കെ എല്‍ 21 ബി 2277: ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത 

പച്ചയും ചുവപ്പും കാവിയുംപട്ടികള്‍ക്കൊരുപോലെയെന്ന്
കെ എല്‍ 21 ബി 2277: ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത 

തോരാതെ തുരുതുരാ
പായുന്നു വണ്ടികള്‍
പച്ചയും ചുവപ്പും കാവിയും
പട്ടികള്‍ക്കൊരുപോലെയെന്ന്
നടുക്കവലയില്‍ സീബ്രാലൈനില്‍
കാത്തുനില്‍ക്കുന്നൊരു
വെളുത്ത പട്ടിയും കറുത്ത കുട്ടിയും
എട്ടരയുടെ ഫ്‌ലൈറ്റുമായൊരു
കൂട്ടിയിടിയൊഴിവാകാന്‍
മാനത്ത് നടുക്കാറ്റില്‍ തങ്ങിനിന്ന്
വട്ടമിടുന്നൊരു പരുന്ത്
അതേ ഫ്‌ലൈറ്റില്‍ വരുമൊരാളെ
സ്വീകരിക്കാന്‍ പോകുന്ന
കെ എല്‍ 21 ബി 2277 ടാക്സി
പട്ടിക്കും കുഞ്ഞിനും കടന്നുപോകാന്‍
ബ്രേക്കിട്ടുനിര്‍ത്തുന്നു
സൈറണ്‍ മുഴക്കി
പാഞ്ഞുവന്നൊരു ആംബുലന്‍സ്
പകച്ചുനിന്ന പട്ടിക്കുട്ടിയെ
തലനാരിഴയ്ക്ക് കടന്നുപോയി
നിശ്ചലമെന്നോണം പരുന്തിപ്പോഴും
നടുക്കാറ്റില്‍ തങ്ങിനില്‍ക്കുന്നു
വെളുത്ത പട്ടിയും കറുത്ത കുട്ടിയും
റോഡിനപ്പുറത്തെ ഹോട്ടലിന്റെ പിന്നാമ്പുറത്ത്
കിട്ടിയതെന്തോ കടിച്ചുവലിക്കുന്നു
വിമാനമിറങ്ങിയവന്റെ ടാക്സി
വീടെന്ന ആക്രാന്തത്തിലേക്ക് കുതിക്കുന്നു
പരുന്തിപ്പോഴും നടുക്കാറ്റില്‍ തങ്ങിനില്‍ക്കുന്നു
അങ്ങോട്ടുപോയ രോഗിയുടെ ജഡവുമായി
ആംബുലന്‍സ് നിലവിളിച്ചു മടങ്ങുന്നു
തിരികെ റെയില്‍വേ യാര്‍ഡിലേക്ക് പോകാന്‍
സീബ്രാലൈനില്‍ കാത്തുനില്‍ക്കുന്നു
വെളുത്ത പട്ടിയും കറുത്ത കുട്ടിയും
പാഞ്ഞുവരുന്ന ആംബുലന്‍സിന്
കടന്നുപോകാന്‍ വെട്ടിത്തിരിഞ്ഞ
കെ എല്‍ 21 ബി 2277ന്റെ
പിന്‍ചക്രത്തിനടിയില്‍
വെളുത്തപട്ടിയുടെ ഒടുക്കത്തെ പിടച്ചില്‍
ഇപ്പോള്‍ പരുന്ത് വീണ്ടും
വട്ടമിട്ടുവട്ടമിട്ട്
ഉയരെയുയരെ പറക്കുന്നു
എട്ടരയുടെ ഫ്‌ലൈറ്റുമായി കൂട്ടിയിടിക്കുന്നു
കത്തിയമരുന്ന വിമാനത്തിന്റെ
പുകച്ചുരുളുകള്‍ ആകാശത്തേക്കുയരുന്നു
നടുക്കവലയില്‍ ആംബുലന്‍സുകളുടെ
നിലയ്ക്കാത്ത സൈറണ്‍വിളി
ഇപ്പോള്‍ കറുത്ത ദേഹത്ത്
വെളുത്ത സീബ്രാവരകളുള്ള ഒരു പട്ടി
നടുക്കവലയില്‍ നില്‍ക്കുന്നു
ആളുകളെ നിരത്ത് മുറിച്ച് കടത്തുന്നു
കാറ്റില്‍ അലയുന്നുണ്ട്
കത്തിക്കരിഞ്ഞ തൂവലുകളുടെ മണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com