തടുത്തുകൂട്ടല്‍: എംആര്‍ രേണുകുമാര്‍ എഴുതിയ കവിത

തെങ്ങോലത്തുമ്പില്‍ഊയലാടുന്ന കിളികളുടെ ചിലപ്പിനെ കവിതയിലേക്ക് തടുത്തുകൂട്ടുന്നു
തടുത്തുകൂട്ടല്‍: എംആര്‍ രേണുകുമാര്‍ എഴുതിയ കവിത

തിണ്ണയിലങ്ങനെ ചുമ്മാതിരിക്കുമ്പോള്‍
ചോന്നുതുടങ്ങുന്ന
പടിഞ്ഞാറന്‍ 
മാനത്തുനിന്ന്
മേഘമിച്ചിരി 
തോണ്ടിയെടുത്ത്
കവിതയില്‍വെക്കുന്നു

പെരപ്പുറത്തേക്കു 
ചാഞ്ഞുമുത്തുന്ന
തെങ്ങോലത്തുമ്പില്‍
ഊയലാടുന്ന കിളികളുടെ ചിലപ്പിനെ 
കവിതയിലേക്ക് തടുത്തുകൂട്ടുന്നു

പാടവരമ്പിലൂടെ
പണികഴിഞ്ഞു 
മടങ്ങുന്ന പെണ്ണിനെ 
വരമ്പുവാരുന്നതിനിടയില്‍ 
തലയുയര്‍ത്തി നോക്കുന്ന 
ആണൊരുത്തന്റെ 
കൊതിനോട്ടത്തെ
കവിതയിലേക്ക് 
പറിച്ചുനടുന്നു

കളികഴിഞ്ഞെത്താന്‍
വൈകുന്ന കുട്ടിയെ ഒച്ചയെടുത്തുവിളിക്കുന്ന
അമ്മയുടെ 
ആധിപൂതിയെ  
കവിതയില്‍ 
തിരുകിവെക്കുന്നു

പുഴകടന്ന് 
കായലിലേക്ക് കടക്കുന്ന 
കനാലുബോട്ടിന്റെ 
അലിഞ്ഞലിഞ്ഞ് തീരുന്ന ഇരമ്പത്തെ 
കവിതയിലൂടെ 
കാതോര്‍ത്തു പിടിക്കുന്നു

തെല്ലുനേരം മുന്‍പ് 
ഉള്ളിലുള്ളതെല്ലാം 
പുറത്തുകാട്ടി 
തെളിഞ്ഞുകിടന്ന വെള്ളമാണല്ലോ 
ഇപ്പോഴിങ്ങനെ കലങ്ങിക്കിടക്കുന്നത് എന്നോര്‍ത്ത് 
ഇച്ചിരിനേരം കവിതയില്‍ 
മൗനമായ് ഇരിക്കുന്നു

കുട്ടിക്കാലത്ത്
തോട്ടില്‍ വീണുമരിച്ച കൂട്ടുകാരന്‍ 
ഇപ്പോഴും ബണ്ടിലേക്ക് പിടിച്ചുകയറാന്‍ 
ശ്രമിക്കുന്നതുകണ്ട് 
കവിതയില്‍ 
ഇരുട്ടുകേറുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com