യക്ഷിക്കൊളം: ഉമാ രാജീവ് എഴുതിയ കവിത

അങ്ങോട്ടു പോവുമ്പോള്‍ ഒന്നു നോക്കും തിരിച്ചു പോരുമ്പോള്‍ ഒളിച്ചുനോക്കും 
യക്ഷിക്കൊളം: ഉമാ രാജീവ് എഴുതിയ കവിത

പേടിയാണ്. 

അങ്ങോട്ടു പോവുമ്പോള്‍ 
ഒന്നു നോക്കും 
തിരിച്ചു പോരുമ്പോള്‍ 
ഒളിച്ചുനോക്കും 

കറുത്തിട്ടാണ് 
മുടിയഴിച്ചിട്ടതാവണം 

തണുത്തിട്ടാണ് ചത്തുപോയതുകൊണ്ടാവണം 

കാട്ടാപ്പകള്‍ 
കൂട്ടുകാരികളാവണം 

ഒച്ചയുണ്ടാക്കാറില്ല 
വക്കിടിയുന്നതുകൊണ്ടാവണം 

ഒരുനേരം പോലും തെളിഞ്ഞു കണ്ടിട്ടില്ല 
ഒന്നുമോര്‍ക്കാതെ 
ഒരു നിമിഷം പോലും ഉണ്ടാവാഞ്ഞിട്ടാവണം

കവിഞ്ഞൊഴുകി കണ്ടിട്ടില്ല 
അതു പിന്നെ ഓരോ ശീലങ്ങള്‍ അല്ലേ 

മുള്ളാന്‍ മണിക്കും 
ഉണ്ണാന്‍ മണിക്കും 
പോവാന്‍ മണിക്കും 
തെറിച്ചുവരുന്ന 
പന്തോ 
വട്ടോ 
പത്താങ്കല്ലോ 
പാത്തുവയ്ക്കും 

ആരും തെരഞ്ഞു വരില്ല 
എടുത്തതെല്ലാം 
ഇപ്പോള്‍  
സ്വന്തമാണ് 

സൈക്കിളിന്റെ 
റബര്‍ വളയം പോലും 
മാസങ്ങള്‍ കാത്തുവച്ചിരിക്കുന്നതു  കണ്ടിട്ടുണ്ട് 
ഒരു പട്ടിക്കുഞ്ഞുപോലും തിരഞ്ഞു വന്നില്ല 

ഒരിക്കല്‍ കണ്ടു 
കെട്ടുപൊട്ടിയ ഒരു ചുവന്ന അടിപ്പാവാട 
മുകളില്‍ വിരിഞ്ഞു പരന്നങ്ങനെ. 

തോര്‍ത്തി കേറിയവളുടേതാവണം 
മുങ്ങിത്താണവള്‍ 
ഉറപ്പായും 
മുറുക്കിക്കെട്ടിയിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com