ഒറ്റപ്പാലം -എസ്. കണ്ണന്‍ എഴുതിയ കവിത 

നെല്ലിന് പകരം കേറി വളര്‍ന്നൊരാരപ്പുല്ലിന്‍കറ്റകള്‍ കാറ്റാല്‍, കന്നിന്‍ മുഞ്ഞിയാല്‍നാനാപുറം വകഞ്ഞും നിറം ചിന്നിത്തഴപ്പില്‍വെളുക്കുന്നു.

തുറന്നു പരക്കുന്ന പാടത്തിന്നന്തത്തിലായ്
മരങ്ങള്‍ പിടലിയില്‍ ചുമക്കുന്ന മലകളെ
കണ്ടുകൊണ്ടതിന്‍നേര്‍ക്കു 
നടന്നു മുന്നേറുമ്പോള്‍
ചെവികള്‍ ചിറകുകള്‍
കണ്ണുകള്‍ വാനമ്പാടി.
അവളുണ്ടരികത്ത്
മൂന്നു ജന്‍മത്തിനും മുന്‍പേയെന്നെ
പുല്ലിലും പൊടിയിലും കാറ്റിലുമൊരുക്കുന്നോള്‍.
പുഴയൊക്കത്തിരുന്നു മൈക്കാല്‍
പാടുന്ന കുരുവിക്ഷേത്രം
പടര്‍ന്നൊരരയാലാല്‍ 
കായിലിന്‍ ചിത്രം തീര്‍ത്തു.
ആ നീലത്തിരക്കോളില്‍
തുള്ളുമെന്‍ കണ്ണ്, കരിങ്കൊക്ക്
സൂര്യപ്പരലുകള്‍ കൊത്തിത്തിന്നു.
നിമിഷമൂതുന്നുണ്ട്
ആട്ടിന്‍ കുട്ടികള്‍ ചെറുപുല്ലിന്‍
ഞാറുകള്‍ കരളുന്നുണ്ട്
കതിരുകാണാക്കിളി 
കറുത്തൊരോലക്കൈ വിശറി വീശുന്നുണ്ട്
മയിലിന്നനാഥമാമന്ധകാരക്കുഴല്‍
കൂവുന്നുണ്ടതിരുകള്‍.

പാടം നമ്മെ നയിച്ചു കരേറ്റുന്നുണ്ടുറച്ച
കരഭൂമി വിരിച്ചുമതു പിന്നെ വിളര്‍ത്ത കറ്റക്കുഴിപ്പരപ്പ് 
കടന്നിട്ടാവേനല്‍ത്തോപ്പില്‍
മുരണ്ടു ചരല്‍ക്കല്ലാല്‍.

നെല്ലിന് പകരം കേറി വളര്‍ന്നൊരാരപ്പുല്ലിന്‍
കറ്റകള്‍ കാറ്റാല്‍, കന്നിന്‍ മുഞ്ഞിയാല്‍
നാനാപുറം വകഞ്ഞും നിറം ചിന്നിത്തഴപ്പില്‍
വെളുക്കുന്നു.

അവിടെയിരിക്കുന്നുണ്ടെങ്കിലും
ഞങ്ങള്‍ രണ്ടും
പൊഴിഞ്ഞേപൊയ്ക്കൊള്ളുന്നു
ണ്ടോര്‍മ്മയില്‍
സ്ഥലത്തിലും
അവളോട് പറഞ്ഞു ഞാന്‍
റാഹത്ത് ഫത്തേ അലിഖാനെ
മൊബൈലില്‍ കണ്ടെത്തുവാന്‍
അതുകേട്ടിരുന്നപ്പോള്‍
പണ്ടു കൂട്ടുകാരന്‍
ബാംസുരിക്കോളിന്‍
സന്ധ്യയില്‍ ഞങ്ങളെ
നട്ടുപിടിപ്പിച്ചതോര്‍ത്തു.
ആ രണ്ടു നിമിഷവും
ഞങ്ങള്‍ രണ്ടു പേരെയും
പിന്നെയാ ത്രിസന്ധ്യയും താളില്‍
മറിച്ചുകളയുവാന്‍
ഞങ്ങളെഴുന്നേറ്റു.

നനഞ്ഞു വിറച്ചൊരെന്‍
ഹൃദയം തൂവലാറ്റാന്‍ശൈത്യ
പ്പിശറില്‍ വിരിച്ചപോല്‍
കുതിര്‍ന്നു കാത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com