കൈകള്‍: കെ ജയകുമാര്‍ എഴുതിയ കവിത

സാദാ നമസ്‌തേ കൊണ്ടുംപാദനമസ്‌കാരംകൊണ്ടുംജീവിതം നേടിത്തന്നത് ഈ കൈകള്‍
കൈകള്‍: കെ ജയകുമാര്‍ എഴുതിയ കവിത

കൈകളും ഞാനും
ഇണപിരിയാത്തവര്‍.
സാദാ നമസ്‌തേ കൊണ്ടും
പാദനമസ്‌കാരംകൊണ്ടും
ജീവിതം നേടിത്തന്നത് ഈ കൈകള്‍

അതിരുകള്‍ ഭേദിച്ച കൈകള്‍
ഇടുങ്ങിയ ഈ ചുമരുകളും നിര്‍മ്മിച്ചു.
നഗരമാളികകള്‍ പണിത കരങ്ങള്‍ 
മലിനസ്വര്‍ഗ്ഗങ്ങളും തീര്‍ത്തു. 
ജെസിബിയെ നിയന്ത്രിച്ച കൈകള്‍ 
ചേരികള്‍ക്കു തീയും വച്ചു.

ഉപേക്ഷിക്കപ്പെട്ട അനാഥക്കുഞ്ഞിനെ
കോരിയെടുത്തത് ഈ കൈകള്‍.
പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം
അവളുടെ മുറിയില്‍ കയറി
സാക്ഷയിട്ടതും ഈ കൈകള്‍.

പ്രണയകവിതകള്‍ കുറിച്ചതും 
ഭോഗാസക്തിയില്‍ ഉടല്‍ വരിഞ്ഞതും
തിരസ്‌കരിക്കപ്പെട്ട പ്രണയത്തിന്റെ മുഖത്ത് 
ആസിഡ് ഒഴിച്ചതും ഇതേ കരങ്ങള്‍. 

ബന്ദിയെ തുറന്നുവിട്ടതും
നിരപരാധിയെ തടവിലിട്ടതും 
എന്റെ കൈകള്‍.
അന്നം കൊടുത്തതും 
അപ്പം മോഷ്ടിച്ചതും ഇതേ കൈകള്‍. 
ദാഹിച്ച ഭിക്ഷുവിന് ജലം കൊടുത്തതും 
അയല്‍ക്കിണറ്റില്‍ 
വിഷം തളിച്ചതും ഈ കൈകള്‍. 

പാരിതോഷികങ്ങള്‍ കൊണ്ടുവന്നതും 
നിന്റെ അച്ഛനെ
തീണ്ടാപ്പാടകലെ ആട്ടിയോടിച്ചതും 
നിന്റെ അമ്മയെ കാമത്തറയില്‍ തറച്ചതും 
പിന്നെ വഴിപിഴച്ചവളെ
കല്ലെറിഞ്ഞതും ഇതേ കൈകള്‍ 

പണമെണ്ണിക്കെട്ടിയതും 
യാചിക്കാന്‍ നീണ്ടതും ഒരേ കരങ്ങള്‍. 
ആജ്ഞാപിക്കാനുയര്‍ന്നതും 
മാപ്പിരക്കാന്‍ കൂമ്പിയതും ഇതേ കൈകള്‍.
സാന്ത്വനിപ്പിച്ചതും 
ചങ്കു പിളര്‍ത്തതും 
പ്രാര്‍ത്ഥിച്ചതും ശപിക്കാനുയര്‍ന്നതും 
ഇതേ കൈകള്‍. 

പ്ലാസ്റ്ററില്‍ തടവിലാക്കപ്പെട്ട 
കൈകള്‍ക്കിപ്പോള്‍ 
തെറ്റും ശരിയുമില്ല;
സ്‌നേഹവും വിദ്വേഷവുമില്ല
മമതയില്ല, ചലനമില്ല;
ഓര്‍മ്മകളുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com