സമാധാനത്തിന്റെ ഉല്പാദനം: കെജിഎസ് എഴുതിയ കവിത

സമാധാനത്തിന്റെ ഉല്പാദനം അടിയന്തരാവസ്ഥയിലേക്കാള്‍ ഇരട്ടിച്ചെന്ന്പ്രോസിക്യൂട്ടര്‍. 
സമാധാനത്തിന്റെ ഉല്പാദനം: കെജിഎസ് എഴുതിയ കവിത


ള്‍ക്കാട്ടിലെ മാവോഗുഹയിലേക്ക്
സേനയിലെ ചുണക്കുട്ടികള്‍ കടന്നതൊരു 
ധീരനീക്കമായി;
സമാധാനത്തിന്റെ ഉല്പാദനം 
അടിയന്തരാവസ്ഥയിലേക്കാള്‍ ഇരട്ടിച്ചെന്ന്
പ്രോസിക്യൂട്ടര്‍. 

ഒറ്റെന്ന്,  
ഫാസിസമെന്ന്, 
വധിക്കപ്പെട്ട മാവോവാദി.  

ഫലമൂലാദികള്‍ മതിയോ വിപ്ലവതാപസരേ
പശിയടങ്ങാന്‍?
അരിയോ കിഴങ്ങോ ആദിവാസി തരും പോലെ തരുമോ
ആധുനികവാസി?  
അപ്പം കൊണ്ട് മാത്രമടങ്ങുമോ വിപ്ലവമെന്ന
സ്വപ്നക്കെണിയില്‍ പെട്ടുപോയ പാവം മനസ്സ്?
ഐ.ഐ.ടി നീ വിട്ടോ? നിന്നെ വിട്ടോ?
പ്രേമം നീ വിട്ടോ? നിന്നെ വിട്ടോ?
ഉന്മാദിനി പോലല്ലേ കാടുലയുന്നത്
നിഗൂഢതകളുടെ  പാലപ്പൂമണത്തില്‍?
പേടിയാവില്ലേ? കൊടുംകാടല്ലേ? കൂരിരുട്ടല്ലേ?  
കൂട്ടരെവിടെ? ആയുധമെവിടെ? എന്നെല്ലാം 
കാട് കേറീട്ട് ഏറെയായിട്ടില്ലാത്ത മാവോപ്പയലുകളോട്
സേനക്കുട്ടികള്‍  കുശലം ചോദിച്ചെന്ന് 
പ്രോസിക്യൂട്ടര്‍.   

കൂട്ടം ചേര്‍ന്ന് ടോര്‍ച്ചര്‍ ചെയ്‌തെന്ന്  
വധിക്കപ്പെട്ട മാവോവാദി. 

സമാധാനം ഉല്പാദിപ്പിക്കുകയായിരുന്ന സേനയെ
തീവ്രവാദികള്‍ കടന്നാക്രമിച്ചു.
ഏറ്റുമുട്ടലുണ്ടായി.
തൂക്കുമരക്കീഴിലെ കിണറിന്റെ പോലൊരു
ജഡമൗനം കനത്തു. 
വേറൊന്നും കാട് കേള്‍പ്പിച്ചില്ല 
കാണിച്ചുമില്ലെന്ന് സേന സത്യം ചെയ്‌തെന്ന്
പ്രോസിക്യൂട്ടര്‍.

പിന്നില്‍നിന്ന്  സേന വെടി വെച്ചെന്ന്,
തലയിലുണ്ട് കൊന്ന ബുള്ളറ്റെന്ന്,
മുതുകിലെ ചോരച്ചാല്‍ നേരെഴുതീട്ടുണ്ടെന്ന്,
ശത്രുവിന്റെ ശക്തി കുറച്ചു കണ്ടത്, ശത്രുവിനു്
ഈ തലയിലേക്കുള്ള ദൂരം കുറച്ചെന്ന്,
ഒളിക്കൊലയില്‍ സേനയും തീവ്രവാദിയായെന്ന്
മനുഷ്യാവകാശം മറന്നെന്ന്,
കൊല്ലപ്പെട്ട മാവോവാദി.

തോക്കെടുത്തവന്‍ തോക്കാല്‍.
അല്ല, നീതി  അനീതിയാല്‍.
കാട്ടിലെ സാഹസം നാട്ടിലെ മൗഢ്യം. 
അല്ല, അബദ്ധവെടിയല്ല വിപ്ലവം.
ഭയം വിതച്ച് ദുരന്തം കൊയ്യുന്നു തീവ്രവാദം.
അല്ല, സത്യം വിതച്ച് നീതി കൊയ്യുന്നു നീതിവാദം.
വ്യവസ്ഥയ്‌ക്കെതിരേ കാല്പനികര്‍ കുറിക്കുന്ന
ആത്മഹത്യാക്കുറിപ്പാണു് തീവ്രവാദം.

പ്രോസിക്യൂട്ടറും കൊല്ലപ്പെട്ടവനും തമ്മിലെ നേര്‍ക്കുനേര്‍
കോടതി തടഞ്ഞു.

കേസ് വിധി പറയാന്‍ വെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com