പള്ളിക്കല്‍ ബസാര്‍*: പിഎ നാസിമുദ്ദീന്‍ എഴുതിയ കവിത

റോഡിന്റെ ഇടതുവശത്തുനിന്നുംതാപസന്മാരെപ്പോലെതാടിയും തോര്‍ത്തുമണിഞ്ഞ്ഗ്രാമീണര്‍ കടന്നുവന്നു
പള്ളിക്കല്‍ ബസാര്‍*: പിഎ നാസിമുദ്ദീന്‍ എഴുതിയ കവിത

കൊണ്ടോട്ടി പള്ളിക്കല്‍ ബസാര്‍ റൂട്ടില്‍
കീലിടാത്ത റോഡിലൂടെ
കിലുക്കാംപെട്ടി പോലെ ഒച്ചവെക്കുന്ന
ഓട്ടോയില്‍ പോകുമ്പോള്‍
ഡ്രൈവര്‍ ചോദിച്ചു
എങ്ങോട്ട് തിരിക്കണം സര്‍

ഇടതുവശത്തൂടെ പോയാല്‍
തോറോവിന്റെ വാള്‍ഡനില്‍1
വലതുവശത്തൂടെ പോയാല്‍
വാരിയന്‍കുന്നത്ത് ഹാജിയുടെയും
ആലിമുസ്ലിയാരുടെയും 
ഭൂതകാലചൂടു വീശുന്ന
ജനപഥങ്ങളില്‍

നേരെ പോയാല്‍
ബില്‍ഗേറ്റ്സിന്റെയും 
സക്കര്‍ബര്‍ഗ്ഗിന്റെയും 
മായാ പ്രപഞ്ചത്തില്‍
മേയും പുതുമുറക്കാരുടെ 
വിഹാരത്തില്‍.
*
റോഡിന്റെ ഇടതുവശത്തുനിന്നും
താപസന്മാരെപ്പോലെ
താടിയും തോര്‍ത്തുമണിഞ്ഞ്
ഗ്രാമീണര്‍ കടന്നുവന്നു
ചിണുങ്ങുന്ന കുഞ്ഞുങ്ങളെയേന്തി
മുഖപടങ്ങളും 
ശാന്തമായ കണ്ണുകളുമുള്ള
അവരുടെ പെണ്ണുങ്ങള്‍
കടന്നുവന്നു

റോഡരികിലെ
തോപ്പുകളില്‍
വാഴയിലകളും
കപ്പയിലകളും
കാറ്റില്‍ മുദ്രകള്‍ കാട്ടി
എന്തോ പറഞ്ഞു
*
ഇടത്തോട്ടു പോയാല്‍
പാവക്കയും വെള്ളരിയും
മുത്തങ്ങയും കറുകയും
പശിമ മണ്ണില്‍ വളരുന്ന
കുളിര്‍വായുവിന്റെ തീരം
അവിടത്തെ മനുഷ്യര്‍ക്ക്
അവിടത്തെ എല്ലാ മനുഷ്യരെയുമറിയാം
എല്ലാ പക്ഷികളെയും
ഇഴജന്തുക്കളെയുമറിയാം

എല്ലാ പക്ഷികള്‍ക്കും 
ഇഴജന്തുക്കള്‍ക്കും 
എല്ലാ മനുഷ്യരെയും അറിയാം

എങ്കിലും പേ പിടിച്ച
തിരമാലകളില്‍
ഇടിഞ്ഞുവീഴുന്ന
കടല്‍ഭിത്തികള്‍പോലെ
നഗരത്തിന്റെ ആര്‍ത്തിയില്‍
ഇതിന്റെ അതിരുകളും
മാഞ്ഞുപോകും.

വേണ്ട ഡ്രൈവര്‍
അങ്ങോട്ട് എടുക്കേണ്ട.
*
വലത്തോട്ടു പോയാല്‍
അശാന്തമായ ആത്മാക്കളുടെ
അസ്ഥികളുടെ കിലുക്കം കേള്‍ക്കും
സൂര്യനസ്തമിക്കാത്ത
അരചരുടെ ജീവിതത്തെ
മരണത്തിന്റെ ഉന്മാദംകൊണ്ട്
ഫലിതമാക്കിയവരുടെ
അവസാന ശ്വാസങ്ങള്‍
കാറ്റിലുലയുന്നതു കേള്‍ക്കും

ബെയ്ത്തുകളും ദിക്റുകളുംകൊണ്ട്
അവര്‍ കാലത്തില്‍ കെട്ടിയ കോട്ട
ആഗോളമായാവി 
നക്കിനുണയുന്നു

വേണ്ട ഡ്രൈവര്‍
അങ്ങോട്ട് എടുക്കേണ്ട
*
നേരെ പോയാല്‍
വീശിയടിക്കുന്ന
പുതുകാറ്റില്‍
പഴമയുടെ എടുപ്പുകള്‍
നിലംപൊത്തുന്ന ശബ്ദം

ജീര്‍ണ്ണവസ്ത്രങ്ങള്‍
ഉരിഞ്ഞെറിഞ്ഞ്
നഗ്‌നതയില്‍
കാറ്റും നിലാവുമേറ്റ്

പ്രത്യാശയുടെ 
വിരല്‍മുദ്രകളിളക്കി
ഭാവിയുടെ 
ചുവടുവെച്ച്
നൃത്തം ചെയ്യുന്നവര്‍

അറ്റമെഴാത്ത
പറുദീസകളിലൂടെ
അര്‍ത്ഥം തേടിയലഞ്ഞ്
അവരും നിഴലുകളായ്
ഒടുങ്ങും.

വേണ്ട ഡ്രൈവര്‍
അങ്ങോട്ട് എടുക്കണ്ട

വണ്ടി ചെറുകുഴിയില്‍ വീണപ്പോള്‍
എങ്ങോട്ട് തിരിക്കണം സര്‍
ഡ്രൈവര്‍ കുപിതനായി.

ഒരു മെഡിക്കല്‍ ഷോപ്പിലേക്ക്...
വല്ലാത്ത തലവേദന
ബാം വാങ്ങി അല്പം പുരട്ടണം.

* പള്ളിക്കല്‍ ബസാര്‍: മലപ്പുറം ജില്ലയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ആസ്ഥാനത്തിനു തൊട്ടടുത്തുള്ള ഗ്രാമപ്രദേശം. ഇവിടെനിന്നു മാറി കുറച്ചകലെ പൂക്കോട്ടൂര്‍ രക്തസാക്ഷി മണ്ഡപം. 
1. തോറോവിന്റെ വാള്‍ഡന്‍: പ്രസിദ്ധ പ്രകൃതി ചിന്തകനായിരുന്ന തോറോവിന്റെ പ്രകൃതി ജീവനം ആവിഷ്‌കരിക്കുന്ന കൃതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com