഞ്ഞ സ്ഥലത്ത് ടെന്റ് കെട്ടി കൂട്ടത്തോടെ താമസം. ഓട്ടം, ചാട്ടം, വിറക് വെട്ട്, അടി, തട, ഇടങ്കാല്‍ പ്രയോഗങ്ങളെല്ലാം വിസ്തരിച്ചു പഠിപ്പിച്ചു. അതില്‍ മിടുക്കരായവരാണ് ക്ലാസ്സ് നയിച്ചത്.
ഇനി ഒരാഴ്ച ധ്യാനം.
ഇടങ്കാലിന്റെ പാദം വലതു തുടയിലും വലതുകാല്‍ ഇടതു തുടയിലും വെച്ച് കൈകള്‍ രണ്ടും കാല്‍മുട്ടിലും വെച്ച് ഒറ്റയിരുപ്പ്. 
മനസ്സ് ഏകാംഗ കമ്മീഷന്‍. ഏകാഗ്രം. അഗ്രത്തില്‍ ഏകം. അദൈ്വതം.
നഃ ഭക്ഷണം.
ബ്രഹ്മചര്യം കര്‍ശനം.
രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ നാരീസാന്നിദ്ധ്യം വിലക്കി.
ചട്ടം ലംഘിക്കുന്നവരെ കളിക്കുശേഷം കാണാമെന്ന് കര്‍ക്കശമായ ഉറപ്പ് നല്‍കി പിന്തിരിപ്പിച്ചു.
സുന്ദരികള്‍ വാട്ട്സാപ്പില്‍ കയറി ഇക്കിളി കൂട്ടി. പ്രണയലേഖനം സ്റ്റാറ്റസാക്കാന്‍ താപസകന്യകള്‍ക്ക് ടെക്നിക്കല്‍ എഫിഷ്യന്‍സി ഇല്ലല്ലോ എന്നു നീട്ടത്തില്‍ പാടി. 
മരവുരി കുടഞ്ഞുടുത്തു.
അനങ്ങിയില്ല കളിക്കാര്‍.
കുന്തം വിഴുങ്ങി തപസ്സിരുന്നു.
സമയമായി.
തപസ്സ് മുറിച്ചു.
കളിക്കാര്‍ കൂട്ടത്തോടെ ആറ്റില്‍ കുളിക്കാന്‍ പോയി.
താളി തേച്ചായിരുന്നു കുളി.
കണ്ടംവെട്ടി നിരപ്പാക്കി മൈതാനം തയ്യാറായി. 
സ്റ്റേഡിയത്തിന് ആഘോഷമായി കാല്‍നാട്ടു കര്‍മ്മം നടത്തി. പഞ്ചായത്ത് പ്രസിഡന്റാണ് കുഴിയിലേക്ക് കാല്‍ നീട്ടിയത്.
ജ്യോതിഷ മഹാപണ്ഡിതനായ കീച്ചങ്കേരി ഗോവിന്ദപ്പണിക്കര്‍ സമയം കുറിച്ചു.
വരാഹമിഹിരന്റെ അരുമശിഷ്യനായ കൊച്ചുപിള്ള ആശാനായിരുന്നു ഗോവിന്ദപ്പണിക്കരുടെ ഗുരു.
ഗുരുമുഖത്ത് നിന്നു നേരിട്ട് പഠിച്ചതാണ് വിദ്യകളെല്ലാം.
ആശാന്റെ പ്രിയപ്പെട്ട ശിഷ്യനുമായിരുന്നു പണിക്കര്‍. ഗുരുവിനോടുള്ള ആദരസൂചകമായി പഠനം കഴിഞ്ഞപ്പോള്‍ ആശാന്റെ ഏകമകള്‍ പത്മാക്ഷിയെ കൊണ്ടുപോന്നു.
അപഹാരം കഴിഞ്ഞ് ശുക്രന്‍ കുളിക്കാന്‍ പോയ നേരത്താണ് രാവിലെ ഒരു കട്ടങ്കാപ്പി കുടിക്കാന്‍ കൊച്ചുപിള്ളയാശാന്‍ അടുക്കളയിലെത്തിയത്.
പത്മാക്ഷിയെ കാണാനില്ല.
ഗോവിന്ദപ്പണിക്കരും പത്മാക്ഷിയും വെളുപ്പിനെ പുറപ്പെടുകയായിരുന്നു. വിവരമറിഞ്ഞ കൊച്ചുപിള്ളയാശാന്‍ വെട്ടുകത്തിയുമായി പിന്നാലെ പാഞ്ഞു.
''കൊന്നുകളയും ഞാന്‍...''
പക്ഷേ, കൊച്ചുപിള്ളയാശാനെക്കാള്‍ വേഗം പത്മാക്ഷിക്കും ഗോവിന്ദപ്പണിക്കര്‍ക്കും ഉണ്ടായിരുന്നു.
പിന്നെ ഫിസിക്‌സാണ്.
മനഷ്യന് ഒന്നും ചെയ്യാനാവില്ല. 
വേഗം കൂടുതലുള്ളവര്‍ ആദ്യമെത്തുന്നു.
മത്സരത്തില്‍ കൊച്ചുപിള്ളയാശാന്‍ പരാജയപ്പെട്ടു.
തിരിച്ചുപോന്നു.
ദേഷ്യത്തില്‍ കവടി നിരത്തി.
അപ്പോള്‍ ദാ അതില്‍ കിടക്കുന്നു.
''മകള്‍ പത്മാക്ഷിക്ക് ഇരുപത്തിരണ്ടാം വയസ്സില്‍ ഒരു കുതിച്ചുചാട്ടമുണ്ടാകുമെന്ന്!''
ഗോവിന്ദപ്പണിക്കരും കുറിച്ചാല്‍ കുറിച്ചതാണ്. അമ്മായിയച്ഛന്റെ കൈപ്പുണ്യം കിട്ടിയിട്ടുണ്ട്.
അണുകിട പിശകില്ല.
സംഘാടകര്‍ ആശങ്കാകുലരായി ചോദിച്ചു:
''പണിക്കരേ എങ്ങനെ?''
''കസറും. ലഗ്‌നാധിപന്‍ സൂര്യനാണ്. വിജയം കണ്ടേ കളി തീരൂ.''
അതു കേട്ടതോടെ സംഘാടകര്‍ ആനന്ദത്തില്‍ ആറാടി. ചിലര്‍ ഏഴാടി, എട്ടാടി. പത്തുവരെ ആടിയവരുണ്ട്.
കാല്‍നാട്ടിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സംസാരിച്ചു.
ഈ സന്ദര്‍ഭത്തില്‍ പ്രസംഗം അനാവശ്യമാണെന്നു പലവട്ടം ശ്രോതാക്കളെ ഓര്‍മ്മിപ്പിച്ച് മുക്കാല്‍ മണിക്കൂറില്‍ കഥാകാലക്ഷേപം അവസാനിപ്പിച്ചു. ട്രമ്പിന്റെ ഉത്തര കൊറിയയോടുള്ള സമീപനം, തുര്‍ക്കിയിലെ യാഥാസ്ഥിതിക കക്ഷിയുടെ ജയം, ഹംഗറിയിലെ ഭരണമാറ്റം തുടങ്ങിയ വിഷയങ്ങളും ചുരുക്കി വിവരിച്ചു.
സമയമില്ലാത്തതുകൊണ്ടാണ് ചുരുക്കുന്നത് എന്ന് ഇടയ്ക്കിടയ്ക്ക് വേവലാതിപ്പെട്ടു.
അല്ലെങ്കില്‍ കാണിച്ചുതരാമായിരുന്നു! ങ്ഹാ...
ഫൈനലായി.
കാണികള്‍ നിറഞ്ഞു.
മുളങ്കുറ്റിയില്‍ കുത്തിയാഴ്ത്തിയ സ്റ്റേഡിയത്തില്‍ ഒരു സ്‌ക്വയര്‍ഫീറ്റില്‍ നാലുപേരിരുന്നു.
ഇതിനിടയില്‍ സ്റ്റേഡിയത്തില്‍ ബഹളം.
ഗ്യാലറിയില്‍ കാള കയറി!
കാള അമറുന്ന ശബ്ദം.
കാളയല്ല കമന്ററി പറയാന്‍ വന്നവനാണെന്ന് സംഘാടകര്‍ അറിയിച്ചു.
അതോടെ പ്രകോപിതരായ ജനങ്ങള്‍ കമന്ററി പറയാന്‍ വന്നവനെ ഓടിച്ചിട്ട് തല്ലി. 
റണ്ണിംഗ് കമന്ററി.
പിന്നെ നാലുകുറ്റി ചൂടന്‍ പുട്ടും മൂന്ന് ഏത്തപ്പഴം പുഴുങ്ങിയതും (ചൂടോടെ) രണ്ട് താറാമ്മുട്ടയും കിട്ടിയതോടെ കമന്റേറ്റര്‍ക്ക് തൃപ്തിയായി.
സംഘാടകര്‍ മൈക്കിലൂടെ അറിയിച്ചു:
''ഗളി ആരംഭിക്കുകയാണ്''
കളിക്കാര്‍ ഡ്രസ്സിംഗ് റൂമില്‍നിന്നു താറ് പാച്ചി. കച്ച മുറുക്കി. 24 മുഴം വീരാളിപ്പട്ടാണ് ചുറ്റിയത്.
കച്ച മുറുക്കിയപ്പോള്‍ മുറിയിലെ മോന്തായം കുലുങ്ങി.
കോച്ച് പറഞ്ഞു:
''വലിച്ചുടുത്തോ... അടി എങ്ങോട്ടാണ് വരുന്നതെന്നു പറയാന്‍ പറ്റില്ല.''
കളിക്കാര്‍ ഓരോരുത്തരോടായി യാത്ര പറഞ്ഞു:
''നേര്‍പെങ്ങളേ പോയ്വരട്ടെ...''
''നേരാങ്ങള പോയി വരൂ.. ചെന്നേടം ചെന്നു ജയിച്ചിട്ടേയുള്ളു എന്റെ പൊന്നാങ്ങള...''
നെറുകയില്‍ മുത്തം കൊടുത്തു നേര്‍പെങ്ങള്‍.
''നേരച്ഛാ... പോയ്വരട്ടെ...!''
''മകനെ പോയ് വരൂ...''
''നേരമ്മേ പോയ് വരട്ടെ...!''
''നേര്‍മകനേ... പോയി വാ... നെഞ്ചത്താണ് ഫൗളെങ്കില്‍ നിന്നെ പട്ടില്‍ പൊതിഞ്ഞുകൊണ്ടുവരും. പിന്നിലാണ് പരിക്കെങ്കില്‍ പച്ചോലയില്‍ പൊതിയും... സത്യം... സത്യം... സത്യം...''
മുറപ്പെണ്ണിനെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു:
''കുങ്കീ കരയരുത്... ചാനലുകാരുടെ ക്യാമറ കാണുമ്പോള്‍ നീ രണ്ട് കയ്യും പൊക്കി തുള്ളിച്ചാടണം. നീട്ടിയൊതുക്കി വെട്ടി ചായമിട്ട നിന്റെ നഖങ്ങള്‍ കണ്‍പീലികളില്‍ ചേര്‍ത്ത് വെക്കണം... കളിയൊന്നും മനസ്സിലായില്ലെങ്കിലും നീ ഇടയ്ക്കിടക്ക് ചാടിക്കൊണ്ടിരിക്കണം. നീ ചാടുമ്പോള്‍ എന്തൊരു ഊര്‍ജ്ജപ്രവാഹമാണ് കുങ്കീ... നിന്റേത് പോസിറ്റീവ് ജമ്പിങ്ങാണ് കുങ്കീ...''
''എല്ലാം പറഞ്ഞപോലെ... ജയിച്ചേ വരൂ എന്നെനിക്കറിയാം... ഞാന്‍ ലോകനാര്‍ക്കാവിലമ്മയ്ക്ക് നേര്‍ച്ച നേര്‍ന്നിട്ടുണ്ട്... അമ്മ കൈവിടില്ല. പൊരുതി വാ... എന്നിട്ട് വേണം ലോകനാര്‍ക്കാവില്‍ ഉത്സവത്തിന് നമുക്കൊരുമിച്ച് പോകാന്‍... എനിക്ക് ചാന്തുപൊട്ടും കുപ്പിവളേം വേണം.''
മുറപ്പെണ്ണിനെ മാറോടടുക്കി.
കോച്ച് പറഞ്ഞു:
''നീ ഇവിടെ ഫ്രീക്കിക്കെടുത്തോണ്ട് നിക്കാതെ വാ...''
കളിക്കാര്‍ മൈതാനത്തിലേക്ക് പ്രവേശിച്ചു. ഇടത്തു ചാടി, വലത്തു മറിഞ്ഞ്, വലങ്കാല്‍ ഒരു മുഴം മുന്നോട്ട് നീട്ടി, ഇടതു മാറി, ഇരു കൈകളും നീട്ടിത്താണുതൊഴുത്, മപ്പടിച്ച്, തപ്പടിച്ച്, തകിലടിച്ചാണ് കളിക്കാര്‍ മൈതാനിയിലേക്ക് പ്രവേശിച്ചത്.
വിശിഷ്ടാതിഥി കളിക്കാരെ പരിചയപ്പെടാനെത്തി.
കളിക്കാരെല്ലാവരും കൂടി അതിനെയെടുത്ത് പുറത്തിട്ടു.
''അല്ലെങ്കിലും അതെ. എന്തെങ്കിലും നല്ല കാര്യം നടക്കുമ്പോ അപ്പ വരും ഇമ്മാതിരി ഇനങ്ങള്‍...''
കളിക്കാരെ മൈക്കിലൂടെ വിളിച്ചറിയിച്ചു.
പുത്തൂരം കണ്ണപ്പന്‍, തച്ചോളി മാണിക്കോത്ത് ഒതേനന്‍, താഴത്തുമഠത്തില്‍ കുങ്കന്‍, ഉണിക്കോനാര്‍, ഉണിച്ചന്ദ്രോര്‍ എന്നിങ്ങനെയുള്ള ഇന്റര്‍നാഷണല്‍ കളിക്കാര്‍ ഇരുവശത്തും നിരന്നു.
ബിസിലൂതി.
തൊടങ്ങിന്‍ഡാ പിള്ളാരേ...
പുത്തൂരം ഇലവന്‍ വകയായിരുന്നു ആദ്യതട്ട്. കണ്ണപ്പന്റെ മുന്നേറ്റം. പറക്കുകയാണ് കണ്ണപ്പന്‍. സഹികെട്ട കളിക്കാര്‍ ഒരുവിധം പിടിച്ചുകെട്ടി മൈതാനത്തിലേക്ക് കൊണ്ടുവന്നു. ഇനി മൈതാനം വിട്ടുപോകില്ലെന്ന് രണ്ടു പേരുടെ ജാമ്യവും ഹാജരാക്കി.
കില്ലേഴ്സിന്റേതാണ് അടുത്ത ഊഴം. കുങ്കന്‍ കുതിച്ചു. പുത്തൂരം ഇലവന്റെ ഗോള്‍മുഖത്തെത്തി. ഓതിരം കടകം മറിഞ്ഞു. ഇടതുകാലില്‍നിന്നു വലതുകാലിലേക്ക് മാറ്റി. ഇടത്തുചാടി വലത്തുയര്‍ന്ന് അടിക്കാന്‍ ഒരുങ്ങിയപ്പോഴാണ് പന്ത് കാണുന്നില്ല. അത് വേറൊരു സ്ഥലത്ത് സസുഖം വാഴുന്നു.
പുത്തൂരം ഗോളി ആശ്വസിപ്പിച്ചു.
''ഡോണ്‍ട് വറി. ട്രൈ എഗെയ്ന്‍.''
ഗോളിക്ക് കുങ്കന്‍ ഒരുമ്മ കൊടുത്തു.
പുത്തൂരം പ്രതിരോധനിരയില്‍ നിന്ന് ഉച്ചത്തില്‍ ഒരു കരച്ചില്‍.
സ്റ്റേഡിയം മൂകമായി.
അവരുടെ കരുത്തനായ ബാക്ക് പയ്യാംവെളി ചന്തു തലയ്ക്ക് കൈതാങ്ങി നിലവിളിക്കുന്നു.
കളിക്കാര്‍, റഫറിമാര്‍, ആംബുലന്‍സ് എല്ലാം അടുത്തുവന്നു.
ഒരറിയിപ്പുണ്ടാകുന്നതുവരെ കളി നിര്‍ത്തി.
തലയില്‍ എന്തോ വന്നു വീണെന്ന് ഓര്‍മ്മ വന്നപ്പോള്‍ ചന്തു പറഞ്ഞു.
ഉരുണ്ട ഒരു സാധനമാണെന്ന് ചന്തുവിന് ഓര്‍മ്മയുണ്ട്.
പിന്നെ ബോധം പോയി.
പന്ത് തന്നെയാണ് വീണതെന്നു പിന്നീട് നടന്ന സമഗ്ര അന്വേഷണത്തില്‍ തെളിഞ്ഞു.
പണ്ട് പട്ടാളത്തിലായിരുന്നു ചന്തു. റിട്ടയര്‍ ചെയ്ത ശേഷം ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ സെക്യൂരിറ്റിപ്പണിക്ക് പോയി. 
പ്രായം അധികമില്ല.
അമ്പത്തിയൊമ്പത്... അറുപത്.
കരുത്തനായ കാവല്‍ക്കാരനാണ്. അത് പുത്തൂരം ഇലവന്‍ മനസ്സിലാക്കി.
ചന്തുവിനെ ടീമിലേക്ക് ക്ഷണിച്ചു. 
ചന്തു പ്രായത്തിന്റെ കാര്യം പറഞ്ഞു. അതൊന്നും പ്രശ്‌നമില്ല. സെക്യൂരിറ്റിയായി നിന്നാ മതിയെന്നായിരുന്നു കരാര്‍.
അങ്ങനെ നില്‍ക്കുകയായിരുന്നു ചന്തു.
ഉറങ്ങിപ്പോയി.
അപ്പോഴാണ് പന്ത് തലയില്‍ വീണത്.
ഉല്‍ക്കയാണെന്നാണ് ചന്തു കരുതിയത്.
നൂല് ജപിച്ചുകെട്ടിയതോടെ ചന്തു ഉഷാറായി. വീണ്ടും ഇറങ്ങി.
ഉണിക്കോനാര്‍ ഉണിച്ചന്ദ്രോരെ ഇടങ്കാലിട്ട് വീഴ്ത്തി. ഉണിച്ചന്ദ്രോര്‍ അങ്കം കുറിച്ചു. ഉണിക്കോനാര്‍ തിരിച്ചും കുറിച്ചു.
''ഇന്നേക്ക് നാലാം പക്കം...''
നേര്‍ക്കു നേര്‍.
ലോകനാര്‍കാവിലമ്മേ ശക്തി തരൂ... ഉടപ്പിറന്നോന്മാരേ... കരുത്ത് താ...
ഉണിക്കോനാര്‍ കൈതെറുത്തു.
ഉണിച്ചന്ദ്രോര്‍ കാല്‍ മടക്കി. റഫറി ചാടിവീണു.
ഉണിക്കോനാര്‍ക്ക് കാര്‍ഡ് കാണിച്ചു.
ഉണിക്കോനാര്‍ കാര്‍ഡ് വാങ്ങി.
ഐ ലവ് യൂ എന്നെഴുതി തിരിച്ചുകൊടുത്തു.
റഫറി നാണംകൊണ്ട് ചൂളിപ്പോയി.
റഫറി ഉണിച്ചന്ദ്രോര്‍ക്കും കൊടുത്തു ഒരു കാര്‍ഡ്.
ഉണിച്ചന്ദ്രോര്‍ തിരിച്ച് റേഷന്‍ കാര്‍ഡ് കാണിച്ചു.
റഫറി നോക്കി.
വരുമാനം ശരിയാണ്.
കളി പുനരാരംഭിച്ചു.
ആരും ഗോളടിക്കുന്നില്ല.
കളി തീരുന്ന മട്ടില്ല.
മുഴുവന്‍ സമയവും കഴിഞ്ഞു.
അധിക സമയവും കഴിഞ്ഞു. ഷൂട്ടൗട്ടും സഡന്‍ ഡെത്തും കഴിഞ്ഞു.
എന്നിട്ടും തീരുമാനമാകുന്നില്ല.
സംഘാടകര്‍ ഗോവിന്ദപ്പണിക്കരെ കണ്ടു.
പണിക്കര്‍ പ്രശ്‌നം വെച്ചു.
പ്രശ്‌നവശാല്‍ വിഘ്‌നങ്ങളാണ്. ബുധനും ശുക്രനും അഭിമുഖമായി നില്‍ക്കുന്നു.
അനങ്ങുന്നില്ല രണ്ടുപേരും.
''എന്താ മാര്‍ഗ്ഗം പണിക്കരേ?''
''ജനങ്ങളെ ഒഴിപ്പിക്കാം.''
''അതിനെന്താ മാര്‍ഗ്ഗം?''
''ഒരു മാര്‍ഗ്ഗം തെളിയണ്‍ട്...''
''പറയ് പണിക്കരേ...''
''ആ കമന്ററിക്കാരനെ തിരിച്ചുകൊണ്ടുവരിക..''
''എങ്കില്‍?''
''എല്ലാം ശുഭം.''
സംഘാടകര്‍ പറപറന്നു.
പിടിച്ചുകെട്ടി കൊണ്ടുവന്നു.
കമന്ററി തുടങ്ങി.
''ഇതാ... വാട്ട് എ ബ്യൂട്ടിഫുള്‍...''
ഒറ്റ മിനിറ്റ്.
മൈതാനം കാലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com