മൂര്‍ത്തി: ഇന്ദിരാ അശോക് എഴുതിയ കവിത

'ചോര തരൂ' എന്നാര്‍ക്കും മൂര്‍ത്തി ക്കാള്‍ ബലിയാകുമ്പോളുരുവിട്ടത്ഉഗ്രത ജീവന്‍ ചോദിക്കുമ്പോള്‍അറ്റ ശിരസ്സുകള്‍ സംസാരിച്ചത്.
മൂര്‍ത്തി: ഇന്ദിരാ അശോക് എഴുതിയ കവിത

തീക്ഷ്ണ പരീക്ഷണനാളി നിരത്തി
തീയിറ്റിക്കുമൊരേകാന്തത്തില്‍
ഭ്രൂണശരീരം പൊതിയും നേര്‍മ്മകള്‍
പോലെ സ്തരങ്ങള്‍ പടരുകയായി
കാറ്റൊരു പൂപ്പാടത്തില്‍
മുന്‍പിന്നോട്ടം പോല്‍
തിരയുരുളുകയായി

പോവുക, പോവുകയുല്‍ക്കാവേഗം
വേഗം നിപതിക്കട്ടെ വാക്കുകള്‍
കല്ലില്‍നിന്ന് കടങ്ങളില്‍നിന്ന്
ഖിന്നത കൊത്തിയെടുത്ത് മിനുക്കി
മാടിയുടുത്ത ശമത്തിന്‍ നൂലിഴ
കാമം ചേര്‍ത്തു പിരിക്കും കലയായ്
ആരിവളനുഭവരാശികളെ
പന്താടുന്നുണ്ട് നടപ്പാതകളില്‍
പോരുകിടംവലമിവളെ കടയുക
ആഴിക്കയറാല്‍, നാഗച്ചുരുളാല്‍
ഏതേതെന്നറിവില്ല കടാഹം
വന്‍ ചുഴിചുറ്റി പൊന്തിയതെല്ലാം
എല്ലു തകര്‍ന്നു തരിച്ചവയെല്ലാം
പൂര്‍വ്വാകൃതിയെ പൂകും വീണ്ടു 
മതാഴക്കടയലിലാടിയുലഞ്ഞു

കാട് പ്രിയങ്കരമത്രേ, ദേവത
ഘോരപിശാചികയത്രേ,യവളോ
രാഗം പോലും പ്രേമം പോലും
ഇല്ലാ മമത ദയാവായ്പതിലൊരു
തെല്ലും സ്‌നേഹ, മവള്‍ക്കു കുടിക്കാന്‍
കണ്ണീര്‍വാര്‍ച്ചകള്‍, കാളും കദനം
എന്തില്‍ നിന്നുമെടുത്തനുപാതം
കൊണ്ടു പണിഞ്ഞാല്‍ പൂര്‍ണ്ണത വേണം
ഇല്ലായെന്നു നിനച്ചാല്‍ വീണ്ടും
ആളും തീയിലെറിഞ്ഞു മടങ്ങും
താഴെ ജലത്തില്‍ മുക്കും, ശ്വാസം
കൂടം കൊണ്ടു തകര്‍ക്കും രൂപം
ഗൂഢമടിച്ചു പരത്തുന്നതിനെ
സ്നേഹബലത്താരുകിയ ജീവിത 
ശ്രേണികള്‍, ലോലനിലാവല വസ്ത്രം
ഇല്ലതിനൊന്നു ചുരുണ്ടു പുതയ്ക്കാന്‍
ചേറു പുരണ്ട പഴന്തുണി മാത്രം
മൂടിക്കെട്ടിയ മൂകത വദനം
ക്ഷീണനിരന്തര സഞ്ചാരത്താല്‍
കാലടി പൊള്ളിയ വേദന മാത്രം
വേനലുകത്തിയ, മഴയാല്‍ കഴുകിയ
താരിതള്‍ പോലൊരു തളിരാമതിനെ
കീറിയെറിഞ്ഞേക്കൂ വഴിനീളെ
ധൂളി, പരാഗം, പൂമ്പൊടിയാലതു
വീണ്ടുമുയിര്‍ത്തെഴുനേല്‍ക്കാം മണ്ണില്‍
ഭ്രാന്തുപിടിച്ച മനസ്സുകളില്‍
തീയായും തീരെയശാന്തതയായും
ഇലയിലയായതു വിടരും നടയില്‍
നില്പാന്‍ മാത്രമിരിപ്പിടമില്ലാ
തെത്രയിടുങ്ങുമിടങ്ങളില്‍നിന്ന്
കണ്ണുമടച്ച ദിശാബോധത്താല്‍
കാടുകള്‍ കേറി നടക്കും വഴിയേ
മങ്ങിയ വെട്ടം ചൊല്ലി തന്നത്
നീളന്‍ വാള്‍പ്പിടി കയ്യിലമര്‍ത്തി
'ചോര തരൂ' എന്നാര്‍ക്കും മൂര്‍ത്തി 
ക്കാള്‍ ബലിയാകുമ്പോളുരുവിട്ടത്
ഉഗ്രത ജീവന്‍ ചോദിക്കുമ്പോള്‍
അറ്റ ശിരസ്സുകള്‍ സംസാരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com