കവികളുടെ വാന്‍ഗോഗ്

മുളങ്കാടിനു പിന്നില്‍കുരയ്ക്കുന്ന കുഷ്ഠം, താളലയസമ്മിശ്രം
കവികളുടെ വാന്‍ഗോഗ്

അധികാരങ്ങള്‍, സാമ്രാജ്യങ്ങള്‍ 
പോള്‍ സെലാന്‍ 

മുളങ്കാടിനു പിന്നില്‍
കുരയ്ക്കുന്ന കുഷ്ഠം, താളലയസമ്മിശ്രം

വിന്‍സെന്റിന്റെ 
തപാലിലിട്ട ചെവി
ലക്ഷ്യം കണ്ടിരിക്കുന്നു

ഒരു ചിത്രത്തിനു കീഴെ
പോള്‍ സെലാന്‍ 

കാക്കക്കൂട്ടം പൊതിഞ്ഞ ഗോതമ്പുവയല്‍ത്തിരകള്‍
ഏതാകാശത്തിന്റെ നീലിമ? മേലാകാശം? കീഴാകാശം?
പിന്നെ ആത്മാവില്‍നിന്നു പുറപ്പെട്ട കൂരമ്പ്
അതിലും വലിയ മൂളക്കം. അതിലും അടുത്ത തിളക്കം
രണ്ടു ലോകങ്ങളുടെ ആലിംഗനം.

പോള്‍ സെലാന്‍ (1920-1970) : ഇരുപതാം നൂറ്റാണ്ടിലെ മഹാനായ കവി. റൊമാനിയയിലെ ഒരു യഹൂദകുടുംബത്തില്‍ ജനിച്ച സെലാന്‍ കുട്ടിക്കാലം തൊട്ടേ കൊടിയ യാതനകളിലൂടെ കടന്നുപോയി. അച്ഛനും അമ്മയും നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ മരിച്ചു. ലേബര്‍ ക്യാമ്പിലായിരുന്ന സെലാന്‍ രക്ഷപ്പെട്ടു. പാരീസിലായിരുന്നു അന്ത്യകാലം. ഹോളോകോസ്റ്റിനെക്കുറിച്ചുള്ള  'ഡെത്ത് ഫ്യൂഗ്' എന്ന കവിത ഏറെ പ്രസിദ്ധം. 1970 ഏപ്രില്‍ 20-ന് പാരീസിലെ സെയ്ന്‍ നദിയില്‍ ചാടി ആത്മഹത്യ ചെയ്തു.

വീറ്റ് ഫീല്‍ഡ് വിത്ത് ക്രോവ്സ് (എണ്ണച്ചായം, 1890) : വാന്‍ഗോഗിന്റെ അന്ത്യകാലചിത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധം; വ്യത്യസ്തം. നിറത്തിന്റെ ഭാഷയിലുള്ള ആത്മഹത്യാക്കുറിപ്പാണ് ഈ ചിത്രം എന്നു വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. സങ്കടവും ഏകാന്തതയും അനുഭവിച്ച ഘട്ടത്തിലാണ് ഈ ചിത്രം വരച്ചതെന്ന് സഹോദരന്‍ തിയോക്ക് എഴുതിയ കത്തില്‍. 

ഹതാശന്‍ 
ചാള്‍സ് ബുക്കോവ്സ്‌കി 

വാന്‍ഗോഗ്
ചെവി മുറിച്ച്
ഒരു വേശ്യക്ക് നല്‍കി.
അറപ്പോടെ
അവളതു ദൂരെയെറിഞ്ഞു.
വാന്‍, വേശ്യകള്‍ക്കു വേണ്ടത്
ചെവിയല്ല, പണമാണ്.
നിനക്ക് മറ്റൊന്നും
അറിഞ്ഞുകൂടാ.
അതിനാലാണ്
നീ ഇത്രയും മഹാനായ
ചിത്രകാരനായതെന്ന്
എനിക്കു തോന്നുന്നു.

ചാള്‍സ് ബുക്കോവ്സ്‌കി (1920-1994) : ജര്‍മനിയില്‍ ജനിച്ച അമേരിക്കന്‍ കവി, നോവലിസ്റ്റ്, കഥാകൃത്ത്. ലോസ് ഏഞ്ചലസിലെ സമകാലീന ജീവിതവും അധോലോക ജീവിതവും നിരന്തരമായി ആവിഷ്‌കരിച്ചു. അറുപതിലേറെ പുസ്തകങ്ങള്‍. ലോസ് ഏഞ്ചലസിലെ അധോലോക പത്രമായ ഓപ്പണ്‍സിറ്റിയില്‍ എഴുതിയിരുന്ന 'നോട്ട്സ് ഓഫ് എ ഡേര്‍ട്ടി ഓള്‍ഡ്മാന്‍' എന്ന കോളം എഫ്.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. ''പച്ചയായ ജീവിതത്തെ യാതൊരു തൊങ്ങലുമില്ലാതെ അദ്ദേഹം ആവിഷ്‌കരിച്ചു. മാലാഖമാര്‍പോലും ബുക്കോവ്സ്‌കി വിളിച്ചപ്പോള്‍ മണ്ണിലിറങ്ങി'' എന്ന് കവിയും നോവലിസ്റ്റും ഗായകനുമായ ലേനഡ് കോഹന്‍.


വാന്‍ഗോഗിന്റെ മുഖം
അദം സഗയ്യേവ്സ്‌കി 

നട്ടുച്ച, ഉരുകിയൊലിക്കുന്ന ആള്‍ക്കൂട്ടച്ചാലുകള്‍,
പാരീസ്, തെരുവുമൂലയില്‍
കുറുക്കന്‍ രോമക്കുപ്പായത്തിന്റേയും
ബൂഷൊലെ ന്യൂവോ*യുടേയും പരസ്യപ്പലകകള്‍ക്കടുത്ത്
ജനന രജിസ്റ്റര്‍ ആപ്പീസിന്റെ സ്ഥലം കയ്യേറി
ഒട്ടിച്ച ബിരുദക്ലാസ്സിന്റെ അറിയിപ്പു നോട്ടീസ്.
അവയ്ക്കിടയില്‍നിന്നും കൊത്തിവെച്ചതുപോലുള്ള നിന്റെ
മുഖം പ്രത്യക്ഷമാകുന്നു, നീതിമാന്റെ മുഖം.
ചര്‍മ്മത്തില്‍ പൊതിഞ്ഞ വ്യാകുലമുഖം.
നിന്റെ തുളച്ചുകയറുന്ന നോട്ടത്തിന്റെ
വാള്‍ത്തലപ്പിലൂടെ
നാം ചിതറിയും തെറിച്ചും നീന്തിയും കടന്നുപോകുന്നു.
നീ, സമ്പന്നന്‍,
ജീവിച്ചിരിക്കുന്നവരെക്കാള്‍ ജീവനോടെ,
ദൃഢചിത്തതയോടെ ഞങ്ങളെ സാകൂതം നോക്കുന്നു.

വിവര്‍ത്തകന്റെ കുറിപ്പ് : * ഫ്രാന്‍സിലെ ബൂഷാലെ പ്രദേശത്തുനിന്നും ഉല്പാദിപ്പിക്കുന്ന ചുവന്ന വീഞ്ഞ്
അദം സഗയ്യേവ്സ്‌കി : വിഖ്യാത പോളിഷ് കവി, നോവലിസ്റ്റ്, ഗദ്യകാരന്‍. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖ കവിയായി വിലയിരുത്തപ്പെടുന്നു. ''കാവ്യദേവത ഇത്രത്തോളം ആര്‍ജ്ജവത്തോടെയും ആസന്നതയോടെയും വളരെ അപൂര്‍വ്വമായേ സംസാരിച്ചിട്ടുള്ളു'' എന്ന് സഗയ്യേവ്സ്‌കി കവിതകളെക്കുറിച്ച്  ജോസഫ് ബ്രോഡ്സ്‌കി.

ബേക്കണിന്റെ വാന്‍ഗോഗ്
ജാക്ക് മാര്‍ഷല്‍ 

കറുത്തിരുണ്ട വയലില്‍
കുനിഞ്ഞ് നടക്കുകയോ
നിശ്ചലനായി നില്‍ക്കുകയോ
എന്ന് നിശ്ചയമില്ലാത്ത ഒരുരൂപം

സൂര്യനില്‍ ആവേശിതനോ
തിളങ്ങുന്ന പച്ചക്കണ്ണുകളുള്ളവനോ
ചുവരിനെ മുഴുവന്‍ തിളക്കുന്ന
ചുവന്ന മുടിയുള്ളവനോ അല്ല.
തിയോയുടെ അരുമയല്ല,
ഗോഗിന്റെ പരിഹാസപാത്രവുമല്ല.

ഒരു കല്‍ക്കരിദണ്ഡുപോലെ
ബോറിനാഷിലെ ഖനികളുടെ 
ചൂടേറ്റുരുകിയ പരുക്കന്‍ രൂപം.
ഒരു കാമുകനും ഇത്ര പ്രസരിപ്പുണ്ടാവുകയില്ല.

ഒരു കര്‍ഷകന്റെ വൈക്കോല്‍ത്തൊപ്പിയോ
തലയുടെ സ്ഥാനത്ത് മെഴുകില്‍തീര്‍ത്ത
സ്വര്‍ണ്ണനിറമുള്ള ഒരു കീറുചന്ദ്രനോ
എന്തായാലും കണക്കുതന്നെ
പിന്നില്‍ വലിച്ചുകെട്ടിയ കാന്‍വാസ്
രാത്രിപോലെ വിശാലം 
അതില്‍ നക്ഷത്രങ്ങളില്ല, മരുന്നിനുപോലും.

ജാക്ക് മാര്‍ഷല്‍ (ജനനം: 1936) അമേരിക്കന്‍ കവി. കവിതകള്‍ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍. പെന്‍ വെസ്റ്റ് പുരസ്‌കാരം, ഗുഗ്ഗെന്‍ഹൈം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. 

ഫ്രാന്‍സിസ് ബേക്കണ്‍ (1909-1992) ബ്രിട്ടീഷ് ചിത്രകാരന്‍. ഇരുപതാം നൂറ്റാണ്ടിലെ കലയില്‍ മൗലികമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. വാന്‍ഗോഗിന്റെ വരക്കാന്‍ പോകുന്ന ചിത്രകാരന്‍ (1888) എന്ന ചിത്രത്തെ ബേക്കണ്‍ പലമട്ടില്‍ വ്യാഖ്യാനിച്ച് ബേക്കണ്‍ പരമ്പര തന്നെ വരച്ചു. അതിലൊന്നാണ് സ്റ്റഡി ഫോര്‍ എ പോര്‍ട്രയിറ്റ് ഓഫ് വാന്‍ഗോഗ് I. ഈ കവിത ഈ ചിത്രത്തെക്കുറിച്ചാണെന്ന് വിവര്‍ത്തകന്‍ ഊഹിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com