ഇരുട്ട് മെല്ലെ വെളിച്ചമാകുമ്പോള്‍

നീല ഇലകളുള്ള മരത്തില്‍കിളിര്‍ത്ത് തൂങ്ങുന്നമിശറുകള്‍
ഇരുട്ട് മെല്ലെ വെളിച്ചമാകുമ്പോള്‍

നീല ഇലകളുള്ള മരത്തില്‍
കിളിര്‍ത്ത് തൂങ്ങുന്ന
മിശറുകള്‍

ഒച്ചുകള്‍
കിതയ്ക്കുന്ന വേഗത്തില്‍
നാട്
വേരിലേക്ക് ചുരുളുന്നു

പിഴച്ച കാലം
വടിയുടെ എതിരറ്റത്തേക്ക്
നടന്ന് പോകുന്ന
ഒറ്റക്കാലന്‍
മൂങ്ങകള്‍
ഇടയത്താഴത്തിന്റെ
വരവുകാരാണ്

ഈന്തയോലകളുടെ
ബ്യൂഗിള്‍ വായന നിര്‍ത്തി
പിശറന്‍ കാറ്റ്
രാത്രിയെ
ഉമ്മവെയ്ക്കാതെ
പിരിഞ്ഞ് പോവുന്നു

വേനല്‍ കുളങ്ങളില്‍
ചില്ലാല്‍ കൂരികളുടെ

വിഷാദോത്സവത്തിന്റെ
മേല്‍പ്പോട്ട് തെറിക്കുന്ന
ഉറങ്ങാത്ത മീന്‍ കണ്ണുകള്‍

മൂന്ന് മക്കളുമായി
ഒരു മുക്കുവ ക്രിസ്തു
നാട്ടിടവഴിയുടെ
വെളിച്ചമില്ലായ്മയിലേക്ക്
ദയനീയതയുടെ
വലയെറിയുന്നു

ഒരാടിനെ കൊന്ന
വിരുന്നില്‍
ഇനിയും ക്ഷണിക്കപ്പെടാത്ത
അതിഥികളുണ്ട്

പകല്‍ കുരിശുപോലെ
ചുമലേറ്റിനില്‍ക്കുന്ന 
രാത്രിക്കടിയിലാണിപ്പോള്‍
വീട്

ഇനി
എവിടേയ്ക്ക്
വഴികാട്ടുമെന്നറിയില്ല
ചുമന്ന തൊണ്ടയില്‍
ക്ലാരനെറ്റുമായി വരുന്ന
ഇരുട്ടിലെ കുറുക്കന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com