തിരുവാഴിത്താന്റെ ആ കോഴി

തിരുവാഴിത്താന്റെ കോഴിയുടെ കൂട്ട്നിങ്ങളെന്തൊക്കെ ചെയ്തു.
തിരുവാഴിത്താന്റെ ആ കോഴി

തിരുവാഴിത്താന്റെ കോഴിയുടെ കൂട്ട്
നിങ്ങളെന്തൊക്കെ ചെയ്തു.

പൂ പറിച്ചതവസാനം
അങ്കവാലു വെട്ടി, പൂവന്റെ പൂവെട്ടി
വര്‍ണ്ണച്ചിറകു രണ്ടു തവണയായി മുറിച്ചു
പിന്നെ ഒരു കാല്‍
അടുത്ത തവണ രണ്ടാംകാലും
എന്നിട്ടും വന്നു ചിക്കിയും ചിനക്കിയും
ഇടക്കൊരു നീണ്ട വിസിലടിച്ചു കൂകിയും
വിളയിലാകെ നിറഞ്ഞുനിന്നു.

ആദ്യമായാണ് കൂലിക്കു പകരം
വാലുമുറിച്ചത്
എന്നിട്ടും വീണ്ടും വന്നു
പകലാകെ അങ്ങനെയിങ്ങനെ നിന്നു
പിടയെ വേണ്ടവിധം
ചിനത്തു വശം കെടുത്തി
പോകാനിറങ്ങുമ്പോള്‍
പൂ കൂടി വെട്ടിമാറ്റി.

പിട മുട്ടയിട്ടു തുടങ്ങുമ്പോള്‍
വീണ്ടും വന്നു
അവള്‍ തുടികൊട്ടിനിന്നു
അന്നിറങ്ങാന്‍ നേരത്താണ് ഒരു ചിറകു മുറിച്ചത്
മുട്ട വിരിഞ്ഞോയെന്നറിയാന്‍
ഒറ്റച്ചിറകു വീശി വീണ്ടും വന്നു
അടയിരിക്കുന്ന അവള്‍ കാറിക്കാറി സ്‌നേഹം പറഞ്ഞു.
ഒറ്റച്ചിറകില്‍ നോക്കി പിട നൊന്തു പ്രാകി

സന്ധ്യയ്ക്ക് പോകാറാകുമ്പോള്‍
മറ്റേ ചിറകും മുറിച്ച് അവര്‍ ആഘോഷിച്ചു
മുറ്റത്ത് അയയില്‍ മറ്റേ ചിറക് ആടുന്നുണ്ട്

രണ്ടു ചിറകും പോയി
വളര്‍ന്ന കോഴിവാലും പോയി
ചുവന്നു വിടര്‍ന്ന പൂവും പോയി

എങ്കിലും പിടയെ തിരിഞ്ഞുനോക്കി ഇറങ്ങെ
പൊടുന്നനേ
ആയിരുന്നു രണ്ടാം കാലും പോയത്
കൊന്തിക്കൊന്തി വീടെത്തി

വിരിഞ്ഞ പിള്ളാരെ കാണാന്‍
എല്ലാം നിറമുള്ള കുട്ടികള്‍

പിടയുടെ ആധിയും വ്യാധിയും
കാണാനാകാതെ
കിളിന്തുകളെ കണ്ടു സന്തോഷിച്ചു
പതുക്കെ മുടന്താനിറങ്ങി
കാലുകളെല്ലാം പോയ
ഇനിയെന്താണുള്ളത്.

പൂട പറിച്ച് ചുട്ടാല്‍
കോഴിക്കറി
ദൂരത്തേക്കെറിഞ്ഞാല്‍
ആന റാഞ്ചിക്കു കുശാല്‍.

അങ്ങനെയാണ് സുഹൃത്തുക്കളേ
അവന്റെ കഥ
ഞങ്ങളുടെ കഥാകാവ്യ സായാഹ്നങ്ങളില്‍
ഒരു ചൊല്ലും കൂടി ഇല്ലം കൂടി
തിരുവഴിത്താന്റെ കോഴിയുടെ ഗതി.
----
*ഇതൊരു പഴഞ്ചൊല്ലും കഥയുമാണ്
നേരുള്ള, നെറികെട്ട കഥ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com