അബ്ര ഇബ്ര ഹുഡിനി ഹുഡിനി: എന്‍ ദിലീപിന്റെ കവിത

കണ്ണാടിയില്‍ ഇഷ്ട സിനിമാ നടന്മാര്‍ വന്നുകയറിനെ വടിയാക്കി; അത് തിരികെ കയറുമാക്കികൂമ്പന്‍ തൊപ്പി വെള്ളമുയലിനെ പെറ്റു
അബ്ര ഇബ്ര ഹുഡിനി ഹുഡിനി: എന്‍ ദിലീപിന്റെ കവിത

മൂന്നാം പിരീയഡില്‍ 
ഹെഡ്മാഷുടെ മുറിയിലേക്ക് 
കയറിപ്പോയ ചുവന്ന പാന്റിട്ടയാള്‍ 
ജാലവിദ്യക്കാരനാണെന്ന്
ചുണ്ണാമ്പുവെള്ളത്തെ പാല്‍നിറമാക്കുന്ന
വാതകം കാര്‍ബണ്‍ഡൈഓക്സൈഡ് ആണെന്ന
ഉത്തരമെഴുതുമ്പോള്‍ 
അമ്മിണി സാര്‍ പലകമറ വിടവിലൂടെ 
തങ്കമ്മ സാറിനോട് പറയുന്നത് 
ഞങ്ങള്‍ കേട്ടതാണ്;
അതെ കേട്ടതാണ്

ഉച്ചയ്ക്ക് പടിക്കലെ പീടികയില്‍ 
സോഡാനാരങ്ങയും സര്‍ബത്തും കഴിക്കുമ്പോള്‍
പാണ്ടുള്ള കഷണ്ടിത്തലയ്ക്കു ചുറ്റും 
പറന്നുയര്‍ന്ന പുകയുണ്ടകളെ പിടിച്ച്
വെള്ളരിപ്രാവാക്കുമെന്ന്
രമേശന്‍ ഷീനയുടെയും സുനിതയുടെയും
കാതില്‍ മന്ത്രിച്ചത് 
അയാള്‍ കേട്ടിരിക്കില്ല;
ഇല്ല ഒട്ടും കേട്ടിരിക്കില്ല

ഏഴാം പിരീയഡില്‍
കഞ്ഞികുടിക്കുന്ന ഹാളില്‍
മാജിക് പ്രദര്‍ശനമുണ്ടെന്ന നോട്ടീസുമായി
ശങ്കരന്‍കുട്ടി പ്യൂണ്‍ ആണിക്കാലില്‍
കിതപ്പൊപ്പി നിരങ്ങി നിരങ്ങി

അബ്ര ഇബ്ര ഹുഡിനി ഹുഡിനി
അബ്ര ഇബ്ര ഹുഡിനി ഹുഡിനി

ജാലക്കാരന്‍ മന്ത്രത്താല്‍ കുട്ടികളുടെ കണ്ണ് കെട്ടി

കണ്ണാടിയില്‍ ഇഷ്ട സിനിമാ നടന്മാര്‍ വന്നു
കയറിനെ വടിയാക്കി; അത് തിരികെ കയറുമാക്കി
കൂമ്പന്‍ തൊപ്പി വെള്ളമുയലിനെ പെറ്റു
രമേശന്‍ ആറുമുട്ടകള്‍ ഇട്ടു
തങ്കമ്മ സാറിന്റെ വാച്ച് തല്ലിയൊടിച്ച്
ഒട്ടും കേടില്ലാതെ
സുകുമാരന്‍ സാറിന്റെ കീശയില്‍ വീഴ്ത്തി 
ഏഴാംപിരീയഡിന്റെ ബെല്ലില്‍
ജാലവിദ്യക്കാരന്‍ മുമ്പേയിറങ്ങി
കണ്ണുകെട്ടിയ സ്‌കൂളും പിറകേ

ഷീനേ സുനിതേ രമേശാ വിളിയോടെ 
അവര്‍ക്കു പിന്നില്‍ അമ്മിണിസാറും
തൊട്ടുപിന്നില്‍ തങ്കമ്മ സാറും

ഏറ്റവും പിന്നില്‍ ശങ്കരന്‍കുട്ടി പ്യൂണും

''അയ്യോ സ്‌കൂളേ പോവല്ലേ
അയ്യോ സ്‌കൂളേ പോവല്ലേ''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com