പെണ്ണുമ്പുലിപ്പാട്ട്: അനിതാ തമ്പി എഴുതിയ കവിത

പെറ്റ പുലിയേ നീ പെണ്ണല്ലായോ?നിന്റെ മുലപ്പാല് പാലല്ലായോ?
പെണ്ണുമ്പുലിപ്പാട്ട്: അനിതാ തമ്പി എഴുതിയ കവിത

കവി:        
പെറ്റ പുലിയേ നീ പെണ്ണല്ലായോ?
നിന്റെ മുലപ്പാല് പാലല്ലായോ?
പെണ്ണുമ്പുലിപ്പുറത്തേറി വന്ന
നല്ല മലയാളി ആണല്ലായോ?2

പുലി:
എന്റെ മുലപ്പാലു തേടിവന്ന
നല്ല മലയാളി, അയ്യനാണ്
പെണ്ണുങ്കവിയേ, ഓര്‍ക്കുന്നോളേ
നല്ല മലയാളിയയ്യന്‍, ആണ്.

കവി:        
പൂത്തവളേ മെയ് ചുരന്നവളേ
അയ്യനാരോട് കനിഞ്ഞവളേ
പെണ്ണുമ്പുലിയേ, നീ കണ്ടില്ലായോ
നല്ല മലയാളനാട്ടിലെങ്ങും
'പെണ്ണിനെപ്പേടി' പിടിച്ച പൂരം?3
പൊന്നുമ്പുലിയേ നീ കേട്ടില്ലായോ
നല്ല മലയാളത്താണ്‍പിറന്നോര്‍ 
പെണ്ണിനെക്കണ്ട്  വിരണ്ട കാര്യം?  
    
പുലി:
പെണ്ണുങ്കവിയേ നീ കേട്ടിട്ടുണ്ടോ 
പണ്ടീ മലനാട്ടിലെന്‍ വലച്ചില്‍?
അയ്യന്റെ കൂടെ ഞാന്‍ കാടിറങ്ങി
കുഞ്ഞുങ്ങളോടൊത്തു വന്നതല്ലേ

നമ്പൂരാരെല്ലാരും കണ്ടപാടേ
ഉണ്ടചോറിട്ടോടിയാറ്റില്‍ ചാടി
അണ്ണാവിമാരു വിരണ്ടുപോയി
നായന്മാര്‍ തട്ടുമ്പുറത്തു കേറി
ഈഴോന്മാര്‍ തപ്പിത്തടഞ്ഞ് മണ്ടി
കല്ലും കലവുമടുപ്പും കെട്ടി
ആയമ്മമാരെല്ലാമോട്ടമായി
ചെട്ടിത്തെരുവില്‍ നടന്നുചെന്നു,
പാവികളെല്ലാം  പറപറന്നു 
ഇടയര്‍, പട്ടാണി, വണ്ണാത്തെരുവില്‍
കണ്ടവര്‍ പമ്പകടന്നു പാഞ്ഞു
കുശവര്‍, പണ്ടാരങ്ങള്‍, കമ്മാളരും
കണ്ടവും കുണ്ടും മറിഞ്ഞു ചാടി
തമ്പ്രാക്കള്‍ തൊട്ടടിയാളരോളം  
വീണുമുരുണ്ടും പിരണ്ടുമോടി4

എന്റെ പുലിത്തവും പെണ്ണത്തവും
എന്തെന്റെ മാളോര്‍ക്ക് പേടിയായി?
കൊന്നതുമില്ല ഞാന്‍ തിന്നുമില്ല
ഈറ്റില്ലം വിട്ടു ഞാന്‍ പോന്നതല്ലേ

കവി:    
തീയും തീണ്ടാരിയുമുള്ള പെണ്ണേ
പേറും പിറപ്പുമറിഞ്ഞ പെണ്ണേ
നാഴിപ്പുലിപ്പാല്  തന്നുപോണേ
പൈദാഹമൊക്കെയൊന്നാറിടട്ടെ
ആധിയും വ്യാധിയും മാറിടട്ടെ
നേരും പൊളിയും തിരിഞ്ഞിടട്ടെ 5.

പുലി:
പെണ്ണുങ്കവിയേ  നോവുന്നോളേ
എന്റെ മുലകള്‍ മേഘങ്ങളായി
പാലു ചുരന്ന്  പേമാരിയായി
പൊന്നുങ്കവിയേ നാവുള്ളോളേ
നാടെല്ലാം മുങ്ങിനിവര്‍ന്നതല്ലേ
നേരും പൊളിയും തെളിഞ്ഞതല്ലേ?6

ഞാനുമെന്‍ നൂറു തലമുറയും
മേഞ്ഞിടത്തുണ്ടായ പെണ്ണുങ്ങളേ
കാട്ടുമിന്നല്‍ക്കൊടിവീശി ഞങ്ങള്‍
പാഞ്ഞ വഴിയിലെ പെണ്ണുങ്ങളേ
തീയടുപ്പിന്‍ തിണ്ണ പറ്റി നിങ്ങള്‍
ചൂടുപിടിച്ചു ചുരുണ്ടുപോയോ?
പൂച്ചക്കിടാങ്ങളേ ഓര്‍ക്കൂ നിങ്ങള്‍-
ക്കാദിയില്‍ അമ്മ ആരായിരുന്നു?
മിന്നും കലങ്ങളില്‍ പച്ചവെള്ളം
നീറിത്തിളയ്ക്കുമടുപ്പുതിണ്ണ 
വിട്ടുകുതിക്കുമോ നിങ്ങള്‍ വീണ്ടും
ചോരയോടുംവഴി ഊരിലേക്ക്?7

ചോരയോടുംവഴി ഊരിലേക്ക്?
  
കുറിപ്പുകള്‍
1. അയ്യപ്പന്‍ കാടിറക്കി കൊണ്ടുവന്ന പുലി നാട്ടില്‍ പാഞ്ഞുനടന്നപ്പോള്‍ പലജാതി ജനങ്ങള്‍ പേടിച്ചോടിയെതിനെപ്പറ്റിയുള്ള ശീലുകള്‍ അയ്യപ്പന്‍ പാട്ടുകളില്‍ കാണാം.  ഇവയ്ക്ക് ഭാഷാപരമായും ആഖ്യാനപരമായും പ്രാദേശികഭേദങ്ങള്‍ ഉണ്ടെങ്കിലും പൊതുവേ കഥാതന്തു ഒന്നുതന്നെ. അയ്യനെ രാജാവും റാണിയും എടുത്തുവളര്‍ത്തുന്നു, പിന്നീട് റാണി അയ്യനെ അപായപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ രോഗം അഭിനയിച്ച്, രോഗശാന്തിക്കായി പുലിപ്പാല്‍ വേണമെന്ന് രാജാവിനോട് ആവശ്യപ്പെട്ട് അയ്യനെ കാട്ടിലയയ്ക്കുന്നു. അയ്യനാവട്ടെ, കാട്ടില്‍നിന്ന്  പെറ്റുകിടന്ന പുലിയും കിടാങ്ങളുമായി മടങ്ങിവരുന്നു. 
2. മദ്ധ്യ - തെക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള അയ്യപ്പന്‍ പാട്ടുകളിലൊന്നായ 'അയ്യപ്പന്‍ ചരിത്ര'ത്തില്‍ 'മലയാളി' എന്നാണ് അയ്യപ്പനെ പരാമര്‍ശിക്കുന്നത്. റാണി പുലിപ്പാല്‍ ആവശ്യപ്പെട്ടപ്പോള്‍ 'മലയാളിതാന്‍ ചെന്നു കൊണ്ട്വരണം പുലിപ്പാല്'എന്നും പുലി നാട്ടിലിറങ്ങി ആളുകള്‍ പേടിച്ചപ്പോള്‍ 'പുലിയെ വിലക്കെടോ മലയാളീ താനിന്ന്' എന്നും മറ്റും അയ്യപ്പനോട് പറയുന്നു.
3. പുലപ്പേടി, മണ്ണാപ്പേടി പോലെയുള്ള ആചാരപരമായ പേടികള്‍ ഓര്‍ക്കുക.
4. നാട്ടിലിറങ്ങിയ പുലിയെ കണ്ട് വിവിധ ജാതി ജനങ്ങള്‍ പേടിച്ചോടുന്നതിനെപ്പറ്റി ഒരു തെക്കന്‍ പാട്ടില്‍ പരാമര്‍ശിക്കുന്നതാണ് ഇവിടെ സൂചന. നമ്പൂരി, നായര്‍, ഈഴവര്‍ ഒഴികെ ഈ ഭാഗത്തുള്ള ജാതിപ്പേരുകളെല്ലാം ആ പാട്ടില്‍ പരാമര്‍ശിക്കുന്നവയാണ്.
5. പെറ്റ പുലിയുമായി വന്ന്, പാലു കറന്നോളൂ എന്ന് അയ്യപ്പന്‍ പറയുമ്പോള്‍ റാണി തനിക്ക് രോഗം ഭേദമായെന്നും പാലിനി വേണ്ട, പുലിയെ തിരികെ കൊണ്ടുപൊയ്ക്കോളൂ എന്നും ഒഴികഴിവു പറയുന്നു. കള്ളം പൊളിയുന്നു.
6. പ്രളയകാലത്ത് നാടിന്റെ നന്മ തെളിഞ്ഞതല്ലേ എന്നും.
7. ചോരയോടുംവഴി എന്നാല്‍ രക്തബന്ധത്തിന്റെ, ജന്തുവാസനയുടെ വഴി. ഗര്‍ഭപാത്രത്തിന്റെ വഴി എന്നും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com