ചിലന്തി: ഔസേഫ് ചിറ്റക്കാട് എഴുതിയ കവിത

ചിലന്തി: ഔസേഫ് ചിറ്റക്കാട് എഴുതിയ കവിത

തിയുടെ പശയിട്ടു
പശിമയില്‍ നീ തീര്‍ത്ത
മോഹന വലയില്‍
ഒരു നാള്‍
ഞാനും കുടുങ്ങും
നേര്‍ത്തതാണെങ്കിലും
ഏറെ ബലിഷ്ടമാം
നിന്റെ നൂലിഴകള്‍ തീര്‍ത്ത
ക്ഷേത്ര ഗണിതക്കളങ്ങളില്‍
അന്നുഞാന്‍ ഞെരിഞ്ഞമരും.

തീ തുപ്പുന്ന പുലരികളും
ഉരുക്കിയൊഴുക്കുന്ന പകലുകളും
അടിച്ചമര്‍ത്തുന്ന ഇരുണ്ട രാത്രികളും
സമ്മാനപ്പൊതികളായ്
കത്തുന്ന
എന്റെ മുറിക്കുള്ളിലേക്കു
പാഞ്ഞുവരും

കാലം അന്നു കണ്ണുകളിറുക്കിയടയ്ക്കും
നീതിപീഠത്തെ നോക്കി കൊഞ്ഞനം കുത്തും.
സാക്ഷിക്കുട്ടില്‍ നിന്നും
വലിയ വായില്‍ പുലഭ്യം ചൊല്ലി
ഇറങ്ങിയോടും
ചരിത്രം അന്നു
ഭരണിപ്പാട്ടുകളായ്
പാതകള്‍ കീഴടക്കും
സ്ഥിതിവിവരക്കണക്കുകള്‍
പിച്ചിച്ചീന്തും
ഓര്‍മ്മകള്‍ ഒന്നിനും കൊള്ളാത്ത
പായലുകളായ്
ജലപ്രവാഹത്തെ വീര്‍പ്പുമുട്ടിക്കും.

അപ്പോള്‍
എന്റെ വയലേലകള്‍
വിണ്ടുകീറും
കവാടങ്ങളഞ്ചും കൊട്ടിയടയും
ജീവനദിയും വറ്റിപ്പോകും
ഒരിഞ്ചുപോലും ചലിക്കുവാനാകാതെ
അന്നു ഞാന്‍ ദാഹിച്ചു ദാഹിച്ച്
പുനര്‍ജനിക്കായ്
പുത്തന്‍ കരുക്കള്‍ തേടും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com