ഫാഷിസ്റ്റ് കാലത്തെ ഫാഷനുകള്‍

വിഷയം : ഫാഷിസ്റ്റ് കാലത്തെ ഫാഷനുകള്‍
ഫാഷിസ്റ്റ് കാലത്തെ ഫാഷനുകള്‍

ഗരം,
പ്രഭാഷണം
വൈകുന്നേരം അഞ്ച് മണി
വിഷയം : ഫാഷിസ്റ്റ് കാലത്തെ ഫാഷനുകള്‍

നിങ്ങളിപ്പോള്‍ മുകളില്‍ വായിച്ചത് 
ഒരു കമാനത്തിലെഴുതിയത്,
അത് കടന്ന് പടികള്‍ 
കയറിച്ചെന്നാല്‍

ഹാള്‍ 
കസേരകള്‍
കേമറകളുടെ ഉറവ
ചാനലുകളുടെ ചാലുകള്‍
കാത്തിരിപ്പിന്റെ ഉഷ്ണനില
തീക്ഷ്ണ പ്രതീക്ഷകള്‍ പ്രേക്ഷകര്‍

ആള്‍ദ്യുതി മാദ്ധ്യമങ്ങളില്‍/സോഷ്യല്‍ മീഡിയ എന്നും പറയാം/
മുങ്ങി മരിക്കുന്ന മനുഷ്യര്‍ എന്ന തലക്കെട്ടില്‍
ഒരു പ്രഭാഷണത്തിന് സ്‌കോപ്പ് ഉണ്ടല്ലോ എന്നൊരു 
ആലോചനയിലേക്ക് കടക്കുമ്പോഴാണ്  പ്രഭാഷകന്റെ വരവ്

തല നിറയെ വാക്കുകള്‍
തല ചെരിക്കാതെയാണ് വരവ്

ഫാഷിസം എങ്ങനെയൊക്കെ  ഫാഷനാകുന്നുവെന്നും
ഫാഷനാകുന്ന ഫാഷിസം എങ്ങനെ ഫാസിനേറ്റ് ചെയ്യുന്നുവെന്നും
ഫാസിനേയ്റ്റ് ചെയ്യുന്ന ഫാഷിസം എങ്ങനെ  പാഷനാകുന്നുവെന്നും 
പാഷനാകുന്ന ഫാഷിസത്തെ ഏതു വിധത്തില്‍ ഫാസ്റ്റിനേറ്റ്  ചെയ്യാമെന്നും
ഫാസ്റ്റിനേറ്റപ്പെട്ട ഫാഷിസത്തിന്റെ ഫാറ്റ് ഊറ്റി ഉരുട്ടിയെറിയേണ്ടതിനെ കുറിച്ചും

അല്ലെങ്കിലുള്ള അവസ്ഥകളുടെ 
ഭീകരമായ തലങ്ങളെ കുറിച്ചും 
തലയില്ലായ്മകളെ കുറിച്ചും,

വിശദമായി, 
ഒരു ഭാഗം തുറന്നും 
മറുഭാഗം അടയാതെയും 
കിടന്ന ഓരോരോ ചെവികളിലേക്ക്

ഒഴിച്ച്
   ഒഴിച്ച്
         ഒഴിച്ച്
               ഒഴിച്ച്
                     ഒഴിച്ച്
                            ഒഴിച്ച്
                                   കൊണ്ടേയിരുന്നു

ഫാഷിസ്റ്റ് കാലത്തെ ഫാഷനുകള്‍ എന്ന പ്രഭാഷണം കഴിഞ്ഞു,
പ്രഭാഷകന്‍ താഴേക്ക് ചിരിച്ചുകൊണ്ട് ഇറങ്ങിവന്നു
ലോഡിറങ്ങി കഴിഞ്ഞ ഒരു ലോറിയുടെ
ആശ്വാസം മുഖത്ത്
തത്തിക്കൊത്തി
കളിക്കുന്നത്
കാണാം

പ്രഭാഷകന്‍ 
പുറത്തേക്ക് പോയി
കേള്‍ക്കാന്‍  വന്നവരും 
അപ്രകാരം തന്നെ ചെയ്തു

ഹാള്‍ വൃത്തിയാക്കാന്‍ 
വന്നവര്‍ അകത്തേക്ക് വന്നു,
ചൂലെടുത്ത് ഹാള്‍ നിറയെ ഒലിച്ചിറങ്ങി 
കിടക്കുകയായിരുന്ന വാക്കുകളെയൊക്കെ,

വാക്കുകളെയൊക്കെ
അടിച്ചുവാരിക്കൂട്ടാന്‍ തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com