ജലമര്‍മ്മരങ്ങള്‍: ബിന്ദു കൃഷ്ണന്‍ എഴുതിയ കവിത

ജലത്തിലേയ്ക്കുറ്റു നോക്കിയിരിക്കുമ്പോള്‍അതു നിങ്ങളോടു പലതും പറയാന്‍ തുടങ്ങുംപുഴ പറയുന്നതല്ല കടല്‍ പറയുകകടല്‍ പറയുന്നതല്ല കായല്‍ പറയുക
ജലമര്‍മ്മരങ്ങള്‍: ബിന്ദു കൃഷ്ണന്‍ എഴുതിയ കവിത

തിരക്കുകളൊക്കെ മാറ്റിവച്ച്
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത്
ജലാശയങ്ങള്‍ക്കരികില്‍
കുറേനേരം പോയിരിക്കുന്നത്
പലതുകൊണ്ടും നല്ലതാണ്

ജലത്തിലേയ്ക്കുറ്റു നോക്കിയിരിക്കുമ്പോള്‍
അതു നിങ്ങളോടു പലതും പറയാന്‍ തുടങ്ങും
പുഴ പറയുന്നതല്ല കടല്‍ പറയുക
കടല്‍ പറയുന്നതല്ല കായല്‍ പറയുക

ഒഴുക്കിനിടയില്‍ തിരിഞ്ഞുനോക്കി പുഴ പറയും
അനാദി കാലം മുതലേയുള്ള ഒഴുക്കിലെ 
ഒരു തുള്ളി മാത്രമാണ് നിങ്ങളെന്ന്
ഒക്കെയൊടുവില്‍ ചെന്നെത്തുന്നത്
ഒരിടത്താണെന്ന്
പിന്നീട് കാറില്‍ തിരിച്ചു പോരുമ്പോള്‍
ബ്ലോക്കില്‍ പെടുമ്പോള്‍
നിങ്ങള്‍ അനാവശ്യമായി ഹോണടിക്കില്ല
മുന്നിലെ ഡ്രൈവറെ തെറി പറയില്ല
ശാന്തമായി കാര്‍ ഒഴുകും

കായല്‍ അനങ്ങാതങ്ങനെ കിടപ്പാണ്
നിശ്ചലത, മൗനം, ഒരു കള്ളച്ചിരി
ഉച്ചയ്ക്ക് സൂര്യന്‍ വെള്ളിയണിയിക്കും
സന്ധ്യയ്ക്ക് മുത്തിച്ചുവപ്പിക്കും
രാത്രി ചന്ദ്രന്‍ നിലാവുകൊണ്ട് 
കടുംനീല സാരിയുടുപ്പിക്കും
നക്ഷത്രങ്ങള്‍ ചൂടിക്കും
കായല്‍ പറയും
ഓടിത്തളരാതെ, ഇളകിമായാതെ
കാത്തിരിക്കൂ
എല്ലാം നിങ്ങളെ തേടിയെത്തും

കടല്‍ 
അതു മറ്റൊരു സംഭവമാണ്
പറയുന്നതെന്തെന്നു മനസ്സിലാക്കാന്‍
ഒരു ജന്മം മതിയാവില്ല
ഇത്ര കാലമായിട്ടും വാനത്തിനുപോലും
മനസ്സിലായിട്ടില്ല
തീരത്തെ പുണര്‍ന്നു ചുംബിക്കുകയാണോ
പിണങ്ങി മടങ്ങി പിണക്കം മറന്ന്
തിരികെ വരികയാണോ?
തീരം കൂടെ പോരാഞ്ഞിട്ടാണോ
പാറയില്‍ തലയടിച്ചു ചിതറുന്നത്?
അതോ പാറ അലിയാഞ്ഞിട്ടോ?

കുടുംബത്തോടൊപ്പം ബീച്ചിലെത്തുമ്പോള്‍
കടല്‍ കുഞ്ഞുങ്ങളോടു മാത്രം ചിരിച്ചു കളിച്ചേയ്ക്കാം
നിങ്ങളെ തീര്‍ത്തും അവഗണിച്ചേക്കാം


ചിലപ്പോള്‍ രൗദ്രം, ചിലപ്പോള്‍ ശാന്തം
ചിലപ്പോള്‍ നീല, ചിലപ്പോള്‍ വെള്ളി 

അല്ലെങ്കില്‍ കടല്‍ തേടി
എന്തിനലയണം?
മലയിലിരുന്നാലും മതി
പിടി തരാത്ത പെണ്ണിനെ
നിങ്ങള്‍ക്കു കടല്‍ എന്നു വിളിക്കാം
വീണ്ടും വീണ്ടും ശ്രമിക്കുന്ന ആരിലും
നിങ്ങള്‍ക്കു കടലിനെ കാണാം

ഓരോ ജലാശയവും ഒരു പാഠമാണ്
ഇന്റേണല്‍ ഇല്ലാത്ത
ക്രെഡിറ്റ് ഇല്ലാത്ത
ഇന്നത്തെ കുട്ടികള്‍ പഠിക്കാത്ത പാഠം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com