വെള്ളപ്പൊക്കത്തില്‍ ഒരമ്മ: സേതു എഴുതിയ കവിത

By സേതു  |   Published: 05th January 2019 05:48 PM  |  

Last Updated: 05th January 2019 05:48 PM  |   A+A-   |  

 

ലയിറങ്ങി പുഴകള്‍ താണ്ടി, പാടങ്ങള്‍ താണ്ടി, വരുന്നൂ കിഴക്കന്‍ വെള്ളം
ഊരറിയാതെ, വഴിയറിയാതെ, അതിരറിയാതെ വരുന്നൂ വെള്ളം
വെള്ളത്തിനു ചുവപ്പ്, ചവര്‍പ്പ്, ചേറിന്റെ, മരണത്തിന്റെ മണം
അതില്‍ തുരുത്തായി ഒരു വീട്, പുഴയോരത്തെ കൊച്ചു വീട്
കഴുക്കോലുകള്‍ ഇളകിയ, ഓടുകളേറെ പറന്ന കൊച്ചു വീട്.
പൊങ്ങിവന്ന വെള്ളം പൊക്കിക്കൊണ്ടു പോയല്ലോ ഒരമ്മയെ, മകനേയും
അമ്മ കരഞ്ഞില്ല, മകന്റെ കരച്ചില്‍ കേട്ടതുമില്ല, അമ്മയ്ക്ക് ചെവി പാതി, കണ്ണിന് മങ്ങലും
അവരങ്ങനെ പൊങ്ങിക്കൊണ്ടേയിരുന്നു, വിരലളവ്, ചാണളവ്, വീണ്ടും വിരലളവ്...
ഒഴുകിയെത്തിയൊരു തവള കരഞ്ഞുകൊണ്ടു മറ്റൊരു വഴി തേടിപ്പോയി...
ഉച്ചിയെത്തിയപ്പോള്‍ മകന് കഴുക്കോലില്‍ പിടി കിട്ടി, അപ്പോഴും തപ്പുകയാണമ്മ...
ഒടുവില്‍, അമ്മയെ പൂതല്‍ പിടിച്ച ഉത്തരം ചേര്‍ത്തുപിടിച്ചു, ചോദ്യമില്ലാത്ത ഉത്തരമായി.
വടക്കോട്ട് നീന്തിക്കോ വെക്കമെന്ന് വിമ്മിട്ടത്തില്‍ പറകയാണമ്മ മകനോട്
ഒഴുക്ക് കൊറവ്, വടക്കെവിടെങ്കിലും കാണാതിരിക്കില്ല കര, ഇത്തിരിയെങ്കിലും കര. 
അപ്പോള്‍ അമ്മയോയെന്ന് ചോദിച്ചില്ല മകന്‍, അമ്മയാകട്ടെ പറഞ്ഞതുമില്ല
വെള്ളമവരെ പൊക്കിക്കൊണ്ടേയിരുന്നു, വിരലളവ്, ചാണളവ്, വീണ്ടും വിരലളവ്
ഓടുകള്‍ക്കിടയിലൂടെ തല പുറത്തിട്ട് മകന്‍ അലറിവിളിച്ചു, കൈത്താങ്ങിനായി
അവന്റെ ശബ്ദം വെള്ളം തെറിപ്പിച്ചപ്പോള്‍ ചിറകടിച്ചു പോയി പക്ഷികള്‍
വടക്കോട്ട് നീന്തിക്കോ വെക്കം, ഒഴുക്ക് കൊറവ്, എവിടെങ്കിലും കാണാതിരിക്കില്ല ഇത്തിരി കര...
തുടിക്കുകയാണമ്മയുടെ ഗര്‍ഭപാത്രം, മുറിയാത്ത, ഉണങ്ങാത്ത പൊക്കിള്‍ക്കൊടിയും. 
അമ്മയോ എന്നപ്പോഴും ചോദിച്ചില്ല പൊന്നുമോന്‍. അമ്മയ്ക്ക് ചെവി പാതി, കണ്ണിന് മങ്ങലും
ഒടുവില്‍, കൂരയിലൂടെ നൂണ്ടുകടന്നു അവന്‍ നീന്തി, തെക്കോട്ട് തന്നെ. 
ചൊല്ലൂളിയില്ലാത്ത മകന്‍ നീന്തിയത് അമ്മയ്‌ക്കെതിരായി തെക്കോട്ട് തന്നെ. 
അവനങ്ങനെ നീന്തിക്കൊണ്ടേയിരുന്നു, തെക്കോട്ടു പോവേണ്ടവര്‍ പോവുന്ന ചാലിലൂടെ...
ഉത്തരത്തിലൊട്ടിയ പല്ലിയായി പുറത്തേക്ക് നീട്ടുകയായി അമ്മ തല, ഒരു നരച്ച തല.
ചുറ്റും വെള്ളം, വെള്ളത്തിനു ചുവപ്പ്, ചവര്‍പ്പ്, ചേറിന്റെ, മരണത്തിന്റെ മണം
ചരിഞ്ഞുവീണ തെക്ക്വോറത്തെ മാവിന്‍കൊമ്പില്‍ പിണഞ്ഞുനിന്ന പാമ്പ് പ്രാര്‍ത്ഥിച്ചു,
ഈയമ്മയെ കാത്തോളണേ നാഗരാജാവേ, രണ്ടു തവളകളെ നേദിച്ചോളാമേ. 
അവര്‍ക്ക് പാര്‍ക്കാന്‍ മാളങ്ങളില്ലല്ലോ, പറക്കാന്‍ ചിറകുകളും...
അപ്പഴല്ലോ ദൂരേന്ന് ഒരു ബോട്ട്, വലുതായി, ശബ്ദമായി, വഞ്ചി മൂത്ത ബോട്ടായി
അതില്‍നിന്നല്ലോ നീലക്കുപ്പായക്കാരന്‍ മേല്‍മീശയുടെ കൂവല്‍... 'ഊഹോയ്'
മറുകൂവല്‍ കാത്തു സഹികെട്ടവര്‍ പതിയെ ബോട്ടടുപ്പിക്കുമ്പോള്‍, 
ഉത്തരത്തില്‍ പതിഞ്ഞ പല്ലിയായി ആരുടെയോ ഒരമ്മ, ഒരു നരച്ച തല.
'മുന്‍പും ഞാനീ വഴി പോയതല്ലേ, തള്ളേ, എന്തേയപ്പോള്‍ കൂവാഞ്ഞൂ?'
മുന വയ്ക്കുകയാണ് മീശക്കാരന്റെ അറ്റം പിരിച്ച ഒച്ചയ്ക്ക്...
അമ്മമാര്‍ കൂവാറില്ലൊരിക്കലും, കരച്ചില്‍ തേങ്ങലായി ഉള്ളില്‍ മാത്രം,
വഞ്ചിയിലിരുന്ന് പിറുപിറുക്കുന്നു, നീലക്കുപ്പായമിട്ടൊരു ഇളംമീശക്കാരന്‍
'സാലാ, ബേന്‍ചോദ്! ചുപ്!' അലറുന്നു മേല്‍മീശ 'തള്ളേനെ വലിച്ചുകേറ്റാന്‍ നോക്ക് വേഗം!'
അപ്പോഴും അനങ്ങുന്നില്ല, വെറുമൊരു തള്ളയായ അമ്മ. അമ്മയ്ക്ക് ചെവി പാതി, കണ്ണിന് മങ്ങലും.
'എന്റെ കൈയീപ്പിടിച്ചോ, ഞാന്‍ കേറ്റിക്കോളാം.' പച്ചകുത്തിയ കൈ നീട്ടുകയാണ് മേല്‍മീശ. 
ഞാന്‍ പിടിച്ചത് ഒരു കൈയില്‍ മാത്രം, എന്റെ കൈ പിടിച്ചത് ഒരേയൊരു കൈ, 
അതെന്നെ കൂട്ടിയത് ഈ കൂട്ടിലേക്ക്, നിനയ്ക്കുകയാണമ്മ. മന്ത്രിക്കുകയാണമ്മ. 
ആ കൈ എരിഞ്ഞതോ ആളൊഴിഞ്ഞ പാണ്ട്യാലയില്‍, ആളിപ്പടര്‍ന്ന തീയില്‍. ആരോ കൊളുത്തിയ തീ!
എനിക്ക് വിധിച്ച വെള്ളം ഏറ്റുവാങ്ങുന്നു ഞാന്‍, എനിക്ക് പറഞ്ഞ ചാണകവറളികളേയും.
അപ്പോഴേക്കും കോരിയെടുത്തല്ലോ അമ്മയെ, അമ്മയില്ലാത്ത ഇളംമീശക്കാരന്‍. 
ഉടുതുണി ഉരിഞ്ഞ ഉടല്‍ നീലക്കുപ്പായത്താല്‍ മൂടുന്നയാള്‍,
അന്നേരം ആ ഉണങ്ങിവരണ്ട അമ്മിഞ്ഞകള്‍ ചുരത്തുന്നല്ലോ അയാള്‍ക്കായി. 
'എന്നാല്‍ വേഗം വിട്ടോ... പോകാനുള്ള റൂട്ടുകളേറെ...' അലറുന്നു മേല്‍മീശ. 
അങ്ങനെയവര്‍ ഒഴുകിയൊഴുകി പോകുന്നു, അതിരില്ലാത്ത പാടങ്ങള്‍ താണ്ടി, പുഴകള്‍ താണ്ടി...
അതുകണ്ടു മെലിഞ്ഞ കുന്നുകള്‍ ചിരിക്കുന്നു, കരയെ നമ്പി പുഴയെ മറന്നവന്‍ നീ
മറന്നുവല്ലോ നീ രണ്ടു കരയ്ക്ക് മൂന്നിലേറെ വെള്ളം ഭൂമിയിലെന്ന്. 
ഇത് നിന്റെ പിഴയൊടുക്കല്‍. പ്രകൃതിയുടെ താളപ്പിഴകള്‍, കാലത്തിന്റെ സമവാക്യങ്ങള്‍.
ഇത് നിന്റെ പിഴയൊടുക്കല്‍, കാലത്തിന്റെ സമവാക്യങ്ങള്‍, പറയുന്നല്ലോ കുന്നുകള്‍!