പതാക: മാധവന്‍ പുറച്ചേരിയുടെ കവിത

By മാധവന്‍ പുറച്ചേരി  |   Published: 14th January 2019 01:18 PM  |  

Last Updated: 14th January 2019 01:18 PM  |   A+A-   |  


    

പ്രളയത്തിനുശേഷം
ഒരു മെലിഞ്ഞ കവിത,
രക്ഷപ്പെട്ടവരോടൊപ്പം
വീട്ടിലേക്ക് തിരിച്ചു വന്നു.

കുട്ടികളെപ്പോലെ,
ചിരിക്കാനും
ഒരൊറ്റക്കരച്ചിലില്‍
അലിയാനും
അതവരെ പരിശീലിപ്പിച്ചു.

നാം മറന്നുപോയ കിനാവായി,
കാണാതെപോയ നിലാവായി,
അവശിഷ്ടങ്ങള്‍ക്കിടയിലൂടെ,
ഉടല്‍ഭാരമില്ലാതെ,
കവിത സഞ്ചരിച്ചു.

പ്രളയത്തിനു മുകളില്‍,
തുഴഞ്ഞുവന്ന,
മനുഷ്യരെ പിടിക്കുന്ന ശിഷ്യരില്‍,
കരുണ ചൊരിഞ്ഞ വെളിച്ചം,
കവിതയില്‍ പ്രകാശിക്കുന്നുണ്ടായിരുന്നു.

മെലിഞ്ഞതെങ്കിലും,
വേഗതയേറിയ ചലനങ്ങളാല്‍,
മഹാബലിയായ്,
പൂമ്പാറ്റയായി പാറിപ്പറന്നു.
ഏത് ശവക്കച്ചയെയും,
ഉടുപ്പാക്കുന്ന വര്‍ണ്ണസ്പര്‍ശമായി .

ഉപമയെയും ഉല്‍പ്രേക്ഷയെയും
കൂടെ കൂട്ടാത്തതിനാല്‍,
മെലിഞ്ഞ കവിത,
കൊടിപ്പടമായി പാറിപ്പറന്നു.