പരസ്പരം: പദ്മദാസ് എഴുതിയ കവിത

ചിരിച്ചു തീരങ്ങളുരുമ്മിപ്പോയിടുംപുഴയവള്‍ക്കെന്തു കൊടുക്കുവാന്‍? തന്നില്‍നിറഞ്ഞൊഴുകിടും ജലകണങ്ങള്‍ തന്‍പളുങ്കല്ലാതെന്തു തിരികെപ്പോകുമ്പോള്‍?
പരസ്പരം: പദ്മദാസ് എഴുതിയ കവിത

ലത്തിനാല്‍ത്തെളിഞ്ഞുടലുമാത്മാവും
കുളിര്‍കോരും പുഴക്കുളിക്കൊടുവിലായ്-
ക്കൊടുത്തു നിത്യമാപ്പുഴ ചിലതെല്ലാ-
മവള്‍ക്കു സ്വന്തമായണിഞ്ഞിടാന്‍ മെയ്യില്‍!

ചിരിച്ചു തീരങ്ങളുരുമ്മിപ്പോയിടും
പുഴയവള്‍ക്കെന്തു കൊടുക്കുവാന്‍? തന്നില്‍
നിറഞ്ഞൊഴുകിടും ജലകണങ്ങള്‍ തന്‍
പളുങ്കല്ലാതെന്തു തിരികെപ്പോകുമ്പോള്‍?

മുടിയിലാര്‍ദ്രമായ് ജലകണികകള്‍
പതിച്ചു നല്‍കിപോലവള്‍ക്കായിപ്പുഴ
ഒരമ്മ തന്‍ കൊച്ചു കുരുന്നിന്റെ നെറ്റി-
ത്തടത്തില്‍ മാലേയത്തിലകം ചാര്‍ത്തും പോല്‍.

കുളിച്ചുവീട്ടിലീറനോടെയെത്തവേ
തനിച്ചുറങ്ങിടും ചെറുമച്ചിന്നക-
ത്തുലഞ്ഞു പാറിടും ഘനനീലം തന്റെ
മുടിയിഴകളെക്കുടഞ്ഞു വര്‍ത്തുളം
അവള്‍ പതിച്ചുവാച്ചുമരിലൊക്കെയും
പുഴകൊടുത്തതാം ചെറു ഗുളോപ്പുകള്‍
നനവു വറ്റാതെത്തിളങ്ങും മട്ടിലായ്
പുഴമന്ത്രം ജപിച്ചതുകൊടുത്തപോല്‍!

നിശീഥം തന്നുടെയഴിഞ്ഞ കുന്തളം
വിരിച്ചിളാതലം വിടര്‍ത്തി മൂടുമ്പോള്‍
പുഴയിലാണു താന്‍ കിടപ്പതെന്നപോല്‍
തുടിച്ചു നീന്തിയാ മുറിക്കുള്ളിലവള്‍
പതിച്ചുവെച്ചതാം പളുങ്കിന്‍ ഛായയില്‍!

അവള്‍ തന്നാര്‍ദ്രമാം സ്മരണയിലപ്പോള്‍
പുഴയും മെല്ലവേ,യവള്‍ തന്‍ കാര്‍ക്കൂന്തല്‍
പൊഴിച്ചു നല്‍കിയോരിഴകള്‍, തീരത്തെ-
ത്തരുക്കള്‍ തന്‍ ചാഞ്ഞ ശിഖരമൊക്കെയും
കൊരുത്തു; തന്‍മേനി തഴുകി നില്‍ക്കുവാ-
നൊഴുകി നീങ്ങവേ, അവളെയോര്‍മ്മിക്കാന്‍,
അവളോടൊട്ടുവാന്‍, അവള്‍ തന്നില്‍ നിത്യം
അമളര്‍ന്നുമുങ്ങിയാ സുഖദ നിര്‍വൃതി
ചിരം നുകര്‍ന്നിരു തനുക്കള്‍ തന്‍രാഗ-
പരാഗം തേടിടുമൊരൊറ്റയാത്മാവായ്
കടലിലെത്തിയാത്തിരച്ചാര്‍ത്തിലാര്‍ക്കാന്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com