ഞാനെരിക്കില്ല...: രാജീവ് നായര്‍ എഴുതുന്നു

നിന്റെയുള്ളിലെ 'പൊള്ളല്‍'എന്റെ കണ്ണിലെ സൂര്യസ്പര്‍ശമാണെന്ന്പല അനുയാത്രകളിലുംഞാന്‍ അറിഞ്ഞിരുന്നു.
ഞാനെരിക്കില്ല...: രാജീവ് നായര്‍ എഴുതുന്നു

ഗ്രീഷ്മം പുതപ്പിച്ച
പുലരിച്ചുവപ്പില്‍
ഇന്ദ്രിയ മന്ത്രണങ്ങള്‍
ഇലവടിവോടെ
ഹൃദയ സങ്കേതങ്ങളില്‍
എഴുന്നുനില്‍ക്കുമ്പോള്‍

നിന്റെയുള്ളിലെ 'പൊള്ളല്‍'
എന്റെ കണ്ണിലെ സൂര്യസ്പര്‍ശമാണെന്ന്
പല അനുയാത്രകളിലും
ഞാന്‍ അറിഞ്ഞിരുന്നു.

നീ പിന്തുടരുന്ന 'നിലാവെളിച്ചം'
നമ്മുടെ ബോധരേണുവിന്റ
ആത്മപ്രകാശമാണെന്ന്,
നിഴല്‍ നീളങ്ങളുടെ
അളവാല്‍ എന്റെ കണ്ണളക്കുന്നു...

നിന്റെ ഗന്ധ വിസ്മയം
നാം ആദ്യം തീണ്ടിയ
മഴക്കാടുകളിലെ
മേളപ്പുളപ്പാര്‍ന്ന
ഇളം മണ്ണിന്റെ മദ ലാസ്യം:

നിന്റെ രുചിഭേദങ്ങള്‍
നാം തളര്‍ന്നുറങ്ങിയ
എന്റെ കനിത്തോട്ടങ്ങളില്‍
പിഴിഞ്ഞ, പഴച്ചാറുകളുടെ
മധുര ബന്ധനങ്ങള്‍ 

നിന്റെ ശബ്ദസാന്നിധ്യം
ജലകുംഭങ്ങളുടെ
'പെയ്ത്തു  മഴയില്‍',
എന്റെ ദിന സാധനകളില്‍,
'തിളച്ച...' 'ബിലാസ് ഖാനി' തോടി:

ഞാന്‍, കാണുന്നു...
മിഴിവോടെ... കാണുന്നു..
നിന്റെ മൗനഭാണ്ഡങ്ങളില്‍
നിറഞ്ഞു കുമിയുന്ന... നിറം
എന്റെ പ്രണയ മഞ്ചാടികളുടെ: ശോണം..!

അകന്നു പറക്കുമ്പോഴും...
അറിഞ്ഞതൊക്കെയും
പതിര്‍മണികളാവാതെ
കതിര്‍ചിന്തകളാവട്ടെ....
പ്രണയിനീ...
അതല്ലേ... നമ്മുടെ മതം.

കാലം
ദ്വേഷദ്വീപിലെ വിഷം പകര്‍ന്നാലും
പകയുണക്കുമോ?
പ്രണയമുറിവുകള്‍
ചതിയുടെ വന്‍ ചിതലുകള്‍
മൂടിമായ്ക്കുമോ...
അനുരാഗ നൊമ്പരങ്ങള്‍

ഒന്നുറപ്പാണ്,
ഞാന്‍ എരിക്കില്ല... ഒരിക്കലും
ഇനി...
ആരെരിക്കാന്‍, തുനിഞ്ഞാലും
നീ നിന്നു കത്തില്ല...!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com