'മുചിരി'- ശ്യാം സുധാകര്‍ എഴുതിയ കവിത

നിങ്ങള്‍ തിരയുന്നപരുക്കന്‍ മഴയുടെ വൃദ്ധപട്ടണംമരിച്ചിരിക്കുന്നു
'മുചിരി'- ശ്യാം സുധാകര്‍ എഴുതിയ കവിത

1
കടലിന്റെ പൊരുളറിഞ്ഞവനേ
ഹൃദയത്തില്‍ ആഴം സൂക്ഷിക്കാനാവൂ.

2
നിങ്ങള്‍ തിരയുന്ന
പരുക്കന്‍ മഴയുടെ വൃദ്ധപട്ടണം
മരിച്ചിരിക്കുന്നു.

ഇരുമ്പും ഈയവും ചെമ്പും
ഉരഞ്ഞുചിതറുന്ന ലോഹജാലകം
നിശ്ശബ്ദതയിലടക്കപ്പെട്ടിരിക്കുന്നു.

നങ്കൂരങ്ങള്‍ രണ്ടാക്കിമുറിച്ച ജലം,
അവ സഞ്ചരിച്ച ആഴം,
നാണയത്തിളക്കങ്ങള്‍,
മണ്‍പാത്രങ്ങള്‍ തിരിച്ച് മണ്ണിലേക്ക് എന്നപോലെ
അവയവയുടെ ഉറവിടങ്ങളിലേക്ക്
മടങ്ങിപ്പോകുന്നു.

ഓര്‍മ്മയിലിനി മുല്ലപ്പൂത്തൈലങ്ങളില്ല
സുന്ദരിമാരില്ല.
തൊരടിയും കാരയും
വഴികളടച്ചിരിക്കുന്നു.
മുത്താറി അന്നനാളവും.
ഇടിമിന്നലുകളുടെ ഛായാചിത്രങ്ങള്‍പോലെ
ആയുധങ്ങള്‍ ഇപ്പോള്‍ കാഴ്ചവസ്തുക്കള്‍.

3
വേനലുച്ചയില്‍ സൂര്യന്‍
മണ്ണില്‍ വേരാഴ്ത്തുമ്പോള്‍
പെരിയാറിന്റെ നെറ്റിത്തടത്തില്‍ വിരല്‍ ചേര്‍ത്ത്
വൃക്ഷങ്ങളുറങ്ങുമ്പോള്‍
ചില്ലയില്‍നിന്ന് ഒരു മാമ്പഴം
അതിന്റെ മണ്ണിലേക്ക് വന്നെത്തുംപോലെ
പിടിവിട്ട ഒരു പായക്കപ്പല്‍
ആദ്യമായ്
എന്റെ ഹൃദയത്തിലേക്ക് വന്നുചേര്‍ന്നത്
ഓര്‍മ്മയിലുണ്ട്.

ചുണ്ടുകള്‍ ചര്‍മ്മത്തില്‍ ചേര്‍ത്തുവെച്ച്
ദൈവം ഞങ്ങളെ കോര്‍ത്തിണക്കി.
മണ്ണില്‍ മലര്‍ന്നുകിടന്ന്
ഞങ്ങള്‍ നക്ഷത്രങ്ങളേയും.
ജലത്തില്‍ ആകാശത്തിന്റെ അരിക് തിളയ്ക്കുന്നത്
ഒന്നിച്ചുകണ്ടു
കടലിന്റെ വാതില്‍ക്കല്‍
അന്‍പത്തൊന്നു നാവുള്ള
പട്ടണം വിരിഞ്ഞു.

സൂര്യന്‍ വിണ്‍മറഞ്ഞിട്ടും
ഓര്‍മ്മയിലിപ്പോഴും
അതേ കടല്‍ ശബ്ദിക്കുന്നു.
അതേ നക്ഷത്രങ്ങള്‍ കിനിയുന്നു.

ഒന്നും ഇതേവരെ
എടുത്തിട്ടോ കൊടുത്തിട്ടോ ഇല്ലാത്തതുപോലെ
പ്രളയം കഴിഞ്ഞുള്ള വരള്‍ച്ചയില്‍
രണ്ടു വഴിക്ക് സഞ്ചരിച്ചു.
പ്രണയമോ സമയമോ
വാഗ്ദാനം ചെയ്തില്ല.
ശരീരത്തിന്റെ കനവ് പങ്കുവെച്ചില്ല.
ഭാഷ കാല്‍ക്കലര്‍പ്പിച്ചില്ല.
എന്നിട്ടും ഇത്രയും കാലം
ഒരേയിടത്തു കാത്തുനിന്നെന്നോ?
ഭൂമിയുടെ ഒരു ചുവരില്‍
ഒരു ഋതുവിനെ മാത്രം ദൈവം
ആണിയടിച്ചു നിര്‍ത്തിയതുപോലെ
മറ്റെല്ലാം മാറുമ്പോഴും
അതേ കടലിന്റെ ശബ്ദത്തില്‍
വേനല്‍ച്ചൂടില്‍
ഉപ്പുകാറ്റില്‍
ഒരേയിടത്തു നിന്നെന്നോ?

എന്നെ തിരഞ്ഞ്
അതിനുശേഷം പലരും വന്നിട്ടുണ്ട്-
പക്ഷികള്‍, മൃഗങ്ങള്‍, മത്സ്യങ്ങള്‍
തലകുനിഞ്ഞ രാജാവ്,
കുഞ്ഞിനെ നഷ്ടപ്പെട്ട
കളിക്കോപ്പുകളുടെ ജഡങ്ങള്‍
ഇരുട്ടിലേക്കുള്ള
കാറ്റിന്റെ ദീര്‍ഘചുംബനങ്ങള്‍,
ഊഴംകാത്ത് നങ്കൂരമിട്ട നക്ഷത്രങ്ങള്‍,
മഴ.

ഇടിവാള്‍ ഭൂമിയിലെന്നപോലെ
രാത്രിയും പകലും മറന്ന്
സമയം
എന്റെ അസ്ഥികളിലൂടെ
മിന്നിക്കടന്ന് പോയിട്ടുണ്ട്.
ആര്‍ത്തുവിരിയുന്ന ജലപര്‍വ്വതങ്ങള്‍,
വിറക്കുന്ന മണ്ണ്,
സിരപൊട്ടിയൊഴുകുന്ന
പെരിയാറിന്റെ ഭ്രാന്ത്-
ആ ഓര്‍മ്മയില്‍ ഇന്നും
ഞാന്‍ ഞെട്ടിയുണരുന്നു.

4

ഉടഞ്ഞുപോയ മണ്‍കലത്തിന്‍ വായ
നിങ്ങള്‍ വളകളെന്നു ധരിച്ചുവോ?
പരദേശി ഭ്രാന്തന്റെ കോറിയിടല്‍
ലിപികളെന്നു വായിച്ചുവോ?
സഞ്ചാരികളെ വശീകരിച്ചു കഴിഞ്ഞെങ്കില്‍
പുരാവൃത്തകാരാ, ഇരിക്കൂ
ഒരുപാട്ടു കേള്‍ക്കൂ:
പരദേശ മൂര്‍ത്തിക്കൊരാലയം കെട്ടുവാന്‍
പ്രാര്‍ത്ഥിവന്‍ കല്പന ചെയ്തവാറെ
പല ചോരയാലും വിയര്‍പ്പിനാലും
പതിവായി നാം പണിയുന്നപോലെ
മണല്‍കീറി കല്ലും മരവുമേറ്റി
മതില്‍കെട്ടി വാതിലില്‍ ചെമ്പുകെട്ടി
വരവേല്‍ക്കുവാനായുടുത്തുകെട്ടി
അരശാങ്ക, മാര്‍ത്തികള്‍ കൂറകെട്ടി
അടിയാളുര്‍തീണ്ടാതകന്നുമാറി
അവര്‍ തീര്‍ത്തപാത കവര്‍ന്നുലോകര്‍
ദൂരമളക്കും തുഴകളൊപ്പം
താപം വിതയ്ക്കും വെയിലിനൊപ്പം
കലികൊണ്ട കാറ്റില്‍ മരക്കലത്തില്‍
താളത്തിലാടീവരുന്നു തേവി
പുയാട്ടുതുള്ളി പ്രജകളൊപ്പം
വാളും ചിലമ്പുമണിഞ്ഞുറഞ്ഞ്
നാടാകെ ചുറ്റിനടന്നു തേവി
മണ്ണിന്റെ പൊക്കിളായ് താഴ്ന്നു തേവി
മക്കള്‍ക്കൊരമ്മയായ് തീര്‍ന്നു തേവി
തേവിക്കു കാഴ്ചയായന്നൊരിക്കല്‍
പണിതയച്ചൂറ്റമാര്‍ന്നൊരു പറങ്കി
ചേലുള്ള കൂറ്റന്‍ മണിയുലകിന്‍
നാദമായ് നാട്ടാര്‍ തിരിച്ചറിഞ്ഞോ?
യേശുവെ കീര്‍ത്തിച്ചുകൊണ്ടതിന്‍മേല്‍
സെയ്യ ഒസാന്തിസ്സിമോ നോമെ ദേയ് യേസുസ് ലൊവ്വാദോ1
ചേലോടെ കുത്തിക്കുറിച്ചതത്രെ
ആ മണി ആര്‍ കണ്ടറിഞ്ഞു സത്യം!

പുഴപോയ് വഴിയടഞ്ഞ നാള്‍
വാസനവ്യഞ്ജനം കാത്തുനിന്ന
പേര്‍ഷ്യന്‍ വ്യാപാരിയെ,
അയാള്‍ക്ക് കറുത്ത കണ്ണീര്‍ത്തുള്ളി
വെറുംവിലക്ക് പറിച്ചുവിറ്റ കര്‍ഷകനെ,
പടര്‍ച്ചയില്‍നിന്ന് തളര്‍ന്നിറങ്ങുന്ന
വരണ്ടു മച്ചികളായ വള്ളിച്ചെടികള്‍പോലുള്ള
അയാളുടെ പെണ്‍കുട്ടികളെ
ഓര്‍മ്മയില്‍നിന്നു തുടച്ചുമാറ്റിയതെന്തിനെ?

ഒരിക്കല്‍ കയറിവന്നു
കാല്‍പ്പാടുകളില്ലാത്ത
മെലിഞ്ഞുണങ്ങിയ ഒരു നാവികന്‍
അവന്റെ കനവുകളില്‍
സൂര്യന്റെ കശേരുക്കള്‍,
ആകാശത്തിന്റെ തലച്ചോര്‍.

കണ്ണില്‍ ജലം ചേര്‍ത്ത്
അവനതിന്റെ വിത്ത് പാകി
അതില്‍നിന്നും
മണ്ണിന്റെ മുഖംമൂടിപോലുള്ള
ശവകുടീരങ്ങള്‍ വന്നു
പൊള്ളയായ ഹൃദയങ്ങള്‍ വന്നു
രണ്ട് സ്വപ്നങ്ങള്‍ക്കിടയിലുള്ള വെള്ളച്ചാട്ടം
സ്വയം അണകെട്ടിനിന്നു
കാട്ടുവാത്തുകളുടെ
ചികെയഞ്ഞു
കാക്കകള്‍ മരിച്ചവരായി
ഉച്ചയാകാശത്ത് തെളിഞ്ഞുവന്നു
ഹൃദയത്തിന്റെ വന്യമായ ചിരി
സൂര്യന്റെ വിറയാര്‍ന്നൊരസ്ഥികൂടം.

പിന്നെയും കയറിവന്നു
കലര്‍പ്പിന്റെ കപ്പലുമായി
കാട്ടു നക്ഷത്രങ്ങള്‍ തേടി
നാവികര്‍ പലരും
വിത്തുകള്‍ പലതും.
എനിക്ക് കേള്‍ക്കാം കാല്‍പ്പാടുകളില്ലാത്തവരുടെ
കാലടികള്‍ തക് തക് എന്ന്
ചങ്കില്‍നിന്നും കീഴോട്ടിറങ്ങുന്ന മിന്നലാകുന്നത്
കാല്‍പ്പാടുകളില്ല
സ്വപ്നത്തിന്
ഭയത്തിന്
പ്രതിച്ഛായകള്‍ക്ക്
ഉദ്ദീപനങ്ങള്‍ക്ക്.

കീഴടക്കലുകളുടെ ചരിത്രം മാത്രം നിങ്ങള്‍
എഴുത്തോലയില്‍ പകര്‍ത്തുമ്പോള്‍
വാര്‍ദ്ധക്യത്തില്‍ പൂതലിച്ച
ഒരു തുറമുഖത്തിന്റെ നെടുവീര്‍പ്പ്
ഇടിവാളില്‍ പുഞ്ചിരിക്കുന്നു.

മണ്ണിനകം പുറമായി
നാനൂറിലധികം ശില്പങ്ങള്‍
പതിറ്റുപത്ത് പാട്ടുകള്‍,
അറബി-യവന-പേര്‍ഷ്യന്‍ വാര്‍ത്തകള്‍
ചീനവലയില്‍ പൊതിഞ്ഞെടുത്ത ബുദ്ധശിരസ്,
രത്‌നങ്ങളുടെ മരണക്കിലുക്കം
പരുത്തി, ഭരണം, ആയുധം,
കാലം മറിഞ്ഞതറിയാതെ
ദേവാലയ തുരങ്കങ്ങളില്‍
ഭര്‍ത്തൃജഡത്തിന് കാവലിരിക്കുന്ന
ഇഡിസ്സും പത്തിണിയും കണ്ണകിയും2-
അഗ്‌നി അനാഥമാക്കിയ പട്ടണത്തിന്റെ
കണ്ണീര്‍ത്തട്ടി കല്ലായ് മാറിയവര്‍.
ചുടുകല്ലില്‍നിന്നും ഉയര്‍ന്നുപൊന്തുന്ന പക
ആകാശം നിറക്കുന്ന ക്രോധത്തിന്റെ കണ്ണീര്‍ത്തുള്ളി.

ലോകം ഒടുങ്ങുന്നത്
ജലം കൊണ്ടും അഗ്‌നികൊണ്ടും മാത്രം-
ആരുടെ ലോകമാണ്
മറിച്ച് തീര്‍ന്നിട്ടുള്ളത്?
ആദിയും അന്തവും തന്നെ ജനനവും മരണവും.
എങ്കിലും
ഒരു കണ്ണില്‍ ചാരവും
മറുകണ്ണില്‍ ജലവുമുള്ള ഒരു കൂര്‍മ്മം
കനവുകളെ താങ്ങിനിര്‍ത്തുന്നു
അതിന്റെ കാലുകളില്‍
നൂറ്റാണ്ടിന്റെ തളര്‍ച്ച,
തുഴഞ്ഞ വഴികളില്‍ കലര്‍പ്പുകളുടെ കടല്‍
അഴിഞ്ഞ മുഖങ്ങള്‍, അനേകം-
പള്ളിവാണ പെരുമാള്‍,
ഹിപ്പാലസില്‍ ജലോപരി വന്നുചേര്‍ന്ന ക്രൂശിതര്‍,
അനാദി ശങ്കരന്‍,
ആര്യ ശങ്കരന്‍,
കല്ലും മണ്ണുമായ നാട്ടുദൈവങ്ങള്‍,
നാഗ രാജ്ഞികള്‍,
വസൂരികൊണ്ടു വ്രണപ്പെട്ട ഭാഷകള്‍,
കരക്കടിയുന്ന പത്തേമാരി,
അഭയാര്‍ത്ഥിയായ ജൂതന്‍,
കറുത്ത കണ്ണീരിന്റെ കര്‍ഷകന്‍,
പ്രളയവരള്‍ച്ചയുടെ ഉപ്പുചുണ്ടില്‍നിന്ന്
മുക്തമായ മൃതിയുടെ പുഞ്ചിരി,
കാറ്റിലലിയുന്ന
അവസാനമിടിപ്പിന്റെ  തക് തക് ശബ്ദം-
കാല്‍പ്പാടുകളില്ലാതെ

5
തീ പടര്‍ന്ന കപ്പല്‍ മുറികളില്‍
മരണം പാടുന്ന പാട്ടുപോലെ
ഓര്‍മ്മയിലിപ്പോഴും
ഒരു കടല്‍ അലയടിക്കുന്നു.
അതിന്റെ ശബ്ദം
മരിച്ചവന്റെ ചെവിക്കുഴിയിലേക്കിറങ്ങുന്ന
കാട്ടുവൃക്ഷത്തിന്റെ പേരുപോലെ,
സ്വന്തം ഭാവിയെ
മരുഭൂവില്‍വെച്ച് കണ്ടുമുട്ടുംപോലെ.
ആ ശബ്ദത്തിന്റെ ഈണത്തില്‍
ഞാന്‍ വെന്തുതീരുന്നു.

ബിലാത്തിക്കപ്പലുകള്‍
അദൃശ്യ യന്ത്രങ്ങളുടെ വ്യാപാരജാലങ്ങള്‍ താണ്ടി
കൊച്ചഴിയില്‍ കരകയറുന്നത്
ചെറുപ്പം കൊഴിഞ്ഞുവീണ എന്നെ
കാലവും കാറ്റും അറിയിക്കുന്നുണ്ട്.
പൂപ്പല്‍ പിടിച്ച ഹൃദയത്തില്‍
കടല്‍ ചാട്ടവാറിനാല്‍ ആഞ്ഞടിക്കുന്നുണ്ട്.
ദേശാടക ചിറകുകളെ വരവേറ്റ
ഒരു മരത്തിന്റെ വേര്
മരം മറഞ്ഞിട്ടും
മണ്ണിലങ്ങനെ പടര്‍ന്നുകിടക്കുന്നു.
എനിക്ക് കേള്‍ക്കാം
എന്റെ പേര് നിശ്ശബ്ദതയിലേക്ക് തെന്നിവീഴുന്നത്,
എന്റെ പേര് ഒരു കരയാമയായി
ഇഴഞ്ഞു മറയുന്നത്.

പഴയ വ്രണങ്ങളെല്ലാം പതിയെയെങ്കിലും
കാറ്റുണക്കുന്നുണ്ട്;
പുതിയ മുറിവുകളിലേക്ക്
ഞാന്‍ എന്നെത്തന്നെ തുറന്നുവെക്കുന്നുമുണ്ട്.
ദ്രവിച്ചുവീണ കവാടങ്ങള്‍
മുകളിലേക്ക് മാത്രമേ നോക്കുന്നുള്ളൂ
സൂര്യചന്ദ്രന്മാരെ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ
എനിക്കു കേള്‍ക്കാം
കാറ്റ് സമുദ്രത്തിലുരയുന്ന ശബ്ദം;
ആരോഹണങ്ങളും
അവരോഹണങ്ങളും.
----
കുറിപ്പുകള്‍
1.ദൈവങ്ങള്‍ ഇണക്കത്തിലായിരുന്ന കാലത്ത് ഉദയംപേരൂര്‍ പള്ളിയില്‍നിന്ന് കൊടുത്തയച്ചതെന്ന് കരുതപ്പെടുന്ന 'SEIA OSANTISSIMO NOME DEIESVS LOVVADO' (വാഴ്ത്തപ്പെട്ടവനായ യേശുവിന്റെ നാമത്തില്‍) എന്ന് കുരിശോടെ എഴുതിയ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിലെ മണി.
2.അധികാരം വൈധവ്യം വിധിച്ച മൂന്നു ദേവതമാര്‍-ഈജിപ്ത്, ശ്രീലങ്ക, തെക്കേ ഇന്ത്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com