ജലത്തിന് എത്ര ചിറകുകളുണ്ട്? പി.എന്‍. ഗോപീകൃഷ്ണന്‍ എഴുതിയ കവിത

ഞാനും മുതലയും കുറേക്കാലമായി അതിര്‍ത്തികള്‍ പങ്കിടാത്ത രണ്ടു രാഷ്ട്രങ്ങള്‍ ആയിരുന്നു.
ജലത്തിന് എത്ര ചിറകുകളുണ്ട്? പി.എന്‍. ഗോപീകൃഷ്ണന്‍ എഴുതിയ കവിത

1. ഞാനും മുതലയും
ഞാനും മുതലയും 
കുറേക്കാലമായി 
അതിര്‍ത്തികള്‍ പങ്കിടാത്ത 
രണ്ടു രാഷ്ട്രങ്ങള്‍ ആയിരുന്നു.
കഥകളിലും മൃഗശാലകളിലും ഒഴിച്ച്.

അത് എവിടെയോ
എങ്ങനെയോ ജീവിക്കുന്നു.
ഞാന്‍ വേറൊരിടത്തും.

അതിന്റെ തോല്‍ 
ഉരിഞ്ഞുപോയി എന്നു കേട്ടാലോ
നീന്താനുള്ള ശേഷി ഇല്ലാതായി 
എന്നു കേട്ടാലോ
വെറും കൗതുകമൊഴിച്ച് 
മറ്റൊന്നും എന്നില്‍ 
ജനിക്കുമായിരുന്നില്ല.

അതിനും
എന്നെപ്പറ്റി
അറിവോ, കേട്ടറിവോ 
ഉണ്ടായിരിക്കില്ല.

ഇപ്പോള്‍ 
ഈ വെള്ളത്തില്‍ 
അതിന്റെ തല 
അല്പമൊന്നുയര്‍ന്നപ്പോള്‍

മുതലയും ഞാനും തമ്മിലുള്ള
ഉടമ്പടി 
പുതുക്കി എഴുതണം 
എന്നൊന്നും തോന്നിയില്ല.
പക്ഷേ,
ഒരു നേരിയ അതിര്‍ത്തിയെങ്കിലും 
ഞങ്ങള്‍ 
പങ്കിടണം.

2. അയാള്‍
കര്‍ച്ചകള്‍ക്കിടയില്‍നിന്നും
മുഖം തിരിക്കുന്ന 
അയാളെക്കണ്ടോ?

അയാളുടെ മുഖം 
ഇനിയെന്നെങ്കിലും 
നേരെയാകുമോ?

ആ കണ്ണുകള്‍
ആകാശം കാണാന്‍
ഇനി ഉയരുമോ?
അതിന്റെ ആശകള്‍
അവിടെ ഒരിക്കല്‍ ഉണ്ടായിരുന്ന
വീടിനപ്പുറം 
ഉയരുമോ?

അയാള്‍ നഷ്ടങ്ങളെക്കുറിച്ച്
വാ തുറന്നില്ല.
നമുക്കത് അറിയാമെന്നിട്ടുപോലും.
അവസാനം അയാള്‍ 
അതു പറഞ്ഞു.

''എനിക്കൊന്നുറങ്ങണം.
ശവപ്പെട്ടിയില്‍ എന്നപോലെ
എനിക്കൊന്നുറങ്ങണം.''

3. കോടി നക്ഷത്രഹോട്ടല്‍ ലോബിയില്‍
ല്ലാം തിരിച്ചുവന്നു.
പക്ഷേ, പോയ പോലല്ല.

കാറ്റു തിരിച്ചുവന്നത്
കൃത്രിമക്കാലില്‍.
വെളിച്ചം തിരിച്ചുവന്നത്
വൈകിയോടുന്ന തീവണ്ടിയില്‍.
ജീവിതം തിരിച്ചുവന്നത്
നടുവൊടിഞ്ഞ പാമ്പിനെപ്പോലെ
വളഞ്ഞുപുളഞ്ഞ്.
മനസ്സു തിരിച്ചുവന്നത്
പണി നിലച്ച നഗരത്തെപ്പോലെ.

തുറന്ന ആകാശത്തിനു കീഴില്‍
കോടിനക്ഷത്രഹോട്ടല്‍ ലോബിയില്‍
എന്നപോല്‍
എല്ലാം കാത്തിരിക്കുന്നു.
സൂചിയില്ലാത്ത ക്ലോക്കിന്റെ 
സൂചി തിരിച്ചുവരുന്നതും കാത്ത്.

4. തീവണ്ടി വീണ്ടും ഓടിത്തുടങ്ങിയ നാളില്‍
റെയില്‍വേ സ്റ്റേഷനില്‍
റഫ്രിജറേറ്റര്‍ പോലെ
ഇരിക്കുന്ന മനുഷ്യനില്‍നിന്നാണ്
ഈ കവിത തുടങ്ങുന്നത്.
തൊട്ടടുത്ത് ഗ്യാസ് സ്റ്റൗ
പോലിരിക്കുന്ന സ്ത്രീയില്‍
ഇത് അവസാനിക്കും.

അവര്‍ രണ്ടുപേരും ചേര്‍ന്ന്
റെയില്‍വേ സ്റ്റേഷനെ 
വീട്ടുപകരണങ്ങളുടെ വില്പനശാലയാക്കിയോ
എന്ന് ആശങ്കപ്പെടേണ്ട.
ഏറ്റവും ചുരുങ്ങിയത്
ഒരു വീടെങ്കിലും ആക്കിയോ എന്നും.

ഒരാള്‍ 
തണുത്ത് മരവിച്ച സൈബീരിയ.
മറ്റേയാള്‍
ഉള്ള് തിളയ്ക്കുന്ന
ഫ്യൂജിയാമ1
തൊട്ടടുത്തെങ്കിലും
ഭൂഗോളത്തിന്റെ രണ്ടറ്റത്തെന്നപോലെ
അവര്‍ ഇരിക്കുന്നു.
രണ്ട് ദിശകളില്‍.
രണ്ട് സമയക്രമങ്ങളില്‍.

ഭൂമി ചന്ദ്രനെക്കാണുന്നപോലെയോ
ചന്ദ്രന്‍ ഭൂമിയെക്കാണുന്നപോലെയോ
അവര്‍ തമ്മില്‍ കണ്ടിരുന്നെങ്കില്‍,
എന്തെങ്കിലും മിണ്ടിയിരുന്നെങ്കില്‍,
വിരലില്‍ വിരല്‍ ചേര്‍ത്ത്
ഏതെങ്കിലും അലഞ്ഞുനടക്കുന്ന വൈദ്യുതിക്ക്
പാത ഒരുക്കിയെങ്കില്‍,

ഇടിഞ്ഞുപൊളിഞ്ഞു വീണ
മനുഷ്യക്കൂനകളായി
അവര്‍ മാറാതിരുന്നേനെ.

തീവണ്ടി വരുന്നു.
ഈ കവിതയ്ക്ക്
പാളത്തില്‍നിന്നും
മാറിനില്‍ക്കേണ്ടതുണ്ട്.

5. കുട്ടികള്‍ ഇത് രണ്ടുവട്ടം കാണട്ടെ
നാം മുഖം തിരിച്ച
പുഴകളെ,
നാം കുട മറച്ച
മഴകളെ
നാം ചവിട്ടിക്കൂട്ടിയ
മലകളെ
കുട്ടികള്‍
രണ്ടുവട്ടം കാണട്ടെ.

ജലത്തിന്റെ കാരുണ്യമാണ് കര
എന്നവര്‍ പഠിക്കട്ടെ.
യൂറോപ്പും അമേരിക്കയും 
കര മാത്രമാണ്
എന്നവര്‍ പറയട്ടെ.
അറബിക്കടലും അറ്റ്ലാന്റിക്കും
കടല്‍ മാത്രമല്ല
എന്നവര്‍ പറയട്ടെ.

6. ആലുവ നോവല്‍ വായിക്കുന്നു2
രാമരാജബഹദൂറിന്റെ 
അവസാനപേജുകള്‍
ആലുവ 
2018-ല്‍ വായിക്കാന്‍ തുടങ്ങി.

വെള്ളത്തില്‍ മുങ്ങിക്കിടന്ന
മണിക്കൂറുകളില്‍
ആലുവയ്ക്ക് മനസ്സിലായി.
ആ നോവല്‍ എഴുതിയത് സി.വിയല്ല,
പെരിയാറാണ്.

കുഞ്ചൈക്കുട്ടിപ്പിള്ള
സര്‍വ്വാധികാര്യക്കാര്‍ 
പശ്ചിമഘട്ടത്തില്‍ എത്തിയതോടെ
സി.വി. എഴുത്തു നിര്‍ത്തി.
കൊട്ടാരത്തില്‍ ജോലിക്ക് കേറി.

ബാക്കി
പെരിയാര്‍ എഴുതി.
ടിപ്പു മാത്രമല്ല ആക്രമണകാരി
തിരുവിതാംകൂറും കൂടിയാണെന്ന്
പെരിയാറിന് അറിയാമായിരുന്നു

7. കലര്‍പ്പില്ലാത്ത നിലവിളിയാണ് കവിത
വെള്ളം വരുന്നത് കണ്ട് 
ഒരു പഴയ വീട് ഓടിപ്പോയി.
അതിന്റെ മേല്‍ക്കൂരയിലെ ഓലകള്‍
തെങ്ങുകളെ കയ്യെത്തിപ്പിടിച്ചു.
അതിന്റെ ചുമരുകള്‍ 
മണ്ണായി തന്നെ തിരിച്ചുപോയി.
അതിനുള്ളിലെ പുസ്തകങ്ങള്‍
പഴയപോലെ ഇലകളായി.
അതിന്റെ മുട്ടവിളക്ക്
ചന്ദ്രനിലേയ്ക്ക് പോയി.

അതിലെ പഴുതാരകള്‍
പാമ്പുകളായ് ജലം നീന്തി.
എലികള്‍ ചിറകുവെച്ച്
വവ്വാലുകള്‍ ആയി.

മനുഷ്യര്‍ മാത്രം
മറ്റൊന്നുമാകാനാകാതെ
മനുഷ്യരില്‍ത്തന്നെ 
കുടുങ്ങിക്കിടന്നു.

കവിത രുദിതാനുസാരിയല്ല,
രുദിതം തന്നെ
---
1. ഒരു അഗ്‌നിപര്‍വ്വതം
2. സി.വിയുടെ രാമരാജബഹദൂറില്‍ കുഞ്ചിക്കുട്ടിപ്പിള്ള സര്‍വ്വാധികാര്യക്കാര്‍ പശ്ചിമഘട്ടത്തിലെ ഒരു തടാകം ഭേദിച്ച് പെരിയാറില്‍ വെള്ളപ്പൊക്കമുണ്ടാക്കി ടിപ്പു തമ്പടിച്ചിരുന്ന ആലുവയെ വെള്ളത്തില്‍ താഴ്ത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com