എക്‌സൈല്‍

അപ്പുവും ജ്യോത്സനയുംകൂട്ടുകാരാണ്

1

അപ്പുവും ജ്യോത്സനയും
കൂട്ടുകാരാണ്
നാലാം ക്ലാസ്സില്‍ പഠിക്കുന്നു
അവര്‍ ഒരുമിച്ചാണ്
സ്‌കൂളില്‍ പോകുന്നത്
സ്‌കൂള്‍ യൂണിഫോമിന്റെ
തിരക്കൊഴിഞ്ഞ ദിവസം
അവള്‍ ധരിക്കാറുള്ള
നിറയെ ചിത്രശലഭങ്ങളുള്ള
പുള്ളിപ്പാവാട
അവന് വലിയ ഇഷ്ടമാണ്
രണ്ടായി പിന്നിയിട്ട മുടിക്കെട്ടില്‍
ചിത്രശലഭങ്ങള്‍
കൂട്ടത്തോടെ പറന്നിരിക്കും.
എവിടെനിന്നു വരുന്നു
ഇത്രമാത്രം ചിത്രശലഭങ്ങള്‍..!

2

അപ്പുവും ജ്യോത്സനയും
അയല്‍ക്കാരാണ്
വീട്ടുകാര്‍ കെട്ടിയുയര്‍ത്തിയ
മതില്‍ക്കെട്ടില്‍
അവരുടെ കാഴ്ച തടഞ്ഞുവീഴും
അതിനാല്‍ ആരും കാണാതെ
അവര്‍ കാണും.
പറയും.
കേള്‍ക്കും.
അപ്പുവിനു പറയാനുള്ളത്
മണ്ണിനടിയില്‍നിന്ന്
അവന്‍ ഇന്നലെ കണ്ടെടുത്ത
ഓന്തിന്റെ മുട്ടകളെക്കുറിച്ചാണ്
തുമ്പികളായ് മാറുന്ന
അവന്റെ
കുഴിയാനകളെക്കുറിച്ചാണ്.
കുഞ്ഞുങ്ങളെ പെറ്റുകൂട്ടുന്ന
ബ്ലാക്ക്‌മോളിയേയും
വൈറ്റ്‌മോളിയേയും കുറിച്ചാണ്.
അതിന്റെ സുന്ദരിക്കുട്ടികളെ
ജീവനോടെ വിഴുങ്ങുന്ന
ഭ്രാന്തന്‍ മുഷിയെക്കുറിച്ചാണ്
എങ്കിലും
അവന്റെ ചിത്രശലഭങ്ങള്‍...!

3

ജ്യോത്സനയോട്
ആരും സ്‌നേഹത്തോടെ സംസാരിക്കാറില്ല
അവളുടെ പപ്പയും മമ്മിയും വിദേശത്താണ്
അമ്മച്ചി മാത്രമാണവളുടെ കൂട്ട്
അമ്മച്ചി അവളെ വഴക്കു പറയും
പാല്‍ കുടിപ്പിക്കും
അടിച്ച് ഭക്ഷണം കഴിപ്പിക്കും
എങ്കിലും അവള്‍ക്ക്
അമ്മച്ചിയെ ഇഷ്ടമാണ്.

4

അവള്‍ക്കൊരപ്പാപ്പനുണ്ട്
അയാള്‍ അവളെ കൊഞ്ചിക്കും
ഉമ്മവയ്ക്കും
ഇക്കിളിപ്പെടുത്തും.
അയാള്‍ക്ക് കള്ളിന്റെ മണമാണ്
അവള്‍ക്കയാളെ ഇഷ്ടമല്ല
അപ്പാപ്പനെക്കുറിച്ച്
അമ്മച്ചിയോട് പറയാനൊരുങ്ങിയതാണ്
പലവട്ടം.
''പോയി പഠിക്കു മോളെ''
അമ്മച്ചി ശാസിക്കും
അവള്‍ക്ക് മമ്മിയോട്
എല്ലാം പറയണമെന്നുണ്ട്
സ്‌കൂളിനെക്കുറിച്ച്
ടീച്ചര്‍മാരെക്കുറിച്ച്
അപ്പുവിനെക്കുറിച്ച്...
മമ്മി ഫോണ്‍ ചെയ്തപ്പോള്‍
അപ്പാപ്പനെക്കുറിച്ച്
പറഞ്ഞുതുടങ്ങിയതുമാണ്
''മോളേ സമയം പോകുന്നു''
മമ്മി ഫോണ്‍ കട്ടുചെയ്തു.

5

ക്ലാസ്സിന്റെ ഇടവേളയില്‍
ജ്യോത്സന അപ്പുവിനോട്
അവളുടെ
അപ്പാപ്പനെ കുറിച്ച് പറഞ്ഞു:
അവള്‍
അപ്പുവിനെക്കാണരുത്
കേള്‍ക്കരുത്
പറയരുതെന്നും.
അപ്പു ഭയപ്പെട്ടു.
അയാളോട് ആദ്യമായി
അവന്
ഒടുങ്ങാത്ത ദേഷ്യം തോന്നി.
അവന്റെ ചിത്രശലഭങ്ങള്‍
ഭയന്ന് ചിറകിട്ടടിക്കാന്‍ തുടങ്ങി.
അന്ന് രാത്രി
ജ്യോത്സനയുടെ
പുള്ളിപ്പാവാടയിലേയും
മുടിക്കെട്ടിലേയും ചിത്രശലഭങ്ങളെ
ഓരോന്നായി പിടിച്ച്
അയാള്‍
ചിറകരിഞ്ഞ് വലിച്ചെറിയുന്നത്
അപ്പു സ്വപ്നം കണ്ട് നിലവിളിച്ചു.

6

ജ്യോത്സനയെ കാണാനില്ലെന്ന വാര്‍ത്ത
അപ്പുവറിഞ്ഞത് രാവിലെയാണ്.
പനിച്ചു വിറച്ച അവന്റെ കണ്ണുകള്‍
അവളെ
അവിടെയെല്ലാം തിരഞ്ഞു.
അവളുടെ അപ്പാപ്പന്‍
അവിടെ നില്‍ക്കുന്നുണ്ട്.
അയാള്‍ അവനെ നോക്കി
കണ്ണുരുട്ടുന്നുണ്ട്.
ഭയന്നു വിറച്ച അവന്‍
വീടിനുള്ളിലേക്കോടി
കതകടച്ചു.

7

ജ്യോത്സനയുടെ വീട്
ഒരു ഉത്സവപ്പറമ്പായതും
അവളുടെ വാക്കുകള്‍
ആര്‍ക്കും കേള്‍ക്കാന്‍
കഴിയാത്ത
ലോകത്തേയ്ക്ക് നാടുകടത്തപ്പെട്ടതും
മണ്ണടരില്‍
ചീവീടുകള്‍ അതേറ്റു വാങ്ങിയതും
ചിറകരിയപ്പെട്ട സങ്കടം
അവളെത്തേടി
മണ്ണിലലഞ്ഞു നടന്നതും
അപ്പു അറിഞ്ഞതേയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com