പുതുവര്‍ഷത്തോട്: സച്ചിദാനന്ദന്‍ എഴുതിയ കവിത

സ്വാഗതം ചിങ്ങമേ!  ചുറ്റിലും കൂരിരുളാകിലും നിന്നോണ വെയിലില്‍മായട്ടെ കണ്ണുനീര്‍പ്പാടുകള്‍, ചോര തന്‍ചാലുകള്‍, പേടിക്കിനാക്കള്‍.
പുതുവര്‍ഷത്തോട്: സച്ചിദാനന്ദന്‍ എഴുതിയ കവിത

സ്വാഗതം ചിങ്ങമേ!  ചുറ്റിലും കൂരിരു
ളാകിലും നിന്നോണ വെയിലില്‍
മായട്ടെ കണ്ണുനീര്‍പ്പാടുകള്‍, ചോര തന്‍
ചാലുകള്‍, പേടിക്കിനാക്കള്‍.

ഏറെ മുഷിഞ്ഞു ചുളിഞ്ഞൊരെന്‍ സൗഖ്യങ്ങള്‍
സൗജന്യമായ് നിനക്കേകാം
നീ പകരം തരുമെങ്കില്‍ പുതിയതാം
ഖേദങ്ങള്‍ താണ്ടിക്കടക്കാന്‍

നീയെടുത്താലുമെന്‍ പാഴ്വിജയങ്ങള്‍ തന്‍
കീറക്കടലാസ്സു തൂക്കി
വേണമെനിക്കു പഴകാത്ത തോല്‍വികള്‍
നാളേയ്ക്കൊരങ്കം കുറിക്കാന്‍

താഴേയ്ക്കെറിഞ്ഞുടയ്ക്കട്ടേയറിഞ്ഞവ
യാകെ, ഞാന്‍ യാത്ര പോകട്ടേ,
തീരെയറിയാത്തവയിലേക്കാ ഗൂഢ
ജീവരഹസ്യങ്ങള്‍ തേടാന്‍.

എല്ലാം പരിചിതമാക്കുമിക്കണ്ണുകള്‍
കൊണ്ടുപോയ്, നല്‍കൂ മടക്കി
ഭൂമിയിലാകെയും വിസ്മയം കണ്ടൊരാ
പ്പോയ ബാല്യത്തിന്‍ മിഴികള്‍.

മഞ്ഞിന്‍ തെരുവില്‍ വിറയ്ക്കുമനാഥന്നു
നല്‍കുക ബാക്കിയാമഗ്‌നി;
സല്ലപിക്കാനിടം തേടുമിണകള്‍ക്കു
നല്‍കുകിരുള്‍ത്തിരശ്ശീല.

 നല്‍ക പുരുഷന്നു സ്ത്രീത്വമല്‍പ്പം, നല്‍ക
കണ്ണുനീര്‍ ദൈവങ്ങള്‍ക്കല്‍പ്പം
അല്‍പ്പം യമികള്‍ക്കു രോഷം, അല്‍പ്പം ദയ
ക്ഷിപ്രകോപിക്കു പകുക്കൂ.

ഇത്തിരി മ,ഞ്ഞഗ്‌നിശൈലത്തിന്, തുമ്പ
യ്ക്കല്‍പ്പം പനീരിന്‍ സുഗന്ധം
നല്‍ക ചോരയ്ക്കല്‍പ്പം പച്ച, പൂമ്പാറ്റയ്ക്കു
നല്‍ക പുലി തന്‍ വരകള്‍

നല്‍കുകയസ്ഥിക്കു ചോപ്പ്, മരങ്ങള്‍ക്കു
കൊമ്പിന്നു രക്ഷയ്ക്കു മൂര്‍ച്ച.  
നല്‍കുക സിംഹത്തിന്‍ ഗര്‍ജ്ജനം തെണ്ടുന്ന
പട്ടിക്ക്,  നീളേ നിറയ്ക്കൂ

വജ്രത്തിന്‍ കാഠിന്യം എന്നുമാണിന്റെ കോര്‍
മ്പല്ലിന്നിരയായ  പെണ്ണില്‍!

ചിങ്ങമേ സ്വാഗതം, ഹാ, മതില്‍ക്കെട്ടുക
ളെല്ലാം തകര്‍ക്കുവാന്‍ പോരൂ!
ആദ്യമെത്തട്ടേയൊടുവില്‍ നില്‍ക്കുന്നവര്‍
ലോകം പുനര്‍ജനിക്കട്ടെ!

മുക്തി മനുഷ്യന്നു, മുക്തി ദൈവങ്ങള്‍ക്ക്,
മുക്തി പുല്ലിന്നും പുഴയ്ക്കും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com