വൈകുന്നേരം പോലുള്ള രാവിലെ: കളത്തറ ഗോപന്‍ എഴുതിയ കവിത

By കളത്തറ ഗോപന്‍  |   Published: 04th January 2019 03:31 PM  |  

Last Updated: 04th January 2019 03:31 PM  |   A+A-   |  

 

ളരെ അലസമായ ഒരു പകല്‍ 
എന്നുവെച്ചാല്‍ പ്രപഞ്ചം 
ഉണ്ടാകുന്നതിനു മുന്‍പുള്ളതിനു സമം 
അല്ലെങ്കില്‍ ഭൂമിയില്ലാതായതിനു- 
ശേഷമുള്ള അവസ്ഥ. 
വൈകുന്നേരം പോലെ രാവിലെ 

മഴ വെയിലത്ത് ഒന്നു ചാറി. 
വരണ്ട കാറ്റൊന്ന് വീശുമ്പോലെ വീശി. 
അങ്ങനെ സമയം പോകെ 
ശരീരത്തിലെന്തോ കുറവുകള്‍ 
ശ്രദ്ധിച്ചപ്പോള്‍ 
അവയവങ്ങളൊന്നും കാണാനില്ല. 
തിടുക്കപ്പെട്ട് അന്വേഷിച്ചു 
എവിടെയെങ്കിലും വച്ചു- 
മറന്നതായിരിക്കുമോ...? 
ഒരെത്തുംപിടിയും കിട്ടുന്നില്ല. 

വൈകുന്നേരം പോലുള്ള വൈകുന്നേരം 
അതാ ജനലിലൂടെ കുന്നിറങ്ങി വരുന്നു. 
ഒരിടത്തും ഇരിപ്പുറയ്ക്കാത്ത 
കാതുകള്‍, കണ്ണുകള്‍ 
ചുണ്ടുകള്‍, കൈകാലുകള്‍. 
കളി കഴിഞ്ഞ് ക്ഷീണിച്ചവശരായ 
കുട്ടികള്‍ വീടെത്തും പോലെ. 

വന്നപാടെ ശരീരത്തില്‍ കയറുന്നു. 
കണ്ണിരിക്കേണ്ടിടത്ത് ചെവിയിരിക്കുന്നു.
ചെവിയിരിക്കേണ്ടിടത്ത് കണ്ണിരിക്കുന്നു. 
കാലുകളുടെ സ്ഥാനത്ത് കൈകള്‍ 
കൈകളുടെ സ്ഥാനത്ത് കാലുകള്‍. 
ചെവിയെന്തോ കണ്ട് 
കണ്ണെന്തോ കേട്ട് 
കാലുകള്‍ കൊണ്ടെന്തോ തിന്ന് 
കൈകള്‍ തറയിലൂന്നി നടക്കാനിറങ്ങുന്നു.