കണക്കെടുപ്പ്: ആദിത്യ ശങ്കര്‍ എഴുതിയ കവിത

ടെല്‍ട്രോണിക്‌സ് ടി.വി - 9/6/1983-10800എന്ന് അച്ഛന്റെ കണക്ക് പുസ്തകത്തിലെ ഒരു കളം.
കണക്കെടുപ്പ്: ആദിത്യ ശങ്കര്‍ എഴുതിയ കവിത

ടെല്‍ട്രോണിക്‌സ് ടി.വി - 9/6/1983-10800
എന്ന് അച്ഛന്റെ കണക്ക് പുസ്തകത്തിലെ ഒരു കളം.

83-ലെ ലോകകപ്പിന് വാങ്ങിയതെന്നൊ
കോളണിക്കാര്‍ ഒരുമിച്ചിരുന്ന് കണ്ടതെന്നൊ 
അന്നേതോ മെക്‌സിക്കന്‍ ആഹ്ലാദത്തിര 
ഇവിടേയും വീശിയിരുന്നെന്നോ ഇല്ല.

ഗണിതത്തിന്റെ കണിശ ഭാഷ
കവിതയുടെ ഉര്‍വ്വര ഭാഷയെ നിലനിര്‍ത്തുന്നു.

അക്കങ്ങളുടെ ഗ്രാഹ്യത്തിനപ്പുറത്തുള്ള
വലിയ നിമിഷങ്ങളും 
വലിയ ദിനങ്ങളും
അതില്‍ നാം കരുതിവെക്കുന്നു.

ഉദാഹരണത്തിന്,
തീവണ്ടിയപകടത്തിലെ മരണസംഖ്യ
എന്ന ചെറുവാതിലിലൂടെ അകത്ത് കടക്കാനാവാതെ,
ദു:ഖം എന്ന ഭീമാകാരം ആകാശം മുട്ടുന്നു.

നൂറ് കോടി ക്ലബ്ബിന്റെ ആഘോഷത്തിന്
ടിക്കറ്റ് കിട്ടാതെ,
സിനിമയെന്ന ആഴം ചായക്കാശ് ചോദിക്കുന്നു.

ഒരു കാനേശുമാരിയിലും പെടാതെ
ജനാധിപത്യമെന്ന താക്കോല്‍ ദ്വാരത്തിനു പുറത്ത്,
ഗോത്രവര്‍ഗ്ഗമെന്ന മറവി കുടില്‍ കെട്ടുന്നു.

ആരുടേയും കണക്കില്‍പ്പെടാഞ്ഞ
ചില ചോരക്കറകളില്‍ 
കവിത ഈച്ചപോലെ പാറി.
അവരെ കാണാതായ വഴിയിലൂടെ
നന്ദിയുള്ള നായയെപ്പോലെ തിരഞ്ഞ് നടന്നു.

അന്നേരം 
മരിച്ചവന്റെ ഞരമ്പിലൂടെന്നപോലെ, 
വരണ്ട പുഴയിലേക്ക് 
ഒലിച്ചുപോയ മഴ തിരിച്ചെത്തി,
ചുറ്റും കാട് പൊടിച്ചു,
വംശനാശം വന്ന കിളികളും മൃഗങ്ങളും തിരിച്ചെത്തി.

എത്തും 
ഏറെ വൈകാതെ,
കണക്കു തെറ്റിയ മനുഷ്യനും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com