ജന്‍മാന്തരങ്ങള്‍: ലിജി മാത്യു എഴുതിയ കവിത

പ്രളയജലധിതന്‍ നുരയടങ്ങിയ ജലധിതന്നകവഴികളില്‍അതിസുതാര്യമൃദു ചിറകു ചടുലമായ് ഞൊറിവിടര്‍ത്തിയുലച്ചുഞാന്‍
ജന്‍മാന്തരങ്ങള്‍: ലിജി മാത്യു എഴുതിയ കവിത

പ്രളയജലധിതന്‍ നുരയടങ്ങിയ ജലധിതന്നകവഴികളില്‍
അതിസുതാര്യമൃദു ചിറകു ചടുലമായ് ഞൊറിവിടര്‍ത്തിയുലച്ചുഞാന്‍
ഒരുമനോഹര നീലമത്സ്യമായ് പതിയെ നീന്തിയ നാളില്‍ നീ
പവിഴശോണ വനങ്ങള്‍ തിങ്ങിയ മണലിലാഴ്ന്നു മണിമുത്തുപോല്‍ 
വെറുതെ ഗാഢമുറങ്ങി, നിന്നെയന്നറിയുമായിരുന്നില്ല ഞാന്‍!

പിന്നെ ഗൂഢവനാന്തരത്തിലുയരത്തിലുള്ള മരശാഖിയില്‍ 
മഴകഴിഞ്ഞൊരു പുലരിയില്‍ കുളിര്‍ ചിറകുതോര്‍ത്തുമൊരു പക്ഷിയായ്
ഇലയില്‍നിന്നുമടര്‍ന്ന ജലകണമെവിടെയെത്തിയെന്നറിയുവാന്‍ 
തലചെരിച്ചു കനല്‍മിഴികളാല്‍ മരച്ചുവടുമുഴുവനുമുഴിയവേ
ഇലയടിഞ്ഞു പൂവിതളടര്‍ന്നു മൃദുതൃണമെഴുന്ന മണ്ണറകളില്‍ 
പഴുതുനോക്കിയിഴഞ്ഞുകയറുമൊരു ചിതലല്‍ ചമഞ്ഞനിന്നുടലിനെ
ചടുലമെത്തിയൊരു കൊത്തുകൊത്തിയരനൊടിയിടയ്ക്കു വിഴുങ്ങി ഞാന്‍!

അഴകു പൂത്ത ചുവപ്പുചെത്തികളെഴുതിവെച്ച തൃസന്ധ്യയേ 
കഴുകിമായ്ക്കുവാന്‍ കഴിയുകില്ലെന്നഴലുമായ് മഴയൊഴിയവേ
ഒരു കനത്ത ശിലാതലത്തിലെ വിടവിലൂര്‍ന്ന മണ്ണടരിലേ-
ക്കൊരുശതം വിരല്‍ വേരിറക്കി ഞാനരിയ ചമ്പകവൃക്ഷമായ്,
തലയുയര്‍ത്തി നിവര്‍ന്നുനിന്നുയരെ ഗഗന ഗോപുര ജനലിലൂ-
-ടെളിയ ഭൂമിയെ നോക്കുമീശ്വരനൊരുകുടന്ന മലര്‍നീട്ടവേ, 
ഉടല്‍തണുത്ത് വെയില്‍ കായുവാന്‍ ശിലാതലമണഞ്ഞ മാന്‍പേടനീ,
എഴുതിനീട്ടിയ മിഴികളില്‍ കൊടും തടവിലാക്കിയ രാത്രികള്‍ 
ചെറിയ താരകത്തിരികള്‍ നീട്ടിയതൊരു നടുപ്പകലിലെങ്കിലും
അരികില്‍നിന്‍ മിഴികണ്ടുനിന്ന, രാമലരുമെല്ലെ വിടര്‍ന്നതും
അതിലൊളിച്ച ജലകണമടര്‍ന്നു വീണിലവിറച്ചതുമോര്‍പ്പു ഞാന്‍...

പിന്നെ ഘോരവനങ്ങളില്‍ നിഴല്‍ വള്ളി പുളയുമിടവഴികളില്‍
വെള്ളിമയിലുകള്‍ പീലിനീര്‍ത്തുമതിരമ്യമായ പുല്‍മലകളില്‍ 
കണ്ണുനീരിനേക്കാള്‍ തെളിഞ്ഞ ജലധന്യമായ താഴ്വരകളില്‍, മഴ-
വില്ലടര്‍ന്ന ശകലങ്ങള്‍പോലെ ശലഭങ്ങള്‍ പാറുമലര്‍വനികളില്‍...

ശിരസ്സിലൊരു തൂവല്‍ക്കിരീട, മിടനെഞ്ചില്‍ പുലിനഖമാലയും
അരയിലിലകള്‍ കൊരുത്ത വസനവുമൊരു കരത്തിലൊരു മഴുവുമായ്, 
മണല്‍വിരിച്ച കര താണ്ടി ഏകനായിരതിരഞ്ഞു ഞാനലയവേ
ഒരു പുകച്ചുരുള്‍ ചുഴിയില്‍ തീപ്പൊരി ചിതറിടും പോല്‍ അലരുകള്‍ 
മുടിപ്പടര്‍പ്പാകെത്തിരുകിയും മിന്നും മിനുസക്കല്‍മാല കിലുക്കിയും 
പലതരം കനിച്ചാറു കൊണ്ടുമുഖവടിവുകള്‍ മാറ്റിയെഴുതിയും 
ചടുലനര്‍ത്തന ഭംഗിയില്‍ മിന്നല്‍പ്പിണര്‍കണക്കു മറഞ്ഞൊരാ
പ്രഥമദര്‍ശന ശേഷമെപ്പൊഴോ മതിമറന്നു പ്രണയിച്ചു നാം

ഊയല്‍ വള്ളിയിലൂയലാടി, മരശാഖിയില്‍ കനികള്‍ തേടിയും 
മണ്ണിലാഴ്ന്ന കിഴങ്ങുമാന്തി വിരല്‍ നൊന്തു നഖമുനചിതറിയും
തേന്‍ നുകര്‍ന്നു കൂത്താടിയും കെണികൂട്ടിയിരകളെ വീഴ്ത്തിയും 
മാംസരുധിരമിവയൊക്കെയും പെരുകുമാര്‍ത്തിയോടെ വിഴുങ്ങിയും
ആര്‍ത്തലച്ചു ചിരിച്ചു പൂഴിയിലാണ്ടുരുണ്ടു കൊതിതീരവെ
കാട്ടുപൊയ്കതന്നത്യഗാധമാം നീര്‍ക്കയങ്ങളില്‍ നീന്തിയും
കേളിയാടിമടുത്തു കരയിലെപ്പൂവിരിപ്പിലുറങ്ങിയും 
കാലമെത്രകഴിച്ചു നാമതുപോലുമിപ്പോള്‍ മറന്നു നാം 
കൂരകെട്ടി കൃഷിചെയ്തു കാലിമേയ്ച്ചതിരിനുള്ളിലൊതുങ്ങുവാന്‍ 
പതിയെ നമ്മള്‍ പഠിച്ചു; പോരിനു മുറകളായ് വേട്ടമികവുകള്‍.

നാളെ നമ്മള്‍ നടന്നുപോം വഴിയരികില്‍ നില്‍ക്കുമരിമുല്ലകള്‍
ചിരിവെളിച്ചം തൂകിടും; യാത്ര തുടരുകെന്നു തലയാട്ടിടും
വഴികള്‍ പുതുതായ് തോന്നിടുന്നതു പുതിയ മിഴിയുടെ പരിമിതി
കുഴികള്‍ കുന്നുകള്‍കാണുവാനകമിഴി തുറന്നാലതുമതി
ചെന്നുചേരുമിടമെന്നൊരിടമില്ലുള്ളതറ്റമില്ലാവഴി
ചുവടറിഞ്ഞു നടക്കുകെന്നതേ സുഖദമാം പരമ നിര്‍വൃതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com