തിരുനല്ലൂരെഴുതുമ്പോള്‍ കായലും കടലാസ്: കുരീപ്പുഴ ശ്രീകുമാറിന്റെ കവിത

ദൂതമേഘം കണ്ണുകാട്ടുംകായലില്‍ നോക്കി ഭൂതകാലപാതയോര്‍ത്തു തിരുനല്ലൂര് 
തിരുനല്ലൂരെഴുതുമ്പോള്‍ കായലും കടലാസ്: കുരീപ്പുഴ ശ്രീകുമാറിന്റെ കവിത

ദൂതമേഘം കണ്ണുകാട്ടും
കായലില്‍ നോക്കി 
ഭൂതകാലപാതയോര്‍ത്തു 
തിരുനല്ലൂര് 

കാലുപോയ സഖാവിന്റെ 
പ്രേമഭാജനം 
മാലയിട്ട പകലിന്റെ 
ചാരുതയോര്‍ത്തു 

കേവുവള്ളം തുഴയുന്ന 
തൊഴിലാളിക്ക് 
സ്‌നേഹപാശം പിരിക്കുന്ന 
നേരിനെയോര്‍ത്തു 

അടിമപ്പെണ്ണിനു വേണ്ടി 
അച്ഛനും മോനും 
കടിപിടി കൂടിയാര്‍ത്ത 
രാവിനെയോര്‍ത്തു 

ചരിത്രം ചെമ്പരത്തിയെ 
പുഷ്പിണിയാക്കും
പഴയ കൊല്ലത്തെയോര്‍ത്തു
സമരമോര്‍ത്തു 

ചുവന്ന റോസുകള്‍ കോര്‍ത്ത 
വരണമാല്യം 
പ്രണയികള്‍ ചാര്‍ത്തിനിന്ന 
കനലുമോര്‍ത്തു 

ഒളിപ്പോരാളികള്‍ വന്നു 
പട്ടിണി തിന്നു 
അടുപ്പിന്മേലുറങ്ങിയ 
വസന്തമോര്‍ത്തു 

ഒടുവിലാക്കായലിന്റെ 
ദുര്‍ഗ്ഗതിയോര്‍ത്തു 
വിലപിക്കാന്‍ ചോദ്യകാവ്യം 
മനസ്സില്‍ വാര്‍ത്തു

തിരുനല്ലൂരെഴുതുമ്പോള്‍
പിടഞ്ഞു കായല്‍ 
ഇടത്തേക്കു ചരിഞ്ഞൊന്നു 
ചിരിച്ചു കായല്‍ 
കടലാസ്സായ് കായല്‍, ഓളം 
ലിപികളായി
ഇളംകാറ്റാ സാന്ത്വനത്തെ 
ഓക്‌സിജനാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com