ഒറ്റത്താപ്പ്; കല്‍പ്പറ്റ നാരായണന്‍ എഴുതിയ കവിത

എല്ലാറ്റിനുംഒറ്റത്താപ്പായിരുന്നുഗോകുലന്.
കല്‍പ്പറ്റ നാരായണന്‍
കല്‍പ്പറ്റ നാരായണന്‍

ല്ലാറ്റിനും
ഒറ്റത്താപ്പായിരുന്നു
ഗോകുലന്.
തെങ്ങില്‍ക്കയറാനും
മാവില്‍ക്കയറാനും
പ്ലാവില്‍ക്കയറാനും
ചക്കവീണപ്പോള്‍ കിട്ടിയ മുയലിനെ
വറുത്ത്   തിന്നാനും
അങ്ങാടിയില്‍പ്പോയി
കുതിര കയറാനും
തോറ്റ് മടങ്ങി
അമ്മയുടെ    
മേക്കിട്ട് കയറാനും

സ്‌കൂളില്‍ കയറാനും
അമ്പലത്തില്‍ കയറാനും     
രാഷ്ട്രീയത്തില്‍ കയറാനും ഒററത്താപ്പ്   
മതവും
രാഷ്ട്രവും
സാഹിത്യവും ഒന്ന്
ശില്പവും ശിലയും ഒന്ന്
ഓമെന്ന ഒരു മൂളിച്ച
അദൈ്വതം

ആയിരമാണ്ടായി
ഒരേ ഗോകുലന്‍
അതേ ഗോകുലന്‍
ഗോകുലാ നിന്നെ നാറുന്നു;
അമ്മ പറയുന്നു.
നിനക്കൊന്ന് മാറിയുടുത്താലെന്താ?
നിനക്കൊന്ന് മാറിനടന്നാലെന്താ?
നടന്ന വഴിയില്‍ മാത്രം നടന്നു
കണ്ടത് മാത്രം കണ്ടു
വാശിയാണ്;
പുതുതായൊന്നും കാണില്ല
കേള്‍ക്കില്ല.

ആയിരത്തിലധികം കൊല്ലമായുറങ്ങുന്ന ആരോ
ഗോകുലനുണരുമ്പോള്‍
ഉണരുന്നു
അന്ന് പുതുതായിരുന്നതൊക്കെ 
ഇന്നും  അവന്  പുതുപുത്തന്‍
ഗോകുലന്റെ പെട്ടിനിറയെ
താളിയോലകള്‍
ചത്ത എലികള്‍
ഗോകുലാ നിന്നെ നാറുന്നു;
കൂട്ടുകാര്‍ അകന്നു.
തന്നെ നാറാത്ത 
കൂട്ടുകാര്‍ക്കൊപ്പം മാത്രം 
സല്‍സംഘത്തില്‍ മാത്രം ഗോകുലന്‍.
അനശ്വരമായ മണമത്രേ നാററം;
അവര്‍ ചേര്‍ന്നു നടന്നു
ഒറ്റ മുഷ്ടിചുരുട്ടിയൊരാള്‍ക്കൂട്ടം

ഗോകുലന്‍ അക്ഷരാര്‍ത്ഥത്തില്‍ മാത്രം വായിച്ചു
അക്ഷരാര്‍ത്ഥത്തില്‍ മാത്രം ജീവിച്ചു
മുഖത്തെ മുറിവിന്
കണ്ണാടിയില്‍ മരുന്ന് വെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com