കില്ലര്‍: കെജിഎസ് എഴുതിയ കവിത

വാളിനു പ്രിയം ദിവസേന പുതുമാംസ പ്രവേശം, ആദ്യദര്‍ശന കൊല.
കില്ലര്‍: കെജിഎസ് എഴുതിയ കവിത

 
1. വധരതി

വാള്‍ത്തല പോലെ വീതി കുറഞ്ഞതും
മൂര്‍ച്ചയേറിയതും പിശാചിന്റെ ചുണ്ട്.
വെട്ട്  തീവ്രം വാള്‍ച്ചുംബനം. 
വാളിനു പ്രിയം ദിവസേന പുതുമാംസ പ്രവേശം, 
ആദ്യദര്‍ശന കൊല.
വെട്ടുമ്പോള്‍ വാള്‍ താന്‍ തന്നെയെന്ന് കില്ലര്‍. 
കൊലവെറിക്ക് കൂട്ട് കാമവെറി.  
ഉടല്‍ പിളരും തോറും മുറുകും രതി. 
ജീവന്‍  എന്ന അഭിമാനം മിടിക്കില്ലിനിയെന്നായാല്‍ 
കൂലിയും വിലയും ലാഭവും വരമ്പത്ത്;
മുഴങ്ങും മോചനമാളികയില്‍  ബ്യൂഗിള്‍,
കൊല്ലപ്പെട്ട ജീവന്റെ പേര് തുന്നിയ  നാവേറ്.  
 
2.  വധപ്രതിഭ

ഓനാ ആങ്കുട്ടി; വാഴ്വില്‍നിന്ന് ജഡം  
കൊത്തിയെടുക്കുന്ന വധശില്പി; എന്ന്
കൊല്ലിച്ച് ജയിക്കലേ രസമായ  
ജില്ലാദൈവത്തിന്റെ  പൊട്ടിച്ചിരി.
കില്ലര്‍ക്ക് തോന്നി: ജില്ലാദൈവമേ
നീയേ പരമകില്ലര്‍;
ഞാന്‍, നിന്റെ ആയുധഭണ്ഡാറിലെ 
വെറുമൊരു കുരുത്തോല വാള്‍.  

3. ധീരഭീരുസംവാദം 

തട്ടകത്തെന്നും തരുണര്‍ കൊല്ലപ്പെടുന്നു.
നീയൊരെതിര്‍വാക്ക്  മിണ്ടുന്നൂല്ലല്ലോ  കവീ,
നീതിയുടെ കാവലാളേ,  സഭാപ്രസംഗീ? 

ഞാനെന്താപ്പൊപ്പറയ്യ്യാ, പ്രിയ കണ്ണൂക്കാരാ?
ട്വിറ്ററില്‍ ഞാന്‍ ധീരവാക്ക് പാറിച്ചിരുന്നു.
കൊല, കണക്ക് തീര്‍ക്കലല്ല, പെരുക്കലെന്ന്.   
ഭാവി  വിഷമഗണിതമാക്കലെന്ന്. 
അറിയാല്ലോ ചങ്ങാതീ, ഞാന്‍ ധീരഭീരു;
കവികള്‍ ധീരഭീരുക്കള്‍.
വധത്തിനു് വാല്‍മീകികാലം മുതലെതിരു്.  
ക്ഷണികം, മേഘജ്യോതിസ്സിന്‍ ജീവിതം, 
എന്റെ ധീരതയ്ക്ക്.
ഭീകരതയുടെ സ്ഫോടനത്തില്‍ ഞാന്‍
ഭീരുപ്പക്ഷികളായ് ചിതറും. 

വ്യക്തതയ്ക്കും കരുത്തിനും ഞാന്‍ ഗ്രന്ഥം നോക്കി.
പതിവും പുതുതും ഫാഷിസങ്ങള്‍ നോക്കി. 
ദാരിദ്ര്യമോ രാഷ്ട്രീയമോ ന്യൂറോണ്‍ക്രമക്കേടോ
കില്ലറെ നിര്‍മ്മിക്കുന്നതെന്ന് 
വി.എസ്. രാമചന്ദ്രനില്‍ പരതി.
പശ്ചാത്തപിക്കാത്ത കില്ലറുടെ രോഗമെന്തെന്ന്
ദസ്തയേവ്സ്‌കിയില്‍ നോക്കി.
വംശത്തിന്റെ പകപുരാണം നോക്കി.
കാഫ്കയില്‍ നോക്കി.
ഹിറ്റ്ലര്‍, സ്റ്റാലിന്‍,  ബുഷ്, മാവോ, സംഘി,
തുടങ്ങിയ ആയുധപ്പുരകളില്‍ നോക്കി. 
ധര്‍മ്മപദം, തിരുക്കുറല്‍, അനുകമ്പാദശകം,  
യുദ്ധാനന്തര/വിപ്ലവാനന്തര കവിത, ഹരിതരാഷ്ട്രീയം,  
തുടങ്ങിയ മേല്‍ക്കോടതികളില്‍  നോക്കി. 
നീതിക്കൊരു കഥ, 
അനീതിക്ക്  തീരാക്കഥ. 

ഭ്രാതൃഹത്യയെപ്പറ്റി ആടെക്കണ്ടതൊന്നും
ഈടെപ്പറ്റൂലാ.

4 . തേടല്‍, കൊലയാളിയെ

കഷ്ടം, ഞാനും പ്രിയ കണ്ണൂക്കാരാ, 
തേടുന്നത് വിമോചകനെയല്ല, കില്ലറെ.
ഈ യുഗത്തിന്റെ നീച നായകനെ; പല
പേരിലും കൊടിയിലും ഊരു് ചുറ്റുന്നോനെ. 
ഇപ്പോള്‍, ആരിലുമൊരു കില്ലറെ കണ്ടുപോകുന്നു.  
കില്ലര്‍ലോകമെന്ന് ലോകത്തെ ശപിച്ച് പോകുന്നു. 

നേരേ കാണാനായിട്ടില്ലെനിക്കാ മുഖം.
വിലങ്ങ് വെച്ച്  കോടതിയിലേക്ക് നടത്തുന്ന മൗനം
കില്ലറല്ല; കില്ലറുടെ  ബിനാമി; അംശാവതാരം. 
ഒരു കില്ലര്‍ വിലങ്ങിലെങ്കില്‍ 
പല കില്ലര്‍ സ്വതന്ത്രര്‍.
കില്ലര്‍ അക്കരയിലെന്ന് തോന്നിപ്പിക്കാന്‍
ലോകത്തിലൊഴുകുന്നുണ്ട് രഹസ്യനദികള്‍.

 5. നിക് ഉട്ടിന്റെ ഫോട്ടോയില്‍

നിക് ഉട്ടിന്റെ ഫോട്ടോയില്‍ കില്ലര്‍
ആകാശത്ത് നിന്ന് വരുന്നു.
നാപ്പാം മുട്ടകളിട്ട്
നരകം വിരിയിച്ച് 
ആകാശത്തേക്ക് മടങ്ങുന്ന
വലിയൊരു പുകപ്പറവ, കില്ലര്‍;  
പുക കവചമാക്കിയ തീപ്പറവക്കൂട്ടം കില്ലര്‍;
അലങ്കാരം വേണ്ട, കയ്യേറ്റസൈന്യം കില്ലര്‍. 
പാതി വെന്ത  നാടന്‍ശിശുക്കളെ നരകപ്പെരുവഴിയേ
ആട്ടിപ്പായിക്കുന്ന കൊളോണിയല്‍ ആജ്ഞ, കില്ലര്‍;
ആജ്ഞകള്‍ക്ക് പിന്നില്‍ പതിയിരിക്കും 
കാണാപ്പെരുമാള്‍ കില്ലര്‍;
ലെന്‍സിലൊന്നും  പതിയാതെ.

6. കാണാതായവരുടെ സ്മാരകം

കൊളംബോ വിമാനത്താവളത്തിലേക്കുള്ള  വഴിയില്‍
വാദുവ ജംഗ്ഷനില്‍ കണ്ടു ഞാന്‍
കാണാതായവരുടെ സ്മാരകം.
അനന്തശൂന്യത ആള്‍വടിവില്‍ വാര്‍ന്നൊരു ബുദ്ധച്ചുമര്‍. 
ചുവരില്‍ പതിച്ച ഓരോ ടൈലിലും ഓരോ ഫോട്ടോ,
കാണാതായ ഓരോ മകന്‍, ഓരോ മകള്‍, ഓരോ കിനാവ്.
ഉദയത്തിലേ ചവിട്ടിത്താഴ്ത്തപ്പെട്ട പുലരികള്‍.
ആര്‍ക്ക് കൊല്ലാന്‍ തോന്നിയെന്നോ 
ഏത്  കുഴിയിലേക്ക്  കൊന്നെറിഞ്ഞെന്നോ 
ആര്‍ക്കുമറിയാത്തവര്‍.
സ്മാരകശിലയില്‍ ബാസില്‍ ഫെര്‍നാണ്ടോയുടെ കവിത* 
രാപകല്‍ നീതിയായ്  അവര്‍ക്ക് കൂട്ട്  നിന്നിട്ടും, 
അവരെക്കണ്ട് മടങ്ങുമ്പോള്‍ 
അമ്മമാരിലെന്നും ഒരേ ആന്തല്‍: 
ആരും മരിക്കാത്ത വീട്ടിലെ കടുക് നേദിച്ചിട്ടും
ഉയിര്‍ത്തെണീക്കുന്നില്ലല്ലോ അവര്‍;
വളരുന്നില്ലല്ലോ അവര്‍.  


     
7. മലയണ്ണാന്റെ ദൂരക്കാഴ്ച

സ്മാരകത്തിന് പിന്നില്‍, കോട്ടയ്ക്ക് പിന്നില്‍,
യേശുമൗനത്തിനും ബുദ്ധമൗനത്തിനും പിന്നില്‍ 
പട്ടാളക്കാടിന് പിന്നില്‍  
ക്ഷയിക്കുന്ന വിശ്വാസത്തിനും 
തഴയ്ക്കുന്ന ഭയത്തിനും പിന്നില്‍  
കാണുന്നുണ്ടാവുമോ  ആ അമ്മമാരുടെ കലി 
യൂണിഫോമിലോ ഗൗണിലോ  മറ്റേതെങ്കിലും
മോചകവേഷത്തിലോ  കില്ലറെ?
കൂരിരുട്ടിലും ചെറുജീവികള്‍ 
കാലനെക്കാണും പോലെ?
ചുരം കേറി വരും കാടേറികളുടെ ഇരമ്പത്തില്‍
മേലേച്ചില്ലയിലെ മലയണ്ണാന്‍, പ്രതിരോധവിഹ്വലന്‍,  
കില്ലര്‍പ്പടയെ  കാണും പോലെ? 

ചിത്രീകരണം: ലീനാരാജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com